കാറ്റ് നോക്കി പാറ്റുന്ന സംഘ് പരിവാര്‍
സംഘി, കൊങ്ങി, കമ്മി തുടങ്ങിയ സൈബര്‍ അഭിശംസനകളിലെ ഏറ്റവും പുതിയ പ്രയോഗമാണ് ക്രിസംഘി. 'ഈശോ' സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോലാഹലങ്ങളോട് പ്രതികരിക്കവെ, അങ്കമാലി രൂപതയിലെ യുവ പുരോഹിതന്‍ ജയിംസ് പനവേലിലാണ് സമൂഹമാധ്യമങ്ങളില്‍ നേരത്തേ പ്രചരിച്ചുകൊിരുന്ന ഈ പദം കൂടുതല്‍ പരിചയപ്പെടുത്തുന്നത്. നൂറ്റാണ്ടുകളായി സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന കേരളത്തിലെ രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരുടെ കബള തന്ത്രങ്ങളില്‍പെട്ട് ക്രൈസ്തവ സമൂഹം 'ക്രിസംഘി'കള്‍ ആവരുത് എന്നായിരുന്നു പനവേലിലച്ചന്റെ സ്‌നേഹോപദേശത്തിന്റെ സാരം. കേരളത്തില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ സംഘ് പരിവാര്‍ പതിറ്റാണ്ടുകളായി ശ്രമിച്ചുവരുന്നുണ്ടെങ്കിലും നീട്ടിയ ചൂണ്ടകളൊക്കെയും കുളത്തിലായ സാഹചര്യത്തിലാണ് സവര്‍ണ ക്രൈസ്തവ ഇടവകകളിലേക്ക് പ്രലോഭനത്തിന്റെ അപ്പക്കഷ്ണങ്ങളുമായി സംഘ് പരിവാര്‍ ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ചത്. ഇഡിപ്പേടിയും ഇസ്ലാംപേടിയും ഒത്തുചേര്‍ന്നപ്പോള്‍ ചില അരമനകളില്‍ ഒറ്റുകൊടുക്കലിന്റെയും ഒത്തുതീര്‍പ്പിന്റെയും അപ്പവും വീഞ്ഞും തയാറാക്കപ്പെട്ടു. പൊതുസമൂഹവും നീതിപീഠങ്ങളും വ്യാജമെന്ന് കണ്ടെത്തിയ 'ലൗ ജിഹാദ്' തൊട്ട് ഈശോ സിനിമാ വിവാദം വരെയുള്ള സംഭവവികാസങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. നേരത്തേ 'ലൗ ജിഹാദ്' വിഷയത്തില്‍ 'ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍' എന്ന തലക്കെട്ടോടെ സീറോ മലബാര്‍ സഭ സിനഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ 'ലൗ ജിഹാദ്' നടക്കുന്നു എന്ന് ആരോപിച്ചിരുന്നു. ഈശോ സിനിമ വിഷയത്തിലും കെ.സി.ബി.സി സമാനമായ നിലപാടാണ് തുടക്കത്തില്‍ സ്വീകരിച്ചത്.
സവര്‍ണ ക്രൈസ്തവ സഭകളിലെ ഈ രാസമാറ്റം പ്രാദേശികമായ ഒരു പ്രതിഭാസമല്ല; ആധുനിക ഭീകരതയുടെ പ്രഭവകേന്ദ്രമായ സയണിസ്റ്റ് സ്റ്റേറ്റിന്റെയും ആഗോള സാമ്രാജ്വത്വത്തിന്റെയും പിന്തുണയോടെ, ബൈബിളിന്റെ വക്രീകരണത്തിലൂടെ നിര്‍മിക്കപ്പെട്ട ക്രൈസ്തവ സയണിസത്തിന്റെ പ്രയോഗവത്കരണമാണ്. ജൂതമത വിരോധിയായ ഹിറ്റ്‌ലര്‍ മാതൃകാ പുരുഷനാവുമ്പോഴും ഇസ്ലാംവിരോധത്തില്‍ സയണിസവുമായി മാനസികമായ രക്ഷാബന്ധന ബന്ധമാണ് ആര്‍.എസ്.എസ് പുലര്‍ത്തുന്നത്. ആര്‍.എസ്.എസിന് നൂറു വയസ്സ് തികയാന്‍ നാല് വര്‍ഷം മാത്രം ബാക്കിനില്‍ക്കെ (2025 സെപ്റ്റംബര്‍ 27-നാണ് ആര്‍.എസ്.എസിന്റെ ശതാബ്ദി ദിനം) സമ്പൂര്‍ണ ഹൈന്ദവ രാഷ്ട്രം എന്ന കാവിക്കിനാവ് സാക്ഷാത്കരിക്കാന്‍ തടസ്സമായി നില്‍ക്കുന്ന കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ ചിന്തന്‍ ബൈഠക്കുകളിലൂടെ തയാറാക്കപ്പെട്ട അജണ്ടകളുടെ ഭാഗമാണിത്. 2025 സെപ്റ്റംബര്‍ നിര്‍ണായകമാവുന്നത് ആര്‍.എസ്.എസ്സിന്റെ ശതാബ്ദി എന്ന നിലക്ക് മാത്രമല്ല, മോദിയുടെയും മോഹന്‍ ഭാഗവതിന്റെയും എഴുപത്തഞ്ചാം പിറന്നാള്‍ വര്‍ഷം കൂടിയായതുകൊണ്ടാണ്. ഭാഗവതും മോദിയും സമപ്രായക്കാരാണ്, ഒരേ വര്‍ഷം ഒരേ മാസം ജനിച്ചവര്‍. മോദിയേക്കാള്‍ ജനനത്തിലും ആറു ദിവസത്തിന്റെ മൂപ്പുണ്ട് ഭാഗവതിന്.
നിരവധി ചിന്തന്‍ ശിബിരങ്ങളിലൂടെ ആര്‍.എസ്.എസ് രൂപപ്പെടുത്തിയെടുത്തതാണ് ഇപ്പോഴത്തെ നഞ്ചു കലക്കിയ വിവിധയിനം മഞ്ചുകള്‍. എന്നാല്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് പോലെ ഞാഞ്ഞൂല്‍ പരുവത്തിലുള്ള സാധനങ്ങളാവില്ല 'ദേശീയ' ക്രൈസ്തവരെ വാര്‍ത്തെടുക്കാന്‍ ആര്‍.എസ്.എസ് രൂപീകരിച്ച കേരളത്തിലെ രാഷ്ട്രീയ ഈസായി മഞ്ചും കേരളത്തിനു പുറത്തുള്ള ഹിന്ദുസ്ഥാനി ക്രിസ്ത്യന്‍ മഞ്ചും. രാഷ്ട്രീയത്തിലും ഉദ്യോഗ തലത്തിലും ആശിച്ച വേഷങ്ങളാടാന്‍ കഴിയാതെ അസ്തിത്വദുഃഖം ബാധിച്ച പേട്ടു തേങ്ങകള്‍ പോലുള്ള മാപ്പിളക്കുട്ടികളല്ല ക്രൈസ്തവ അരമനകളില്‍നിന്ന് സംഘ് പരിവാറിന് ലഭിച്ചുകൊണ്ടിരിക്കുക എന്നതു കൊണ്ടു കൂടിയാണ് നടപ്പുകാലത്ത് കേരളത്തിലെങ്കിലും ഗണഗീതം മാറ്റിവെച്ച് ഓശാന പാടാന്‍ തീരുമാനിച്ചത്.
1925 സെപ്റ്റംബറില്‍ സ്ഥാപിക്കപ്പെട്ട ആര്‍.എസ്.എസ് രണ്ടു പതിറ്റാണ്ടിലേറെക്കാലം സാംസ്‌കാരിക ദേശീയത, എകാത്മ മാനവ ദര്‍ശനം പോലുള്ള മധുര മോഹന നാട്യങ്ങളും മുദ്രാവാക്യങ്ങളുമുയര്‍ത്തി വര്‍ണാതീത മാനവികതയുടെ പ്രത്യയശാസ്ത്രമാണ് തങ്ങളുടേത് എന്ന പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന്റെ 'ബ്രാഹ്മണോ മനുഷ്യാണാം മുഖം' വൈകാതെ തന്നെ വെളിപ്പെട്ടിരുന്നു. 1948-ലെ ഗാന്ധിവധത്തോടെ സനാതന കമ്പിളിപ്പുതപ്പിനുള്ളില്‍ ഒളിച്ചിരുന്ന വിഷകുണ്ഡലിയാണ് പുറത്തു ചാടിയത്. പിന്നീട് ഗുരുജി എന്ന് സംഘ് വൃത്തങ്ങളില്‍ അറിയപ്പെട്ട എം.എസ് ഗോള്‍വാള്‍ക്കറിന്റെ പിന്‍ഗാമിയായി 1973 മുതല്‍ 1994 വരെ രണ്ടു പതിറ്റാണ്ടോളം സര്‍ സംഘ്ചാലക് ആയി വാണ ബാലാ സാഹെബ് ദേവറസ് ആണ് ആര്‍.എസ്.എസിനെ അരക്കളസ സാംസ്‌കാരിക പരിമിതിയില്‍നിന്ന് വിമോചിപ്പിക്കാന്‍ വേണ്ടി ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്ത് ചോര്‍ത്തിക്കളയാനുള്ളതല്ല നമ്മുടെ ഊര്‍ജം; അത് ആഭ്യന്തര ശത്രുക്കളായ മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റുകള്‍ക്കെതിരെ പ്രയോഗിക്കാന്‍ കരുതിവെക്കേണ്ടതാണ് എന്നു പറഞ്ഞ ഗോള്‍വാള്‍ക്കറില്‍നിന്ന് സംഘ് ചാലകത്വം ദേവറസില്‍ എത്തുമ്പോഴേക്ക് സ്വാതന്ത്ര്യ സമരത്തിന് നായകത്വം വഹിച്ച പാര്‍ട്ടിയിലടക്കം എല്ലാ മതേതര രാഷ്ട്രീയപാര്‍ട്ടികളിലും നുഴഞ്ഞുകയറി അവയെ വിഴുങ്ങാന്‍ മാത്രമുള്ള സംഘബലം ആര്‍.എസ്.എസ് ആര്‍ജിച്ചിരുന്നു. 1977-ലെ ആദ്യത്തെ കോണ്‍ഗ്രസിതര ഭരണകൂടത്തിനും 1992-ലെ ബാബരി ധ്വംസനത്തിനും സാക്ഷിയാകാന്‍ 'സൗഭാഗ്യം' സിദ്ധിച്ച സര്‍സംഘ് ചാലക് ആണ് ദേവറസ്. '77-ലെ ജനതാ സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പും ഇന്‍ഫര്‍മേഷന്‍ വകുപ്പും യഥാക്രമം വാജ്പേയും അദ്വാനിയും കൈയടക്കിയതോടെയാണ് ഭരണ-ഉദ്യോഗ തലങ്ങളില്‍ ഗ്രാസ് റൂട്ട് കാവിവത്കരണം ആരംഭിച്ചത്. അടിയന്തരാവസ്ഥാ ഭീകരത കവചമാക്കി വിമോചനത്തിന്റെ കാഹളം മുഴക്കിയാണ് ആര്‍.എസ്.എസ് മതേതര മനസ്സുകളെ കബളിപ്പിച്ചത്. അഥവാ ജനതാ പാര്‍ട്ടിയെന്ന ഇടത് - സോഷ്യലിസ്റ്റ് മേധാവിത്വമുണ്ടായിരുന്ന വന്മരത്തിന്റെ തായ്ത്തടിയില്‍ വളരുകയും നാഗ്പൂരില്‍ തയാറാക്കപ്പെട്ട അജണ്ടയനുസരിച്ച് ആ വടവൃക്ഷത്തെ തന്നെ അപ്രസക്തമാക്കി വളരുകയും ചെയ്ത പുല്ലുണ്ണിയാണ് ഇന്നത്തെ ബിജെപി. നുണ, ചതി, കാപട്യം എന്നീ ദുര്‍ഗുണത്രയത്തിന്റെ സമ്യോഗമായിരുന്ന ആര്‍.എസ്.എസ്. ജനതാ പാര്‍ട്ടിയില്‍ ഇരട്ട അംഗത്വം നേടിയതും കള്ള സത്യവാങ്മൂലത്തിലൂടെ ആയിരുന്നു. ഇരട്ട അംഗത്വം പുതിയ പാര്‍ട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികള്‍ പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ജനസംഘത്തിന്റെ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഓം പ്രകാശ് ത്യാഗി പറഞ്ഞത് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആര്‍.എസ്.എസിനെ പിരിച്ചുവിടാനാണ് പദ്ധതി, അതുകൊണ്ട് ആര്‍.എസ്.എസ് അംഗത്വം എന്ന ചോദ്യംതന്നെ ഉയരുന്നില്ല എന്നായിരുന്നു.
