Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

ഇതുകൊണ്ടൊന്നും ഞങ്ങള്‍ ഭയക്കില്ല, നിശ്ശബ്ദരാവില്ല

അഫ്രീന്‍ ഫാത്വിമ

2021 ജൂലൈ 4-ന് രാത്രി ഞാന്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പരിപാടി അവസാനിക്കുന്നതിനു മുമ്പു തന്നെ, ഇരുപത്തിമൂന്നുകാരിയായ വിദ്യാര്‍ഥി പ്രവര്‍ത്തകയായ എന്നെ ഒരു വ്യാജ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ലേലത്തില്‍ 'വില്‍പ്പന'ക്ക് വെച്ചിരിക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളാല്‍ എന്റെ മൊബൈല്‍ ഫോണ്‍ നിറഞ്ഞു.        
എന്റേതിനു പുറമെ വിദ്യാര്‍ഥികള്‍, ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 80-ലധികം മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ അവരുടെ അറിവില്ലാതെ 'സുള്ളി ഡീലുകള്‍' എന്ന ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്തിരുന്നു. മലയാളി വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ലദീദ ഫര്‍സാനയെയും ഈ വെബ്‌സൈറ്റില്‍ 'ലേല'ത്തിന് വെച്ചിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടി വലതുപക്ഷ ഹിന്ദു ട്രോളുകള്‍ ഉപയോഗിക്കുന്ന അവഹേളന പദമാണ് 'സുള്ളി.'
മുസ്‌ലിം സ്ത്രീകളെ ഒരു ലൈംഗികവസ്തുവായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഈ ആപ്ലിക്കേഷന്‍ ഞാനടക്കമുള്ള മുസ്‌ലിം സ്ത്രീകളുടെ പേരും ഫോട്ടോയും അതില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഞങ്ങളുടെ പേരും ഫോട്ടോയും അത്തരത്തില്‍ ഉപയോഗിക്കപ്പെട്ടതില്‍ ഞങ്ങള്‍ക്ക് കടുത്ത രോഷമുണ്ട്. എന്നാല്‍, ഞങ്ങള്‍ ഭയപ്പെടുന്നില്ല.
'സുള്ളി ഡീല്‍സ്' വെബ്‌സൈറ്റ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്റെ അറിവനുസരിച്ച്, നമ്മെളെല്ലാവരും ഈ വെബ്സൈറ്റിനെക്കുറിച്ച് അറിയുന്നതിനും 20 ദിവസമെങ്കിലും മുമ്പ് ഇത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ട്വിറ്ററില്‍ തങ്ങളുടെ ഡീലുകള്‍ പങ്കിടാനും മുസ്‌ലിം സ്ത്രീകളെ ടാഗ്‌ചെയ്യാനും തുടങ്ങിയപ്പോഴാണ് ഇത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തറിയുന്നത്.
ന്യൂദല്‍ഹിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പട്ടൗഡിയില്‍ നടന്ന ഒത്തുചേരലില്‍ (മഹാപഞ്ചായത്ത്) ഒരു തീവ്ര ഹിന്ദുവലതുപക്ഷക്കാരന്‍ മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ആഹ്വാനം ചെയ്ത അതേ ദിവസം തന്നെയാണ് ഈ സംഭവം നടക്കുന്നത്. ഞാന്‍  വളരെയധികം  അസ്വസ്ഥയായിരുന്നു; എനിക്കന്ന്  ഉറങ്ങാന്‍ കഴിഞ്ഞില്ല, ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാപഞ്ചായത്തുമായി ഇതിന് വളരെ അടുത്ത ബന്ധമുണ്ട്. ലൈംഗിക കേളികളെക്കുറിച്ചും മുസ്‌ലിം സ്ത്രീകളെ അതിനായി തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ചും  പരസ്യ പ്രസംഗങ്ങള്‍ തന്നെയാണ് അവിടങ്ങളില്‍  നടത്തിയിരുന്നത്. ഇത്തരം  നീക്കങ്ങള്‍ക്ക് വളരെ ശക്തമായ പിന്‍ബലം ലഭിക്കുന്നു എന്നാണ് ഇതില്‍നിന്നൊക്കെ നാം മനസ്സിലാക്കേണ്ടത്.
വംശഹത്യ, പൂര്‍ണ ഹിന്ദു രാഷ്ട്രം എന്നീ ആശയങ്ങളുമായി ഇതിനുള്ള ബന്ധവും വളരെ വലുതാണ്. ഇന്ത്യന്‍  ഓണ്‍ലൈന്‍ ഇടങ്ങള്‍  പൊതുവെ സ്ത്രീകള്‍, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍ രൂക്ഷമായി വേട്ടയാടപ്പെടുന്ന ഒരു സ്പേസ് ആയി  മാറിയിട്ടുണ്ട്. സംഘ് പരിവാര്‍ സൈബര്‍ സെല്ലുകളുടെ ശക്തമായ സര്‍വൈലന്‍സ് ഉള്ള ഒരു ഇടമെന്ന നിലയില്‍ അതില്‍ ആശ്ചര്യപ്പെടേണ്ട കാര്യവുമില്ല.
മുസ്‌ലിം സ്ത്രീകള്‍ ഓണ്‍ലൈനില്‍ വലിയ തോതില്‍ പ്രകോപിതരായതിനെത്തുടര്‍ന്ന് ജൂലൈ 8-ന് ദേശീയ വനിതാ കമീഷന്റെ ആവശ്യപ്രകാരം ദല്‍ഹി പോലീസ് ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായി അറിയിച്ച ദല്‍ഹി  പോലീസ് പക്ഷേ ആപ്ലിക്കേഷന്‍ കണ്ടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മുസ്‌ലിംകള്‍ക്കെതിരായ വംശീയോന്മൂലനപരമായ നിലപാടുകള്‍ക്ക് ഇത്തരം സംഭവങ്ങളുമായുള്ള ബന്ധത്തെ നിഷേധിക്കുമ്പോള്‍ അതിന്റെ ഗൗരവത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് അവര്‍ സുള്ളി ഡീല്‍ ആപ്പ് തുടങ്ങിയത്. അവര്‍ ഞങ്ങളെ ഭയപ്പെടുന്നുണ്ട്. ആ ഭയമാണ് അവരെ  ഇതിലേക്ക് നയിക്കുന്നത്. റാണാ അയ്യൂബ് പറഞ്ഞതു പോലെ, 'മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ നിശ്ശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്ന ഒരേയൊരു മാര്‍ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്. അവരുടെ പുസ്തകങ്ങളില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരാണ്. എന്നാല്‍ ഞങ്ങള്‍ നിശ്ശബ്ദരാവുകയില്ല.' 

തയാറാക്കിയത്: ആഇശ നൗറിന്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി