Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

സച്ചാറില്‍നിന്നും സംവരണത്തില്‍നിന്നും പുറത്താക്കെപ്പടുന്ന സമുദായം

ശിഹാബ് പൂേക്കാട്ടൂര്‍

പാലോളി കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നാവശ്യമുന്നയിച്ച് മുസ്‌ലിം സംഘടനകളുടെ കോഡിനേഷന്‍ യോഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി വിളിച്ചു ചേര്‍ത്തിരുന്നു. ഒന്ന് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിലും മറ്റൊന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തിലും. രണ്ട് സംയുക്ത മീറ്റിംഗുകളിലും കേരളത്തില്‍ മുസ്‌ലിം സമുദായം അനുഭവിക്കുന്ന നീതിനിഷേധവും കാലങ്ങളായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമുദായത്തിന്റെ രോഷവും പ്രകടമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ അട്ടിമറിച്ച് കേരളത്തില്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് രൂപം നല്‍കിയ പാലോളി കമ്മിറ്റിയെ അട്ടിമറിച്ചത് തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. പ്രശ്‌നങ്ങള്‍ സംഘടിതമായി സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിക്കാനും തീരുമാനമായി. സ്‌കോളര്‍ഷിപ്പ് അനുപാതം എന്ന വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ മുസ്‌ലിം സമുദായത്തിന് ലഭ്യമാകേണ്ട മുഴുവന്‍ അവകാശങ്ങളും ഉന്നയിക്കണമെന്ന ആവശ്യമാണ് ഈ മീറ്റിംഗുകളില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്.
സംവരണം എന്ന ആശയം രൂപപ്പെട്ട സാഹചര്യങ്ങളോ ചരിത്ര പശ്ചാത്തലങ്ങളോ പരിഗണിക്കാതെ കേവല സാമ്പത്തിക പാക്കേജായി അതിനെ അവതരിപ്പിക്കുന്നതിലൂടെ വലിയൊരു വിഭാഗത്തിന്റെ ന്യായമായ അവകാശങ്ങളെയാണ് ചവിട്ടിമെതിച്ചത്. സംവരണ വിഷയത്തില്‍ കമ്യൂണിസ്റ്റ് ചരിത്ര പദാവലികളിലെ 'സാമ്പത്തികം' എന്ന കാറ്റഗറി ഇന്ത്യയെ പോലുള്ള സാമൂഹിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് തീര്‍ത്തും അപ്രസക്തമാണ്. രാജ്യത്ത് നിലനിന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഭാഗമായി സര്‍ക്കാര്‍ മേഖലകള്‍ ഉയര്‍ന്ന ജാതിക്കാരാല്‍ നിറക്കപ്പെട്ടിരുന്നു, ഏതാണ്ട് പൂര്‍ണമായി തന്നെ. തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ പ്രധാന തസ്തികകളിലെല്ലാം തമിഴ്, തെലുങ്ക് ബ്രാഹ്മണരായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവിതാംകൂറിലെ അധികാര പങ്കാളിത്തത്തിന് വിവിധ സമുദായങ്ങള്‍ സംഘടിത ശ്രമം നടത്തിയത്. പി.കെ ശങ്കരമേനോന്റെ നേതൃത്വത്തില്‍ 1891-ല്‍ പതിനായിരത്തില്‍പരം പേര്‍ ഒപ്പിട്ട നിവേദനം തിരുവിതാംകൂര്‍ രാജാവിന്റെ മുന്നില്‍ സമര്‍പ്പിച്ചു. തിരുവിതാംകൂറുകാരായ സ്വദേശികള്‍ക്ക് ഭരണത്തില്‍ പങ്കാളിത്തവും പ്രാതിനിധ്യവും എന്നതായിരുന്നു നിവേദനത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യം. ഈ ആവശ്യപ്രകാരം തദ്ദേശീയരായ ഉയര്‍ന്ന ജാതിക്കാര്‍ക്ക് പ്രാതിനിധ്യം ലഭിച്ചെങ്കിലും ഈഴവ വിഭാഗം അവഗണിക്കപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ 1896-ല്‍ ഈഴവ മഹാസഭക്ക് രൂപം നല്‍കുന്നത്. അനേകം പേര്‍ ഒപ്പിട്ട ഭീമഹരജി സ്വന്തം സമുദായത്തിന്റെ പ്രാതിനിധ്യത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടു. 1926-ല്‍ പുലയ സമുദായം അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ തൊഴില്‍ പ്രാതിധിധ്യത്തിനുവേണ്ടി സംഘടിച്ചു.
ഇതേ സന്ദര്‍ഭത്തില്‍ മുസ്‌ലിം സമുദായം അധിനിവേശവിരുദ്ധ പോരാട്ടത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ കരിനിയമങ്ങള്‍ പ്രയോഗിച്ച് നിരവധി മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തു. ധാരാളം മുസ്‌ലിംകളെ നാടുകടത്തി. സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും സ്വത്ത് കൊള്ള ചെയ്യുകയും കണ്ടുകെട്ടുകയും ചെയ്തു. അങ്ങനെ മുസ്‌ലിം സമുദായം പലതലങ്ങളില്‍ പിന്നിലായി; ന്യായമായ അവകാശങ്ങള്‍ പോലും അവര്‍ക്ക് ലഭ്യമല്ലാതായി. 1932-ല്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് നടന്ന നിവര്‍ത്തന പ്രക്ഷോഭവും അതിനെ തുടര്‍ന്നുണ്ടായ നടപടികളും ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം എന്ന മുദ്രാവാക്യത്തിന് കേരളത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിവിധ ഘട്ടങ്ങളില്‍ സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും അധികാരപങ്കാളിത്തം എന്ന മുദ്രാവാക്യം സാമൂഹിക നീതിക്കു വേണ്ടി ഉയരുകയുണ്ടായി. അതിനെതുടര്‍ന്ന് വിവിധ പിന്നാക്ക സമുദായങ്ങള്‍ അവരുടെ പങ്കാളിത്തം കുറഞ്ഞ രീതിയിലെങ്കിലും ഉറപ്പുവരുത്തി.
സംവരണം എന്നത് തൊഴില്‍ദാന പദ്ധതിയോ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയോ അല്ല. രാജ്യത്ത് ഓരോ സമുദായത്തിനും ഭരണ/അധികാര തലങ്ങളില്‍ അര്‍ഹതപ്പെട്ട പങ്കാളിത്തം ഉറപ്പു വരുത്തലാണ്. സാമൂഹിക നീതിയാണ് സംവരണത്തിന്റെ അടിത്തറ. വിവേചനങ്ങള്‍ അവസാനിപ്പിക്കാനും സമത്വം സാധ്യമാക്കാനും സമാന നിയമങ്ങള്‍ വിവിധ രാജ്യങ്ങളിലുണ്ട്. അഫേര്‍മേറ്റീവ് ആക്ഷന്‍ എന്ന പേരില്‍ അമേരിക്ക, റഷ്യ, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് നിലവിലുണ്ട്. കറുത്ത വര്‍ഗക്കാര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ മേഖലകളിലെ പങ്കാളിത്തം അമേരിക്കയില്‍ ഉറപ്പുവരുത്തുന്നത് ഈ നിയമം വഴിയാണ്.
അവസരസമത്വം, അധികാര പങ്കാളിത്തം എന്ന സാമുഹിക നീതിയുടെ മുദ്രാവാക്യത്തിനു പകരം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇതൊരു തൊഴില്‍ദാന പദ്ധതിയാണെന്ന ഭരണകൂട ഔദാര്യത്തിലേക്ക് ഇതിനെ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അവസര സമത്വം ഉറപ്പുവരുത്താന്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ സോഷ്യോ-എക്കണോമിക് കാസ്റ്റ് സര്‍വേ നടത്തി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭ്യമായോ എന്ന് പരിശോധിക്കാനാണ് സര്‍ക്കാറുകള്‍ തയാറാകേണ്ടിയിരുന്നത്. അതിനുപകരം സംവരണത്തിന്റെ അടിത്തറ മാന്തുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സൈബര്‍ പോരാളികളുടെ കാപ്‌സ്യൂള്‍ മറുപടികൊണ്ട് ബോധ്യപ്പെടുത്താന്‍ കഴിയുന്ന നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കടുത്ത വഞ്ചനയും വിവേചനവുമാണ് ഇടതു സര്‍ക്കാര്‍ മുസ്‌ലിം-പിന്നാക്ക സമുദായങ്ങളോട് സംവരണ വിഷയത്തില്‍ സ്വീകരിക്കുന്നത്. ഭരണഘടനയുടെയും സാമൂഹിക നീതിയുടെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മുസ്‌ലിം ലീഗ്, സമസ്ത, ജമാഅത്തെ ഇസ്‌ലാമി, എം.ഇ.എസ് എന്നീ സംഘടനകളാണ് ഈ വിഷയത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. 2006-ല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനമനുസരിച്ച് കേരള ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്‌ലിം സമുദായം അധികാര തലങ്ങളിലുള്ള പ്രാതിനിധ്യത്തില്‍ -136ലാണ് നില്‍ക്കുന്നത്. ക്രിസ്ത്യന്‍ സമുദായം +11, നായര്‍ +40.5, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ -41 എന്നീ നിലകളിലും നില്‍ക്കുന്നു. ഏറ്റവും കുറവ് പ്രാതിനിധ്യം മുസ്‌ലിം ജനവിഭാഗത്തിനാണ് എന്നര്‍ഥം.
വ്യക്തമായ വിവേചനത്തിന് വിധേയമാവുന്ന സമൂഹത്തിന്റെ ആത്മാഭിമാനത്തോടെയുള്ള ഉയര്‍ച്ചയും വളര്‍ച്ചയും സാധ്യമാകുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ മുസ്‌ലിം സംഘടനകള്‍ ഒരുമിച്ച് ആലോചിക്കുകയും അതിനനുസൃതമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണമെന്ന് എല്ലാ സംഘടനാ പ്രതിനിധികളും ഒരേ സ്വരത്തില്‍ ഈ മീറ്റിംഗുകളില്‍ ആവശ്യപ്പെട്ടിരുന്നു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയടക്കം ഉത്തരവാദപ്പെട്ട പലരും നിരന്തരം ഈ വിഷയങ്ങളിലെല്ലാം സമുദായത്തെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. സംവരണത്തില്‍ ഒരു കുറവും മുസ്‌ലിം സമുദായത്തിനുണ്ടാവില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞ മുഖ്യമന്ത്രിയും അന്നത്തെ വകുപ്പു മന്ത്രിയും പ്രായോഗിക തലത്തില്‍ വന്ന കുറവുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ന്യൂനപക്ഷ ജനസംഖ്യാനുപാതം 45 ശതമാനമാണ്. ഇതിനെ മുസ്‌ലിം, ക്രിസ്ത്യന്‍ ജനസംഖ്യാനുപാതത്തില്‍ വീതിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് 59 ശതമാനവും ക്രൈസ്തവ സമൂഹത്തിന് 41 ശതമാനവും ലഭിക്കും. ഇതിലൂടെ മാത്രം പിന്നാക്കക്കാരായ 14000 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നഷ്ടമാവും. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത് ഒരു കുറവും ഉണ്ടാവുകയില്ല എന്നാണ്. ഒരു സമുദായത്തെ വ്യക്തമായ കളവിലൂടെ നിരന്തരം പറ്റിക്കുന്നതിന്റെ ഉദാഹരണമാണിത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിനെക്കുറിച്ച് തീവ്ര ക്രൈസ്തവ, സംഘ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും വ്യാജ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയായിരുന്നു സര്‍ക്കാര്‍. ഭരണത്തുടര്‍ച്ചക്കു വേണ്ടി തയാറാക്കിയ സാമൂഹിക സംഘാടന(Social Engineering)ത്തിന്റെ ഭാഗമായി, സി.പി.എം നേരിട്ട് നടത്തിയ സാമുദായിക ധ്രുവീകരണത്തിന്റെ സൃഷ്ടിയാണ് സാമ്പത്തിക സംവരണവും ഇപ്പോള്‍ നടന്നുകൊിരിക്കുന്ന പാലോളി കമ്മിറ്റി ശിപാര്‍ശകളുടെ അട്ടിമറിയുമെല്ലാം. നേരത്തേ തീരുമാനിച്ചുറപ്പിച്ച നിലപാടുകളുമായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അവര്‍ മുന്നോട്ടു പോവുകയാണ്. ഭൂരിഭാഗം ഹിന്ദുസമൂഹത്തെയും, പരമ്പരാഗതമായി യു.ഡി.എഫ് ചേരിയില്‍ വിലപേശി നിലയുറപ്പിച്ച ക്രൈസ്തവ സമൂഹത്തെയും മുസ്‌ലിംകളില്‍നിന്ന് ഏതെങ്കിലും ഒരു സംഘടനയെ, അല്ലെങ്കില്‍ എല്ലാ സംഘടനകളില്‍നിന്നും അല്‍പം ചിലരെയും കൂടെ നിര്‍ത്തുക എന്ന പോളിസിയാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയല്ലാതെ ഈ നിലപാടില്‍നിന്ന് ഭരണകൂടത്തെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. സാമൂഹികനീതിയുടെ കടുത്ത ലംഘനമായ സംവരണ വിഷയങ്ങള്‍ ഉള്‍പ്പെടെ ന്യായവും നീതിപൂര്‍വകവുമായ എല്ലാ ആവശ്യങ്ങളും സര്‍ക്കാരിന്റെ മുന്നില്‍ നിരന്തരം ഉന്നയിച്ചേ മതിയാവൂ. 
പിന്നാക്കക്കാരായ മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിന് വേിയുള്ള പഠന-നിര്‍ദേശങ്ങള്‍ക്കായി രൂപീകരിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും ശിപാര്‍ശകള്‍ ആ സമുദായത്തിനുപൂര്‍ണമായും നടപ്പിലാക്കുക, ന്യൂനപക്ഷ വകുപ്പ് ധവളപത്രം പുറത്തിറക്കുക, മുസ്‌ലിം സമുദായത്തിന് മാത്രം ലഭ്യമാവേണ്ട ആനുകൂല്യങ്ങള്‍ അവര്‍ക്ക് ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തുക, സംവരണതത്ത്വം നടപ്പിലാക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭ്യമാകുന്ന വിധത്തില്‍ പി.എസ്.സി റൊട്ടേഷന്‍ പുനര്‍നിശ്ചയിക്കുക, സാമുദായിക ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്ന സോഷ്യല്‍മീഡിയാ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക, സംവരണം ജനസംഖ്യാനുപാതികമായി പുനര്‍നിശ്ചയിക്കുക, വിവിധ മേഖലകളിലുള്ള സംവരണ അട്ടിമറികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ബാക്ക്‌ലോഗ് നികത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സര്‍ക്കാറിന്റെ മുന്നില്‍ ഉന്നയിക്കേണ്ടത്. ഇതിനെ നിരന്തരം പിന്തുടര്‍ന്ന്, നിയമപരമായ നീക്കങ്ങള്‍ക്കൊപ്പം  രാഷ്ട്രീയ സംഘാടനത്തിന്റെ രീതിയിലേക്ക് അതിനെ വികസിപ്പിച്ചേ മതിയാവൂ. ഏതെങ്കിലും പ്രശ്‌നം മുന്നില്‍ വരുമ്പോള്‍ മാത്രം അതിനെക്കുറിച്ച് ആലോചിച്ച് താല്‍ക്കാലിക പരിഹാരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി മാറ്റി, സമഗ്രമായ പരിഹാര രീതികളും നിരന്തരമായ പ്രക്ഷോഭ ശൈലികളും രൂപപ്പെടുത്തിയാല്‍ മാത്രമേ കടുത്ത ഈ നീതിനിഷേധത്തിന് തടയിടാന്‍ സാധ്യമാവുകയുള്ളൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി