മുസ്‌ലിം സ്ത്രീകളെ 'വില്‍പന'ക്ക് വെക്കുന്നവര്‍
2021 ജൂലൈ 4. ഹനാ മുഹ്‌സിന്‍ ഖാനെ സംബന്ധിച്ചേടത്തോളം അതും ഒരു സാധാരണ ദിവസം പോലെ ശാന്തമായി കടന്നുപോകുമായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ആ 'വൃത്തികെട്ട സംഭവം.' അതിന്റെ ആഘാതത്തില്‍നിന്ന് ഹനാ മുഹ്‌സിന്‍ ഇപ്പോഴും മുക്തമല്ല. അവര്‍ കടുത്ത അരിശത്തിലുമാണ്. പോലീസ് എത്രയും വേഗം കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാലേ ആ അരിശമടങ്ങൂ. 'ദഅ്‌വത്ത്' പ്രതിനിധി, ഹനാ മുഹ്‌സിനെ ചെന്നു കണ്ടപ്പോള്‍ അവര്‍ ഉണ്ടായ സംഭവം വിവരിച്ചു: ''ജൂലൈ നാലിന് എന്റെ ഒരു സുഹൃത്ത് എനിക്ക് വാട്ട്‌സ്ആപ്പില്‍ ഒരു ട്വീറ്റിന്റെ ലിങ്ക് അയച്ചുതന്നു. അതില്‍ എന്റെ പേര് ചേര്‍ത്തിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു ആപ്ലിക്കേഷനില്‍ എത്തി. 'ഫൈന്‍ഡ് യുവര്‍ സുള്ളി ഡീല്‍' എന്നവിടെ തെളിഞ്ഞുവന്നു. എനിക്കപ്പോള്‍ കാര്യമെന്താണെന്ന് മനസ്സിലായില്ല. പിന്നെയും ക്ലിക്ക് ചെയ്തപ്പോള്‍ 'യുവര്‍ ഡീല്‍ ഫോര്‍ ടുഡെ' എന്ന് എഴുതിക്കാണിച്ചു. അതിനൊപ്പം എനിക്കറിയാത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രവും ഉണ്ടായിരുന്നു. പിന്നെയും ക്ലിക്ക് ചെയ്തപ്പോള്‍ എന്റെ ഒരു കൂട്ടുകാരിയുടെ ചിത്രമാണ് കണ്ടത്. ഒപ്പം ട്വിറ്റര്‍ ഹാന്‍ഡില്‍ ഷെയര്‍ ചെയ്യപ്പെട്ടതായും കണ്ടു. അടുത്ത ക്ലിക്കില്‍ എന്റെ തന്നെ ചിത്രമാണ് ഞാനവിടെ കണ്ടത്. ഞാന്‍ ശരിക്കും ഞെട്ടിത്തരിച്ചു. എന്നെ ഇതാ ഇവിടെ 'വില്‍പന'ക്ക് വെച്ചിരിക്കുന്നു! എനിക്ക് അരിശവും കോപവും അടക്കാനായില്ല. ഇപ്പോഴും എന്റെ രക്തം തിളക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍നിന്ന് മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രമെടുത്ത് ആര്‍ക്കും എന്തും ചെയ്യാമെന്നാണോ?''
'സുള്ളി' എന്നത് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ പ്രയോഗിക്കുന്ന തെറിവാക്കാണ്. സ്ത്രീകളുടെ ഫോട്ടോയും പേരും ട്വിറ്റര്‍ ഹാന്‍ഡിലുമെല്ലാം അവരുടെ സമ്മതമില്ലാതെ എടുക്കുകയും your sulli deel of the day is... എന്ന ശീര്‍ഷകത്തോടെ ഷെയര്‍ ചെയ്യാന്‍ അനുവദിക്കുകയുമാണ്.
സോഷ്യല്‍ മീഡിയയില്‍ ഈ അപമാനത്തിന് ഇരയായ ഹനാ മുഹ്‌സിന്‍ ഒരു എയര്‍ലൈന്‍ കമ്പനിയില്‍ പൈലറ്റാണ്. നോയിഡ സെക്ടര്‍ 24 പോലീസ് സ്റ്റേഷനില്‍ ഹന പരാതി കൊടുക്കുകയും ജൂലൈ ആറിന് പോലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജൂലൈ അഞ്ചിന് ഫാത്വിമ ഖാന്‍ സാകിനാകാ പോലീസ് സ്റ്റേഷനിലും, നൂര്‍ മഹമൂശ് കൊല്‍ക്കത്തയിലും ഇതേ പരാതിയുമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹനാ മുഹ്‌സിന്‍ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സോഷ്യല്‍ മീഡിയയില്‍ 'വില്‍പന'ക്ക് വെക്കുന്ന അപമാനത്തിന് ഇനിയും നിരവധി മുസ്‌ലിം സ്ത്രീകള്‍ ഇരകളായിത്തീരും. പത്തു ദിവസത്തിനകം കുറ്റവാളികളെ പിടികൂടുമെന്ന് പോലീസ് ഉറപ്പു നല്‍കിയെങ്കിലും തനിക്കതിലത്ര വിശ്വാസം പോരെന്ന് ഹന പറയുന്നു. പോലീസ് അലംഭാവം കാണിച്ചാല്‍ ഇത്തരം വഷളന്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷമുയര്‍ന്നു വരണം.
പത്രപ്രവര്‍ത്തകയായ സാനിയ അഹ്മദ് 2020 ആഗസ്റ്റ് മുതല്‍ 'സുള്ളി ഡീലി'നെതിരെ പോരാട്ട മുഖത്തുണ്ട്. അഭിഭാഷകന്‍ അനസ് തന്‍വീര്‍ മുഖേന ഇന്ത്യയിലെയും അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെയും ട്വിറ്റര്‍ ഓഫീസുകളിലേക്ക് എട്ട് ആവശ്യങ്ങളടങ്ങിയ ഒരു സന്ദേശം അവര്‍ അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അതില്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സാനിയ അഹ്മദ് ഇത്തരം അവഹേളനങ്ങള്‍ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുകയാണ്. രണ്ടു തവണ പോലീസില്‍ പരാതിപ്പെട്ടെങ്കിലും അവരത് ഗൗനിച്ചില്ല. ഇന്ത്യാ ടുഡേ ഗ്രൂപ്പില്‍ ജോലി ചെയ്യുകയാണ് സാനിയ അഹ്മദ്. മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ കൊടുത്ത് അതിനു കീഴെ അശ്ലീല കമന്റുകള്‍ ഇടാന്‍ സൗകര്യമൊരുക്കുന്നത് ട്വിറ്റര്‍ ആയതിനാല്‍ അവര്‍ തന്നെയാണ് അത് നിയന്ത്രിക്കേണ്ടതെന്ന് സാനിയ പറയുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുസ്‌ലിം പെണ്‍കുട്ടികളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഒരു വലിയ നെറ്റ്‌വര്‍ക്ക് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'സുള്ളി വില്‍പന'ക്ക് ('സുള്ളി ഫോര്‍ സെയില്‍') എന്ന പേരില്‍ GitHub-ല്‍ ഒരു ഓപ്പണ്‍ സോഴ്‌സ് ആപ്പ് ഉണ്ടാക്കി ചിത്രങ്ങളും വൃത്തികെട്ട കമന്റുകളും ഷെയര്‍ ചെയ്യുന്നതാണ് ഇതിന്റെ പുതിയ രീതി. പ്രതിഷേധം ശക്തമായപ്പോള്‍ ഈ ആപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. എണ്‍പത് മുസ്‌ലിം പെണ്‍കുട്ടികളുടെയെങ്കിലും ചിത്രങ്ങള്‍ അവരുടെ യൂസര്‍ നെയിം അടക്കം ഈ ആപ്പില്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇത്രക്ക് ജുഗുപ്‌സാവഹമായ അപവാദ പ്രചാരണങ്ങള്‍ക്ക് സമാനമായ മറ്റൊന്ന് ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാനാവില്ലെന്നാണ് ഡോ. ഫിര്‍ദൗസ് ഇസ്മത്ത് സിദ്ദീഖി പറയുന്നത്. ''മുസ്‌ലിം പെണ്‍കുട്ടികള്‍ക്കു നേരെ മാത്രമുള്ള ആക്രമണമായി ഞാനിതിനെ കാണുന്നില്ല. ഇത് രാജ്യത്തെ മൊത്തം സ്ത്രീസമൂഹത്തിനുമെതിരെയുള്ള കടന്നാക്രമണമാണ്. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം സ്ത്രീവിരുദ്ധ നീക്കങ്ങള്‍ക്ക് ചരിത്രത്തില്‍ സമാനതയില്ല''- ജാമിഅ മില്ലിയ്യയില്‍ 'സരോജിനി നായ്ഡു സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസി'ല്‍ അസോസിയേറ്റ് പ്രഫസറായ ഫിര്‍ദൗസ് ഇസ്മത്ത് ചൂണ്ടിക്കാണിക്കുന്നു. 2014-ല്‍ A Struggle for Identity: Muslim Women in United Provinces എന്ന അവരുടെ പുസ്തകം കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ നടന്ന അപവാദ പ്രചാരണങ്ങളെക്കുറിച്ച ചിത്രം അതില്‍നിന്ന് ലഭിക്കും. 1881-ല്‍ കാനേഷുമാരി നടക്കുന്ന സമയത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും മുസ്‌ലിം സ്ത്രീകള്‍ 'സെക്ഷ്വല്‍ ബോംബുകള്‍' ആണെന്നും ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. 1925-ല്‍ ആര്‍.എസ്.എസ് രൂപവത്കരിക്കപ്പെട്ടപ്പോള്‍ ഈ കുപ്രചാരണങ്ങള്‍ അവര്‍ ഏറ്റെടുക്കുകയായിരുന്നു. പക്ഷേ ആ കുപ്രചാരണങ്ങള്‍ ഒരു പരിധിക്കപ്പുറം പോയിരുന്നില്ല. ഇപ്പോഴത് സകല പരിധികളും ലംഘിച്ചിരിക്കുകയാണെന്ന് ഡോ. ഫിര്‍ദൗസ് ഇസ്മത്ത് വ്യക്തമാക്കുന്നു.
ദല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷക സ്വാതി ഖന്ന പറയുന്നത്, പൊതുവില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളേക്കാള്‍ വളരെ മാരകമാണ്, ഒരു പ്രത്യേക ഐഡന്റിറ്റി ലക്ഷ്യം വെച്ചുള്ള അതിക്രമങ്ങള്‍ എന്നാണ്. ഇത്തരം അതിക്രമങ്ങള്‍ക്കിരയായ ഹസീബ അമീന് നിയമസഹായം നല്‍കിയ കാര്യവും സ്വാതി എടുത്തു പറയുന്നുണ്ട്. പക്ഷേ പലപ്പോഴും പോരാട്ടത്തില്‍ ഞങ്ങള്‍ ഒറ്റക്കായി പോവുകയാണ്. പലരും ചോദിക്കും; നിങ്ങള്‍ എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്? എന്തിനാണ് അതില്‍ എഴുതുന്നത്? അതുകൊണ്ടല്ലേ ആ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്? ഇങ്ങനെ 'മോറല്‍ പോലീസിംഗ്' നടത്തുന്നവര്‍ കുറ്റവാളികള്‍ക്ക് ചൂട്ടുപിടിക്കുകയാണെന്ന് സ്വാതി കുറ്റപ്പെടുത്തുന്നു. 'ഒന്നും മിണ്ടാതെ, എഴുതാതെ, പ്രതിഷേധിക്കാതെ വീട്ടില്‍ അടച്ചുപൂട്ടി ഇരുന്നുകൂടേ' എന്നാണിവര്‍ ചോദിക്കുന്നത്.
മോദി ഭരണകൂടത്തിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന സ്ത്രീകളാണ് പൊതുവെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്. അല്ലാത്തവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഹനാ മുഹ്‌സിന്‍ ഖാന്റെ അനുഭവം പറഞ്ഞുതരുന്നത്. രാഷ്ട്രീയ വിഷയങ്ങളൊന്നും ഹന എഴുതാറുണ്ടായിരുന്നില്ല. ഏതെങ്കിലും രാഷ്ട്രീയപക്ഷത്ത് നിലയുറപ്പിച്ചിട്ടുമില്ല. വ്യോമയാനത്തെക്കുറിച്ച് മാത്രമാണ് എന്തെങ്കിലും കുറിപ്പുകളിട്ടിരുന്നത്. തന്റെ തൊഴിലുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് ഷെയര്‍ ചെയ്തിരുന്നത്. തൊഴില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് രാഷ്ട്രീയ വിഷയങ്ങള്‍ എഴുതാന്‍ അനുവാദവുമില്ല. എന്നിട്ടും താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത് മുസ്‌ലിമായി എന്നതിന്റെ പേരില്‍ മാത്രമാണെന്ന് ഹന 'ദഅ്‌വത്ത്' പ്രതിനിധിയോട് പറഞ്ഞു. 'ഇക്കൂട്ടര്‍ ഇതെല്ലാം ചെയ്യുന്നത് മുസ്‌ലിംകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടാതിരിക്കാനാണ്. അവര്‍ എപ്പോഴും മിണ്ടാതെ ഇരുന്നുകൊള്ളണം. അത്യന്തം ലജ്ജാകരമാണ് ഈ നിലപാട്. എത്ര വര്‍ഷമെടുത്താലും ഇതിനെതിരെ പോരാടാന്‍ തന്നെയാണ് എന്റെ തീരുമാനം. അത്യന്തം വിനാശകരമാണ് ഈ പ്രവണത എന്നതു തന്നെ കാരണം'- ഹന തന്റെ നിലപാട് വിശദീകരിച്ചു.
മേല്‍പ്പറഞ്ഞ ആപ്പ് തട്ടിക്കൂട്ടിയത് ഹിന്ദുത്വ ആശയങ്ങളോട് അനുഭാവമുള്ള ചില സംഘങ്ങളാണ്. ഇതിന്റെ ലിങ്ക് ട്വീറ്റ് ചെയ്തത് ഓപ്പ് ഇന്ത്യ (opindia.com) എന്ന വലതുപക്ഷ സൈറ്റിന്റെ സ്ഥാപക എഡിറ്ററായ അജിത് ഭാരതി എന്നൊരാളാണ്. ആരോ 'സുള്ളി ഡീല്‍സ്' എന്ന പേരില്‍ ഒരു ആപ്പ് നിര്‍മിച്ചിരിക്കുന്നുവെന്നും താന്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി അത് ഷെയര്‍ ചെയ്യുകയാണെന്നും ലിങ്കിന്റെ കൂടെ ഒരു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. ഈ അജിത് ഭാരതി ഇപ്പോള്‍ 'ഓപ്പ് ഇന്ത്യ'യില്‍ ഇല്ല. അയാളിപ്പോള്‍ 'ദ പൊളിറ്റിക്‌സ്' എന്ന വെബ്‌സൈറ്റിന്റെ എഡിറ്ററാണത്രെ. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആപ്പും കുറിപ്പുമെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്.
പ്രതിപക്ഷവും മുസ്‌ലിം സംഘടനകളും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുമൊക്കെ ഇതിനെതിരെ ശക്തമായി രംഗത്തു വന്നു; കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. മുസ്‌ലിം വനിതകളെ, പ്രത്യേകിച്ച് അവരിലെ മാധ്യമ പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് അത്യന്തം അപലപനീയമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ജൂലൈ ഏഴിന് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഭരണകൂട നയങ്ങളെ വിമര്‍ശിക്കുന്നവരെയാണ് ഇപ്രകാരം ടാര്‍ഗറ്റ് ചെയ്യുന്നതെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയം രാജ്യസഭയില്‍ ഉയര്‍ത്തിയപ്പോള്‍, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി മറുപടി പറഞ്ഞത് ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും [email protected] എന്ന ഇമെയിലിലേക്ക് പരാതികള്‍ അയക്കാമെന്നുമായിരുന്നു.
Comments