Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

ജ്ഞാനാേന്വഷണത്തിന് സമര്‍പ്പിച്ച ജീവിതം - 2 വായനകള്‍ വഴിനടത്തുകയായിരുന്നു

െക.എ ഖാദര്‍ െെഫസി

പള്ളിദര്‍സ് മുതല്‍ ജാമിഅ നൂരിയ്യ വരെയുള്ള ഔദ്യോഗിക മതപഠനങ്ങളേക്കാള്‍ ജീവിതം നിര്‍ണയിച്ചതും എന്നെ രൂപപ്പെടുത്തിയതും ബാല്യം മുതലേയുള്ള സ്വതന്ത്രമായ വായനകളായിരുന്നു. തോട്ടശ്ശേരിയറ എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ആ വായനകള്‍ ആരംഭിച്ചു. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചതു മുതല്‍ കൈയില്‍ കിട്ടുന്ന എന്ത് കടലാസും വായിക്കുന്ന പ്രകൃതമുായിരുന്നു. ഈ വായനാ കൗതുകം ആദ്യം തിരിച്ചറിഞ്ഞവരിലൊരാള്‍ മൂത്താപ്പയുടെ മരുമകന്‍ സെയ്തുമുഹമ്മദാണ്. തിരുവേഗപ്പുറത്ത് താമസമാക്കിയ അദ്ദേഹം ഞങ്ങളുടെ തറവാട്ടുവീട്ടില്‍ ഇടക്ക് താമസത്തിന് വരുമ്പോള്‍ തനിക്ക് വായിക്കാനുള്ള മാഗസിനുകളും പുസ്തകങ്ങളും കൊണ്ടുവരുമായിരുന്നു. ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍നിന്നാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. ആ മാഗസിനുകള്‍ കുട്ടിയായ ഞാന്‍ മറിച്ചുനോക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ അദ്ദേഹമെന്നെ അടുത്തു വിൡച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ഇംഗ്ലീഷ് അക്ഷരങ്ങളും വാക്കുകളും ചെറിയ വാക്യങ്ങളുമെല്ലാം പഠിപ്പിച്ചു. മൂന്നാം ക്ലാസിലാണ് അന്ന് പഠിക്കുന്നത്. അഞ്ചാം ക്ലാസിലേ അക്കാലത്ത് ഇംഗ്ലീഷ് പഠനമാരംഭിക്കൂ. സ്‌കൂള്‍ പഠനത്തിനു മുമ്പേ ലഭിച്ച ഈ ഇംഗ്ലീഷ് ട്യൂഷന്‍ പിന്നീടുള്ള ഇംഗ്ലീഷ് ഭാഷാപഠനത്തിന് വലിയ മുതല്‍ക്കൂട്ടായി.
വായനാഭ്രമം വൈകാതെ ഉപ്പയുടെ ശ്രദ്ധയിലും വന്നു. എനിക്കദ്ദേഹം കുറച്ച് ഇസ്‌ലാമിക സാഹിത്യങ്ങള്‍ വായനക്ക് നല്‍കി, ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരിച്ച ഏതാനും പുസ്തകങ്ങള്‍. മലപ്പുറം നൂറടിപ്പാലത്തിനടുത്ത് നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന സമ്മേളന നഗരിയില്‍നിന്ന് വാങ്ങിയതായിരുന്നു ഈ പുസ്തകങ്ങള്‍. സയ്യിദ് മൗദൂദിയുടെ രക്ഷാസരണി, ബുദ്ധിയുടെ വിധി എന്നിവയും പുതുയുഗത്തിന്റെ പിറവി, രൂപവും യാഥാര്‍ഥ്യവും എന്നിവയുമായിരുന്നു ആദ്യ വായനക്കായി ലഭിച്ച പുസ്തകങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ഥിയായ എന്റെ തുടര്‍ന്നുള്ള വായനയുടെയും ചിന്തയുടെയും ദിശ നിര്‍ണയിച്ചത് ഉപ്പ നല്‍കിയ ഈ ഗ്രന്ഥങ്ങളായിരുന്നു. ബുദ്ധിവികാസത്തിന് ആ പ്രായത്തിലെ ഈ വായന ഏറെ ഉപകാരപ്പെട്ടു. എന്തു വായിച്ചാലും ദീര്‍ഘമായി അതിനെക്കുറിച്ച് ആലോചിക്കുന്ന ശീലം ബാല്യത്തിലേ ഉായിരുന്നു.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഈ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ഞാന്‍ ശ്രദ്ധാപൂര്‍വം വായിച്ചത് നാട്ടിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരെ ഉപ്പ അറിയിച്ചു. തോട്ടശ്ശേരിയറ സ്‌കൂളിലെ എന്റെ അധ്യാപകന്‍ കൂടിയായ മൊയ്തീന്‍ കുട്ടി മാഷ്, അറബി അധ്യാപകനായിരുന്ന മരക്കാര്‍ കുട്ടി മൗലവി, ഖാദര്‍ ഹാജി, അബ്ദുല്ലക്കുട്ടി ഹാജി എന്നിവരായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് നേതൃത്വം നല്‍കിയിരുന്നത്. ഇവര്‍ നാട്ടിലെ ദീനീ പ്രവര്‍ത്തന മേഖലയിലെ മാതൃകാ വ്യക്തിത്വങ്ങളും മഹല്ല്-മദ്‌റസാ ഭാരവാഹികളുമായിരുന്നു.
ഇസ്‌ലാംമതം, ഖുതുബാത്ത് തുടങ്ങി ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇവര്‍ വായനക്ക് നല്‍കി. ദര്‍സ് മുതല്‍ ജാമിഅ നൂരിയ്യ വരെയുള്ള തുടര്‍ പഠന കാലത്തും ഇവര്‍ വഴി ഇസ്‌ലാമിക സാഹിത്യങ്ങള്‍ വന്നുകൊണ്ടിരുന്നു. പ്രബോധനവും യു.പി സ്‌കൂള്‍ പ്രായം മുതല്‍ വായിച്ചു തുടങ്ങി. കുറ്റൂര്‍ യു.പി സ്‌കൂളില്‍ ചെറിയൊരു ലൈബ്രറിയുണ്ടായിരുന്നു. ആഴ്ചയിലൊരിക്കലാണ് പുസ്തകം ലഭിക്കുക. ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കും. ഏഴാം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ചപ്പോള്‍ പഞ്ചായത്തിനു കീഴിലെ എ.ആര്‍ നഗറിലെ പോപ്പുലര്‍ ലൈബ്രറിയില്‍ അംഗത്വമെടുത്തു. കുഞ്ഞഹമ്മദ് മാസ്റ്ററായിരുന്നു അന്നവിടത്തെ ലൈബ്രേറിയന്‍. നോവല്‍, കഥ, കവിത, മതം, തത്ത്വചിന്ത തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ അവിടെനിന്നും വായിച്ചു. പരന്ന വായന പതിയെ ചില മേഖലകളില്‍ കേന്ദ്രീകരിച്ചു. മതം, തത്ത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ തല്‍പ്പരനായി. ഭഗവദ് ഗീത വായിച്ചപ്പോള്‍ അതിലെ ചില തത്ത്വോപദേശങ്ങള്‍ക്ക് ഖുര്‍ആനികാധ്യാപനങ്ങളുമായി സാമ്യമുന്നെ് തോന്നി. അയല്‍വാസിയായ ബസ് കണ്ടക്ടര്‍ വഴി കോഴിക്കോട്ടെ പുസ്തകശാലയില്‍നിന്ന് ഗീതയും മഹാഭാരതവും രാമായണവും വരുത്തിച്ചു. ഈ വായന മതതാരതമ്യ പഠനത്തിലേക്ക് നയിച്ചു. ടി. മുഹമ്മദ് സാഹിബിന്റെ 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന പുസ്തകം കൂടി വായിച്ചതോടെ വായനക്ക് ദിശ ലഭിച്ചു. ആ പുസ്തകത്തില്‍ സൂചിപ്പിച്ച റഫറന്‍സ് കൃതികള്‍ കോഴിക്കോട്ട് പോയി വാങ്ങി. അവ സൂക്ഷ്മമായി വായിച്ച് നോട്ടെടുത്തു വെച്ചു.
പല റഫറന്‍സ് കൃതികളും ഇംഗ്ലീഷിലേ ലഭ്യമായിരുന്നുള്ളൂ. അതിനാല്‍ ഏഴാം ക്ലാസ് വരെ പഠിച്ച ഇംഗ്ലീഷ് ഭാഷ വികസിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. മൗലാനാ അബുല്‍കലാം ആസാദിന്റെ ജീവിതചരിത്രം വായിച്ചത് ഇംഗ്ലീഷ് പഠനത്തിന് പ്രചോദനമായി. സ്‌കൂള്‍ പഠനവും ഇംഗ്ലീഷ് വിദ്യാഭ്യാസവും നിഷിദ്ധമാക്കിയ കുടുംബത്തിലെ അംഗമായിരുന്നു അബുല്‍ കലാം ആസാദ്. പക്ഷേ, വിജ്ഞാനദാഹിയായ അദ്ദേഹം ഭാഷാ പഠന സഹായിയും നിഘണ്ടുവും പ്രയോജനപ്പെടുത്തി സ്വയം ഇംഗ്ലീഷ് ഭാഷ പഠിച്ചു. ആസാദിന്റെ മാതൃക പിന്തുടരാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ എംബസി പ്രസിദ്ധീകരിച്ചിരുന്ന അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ എന്ന മാഗസിന് വരിചേര്‍ന്നു. ഒരു രൂപയായിരുന്നു വാര്‍ഷിക വരിസംഖ്യ. മലയാളമടക്കം മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഒരേ ഉള്ളടക്കത്തോടെയാണ് അത് പുറത്തിറങ്ങിയിരുന്നത്. മലയാളം, ഇംഗ്ലീഷ് കോപ്പികള്‍ക്കാണ് ഞാന്‍ വരിചേര്‍ന്നത്. ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകാത്ത ഭാഗം മലയാളം കോപ്പിയില്‍ നോക്കും. ഉമ്മയുടെ നാടായ തിരൂരങ്ങാടിയില്‍ പോകുമ്പോള്‍ ദ ഹിന്ദു പോലുള്ള ഇംഗ്ലീഷ് പത്രങ്ങള്‍ വാങ്ങും. അങ്ങനെ പതിയെ ഇംഗ്ലീഷ് ഭാഷ എനിക്ക് വഴങ്ങിത്തുടങ്ങി. അത് പുതിയൊരു വായനാ ലോകത്തേക്ക് എന്നെ കൊുപോയി.
ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്നയില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയില്‍ അംഗത്വമെടുത്തു. ഇടക്കിടെ അവിടെ പോയി പുസ്തകങ്ങളെടുക്കും. ആ യാത്രകളില്‍ കോഴിക്കോട് നാഷ്‌നല്‍ ബുക് സ്റ്റാള്‍, മാതൃഭൂമി ബുക്‌സ്, കറന്റ് ബുക്‌സ് എന്നിവയില്‍ നിത്യസന്ദര്‍ശകനായി. മതം, മതതാരതമ്യപഠനം, സയന്‍സ്, തത്ത്വചിന്ത എന്നീ വിഷയങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും അവിടെ ലഭ്യമായ പുസ്തകങ്ങള്‍ വാങ്ങും. ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയൊക്കെയായിരുന്നു അന്ന് ഒരു പുസ്തകത്തിന്റെ വില. ക്ലാസില്ലാത്ത സമയങ്ങളില്‍ ഇവ വായിച്ചു തീര്‍ക്കും.
