Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

എച്ച്.എം ഗസ്സാലി ആലപ്പുഴ

ആര്‍. െെഫസല്‍, ആലപ്പുഴ

ലാളിത്യം ജീവിതശീലമാക്കിയും നിസ്വാര്‍ഥ സേവനം ജീവിതവ്രതമാക്കിയും ആലപ്പുഴ നഗരത്തില്‍ ജനസേവനരംഗത്ത് പ്രസ്ഥാനത്തിന്റെ മുഖമായി നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കോവിഡ് ബാധിതനായി മരണപ്പെട്ട ആലപ്പുഴ പ്രാദേശിക ജമാഅത്ത് സെക്രട്ടറി എച്ച്.എം ഗസ്സാലി.
എണ്‍പതുകളിലായിരുന്നു പ്രസ്ഥാനവുമായി അദ്ദേഹം ബന്ധപ്പെടുന്നത്. 83-ല്‍ എസ്.ഐ.ഒ രൂപം കൊള്ളുകയും ജനകീയ ഇടപെടലുകള്‍ ആരംഭിക്കുകയും ചെയ്തതോടെ തെരുവുനാടകങ്ങളിലുള്‍പ്പെടെ നിറസാന്നിധ്യമായി. 87-ല്‍ മാധ്യമം ദിനപത്രത്തിന്റെ തുടക്കം മുതല്‍ ജില്ലയിലെ ആദ്യലേഖകന്‍ ഹസന്‍ബാവ മാസ്റ്റര്‍ക്കൊപ്പം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുായിരുന്നു. മാധ്യമത്തിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പുറംലോകം അറിയാതെ പോകുന്നതും ആളുകള്‍ക്ക് സാന്ത്വനമോ സഹായമോ ലഭിക്കാന്‍ സാധ്യതയുള്ളതുമായ വാര്‍ത്തകള്‍ കണ്ടെത്തി ബ്യൂറോ ചീഫുമാരില്‍ സമ്മര്‍ദം ചെലുത്തി അവ പത്രത്തില്‍ വരുത്തിയിരുന്നു. ജീവിതായോധനത്തിനായി വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് സെക്രട്ടറിയായും റസ്റ്റോറന്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടു്. 
ആലപ്പുഴ ബൈത്തുസ്സകാത്തിന്റെ ആരംഭകാലം മുതല്‍ അതില്‍ സജീവമായിരുന്നു. മടക്കയാത്ര നേരത്തേ തിരിച്ചറിഞ്ഞെന്നപോലെ ഈ വര്‍ഷത്തെ ധനശേഖരണവുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ ആശുപത്രിയില്‍നിന്നാണ് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയത്. ആറ് വര്‍ഷത്തോളം ജമാഅത്തെ ഇസ്‌ലാമി ഏരിയാ ജനസേവന വിഭാഗം സെക്രട്ടറിയായും കേരള ബൈത്തുസ്സകാത്ത്, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഏരിയാ കോഡിനേറ്ററായും പ്രവര്‍ത്തിച്ചു. ജീവിതകാലം ഏതാണ്ട് പൂര്‍ണമായും വാടക വീട്ടില്‍ താമസിച്ചുകൊണ്ട്, ഒരുപാടൊരുപാട് പേര്‍ക്ക് മരുന്നായി, പാര്‍പ്പിടമായി, ഉപജീവനോപാധിയായി സഹായങ്ങളൊരുക്കാന്‍ തന്റെ ഇഷ്ടവാഹനമായ സൈക്കിളില്‍ ഓടിപ്പായുമ്പോഴും, ഏരിയാ പ്രസിഡന്റെന്ന നിലയില്‍ അപേക്ഷകളില്‍ അവസാന ഒപ്പുവെക്കാന്‍ പ്രതിവാരങ്ങളിലെ സന്ദര്‍ശകനായ ഈയുള്ളവനെ കാത്തിരിക്കുന്ന അദ്ദേഹം സ്വന്തമായൊരു കിടപ്പാടമൊരുക്കുന്നതിനെക്കുറിച്ച അന്വേഷണം ഒരു കുലുങ്ങിച്ചിരിയിലൊതുക്കുമായിരുന്നു. 
ഇത്രയും സരസമായി സ്വന്തം പ്രസ്ഥാനത്തെ പൊതുസമൂഹത്തില്‍ പ്രതിനിധീകരിക്കുന്ന ഒരാളെ അധികം കണ്ടെത്താനായിട്ടില്ല. ചിരിയുടെ അകമ്പടിയില്‍ ഉരുളക്കുപ്പേരി പോലെയായിരുന്നു വര്‍ത്തമാനം. എതിരാളിക്കുള്ള മറുപടിയും വിമര്‍ശനവും നര്‍മവുമെല്ലാം അതിലുണ്ടാവും. ജീവിതപ്രാരാബ്ധങ്ങള്‍ പ്രസ്ഥാന ചുമതലകള്‍ക്ക് അദ്ദേഹത്തിന് ഭാരമേ ആയിരുന്നില്ല. മടക്കിയൊതുക്കിയ ഒരു കടലാസും പേനയും എപ്പോഴും പോക്കറ്റിലുണ്ടാവും. പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ അതില്‍ അക്കമിട്ട് നിറച്ചിട്ടുണ്ടാവും. ഇടക്കെടുത്ത് ചിലത് വെട്ടിമാറ്റി പുതിയ ചിലത് കൂട്ടിച്ചേര്‍ക്കും. മര്‍കസ് മസ്ജിദ് പരിപാലന കമ്മിറ്റിയിലും മര്‍കസ് ട്രസ്റ്റിലും അംഗമായിരുന്നു.
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിയമനം ലഭിച്ചതില്‍ അദ്ദേഹത്തേക്കാളേറെ സഹപ്രവര്‍ത്തകര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായിരുന്നു സന്തോഷം. മൂത്ത മകന് പോസ്റ്റല്‍ വകുപ്പില്‍ നിയമനം ലഭിച്ചത് ഇരട്ടി മധുരമായി. ഇനിയെങ്കിലും വീടെന്ന സ്വപ്‌നത്തിലേക്ക് സ്വരുക്കൂട്ടണമെന്ന അഭ്യര്‍ഥനയോട്, ഒക്കെ ശരിയാവുമെന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. തന്റെ കര്‍മമണ്ഡലമായ സക്കരിയാ ബസാര്‍ പരിസരത്തു തന്നെ കൂടൊരുക്കണമെന്ന ആഗ്രഹവും തന്റെ മക്കള്‍ പ്രസ്ഥാനത്തിന്റെ പ്രഭാവലയത്തിന് പുറത്തു പോകരുതെന്ന നിര്‍ബന്ധവും തീരുമാനത്തിലേക്കെത്താനുള്ള കാത്തിരിപ്പ് വൈകിപ്പിച്ചു. ഒടുവില്‍ അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങി സ്വന്തം വീടകത്തിന്റെ കുളിരറിയാന്‍ കാത്തുനില്‍ക്കാതെ ആറടി മണ്ണിന്റെ തണലിലുറങ്ങാന്‍ യാത്രയാവുമ്പോള്‍ പ്രതിമാസ ബൈത്തുല്‍ മാല്‍ പോലും കുടിശ്ശിക ഉണ്ടായിരുന്നില്ല. 
അടയാളപ്പെടുത്തിയ കര്‍മകാലമല്ലാതെ ഭൗതികശേഷിപ്പായി ബാക്കിയുള്ളത് പ്രസ്ഥാന നേതൃത്വത്തില്‍ സജീവരായ രണ്ട് മക്കളാണ്. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ്  ഫൈസല്‍ റശീദിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച 'ഗസ്സാലി സ്മൃതി' അനുസ്മരണത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എച്ച്. അബ്ദുല്‍ ഹകീം മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീര്‍, മാധ്യമം ബ്യൂറോ ചീഫ് രാജ്‌മോഹന്‍, അബ്ദുര്‍റഹ്മാന്‍ വടക്കാങ്ങര, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സഫിയ അശ്‌റഫ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എം.എച്ച് ഷാനവാസ്, താജുദ്ദീന്‍ (സാദിയാസ് റസ്റ്റോറന്റ് ഉടമ), ആലപ്പുഴ ബൈത്തുസ്സകാത്ത് ചെയര്‍മാന്‍ എഞ്ചിനീയര്‍ നാസര്‍, കെ.എം റശീദ് നീര്‍ക്കുന്നം, മഹ്മൂദ് കായംകുളം, ടി.കെ സെയ്തു മുഹമ്മദ്, മുശ്താഖ് ഫസല്‍ എന്നിവര്‍ സംസാരിച്ചു.

