ഞാന്‍ ഉണങ്ങാത്ത മുറിവ്!
ഞാന്‍ ഗസ്സ
ഞാന്‍ റാമല്ല
ഞാന്‍ വെസ്റ്റ് ബാങ്ക്
ഞാന്‍....
ഞാന്‍പീഡിത നഗരം
പൊട്ടാത്ത മിസൈലുകള്‍ പെറുക്കി
മുന കൂര്‍പ്പിച്ച്
കവിതയെഴുമ്പോള്‍
ഞങ്ങളുടെ പാര്‍പ്പിടങ്ങളുടെ
മേല്‍ക്കൂരയില്‍ ബോംബ് വീഴുന്നു
എന്നിട്ടും, ഓരോ ചെക്ക്‌പോസ്റ്റുകളും
കവിതകള്‍ കൊണ്ട് തകര്‍ക്കുന്നു,
ഓരോ ചെറുത്തുനില്‍പ്പും
കവിതകളാല്‍ അലങ്കരിക്കുന്നു
നോക്കൂ, പെല്ലറ്റ് തറച്ച മുഖവുമായി
സ്‌കൂളില്‍ പോകുന്ന കുട്ടികള്‍
ടിഫിന്‍ ബോക്‌സില്‍
ഉരുളന്‍ കല്ലുകള്‍
ഹാന്റ് ബാഗില്‍
മുല ചുരത്തുന്ന
പാല്‍ക്കുപ്പികള്‍
എനിക്ക് ഭൂപടമില്ല
മരണത്തിന്റെ നിഴല്‍ വരക്കാന്‍
നിങ്ങള്‍ക്കാകുമെങ്കില്‍
അതാണെന്റെ ഭൂപടം
എനിക്ക് അതിര്‍ത്തികളില്ല
മുള്ളുവേലികളില്‍ തട്ടി
ഞങ്ങളുടെ സഞ്ചാരത്തിന്
മുറിവേല്‍ക്കുന്നെങ്കില്‍
അതാണെന്റെ അതിര്
എനിക്ക് ദേശീയഗാനമില്ല
തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍
കുടുങ്ങിയ കുഞ്ഞുങ്ങളുടെ രോദനം
ചിട്ടപ്പെടുത്താമെങ്കില്‍
അതാണെന്റെ ഗാനം
എനിക്ക് പതാകയില്ല
ഓരോ വീടകങ്ങളിലും കരുതിവെച്ച
തൂവെള്ള കഫന്‍പുടവ
ഭംഗിയായി മുറിക്കാമെങ്കില്‍
അതാണെന്റെ പതാക
ഒലീവ് ചില്ലകളിലും അത്തി മരത്തിലും
തൂങ്ങിയാടുന്ന കുഞ്ഞുടുപ്പ്
ചിതറിയ ഇളംമാംസം
ചൂട് വറ്റാത്ത ചോര...
ഞാന്‍ ഗസ്സ
ഞാന്‍ റാമല്ല
ഞാന്‍ വെസ്റ്റ് ബാങ്ക്
ഞാന്‍...
ഞാന്‍ ഉണങ്ങാത്ത മുറിവ്.
Comments