വായനയില്‍നിന്ന് എഴുത്തിലേക്ക് കടക്കാന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഒരു ലേഖനത്തിലെ ഈ പരാമര്‍ശം നിമിത്തമായി: 'നിങ്ങളുടെ മനസ്സില്‍ ഒരാശയമുണ്ടെങ്കില്‍ ഇസ്‌ലാമിന് ഗുണകരമാവുംവിധം പ്രഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ സമൂഹത്തിനത് കൈമാറണം. അത് നിങ്ങളുടെ ഇസ്‌ലാമിക ബാധ്യതയാണ്. എഴുത്തിലെ പോരായ്മയോ പ്രസിദ്ധീകരിക്കപ്പെടുമോ എന്ന ആശങ്കയോ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് തടസ്സമാവാന്‍ പാടില്ല. എഴുതി അയച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ബാധ്യത തീര്‍ന്നു.' ഈ വരികള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എഴുത്ത് എന്റെ ഇസ്‌ലാമിക ബാധ്യതയായി തോന്നി. ഇഹ്‌യാഉസ്സുന്നയില്‍ പഠിക്കുന്ന കാലമാണത്. 'നമ്മുടെ മാതാപിതാക്കള്‍' എന്ന തലക്കെട്ടില്‍ ഒരു ലേഖനം പൂര്‍ത്തിയാക്കി. പക്ഷേ, പോസ്റ്റ് ചെയ്യാനുള്ള ധൈര്യമുണ്ടായത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്. സുന്നി ടൈംസിലേക്കാണത് അയച്ചത്. ഈ ലേഖനം സുന്നി ടൈംസ് മാസങ്ങള്‍ക്കു ശേഷം പുറത്തിറക്കിയ ഒരു സ്‌പെഷല്‍ പതിപ്പില്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചു. കെ. അബ്ദുല്‍ ഖാദര്‍ പെരുവള്ളൂര്‍ എന്ന പേരിലായിരുന്നു ആ ആദ്യലേഖനം. എഴുതാനുള്ള എന്റെ കഴിവ് മനസ്സിലാക്കിയ ഒതുക്കുങ്ങല്‍ കോളേജിലെ സഹപാഠി എ.സി.കെ മുഹമ്മദ് എന്നെയും ചേര്‍ത്ത് ഒരു കൈയെഴുത്ത് മാഗസിന്‍ തയാറാക്കാന്‍ തീരുമാനിച്ചു. കോളേജില്‍ പഠിക്കുന്നതിനൊപ്പം അദ്ദേഹം ചന്ദ്രികയുടെ ലേഖകനുമായിരുന്നു. കൈയെഴുത്ത് മാഗസിനിലേക്ക് ഒരു വിഷയം പഠിച്ചെഴുതാന്‍ എന്നോട് ആവശ്യപ്പെട്ടു. മതം-ശാസ്ത്രം-യുക്തിവാദം എന്ന വിഷയത്തില്‍ ഒരു പഠനം തയാറാക്കി. അക്കാലത്ത് പ്രബോധനത്തില്‍ ഈ വിഷയത്തില്‍ പഠനങ്ങളും ലേഖനങ്ങളും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. അവ സ്ഥിരമായി വായിച്ചിരുന്നതിനാല്‍ വിഷയത്തില്‍ കൃത്യമായ കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു. അത് മുന്നില്‍വെച്ച് ആവശ്യമായ പുസ്തകങ്ങള്‍ റഫര്‍ ചെയ്ത് പഠനം തയാറാക്കി. ഒരു ലക്കം കവര്‍ സ്റ്റോറിയായി ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അത് പ്രസിദ്ധീകരിച്ചു. സുന്നി ടൈംസിലും ചന്ദ്രികയിലും ഇടക്കിടെ എഴുതാന്‍ തുടങ്ങി. പിന്നീട് സുന്നി ടൈംസ് സ്ഥരമായി ലേഖനങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇസ്‌ലാമിക സന്ദേശങ്ങളെ ലളിതമായി പരിചയപ്പെടുത്തുന്ന ലേഖന പരമ്പര സുന്നി ടൈംസില്‍ പ്രസിദ്ധീകരിച്ചു. ജാമിഅ നൂരിയ്യയില്‍ പഠിക്കുന്ന കാലത്ത് ഈ ലേഖന പരമ്പര 'ഇസ്‌ലാം ആഗോള സമാധാന പ്രസ്ഥാനം' എന്ന പേരില്‍ ജാമിഅ പൂര്‍വവിദ്യാര്‍ഥികളുടെ പ്രസിദ്ധീകരണാലയമായ നൂറുല്‍ ഉലമ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.
ജാമിഅ നൂരിയ്യയിലെ പഠനം പൂര്‍ത്തിയാക്കി വള്ളുവമ്പ്രം മദ്‌റസയില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുമ്പോഴാണ് സമസ്തയുടെ പ്രസിദ്ധീകരണാലയത്തിലേക്ക് ക്ഷണമുണ്ടാവുന്നത്. 'സ്ത്രീ ജുമുഅ-ജമാഅത്ത്' എന്ന വിഷയത്തില്‍ പുസ്തകം തയാറാക്കാനുള്ള ഉത്തരവാദിത്തമാണ് അവര്‍ എനിക്കായി കണ്ടുവെച്ചിരുന്നത്. എന്റെ പഠന മേഖലയില്‍ ഉള്‍പ്പെട്ടതോ എനിക്ക് താല്‍പര്യമുള്ളതോ ആയ വിഷയമായിരുന്നില്ല അത്. ആ വിഷയത്തില്‍ സമസ്തയില്‍നിന്ന് ഭിന്നമായിരുന്നു എന്റെ നിലപാടും. പക്ഷേ, വാണിയമ്പലം ഉസ്താദടക്കമുള്ള സമസ്തയുടെ പ്രമുഖ നേതാക്കളാണ് ഈ ഉത്തരവാദിത്തം എന്നെ ഏല്‍പിക്കുന്നത്. ആദരവോടെ ഒഴികഴിവ് പറഞ്ഞു നോക്കിയെങ്കിലും ഒടുവില്‍ ആ പണി ഏറ്റെടുക്കേണ്ടി വന്നു. നിഷ്പക്ഷമായി വിഷയം പഠിച്ച് എന്താണോ ബോധ്യപ്പെടുന്നത് അത് സമര്‍ഥിക്കാമെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ചു. ബാപ്പു മൗലവി ഈ വിഷയത്തില്‍ അനുകൂലമായി എഴുതിയ പുസ്തകം ആദ്യം വായിച്ചു. ഈ ആവശ്യാര്‍ഥം ഇമാം ശാഫിഈയുടെ 'അല്‍ ഉമ്മ്' എന്ന ഗ്രന്ഥം റഫര്‍ ചെയ്യാനായി ഒരു സുഹൃത്തിനൊപ്പം മഞ്ചേരി ജുമാ മസ്ജിദിലെത്തി. അവിടെവെച്ച് യാദൃഛികമായി പ്രമുഖ പണ്ഡിതനും വാദപ്രതിവാദരംഗത്തെ അന്നത്തെ പ്രഗത്ഭ പ്രഭാഷകനുമായിരുന്ന ആമയൂര്‍ മുഹമ്മദ് മുസ്‌ലിയാരെ കണ്ടുമുട്ടി. ഈ വിഷയകമായി അദ്ദേഹവുമായി ദീര്‍ഘമായി സംവദിച്ചു. സാധാരണ പറഞ്ഞുവരാറുള്ള തെളിവുകളാണ് അദ്ദേഹം ഒഴുക്കന്‍ മട്ടില്‍ ആദ്യം പങ്കുവെച്ചത്. ബാപ്പു മൗലവിയുടെ പുസ്തകം വായിച്ചതിനാല്‍ ഞാനതിനെയെല്ലാം ഖണ്ഡിക്കാന്‍ തുടങ്ങി. സംഭാഷണം തര്‍ക്കത്തിലേക്ക് കടന്നതോടെ കൂടെ വന്ന സുഹൃത്ത് ഇടപെട്ടു. 'സ്ത്രീ ജുമുഅ-ജമാഅത്ത് ഹറാമാണെന്ന് സമര്‍ഥിച്ച് പുസ്തകമെഴുതാന്‍ സമസ്ത ഏല്‍പിച്ച വ്യക്തിയാണിദ്ദേഹം. അതിലേക്കാവശ്യമായ തെളിവുകള്‍ക്കാണ് ഉസ്താദിനോട് തര്‍ക്കിക്കുന്നത്.' പെട്ടെന്നാണ് അദ്ദേഹത്തിന്റെ ഭാവം മാറിയത്. സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് ഹറാമാണെന്ന് ആരാണ് പറഞ്ഞത് എന്ന് ചോദിച്ചുകൊ് അദ്ദേഹം ക്ഷുഭിതനാവുകയായിരുന്നു. ഞാനും നിലപാട് മാറ്റി. അവര്‍ക്ക് പള്ളിയില്‍ പോകാന്‍ പാടില്ലെന്ന് നിലപാടുള്ള വിഭാഗത്തെ ന്യായീകരിച്ചുകൊായിരുന്നു പിന്നെ വാദിച്ചത്.
പിന്നെ പോയത് പ്രമുഖ പണ്ഡിതന്‍ കൊണ്ടോട്ടി ബശീര്‍ മുസ്‌ലിയാരുടെ അടുത്തേക്കാണ്. അദ്ദേഹം മറ്റൊരു രീതിയിലാണ് വിഷയത്തെ സമീപിച്ചത്. ''നമ്മള്‍ അടിസ്ഥാനപരമായി 'മുഖല്ലിദീങ്ങ'ളാണ്. ഒരു വിഷയം പിന്‍പറ്റാന്‍ തെളിവുകള്‍ നമ്മള്‍ക്കാവശ്യമില്ല. എതിര്‍കക്ഷികള്‍ അവര്‍ക്കനുകൂലമായ തെളിവുകള്‍ സമര്‍ഥിക്കുമ്പോള്‍ നമ്മുടെ വാദം ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ അതാവശ്യമാവുകയാണ്.'' ഇത്രയും ആമുഖമായി പറഞ്ഞ ശേഷം തെളിവുകള്‍ സമര്‍ഥിക്കേണ്ട ചില ടെക്‌നിക്കുകളും രീതികളും അദ്ദേഹം പങ്കുവെച്ചു. അതു കേട്ടപ്പോള്‍ ഞാനദ്ദേഹത്തോട് പറഞ്ഞു: 'എനിക്ക് ഇബാറത്തുകളുടെ വാള്യവും പേജും പറഞ്ഞുതന്നാല്‍ മതി. ഞാനവ പുസ്തകത്തില്‍ രേഖപ്പെടുത്താം.' ചില ഇബാറത്തുകളും അവ വന്ന ഗ്രന്ഥങ്ങളും അധ്യായങ്ങളും പറഞ്ഞുതന്നു. പിന്നെ വാഴക്കാട് ദാറുല്‍ ഉലൂമിലെ ലൈബ്രറിയിലെത്തി അവ പരിശോധിച്ചു. മിക്ക ഇബാറത്തുകളുടെയും അപ്പുറവും ഇപ്പുറവും വായിച്ചാല്‍ ആ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് മനസ്സിലായി. ശൈഖ് അബു ഇസ്ഹാഖ് ശീറാസിയുടെ അല്‍ മുഹദ്ദബില്‍നിന്നുള്ള ഒരു ഉദ്ധരണിയായിരുന്നു മികച്ച ഒരു തെളിവായി പറഞ്ഞിരുന്നത്. ഈ ഗ്രന്ഥത്തിന് ഇമാം നവവി തയാറാക്കിയ വിശദീകരണ ഗ്രന്ഥമായ ശറഹുല്‍ മുഹദ്ദബ് വായിച്ചപ്പോള്‍ അദ്ദേഹം ഈ പ്രസ്താവന തള്ളിപ്പറയുന്നത് കണ്ടു. നബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് സ്ത്രീകള്‍ പള്ളികളില്‍ പോയതിന്റെ ചരിത്രവും സ്ത്രീകള്‍ക്ക് മാത്രമായുണ്ടായിരുന്ന ബാബുന്നിസാഅ് എന്ന കവാടത്തെക്കുറിച്ചും ഇമാം നവവി രേഖപ്പെടുത്തിയിരുന്നു. അതോടെ ആ വിഷയത്തിലെ പഠനം അവസാനിപ്പിച്ചു. 'ഫിത്‌ന ഭയപ്പെടുന്ന സന്ദര്‍ഭം ഉണ്ടായാല്‍ സ്ത്രീകളുടെ ജുമുഅ-ജമാഅത്ത് തടയാം' എന്നതിനു മാത്രമേ ഈ വിഷയത്തില്‍ പ്രമാണങ്ങളുടെ പിന്‍ബലമുള്ളൂവെന്ന് ബോധ്യപ്പെട്ടു.
സമസ്ത ഇത്തരം വിഷയങ്ങളില്‍ കേന്ദ്രീകരിക്കാതെ ഇസ്‌ലാമിന്റെ പ്രചാരണത്തിനുതകുന്ന ഗ്രന്ഥരചനകളില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടും ഈ ഉദ്യമത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ചും ഞാന്‍ കത്ത് നല്‍കി. ഈ സംഭവം കഴിഞ്ഞ് ഏറെ വൈകാതെയാണ് വള്ളുവമ്പ്രം മദ്‌റസ വിട്ട് സുന്നി-ജമാഅത്തെ ഇസ്‌ലാമി-മുജാഹിദ് സംഘടനാ പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തുന്ന വാണിമേല്‍ ദാറുല്‍ ഹുദാ കോളേജിന്റെ പ്രിന്‍സിപ്പല്‍ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തത്.
സമസ്തയുടെ പ്രസിദ്ധീകരണങ്ങളിലെ മുഖ്യ എഴുത്തുകാരില്‍ ഒരാള്‍ സംഘടനയുടേതല്ലാത്ത ഒരു സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായത് ആഭ്യന്തര ചര്‍ച്ചാ വിഷയമായി. പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രസിദ്ധീകരിക്കാന്‍ തയാറായ എന്റെ പുസ്തകം തടയപ്പെട്ടു. സുന്നി ടൈംസില്‍ ലേഖനമെഴുതുന്നതിനും വിലക്ക് വീണു. സുന്നികള്‍ കൂടി നടത്തുന്ന സ്ഥാപനമായതിനാല്‍ ഈയൊരു കടുത്ത നിലപാട് ശരിയല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും അത് വിലപ്പോയില്ല. കുറച്ച് വര്‍ഷങ്ങള്‍ വിലക്ക് തുടര്‍ന്നു. ചന്ദ്രികയിലും വാര്‍ഷിക സോവനീറുകളിലും അപ്പോഴും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. 'ഇസ്‌ലാം: ആഗോള സമാധാന പ്രസ്ഥാനം' എന്ന പുസ്തകം പെരുമ്പടപ്പിലെ റജാ പബ്ലിക്കേഷന്‍സ് ആണ് പിന്നീട് പ്രസിദ്ധീകരിച്ചത്. ഇതിനിടെയില്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ സഹോദരന്‍ ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ ചില ദൂതന്മാര്‍ വഴി നിര്‍ദേശിച്ചതു പ്രകാരം, പുതുതായി ആരംഭിച്ച സുന്നത്ത് മാസികക്ക് തുടര്‍ച്ചയായി ലേഖനമെഴുതാന്‍ തുടങ്ങി. അഹ്‌ലുസ്സുന്നക്ക് വിരുദ്ധമല്ലാത്ത വിഷയങ്ങളെഴുതാനായിരുന്നു നിര്‍ദേശം.
ഒരിക്കല്‍ ഒരു സമ്മേളനത്തിന്റെ കലക്ഷനുമായി ബന്ധപ്പെട്ട് വാണിമേലിലെത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സുന്നി ടൈംസുമായി ഇനിയും സഹകരിക്കണമെന്നും ലേഖനങ്ങളയക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് ഒരു ലേഖനം തയാറാക്കി അദ്ദേഹത്തിനെത്തിക്കുകയും അടുത്ത ലക്കത്തില്‍ തന്നെ ഒന്നാമത്തെ ലേഖനമായി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ വര്‍ഷങ്ങളായി നീുനിന്ന വിലക്കിന്റെ അധ്യായമവസാനിച്ചു. അതിനാലാവാം പട്ടിക്കാട് ജാമിഅയിലെ നൂറുല്‍ ഉലമാ ഒരു പുസ്തകമെഴുതാനായി വീും സമീപിച്ചത്. അതനുസരിച്ച് നല്‍കിയ ലേഖന സമാഹാരമായിരുന്നു 'മതം, ശാസ്ത്രം, യുക്തിവാദം.'
സുന്നത്ത് മാസികയില്‍ എഴുത്ത് തുടരുന്നതിനിടെയാണ് ഒരു ലക്കത്തില്‍ പത്രാധിപരുടെ പേരിലുള്ള പരസ്യം ശ്രദ്ധയില്‍പെട്ടത്; 'എവിടെയെങ്കിലും മഹാന്മാരുടെ ഖബ്‌റുകള്‍ വേണ്ടവിധം പരിചരിക്കപ്പെടാതെ കിടപ്പുണ്ടെങ്കില്‍ അറിയിക്കണം. അവ ആദരപൂര്‍വം സംവിധാനിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.' ഇത് വായിച്ചതോടെ സുന്നത്ത് മാസികയിലെ എഴുത്ത് അവസാനിപ്പിച്ചു. പിന്നെയാണ് എം.പി മുസ്ത്വഫല്‍ ഫൈസിയുടെ നേതൃത്വത്തില്‍ 'അല്‍ മുബാറക്' പ്രസിദ്ധീകരിക്കുന്നത്. 'സംഘടനാ വിമര്‍ശനമോ പക്ഷപാതിത്വ ലേഖനങ്ങളോ അല്‍ മുബാറകിന്റെ ലക്ഷ്യമല്ല. അതിനാല്‍ ലേഖനങ്ങള്‍ നല്‍കി സഹകരിക്കണം' എന്ന് ഓഫീസില്‍നിന്ന് ആവശ്യപ്പെട്ടു. അതോടെ എഴുത്തുകള്‍ അല്‍ മുബാറക്കിലായി. അതും നീണ്ടകാലം തുടര്‍ന്നില്ല. ഹൈദറാബാദില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തെ ഒരടിസ്ഥാനവുമില്ലാതെ വിമര്‍ശിച്ചും പരിഹസിച്ചും രണ്ടു ലക്കങ്ങളിലായി 'നിരീക്ഷകന്‍' എന്ന പേരില്‍ അല്‍ മുബാറക്കില്‍ ലേഖനം വന്നു. ഹൈദറാബാദ് സമ്മേളനത്തിന്റെ പ്രസക്തിയും അതിലെ ശ്രദ്ധേയമായ ചര്‍ച്ചകളുമെല്ലാം പങ്കുവെച്ച് സുന്നിയായ പ്രഫ. ഓമാനൂര്‍ മുഹമ്മദ് ചന്ദ്രിക പത്രത്തില്‍ ലേഖനം എഴുതിയിരുന്നു. അതിന് നേര്‍വിരുദ്ധമായി സംഘടനാ പക്ഷപാതിത്വത്തില്‍ മാത്രം എഴുതപ്പെട്ടതായിരുന്നു അല്‍ മുബാറക്കിലെ ലേഖനം. ഇതിനെ വിമര്‍ശിച്ച് അല്‍ മുബാറക് പത്രാധിപര്‍ക്ക് ഞാന്‍ കത്തെഴുതി. അപ്രതീക്ഷിതമായി തൊട്ടടുത്ത ലക്കം അവരാ കത്ത് അപ്പടി പ്രസിദ്ധീകരിച്ചു. അതോടെ തുടര്‍ ലക്കങ്ങളില്‍ എന്റെ കത്തിനെതിരെ വ്യക്തിപരമായി എന്നെ കടന്നാക്രമിക്കുന്നവയുള്‍പ്പെടെ സംഘടനാ പ്രവര്‍ത്തകരുടെ രൂക്ഷമായ പ്രതികരണങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നു. അതോടെ അല്‍ മുബാറക്കുമായുള്ള എന്റെ എഴുത്തുബന്ധത്തിന് അന്ത്യമായി.
വാണിമേലില്‍ ഉണ്ടായിരുന്ന കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് രൂപം കൊടുത്ത സംഘടനാതീത കൂട്ടായ്മയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും സാന്ദര്‍ഭികമായി പരിചയപ്പെടുത്തേണ്ടതുണ്ട്. 1970-കളിലാണ് കോഴിക്കോട് വലിയ ഖാദി സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ വിവിധ ആശയക്കാര്‍ ഉള്‍ക്കൊള്ളുന്ന കൂട്ടായ്മ രൂപീകരിക്കുന്നത്. സംഘടനകള്‍ക്കതീതമായി ഒരുമിച്ചിരിക്കാനുള്ള വേദി എന്നതായിരുന്നു ലക്ഷ്യം. 'ഐക്യ ആശയം വൈവിധ്യങ്ങളിലൂടെ' എന്ന തലക്കെട്ടില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ഈ കൂട്ടായ്മ ഒരു സിമ്പോസിയം സംഘടിപ്പിച്ചു. പ്രതീക്ഷിച്ചതിനുമപ്പുറം നൂറുകണക്കിന് ആളുകള്‍ അതില്‍ പങ്കെടുത്തു. അങ്ങനെ വ്യത്യസ്ത പരിപാടികളുമായി കൂട്ടായ്മ മുന്നോട്ടുപോയി. സമാനവേദി എറണാകുളം കേന്ദ്രീകരിച്ചും രൂപപ്പെട്ടു. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇബ്‌റാഹീം സുലൈമാന്‍ സേട്ട് സാഹിബ്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, ടി.പി അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, കെ.ടി അബ്ദുര്‍റഹീം മൗലവി, എസ്.എം മുഹമ്മദ് കോയ, അബുല്‍ഖൈര്‍ മൗലവി തുടങ്ങിയവരെല്ലാം ഈ വേദിയുടെ സംഗമങ്ങളില്‍ സഹകരിച്ചത് ആവേശകരമായ ഓര്‍മയാണ്. കോഴിക്കോട് വലിയ ഖാദിയുടെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ താഴെ പറയുന്നവരായിരുന്നു: കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, വി. മുഹമ്മദ് മൗലവി (ഖാദി, മഞ്ചേരി), അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ മങ്ങാട്, പ്രഫ. പി.എ റഹ്മാന്‍, ഡോ. കെ.എം മുഹമ്മദ്, പി. സഈദ് മരക്കാര്‍, ഡോ. എം.എ റഹ്മാന്‍ ഒളവട്ടൂര്‍, കെ.എ ഖാദര്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ കാരന്തൂര്‍, വി.പി മൊയ്തീന്‍ സാഹിബ് താനൂര്‍. പ്രധാന വ്യക്തികളുടെ മരണവും കൂട്ടായ്മയുടെ ജീവനാഡിയായിരുന്ന സഈദ് മരക്കാരുടെ ദീര്‍ഘനാളത്തെ രോഗവും സജീവമായിരുന്ന ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം നിലക്കുന്നതിന് കാരണമായി.
എഴുത്തും മറ്റ് പ്രവര്‍ത്തനങ്ങളും കുറഞ്ഞതോടെ വായനയിലേക്കും പഠനത്തിലേക്കും ശ്രദ്ധപതിപ്പിച്ചു. പൗരോഹിത്യവും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് മതങ്ങളുടെ യഥാര്‍ഥ ഉള്ളടക്കത്തെ അട്ടിമറിച്ചത് എങ്ങനെ എന്ന പഠനമാണ് പിന്നീട് നടത്തിയത്. ഈ അട്ടിമറിക്ക് ഏറ്റവുമധികം വിധേയമായത് ക്രിസ്തുമതമാണെന്നും കണ്ടെത്തി. ക്രിസ്തുമതത്തെ ആഴത്തില്‍ പഠിക്കാന്‍ ഇത് നിമിത്തമായി. ബൈബിള്‍ ഇന്ന്, വിശുദ്ധ പൗലോസും ക്രിസ്തുമതവും, ബൈബിളിലെ ആ പ്രവാചകന്‍ എന്നീ പുസ്തകങ്ങള്‍ ഈ പഠനത്തിന്റെ ഫലമാണ്. കേരള ഇസ്‌ലാമിക് മിഷന്‍ (കിം) ആണിവ പ്രസിദ്ധീകരിച്ചത്. കിമ്മിനു വേണ്ടി ഇത്തരം വിഷയങ്ങളില്‍ ലഘുലേഖകളും കൈപ്പുസ്തകങ്ങളും തയാറാക്കി നല്‍കുകയും ചെയ്തിരുന്നു.
ഇംഗ്ലീഷില്‍നിന്ന് ഇവ്വിഷയകമായുള്ള ചില പുസ്തകങ്ങള്‍ ഈ ഘട്ടത്തില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി എഴുതിയ 'മുഹമ്മദ് നബി ബൈബിളില്‍' എന്ന പുസ്തകം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇതും കിമ്മാണ് ആദ്യം പബ്ലിഷ് ചെയ്തത്. ഉയിര്‍ത്തെഴുന്നേല്‍പ്, ഈസാ (അ) ഖുര്‍ആനില്‍ എന്നിവ ഇംഗ്ലീഷില്‍നിന്ന് തര്‍ജമ ചെയ്ത മറ്റ് പുസ്തകങ്ങളാണ്. തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജില്‍ പഠിപ്പിക്കുന്ന കാലത്താണ് ഈ എഴുത്തുകള്‍ നടക്കുന്നത്. ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിലേക്ക് കുറിപ്പുകള്‍ തയാറാക്കുന്ന പ്രക്രിയയില്‍ ഭാഗഭാക്കാവുന്നതും ഈ ഘട്ടത്തിലാണ്.
ഇതിനിടെയാണ് ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ അഭ്യര്‍ഥനപ്രകാരം, പൂങ്കാവനത്തിനു കീഴില്‍ തയാറാക്കിയ ഇസ്‌ലാമിക വിജ്ഞാനകോശത്തിനുവേി ഒരു മാസം കോളേജില്‍നിന്ന് ലീവെടുത്തത്. ഫാറൂഖ് കോളേജിലെ റിസര്‍ച്ച് റൂമായിരുന്നു ഓഫീസായി സജ്ജീകരിച്ചിരുന്നത്. കോളേജ് ലൈബ്രറി ഉപയോഗപ്പെടുത്തി കുറിപ്പുകള്‍ തയാറാക്കാനുള്ള സൗകര്യത്തിനായിരുന്നു അത്. പൂങ്കാവനത്തിനു ശേഷം ഐ.പി.എച്ച് വിജ്ഞാനകോശത്തിനായും ലീവെടുക്കണമെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഒരു മാസം ഐ.പി.എച്ചിനു വേണ്ടിയും ലീവെടുത്തു. വെള്ളിമാട്കുന്നിലായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ഇസ്‌ലാമിക വിജ്ഞാനകോശത്തിലെ എഴുത്താണ് മറ്റൊരു പഠനത്തിലേക്ക് നയിച്ചത്. 'ആണ്ടുനേര്‍ച്ച' എന്ന വിഷയത്തില്‍ വിജ്ഞാനകോശത്തില്‍ ഒരു കുറിപ്പെഴുതാന്‍ ഇസ്‌ലാമിക വിജ്ഞാനകോശം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. എ.എ ഹലീം ഏല്‍പിച്ചപ്പോള്‍ പെട്ടെന്ന് എഴുതിനല്‍കാവുന്ന വിഷയമായാണ് തോന്നിയത്. ഈ വിഷയത്തില്‍ രണ്ട് വിഭാഗങ്ങള്‍ നടത്തിയ ചര്‍ച്ചകളും ഖണ്ഡനങ്ങളും പരിശോധിച്ചപ്പോള്‍ ആണ്ടുനേര്‍ച്ചയുടെ ഉത്ഭവം കൃത്യമായ തെളിവുകളോടെ രണ്ടു കൂട്ടരും വ്യക്തമാക്കുന്നില്ലെന്നു കണ്ടെത്തി. അതോടെ ഈ ചടങ്ങിന്റെ ഉത്ഭവമന്വേഷിച്ചുള്ള പഠനമാരംഭിച്ചു. ഹൈന്ദവ-ബൗദ്ധ-ജൂത-ക്രൈസ്തവ മതങ്ങളില്‍ ഒരു ഘട്ടത്തില്‍ കടന്നുകയറിയ പുണ്യവാളവല്‍ക്കരണത്തിലേക്കാണ് അതെത്തിയത്. ഇസ്‌ലാമിക സമൂഹത്തിലേക്ക് അതെങ്ങനെ വ്യാപിച്ചു എന്നായി അടുത്ത അന്വേഷണം. ശീഈകളിലാണ് ഈ പുണ്യവല്‍ക്കരണം തുടങ്ങിയത്. അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃ ശക്തമായി അതിനെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്തിരുന്നു. സൂഫികള്‍ വഴിയാണ് കാലക്രമേണ അഹ്‌ലുസ്സുന്നഃ പിന്തുടരുന്ന സമൂഹങ്ങളിലേക്ക് ഈ പുണ്യവാളവല്‍ക്കരണം പടര്‍ന്നുകയറിയതെന്ന നിഗമനത്തിലാണ് ഈ പഠനം അവസാനിച്ചത്.