കെ.പി ഹുസൈന്‍

പ്രഫ. കെ.ടി ഹംസ

വളാഞ്ചേരി സ്വദേശിയും ജമാഅത്തെ ഇസ്‌ലാമി പൈങ്കണ്ണൂര്‍ ഘടകത്തിലെ സജീവ പ്രവര്‍ത്തകനുമായ കെ.പി ഹുസൈന്‍ (67) ഇക്കഴിഞ്ഞ മെയ് 4-ന് അല്ലാഹുവിലേക്ക് യാത്രയായി. പ്രസ്ഥാന മാര്‍ഗത്തിലുള്ള എല്ലാ സംരംഭങ്ങളിലും നിര്‍ലോഭം സഹായിക്കുകയും സഹകരിക്കുകയും ചെയ്തിരുന്ന നിസ്വാര്‍ഥ സേവകനായിരുന്നു അദ്ദേഹം. നാല്‍പത് വര്‍ഷത്തിലധികം പ്രവാസ ജീവിതം നയിച്ചിരുന്ന അദ്ദേഹം ആറ് മാസം വിദേശത്തും ആറ് മാസം നാട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഈയടുത്താണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്.
വളാഞ്ചേരി യു. മുഹമ്മദലി 16 വര്‍ഷം തുടര്‍ച്ചയായി നടത്തിയിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ പഠിതാവായിരുന്നു. പ്രസ്ഥാനം സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും അദ്ദേഹം മുന്‍പന്തിയിലുണ്ടാകും. പുഞ്ചിരിയോടെ മാത്രമേ അദ്ദേഹം ആളുകളെ സമീപിക്കാറുണ്ടായിരുന്നുള്ളൂ. സംസാരത്തിലും പെരുമാറ്റത്തിലും എല്ലാവര്‍ക്കും മാതൃകയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്ന അദ്ദേഹം കുട്ടികളെ കളിക്കാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു.
പ്രസ്ഥാന സംരംഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വിഹിതമുണ്ടാകും. ഇക്കഴിഞ്ഞ റമദാനിലും പള്ളി നിര്‍മാണത്തിനും മറ്റുമായി അദ്ദേഹത്തിന്റെയും രണ്ടു ആണ്‍മക്കളുടെയും വിഹിതം ചോദിക്കാതെ തന്നെ ഉത്തരവാദപ്പെട്ടവരെ ഏല്‍പിക്കുകയുണ്ടായി.
ജമാഅത്തംഗവും പ്രസ്ഥാനത്തിന്റെ താങ്ങും തണലുമായിരുന്ന തെക്കന്‍ കുറ്റൂര്‍ സ്വദേശി വെള്ളരിയില്‍ സെയ്താലിക്കുട്ടി ഹാജിയുടെ മകള്‍ ആമിനയാണ് ഭാര്യ. അവരും പ്രദേശത്തെ വനിതാ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകയാണ്. കാര്യമായ അസുഖങ്ങളൊന്നുമില്ലാതിരുന്ന കെ.പി ഹുസൈന്‍ ഭാര്യാപിതാവ് മരണപ്പെട്ട് പതിനെട്ടാം ദിവസം നമ്മോട് വിടപറയുകയാണുണ്ടായത്. ഖത്തര്‍ കള്‍ച്ചറല്‍ ഫോറം കോട്ടക്കല്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി ഹുസൈന്‍, ഷഹീര്‍ ഹുസൈന്‍ (ഷാര്‍ജ), ഡോ. മര്‍ജാന ഹുസൈന്‍, ഷദ ഹുസൈന്‍ (മീഡിയ അക്കാദമി, കോഴിക്കോട്) എന്നിവര്‍ മക്കളാണ്. ഇവരുടെ കുടുംബ സ്വത്തായ കെട്ടിടത്തില്‍ സൗജന്യമായി നല്‍കിയ മുറിയിലാണ് ജമാഅത്തെ ഇസ്‌ലാമി പൈങ്കണ്ണൂര്‍ ഘടകത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.


മധുരക്കുഴി ഉമര്‍ കുട്ടി


റഹ്മാന്‍ മധുരക്കുഴി

എടവണ്ണപ്പാറ പണിക്കരപുറായയിലെ മധുരക്കുഴി ഉമര്‍ കുട്ടി (76) നാഥനിലേക്ക് യാത്രയായി. ജമാഅത്തെ ഇസ്‌ലാമി എടവണ്ണപ്പാറ ഹല്‍ഖയുടെ ദീര്‍ഘകാല നാസിമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കെന്ന പോലെ നാട്ടിനാകെ വലിയ നഷ്ടമാണ്. വിമര്‍ശനങ്ങളെ അക്ഷോഭ്യനായും സുസ്‌മേരവദനനായും അഭിമുഖീകരിക്കുന്ന പ്രകൃതക്കാരനായിരുന്നു. നിഷ്‌കളങ്കമായ മനസ്സില്‍നിന്ന് ബഹിര്‍ഗമിക്കുന്ന ചെറുപുഞ്ചിരിയോടെയല്ലാതെ ആരെയും അദ്ദേഹം അഭിമുഖീകരിക്കാറില്ല. അഹങ്കാരം തൊട്ടുതീണ്ടാത്ത പ്രകൃതം. ആരോടും പകയോ വിദ്വേഷമോ ഇല്ലാത്ത വിനയശീലന്‍. ഭാര്യയോടും മക്കളോടും മരുമക്കളോടും സ്‌നേഹത്തോടെ വര്‍ത്തിച്ച ഉമര്‍ കുട്ടി ഒരിക്കല്‍ പോലും തന്നോട് ദേഷ്യപ്പെട്ടിട്ടില്ലെന്ന് എന്റെ മരുമകളായ അദ്ദേഹത്തിന്റെ പ്രിയതമ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. പ്രദേശത്തും മധുരക്കുഴി കുടുംബത്തിലും ഏറ്റവുമധികം സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്ന വ്യക്തിയായി മാറാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ സ്വഭാവ നൈര്‍മല്യം കൊണ്ടായിരുന്നു.
എടവണ്ണപ്പാറയിലെ മസ്ജിദുല്‍ ഹുദാ നടത്തിവരുന്ന വാഴക്കാട് ഇസ്‌ലാമിക് പ്രീച്ചിംഗ് ട്രസ്റ്റിന്റെയും പണിക്കരപുറായയിലെ മസ്ജിദുര്‍റഹ്മാന്റെയും സാരഥികളിലൊരാളായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഭാര്യ താങ്ങായി വര്‍ത്തിച്ചു. മക്കളെ പ്രസ്ഥാന പ്രവര്‍ത്തകരാക്കി മാറ്റാനും സാധിച്ചു.
അഹന്ത കൊണ്ടഴുക്ക് പെട്ടിടാത്ത കര്‍മമൊന്നു താന്‍ മഹത്തരം വരുത്തിടും ഇഹത്തിലും പരത്തിലും.
ഇഹത്തിലെന്ന പോലെ പരത്തിലും പരേതന് മഹത്തരത്തിന് നമുക്ക് പ്രാര്‍ഥിക്കാം.
ഭാര്യ: നഫീസ. മക്കള്‍: നിസാമുദ്ദീന്‍ (ദുബൈ), ഹബീബുര്‍റഹ്മാന്‍, ജുനൈസ് (ഏഷ്യന്‍ സെറാമിക്‌സ് ആന്റ് ഗ്രാനൈറ്റ്‌സ്), അനീസ് (ദമ്മാം), സാജിദ. മരുമക്കള്‍: റുഖിയ്യ, അബ്ദുല്ല ആസാദ് (ഖത്തര്‍), ഫെബിന, റസീന, സഫ്‌വ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി