Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

ടാര്‍ഗറ്റ് ചെയ്യുന്നത് അതിജീവനപ്പോരാട്ടത്തിലെ മുസ്‌ലിം സ്ത്രീകളെ

ലദീദ ഫര്‍സാന

ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍  വരുംകാലങ്ങളില്‍ വളരെ ആസൂത്രിതമായി തന്നെ ആക്രമിക്കപ്പെടാന്‍ പോകുന്നുണ്ടെന്ന  സൂചനകളാണ് സുള്ളി ഡീല്‍സ് പോലുള്ള സംഭവങ്ങള്‍ നല്‍കുന്നത്.  ഒരു മുസ്ലിം വിദ്യാര്‍ഥിനി എന്ന നിലയില്‍ പൗരത്വ പ്രക്ഷോഭത്തിനു ശേഷം ഞാന്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. കേവലം  സ്ത്രീ എന്നതിലുപരി മുസ്ലിം സ്ത്രീ എന്ന കാരണം കൊണ്ട് നേരിടേണ്ടിവരുന്ന  വംശീയ വിദ്വേഷങ്ങളാണ് കൂടുതലും. പൗരത്വ പ്രക്ഷോഭത്തില്‍ ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥിനി എന്ന നിലക്കുള്ള എന്റെ പങ്കാളിത്തവും  സോഷ്യല്‍ മീഡിയയില്‍  ഇന്ത്യയിലെ മുസ്ലിംകളുടെ അതിജീവന പോരാട്ടങ്ങളെ കുറിച്ച നിരന്തര സംസാരവും വ്യക്തിപരമായി  സംഘ് പരിവാര്‍ എന്നെ ടാര്‍ഗറ്റ് ചെയ്യുന്നതിന് കാരണമായിട്ടുണ്ട്. ഓപ്പ് ഇന്ത്യ, ഓര്‍ഗനൈസര്‍ പോലുള്ള ആര്‍.എസ്.എസ് മാധ്യമങ്ങളും, അവരുടെ നിയന്ത്രണത്തില്‍ തന്നെയുള്ള ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും ഞാനും ദല്‍ഹി 'കലാപ'ത്തിന്റെ  മുഖ്യ ആസൂത്രകരില്‍ ഉണ്ട് എന്നാണ് നിരന്തരം പറഞ്ഞുപോന്നത്. ആര്‍.എസ്.എസ്സിന്റെ തിരക്കഥയില്‍ പോലീസ് പൗരത്വപ്രക്ഷോഭകരെ ജയിലിലടച്ചിരിക്കുന്നതു തന്നെ ഇതേപോലുള്ള പ്രചാരണങ്ങളുടെ തുടര്‍ച്ചയായിട്ടാണല്ലോ.
പൗരത്വ പ്രക്ഷോഭം പോലുള്ള വലിയ ഒരു മൂവ്‌മെന്റില്‍ പങ്കെടുക്കുന്ന മുസ്ലിംകളെ ഭീകരവല്‍ക്കരിക്കുക എന്ന അജണ്ടയില്‍ പരിമിതവുമല്ല ആര്‍.എസ്.എസ് പദ്ധതികള്‍. കഴിഞ്ഞ വര്‍ഷം  ഞാന്‍ നേരിട്ട മറ്റൊരു പ്രശ്‌നം എന്റെ മുഖവുമായി സാമ്യതയുള്ള ഒരു പോണ്‍ സ്റ്റാറിന്റെ ഫോട്ടോ ഞാന്‍ ആണെന്ന രീതിയില്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ്. ഒറ്റനോട്ടത്തില്‍ ഞാനാണ് എന്ന് തെറ്റിദ്ധരിക്കുംവിധത്തിലായിരുന്നു അതിന്റെ വിന്യാസം.  അറിയപ്പെടുന്ന വസ്തുതാന്വേഷണ മാധ്യമമായ ആള്‍ട്ട് ന്യൂസിന്റെ അടക്കം സഹായത്തോടെയാണ്  ഞാനതിനെ മറികടന്നത്.
ഇന്ത്യയിലെ അനവധി മുസ്ലിം സ്ത്രീകള്‍ക്ക് സമാന അനുഭവങ്ങള്‍ നിരന്തരം ഉണ്ടാകുന്നുണ്ട്. സുള്ളി ഡീല്‍സ് തന്നെ അതിന്റെ വ്യവസ്ഥാപിതമായ മറ്റൊരു രൂപമാണ്.  മുസ്ലിം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടേണ്ടവരാണ് എന്ന അധമ സംസ്‌കാരവും അതിനൊത്ത മനോ ഘടനയും സംഘ് പരിവാര്‍ അണികളില്‍ വളര്‍ത്തിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇങ്ങനെ  ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന മുസ്ലിം സ്ത്രീകളെ സംബന്ധിച്ച സകല വിവരങ്ങളും തങ്ങളുടെ സംവിധാനങ്ങള്‍ വഴി ഇന്ത്യയിലെ മുഴുവന്‍ അണികളിലേക്കും എത്തിക്കുന്ന രീതിയാണ് സംഘ് ശക്തികള്‍ പിന്തുടരുന്നത്. തെരുവില്‍ ആക്രമിക്കപ്പെട്ട പല മുസ്ലിം സ്ത്രീ ആക്ടിവിസ്റ്റുകളും ഇന്ത്യയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്.  അത്തരം വ്യവസ്ഥാപിതവും ആസൂത്രിതവുമായ ആക്രമണത്തിന്റെ മറ്റൊരു മുഖമാണ് സുള്ളി ഡീല്‍സ്. സുള്ളി ഡീല്‍സിന്റെ ലിസ്റ്റില്‍ വന്ന പല മുസ്ലിം സ്ത്രീകളും തങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ ഭയമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആശങ്ക പങ്കുവെച്ചിരുന്നു. പൗരത്വ പ്രക്ഷോഭത്തിലെ മുസ്ലിം സ്ത്രീകളുടെ സമരസാന്നിധ്യത്തിന് വലിയ കവറേജ് നല്‍കാന്‍ ശ്രമിച്ച പല മാധ്യമങ്ങളും മുസ്ലിം സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ നിശ്ശബ്ദവുമാണ്. മുഖ്യധാരാ ഫെമിനിസ്റ്റുകള്‍ക്ക് ഇതില്‍ ഒരു മുസ്ലിം പ്രതിനായകന്‍ ഇല്ലാത്തതിനാല്‍ വലിയ താല്‍പര്യവും കാണുന്നില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി