വിനാശകാലേ വിപരീത ബുദ്ധി
കെ.പി തങ്ങള്‍ പട്ടാമ്പിയുടെ പ്രോഗ്രസ്സീവ് മുസ്‌ലിം ലീഗ്, ഹസന്‍ ഗനിയുടെ സമസ്ത കേരള മുസ്‌ലിം ലീഗ്, ഫാദര്‍ വടക്കന്റെ കെ.ടി.പി, മത്തായി മാഞ്ഞൂരാന്റെ കെ.എസ്.പി, കുമ്പളത്ത് ശങ്കു പിള്ളയുടെ കെ.പി.പി, നായന്മാരുടെ എന്‍.ഡി.പി, ഈഴവരുടെ എസ്.ആര്‍.പി തുടങ്ങി ഒട്ടനവധി രാഷ്ട്രീയാവതാരങ്ങളുടെ ശ്മശാന ഭൂമിയാണ് കേരളം. ഏറ്റവുമൊടുവില്‍ ആ പട്ടികയില്‍ സ്ഥാനം നേടാനുള്ള തീവ്രശ്രമത്തിലാണ് ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ ഇന്ത്യന്‍ നാഷ്‌നല്‍ ലീഗ് അഥവാ ഐ.എന്‍.എല്‍ മുഴുകിയിരിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മന്ത്രിയും പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗം നടുറോഡില്‍ അടിച്ചുപിരിഞ്ഞ് പ്രസിഡന്റിനെ അഖിലേന്ത്യാ പ്രസിഡന്റിനു വേണ്ടി ജനറല്‍ സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയെ സംസ്ഥാന പ്രസിഡന്റും പുറത്താക്കി പകരക്കാരെ നിയമിച്ചതില്‍നിന്ന് മാലോകര്‍ക്ക് ലഭിച്ചിരിക്കുന്ന സന്ദേശം. കാല്‍ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനു ശേഷം ഐ.എന്‍.എല്ലിന് എല്‍.ഡി.എഫ് പ്രവേശവും രണ്ടര വര്‍ഷം ആയുസ്സുള്ള മന്ത്രിപദവിയും ലഭിച്ചപ്പോഴാണ് ഇങ്ങനെയൊരു ദുര്യോഗമെന്നത് സഹതാപാര്‍ഹമായി. അധികാര പങ്കാളിത്തത്തെയും അതുവഴി ലഭിക്കാവുന്ന ദ്രവ്യലാഭത്തെയും ചൊല്ലിയാണ് നേതാക്കളുടെ തമ്മില്‍തല്ല് എന്ന സത്യമാകട്ടെ ജനങ്ങളില്‍ പുഛവും പരിഹാസവുമാണുളവാക്കുക. തമ്മിലടി മൂര്‍ഛിച്ചപ്പോള്‍ മുഖ്യമന്ത്രി ഇരുവരെയും വിളിച്ചുവരുത്തി നല്ല നടപ്പിന് ശിക്ഷിച്ചതാണ്. പക്ഷേ അതുകൊണ്ടൊന്നും തീരാത്ത കലി പാരമ്യതയിലെത്തിക്കഴിഞ്ഞിരുന്നു എന്നാണ് കൊച്ചിയില്‍ പോലീസ് ബലപ്രയോഗം ക്ഷണിച്ചുവരുത്തിയ ഏറ്റുമുട്ടല്‍ വിളിച്ചോതുന്നത്.
ഓഫീസ് പിടിച്ചെടുക്കലും ആരോപണ പ്രത്യാരോപണങ്ങളുമാണ് സ്വാഭാവികമായും അനന്തര കലാപരിപാടികള്‍. മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതൃത്വവും ശക്തമായി ഇടപെട്ടാല്‍ വെടിനിര്‍ത്തലും തുടര്‍ന്ന് ഏച്ചുകെട്ടലും സാധ്യമാണെന്ന പ്രതീക്ഷ മിക്കവാറും സഫലമാകാനിടയില്ല. മുഖ്യ കാരണം പതനത്തിലേക്ക് നയിച്ചത് ജനിതക ബലഹീനതകളാണെന്ന വസ്തുത തന്നെ. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ഹിന്ദുത്വ കര്‍സേവകര്‍ തരിപ്പണമാക്കിയപ്പോള്‍ നിസ്സംഗനായി നോക്കിനിന്ന കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ കുറ്റകരമായ സമീപനത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണകൂടത്തിലെ പങ്കാളിത്തം മുസ്‌ലിം ലീഗ് ഉപേക്ഷിക്കണമെന്ന അഖിലേന്ത്യാ പ്രസിഡന്റ് ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ ആവശ്യം സംസ്ഥാന ഘടകം നിരാകരിച്ചതോടെ ആരംഭിച്ച ഉള്‍പാര്‍ട്ടി ഉരുള്‍പൊട്ടലാണ് 1994-ല്‍ ഐ.എന്‍.എല്‍ രൂപവത്കരണത്തില്‍ കലാശിച്ചത്. ദല്‍ഹിയില്‍ ചേര്‍ന്ന ഐ.യു.എം.എല്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം സേട്ടിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി പകരം ജി.എം ബനാത്ത്‌വാലയെ അധ്യക്ഷപദവിയില്‍ അവരോധിച്ചതോടെ ചിലരുടെ പ്രേരണ കൊണ്ടു കൂടി സേട്ട് രാജിവെച്ചു പുറത്തുവന്ന്, തന്നോടൊപ്പം നിന്ന സി.കെ.പി ചെറിയ മമ്മു കേയി, പി.എം അബൂബക്കര്‍ എന്നിവരോടൊപ്പം ഐ.എന്‍.എല്ലിന് രൂപം നല്‍കുകയായിരുന്നു. പേരില്‍നിന്ന് മുസ്‌ലിം ചുവ ഒഴിവാക്കലും ഭരണഘടന തീര്‍ത്തും മതേതരവത്കരിക്കലുമൊക്കെ കേരളത്തില്‍ ഇടതു മുന്നണിയെ നയിക്കുന്ന സി.പി.എമ്മിനും സ്വീകാര്യമാക്കിക്കാനും അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെ നിര്‍ദേശപ്രകാരവുമായിരുന്നു. എന്നിട്ടും കാര്യത്തോടടുത്തപ്പോള്‍ സേട്ടുവിനെയും പാര്‍ട്ടിയെയും മുന്നണിയില്‍ ചേര്‍ക്കാന്‍ സി.പി.എം തയാറായില്ലെന്ന ദുഃഖം അദ്ദേഹത്തെ ജീവിതാവസാനം വരെ വേട്ടയാടിയിരുന്നു. സി.കെ.പി ചെറിയ മമ്മു കേയിയുടെയും പി.എം അബൂബക്കറിന്റെയും വിയോഗം അദ്ദേഹത്തെ കൂടുതല്‍ നിസ്സഹായനാക്കുകയും ചെയ്തു. എന്നിട്ടും പാര്‍ട്ടിയെ പേരിനെങ്കിലും നിലനിര്‍ത്തിയത് എന്‍.എ നെല്ലിക്കുന്ന്, പി.എം.എ സലാം മുതലായ രണ്ടാംനിര നേതാക്കളുടെ സാന്നിധ്യമാണ്. സേട്ട് സാഹിബിന് രാജ്യസഭാ സീറ്റ് നല്‍കിക്കൊണ്ട് ഐ.എന്‍.എല്ലിന്റെ ലീഗ് ലയന സാധ്യതാ നിര്‍ദേശം മുസ്‌ലിം ലീഗ് നേതൃത്വത്തിലെ ചിലരുടെ ശാഠ്യം മൂലം നിരാകരിക്കപ്പെട്ടതോടെ നടക്കാതെ പോയി. ഒടുവില്‍ മില്ലി കൗണ്‍സിലിന്റെ ശില്‍പികളില്‍ ചിലരുടെ സൗമനസ്യത്തിലാണ് സേട്ട് പിടിച്ചുനിന്നത്. അദ്ദേഹത്തിന്റെ വിയോഗാനന്തരം ലീഗുകളുടെ പുനരേകീകരണത്തിന് സാധ്യത തെളിഞ്ഞപ്പോള്‍ നെല്ലിക്കുന്നും സലാമും അനുയായികളോടൊപ്പം മാതൃ സംഘടനയിലേക്ക് തിരിച്ചുപോയി. അവശേഷിച്ചവരാണ് ഐ.എന്‍.എല്ലിന്റെ ബാനറില്‍ എല്‍.ഡി.എഫിന്റെ സൗമനസ്യത്തോടെ മേല്‍വിലാസം നിലനിര്‍ത്തിയത്.
അപ്പോഴൊക്കെയും എല്‍.ഡി.എഫില്‍ ഘടകമായി അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ടായിരുന്നു. ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിരകാല സ്വപ്‌നം പൂവണിഞ്ഞു. മൂന്ന് സീറ്റുകളില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കോഴിക്കോട് സൗത്തില്‍നിന്ന് അഹ്മദ് ദേവര്‍കോവില്‍ സ്ഥാനാര്‍ഥിയായി. ഇലക്ഷനില്‍ ഇടതുമുന്നണി തൂത്തുവാരിയപ്പോള്‍ ദേവര്‍കോവിലിന്റെയും ഐ.എന്‍.എല്ലിന്റെയും ഭാഗ്യം തെളിഞ്ഞു. തുടര്‍ന്ന് ഒറ്റയാള്‍ പാര്‍ട്ടിയാണെങ്കിലും മന്ത്രിപദവിയുടെ ആദ്യാവസരം പിണറായി വിജയന്‍ ഐ.എന്‍.എല്ലിന് നല്‍കിയതോടെ, തുറമുഖം -മ്യൂസിയം-പുരാവസ്തു വകുപ്പുമായി ദേവര്‍കോവിലിന് സ്റ്റേറ്റ് കാറില്‍ സഞ്ചരിക്കാനുള്ള സുവര്‍ണാവസരം തുറന്നുകിട്ടി. കായ പഴുത്തപ്പോള്‍ കാക്കക്ക് വായ്പുണ്ണ് വരാനാണ് വിധിയെങ്കില്‍ എന്തു പറയാനാണ്! ഐ.എന്‍.എല്ലിന്റെ വിഹിതത്തില്‍ വന്ന പി.എസ്.സി മെമ്പര്‍ സ്ഥാനവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ നിയമനങ്ങളും പ്രവര്‍ത്തക സമിതിയുടെ തീരുമാനപ്രകാരമാണ് ഓഹരി വെക്കേണ്ടതെങ്കിലും ജനറല്‍ സെക്രട്ടറി മന്ത്രിയെ സ്വാധീനിച്ച്, പണം വാങ്ങി വിറ്റുവെന്നാണ് പ്രസിഡന്റ് പക്ഷത്തിന്റെ ആരോപണം. ഇതൊക്കെ ഇടക്കാലത്ത് പാര്‍ട്ടിയില്‍ ലയിക്കേണ്ടിവന്ന അഡ്വ. പി.ടി.എ റഹീമിന്റെ പാര്‍ട്ടിയുടെ പേരില്‍ ഐ.എന്‍.എല്ലിലെത്തിയ ചിലരുടെ ദുഷ്പ്രചാരണങ്ങളാണെന്നാണ് ജനറല്‍ സെക്രട്ടറിയുടെ പ്രത്യാരോപണം. അവരെയൊക്കെ പ്രവര്‍ത്തക സമിതിയില്‍നിന്ന് ടിയാന്‍ പുറത്താക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.
വിചിത്രമായ കാര്യം ഇപ്പോള്‍ രണ്ടു വിഭാഗവും ഒരുപോലെ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധമാണ് പരസ്പരം ആരോപിക്കുന്നത് എന്നുള്ളതാണ്. സി.പി.എമ്മിനെ സ്വാധീനിക്കാനും അംഗീകരിപ്പിക്കാനുമുള്ള ത്വരയാണ് തീര്‍ത്തും അസംബന്ധജടിലവും അര്‍ഥശൂന്യവുമായ ഈ ആരോപണത്തിന്റെ പിന്നിലെന്ന് വ്യക്തം. ജമാഅത്തുമായി ആശയപരമായ ബന്ധം നിലനിര്‍ത്തിയതും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, മുസ്‌ലിം മജ്‌ലിസെ മുശാവറ മുതലായ വേദികള്‍ ജമാഅത്ത് നേതൃത്വവുമായി പങ്കിട്ടതും 'മതരാഷ്ട്ര വാദം' പ്രസംഗിച്ചു നടന്നതും സാക്ഷാല്‍ ഇബ്‌റാഹീം സുലൈമാന്‍ സേട്ടുവായിരുന്നു, അദ്ദേഹമാണ് ഐ.എന്‍.എല്ലിന്റെ സ്ഥാപക നേതാവ് എന്ന് നന്നായറിയുന്നവരാണ് പ്രസിഡന്റ് എ.
പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും. എന്നിട്ടും പാര്‍ട്ടിയുടെ നേതൃപദവിയിലിരിക്കാന്‍ അവര്‍ക്ക് തടസ്സമൊന്നുമുണ്ടായില്ലെങ്കില്‍, രണ്ടിനെയും ചെവിക്കു പിടിച്ച് പുറത്താക്കി ഇടതു മുന്നണിയുടെ ശുഭകരമായ തുടര്‍ഭരണ തുടക്കത്തിലെ അശുഭലക്ഷണങ്ങളെ പിഴുതുമാറ്റാന്‍ സി.പി.എം ആലോചിക്കുമോ എന്ന് കാത്തിരുന്നു കാണാം. മുസ്‌ലിം സമൂഹത്തെ കൂടെ കൂട്ടാന്‍ മറ്റു വഴികള്‍ തന്നെ പാര്‍ട്ടി തേടുന്നുണ്ടല്ലോ.
Comments