കലാരൂപങ്ങള്‍ സ്ത്രീമഹത്വം ഉദ്‌ഘോഷിക്കട്ടെ
സ്ത്രീയുടെ ഇന്നത്തെയും എന്നത്തെയും അവസ്ഥകള്‍ വിശദീകരിക്കുന്ന പി. റുക്സാന, ശമീമ സകീര്‍, ഫൗസിയ ശംസ് എന്നിവരുടെ ലേഖനങ്ങള്‍ (2021 ജൂലൈ 16) വായിച്ചു. ഇവ വായിച്ചുകൊണ്ടിരിക്കുമ്പോഴും സ്ത്രീകള്‍ കൊല്ലപ്പെടുകയും ജീവനൊടുക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ വിവിധ പ്രദേശങ്ങളില്‍നിന്നും വന്നുകൊണ്ടിരുന്നു. ഉത്തരവാദപ്പെട്ട ഒരു മന്ത്രി പോലും സ്ത്രീത്വത്തെ വളരെ നിസ്സാരമായി കാണുന്ന വിധത്തില്‍ സ്ത്രീപീഡന വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയുണ്ടായി. തന്റെ പാര്‍ട്ടി നേതാവ് കയറിപ്പിടിച്ച പെണ്‍കുട്ടിയുടെ അതേ പാര്‍ട്ടി പ്രവര്‍ത്തകനായ പിതാവിനോട് പ്രശ്‌നം നല്ല നിലയില്‍ ഒത്തുതീര്‍ക്കാമെന്ന് പറയുന്ന മന്ത്രി. ഇടതുപക്ഷം ജനപക്ഷത്ത്, പ്രത്യേകിച്ച് സ്ത്രീപക്ഷത്ത് നിലകൊള്ളുന്നവരാണ് എന്നാണ് വെപ്പ്. ആ പക്ഷത്തു നിന്ന് സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ച തോതില്‍ അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലേഖനങ്ങളില്‍ സ്ത്രീ ജീവിതത്തില്‍ ഫലപ്രദമായി നടപ്പിലാക്കേണ്ട നിയമങ്ങള്‍ക്കു വേണ്ടി ഏതൊക്കെ തരത്തില്‍, ഏതൊക്കെ മേഖലയില്‍ ശബ്ദിക്കണം എന്നു വിശദീകരിക്കുന്നുണ്ട്. മുഴുവന്‍ സ്ത്രീകള്‍ക്കും അറിയാന്‍ കഴിയുന്ന വിധത്തില്‍ സ്ത്രീയുടെ മഹത്വം ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട്. ജനകീയ കലകളിലൂടെ ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന സുരക്ഷിതത്വവും സംരക്ഷണവും ഉറക്കെ വിളിച്ചു പറയുക തന്നെ വേണം. സാമൂഹിക മാധ്യമങ്ങളിലൂടെ വളരെ ആകര്‍ഷകമായി ഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, സിനിമകള്‍ എന്നിവ വഴി വ്യാപകമായി ഇസ്‌ലാമിലെ സ്ത്രീയെ ചിത്രീകരിക്കാന്‍ സാഹിത്യകാരന്മാരും കലാകാരന്മാരും രംഗത്തു വരണം. സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്ന അന്തസ്സും അഭിമാനബോധവും അംഗീകരിക്കാന്‍ സമൂഹം തയാറാകുന്നതുവരെ അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കണം. ദൈവം സ്ത്രീക്ക് നല്‍കുന്ന സംരക്ഷണവലയം ജനം അറിയാതെ പോകരുത്.
പ്രബോധനം വാരികയുടെയും യത്തീംഖാനകളുടെയും വേറിട്ട ശൈലി
മായിന്‍ കുട്ടി അണ്ടത്തോട്
പ്രബോധനത്തില്‍ സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ ചില യത്തീംഖാനകളുടെ വേറിട്ട പ്രവര്‍ത്തന ശൈലിയെക്കുറിച്ച ലേഖനം, യത്തീംഖാനകളുടെ മാത്രമല്ല പ്രബോധനത്തിന്റെയും വേറിട്ട ശൈലിയെക്കുറിച്ച് ചിന്തിക്കാനിടയാക്കി. ഒരു വിധ സംഘടനാ പക്ഷപാതിത്വവുമില്ലാതെ മികവിന് മാത്രം പരിഗണന നല്‍കിയാണ് സ്ഥാപനങ്ങളെ പരിചയപ്പെടുത്തിയത്. തങ്ങളുടേത് മാത്രമാണ് ശരിയെന്നും മറ്റു ശരികള്‍ തമസ്‌കരിക്കപ്പെടേണ്ടതാണെന്നുമുള്ള പൊതു ബോധത്തിന്റെ നിരാകരണമാണിത്. പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഐക്യസന്ദേശം.
എണ്‍പതുകളില്‍ ഗ്രാമങ്ങളില്‍ പോലും ഒന്നില്‍ കൂടുതല്‍ യത്തീംഖാനകള്‍ ഉയര്‍ന്നുവന്നിരുന്നു. പലതിനുമിപ്പോള്‍ കാലിടറുകയാണ്. പലതും വ്യക്തികളെ കേന്ദ്രീകരിച്ചുള്ളവയാണ്. ആ വ്യക്തികളുടെ വിയോഗശേഷം അവയിലധികവും നിന്നേടത്തു നില്‍ക്കുകയാണ്. ഇവിടെയാണ് പ്രബോധനത്തില്‍ പരിചയപ്പെടുത്തപ്പെട്ട സ്ഥാപനങ്ങളും അവ മുന്നോട്ടു വെക്കുന്ന മൂല്യങ്ങളും പ്രസക്തമാകുന്നത്.
അധഃസ്ഥിതരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ കഴിയണം
റഹ്മാന്‍ മധുരക്കുഴി
മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പ്രബോധനത്തിലെ ചര്‍ച്ച (ജൂലൈ 2), മുസ്‌ലിംകള്‍ അനര്‍ഹമായി എന്തോ കൈവശപ്പെടുത്തുന്നുണ്ടെന്ന ദുഷ്പ്രചാരണം കൊഴുത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഏറെ ശ്രദ്ധേയമായി.
വിഭജനം ഒരു യാഥാര്‍ഥ്യമായി മാറിയപ്പോള്‍ പാകിസ്താനിലേക്ക് പോവാതെ, രാജ്യഭരണം കൈയാളിയിരുന്ന മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയര്‍പ്പിച്ച് ജന്മനാട്ടില്‍ തന്നെ സ്ഥിരതാമസമാക്കി, ആ പാര്‍ട്ടിയെ ജയിപ്പിച്ചുപോന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചത് ജീവിതത്തിന്റെ നിഖില മേഖലകളിലും കടുത്ത അവഗണനയായിരുന്നു. സര്‍വ രംഗത്തും അവര്‍ തഴയപ്പെട്ടുവെന്ന് മാത്രമല്ല, തുടരെ തുടരെ നടമാടിയ നൂറുകണക്കില്‍ വര്‍ഗീയ ലഹളകള്‍ അവരുടെ ജീവന്നും സ്വത്തിനും ഭീഷണിയുയര്‍ത്തുകയും ചെയ്തു. ആരാധനാലയം തല്ലിത്തകര്‍ക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ ശോച്യാവസ്ഥ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തറിയുകയും ചെയ്തു.
ജാതി-മത-വര്‍ഗ ചിന്തകള്‍ക്കതീതമായി, അടിച്ചമര്‍ത്തപ്പെട്ടവരുടെ പാര്‍ട്ടിയെന്നവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ദശകങ്ങളോളം അധികാരം വാണ പശ്ചിമ ബംഗാളിലെ മുസ്‌ലിം സമൂഹത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ബംഗാളില്‍ എവിടെ ടാറിട്ട റോഡ്, വൈദ്യുതി പോസ്റ്റ് എന്നിവ അവസാനിക്കുന്നുവോ, അവിടം മുതല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശം തുടങ്ങുകയാണെന്ന ജസ്റ്റിസ് സച്ചാറിന്റെ കണ്ടെത്തല്‍ മുസ്‌ലിം ശോച്യാവസ്ഥയുടെ ദാരുണ ദൃശ്യമാണ് അനാവരണം ചെയ്യുന്നത്. 'Living Reality of Muslims in West Bengal' എന്ന ശീര്‍ഷകത്തില്‍ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍ പശ്ചിമ ബംഗാളിലെ മുസ്‌ലിം ശോച്യാവസ്ഥ വരച്ചുകാണിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിംകളെ വോട്ട് ബാങ്കായി കാണുകയും അവരുടെ ജീവല്‍ പ്രശ്‌നങ്ങളെ അവഗണിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്.
ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച പുനര്‍വിചിന്തനത്തിന് പ്രസക്തിയേറുന്നത്. മുസ്‌ലിംകള്‍ അവഗണിക്കാനാകാത്ത സമ്മര്‍ദ ശക്തിയായി ഉയര്‍ന്നുവരേണ്ടതുണ്ട്. അവഗണിക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന എല്ലാ പിന്നാക്ക- അധഃസ്ഥിത വിഭാഗങ്ങളെയും അവരുടെ ജാതി-മത വിഭിന്നതകള്‍ക്കതീതമായി ചേര്‍ത്തുപിടിക്കുകയും കൂടെ കൂട്ടുകയും ചെയ്തുകൊണ്ട് രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം കൊടുത്തുകൊണ്ടു വേണം മുസ്‌ലിം രാഷ്ട്രീയം സ്വയം അടയാളപ്പെടുത്തേണ്ടത്. രാജ്യത്തിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത മുസ്‌ലിം രാഷ്ട്രീയ ഗ്രൂപ്പുകളുടെ സംയുക്ത വേദി രൂപം കൊള്ളുകയും അവര്‍ നടേപറഞ്ഞ വിധം എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് ശക്തമായ രാഷ്ട്രീയ വിഭാഗമായി രംഗത്തു വരികയും വേണം. ഇത്തരമൊരു നീക്കത്തിന് നേതൃത്വം നല്‍കാന്‍ മുസ്‌ലിം ലീഗിനെപ്പോലുള്ള കക്ഷികള്‍ക്ക് കഴിയുമോ എന്നതാണ് ചോദ്യം.
മുസ്‌ലിം രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം
പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന മുസ്‌ലിം രാഷ്ട്രീയ കാഴ്ചപ്പാടുകളെ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട് ഡോ. ബദീഉസ്സമാന്‍ എഴുതിയ ലേഖനം (2021 ജൂലൈ 2). മതേതര ജനാധിപത്യ കാഴ്ചപ്പാടിനെ വക്രീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് നിലപാടിനെ ചോദ്യം ചെയ്യാന്‍ മുസ്‌ലിം രാഷ്ട്രീയം ധൈര്യം കാണിച്ചില്ല. പല പ്രമുഖ മുസ്‌ലിം മത, രാഷ്ട്രീയ നേതാക്കളും ഇന്ത്യാ വിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് പോയി. ഇന്ത്യയില്‍ അവശേഷിച്ച മുസ്‌ലിം നേതാക്കള്‍ക്ക് ഏതു രാഷ്ട്രീയ നിലപാട് സ്വീകരിക്കണം എന്നതിനെ സംബന്ധിച്ച് ഒരു തീര്‍പ്പിലെത്താനായില്ല. മുസ്‌ലിം രാഷ്ട്രീയം ആരുടെയും കൈകളില്‍ ഭദ്രമായിരുന്നില്ല. മത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ രാഷ്ട്രീയം കൈവിട്ടുപോയി. ലേഖനത്തില്‍ ഇന്ത്യയുടെ ചരിത്രം അനുസ്മരിക്കുന്നുണ്ട്. അന്തര്‍മുഖത്വം നിലനില്‍ക്കുന്നുണ്ട് മുസ്‌ലിം രാഷ്ട്രീയത്തില്‍. ധനിക വിഭാഗം മുസ്‌ലിം ജനവിഭാഗങ്ങളില്‍ രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കാനും ശ്രമിക്കുന്നു. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളെയും സംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രീയത്തിനേ പ്രസക്തിയുള്ളൂ.
ആ പരാമര്‍ശം ശരിയല്ല
എ.ആര്‍ അഹ്മദ് ഹസന്‍, മാഹി
ടി.കെ ഹുസൈന്‍ സാഹിബിന്റെ ജീവിതാനുഭവ വിവരണത്തില്‍ '... അവരില്‍ വി.പി മുഹമ്മദ് ഒഴികെയുള്ളവര്‍ കാലയവനികയില്‍ മറഞ്ഞു' എന്ന പരാമര്‍ശം ശരിയല്ല. വി.പി മുഹമ്മദ് സാഹിബ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടിട്ടുണ്ട്.
Comments