വര്‍ഷങ്ങളെടുത്തുള്ള പഠനമാണ് ഈ വിഷയത്തില്‍ നടത്തിയത്. കേരളത്തിന് അകത്തും പുറത്തുമുള്ള ഔലിയാക്കളുടെ ഖബ്‌റിടങ്ങള്‍, ഉറൂസ് നടക്കുന്ന ഇടങ്ങള്‍, ചന്ദനക്കുടം നേര്‍ച്ചകള്‍, ദല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗ എന്നിവയെല്ലാം ഈ പഠനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചു. അവിടെ നടക്കുന്നതെല്ലാം നേരിട്ടു കണ്ടു. പഠനത്തിനാവശ്യമായ ഗ്രന്ഥങ്ങള്‍ അന്വേഷിച്ച് ദല്‍ഹി ജാമിഅ മില്ലിയ്യ, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ലൈബ്രറികള്‍ സന്ദര്‍ശിച്ചു. പല ദിവസങ്ങള്‍ താമസിച്ച് അവിടെനിന്നും കുറിപ്പുകളെടുത്തു. എന്നിട്ടും ആവശ്യമായ റഫറന്‍സുകള്‍ ലഭ്യമായിട്ടുായിരുന്നില്ല. അപ്പോഴാണ് ദല്‍ഹിയിലെ മലയാളി സുഹൃത്ത് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്നടക്കം ഉപരിപഠനം പൂര്‍ത്തീകരിച്ച ഒരു സ്‌കോളറെപ്പറ്റി പറയുന്നത്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ലൈബ്രറിയില്‍ വിഷയസംബന്ധമായ ഇംഗ്ലീഷ്, അറബി ഭാഷകളിലടക്കമുള്ള റഫറന്‍സുണ്ടാകുമെന്ന് സുഹൃത്ത് അറിയിച്ചു. ഗൗരവ പഠനത്തിനാണെന്ന് ബോധ്യപ്പെട്ടാലേ പ്രഫസര്‍ സ്വകാര്യ ലൈബ്രറി തുറന്നുനല്‍കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടനെ പ്രഫസറെ പോയി കണ്ടു. വിഷയസംബന്ധമായി ആദ്യം അദ്ദേഹവുമായി സംവദിച്ചു. സംസാരം അവസാനിച്ചപ്പോള്‍ ലൈബ്രേറിയനെ വിളിച്ച് എനിക്ക് സൗകര്യം നല്‍കാന്‍ ആവശ്യപ്പെട്ടു. മറ്റിടങ്ങളില്‍നിന്ന് ലഭിക്കാത്ത ഒട്ടേറെ റഫറന്‍സ് കൃതികള്‍ ആ പേഴ്‌സണല്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. ആവശ്യമായ പേജുകളെല്ലാം ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യവും പ്രഫസര്‍ ഏര്‍പ്പെടുത്തി. സുഊദി അറേബ്യയിലെ ഇമാം മുഹമ്മദുബ്‌നു സുഊദ് യൂനിവേഴ്‌സിറ്റിയില്‍ ദീര്‍ഘകാലം പ്രഫസറായി ജോലിചെയ്ത ഈ സ്‌കോളറാണ് പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മുഹമ്മദ് അബ്ദുല്‍ ഹഖ് അന്‍സാരി.
ആണ്ടുനേര്‍ച്ചയില്‍ ആരംഭിച്ച ഈ പഠനം പൂര്‍ത്തിയായതോടെ ഈ വിഷയത്തിലും ഒന്നിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ അല്‍ഫുര്‍ഖാന്‍ ബൈന ഔലിയാഇര്‍റഹ്മാനി വ ഔലിയാഇശ്ശൈത്വാന്‍ എന്ന അറബി ഗ്രന്ഥം മലയാളത്തിലേക്ക് തര്‍ജമ ചെയ്യുകയായിരുന്നു ആദ്യം. 'അല്ലാഹുവിന്റെ ഔലിയാക്കള്‍' എന്ന പേരില്‍ ഐ.പി.എച്ച് ആണത് പ്രസിദ്ധീകരിച്ചത്. 'സൂഫിസത്തിന്റെ വേരുകള്‍' എന്ന പുസ്തകവും ഐ.പി.എച്ച് തന്നെ പുറത്തിറക്കി. ഇതിന്റെ തുടര്‍പഠനം ബോധനം ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു. 'പുണ്യവാളപൂജ മുസ്‌ലിംകളിലേക്കെത്തിയ വഴി' എന്ന കൃതിയുടെ പണിപ്പുരയിലാണിപ്പോള്‍.
ഇത്തരം ഗവേഷണ പഠനങ്ങള്‍ക്കിടക്ക് മറ്റു ചില സ്വതന്ത്ര പുസ്തകങ്ങള്‍ എഴുതുകയും, ഇംഗ്ലീഷില്‍നിന്നും അറബിയില്‍നിന്നുമായി ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (ഐ.പി.എച്ച്), വര്‍ഗീയതയും വിഭാഗീയതയും, തൈസീറുസ്സ്വര്‍ഫ് (അറബി), അത്തഅ്‌ലീഖാത്ത് അലല്‍ മീസാന്‍ വല്‍ അജ്‌നാസ് (അറബി) എന്നിവയാണ് അതിലെ സ്വതന്ത്ര കൃതികള്‍. അന്ത്യനാളിന്റെ അടയാളങ്ങള്‍, മുഹമ്മദ് നബി (സ), വിശ്വാസികള്‍ക്കെതിരെ അപവാദങ്ങള്‍, പ്രകാശത്തിലേക്ക് എന്നിവ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്ത പുസ്തകങ്ങളാണ്. ഇഹ്‌യാ ഉലൂമിദ്ദീന്‍, ഇമാം നവവിയുടെ 40 ഹദീസുകള്‍, ബാലരാമായണം, ഇമാം നവവിയുടെ 40 ഹദീസുകള്‍ വ്യാഖ്യാനസഹിതം, അല്‍ മുന്‍തഖബാത്ത്, മസ്‌റഹുല്‍ മുജ്തമഅ്, പ്രവാചക വചനങ്ങള്‍, സുന്നത്ത് ഇസ്‌ലാമിക ശരീഅത്തില്‍, ഇന്ത്യന്‍ പണ്ഡിതന്മാരുടെ തര്‍ബിയത്ത് രീതി എന്നിവ അറബിയില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കൃതികളാണ്.
ഭാര്യ റുഖിയ്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം എന്റെ വൈജ്ഞാനിക ജീവിതത്തിന് എന്നും കരുത്തു പകര്‍ന്നവരാണ്. മക്കള്‍ രണ്ടുപേരും പുസ്തകങ്ങളുടെ ലോകത്ത് തന്നെ ജോലി ചെയ്യുന്നു. മൂത്തമകന്‍ അത്വാഉര്‍റഹ്മാന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ ലൈബ്രറിയിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ മകന്‍ ഫസ്‌ലുര്‍റഹ്മാന്‍ തിരൂരങ്ങാടി ബുക് സ്റ്റാളിലും.  

തയാറാക്കിയത്: ബഷീര്‍ തൃപ്പനച്ചി
(അവസാനിച്ചു)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി