Prabodhanm Weekly

Pages

Search

2021 മെയ് 28

3203

1442 ശവ്വാല്‍ 16

'എല്ലാം നല്ലതിനാണ് '

ജി.കെ എടത്തനാട്ടുകര

(ജീവിതം - 19)

ജ്യേഷ്ഠന്റെയും കുടുംബത്തിന്റെയും മാറ്റം ഒരു അത്ഭുതമായിരുന്നു. നീണ്ട കാലത്തെ പ്രാര്‍ഥനയുടെ ഫലം. കണ്ണീരൊലിപ്പിച്ചുകൊണ്ടുള്ള അമ്മയുടെ പ്രാര്‍ഥനയെപ്പറ്റി മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ.
ഭാര്യയും മൂന്നു മക്കളുമാണ് ജ്യേഷ്ഠനുള്ളത്. അവിവാഹിതനായ ഒരാളുടെ മാറ്റം പോലെയല്ല കുടുംബസമേതമുള്ള ഒരാളുടെ മാറ്റം. ഒരുപാട് വേരുകളുണ്ടാവുമ്പോള്‍ 'പറിച്ചുനടല്‍' സ്വാഭാവികമായും ശ്രമകരമായിരിക്കും. അതാണ് ഭൗതിക ലോകത്തിന്റെ സ്വഭാവം.
എന്നാല്‍, ദൈവികമായ ഇടപെടല്‍ നടന്നാലോ, മുള്‍മരങ്ങള്‍ പൂച്ചെടികളായി മാറും. പാറക്കെട്ടുകള്‍ പഞ്ഞിക്കെട്ടുകളായി പരിണമിക്കും. ഇതൊരു 'സാഹിത്യ പ്രയോഗ'മല്ല, അനുഭവ സാക്ഷ്യമാണ്. അതു സംബന്ധമായി വഴിയേ പറയാം.
എതിര്‍ത്തിരുന്നവരെല്ലാം പിന്നീട് സഹകരിക്കാന്‍ തുടങ്ങിയ കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. എന്നാല്‍, അമ്മയിലുള്ള മാറ്റം അറിയാന്‍ തുടങ്ങിയതോടെ വീണ്ടും അടുത്തവര്‍ അകലാന്‍ തുടങ്ങി. ചെറിയ ജ്യേഷ്ഠന്റെ ഭാര്യയിലുള്ള മാറ്റവും അതിന് ആക്കം കൂട്ടി. കാലം കഴിയവേ, ജ്യേഷ്ഠനിലുണ്ടായ മാറ്റം കൂടി അറിഞ്ഞതോടെ 'സമുദായഭ്രഷ്ട് ' കല്‍പിക്കുന്നിടത്തേക്കെത്തി. രണ്ട് അമ്മാവന്മാര്‍ വന്ന് അയല്‍ വീടുകളിലും പരിസരത്തെ കടകളിലും കയറി അവരുമായി സഹകരിക്കരുതെന്ന് അറിയിച്ചു പോയ സംഭവം വരെ ഉണ്ടായി.
ചെറിയ ജ്യേഷ്ഠന്റെ മാറ്റം അവരെ സംബന്ധിച്ചേടത്തോളം കുടുംബത്തിന്റെ 'നെടുംതൂണ്‍' തകരലാണ്. വലിയ ജ്യേഷ്ഠന്‍ ചെറുപ്പത്തില്‍ അപസ്മാര രോഗി ആയിരുന്നതിനാല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിക്കുറവുണ്ട്. അഛന്റെ മരണശേഷം ആ സ്ഥാനത്തു നിന്ന് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ചെറിയ ജ്യേഷ്ഠനാണ്. മുളയുടെ ബിസ്സിനസ്സ് ആയിരുന്നു വരുമാനമാര്‍ഗം. സ്വാഭാവികമായും കുടുംബങ്ങളുടെ അവലംബമായിരുന്നു ജ്യേഷ്ഠന്‍. അഛന്റെ മുഖഛായയായിരുന്നു ജ്യേഷ്ഠന്. ഇങ്ങനെ പല കാരണങ്ങളാല്‍ എല്ലാവര്‍ക്കും ജ്യേഷ്ഠനെ വലിയ ഇഷ്ടമായിരുന്നു.
അതിനിടയിലാണ് കൂട്ടുകെട്ടിലൂടെയും മറ്റും മദ്യപാനത്തിലേക്കും ചൂതാട്ടത്തിലേക്കുമൊക്കെ നീങ്ങുന്നത്. തീവ്ര സാമുദായിക ഗ്രൂപ്പില്‍ മെമ്പറായിരുന്ന കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. അക്കാലത്ത് ജ്യേഷ്ഠന്റെ ദേഷ്യം മുറ്റിയ മുഖമല്ലാതെ കാണാന്‍ കഴിയുമായിരുന്നില്ല. അത് കുടുംബത്തിലുണ്ടാക്കിയ പ്രതിസന്ധി അസഹ്യമായിരുന്നു. അമ്മയുടെയും സഹോദരിമാരുടെയുമൊക്കെ കണ്ണീര് പലപ്പോഴായി കാണേണ്ടി വന്നിട്ടുണ്ട്. കുടുംബ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് ആശങ്കിച്ച് ആരോരുമറിയാതെ സ്വയം കരഞ്ഞ പല സന്ദര്‍ഭങ്ങളുമുണ്ടായി. ഒരു ദിവസം അമ്മയും സഹോദരിമാരുമൊത്ത് വീടിന്റെ തൊട്ടടുത്തുള്ള പൂമരച്ചുവട്ടില്‍ ഒരുമിച്ചുകൂടി. 'ഇനി എന്തു ചെയ്യും?' എന്ന ചോദ്യത്തിന്റെ ഉത്തരം തേടിയാണ് കൂടിയത്. ഓരോരുത്തരും അവരവരുടെ സങ്കടം പറഞ്ഞ് കണ്ണീരൊലിപ്പിച്ചു എന്നല്ലാതെ ഒരു പരിഹാരവും കണ്ടെത്താനായില്ല. അവരുടെയെല്ലാം ഈറന്‍ കണ്ണുകളിലേക്ക് നോക്കി നിസ്സഹായനായി പൊട്ടിക്കരഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
ഒരുപക്ഷേ, ഇത്തരം ഒരു 'പൈശാചികതയുടെ കൂരിരുട്ടാ'വാം 'ദൈവിക വെളിച്ച'ത്തിന്റെ തെളിച്ചം പെട്ടെന്ന് മനസ്സിലാക്കാന്‍ കാരണമായത്. മണ്ണില്‍ വിത്തിറക്കും മുമ്പ് കര്‍ഷകന്‍ മണ്ണിനെ 'മര്‍ദിക്കാ'റുണ്ട്; മണ്ണിനെ പാകപ്പെടുത്താന്‍. ഇതു പോലെ, മനസ്സിനെ പാകപ്പെടുത്താനുള്ള ദൈവത്തിന്റെ 'മര്‍ദന'മാണ് പരീക്ഷണം എന്നാണ് തോന്നിയിട്ടുള്ളത്. വെറുതെ തോന്നിയതല്ല, അനുഭവങ്ങള്‍ കൊണ്ട് ബോധ്യപ്പെട്ടതാണ്. വിശുദ്ധ ഖുര്‍ആന്‍ അതിന് അടിവരയിട്ടതായും കണ്ടിട്ടുണ്ട്. കഴിഞ്ഞുപോയ ആ 'ദുരവസ്ഥ'കള്‍ പറഞ്ഞുകൊണ്ടിരുന്ന ഒരു വേളയില്‍ ജ്യേഷ്ഠന്‍ പ്രതികരിച്ചത്, 'അതെല്ലാം നല്ലതിനായിരുന്നു' എന്നാണ്. കാരണം, അതുകൊണ്ടാണ് സത്യമാര്‍ഗത്തിന്റെ പ്രസക്തി കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഏതൊരു പ്രതിസന്ധി ഘട്ടത്തെയും ശുഭാപ്തിയോടെ കാണുന്ന ഒരു മന്ത്രിയുടെ കഥയാണ് ഓര്‍മ വരുന്നത്. എന്തൊരു അനിഷ്ടം സംഭവിച്ചാലും മന്ത്രി പറയുക, 'എല്ലാം നല്ലതിനാണ്' എന്നാണ്.  ഒരിക്കല്‍ രാജാവും മന്ത്രിയും കൂടി കാട്ടില്‍ വേട്ടക്ക് പോയി. വഴിമധ്യേ രഥം ഒരു കുഴിയില്‍ വീണു. ഉടനെ മന്ത്രി പറഞ്ഞു: 'എല്ലാം നല്ലതിനാണ്.'
രാജാവിന് അതത്ര ഇഷ്ടപ്പെട്ടില്ല. മാത്രമല്ല, രാജാവ് താഴെ വീഴുകയും ചെയ്തു. അപ്പോഴും മന്ത്രി പറഞ്ഞു: 'എല്ലാം നല്ലതിനാണ്.'
രാജാവിനു ശരിക്കും ദേഷ്യം വന്നു. രാജാവിന്റെ ശരീരത്തില്‍ മുറിവും പറ്റിയിട്ടുണ്ട്. അതു കണ്ടപ്പോഴും മന്ത്രി പറഞ്ഞു: 'എല്ലാം നല്ലതിനാണ്.'
ദേഷ്യം നിയന്ത്രിക്കാനാവാതെ രാജാവ് മന്ത്രിയെ ഒരു കുഴിയിലേക്ക് തള്ളിയിട്ടു. അപ്പോഴും മന്ത്രി പറഞ്ഞു: 'എല്ലാം നല്ലതിനാണ്.'
പിന്നീട് രാജാവ് രഥം കുഴിയില്‍നിന്ന് കയറ്റി സ്വന്തമായി വേട്ടക്ക് പോയി. കാട്ടിലെത്തിയപ്പോള്‍ അവിടെ ആദിവാസികളുടെ ഒരു ഉത്സവം നടക്കുകയാണ്. നാട്ടിലെ ഒരു മനുഷ്യനെ ബലി കൊടുക്കണം എന്നത് അവരുടെ ആചാരമാണ്. തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെയായി അവര്‍ക്ക് രാജാവിന്റെ ആഗമനം. അവര്‍ രാജാവിനെ ബന്ധസ്ഥനാക്കി ബലി നല്‍കാന്‍ തീരുമാനിച്ചു. ബലിക്കായി തെരഞ്ഞെടുക്കുന്ന മനുഷ്യന്‍ ആരോഗ്യമുള്ള, മുറിവും ചതവുമൊന്നുമില്ലാത്ത ആളായിരിക്കണം എന്ന് നിബന്ധനയുണ്ട്. രാജാവിനെ പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ മുറിവുണ്ട്. ഈ മുറിവ് രാജാവ് രക്ഷപ്പെടാന്‍ കാരണമായി. ജീവന്‍ തിരിച്ചു കിട്ടിയ അതിരറ്റ സന്തോഷത്തോടെ രാജാവ് മന്ത്രിയുടെ അടുത്തേക്ക് കുതിച്ചു. നടന്ന സംഭവങ്ങള്‍ വിവരിച്ചു. ക്ഷമ ചോദിച്ചു. അപ്പോള്‍ മന്ത്രി പറഞ്ഞു: 'നിങ്ങളെന്നെ കുഴിയിലേക്ക് തള്ളിയിടുമ്പോഴും ഞാന്‍ പറഞ്ഞല്ലോ, എല്ലാം നല്ലതിനാണെന്ന്. ഞാന്‍ താങ്കളുടെ കൂടെ ഉണ്ടായിരുന്നെങ്കിലോ? അവരെന്നെ ബലി കൊടുക്കുമായിരുന്നില്ലേ?'
ഇതൊരു വെറും കഥയാണ്. യഥാര്‍ഥ 'ജീവിതകഥ'യിലും ഇത്തരം അനുഭവങ്ങളുണ്ടാവാറുണ്ട്. ചില പ്രയാസങ്ങളുടെ പിന്നില്‍ പ്രതീക്ഷിക്കാത്ത ഗുണങ്ങളാണ് നിശ്ചയിച്ചിട്ടുണ്ടാവുക. നേരെ തിരിച്ചും സംഭവിക്കാം. ദൈവത്തിനു മാത്രം അറിയുന്ന, മനുഷ്യന് മനസ്സിലാക്കാന്‍ പറ്റാത്ത ചിലതാണത്. ദൈവത്തിന്റെ പ്ലാനും പദ്ധതിയും മനുഷ്യ യുക്തിക്കപ്പുറമുള്ള കാര്യങ്ങളാണ്. വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായം ഇരുനൂറ്റി പതിനാറാം സൂക്തം ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ഈ സൂക്തത്തിന്റെ പൊരുള്‍ ബോധ്യപ്പെട്ട ഒരുപാട് സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പറയുന്നു: 'എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. ദൈവം അറിയുന്നു, നിങ്ങളോ അറിയുന്നുമില്ല.'
ദോഷകരമാണെന്നു തോന്നിയ പല സംഭവങ്ങളും പിന്നീട് ഗുണകരമായി മാറിയിട്ടുണ്ട്. ഗുണകരമാണെന്നു തോന്നിയ പലതും ദോഷകരമായി മാറിയിട്ടുമുണ്ട്. ജീവിതത്തെക്കുറിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്ന കാഴ്ചപ്പാട് മനസ്സിലാക്കിയപ്പോഴാണ് വ്യത്യസ്ത ഘട്ടങ്ങളെ പതറാതെ അതിജീവിക്കാനായത്. ദൈവം ജീവിതത്തെ 'നെയ്തുവെച്ചി'ട്ടുള്ളത് നല്ലതും ചീത്തയും, സുഖവും  ദുഃഖവും, പ്രതീക്ഷയും പ്രതിസന്ധിയുമെല്ലാം ഉള്‍ച്ചേര്‍ത്തുകൊണ്ടാണ്. സുഖം മാത്രമുള്ളത് സ്വര്‍ഗത്തിലും ദുഃഖം മാത്രമുള്ളത് നരകത്തിലുമാണ്. ഇവ രണ്ടും ചേര്‍ന്നതാണ് ഐഹിക ജീവിതം.
ജീവിതത്തെ ഒരു തോര്‍ത്തുമുണ്ടിനോട് ഒരു മഹാന്‍ ഉപമിച്ചതായി വായിച്ചിട്ടുണ്ട്. നൂലിഴകള്‍ മാത്രം ചേര്‍ന്നതല്ല  തോര്‍ത്തുമുണ്ട്. ഇഴകളില്ലാത്ത ഇടകളും അതിലുണ്ട്. ഇങ്ങനെയാണ് ജീവിതവും. നല്ലതു മാത്രം, സുഖം മാത്രം, പ്രതീക്ഷ മാത്രം ചേര്‍ന്നതല്ല ജീവിതം. തിന്മയുടെ, ദുഃഖത്തിന്റെ, പ്രതിസന്ധിയുടെ വിടവുകളും അതിലുണ്ടാവും. ജീവിതം തന്ന സ്രഷ്ടാവായ ദൈവം വിശുദ്ധ ഖുര്‍ആനിലൂടെ അറിയിച്ചത്, 'പ്രയാസത്തോടൊപ്പമാണ് എളുപ്പം' എന്നാണല്ലോ.
ഇത് ജീവിതത്തിന്റെ കാതലായ ഒരു പ്രകൃതമാണ്. ഇങ്ങനെയുള്ള ഈ ജീവിതത്തെ എങ്ങനെ സമീപിക്കണം എന്ന കാര്യമാണ് പ്രവാചകന്മാര്‍ പഠിപ്പിച്ചതിന്റെ കാതലായൊരു വശം; വിശ്വസിച്ചാല്‍ പിന്നെ ഒരു പ്രയാസവും ഉണ്ടാവുകയില്ല എന്നല്ല. പ്രവാചകന്മാര്‍ പോലും കഠിനമായ പ്രയാസങ്ങള്‍ നേരിട്ടവരാണ്. അതേസമയം, ഇങ്ങനെയുള്ള എല്ലാ അവസ്ഥകളെയും പ്രതിഫലാര്‍ഹമാക്കിത്തീര്‍ക്കുന്ന ഒരു 'വിദ്യ'യാണ് സത്യവിശ്വാസം, അഥവാ സന്മാര്‍ഗം.
ഒരു പ്രവാചക വചനം ഈ യാഥാര്‍ഥ്യം വ്യക്തമാക്കി തരുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു: 'വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!  അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണം ചെയ്യുന്നു. ഒരു സത്യവിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും അതാവില്ല. സന്തോഷകരമായ വല്ലതും അവനുണ്ടായാല്‍ അവന്‍ ദൈവത്തിന് നന്ദി ചെയ്യുകയായി, അതവന് ഗുണകരമായി മാറുന്നു. ദോഷകരമായ വല്ലതും അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമ അവലംബിക്കും, അതും അവന് ഗുണകരമായി മാറുന്നു.'
ജീവിതത്തിന് ഈ വിശ്വാസം നേടിത്തന്ന ആശ്വാസം ആകാശ ലോകത്തോളം വിശാലമായി തോന്നിയിട്ടുണ്ട്. ആത്മാവിന്റെ അനുഭവങ്ങള്‍ക്ക് സ്ഥലകാല പരിമിതികളില്ലല്ലോ. ജീവിതത്തിലുണ്ടാവുന്ന ഏതൊരു ഇടുക്കത്തെയും അത് വിശാലമാക്കിത്തരും. ഏതൊരു ഘട്ടത്തിലും അതൊരു താങ്ങും തണലുമായി തോന്നും.
ജ്യേഷ്ഠന്റെ മാറ്റവുമായി ബന്ധപ്പെട്ട കാര്യമാണല്ലോ പറഞ്ഞു വന്നത്. എതിര്‍പ്പുകള്‍ ശക്തമായ സമയത്ത് പുസ്തകങ്ങളെല്ലാം വീട്ടില്‍നിന്ന് എടുത്തു മാറ്റിയിരുന്നു. അതിനിടയില്‍, നമസ്‌കാരവുമായി ബന്ധപ്പെട്ട ഒരു പുസ്തകം എങ്ങനെയോ ഒരു 'വിത്ത് ' പോലെ അവിടെ അവശേഷിച്ചു. ദൈവത്തിന്റെ ഒരു 'കരുതിവെപ്പ്' പോലെ! പല സന്ദര്‍ഭങ്ങളിലും ഇത്തരം കണക്കുകൂട്ടാത്ത ചില 'കരുതിവെപ്പു'കള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഉള്ളില്‍ മാറ്റം വന്നു തുടങ്ങിയപ്പോള്‍ ജ്യേഷ്ഠന്‍ വായിച്ചു തുടങ്ങിയ പുസ്തകം അതായിരുന്നു.
മാറി ചിന്തിക്കാനുണ്ടായ കാരണമന്വേഷിച്ചപ്പോള്‍ ജ്യേഷ്ഠന്‍ പറഞ്ഞത്, 'ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടും നിങ്ങള് രണ്ടാളും ഇങ്ങനെ ഉറച്ചു നിന്നപ്പോള്‍ അതിലെന്തോ കാര്യം ഉണ്ടാവും എന്ന് തോന്നി' എന്നാണ്. മുമ്പ് ഇത് സൂചിപ്പിച്ചിരുന്നല്ലോ.
ജ്യേഷ്ഠന്‍ ഇതു പറഞ്ഞപ്പോള്‍ ഓര്‍മയില്‍ വന്നത്,  പ്രവാചകന്റെ തല വെട്ടിയെടുക്കാന്‍ ഊരിപ്പിടിച്ച വാളുമായി ഇറങ്ങി നടന്ന ഉമറിന്റെ മനംമാറ്റത്തിന്റെ നിമിത്തമാണ്.
പുതിയ വിശ്വാസവുമായി വന്ന മുഹമ്മദിനെ തേടി പോകുമ്പോള്‍, വഴിമധ്യേയാണ് ഉമര്‍ അറിയുന്നത്, തന്റെ സഹോദരിയും ഭര്‍ത്താവും ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് എന്ന്. കോപാകുലനായ ഉമര്‍ സഹോദരി ഫാത്വിമയുടെ വീട്ടിലേക്കോടി. ഭര്‍ത്താവിനെ മര്‍ദിച്ചുകൊണ്ടിരിക്കെയാണ് സഹോദരി ഇടപെടുന്നത്. ഉമറിന്റെ അടിയേറ്റ് ഫാത്വിമ മുഖം കുത്തി വീണു. ഫാത്വിമയുടെ വായില്‍നിന്നും മൂക്കില്‍നിന്നും രക്തം ചാലിട്ടൊഴുകി. കവിള്‍ പൊട്ടിയിട്ടുണ്ട്. എന്നിട്ടും ദൃഢവിശ്വാസത്തോടെ ഉമറിന്റെ മുഖത്ത് നോക്കി അവര്‍ പ്രഖ്യാപിച്ചു: 'നീയെന്തു പറഞ്ഞാലും നീയെന്തു ചെയ്താലും ഞങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. മുഹമ്മദിനെ പ്രവാചകനായി അംഗീകരിച്ചിരിക്കുന്നു. നിനക്ക് ഞങ്ങളെ കൊല്ലണമെങ്കില്‍ കൊല്ലാം. പക്ഷേ, ഞങ്ങള്‍ പിന്തിരിയുകയില്ല.'
സഹോദരിയുടെ ദൃഢനിശ്ചയത്തിന്റെ മുമ്പില്‍ ഉമര്‍ ആയുധം നഷ്ടപ്പെട്ട പടയാളിയെപ്പോലെ നിസ്സഹായനായി നിന്നു. ഈ സംഭവം വായിച്ചപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയിട്ടുണ്ട്.
ഉമര്‍ കയറി വന്നപ്പോള്‍ സഹോദരിയും ഭര്‍ത്താവും പാരായണം ചെയ്തിരുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉമര്‍ പിന്നീട് അവരില്‍ നിന്ന് ഇരന്നു വാങ്ങുകയാണല്ലോ ചെയ്യുന്നത്. സഹോദരിയുടെയും ഭര്‍ത്താവിന്റെയും ദൃഢവിശ്വാസമാണ് ഉമറിന്റെ ഹൃദയത്തെ 'പാകപ്പെടു'ത്തുന്നത്. ആ 'ദൃഢവിശ്വാസ'മാണ് ഇസ്ലാമിന് ഒരു 'ഖലീഫാ ഉമറി'നെ സമ്മാനിച്ചത്.
'ദൃഢനിശ്ചയ'ങ്ങള്‍ നീരുറവകള്‍ക്ക് സാധ്യതയുള്ള പാറകള്‍ പിളര്‍ക്കും, തെളിനീര്‍ ചാലുകള്‍ ഒഴുക്കും. മഹാനദികള്‍ വരെ ഉണ്ടായെന്നു വരും. അതാണല്ലോ ഉമറിന്റെ ചരിത്രം പറഞ്ഞു തരുന്നത്. വിശ്വാസികളില്‍നിന്ന് ഇസ്ലാം ആവശ്യപ്പെടുന്നത് ഈ ദൃഢവിശ്വാസവും ദൃഢനിശ്ചയവുമാണ്.
ജ്യേഷ്ഠന്‍ മാറി ചിന്തിക്കാനുണ്ടായ കാരണമാണ് പറഞ്ഞു വന്നത്. എന്തോ കാര്യം ഇതിന്റെ പിന്നിലുണ്ട് എന്ന് തോന്നിത്തുടങ്ങിയപ്പോള്‍, നേരത്തേ സൂചിപ്പിച്ച 'വിത്താ'യി അവശേഷിച്ച പുസ്തകവായനയിലേക്ക് തിരിഞ്ഞു. ജ്യേഷ്ഠന്റെ സത്യാന്വേഷണം ആരംഭിച്ചത് അങ്ങനെയാണ്. പിന്നീട് അതൊരു ആവേശമായി മാറി. പുറത്ത് ആരെയും അറിയിക്കാതെയാണ് പഠനം തുടങ്ങിയത്.
ഒരു ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു രോഗിയെ സന്ദര്‍ശിച്ച് തിരിച്ചു വരുമ്പോള്‍ ഒരു ഖുര്‍ആന്‍ പരിഭാഷയുമായാണ് ജ്യേഷ്ഠന്‍ വന്നത്. കോഴിക്കോട് വലിയ ഖാദി സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ'യായിരുന്നു അത്.
ഐ.ആര്‍.എസ്സിലായിരിക്കെയാണ് ഈ വിവരം അറിഞ്ഞത്. അതറിഞ്ഞപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ആകാശ ഭൂമികള്‍ കീഴടങ്ങുന്ന പ്രതീതി ജനിപ്പിക്കുന്ന ഒന്നായിരുന്നു അത്. ജ്യേഷ്ഠന്റെ മാറ്റം ഒരു വ്യക്തിയുടെ മാത്രം മാറ്റമല്ല. വിശ്വാസം ഉള്ളിലൊളിപ്പിച്ച ജ്യേഷ്ഠത്തിയും വിശ്വാസ പ്രഖ്യാപനത്തെ 'പരസ്യമായ രഹസ്യ'മാക്കിയ അമ്മയും ജ്യേഷ്ഠന്റെ കൂടെയുണ്ട്. മാത്രമല്ല, മൂന്ന് മക്കളുമുണ്ട് കൂടെ.
മനസ്സിനെ ത്രസിപ്പിച്ച ഒരു പ്രവാചക വചനമാണ്  ഓര്‍മയില്‍ വരുന്നത്. പ്രവാചകന്‍ പറഞ്ഞു: 'ദൈവം തന്നെയാണ് സത്യം. നീ നിമിത്തമായി ഒരാളെ ദൈവം സന്മാര്‍ഗത്തില്‍ ആക്കുക എന്നത് ഈ ഭൗതിക ലോകത്തേക്കാളും അതിലുള്ള സര്‍വതിനേക്കാളും നിനക്കുത്തമമാകുന്നു.'
ഇത് ഏതെങ്കിലും ഒരു മഹാന്‍ പറഞ്ഞതല്ല; പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ അന്ത്യദൂതന്‍ പറഞ്ഞതാണ്. അതൊരു പാഴ്വചനം ആവുകയില്ലെന്നുറപ്പാണല്ലോ. എന്നിട്ടും വിശ്വാസികള്‍ എന്തുകൊണ്ട് ഈ കാര്യത്തില്‍ ആശ്രദ്ധമാവുന്നു എന്നതൊരത്ഭുതമായി തോന്നിയിട്ടുണ്ട്.
ജ്യേഷ്ഠന്‍ ഖുര്‍ആന്‍ പരിഭാഷ വാങ്ങിയ വിവരം അറിഞ്ഞ ഉടനെ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ ആറാം വാള്യം കൊടുത്തയച്ചു. ആറാം വാള്യത്തിന്റെ പ്രകാശന ചടങ്ങിലേക്ക് മുമ്പ് പ്രഭാഷണത്തിനായി ഐ.പി.എച്ച് ക്ഷണിച്ചിരുന്നു. അന്ന് സൗജന്യമായി കിട്ടിയ ആ കോപ്പിയാണ് കൊടുത്തയച്ചത് എന്നാണ് ഓര്‍മ. ഫസീലയും അവളുടെ ഉമ്മയുമാണ് ജ്യേഷ്ഠന് അത് എത്തിച്ചു കൊടുത്തത്. അങ്ങനെ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ വിവിധ വാള്യങ്ങളിലൂടെയായിരുന്നു ജ്യേഷ്ഠന്റെ ഇസ് ലാം പഠനം തുടര്‍ന്നത്.
ജ്യേഷ്ഠത്തി  സത്യവിശ്വാസം സ്വീകരിച്ച കാര്യം മുമ്പ് പറഞ്ഞിരുന്നല്ലോ. അതുകൊണ്ടുതന്നെ മക്കളെയും ആ ഒരു കാഴ്ചപ്പാടോടുകൂടി വളര്‍ത്താന്‍ ജ്യേഷ്ഠത്തി ശ്രദ്ധിച്ചു. സ്‌കൂളില്‍ കുട്ടികളെ അറബി പഠിപ്പിക്കാനുള്ള ഏര്‍പ്പാട് വരെ ചെയ്തിരുന്നു. മറ്റുള്ള അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും അവര്‍ നയിക്കപ്പെട്ടതേയില്ല. നമസ്‌കാരത്തിലെ പ്രാര്‍ഥനകളും മറ്റും അവര്‍ അന്നേ പഠിച്ചു തുടങ്ങിയിരുന്നു.
 മൂത്ത മകള്‍ രേശ്മ അക്കാലത്തു തന്നെ സ്വകാര്യമായി അവളുടെ അമ്മയുടെ കൂടെ നമസ്‌കരിച്ചിരുന്ന കാര്യം ഓര്‍ത്ത് പറയുന്നുണ്ട്. ഇസ്‌ലാമിനോട് ഒരു പ്രത്യേക താല്‍പര്യം അന്നേ ഉണ്ടായിരുന്നു അവള്‍ക്ക്. മാത്രമല്ല, പടച്ചവനോട് പ്രാര്‍ഥിച്ചിരുന്ന മിക്ക കാര്യങ്ങള്‍ക്കും ഉത്തരം കിട്ടിയിരുന്നു എന്ന കാര്യം അത്ഭുതത്തോടെയാണവള്‍ അയവിറക്കുന്നത്.
രണ്ടാമത്തെ മകന്‍ ബിജിനും ഇസ്ലാമിനോട് അന്നേ തല്‍പരനായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കൂടെ പഠിച്ചിരുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പലര്‍ക്കും നമസ്‌കാരത്തിലെ പ്രാര്‍ഥനകള്‍ അറിയുമായിരുന്നില്ല. അവന്‍ ഭംഗിയായി ചൊല്ലിക്കൊടുത്തപ്പോള്‍ അവര്‍ അമ്പരന്ന കാര്യം അവന്‍  പറഞ്ഞിരുന്നു. അവസരം കിട്ടുമ്പോള്‍ ആരുമറിയാതെ അന്നു തന്നെ നമസ്‌കാരവും നിര്‍വഹിച്ചിരുന്നു. ചെറിയ മകന്‍ ജിഷ്ണുവിന് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ശരിക്ക് ധാരണയില്ലായിരുന്നു. നാലാം ക്ലാസ്സിലോ മറ്റോ ആണ് അവന്‍ അന്ന് പഠിക്കുന്നത്.
ഏതായാലും കുറേ വായനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ജ്യേഷ്ഠന്‍ സത്യസാക്ഷ്യപ്രതിജ്ഞക്കുള്ള തീരുമാനത്തിലെത്തി. അങ്ങനെ അസീസ് സാഹിബിന്റെ സാന്നിധ്യത്തില്‍ വെച്ച് സത്യസാക്ഷ്യപ്രതിജ്ഞ നടത്തി. അതുണ്ടാക്കിയ ആഹ്ലാദം പറയേണ്ടതില്ലല്ലോ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (12-17)
ടി.കെ ഉബൈദ്‌