മാലിക് :ചരിത്രത്തിനെതിരെയുള്ള വെടിവെപ്പ്
2009 മെയ് 17. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ കൊമ്പ് ഷിബു കടയില്‍ കയറി ഭക്ഷണം വാങ്ങുന്നു. പതിവു പോലെ പണം നല്‍കാതെ മടങ്ങാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നു. കലക്ടറും പ്രാദേശിക നേതാക്കളും സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഭരണകൂടം നല്‍കിയ ഉറപ്പില്‍ ജനങ്ങള്‍ പിരിഞ്ഞുപോകുന്നു. അല്‍പ്പസമയത്തിനകം ഉറൂസ് നടത്താന്‍ സമ്മതിക്കുകയില്ലെന്നായി ഷിബു. തുടര്‍ന്ന് പള്ളിയില്‍ കൂട്ടമണിയടിക്കുന്നു. ജനങ്ങള്‍ ഒത്തുകൂടിയെന്ന് ഉറപ്പായപ്പോള്‍ തിരക്കഥയിലെന്ന പോലെ പോലീസ് വരുന്നു. കര്‍ഫ്യൂവോ സമാന നിയമങ്ങളോ പ്രഖ്യാപിക്കാതിരുന്നിട്ടും അവിടെ തടിച്ചുകൂടിയത് നിയമവിരുദ്ധമാണെന്ന് പറയുന്നു. നിമിഷങ്ങള്‍ക്കകം വെടി പൊട്ടുന്നു. അവസാനം 6 ചേതനയറ്റ ശരീരങ്ങളും 50-ല്‍പരം ജീവഛവങ്ങളും ബാക്കിയാവുന്നു.
ഇങ്ങനെയാണ് ചരിത്രം തുടങ്ങുന്നത്. ഒരു പതിറ്റാണ്ട് മാത്രം പിന്നിട്ട ഈ ഭരണകൂട ഹിംസ പുതുതലമുറ അറിയുന്നതു തന്നെ 'മാലികി'ലൂടെയാണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ ഈ സിനിമയിലൂടെ നടത്തുന്നത് ചരിത്രത്തിനെതിരെയുള്ള വെടിവെപ്പാണ്. വി.എസും കോടിയേരിയും ഭരിച്ച ഇടത് സര്‍ക്കാരിന്റെ കാലത്ത് ഭരണകൂടത്തിന്റെ ആവശ്യമെന്നോണം നടന്ന കൂട്ടക്കൊല അവതരിപ്പിക്കുമ്പോള്‍ നീതിയെ പരിഗണിച്ചില്ലെങ്കിലും ഇരകളെയെങ്കിലും പരിഗണിക്കണമായിരുന്നു. ഇതിപ്പോള്‍ ഇരകള്‍ പിശാചുവത്കരിക്കപ്പെടുന്നു; കൊല വെളുപ്പിക്കപ്പെടുന്നു.
ഇതൊരു 'സാങ്കല്‍പിക' കഥ മാത്രം എന്ന മുന്‍കൂര്‍ ജാമ്യം സിനിമയുടെ കപട മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള പൊളിറ്റിക്കല്‍ അടവല്ലാതെ മറ്റൊന്നുമല്ല. ബീമാ പള്ളിയില്‍നിന്ന് റമദാ പള്ളിയിലേക്ക് ഭൂമിശാസ്ത്രപരമായിപോലും ദൂരം ഇത്ര കുറവാണെന്ന് സംവിധായകന്‍ ചിന്തിച്ചിട്ടുണ്ടാവില്ല. ചെറിയ തുറയെയും റമദാ പള്ളിയെയും വേര്‍തിരിക്കുന്നത് ഒരു റോഡാണ്. അതൊഴിച്ചാല്‍ ലത്തീന്‍ തുറക്കാരും മുസ്‌ലിം പള്ളിക്കാരും ഒറ്റക്കെട്ടാണ്. കടലിനെ ആശ്രയിക്കുന്നവര്‍. ജനസാന്ദ്രത കൂടുതലുള്ള പ്രദേശമായതുകൊണ്ട് വര്‍ഗീയതക്കോ മതകീയ തരംതിരിവുകള്‍ക്കോ സാധ്യത വളരെ കുറവ്. അതോടൊപ്പം ഉയര്‍ന്ന പ്രദേശങ്ങളില്‍ വിദൂര സംഘട്ടന സാധ്യത കണക്കിലെടുത്ത് പോലീസ് കാവല്‍ പോലും ഉണ്ടായിരുന്നത്രെ. ഈയൊരവസ്ഥയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണു പോലും ഈ വെടിവെപ്പ് നടന്നത്. പക്ഷേ, 'മാലിക്' പറയുന്നത് മറ്റൊന്നാണ്. തീരവാസികള്‍ അധോലോക മാഫിയകളായും കടത്തുകാരായും ചിത്രികരിക്കപ്പെടുന്നു എന്നു മാത്രമല്ല, ലത്തീന്‍- മുസ്‌ലിം വര്‍ഗീയ കലാപമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന വെള്ളപൂശല്‍ നടത്തുകയും ചെയ്യുന്നു.
ബീമാ പള്ളി ഉറൂസ് നടത്തിപ്പിനെതിരെയുള്ള വെല്ലുവിളിയിലാണ് തുടക്കം. തുടര്‍ന്നുണ്ടായ പ്രകോപനരഹിത വാക്കേറ്റം രൂക്ഷമാവുന്നതിനു മുമ്പേ പോലീസ് വെടിയുതിര്‍ത്തു. ആ വെടിവെപ്പു തന്നെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അനുവാദമില്ലാതെയും. സിനിമയില്‍ പോലും വെടിവെപ്പ് അബദ്ധവ്യാജേനയുള്ള ആസൂത്രിത കൂട്ടക്കൊലയാണെന്ന് പറയുന്നുണ്ട്. അതേസമയം വര്‍ഗീയതക്കെതിരെയുള്ള കരുതലായി അത് വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്.
ഫഹദ് ഫാസില്‍ വേഷമിടുന്ന സുലൈമാന്‍ കേവലമൊരു മുസ്‌ലിമായല്ല ചിത്രീകരിക്കപ്പെടുന്നത്. 'ഇസ്‌ലാമിക് മുസ്‌ലിമായ' സുലൈമാന്‍ എന്ന അലീക്കയിലൂടെ ഇരകളായ മുസ്‌ലിംകളെ തീവ്രവാദികളും മാഫിയകളുമാക്കി, സര്‍ക്കാരിനെ വെള്ളപൂശി ഭരണകൂടത്തിന് നിരപരാധിത്വ പട്ടം ചാര്‍ത്തിക്കൊടുക്കാനുള്ള ശ്രമങ്ങളാണ് സിനിമയിലുടനീളമുള്ളത്.
മുസ്‌ലിമായിക്കൊണ്ടു തന്നെ ക്രിസ്ത്യന്‍ വധുവിനെ സ്വീകരിക്കുന്ന അലീക്കക്കെതിരെ അവസാനം സ്വന്തം സമുദായത്തിലെ ഡോക്ടര്‍ പോലും കൊലപാതകിയുടെ വേഷം കെട്ടുന്നത് റമദാ പള്ളിക്ക് വര്‍ഗീയ പട്ടം ചാര്‍ത്തുന്നതിനു വേണ്ടിയാണ്. കേരളത്തിലെന്നല്ല ലോകത്തു തന്നെ ഒരിടത്തും അഭയം തേടുന്ന അന്യമതസ്ഥരെ ഒരു മസ്ജിദ് കമ്മിറ്റിയും ആട്ടിപ്പായിക്കുന്നില്ല. പക്ഷേ, സിനിമയില്‍ അതുണ്ട്!
പച്ചക്കൊടികളും സാമുദായിക പാര്‍ട്ടിയുടെ ഓഫീസുമെല്ലാം ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും ഒരൊറ്റ ചെങ്കൊടി പോലും എങ്ങും കാണുകയില്ല. യഥാര്‍ഥത്തില്‍ മുസ്‌ലിംകളിലും മുസ്‌ലിം പാര്‍ട്ടിയിലും മുസ്‌ലിം കൊടികളിലും ആഖ്യാനം കേന്ദ്രീകരിക്കപ്പെടുന്നതിലൂടെ സത്യത്തെ ആഴത്തില്‍കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നത്.
മലയാള സിനിമയില്‍ അപരവല്‍ക്കരണത്തിന് ഇന്ധനമായ 'മാലികി'ന്റെ ഉറവിടം വസ്തുനിഷ്ഠമായി ചികയുക തന്നെ വേണം. ഒരു കള്ളം ആയിരം അധര ചലനങ്ങളിലൂടെ സത്യമാവുമെന്ന യുക്തിരഹിത ഫിലോസഫിയായിരിക്കാം ഒരുപക്ഷേ മാലികിന്റെ അണിയറ പ്രവര്‍ത്തകരെ സ്വാധീനിച്ചിട്ടുണ്ടാവുക. സൂനാമിയും ഓഖിയും എല്ലാം തകര്‍ത്തുകളഞ്ഞ കടലോരങ്ങളോട് അന്ന് കാണിച്ച അവഗണന തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്.
പക്ഷേ, ഒന്നുണ്ട്. സിനിമയുടെ നിര്‍മാതാക്കള്‍ എന്ത് ലക്ഷ്യം വെച്ചുവോ അതിന് വിപരീതമായാണ് 'മാലിക്' ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മറവിക്ക് കൊടുത്ത ചരിത്രത്തെ സ്മരണയിലേക്ക് എത്തിച്ചതിന് കൊടുക്കാം ഒരു നല്ല കൈയടി. എല്ലാ വിധത്തിലും അരികുവത്കരിക്കപ്പെട്ട ജനതക്ക് അധോലോകത്തിന്റെ മുഖ്യധാരാ പട്ടം കൊടുത്തതിലൂടെ മുറിവേറ്റവരുടെ ഓര്‍മകളില്‍ എരിവ് പുരട്ടുകയാണ് ചെയ്തതെങ്കിലും, സത്യം എന്തായിരുന്നു എന്ന ജിജ്ഞാസ അത് ഉണര്‍ത്തി. യഥാര്‍ഥ മാലിക്/ ഗുണ്ടാതലവന്‍ ആരാണെന്ന് പ്രബുദ്ധ കേരളം തിരിച്ചറിയട്ടെ.
Comments