Prabodhanm Weekly

Pages

Search

2021 മെയ് 28

3203

1442 ശവ്വാല്‍ 16

ബിന്‍ സഗര്‍ കുഞ്ഞിമുഹമ്മദ്

ഗഫൂര്‍ ചേന്നര

വേങ്ങരയിലെ മേമാട്ടുപാറ സ്വദേശി കൊടപ്പന കുഞ്ഞിമുഹമ്മദ് സാഹിബിന്റെ ആകസ്മിക നിര്യാണത്തോടെ ആത്മാര്‍ഥതയും കാര്യശേഷിയുമുള്ള ഒരു സജീവ പ്രവര്‍ത്തകനെയാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്ന് നഷ്ടമായത്. സുഊദി അറേബ്യയിലെ പ്രാസ്ഥാനിക കൂട്ടായ്മയായ കെ.ഐ.ജിയുടെ ജിദ്ദ നോര്‍ത്ത് സോണ്‍ പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയാ പ്രസിഡന്റ്, കൊളപ്പുറത്തെ മലബാര്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, പ്രാസ്ഥാനിക കേന്ദ്രമായ ഹിറാ സെന്ററില്‍ അക്കൗണ്ടെന്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. സൗമ്യനും ഭക്തനും ലാളിത്യത്തിന്റെ പ്രതീകവുമായ അദ്ദേഹത്തിന്റെ ജീവിതം ധന്യവും മാതൃകാപരവുമായിരുന്നു.
സുഊദിയില്‍ പ്രവാസികളായ പ്രസ്ഥാന പ്രവര്‍ത്തകര്‍ സ്ഥാപിച്ച കേരള ഇസ്ലാമിക് ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. 1998 - ല്‍ ജമാഅത്ത് അംഗമായ അദ്ദേഹം കെ.ഐ.ജിയുടെ വിവിധ പരിപാടികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ എന്നും മുന്നിലുണ്ടായിരുന്നു.
യാഥാസ്ഥിതിക ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞിമുഹമ്മദ് സാഹിബ് വേങ്ങര ഏരിയയില്‍ ഇസ്ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
ഇസ്ലാമിക പ്രസ്ഥാനത്തെ തന്റെ കര്‍മമണ്ഡലമായി തെരഞ്ഞെടുത്തതു മുതല്‍ അതിന്റെ മുന്‍നിര പ്രവര്‍ത്തകനായി അദ്ദേഹം മാറി. താന്‍ മനസ്സിലാക്കിയ സത്യപാന്ഥാവിലേക്ക് അദ്ദേഹം കുടുംബക്കാരെയും സുഹൃത്തുക്കളെയും ക്ഷണിച്ചു. ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ കളിക്കാരനായതുകൊണ്ട് വലിയ ഒരു സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു.
ജിദ്ദയിലെ ബിന്‍ സഗര്‍ ഷിപ്പിംഗ് കമ്പനിയില്‍ മൂന്ന് പതിറ്റാണ്ടുകാലം ജോലിചെയ്ത അദ്ദേഹം ബിന്‍ സഗര്‍ കുഞ്ഞിമുഹമ്മദ് എന്ന പേരിലാണ് പ്രവാസി സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.
പ്രവാസജീവിതം ഖുര്‍ആന്‍ പഠിക്കാന്‍ അദ്ദേഹം പ്രയോജനപ്പെടുത്തി. കെ.ഐ.ജി നേതാക്കളായിരുന്ന ജമാല്‍ മലപ്പുറം, വി.കെ ജലീല്‍ എന്നിവരുടെ ഖുര്‍ആന്‍- ഇസ്ലാമിക ക്ലാസുകളില്‍ അദ്ദേഹം സ്ഥിരോത്സാഹത്തോടെ പങ്കെടുത്തു. ഖുര്‍ആനികാധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ജീവിതത്തെ ഇസ്ലാമികമായി ചിട്ടപ്പെടുത്താനും സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്താനും ശ്രദ്ധിച്ചിരുന്നു.
തന്റെ അടുത്ത കുടുംബാംഗങ്ങളെ മുഴുവന്‍ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു.
ജമാഅത്ത് അംഗമായ ഭാര്യ സാഹിറ വേങ്ങര ഏരിയ വനിതാ വിഭാഗം കണ്‍വീനറായിരുന്നു. മൂത്ത മകന്‍ മാജിദ് ജിദ്ദ യൂത്ത് ഇന്ത്യയുടെ നേതാക്കളില്‍ പ്രമുഖനാണ്. ഇളയ മകള്‍ റജീന മലപ്പുറം ജില്ലാ ജി.ഐ.ഒ പ്രസിഡന്റായിരുന്നു.
മറ്റു മക്കളായ വാജിദ, നജ്ല, അംജദ് എന്നിവരും മരുമക്കളായ ജസീല തിരൂര്‍, ഖാലിദ് ആതവനാട് (മസ്‌കത്ത്), ശഫീഖ് താനൂര്‍ (ഷാര്‍ജ), ലുത്ഫി അബ്ദുല്ലത്വീഫ് ഓമശ്ശേരി (പൂനെ) എന്നിവരും പ്രസ്ഥാന പ്രവര്‍ത്തകരാണ്.

 

ഹാജറ ഹജ്ജുമ്മ

വടക്കാങ്ങരക്കാരുടെ പ്രിയങ്കരിയായ, വട്ടമ്മ എന്ന വെങ്കിട്ട ചെറുവമ്പതൊടി ഹാജറ ഹജ്ജുമ്മ അല്ലാഹുവിങ്കലേക്ക് യാത്രയായി. പരേതനായ കരുവാട്ടില്‍ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ഭാര്യയായിരുന്ന അവര്‍, വെല്ലുവിളികള്‍ നിറഞ്ഞ പ്രസ്ഥാന പ്രവര്‍ത്തന ചരിത്രത്തിന്റെ ആദ്യ ഘട്ടത്തില്‍, ധൈര്യവും സ്ഥൈര്യവും പകര്‍ന്ന് അദ്ദേഹത്തിന്റെ പിന്നില്‍ ഉറച്ചുനിന്ന മഹതിയായിരുന്നു. സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അവര്‍. താന്‍ ഇടപഴകുന്നവരുമായൊക്കെ ആഴത്തിലുള്ള ആത്മബന്ധം പുലര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
മക്കളെയെല്ലാം ദീനീ ചിട്ടയുള്ളവരായി വളര്‍ത്താനും അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. മക്കളെ പ്രചോദിപ്പിച്ച വേറിട്ട  ഉമ്മയായിരുന്നു അവര്‍. മക്കളുടെ വീഴ്ചകളെ കണിശതയോടെ തിരുത്തി, സ്‌നേഹപൂര്‍വം ഉപദേശിച്ച് അകക്കണ്ണ് തുറപ്പിച്ചു. സാധാരണ പ്രസ്ഥാന കുടുംബങ്ങളില്‍ കാണാറുള്ള ഒരു കാഴ്ചയാണ് പ്രസ്ഥാന പരിപാടികളോടുള്ള മക്കളുടെ താല്‍പര്യക്കുറവും അസാന്നിധ്യവും. എന്നാല്‍ തന്റെ മക്കളും പേരക്കുട്ടികളും ഒരിക്കലും അങ്ങനെ ആവരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പാര്‍ട്ടിയും പ്രസ്ഥാനവും വീട്ടിലെ ചര്‍ച്ചകളില്‍ ലൈവാക്കി നിലനിര്‍ത്തിയും സ്‌നേഹപൂര്‍വം ഉപദേശിച്ചും എല്ലാവരെയും പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതില്‍ അവര്‍ വിജയിച്ചു.
വട്ടമ്മയുടെ ഏറ്റവും വലിയ സവിശേഷത, കുടുംബ ബന്ധങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ കാണിച്ച അനുഷ്ഠാനം പോലെയുള്ള നിഷ്‌കര്‍ഷയാണ്. കുടുംബബന്ധങ്ങളെ വിവാഹ ബന്ധങ്ങളിലൂടെ ചേര്‍ത്ത്, ഒന്നുകൂടി ഉറപ്പിക്കാന്‍ അവര്‍ക്ക്  പ്രത്യേക താല്‍പ്പര്യമായിരുന്നു. പേരക്കുട്ടികളുടെ പേരുകളുടെ കൂടെ മോനും മോളും ചേര്‍ത്തേ വിളിക്കൂ. അവരുടെയെല്ലാം റോള്‍ മോഡലായിക്കൊണ്ട്, ജീവിതത്തെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണാനും ഉയര്‍ന്ന വിദ്യാഭ്യാസം നേടാനും അവര്‍ അവരെ നിരന്തരം പ്രചോദിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അവര്‍ക്ക് നല്ല അറിവും പ്രായോഗിക ബുദ്ധിയും ഉണ്ടായിരുന്നു. ഇന്നീ കുടുംബത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷനലുകള്‍ ഉണ്ടായത് വട്ടമ്മ അവരുടെ മനസ്സുകളില്‍ പാകിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് .
കലയോടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടുമുള്ള തന്റെ അഭിനിവേശം മക്കളിലേക്കും പേരക്കുട്ടികളിലേക്കും പകരാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു . കലയും സംഗീതവും സിനിമയുമൊക്കെ സമുദായത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമാണെന്ന് മുമ്പ് മുതല്‍ക്കേ അവര്‍ ഉറച്ചു വിശ്വസിച്ചു. കാലഘട്ടത്തിന് അപ്പുറം ചിന്തിക്കാനും പരിശ്രമിക്കാനും അവര്‍ നിരന്തരം പ്രേരിപ്പിച്ചു.  പേരക്കുട്ടിയെ സംഗീതം പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തു. സിനിമ വരെ എത്തിയ ആ വിശാലത ആ കാലത്ത് അചിന്തനീയമായിരുന്നു. പേരമകള്‍ ഹന്നാ യാസിറിന്റെ വളര്‍ച്ചയില്‍ അവര്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
വട്ടമ്മയുടെ മറ്റൊരു പ്രത്യേകതയായിരുന്നു അങ്ങേയറ്റത്തെ ആതിഥ്യമര്യാദയും സല്‍ക്കാരപ്രിയതയും . പ്രസ്ഥാന നേതാക്കള്‍ ഏതു പരിപാടിക്ക് വന്നാലും അവരെ ഊട്ടുന്നതില്‍ വല്ലാത്തൊരു താല്‍പര്യമായിരുന്നു അവര്‍ക്ക്. അഖിലേന്ത്യാ നേതാക്കളുള്‍പ്പെടെ നാട്ടിലും കുടുംബത്തിലും പ്രസ്ഥാന രംഗത്തും വട്ടമ്മയുടെ സല്‍ക്കാര പ്രിയം അനുഭവിക്കാത്തവര്‍ വളരെ കുറവായിരിക്കും. ആളുകളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്  അവരെ സഹായിക്കും. നാട്ടില്‍ നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം ഉണ്ടെങ്കില്‍, തന്റെ ആഭരണങ്ങള്‍ ഊരിക്കൊടുത്തും മക്കളോട് ചോദിച്ചും അവര്‍ അത് നടത്തിക്കൊടുക്കും. ചികിത്സിക്കാന്‍ പണമില്ലാത്തവര്‍, വീടില്ലാത്തവര്‍ ഇവര്‍ക്കൊക്കെ സഹായം എത്തിക്കല്‍ ജീവിത ദൗത്യമായി അവര്‍ കണ്ടു. 
പ്രസ്ഥാനവും പാര്‍ട്ടിയും അവര്‍ക്ക് ജീവവായു  തന്നെയായിരുന്നു. വടക്കാങ്ങരയുടെ പ്രസ്ഥാന ചരിത്രം,  അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സംവാദ ചരിത്രങ്ങള്‍ എല്ലാം വട്ടമ്മ പറയുമ്പോള്‍ ആരും കൗതുകത്തോടെ കേട്ടിരുന്നുപോകും. എത്ര അനാരോഗ്യം ഉണ്ടായാലും പ്രസ്ഥാന പരിപാടികള്‍ എവിടെയാണെങ്കിലും അതില്‍ മുന്‍നിരയില്‍ തന്നെ പങ്കെടുക്കാന്‍ അവര്‍ ഉത്സാഹിക്കും. വടക്കാങ്ങര വനിതാ ഹല്‍ഖയുടെ നേതൃത്വമേറ്റെടുത്തിരുന്ന സമയത്ത് ഹല്‍ഖാ യോഗങ്ങള്‍ ചടുലത കൊണ്ടും കൃത്യനിഷ്ഠ കൊണ്ടും വ്യതിരിക്തമായിരുന്നു.  മക്കളും പേരമക്കളും ദീനീ ചിട്ടയും ആദര്‍ശനിഷ്ഠയും ഉള്ളവരായി ജീവിക്കണമെന്നതില്‍ അവര്‍ വിട്ടുവീഴ്ചയില്ലാത്ത കണിശത പുലര്‍ത്തി. മക്കള്‍: സുബൈദ, സുഹ്‌റ, സനിയ, അനസ്, അമീന്‍, ലൈല, ജാബിര്‍, യാസിര്‍.

ജമാല്‍ ആന്തൂരത്തൊടി

 

അബ്ദുല്ലത്വീഫ്, കരമന

'സ്വര്‍ഗം സ്വപ്‌നം കണ്ട പ്രവര്‍ത്തകന്‍ ' ആയിരുന്നു കരമന അബ്ദുല്ലത്വീഫ് സാഹിബ്. കുറിപ്പുകാരന്‍ അദ്ദേഹത്തെ പരിചയപ്പെട്ട നാള്‍ മുതല്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്,  തന്റെ സ്വര്‍ഗപ്രവേശനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടല്ലാതെ ഞങ്ങളുടെ സംഭാഷണം അവസാനിപ്പിക്കാറുണ്ടായിരുന്നില്ല.
ഏറെ നാളത്തെ വേദന നിറഞ്ഞ രോഗാവസ്ഥക്കു ശേഷം അദ്ദേഹം നാഥനിലേക്കു മടങ്ങിയെന്ന വാര്‍ത്ത ഏറെ അവിശ്വസനീയതയോടെയും സങ്കടത്തോടെയുമാണ് ഞങ്ങള്‍ സ്വീകരിച്ചത്.
   ഉദാരത കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വിനയാന്വിതമായ പെരുമാറ്റങ്ങള്‍ കൊണ്ടും കരമന പ്രദേശത്ത് പ്രസ്ഥാനത്തിന് ജനകീയാടിത്തറ ഉറപ്പാക്കുന്നതില്‍ വിജയിച്ച പ്രസ്ഥാന പോരാളിയാണ് അദ്ദേഹം. തിരുവനന്തപുരം നഗരത്തിലെ  പ്രാസ്ഥാനിക ബഹുജന സംഗമങ്ങളില്‍ പലപ്പോഴും ഏറ്റവും കൂടുതല്‍ പ്രാദേശിക പങ്കാളിത്തം കരമനയില്‍ നിന്നാവുന്നതില്‍ ലത്വീഫ് സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു.
   വിവിധ മുസ്ലിം കൂട്ടായ്മകളുമായി ഏറെ അടുപ്പമുണ്ടായിരുന്നു. കരമന മുസ്ലിം ജമാഅത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡന്റായി ഏറെ നാള്‍ പ്രവര്‍ത്തിച്ചു. ഇതു വഴി അദ്ദേഹം ഉണ്ടാക്കിയെടുത്ത  ബന്ധങ്ങള്‍ പ്രസ്ഥാനത്തിന് കരമന പ്രദേശത്ത് സാമൂഹികാംഗീകാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.  കരമനയിലെ പ്രാസ്ഥാനിക സംഗമങ്ങള്‍ക്ക് ഒരു ആസ്ഥാനം അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ നിതാന്ത യത്‌നങ്ങള്‍  'കരമന ഇസ്ലാമിക്  ആന്റ് കള്‍ച്ചറല്‍ സെന്റര്‍' എന്ന ലക്ഷ്യം അസാധാരണമായ വേഗത്തില്‍ സാക്ഷാത്കരിക്കാന്‍ നിമിത്തമാവുകയും ചെയ്തു.
തൊട്ടരികില്‍ മഹല്ല് ജമാഅത്ത് മദ്‌റസ ഉണ്ടായിരിക്കെ, അവിടെ പോകാന്‍ സാധിക്കാത്ത കുട്ടികള്‍ക്കായി മജ്‌ലിസിന്റെ അംഗീകാരത്തോടെ ഒരു മദ്‌റസ മാതൃകാപരമായി നടന്നുവരുന്നതില്‍ ലത്വീഫ് സാഹിബിന്റെ നിസ്തുല പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല. പ്രദേശത്ത് സാമ്പത്തികമായി പിന്നാക്കമായവരുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തനമാരംഭിച്ച  'അല്‍ ശിഫാ ചാരിറ്റബ്ള്‍ സൊസൈറ്റി'യുടെ അണിയറ ശില്‍പികളില്‍ പ്രമുഖനും അദ്ദേഹം തന്നെയായിരുന്നു.
ചാല  കമ്പോളത്തിലെ വ്യാപാരിയായിരുന്നു അബ്ദുല്ലത്വീഫ് സാഹിബ്. പ്രദേശത്തെ  വ്യാപാരി-വ്യവസായി കൂട്ടായ്മയുടെ വാര്‍ഷിക യോഗങ്ങളിലും ഇതര ആഘോഷ വേളകളിലും നടത്തി വന്നിരുന്ന മദ്യ സല്‍ക്കാരവും ആര്‍ഭാട ഭക്ഷണം വിളമ്പലും  അവസാനിപ്പിക്കുന്നതില്‍ ലത്വീഫ് സാഹിബിന്റെ നിര്‍ണായക ഇടപെടല്‍ ചാലയിലെ വ്യാപാരികള്‍   അഭിമാനത്തോടെ ഓര്‍ക്കുന്നു. അത്തരം സദ്യകളില്‍ ചെലവഴിക്കുന്ന പണം ചാല  പ്രദേശത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വകമാറ്റിയത് അദ്ദേഹത്തിനും പ്രസ്ഥാനത്തിനും ഏറ്റവും ഗുണകരമായി ഭവിച്ചു.
ഏറെ ധര്‍മിഷ്ഠനായിരുന്ന അദ്ദേഹം വലതു  കൈ നല്‍കുന്നത് ഇടതു കരം അറിയാതിരിക്കാന്‍ അക്ഷരാര്‍ഥത്തില്‍ ശ്രദ്ധിച്ചുപോന്നു. സകാത്ത് കൃത്യമായി കണക്കുകൂട്ടി നല്‍കുന്നതില്‍  കണിശത പുലര്‍ത്തി. ഔപചാരികമായി  പ്രാഥമിക വിദ്യാഭ്യാസം മാത്രം കരസ്ഥമാക്കാനേ ലത്വീഫ് സാഹിബിന്  കഴിഞ്ഞുള്ളൂവെങ്കിലും  ഇസ്ലാമിക പുസ്തക വായനയിലും ഖുര്‍ആന്‍ പഠനത്തിലും സജീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
കുടുംബത്തെ പ്രസ്ഥാന മാര്‍ഗത്തില്‍ അറിയുറപ്പിച്ചു നിര്‍ത്തുന്നതിലും ജാഗ്രത പുലര്‍ത്തി.
സഹധര്‍മിണി നസീമ കരമന വനിതാ ഹല്‍ഖ നാസിമത്തായിരുന്നു. ഇളയ മകന്‍ ടീന്‍ ഇന്ത്യ റബ് വ 2020 ബാച്ചിലെ അംഗമാണ്. യാഥാസ്ഥിതിക പാരമ്പര്യം പുലര്‍ത്തിയിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ഒരുപരിധിയോളം പുരോഗമനാശയങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഹജ്ജ് അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമായിരുന്നു. ആ ലക്ഷ്യം പൂവണിഞ്ഞത്, അതിനു വേണ്ടി പണം കണ്ടെത്തിയത് തന്റെ രണ്ടു വ്യാപാര സ്ഥാപനങ്ങളിലൊന്ന് വില്‍പന നടത്തിക്കൊണ്ടാണ്. കൊച്ചു ബാലനായിരുന്ന ഇളയ മകനുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാവരോടുമൊത്തായിരുന്നു ഹജ്ജ് കര്‍മം. അറിയുന്നവര്‍ക്കെല്ലാം ഒരത്ഭുതം തന്നെയായിരുന്നു ലത്വീഫ് സാഹിബ്. ഭാര്യ: നസീമ. മക്കള്‍: ബിലാല്‍,  ഹസനുല്‍ ബന്ന, മര്‍യം.

റഫീഖ് ബിന്‍ സഈദ്, തിരുവനന്തപുരം നോര്‍ത്ത്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (12-17)
ടി.കെ ഉബൈദ്‌