ആര്‍.എസ്.എസ് നേതൃത്വം ആറാം സംഘ് ചാലക് ആയ മോഹന്‍ ഭാഗവതിലേക്ക് എത്തിയതോടെ തന്ത്രങ്ങള്‍ക്ക് വീണ്ടും വൈവിധ്യം കൈ വന്നു. ഭീഷണി, പ്രീണനം, പ്രലോഭനം, പ്രകോപനം, പെരും നുണ എന്നീ പഴയ പഞ്ചശീല കാവി തത്ത്വങ്ങള്‍ നഞ്ച് കലക്കി കടുപ്പിച്ച് തരവും ഇടവും നോക്കി പ്രയോഗിക്കുക എന്നതാണ് പുതിയ രീതി. മാറിയ അജണ്ടയുടെ ഭാഗമായാണ് ക്രിസംഘികളുടെയും മാപ്പിള സംഘികളുടെയും നിറഞ്ഞാട്ടത്തിന് കളമൊരുങ്ങിയത്. ജനസംഖ്യയില്‍ 2.77 ശതമാനം മാത്രമാണെങ്കിലും ക്രിസ്ത്യാനികള്‍ക്ക് ശക്തമായ മിഷനറി സംവിധാനമുള്ള ഒഡീഷയില്‍ കണ്ഡമാല്‍ മോഡല്‍ ക്രിസ്ത്യന്‍ വംശഹത്യയാണ് രീതിയെങ്കില്‍ 'വിചാരധാര'യിലെ മൂന്ന് ആഭ്യന്തര ശത്രുക്കള്‍ക്ക് മേല്‍ക്കൈ ഉള്ള കേരളത്തില്‍ മൂന്ന് കൂട്ടരോടും പതം നോക്കി അടവുനയങ്ങള്‍ പയറ്റുക എന്നതാണ് രീതി. ആര്‍.എസ്.എസ് പഴയ ആര്‍.എസ്.എസ്സല്ല എന്നാണ് അടുത്ത കാലത്ത് ഭാഗവത് പറഞ്ഞത്. 'ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെയര്‍ഥം രാജ്യത്ത് മുസ്‌ലിംകള്‍ വേണ്ടെന്നല്ല. മുസ്‌ലിംകള്‍ വേണ്ടെന്നു നമ്മള്‍ പറയുന്ന ദിവസം ഹിന്ദുത്വ ഇല്ലാതാവും.' അപ്പോള്‍ പിന്നെ 'വിചാരധാര'യില്‍ പറഞ്ഞ ആഭ്യന്തര ശത്രുക്കളോ? 'ഗുരുജിയുടെ ചിന്താധാരകള്‍ അടങ്ങിയ പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇറങ്ങിയിട്ടുണ്ട്. അതില്‍ ഇങ്ങനെയൊരു പരാമര്‍ശമില്ല' എന്നായിരുന്നു ഭാഗവതിന്റെ പ്രതികരണം. അഞ്ചാം പഞ്ചശീലത്തിന്റെ പ്രയോഗം, അഥവാ പച്ചക്കള്ളം!
Comments