Prabodhanm Weekly

Pages

Search

2021 മെയ് 28

3203

1442 ശവ്വാല്‍ 16

ഖുര്‍ആന്‍ നിയമവും ധാര്‍മിക മൂല്യങ്ങളും

ഖാലിദ് അബൂഫദ്ല്‍

നിയമങ്ങളെ എങ്ങനെയാണ് മനസ്സിലാക്കിയെടുക്കേണ്ടത് എന്നത് കാലങ്ങളായി മുസ്ലിം പണ്ഡിതന്മാരുടെ മുഖ്യ ചര്‍ച്ചാ വിഷയമാണ്. ആദ്യ തലമുറയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ചുടുപിടിച്ച സംവാദങ്ങള്‍ നടന്നിരുന്നു. ഇന്നും അത് തുടരുന്നുമുണ്ട്. ധാര്‍മികവും സദാചാരപരവുമായ മൂല്യങ്ങളാണോ, അതല്ല പ്രമാണബദ്ധമായ യുക്തിയാണോ ഇസ്ലാമിക പാരമ്പര്യത്തെയും നിയമങ്ങളെയും നിര്‍ണയിക്കുന്നത്? ഇതായിരുന്നു പണ്ടുമുതലേയുള്ള ഒരു തര്‍ക്ക വിഷയം.
മനുഷ്യന് പ്രകൃത്യാ തന്നെയുള്ള ധാര്‍മിക മൂല്യങ്ങളെ നിര്‍ണയിക്കുന്ന ഒരു മൂല്യസംഹിതയുടെ രൂപീകരണമാണ് നബിനിയോഗത്തിന്റെ ഉദ്ദേശ്യമെന്ന് സൂചിപ്പിക്കുന്ന ധാരാളം പ്രമാണങ്ങള്‍ കാണാം. നബിയുടെ സ്വഭാവ ഗുണങ്ങളെയും മൂല്യങ്ങളെയും ഉന്നതമായി അംഗീകരിച്ച് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ വചനമാണ് അതില്‍ പ്രധാനമായത് (അല്‍ഖലം 4).1 അതിനു പുറമെ ഇസ്ലാമിനെയും ധാര്‍മിക മൂല്യങ്ങളെയും ചേര്‍ത്തു പറയുന്ന ധാരാളം നബിവചനങ്ങളുമുണ്ട്. ഉദാ: 'നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍.' 2 മാനവികര്‍ക്കെല്ലാം കാരുണ്യമായാണ് മുഹമ്മദ് നബി നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന ഖുര്‍ആനികാധ്യാപനവും മറ്റൊന്നല്ല സൂചിപ്പിക്കുന്നത് (അല്‍ അമ്പിയാഅ് 107).3
ആദ്യകാല ഇസ്ലാമിക ദൈവശാസ്ത്ര ചര്‍ച്ചകളിലെല്ലാം സ്വഭാവമൂല്യങ്ങളുടെ ഈ സ്വാധീനം വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഗ്രീക്ക് തത്ത്വചിന്തകളുടെ അടിസ്ഥാനത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ മുസ്ലിം ചിന്തകര്‍ അതിനെ നിരുപണം ചെയ്തു. പ്രത്യേകിച്ചും ധാര്‍മിക ബാധ്യതകളും മൂല്യങ്ങളും രൂപപ്പെടുന്നതിനെയും വികസിക്കുന്നതിനെയും കുറിച്ചുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇതേ സംവാദങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ വ്യത്യസ്ത ധ്രുവങ്ങളിലുള്ള അഭിപ്രായങ്ങളുയരാനും കാരണമായി. സത്യം, നീതി എന്നിവ മനുഷ്യന്റെ യുക്തിക്ക് തിരിച്ചറിയാനാകുമെന്ന് വാദിക്കുന്ന മുഅ്തസിലികള്‍ ഒരു വശത്ത്. അതേസമയം മുസ്ലിം സമുദായത്തിന്റെ മഹാ ഭൂരിപക്ഷവും മനുഷ്യയുക്തിയെ പരിമിതികളുള്ള, വഴിതെറ്റാവുന്ന ഒന്നായാണ് മനസ്സിലാക്കിയത്. അതിനാല്‍ സത്യം, നീതി പോലുള്ള മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ യുക്തിയെ ആശ്രയിക്കാനാകില്ലെന്നും അതിന് ദൈവിക വെളിപാട് നിര്‍ബന്ധമാണെന്നും അവര്‍ വാദിച്ചു. ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ തുടക്കം മുതല്‍ തന്നെ നീതി, മൂല്യങ്ങള്‍ എന്നിവയുടെ സ്വഭാവവും അത് നിര്‍ണയിക്കുന്നതില്‍ യുക്തിയുടെയും വെളിപാടിന്റെയും സ്ഥാനവും സജീവ ചര്‍ച്ചയായിട്ടുണ്ടെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.4
ആധുനികതയുടെ കാലത്ത് ഈ ചര്‍ച്ചകള്‍ മുഖ്യധാരയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതേ ചര്‍ച്ചകളുടെ അനുബന്ധങ്ങള്‍ കാണാവുന്നതാണ്. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ (മരണം: 1938), മുഹമ്മദ് അബ്ദു (മരണം: 1905) എന്നിവര്‍ ഇസ്ലാമിക നിയമങ്ങള്‍ മനസ്സിലാക്കുന്നതില്‍ യുക്തിക്കും കാര്യകാരണങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കി. എന്നാല്‍ അബുല്‍ അഅ്ലാ മൗദൂദി(മരണം: 1979)യെ പോലുള്ളവര്‍ നീതിയുടെയും ധാര്‍മികതയുടെയും അടിസ്ഥാനമായി ദൈവിക നിയമങ്ങളെ മനസ്സിലാക്കി. ഇന്ന് പൊതുവെ പരിഷ്‌കരണവാദികള്‍ക്കും പാരമ്പര്യവാദികള്‍ക്കും ഇടയിലുള്ള തര്‍ക്കം നിയമത്തിന്റെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതല്ലെന്നു പറയാം. ഈ ചര്‍ച്ചക്ക് ആധുനികതയുടെ കാലത്ത് വളരെ കുറഞ്ഞ പരിഗണന മാത്രമേ ലഭിച്ചിട്ടുള്ളൂ.
ധാര്‍മിക മൂല്യങ്ങളും ശരീഅത്തിന്റെ നിയമങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഒരാലോചനയാണ് ഈ എഴുത്ത്. പ്രമാണങ്ങളെ മാത്രം അടിസ്ഥാനമാക്കി പാരമ്പര്യത്തെ മുഴുവന്‍ തള്ളിക്കളയുക സാധ്യമല്ല. കാരണം മുന്‍ഗാമികളായ മഹാന്മാര്‍ കാര്യങ്ങള്‍ നിര്‍ധാരണം ചെയ്ത രീതിയും ശൈലിയും മനസ്സിലാക്കാന്‍ അവരെ വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. മാത്രവുമല്ല,  കഴിഞ്ഞുപോയ ഫിഖ്ഹീ-ദൈവശാസ്ത്ര ചര്‍ച്ചകള്‍ ഇസ്ലാമിക മൂല്യവ്യവസ്ഥയുടെ രൂപീകരണത്തിലും വികാസത്തിലും വലിയ പങ്ക് വഹിച്ചതുമാണല്ലോ. അതുകൊണ്ടുതന്നെ ഇത്തരം ചര്‍ച്ചകളുടെ കൂടി വെളിച്ചത്തില്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന വിധികളെയും അവക്ക് ധാര്‍മിക മൂല്യവ്യവസ്ഥയുമായുള്ള ബന്ധത്തെയുമാണ് ഇവിടെ അന്വേഷിക്കുന്നത്.

നീതി: ദൈവികതയുടെ അടയാളം,  ഫിഖ്ഹിന്റെ മുഖമുദ്ര 

'തീര്‍ച്ചയായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പ്പിച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. അവ അതിനെ ഭയപ്പെട്ടു. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ കൊടിയ അക്രമിയും തികഞ്ഞ അവിവേകിയും തന്നെ' (അല്‍ അഹ്സാബ് 72).
മനുഷ്യര്‍ അല്ലാഹു നല്‍കിയ വിവേചനാധികാരം തെരഞ്ഞെടുത്തപ്പോള്‍ വലിയ, ഭാരിച്ച പരീക്ഷണമാണ് ഏറ്റെടുത്തത്. അതോടെ മനുഷ്യര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഈ ലോകത്തും പരലോകത്തും ഉത്തരം ബോധിപ്പിക്കേണ്ടതായി വന്നു. മനുഷ്യനെ അല്ലാഹു ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കാന്‍ തെരഞ്ഞെടുത്തു എന്നത് മനുഷ്യനുള്ള അംഗീകാരമാണ്. ഒപ്പം ഈ പ്രവൃത്തിയിലൂടെ മനുഷ്യന്  ഭാരിച്ച ചുമതലകള്‍ വന്നു ചേരുന്നുമുണ്ട്. അഥവാ മനുഷ്യന്‍ തന്റെ പരാജയത്തിന്റെ ഫലങ്ങള്‍  സ്വയം ഏല്‍ക്കേണ്ടിവരും; വിജയത്തിന്റെ നേട്ടവും പ്രതിഫലവും അവന് കൊയ്യുകയും ചെയ്യാം.
അല്ലാഹു മനുഷ്യനെ ഭൂമിയില്‍ തന്റെ പ്രതിനിധിയാക്കുക കൂടി ചെയ്തതു കൊണ്ട് ഈ ചുമതല കൂടുതല്‍ ഗൗരവമുള്ളതാകുന്നു. അല്ലാഹു പറയുന്നു: 'പിന്നെ അവര്‍ക്കു ശേഷം നിങ്ങളെ നാം ഭൂമിയില്‍ പ്രതിനിധികളാക്കി. നിങ്ങളെങ്ങനെ ചെയ്യുന്നുവെന്ന് നോക്കിക്കാണാന്‍' (യൂനുസ് 14). അതുകൊണ്ടുതന്നെ മനുഷ്യര്‍ പൊതുവിലും വിശ്വാസികള്‍ പ്രത്യേകിച്ചും അല്ലാഹുവോടുള്ള കരാര്‍ പൂര്‍ത്തീകരിക്കാന്‍ ബാധ്യസ്ഥരാണ്. അപ്പോള്‍ മനുഷ്യരുടെ ജീവിതലക്ഷ്യം അല്ലാഹു നിശ്ചയിച്ച സത്യപാതയിലെത്തുക എന്നതാണ്. ആ ദൈവികപാതയിലെത്താന്‍ നിലക്കാത്ത ധാര്‍മിക പോരാട്ടം വേണ്ടിവരും. അതുകൊണ്ടാണ് ഖുര്‍ആന്‍ സത്യപാതയെയും ധാര്‍മികതയെയും ഒരിക്കലും വേര്‍തിരിക്കാനാകാത്ത യാഥാര്‍ഥ്യങ്ങളായി എടുത്തുപറയുന്നത്. മാത്രമല്ല ഇവയെ ദൈവികപാതയുടെ ഭാഗമായി തന്നെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ദൈവികതയെന്നാല്‍ ധാര്‍മികതയും നന്മയും ശരിയുമാണ്. ഈ ഗുണങ്ങളെല്ലാം വസ്തുനിഷ്ഠമായിത്തന്നെ ദൈവികതയിലുണ്ട്. അതിനാല്‍ ദൈവിക സാന്നിധ്യമുള്ള നീതി, നന്മ തുടങ്ങിയവയെല്ലാം വസ്തുനിഷ്ഠമായത് (ഒബ്ജക്ടീവ് റിയാലിറ്റി) തന്നെയാണ്. അല്ലാഹു നിലനില്‍ക്കുന്നുണ്ട്, എന്നാല്‍ അവന്റെ നീതിയും നന്മയും നിലനില്‍ക്കുന്നില്ല എന്ന് ഒരാള്‍ക്ക് പറയാനാകില്ല. ഭാഗികമായ നീതിയും സത്യവുമെല്ലാം സന്ദര്‍ഭവുമായോ സാഹചര്യങ്ങളുമായോ ആളുകളുമായോ ബന്ധപ്പെട്ട് ആപേക്ഷികമായാണ് നിലനില്‍ക്കുക. എന്നാല്‍ പൂര്‍ണ നീതിയും സത്യവും ഒരിക്കലും അങ്ങനെയല്ല. കാരണം പൂര്‍ണനീതിയും സത്യവും അല്ലാഹുവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. സൗന്ദര്യത്തിന്റെയും സത്യത്തിന്റെയുമെല്ലാം പൂര്‍ണത അല്ലാഹുവിന്റെ അടുത്താണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അവന് സുന്ദര നാമങ്ങളുണ്ട് (ലഹുല്‍ അസ്മാഉല്‍ ഹുസ്നാ) എന്നത് അതാണ് സൂചിപ്പിക്കുന്നത് (അല്‍അഅ്റാഫ് 180, അല്‍ഇസ്റാഅ് 110, ത്വാഹാ 8, അല്‍ഹശ്ര്‍ 24).5
അല്ലാഹുവാണ് പൂര്‍ണമായ അറിവുള്ളവന്‍ എന്നതിനാല്‍ നേരായ പാത (സ്വിറാത്വുന്‍ മുസ്തഖീം) അവനാണ് അറിയുക. ഓരോ വിശ്വാസിയും സൂറത്തുല്‍ ഫാതിഹയിലൂടെ നേരായ പാതയില്‍ നയിക്കണേ എന്ന് എപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട്. ഈ യഥാര്‍ഥ പാതയിലാരാണെന്ന് അല്ലാഹുവിനു മാത്രമേ അറിയൂ എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: 'നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍' (അന്നഹ്ല്‍ 125).
ഇസ്ലാമില്‍ ആളുകളെ നയിക്കാന്‍ ചര്‍ച്ചോ പൗരോഹിത്യമോ ഇല്ല. എന്നാല്‍ ചരിത്രപരമായി മുസ്ലിംകള്‍ തങ്ങളുടെ മതവ്യവഹാരങ്ങളില്‍ ഫഖീഹുമാര്‍, ഇമാമുമാര്‍ പോലുള്ളവരെയാണ് ആശ്രയിക്കുന്നത്. അവരെ നിയമത്തിന്റെ അധികാരകേന്ദ്രങ്ങളായി മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. സുന്നികളുടെ ഇടയില്‍ ഇത്തരം അധികാരങ്ങള്‍ നിലനിന്നത് ആ വ്യക്തിയുടെ കഴിവിനെയും ശേഷിയെയും ആശ്രയിച്ചാണ്. അറിവു കൊണ്ടും പ്രാഗത്ഭ്യം കൊണ്ടും മാത്രമേ ഒരാള്‍ക്ക് ഈ സ്ഥാനം ലഭിക്കുകയുള്ളൂ. അതായത് ഖുര്‍ആനും സുന്നത്തും മനസ്സിലാക്കിയാല്‍ മാത്രമേ യഥാര്‍ഥ മാര്‍ഗം അവര്‍ക്ക് തിരിച്ചറിയാനാകൂ എന്നതാണ് സുന്നീ മുസ്ലിംകളിലെ വിശ്വാസം. മാത്രമല്ല, പൂര്‍വികരില്‍നിന്ന് കണ്ടറിഞ്ഞതാണെന്നോ മറ്റോ ഉള്ള ന്യായങ്ങള്‍ നിരത്തി ഒരാള്‍ക്കും സന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചതിന്റെ കുറ്റം തോളൊഴിയാനാകില്ലെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
എല്ലാ വിശ്വാസികള്‍ക്കും നിയമത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളും അറിയലും അവ പഠിക്കലും നിര്‍ബന്ധമാണ് എന്നല്ല ഇതിന്റെ അര്‍ഥം. ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്, ഒരു വസ്തുനിഷ്ഠ യാഥാര്‍ഥ്യം എന്ന നിലയില്‍ നേരായ മാര്‍ഗവും ഒരാളും തമ്മിലുള്ള ബന്ധമാണ്.  ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ധാര്‍മിക-സദാചാര ജീവിതത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അഥവാ അടിസ്ഥാന ധാര്‍മിക-സദാചാര ജീവിതം ഉറപ്പാക്കല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്നതാണ് വിഷയം. ഈ ചര്‍ച്ച പ്രസക്തമാകാന്‍ കാരണം ഒരാളുടെ വ്യക്തിപരമായ ധാര്‍മിക-സദാചാര പരാജയത്തിന്, മറ്റൊരാളുടെ ധാര്‍മിക-സദാചാര പരാജയമാണ് കാരണമെന്ന് ന്യായം പറയാന്‍ ഒരു പഴുതുമില്ലെന്നുള്ള ഖുര്‍ആന്റ പ്രഖ്യാപനമാണ്.

ധാര്‍മിക ബാധ്യത ഇസ്ലാമിക നിയമത്തില്‍

ഓരോ മനുഷ്യനും ദൈവികതയില്‍നിന്ന് വേര്‍പ്പെടുത്താനാവാത്ത നേര്‍മാര്‍ഗം കണ്ടെത്താന്‍ വ്യക്തിപരമായിത്തന്നെ ബാധ്യതയുള്ളവനാണ്.  ചിന്തിച്ചും യുക്തി പ്രയോഗിച്ചും നേര്‍മാര്‍ഗം കണ്ടെത്താന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. ഉദ്‌ബോധനം (ദിക്ര്‍) നല്‍കുന്ന ഗ്രന്ഥമായി ഖുര്‍ആന്‍ അതിനെ സ്വയം പരിചയപ്പെടുത്തുന്നു. സത്യം കണ്ടെത്താനുള്ള പ്രധാന മാര്‍ഗങ്ങളായി ചിന്ത (ഫിക്ര്‍), ബുദ്ധി (അഖ്ല്‍), സ്മരണ (ദിക്ര്‍) എന്നിവയെയാണ് അത് മുന്നോട്ടു വെക്കുന്നത്. സത്യത്തെയും നേര്‍മാര്‍ഗത്തെയും ദൈവികതയുമായി ചേര്‍ത്തു പറയുമ്പോള്‍ തന്നെ നീതി, നന്മ, കാരുണ്യം, ദയ, ഉദാരത തുടങ്ങിയ ദൈവിക ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികളോട് കല്‍പിക്കുകയും ചെയ്യുന്നു.6  ഇതിനെ റാഗിബ് വ്യാഖ്യാനിക്കുന്നത്, 'അല്ലാഹുവിന്റെ ഗുണങ്ങളെ സ്വന്തം സ്വഭാവമാക്കി മാറ്റുക' എന്നാണ്.7
നേര്‍മാര്‍ഗം കണ്ടെത്താനുള്ള മാര്‍ഗം ഖുര്‍ആന്‍ തന്നെയാണ്. അതോടൊപ്പം മനുഷ്യമനസ്സില്‍ നൈസര്‍ഗികമായി നന്മയോടുള്ള ആഭിമുഖ്യമുണ്ടെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്: 'അതിനാല്‍ ശ്രദ്ധയോടെ നീ നിന്റെ മുഖം ഈ ജീവിതദര്‍ശനത്തിനുനേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ പടച്ചത് ഏതൊരു പ്രകൃതിയിലൂന്നിയാണോ ആ പ്രകൃതിതന്നെയാണ് ഇത്. അല്ലാഹുവിന്റെ സൃഷ്ടിഘടനക്ക് മാറ്റമില്ല. ഇതുതന്നെയാണ് ഏറ്റവും ചൊവ്വായ മതം. പക്ഷേ; ജനങ്ങളിലേറെ പേരും അതറിയുന്നില്ല' (അര്‍റൂം 30). ഈ ആയത്തില്‍ 'ഫിത്വ്റ' എന്നു പറയുന്നത് ഓരോരുത്തരുടെയും ഉള്ളിലുള്ള ശുദ്ധപ്രകൃതിയാണ്. അത് നന്മയിലേക്കും നേരായതിലേക്കുമാണ് പ്രേരിപ്പിക്കുക. അതായത് ദൈവികമായത് (റബ്ബാനി) നന്മയും (ഹുസ്ന്) അതിനെതിരായത് ചീത്തതും (ഖുബ്ഹ്) ആണ്.
അറിവു നേടി ചിന്തിച്ചും മനനം ചെയ്തും നേര്‍മാര്‍ഗം കണ്ടെത്തുന്നതിനെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാത്രി മുഴുവന്‍ ആരാധനകളിലേര്‍പ്പെടുന്നതിനേക്കാള്‍ ഉത്തമം ഒരു മണിക്കൂര്‍ അറിവു നേടാന്‍ ഉപയോഗിക്കലാണെന്ന് നബി (സ) പഠിപ്പിക്കുന്നുമുണ്ട് (ദാരിമി). എന്നാല്‍ മൊത്തത്തില്‍ പ്രമാണങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാവുക, നേര്‍മാര്‍ഗത്തിന്റെ പൂര്‍ണത ലഭിക്കുന്നത് ചിന്തയിലൂടെയും പഠനത്തിലൂടെയും മാത്രമല്ല, അല്ലാഹുവിന്റെ തൗഫീഖ് (ഉതവി) കൊണ്ട് കൂടിയാണെന്നാണ്. അറിവ് കൂടുന്നതുകൊണ്ടല്ല, വിവേകം (ഹിക്മ) നേടുന്നതുകൊണ്ടാണ് ജീവിതത്തില്‍ സന്തുലനം (മീസാന്‍) സാധ്യമാവുക എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഹിക്മത്ത് അല്ലാഹു പ്രത്യേകം തരുന്നതാണെന്നും പഠിപ്പിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ അധ്വാനവും സദാചാര ജാഗ്രതയും കൊണ്ട് മാത്രമല്ല, അല്ലാഹുവിന്റെ ഹിദായത്ത് കൊണ്ട് കൂടിയാണ് സ്വിറാത്വുല്‍ മുസ്തഖീമില്‍ എത്തുന്നതെന്ന് സാരം.8
ഖുര്‍ആന്‍ അല്ലാഹുവിനെ കലര്‍പ്പും തടസ്സങ്ങളുമില്ലാത്ത പ്രകാശമായാണ് പരിചയപ്പെടുത്തുന്നത്. അതുകൊണ്ട് അല്ലാഹുവിനെ നിഷേധിക്കുന്നവന്‍ പ്രകാശം ലഭിക്കാത്ത അന്ധനായി മാറും. ദൈവികതയുടെ ആശയങ്ങളും ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതിന്റെ തോതനുസരിച്ച് ഒരാളില്‍ അന്ധതയുടെ തോതും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ധാര്‍മിക-സദാചാര ഗുണങ്ങളുടെ പൂര്‍ണത അല്ലാഹുവിലാണ് ഉണ്ടാവുക. ഈ ദൈവിക ഗുണങ്ങള്‍ ഒരാള്‍ എത്രത്തോളം ജീവിതത്തില്‍ സ്വാംശീകരിക്കുന്നോ അത്രത്തോളമാണ് അയാളുടെ ജീവിതത്തില്‍ ദൈവിക പ്രകാശമുണ്ടാവുക. അപ്പോള്‍ അറിവും ചിന്തയും മാത്രമുണ്ടാവുകയും ധാര്‍മിക ഗുണങ്ങളില്ലാതിരിക്കുകയുമാണെങ്കില്‍ ഒരാള്‍ക്ക് ദൈവിക പ്രകാശത്തെ തിരിച്ചറിയാനാകുമെങ്കിലും അതിന്റെ പൂര്‍ണതയിലേക്കെത്താനാകില്ല. ഈ പ്രകാശത്തിന്റെ പൂര്‍ണതയിലേക്ക് തനിക്കാവും വിധം എത്തിപ്പെടല്‍ ഓരോരുത്തരുടെയും ബാധ്യതയാണ്. പഠന - ചിന്തകള്‍ക്കൊപ്പം അതിനായുള്ള ആത്മീയവും ധാര്‍മികവുമായ മാര്‍ഗങ്ങള്‍ തേടലും അനിവാര്യമാണ്.
ദൈവിക നീതി, ചുമതല ഇതൊന്നും മനുഷ്യന് പൂര്‍ണമായും മനസ്സിലാക്കാനാവില്ല. എന്നാല്‍ നീതി പോലുള്ള എല്ലാ ഗുണങ്ങളിലും പൂര്‍ണതയുണ്ടാവുക അല്ലാഹുവിന്റെ നീതിയില്‍ മാത്രമാണെന്ന് നമുക്ക് ഉറച്ച ബോധ്യവുമുണ്ട്. അതുകൊണ്ട് ഒരു മനുഷ്യന്‍ ഈ ലോകത്ത് ഏതൊരു നിയമവിധി കണ്ടെത്തുമ്പോഴും അത് ദൈവിക നീതിയോട് ഏറ്റവും അടുത്തതായിരിക്കണമെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തും; അത് ഒരിക്കലും ദൈവിക നീതിയോട് തുല്യമാകില്ലെങ്കിലും. പ്രത്യക്ഷത്തില്‍ തുല്യമായി തോന്നുന്നതെന്തോ അത് തെരഞ്ഞെടുക്കാനേ നമുക്ക് കഴിയൂ. അതാണ് ഇസ്ലാമിക ഫിഖ്ഹിന്റെ ധര്‍മം. അത് ശാശ്വതമായ തീരുമാനമല്ല; ശാശ്വതവും പൂര്‍ണവുമായ വിധി ദൈവത്തിന്റേതു മാത്രം. വിധിവിലക്കുകള്‍, ഉത്തരവാദിത്തങ്ങള്‍, നാഗരിക ഇടപാടുകള്‍ എന്നിവയിലൊക്കെയുള്ള വിധികള്‍ കണ്ടെത്താനാണ് ഫിഖ്ഹിലൂടെ ശ്രമിക്കുന്നത്. അവിടെയെല്ലാം അവകാശങ്ങള്‍ സംരക്ഷിക്കാനും ശ്രമിക്കും. എന്നാല്‍ ഇതിന്റെയെല്ലാം പൂര്‍ണതയുണ്ടാവുക അല്ലാഹുവിങ്കലാണ്.  ഈ ലോകത്ത് നീതിയുമായി ബന്ധപ്പെട്ട് ഫിഖ്ഹില്‍ പിഴവുകള്‍ വരുത്തുന്നവര്‍  അല്ലാഹുവിന്റെയും അവന്റെ അടിയാറുകളുടെയും അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്.

ശരീഅത്ത്: തത്ത്വവും പ്രയോഗവും 

ചരിത്രത്തില്‍ ശരീഅത്തിന്റെ പ്രയോഗം വൈവിധ്യമാര്‍ന്നതും സങ്കീര്‍ണവുമായ  പ്രക്രിയയായിരുന്നു. ശരീഅ നിയമങ്ങള്‍ ചരിത്രപരമായി വിവിധ സാമൂഹിക-നിയമ പ്രയോഗങ്ങളിലൂടെയാണ് വികസിച്ചുവന്നത്. പ്രമാണവാദവും രാഷ്ട്രീയ താല്‍പര്യങ്ങളും സാമൂഹിക അവസ്ഥകളും നാട്ടുനടപ്പുമെല്ലാം ധന്യമായ ഈ നിയമപ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും അതത് കാലത്ത് വികസിച്ചുവന്ന ശരീഅ നിയമങ്ങള്‍ പ്രമാണപരവും അനുഷ്ഠാനപരവും ആത്മീയവുമായാണ് നിലനിന്നത്. അതായത് ശരീഅ നിയമങ്ങളെന്നത് ചരിത്രപരമായ ഒരു പ്രയോഗം മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളോട് കൊടുക്കല്‍വാങ്ങലുകള്‍ നടത്തിയ ആശയസംഹിതയും തത്ത്വസംഹിതയുമായിരുന്നു അത്.
മുസ്ലിം നിയമതത്ത്വശാസ്ത്രത്തില്‍ ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനലക്ഷ്യം നേര്‍മാര്‍ഗത്തിലെത്തുക എന്നതാണ്. അല്ലെങ്കില്‍ നേര്‍മാര്‍ഗത്തോട് ഏറ്റവും അടുത്ത നിലപാടിലെത്താന്‍ ശ്രമിക്കുക. അതിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക. അഥവാ നീതി, കാരുണ്യം, ദയ തുടങ്ങി അമൂര്‍ത്താശയങ്ങളായി നിലനില്‍ക്കുന്ന മൂല്യങ്ങളെ മനുഷ്യര്‍ക്ക് അനുഭവിക്കാനാവുന്ന മൂര്‍ത്തരൂപങ്ങളാക്കി മാറ്റിയെടുക്കുക (തഹ്ഖീഖു മസ്വാലിഹില്‍ ഇബാദ്). മുസ്ലിം-അമുസ്ലിം എഴുത്തുകാര്‍ പലപ്പോഴും ശരീഅത്തിനെ ഇസ്ലാമിക നിയമം എന്നതിന്റെ പര്യായമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതത്ര സൂക്ഷ്മമല്ല. ഭാഷാപരമായി ശരീഅത്തിന്റെ അര്‍ഥം ജലത്തിന്റെ ഉറവിടം, നല്ല പാത എന്നൊക്കെയാണ്. സാങ്കേതിക ഭാഷയില്‍ ശരീഅത്ത് എന്നാല്‍ അല്ലാഹുവില്‍നിന്ന് ലഭിച്ച മാര്‍ഗദര്‍ശനം എന്നും. അത് പൂര്‍ണവും സമഗ്രവും ഭദ്രവും കലര്‍പ്പറ്റതും മാറ്റമില്ലാത്തതുമാണ്. മറ്റൊരു വാക്കില്‍, ഇസ്ലാമിക നിയമ വ്യവസ്ഥക്ക് പ്രാമാണികവും ധാര്‍മികവുമായ ചട്ടക്കൂടൊരുക്കുന്നത് ശരീഅത്താണ്. എന്നാല്‍ ഇസ്ലാമിക ശരീഅത്തും ഇസ്ലാമിക നിയമവും ഒന്നല്ല.
ശരീഅത്തിന്റെ പ്രഥമവും പ്രധാനവുമായ ഉറവിടം ഖുര്‍ആനാണ്. നിയമങ്ങളുടെ പൊതുവും ധാര്‍മികവുമായ അടിസ്ഥാനങ്ങളാണ് അത് നല്‍കുക. കൃത്യമായ നിയമസ്വഭാവമുള്ള 80-ഓളം ആയത്തുകളാണ് ഖുര്‍ആനിലുള്ളത്. മൊത്തത്തില്‍ ധാര്‍മികവും മറ്റുമായ മൂല്യങ്ങളുടെ അധ്യാപനമാണ് ഖുര്‍ആനില്‍ കൂടുതലുള്ളത്.
ശരീഅത്തിന്റെ മാറ്റമില്ലാത്ത നിയമമായി ഒരു കാര്യത്തെ പരിഗണിക്കണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ നിബന്ധനയാണ്; ഒന്ന്, ദൈവിക പ്രമാണത്തില്‍ ഒരു സംശയത്തിനും ഇടയില്ലാത്ത വിധം വ്യക്തമായി അത് പരാമര്‍ശിച്ചിരിക്കണം. രണ്ട്, ആ നിയമം കൊണ്ട് ഉദ്ദേശിക്കുന്ന മൂല്യത്തെ അത് പൂര്‍ണമായും സാക്ഷാല്‍ക്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാവണം. അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍, റമദാനിലെ നോമ്പ്, ദാനധര്‍മങ്ങള്‍, വ്യഭിചാരം, വ്യഭിചാരാരോപണം, മദ്യം, പന്നിമാംസം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇവക്ക് ഉദാഹരണങ്ങളാണ്. കരാറുകളില്‍ സത്യസന്ധതയുണ്ടാവുക, ബലപ്രയോഗങ്ങളും നിര്‍ബന്ധിക്കലും ഇല്ലാതിരിക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുക പോലുള്ള ധാരാളം കാര്യങ്ങളുമുണ്ട്. സാഹചര്യവും കാലവും മാറിയാലും ഇത്തരം കാര്യങ്ങളുടെ പ്രകൃതം ഒരിക്കലും മാറുകയില്ല.
ദൈവിക ശരീഅത്തിന്റെ ഭാഗമായും ഖുര്‍ആനിക നിയമങ്ങളുടെ ഭാഗമായും വ്യക്തതയോടെ വന്ന വിധികള്‍ ഇസ്ലാമിക നിയമസംഹിതയില്‍ വളരെ കുറച്ചാണുണ്ടാവുക. മാത്രമല്ല,  മാറ്റം സാധ്യമല്ലാത്ത ഇത്തരം വിധികള്‍പോലും അനിവാര്യതകളെ (ളറൂറാത്ത്) പരിഗണിച്ച് നടപ്പാക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് ശരീഅ നിയമങ്ങളുടെ പ്രയോഗവല്‍ക്കരണത്തില്‍ മനുഷ്യന്റെ ചില ആഖ്യാനങ്ങള്‍ക്ക് സാധ്യതകളുണ്ടെന്നാണ്.
ആധുനികരായ ചില പണ്ഡിതര്‍ ശരീഅ വിധികളെ പൊതുതാല്‍പര്യങ്ങള്‍ (മസ്വാലിഹ് മുര്‍സല) പരിഗണിച്ച് മാറ്റാം എന്ന് വാദിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങളെയും അനിവാര്യതകളെയും പൊതുതാല്‍പര്യമായി വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്യുന്നത്. ശരീഅ വിധി പരിഗണനയിലെടുക്കാത്ത പൊതുസംബന്ധിയായ വേറെ ഉന്നത മൂല്യങ്ങളൊന്നും തന്നെയില്ല എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. പൊതുതാല്‍പര്യമെന്നതിനു തന്നെ രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, ആത്മീയം പോലുള്ള പലവിധ മാനങ്ങളാകാമല്ലോ. അപ്പോള്‍ ശരീഅത്ത് പരിഗണിച്ച മൂല്യവ്യവസ്ഥയെ മാനിക്കുകയല്ലാതെ നമുക്ക് വേറെ വഴിയില്ല. ഇവിടെ ഒരു നിര്‍ബന്ധിതാവസ്ഥയില്‍ ശരീഅ വിധി നടപ്പാക്കുന്നത് നിര്‍ത്തിവെക്കുന്നതും പൊതുതാല്‍പര്യം എന്നു പറഞ്ഞ് അങ്ങനെ ചെയ്യുന്നതും ഒരുപോലെയാണെന്ന് മനസ്സിലാക്കുന്നതാണ് തെറ്റ്. ശരീഅത്ത് പരിഗണിച്ച ഉന്നത മൂല്യങ്ങള്‍ക്കപ്പുറത്തുള്ളതെന്ന് പറയപ്പെടുന്ന താല്‍പര്യങ്ങളെ ശരീഅത്ത് മുന്നോട്ടുവെക്കുന്ന മൂല്യവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കുകയാണ് വേണ്ടത്.
ഒരു നിയമത്തിന്റെ പ്രയോഗവല്‍ക്കരണം നിര്‍ബന്ധിതാവസ്ഥയില്‍ മരവിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ശരീഅത്ത് പരിഗണിച്ച മറ്റൊരു പ്രധാനപ്പെട്ട ഉന്നത മൂല്യം സംരക്ഷിക്കലായിരിക്കും. അപ്പോള്‍ ആ അര്‍ഥത്തില്‍ പ്രത്യേക വിധി മരവിപ്പിക്കുമ്പോള്‍ തന്നെ ശരീഅത്തിന്റെ പൊതുനന്മയെന്ന പരിഗണന വ്യക്തമാവുകയാണ് ഈ പ്രക്രിയയിലൂടെ.

ഹുദൂദും പൊതുതാല്‍പര്യങ്ങളും 

പൊതുതാല്‍പര്യവുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത് ഹുദൂദ് (പ്രതിക്രിയകള്‍) വിധികളുമായി ബന്ധപ്പെട്ടാണ്. ഇത്തരം വിധികളുടെ എടുത്തുപറയേണ്ട പ്രത്യേകത അവയില്‍ സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും അവകാശങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുന്നു എന്നതാണ് (ഹുഖൂഖ് മുഖ്തലത്വ). ചാട്ടയടി, എറിഞ്ഞുകൊല്ലല്‍, കൈവെട്ടല്‍ തുടങ്ങിയ ഹുദൂദുകളാണ് ആധുനിക കാലത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമാകുന്നത്. ഒരു വിഭാഗം മുസ്ലിംകള്‍ അവയെ തങ്ങളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ സ്വയംനിര്‍ണയാവകാശത്തിന്റെ തന്നെ ഭാഗമായി മനസ്സിലാക്കുന്നു. മുസ്ലിം സമൂഹത്തിന് പുറത്തുള്ളവര്‍ മിക്കവാറും അവയെ മധ്യകാല ഭീകരതയായും അപരിഷ്‌കൃതത്വമായും കാണുന്നു. മാത്രമല്ല, മുസ്ലിംകളിലും അല്ലാത്തവരിലും പെട്ട, ഇസ്ലാമിക നിയമവ്യവസ്ഥയെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത പണ്ഡിതന്മാര്‍ ഇത്തരം നിയമങ്ങളെ ഇസ്ലാമിക നിയമവ്യവസ്ഥയുടെ ഹൃദയമായും കേന്ദ്രമായും മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ശരീഅ നിയമങ്ങള്‍ ആധുനിക മനുഷ്യാവകാശ സങ്കല്‍പങ്ങളോട് യോജിക്കാത്തതാണെന്ന് അവര്‍ വിധിയെഴുതുകയും ചെയ്യുന്നു.
മധ്യകാല മുസ്ലിം പണ്ഡിതരെല്ലാം ഹദ്ദുകളെ ഒരു മാറ്റവും പരിഷ്‌കരണവും സാധ്യമാകാത്ത സ്ഥിരനിയമങ്ങളായാണ് കാണുന്നത്. ഇത്തരം വിധികള്‍ നടപ്പാക്കാതെ ഇസ്ലാമിക നിയമവ്യവസ്ഥയുടെ നടത്തിപ്പ് സാധ്യമല്ലെന്ന തോന്നലാണ് അവരുടെ ഇടപെടലുകളുണ്ടാക്കിയത്. ഇസ്ലാമിക നിയമവ്യവസ്ഥയിലാകെ നിറഞ്ഞുനില്‍ക്കുന്നത് ഹദ്ദുകള്‍ നടപ്പാക്കലാണെന്ന ധാരണ ഇതു മൂലം വന്നു ചേര്‍ന്നു. എന്നാല്‍ ഇസ്ലാമിക നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ഹുദൂദ് വളരെ വിരളമായേ നടപ്പാക്കപ്പെട്ടിട്ടുള്ളൂ. ഒരു ഹദ്ദ് നടപ്പാക്കാന്‍ എല്ലാ പണ്ഡിതന്മാരും ഒരുപോലെ മുന്നോട്ടുവെക്കുന്ന ഒരുപാട് നിബന്ധനകളും വ്യവസ്ഥകളുമുണ്ട്. അവയൊക്കെ സൂക്ഷ്മമായി പിന്തുടര്‍ന്നാല്‍ ഇത്തരം ശിക്ഷകള്‍ അനുഭവിക്കേണ്ടി വരിക സമൂഹത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന കൊടും ക്രിമിനലുകളാകുമെന്ന് മനസ്സിലാക്കാനാകും. അതാണ് ചരിത്രത്തില്‍ സംഭവിച്ചതും.
ഹുദൂദിനെ, മുമ്പ് വിവരിച്ചതുപോലെ,  ദൈവികമായ ധാര്‍മികതയും സദാചാരവും മൂല്യങ്ങളുമുള്ള ഒരു വ്യവസ്ഥയുടെ ഭാഗമായി മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നതാണ് ഇവിടെ പ്രശ്നം. മാത്രമല്ല ഹുദൂദ് നടപ്പാക്കുന്നതിനു മുമ്പ് പൂര്‍ത്തീകരിക്കേണ്ട വ്യവസ്ഥകളിലും നിബന്ധനകളിലും ഉള്ളടങ്ങിയ വലിയ ദൈവിക താല്‍പര്യങ്ങള്‍ പരിഗണിക്കാതിരിക്കുന്നതും പ്രശ്നമാണ്.  മൊത്തം ദൈവിക മൂല്യവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന രൂപത്തില്‍ ഒരു കുറ്റം നിലനില്‍ക്കുമ്പോഴാണ് ഹുദൂദ് വരുന്നത്. ഇത്തരം ഭീഷണികളില്ലാത്ത സന്ദര്‍ഭങ്ങളില്‍ ചില കുറ്റങ്ങള്‍ ചെയ്യപ്പെട്ടാലും അവയുടെ വിധികളില്‍ സാന്ദര്‍ഭികമായ പുനരാലോചനകള്‍ ആകാമെന്ന് മനസ്സിലാക്കാം. ആ പുനരാലോചനയുടെയും അടിസ്ഥാനം ദൈവികമായ മൂല്യവ്യവസ്ഥയായിരിക്കല്‍ അനിവാര്യവുമാണ്.
ഹുദൂദിന്റെ ഭാഗമായുള്ള ശിക്ഷയുടെ  രൂപഭാവങ്ങളോ രീതിയോ ആകരുത്, മറിച്ച് ആ ഹുദൂദ് വഴി പാലിക്കപ്പെടാന്‍ നിശ്ചയിച്ച മൂല്യമാകണം മാറ്റമില്ലാത്ത ശരീഅത്തിന്റെ ഭാഗമായി പരിഗണിക്കേണ്ടതെന്നാണ് പറയുന്നത്. ഒരു കാര്യത്തില്‍ ഹുദൂദ് വരുന്നതോടെ ആ കാര്യത്തിന്റെ പ്രാധാന്യവും, ആ വിധി മൂലം സംരക്ഷിക്കപ്പെടേണ്ട അവകാശങ്ങളുടെയും താല്‍പര്യങ്ങളുടെയും ശരീഅത്തിലെ സ്ഥാനവുമാണ് വ്യക്തമാകുന്നത്. അതിന്റെ പരിഗണനക്കാവശ്യമായ എല്ലാതരം നടപടികളും ഉണ്ടാവേണ്ടതുണ്ട്. ആ കുറ്റം ചെയ്ത ആളുടെ വ്യക്തിപരമായ അവസ്ഥകള്‍, സാമൂഹികവും രാഷ്ട്രീയവുമായ പരിത:സ്ഥിതികള്‍, നിയമവ്യവസ്ഥയുടെ കാര്യക്ഷമത എന്നിവയെല്ലാം പരിഗണിച്ചാണ് ആ പൊതുതാല്‍പര്യാര്‍ഥം അത് നടപ്പാക്കേണ്ടത്. മാത്രമല്ല, ശിക്ഷയുടെ രൂപത്തിലും ഈ സാഹചര്യമനുസരിച്ചുള്ള മാറ്റങ്ങളുണ്ടാവണം.
പ്രാമാണികരും പൗരാണികരുമായ പണ്ഡിതരെല്ലാം ഇസ്ലാമിക നിയമ പാരമ്പര്യം ഹുദൂദ് നടപ്പാക്കുന്നതില്‍ വളരെ സൂക്ഷ്മത പാലിച്ചിരുന്നു എന്ന് ഒറ്റക്കെട്ടായി പറയുന്നുണ്ട്. സംശയത്തിന്റെ ചെറിയ അംശമെങ്കിലുമുണ്ടെങ്കില്‍ നബി (സ) ഇത്തരം വിധികള്‍ നടപ്പാക്കിയിരുന്നില്ലെന്നതിനും തെളിവുകളുണ്ട്. മാത്രമല്ല ഒരു തെറ്റുകാരനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനേക്കാളേറെ,  അവനെ നേര്‍മാര്‍ഗത്തിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും നബി അനുയായികളെ പഠിപ്പിച്ചു.  ചില കുറ്റങ്ങള്‍ നേരില്‍ കണ്ടവര്‍ തന്നെ തങ്ങള്‍ കണ്ടതുപോലെ പറയുന്നത് നിബന്ധനകള്‍ പൂര്‍ത്തീകരിച്ചു കൊണ്ടല്ലെങ്കില്‍ അത് അവര്‍ക്കെതിരില്‍ ശിക്ഷ നടപ്പാക്കാന്‍ കാരണമാകുമെന്നും ശരീഅത്ത് പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം കുറ്റങ്ങളില്‍ ശിക്ഷ നടപ്പാക്കാന്‍ ചാരവൃത്തിയോ ചുഴിഞ്ഞന്വേഷണമോ പാടില്ലെന്നും പഠിപ്പിച്ചു. ശരീഅത്ത് താല്‍പര്യപ്പെടുന്ന മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണിതെല്ലാം.9
നിയമവ്യവസ്ഥയില്‍ ഹുദൂദ് നടപ്പാക്കുന്നതിലുള്ള സങ്കീര്‍ണതകളും, വ്യാപകമായി ഹുദൂദ് നടക്കാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളും സൂചിപ്പിക്കുന്നത് ഈ ശിക്ഷകളല്ല യഥാര്‍ഥത്തില്‍ ശരീഅത്തിന്റെ മൂല്യവ്യവസ്ഥയുടെ അടിസ്ഥാനം എന്നാണ്. ആ ശിക്ഷകള്‍ കൊണ്ട് തടയാനുദ്ദേശിക്കുന്ന കുറ്റങ്ങള്‍ ഇല്ലാതാക്കുന്നതിലാണ് ശ്രദ്ധ. ഉദാഹരണത്തിന്, മദ്യപാനം തടയുകയെന്നത് ശരീഅത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. എന്നാല്‍ അതിനുള്ള ശിക്ഷ സന്ദര്‍ഭാനുസാരം മാറുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

ദൈവിക സത്യത്തിന്റെ സ്ഥിരത 
  ശരീഅത്തിനെക്കുറിച്ച മൂല്യവ്യവസ്ഥയെന്ന സങ്കല്‍പത്തിനപ്പുറത്തൊരു സങ്കല്‍പമുണ്ട്. ശരീഅത്ത് ദൈവിക നിയമമാണ്. അത് അല്ലാഹുവിങ്കലാണ് നിലനില്‍ക്കുന്നത്. അതിന്റെ യാഥാര്‍ഥ്യവും പൂര്‍ണതയും അവനാണ് അറിയുക. അല്ലാഹുവില്‍നിന്നാണെന്നതിനാല്‍ ശരീഅത്ത് ദൈവികമാണ്. ആ ദൈവികത കൊണ്ടാണ് അത് നിലനില്‍ക്കുന്നതും. മനുഷ്യനിര്‍മിത നിയമങ്ങളെല്ലാം - പല രൂപത്തില്‍ അവ നീതി, സമത്വം, സുരക്ഷിതത്വം തുടങ്ങിയവ ഉറപ്പുവരുത്തുമെങ്കിലും- അനന്തമായി നിലനില്‍ക്കാത്തതും ഒറ്റക്ക് നിലനില്‍ക്കാത്തതുമാണ്. എന്നാല്‍ ദൈവിക ശരീഅത്ത് അങ്ങനെയല്ല.
ഏതൊരു നിയമവ്യവസ്ഥയും അത് നടപ്പാക്കപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ അവസ്ഥകള്‍, കാലഘട്ടത്തിന്റെ പ്രത്യേകതകള്‍, അത് നടപ്പാക്കുന്നവരും അതിന് വഴിപ്പെടുന്നവരുമായ ആളുകളുടെ അവസ്ഥകള്‍ എന്നിവക്കനുസരിച്ചാണ് രൂപപ്പെടുക. എന്നാല്‍ ദൈവിക ശരീഅത്ത് അതിനെല്ലാം മീതെയാണ്. കാരണം അത് എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിയുന്നവനുമായ അല്ലാഹുവില്‍നിന്നുള്ളതാണ്. അതില്‍ മനുഷ്യന് ഒരു പങ്കുമില്ലെന്നതിനാല്‍ അത് പൂര്‍ണതയിലും സത്യത്തിലും തുടരും. എന്നാല്‍ അങ്ങനെ മാത്രമായി ശരീഅത്ത് അവശേഷിച്ചാല്‍ അത് ഉട്ടോപ്യനായ ചില സിദ്ധാന്തങ്ങള്‍ മാത്രമാകും. കാരണം ആളുകള്‍ക്കിടയിലാണ് ഇത് നടപ്പാകേണ്ടത്. അപ്പോള്‍ ആളുകള്‍ക്കിടയില്‍ ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കാനുള്ള വലിയ പ്രേരണയും വഴികാട്ടിയുമായി മേല്‍പറഞ്ഞ ദൈവിക ശരീഅത്ത് നിലനില്‍ക്കും.
മനുഷ്യനെ അല്ലാഹു തന്റെ പ്രതിനിധിയായാണ് ഭൂമിയില്‍ നിശ്ചയിച്ചിരിക്കുന്നത് (ഖുലഫാഉ ഫില്‍ അര്‍ള്). അതുകൊണ്ടുതന്നെ ദൈവികമായ സൗന്ദര്യത്തോടെ ഭൂമിയെ പരിപാലിക്കലും അവിടെ ദൈവിക മാര്‍ഗം പിന്‍പറ്റി ജീവിക്കലും അവരുടെ ബാധ്യതയാണ്. അതിനാല്‍ നന്മകളും ഉപകാരങ്ങളും പ്രോത്സാഹിപ്പിക്കുകയും തിന്മകളും ഉപദ്രവങ്ങളും തടയുകയും ചെയ്യണം (അംറുന്‍ ബില്‍ മഅ്റൂഫി വ നഹ് യുന്‍ അനില്‍ മുന്‍കര്‍). അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിനിധികളും പകരക്കാരുമെന്ന നിലയില്‍ മേല്‍പറഞ്ഞ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.10
ദൈവികമായ ഈ കരാറാണ് മുസ്ലിംകളുടെ ശരീഅത്തിനോടുള്ള നിലപാട് രൂപപ്പെടുത്തുന്നത്. എന്നാല്‍ ശരീഅത്ത് എന്നത് ദൈവികമായ അറിവായാണ് നിലനില്‍ക്കുന്നത്. മനുഷ്യരോട് അതന്വേഷിച്ച് കണ്ടെത്താനും പഠിക്കാനും ചിന്തിക്കാനും നേര്‍മാര്‍ഗം കണ്ടെത്താനും അല്ലാഹു ആഹ്വാനം ചെയ്യുന്നുമുണ്ട്. അപ്പോള്‍ ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തില്‍ സത്യത്തെയും മിഥ്യയെയും ഉപകാരത്തെയും ഉപദ്രവത്തെയും തിരിച്ചറിയാനാണ് ഒരു ഫഖീഹ് ശ്രമിക്കുന്നത്. ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ശരീഅത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അറിവ് അല്ലാഹുവിനാണുള്ളത്. അതിലേക്ക് മനുഷ്യര്‍ക്ക് പൂര്‍ണമായും എത്തിപ്പെടാന്‍ സാധിക്കണമെന്നില്ല. ചിലപ്പോള്‍ ശരിയുടെ ഒരു ഭാഗമാണവര്‍ക്ക് ലഭിക്കുക. എന്നാലും ശരിയോട് ഏറ്റവും അടുത്തത് കണ്ടെത്താന്‍ വിശ്വാസി പരിശ്രമിച്ചുകൊണ്ടിരിക്കണം (ഇമാം ജുവൈനി ഇതിനെ 'ഗലബത്തു ളന്ന്' എന്നാണ് വിശേഷിപ്പിക്കുന്നത്). അപ്പോള്‍ ഈ ലോകത്ത് ഒരു ഭരണാധികാരിക്കോ ഭരണകൂടത്തിനോ ഒരു വിഭാഗത്തിനോ തങ്ങള്‍ പറയുന്നതാണ് പൂര്‍ണ ശരിയെന്ന് ഉറപ്പിച്ചു പറയാനാകില്ല. അങ്ങനെ അവകാശപ്പെടുന്നത് അല്ലാഹുവിന്റെ അറിവില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് വാദിക്കലായിത്തീരും.

കുറിപ്പുകള്‍
1. ഇതേ ആശയത്തില്‍ മറ്റൊരു പ്രശസ്ത നബിവചനവുമുണ്ട്: 'മനുഷ്യന്റെ ധാര്‍മിക മൂല്യങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് ഞാന്‍ അയക്കപ്പെട്ടിട്ടുള്ളത്' (ഇമാം മാലികും ഇബ്നു അബിദ്ദുന്‍യയും റിപ്പോര്‍ട്ട് ചെയ്തത്).
2. അഹ്സനുഹും അഖ്ലാഖ എന്നതിന് ഭാഷാപരമായി യോജിക്കുന്ന അര്‍ഥം ഏറ്റവും സുന്ദരമായ സ്വഭാവം എന്നാണ്. മറ്റൊരു ഹദീസില്‍ 'ആദരണീയ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്' എന്ന് നബി പറഞ്ഞതായുണ്ട് (ബുഖാരി). 'അല്ലാഹുവിലുള്ള വിശ്വാസത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠതയേറിയ കര്‍മം ആളുകളോടുള്ള സല്‍പെരുമാറ്റമാണ്' എന്നും മറ്റൊരു രിവായത്തിലുണ്ട്. ധാര്‍മികതയെ കേന്ദ്രമാക്കിക്കൊണ്ടുള്ള നബിപാഠങ്ങള്‍ ഇമാം ഗസ്സാലി ധാരാളം ഉദ്ധരിക്കുന്നുണ്ട്.
3. ഖുര്‍ആനിലെയും നബിചര്യയിലെയും ധാര്‍മികതയെ സംബന്ധിച്ചുള്ള അധ്യാപനങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ കാണാം. സയ്യിദ് അമീര്‍ അലി ആധികാരികമായ ഉറവിടങ്ങളില്‍നിന്ന് ഇത്തരം രിവായത്തുകളെ ശേഖരിച്ചിട്ടുണ്ട്.
4. പ്രാമാണിക ഉസ്വൂലുല്‍ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഹുസ്ന്, ഖുബ്ഹ് (നന്മ, തിന്മ) എന്ന തലക്കെട്ടിലാണ് നിയമവും ധാര്‍മികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ പ്രാമാണിക ഫഖീഹുകളുടെ പ്രധാന ശ്രദ്ധ നിയമതത്ത്വശാസ്ത്രത്തിനും നിയമത്തിന്റെ സ്വഭാവത്തിനും അപ്പുറത്ത് നിയമപ്രവര്‍ത്തനങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിലായിരുന്നെന്നു കാണാം. അതുകൊണ്ടുതന്നെ ഈ ഫഖീഹുകള്‍ യഥാര്‍ഥ നീതിക്കുമപ്പുറം വ്യാവഹാരിക നീതിയെക്കുറിച്ചാണ് നിയമപരമായി സംസാരിച്ചത്. ആരാണ് ശരി (മുസ്വവ്വിബ), ആരാണ് തെറ്റ് (മുഖാത്വിഅ) എന്നതായിരുന്നു അവരുടെ പ്രധാന പരിഗണന.
5. ഈ ലേഖനത്തില്‍ അല്ലാഹുവിന്റെ വിശേഷ നാമങ്ങളെ പറയുന്നത് 99 നാമങ്ങള്‍ എന്ന അര്‍ഥത്തിലല്ല. ഈ 99 നാമങ്ങളുടെ അല്ലാഹുവിന്റെ റബ്ബാനിയ്യത്തുമായുള്ള ബന്ധവും മറ്റും ഈ ലേഖനത്തിന്റെ വിഷയമല്ല.
6. നീതി, വിവേകം, ക്ഷേമം, സത്യസന്ധത തുടങ്ങിയ രൂപങ്ങളിലാണ് ധാര്‍മിക സ്വഭാവം (ഖുലുഖ്) നിലനില്‍ക്കുന്നതെന്നാണ് ഇബ്നുല്‍ ഖയ്യിം പറയുന്നത്.
7. റാഗിബ് അല്‍ ഇസ്ഫഹാനി, ഖുര്‍ആന്‍ വാക്യങ്ങളുടെ അര്‍ഥവ്യാപ്തി വിശദീകരിച്ച പണ്ഡിതനാണ്.
8. ലേഖകന്‍ ഊന്നുന്നത് ബൗദ്ധിക സത്യസന്ധതയും യുക്തിയുടെ ശരിയായ ഉപയോഗവും നേരിനോടുള്ള സ്നേഹവും തെറ്റിനോടുള്ള വെറുപ്പും ഒരാളില്‍ ഉണ്ടാവല്‍ അനിവാര്യമാണ് എന്നതിലാണ്.
9. സൂറത്തുല്‍ ഹുജുറാത്ത് 12ാം വചനം ചാരപ്രവര്‍ത്തനം നിരോധിക്കുന്നു. ആളുകളെ കുറിച്ച് തെറ്റ് വിചാരിക്കുന്നതില്‍ നിന്ന് അകന്നുനില്‍കണമെന്നും (ഇജ്തനിബൂ കസീറന്‍ മിനള്ളന്ന്) ആളുകളെക്കുറിച്ച് ചുഴിഞ്ഞന്വേഷിക്കരുതെന്നും (വലാ തജസ്സസൂ) ഇവിടെ പഠിപ്പിക്കുന്നു. സൂറത്തുന്നൂറിലെ 27ാം വചനം മറ്റുള്ളവരുടെ വീടുകളിലേക്ക് അവരുടെ അനുവാദമില്ലാതെ കയറുന്നത് വിലക്കുന്നു. അതുപോലെ ഉമറി(റ)നെക്കുറിച്ചുള്ള ഒരു സംഭവവും വളരെ പ്രസിദ്ധമാണ്. ഉമര്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരാളുടെ വീട്ടില്‍നിന്ന് പാട്ട് കേട്ടു. ഉമര്‍ മതില് ചാടി വീട്ടിനകത്തു കയറി, അപ്പോള്‍ അയാളെ ഒരു പെണ്ണിനൊപ്പം കണ്ടു. ഉടനെ അയാള്‍ ഉമറിനോട് പറഞ്ഞു: 'ഞാന്‍ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ. താങ്കള്‍ മൂന്ന് ദൈവകല്‍പനകള്‍ ലംഘിച്ചിട്ടുണ്ട്. അല്ലാഹു ചുഴിഞ്ഞന്വേഷിക്കരുതെന്ന് പറഞ്ഞു, അത് താങ്കള്‍ തെറ്റിച്ചു. വീടുകളിലേക്ക് നേരായ വഴിയിലൂടെ വരണമെന്ന് പഠിപ്പിച്ചു, അത് താങ്കള്‍ ചെയ്തില്ല. മറ്റുള്ളവരുടെ വീട്ടില്‍ അനുവാദമില്ലാതെ കയറരുതെന്ന് പഠിപ്പിച്ചു, താങ്കള്‍ അനുവാദം ചോദിക്കാതെയാണ് ഇവിടെ കയറിയത്.' ഇതു കേട്ട ഉമര്‍ അയാളോട് ക്ഷമ ചോദിച്ച് അവിടെ നിന്ന് മടങ്ങി.
10. നന്മ കല്‍പിക്കുക, തിന്മ തടയുക എന്നത് ധാരാളം എഴുതപ്പെട്ട ഇസ്ലാമിക സിദ്ധാന്തമാണ്. ലേഖകന്റെ തന്നെ സ്വതന്ത്രമായ പഠനം ഈ വിഷയത്തിലുണ്ട്. 

വിവ: പി.പി ജന്ന

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (12-17)
ടി.കെ ഉബൈദ്‌