ഹമാസ് സമവാക്യങ്ങള്‍ തിരുത്തുന്നു
ഇത്തവണയും ഫലസ്ത്വീന്‍ യുദ്ധത്തിന് കാരണക്കാര്‍ സാധാരണത്തേതു പോലെത്തന്നെ ഇസ്രയേലാണ്. എന്നാല്‍ യുദ്ധം ആരംഭിച്ചത് ഹമാസായിരുന്നു. ശൈഖ് ജര്‍റാഹ് പ്രദേശത്തു നിന്ന് ഫലസ്ത്വീനികളെ ആട്ടിയോടിച്ച് അധിനിവേശം നടത്താന്‍ ശ്രമിക്കുകയും അതിന്റെ തുടര്‍ച്ചയായി ബൈത്തുല്‍ മഖ്ദിസില്‍ പ്രവേശനം തടയുകയും നമസ്‌കരിക്കാനെത്തിയവര്‍ക്കെതിരെ ആയുധം പ്രയോഗിക്കുകയും ബൈത്തുല്‍ മഖ്ദിസ് ഉപരോധിക്കുകയും ചെയ്തപ്പോള്‍ ഹമാസ് ഇസ്രയേലിനു മുന്നറിയിപ്പു നല്‍കി, ആറു മണിക്കകം ബൈത്തുല്‍ മഖ്ദിസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന്. കൃത്യം ആറു മണിക്ക് ഗസ്സയില്‍ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് മിസൈല്‍ വര്‍ഷം ആരംഭിച്ചു. ഇതെഴുതുമ്പോള്‍ ഇസ്രയേലിന്റെ മിസൈല്‍ ഉപരോധങ്ങളെ മറികടന്നുകൊണ്ട് ഹമാസിന്റെ രണ്ടായിരത്തിലധികം മിസൈലുകള്‍ തെല്‍അവീവ് ഉള്‍പ്പെടെ ഇസ്രയേല്‍ നഗരങ്ങളില്‍ പതിച്ചു കഴിഞ്ഞിരിക്കുന്നു. ഇസ്രയേല്‍ ശക്തമായ തിരിച്ചടി തുടരുന്നുമുണ്ട്. ഗസ്സയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഇരുനൂറിലധികം പേര്‍ രക്തസാക്ഷികളായി. മന്ത്രാലയങ്ങളും വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. അല്‍ ജസീറയുടെയും അസോസിയേറ്റഡ് പ്രസ്സിന്റെയും ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. ഖത്തര്‍ റെഡ് ക്രസന്റ് ഓഫീസും നശിപ്പിക്കപ്പെട്ടു.
ചുരുക്കത്തില്‍, ഈ യുദ്ധത്തിലും വന്‍ നാശനഷ്ടങ്ങളുണ്ടായത് ഫലസ്ത്വീനികള്‍ക്കു തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇസ്രയേല്‍ മാധ്യമങ്ങളും സയണിസ്റ്റ് എഴുത്തുകാരും യുദ്ധത്തിലെ യഥാര്‍ഥ വിജയി ഹമാസാണെന്ന് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. കാരണങ്ങള്‍ ഇവയാണ്:
മൂന്നു കിലോമീറ്റര്‍ മാത്രം ദൂരപരിധിയുണ്ടായിരുന്ന ഹമാസിന്റെ മിസൈലുകളുടെ ശക്തി 250 കിലോമീറ്ററിലെത്തിക്കാനും ഇസ്രയേലിന്റെ ഏതു ഭാഗത്തും ആക്രമണം നടത്താനുമുള്ള ശേഷി ഈ യുദ്ധത്തില്‍ ഹമാസ് തെളിയിച്ചു. പുറമെ പൈലറ്റില്ലാ യുദ്ധ വിമാനവും ഇതാദ്യമായി പരീക്ഷിച്ചു. ഹമാസിന്റെ 300 ഡോളര്‍ വരുന്ന ഒരു മിസൈലിനെ തടയാന്‍ ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ ചെലവഴിക്കുന്നത് അമ്പതിനായിരം ഡോളറാണ്. എന്നിട്ടും തടയാന്‍ കഴിയുന്നില്ല. അതിനെ മറികടക്കാനുള്ള വിദ്യകളും ഹമാസ് പഠിച്ചുവെച്ചിരിക്കുന്നു. ഇസ്രയേലിന്റെ ഏതു ഭാഗത്ത് താമസിക്കുന്ന ജൂതനും ഹമാസ് മിസൈലുകളെ പേടിച്ചു കഴിയേണ്ട സാഹചര്യം രൂപപ്പെട്ടുകഴിഞ്ഞു. രാജ്യത്ത് മുഴുവന്‍ ഷെല്‍ട്ടറുകള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു. സൈറണുകള്‍ ജൂതന്മാരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സുരക്ഷിതത്വം തേടി സമാധാനത്തോടെ ജീവിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇസ്രയേലിലെത്തിയ 80 ലക്ഷത്തോളം വരുന്ന ജൂത പൗരന്മാര്‍ ഇന്ന് തികച്ചും അരക്ഷിതര്‍. ഇസ്രയേല്‍ തലസ്ഥാന നഗരിയായ തെല്‍അവീവില്‍ ജനങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങണം, പുറത്തിറങ്ങരുത് എന്ന് തിരുമാനിക്കുന്നത് ഇപ്പോള്‍ നെതന്യാഹുവല്ല, ഹമാസ് സൈനിക മേധാവി അബൂ ഉബൈദയാണ്. ഗസ്സയിലെ ജനങ്ങളെപ്പോലെ മരിക്കാന്‍ തയാറായി നില്‍ക്കുന്നവരല്ല ഇസ്രയേലികള്‍. സ്വസ്ഥമായി ജീവിക്കാന്‍ വേണ്ടി വന്നിട്ടുള്ളവരാണ്. അവരുടെ പ്രകൃതമോ ഖുര്‍ആന്‍ പറഞ്ഞതു പോലെ 'ജനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം ജീവിതത്തെ പ്രേമിക്കുന്നവര്‍' (അല്‍ ബഖറ 96) എന്നതാണ്. ഹമാസ് ആക്രമണത്തില്‍ ഇരുപതോളം ജൂതന്മാര്‍ മരിച്ചുവെന്നാണ് ഇസ്രയേല്‍ പറയുന്നത്. യഥാര്‍ഥത്തില്‍ നൂറോളം പേര്‍ മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ലോകത്ത് ഒരു ജൂതന്റെ മൃതദേഹത്തിന് ആയിരം ഫലസ്ത്വീനീ മൃതദേഹങ്ങളുടെ വിലയുണ്ട്!
ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ മുഴുവന്‍ സ്ട്രാറ്റജിയും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഈ യുദ്ധം തെളിയിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സര്‍വതും നിഷേധിച്ച് തങ്ങള്‍ ഉപരോധത്തിലിട്ട ഒരു ജനതയാണ് ഇത്രയും ശക്തമായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ഹമാസ് യുദ്ധം ചെയ്തത് ഗസ്സക്കു വേണ്ടിയല്ല; നേര്‍ക്കു നേരെ ബൈത്തുല്‍ മഖ്ദിസിനു വേണ്ടിയായിരുന്നു. അതുകൊണ്ട് സംഘര്‍ഷം ഇത്തവണ ഗസ്സയില്‍ മാത്രമല്ല, ഇസ്രയേലിലുടനീളമാണ്. 200 - ലധികം സ്ഥലങ്ങളില്‍ ഫലസ്ത്വീനികളും പട്ടാളവും, അല്ലെങ്കില്‍ ഫലസ്ത്വീനികളും ജൂത അധിനിവേശകരും തമ്മില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പലയിടങ്ങളിലും അത് രക്തരൂഷിതവുമാണ്. ഇതോടെ മൊത്തം ഫലസ്ത്വീന്‍ വിമോചന പോരാട്ടത്തിന്റെ നേതൃത്വം ഹമാസിന്റെ കൈകളിലേക്ക് വന്നിരിക്കുന്നു.
മേല്‍ യാഥാര്‍ഥ്യങ്ങള്‍ മുന്‍കൂട്ടി കാണാതെ യുദ്ധത്തിലേക്ക് എടുത്തു ചാടുകയാണ് നെതന്യാഹു ചെയ്തതെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങളുടെ നിരീക്ഷണം. അഴിമതി ആരോപണത്തില്‍ ഭാവി അനിശ്ചിതത്വത്തിലാവുകയും മൂന്നൂ വട്ടം തെരഞ്ഞെടുപ്പ് നടത്തിയിട്ടും ഭൂരിപക്ഷം ലഭിക്കാതെ ഉഴലുകയും ചെയ്യുന്ന നെതന്യാഹു രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തിയ അവിവേകമാണ് ഈ യുദ്ധമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഇസ്രയേല്‍ എന്ന തങ്ങളുടെ സ്വപ്‌ന ഭൂമി കൈവിടാന്‍ പോകുന്നുവെന്ന് പ്രമുഖ കോളമിസ്റ്റുകള്‍ വിലപിച്ചു കൊണ്ടിരിക്കുന്നു. സയണിസ്റ്റ് എഴുത്തുകാരനായ ആരി ശബീത് 'ഹാരറ്റ്സി' ലെഴുതിയ ലേഖനത്തില്‍ പറയുന്നത്, 'ഇസ്രയേല്‍ അതിന്റെ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെ'ന്നാണ്. 'ഇസ്രയേലിന് ഇനിയൊരു മടക്കം സാധ്യമല്ല. നാടുവിടുകയും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കോ ബര്‍ലിനിലേക്കോ മാറിത്താമസിക്കുകയും ചെയ്യുകയേ ഇനി വഴിയുള്ളൂ', അദ്ദേഹം എഴുതി.
ഹമാസിന്റെ ജനനം
ശൈഖ് അഹ്മദ് യാസീന്റെ നേതൃത്വത്തില്‍ 1987-ലാണ് ഹമാസ് രൂപീകരിക്കപ്പെടുന്നത്. യുവാവായിരിക്കെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട ശൈഖ് യാസീന്റെ ജീവിതം മുഴുവന്‍ വീല്‍ ചെയറിലായിരുന്നു. 1928-ല്‍ ഈജിപ്തില്‍ ഇമാം ഹസനുല്‍ ബന്നാ രൂപീകരിച്ച അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്റെ പ്രവര്‍ത്തകരാണ് ഹമാസ് രൂപീകരിച്ചത്.
ഇസ്രയേല്‍ അധിനിവേശത്തിനെതിരെ സായുധ പോരാട്ടവുമായാണ് ഹമാസ് രംഗത്തു വരുന്നത്. ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനമായ പി.എല്‍.ഒ ഇസ്രയേലുമായി സന്ധിയാവാന്‍ തീരുമാനിക്കുകയും സായുധ സമരം ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് ഹമാസിന്റെ രംഗപ്രവേശം. സയണിസ്റ്റ് രാഷ്ട്രത്തിന് ഒരിക്കലും സമാധാനത്തിന്റെ ഭാഷ മനസ്സിലാവില്ലെന്നും സന്ധികള്‍ പാലിക്കുക എന്നത് അവരുടെ സ്വഭാവമല്ലെന്നും ഓര്‍മിപ്പിച്ച ഹമാസ് ഫലസ്ത്വീന്റെ മോചനം ജിഹാദിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഊന്നിപ്പറഞ്ഞു. ഇസ്രയേലുമായുള്ള പോരാട്ടത്തിന്റെ ഇസ്ലാമിക ഉള്ളടക്കത്തില്‍ ഒരിക്കലും വിട്ടുവീഴ്ച പാടില്ലെന്നായിരുന്നു ഹമാസിന്റെ നിലപാട്. സയണിസ്റ്റുകള്‍ ജൂത രാഷ്ട്ര സ്ഥാപനത്തിനും അതിന്റെ നിലനില്‍പ്പിനും മതകീയ പരിവേഷം നല്‍കുമ്പോള്‍ അറബികള്‍ ഇസ്ലാമിനു പകരം അറബ് ദേശീയതയെ സമരത്തിന്റെ അടിസ്ഥാനമാക്കിയതാണ് ഇസ്രയേലിനു മുമ്പില്‍ പരാജയപ്പെടാന്‍ കാരണം. അതേയവസരം, സ്വാതന്ത്ര്യത്തിനു വേണ്ടിയും അധിനിവിഷ്ട ഭൂമി തിരിച്ചുപിടിക്കാനും ഇസ്രയേലിനോട് പോരാടുമ്പോള്‍ തന്നെ, ജൂത മതവുമായി തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും തങ്ങളുടെ ഭൂമിയില്‍ അധിനിവേശം നടത്തിയ ഇസ്രയേല്‍ രാഷ്ട്രത്തോട് മാത്രമാണ് സമരമെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
1987-ല്‍ രൂപീകൃതമായ ഉടന്‍ തന്നെ ഹമാസ് ഇന്‍തിഫാദ (ഉയിര്‍ത്തെഴുന്നേല്‍പ്പ്) പ്രഖ്യാപിച്ചു. ഗസ്സയിലെ പള്ളികളില്‍ നിന്ന് ഒരു വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം ആരംഭിച്ച വമ്പിച്ച പ്രകടനങ്ങളോടെയായിരുന്നു അതിന്റെ അരങ്ങേറ്റം. ഫലസ്ത്വീന്‍ പോരാട്ടത്തിന്റെ പ്രതീകമായിരുന്ന ശൈഖ് ഇസ്സുദ്ദീന്‍ ഖസ്സാമിന്റെ പേര് നല്‍കി സൈനിക ഗ്രൂപ്പുണ്ടാക്കി ഇസ്രയേലുമായി തുറന്ന പോരാട്ടത്തിലേക്ക് കടന്നു. മിസൈലുകളും ചെറിയ ആയുധങ്ങളും നിര്‍മിച്ചു. ഇതോടെ ഇസ്രയേല്‍ ഹമാസ് നേതാക്കളെ തെരഞ്ഞു പിടിച്ച് വധിക്കാന്‍ തുടങ്ങി. ആയുധ നിര്‍മാണത്തില്‍ വിദഗ്ധനായിരുന്ന യഹ്യ അയാശിനെ '96 -ല്‍ വധിച്ചു. അല്‍ ഖസ്സാം സൈനിക വിഭാഗത്തിന്റെ കമാന്റര്‍മാര്‍ സ്വദേശത്തും വിദേശത്തുമായി ഒന്നൊന്നായി വധിക്കപ്പെട്ടു. എന്നിട്ടും ഹമാസിന്റെ വീര്യം നഷ്ടപ്പെടുന്നില്ലെന്നു കണ്ട ഇസ്രയേല്‍ ഒടുവില്‍ 2004-ല്‍ അതിന്റെ സ്ഥാപകന്‍ ശൈഖ് അഹ്മദ് യാസീനെത്തന്നെ വധിച്ചു. സ്വുബ്ഹ് നമസ്‌കരിച്ച് വീല്‍ ചെയറില്‍ അദ്ദേഹത്തെ പുറത്തിറക്കിയ അനുയായികള്‍ ആകാശത്ത് വട്ടമിടുന്ന ഇസ്രയേല്‍ വിമാനത്തെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്, 'അവരെത്തന്നെയാണ് ഞാന്‍ കാത്തിരിക്കുന്നത്' എന്നായിരുന്നു. ഞൊടിയിടയില്‍ അദ്ദേഹത്തിന്റെ മേല്‍ മിസൈലുകള്‍ വര്‍ഷിച്ചു. അങ്ങനെ അഹ്മദ് യാസീന്‍ രക്തസാക്ഷിയായി.
ശേഷം നേതൃത്വമേറ്റെടുത്ത അബ്ദുല്‍ അസീസ് അര്‍റന്‍തീസിയെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരാഴ്ചക്കകം തന്നെ ഇസ്രയേല്‍ വധിച്ചു. നേതാക്കളെ കൊന്ന് ഹമാസിന്റെ അന്ത്യം കുറിക്കാമെന്ന് കരുതിയ ഇസ്രയേലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതാണ് പിന്നീട് കണ്ടത്. ഖാലിദ് മിശ്അല്‍ ഹമാസിന്റെ നേതൃത്വമേറ്റെടുത്തു. അതിനിടയില്‍ പി.എല്‍.ഒയുടെ നേതൃത്വത്തിലുള്ള ഫലസ്ത്വീന്‍ അതോറിറ്റിക്കു കീഴില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് പങ്കെടുക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്തു. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായി. ഫലസ്ത്വീനികള്‍ ഹമാസിനെ ഏറ്റെടുത്തതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പു വിജയം. അതോടെ ഹമാസ് കൂടുതല്‍ ലോകശ്രദ്ധ നേടി. മിത്രങ്ങള്‍ക്കൊപ്പം ശത്രുക്കളും വര്‍ധിച്ചു. ഹമാസിന്റെ വളര്‍ച്ച ഇസ്രയേലിനെ പേടിപ്പെടുത്തി. എന്തു വിലകൊടുത്തും അതിനെ നശിപ്പിച്ചേ അടങ്ങൂ എന്ന് ഇസ്രയേല്‍ തീരുമാനിച്ചു. ഇസ്രയേലുമായി കരാറിലേര്‍പ്പെട്ടിരുന്ന പി.എല്‍.ഒയും ഹമാസിനെ ഒതുക്കാന്‍ സഹായിച്ചുകൊണ്ടിരുന്നു.
ഹമാസിന്റെ പല നേതാക്കളെയും ഇസ്രയേലിന് വധിക്കാന്‍ സാധിച്ചത് പി.എല്‍.ഒയുടെ സഹായത്തോടെയായിരുന്നു. കാരണം, ഇസ്രയേല്‍ - പി.എല്‍.ഒ കരാര്‍ പ്രകാരം ദേശസുരക്ഷയില്‍ സഹായിക്കാന്‍ പി.എല്‍.ഒ ബാധ്യസ്ഥമായിരുന്നു. പി.എല്‍.ഒയെ കൂടെ നിര്‍ത്തി ഹമാസിനെ നശിപ്പിക്കുക എന്നതായിരുന്നു സയണിസ്റ്റ് തന്ത്രം. അത് പരാജയപ്പെട്ടതോടെ ഇസ്രയേല്‍ പി.എല്‍.ഒയെ കൈവെടിഞ്ഞു. യാസിര്‍ അറഫാത്തിനെ പോലും വെറുതെ വിട്ടില്ല. ഒടുവില്‍ ഇസ്രയേലുമായുള്ള കരാറുകള്‍ക്ക് അതെഴുതിയ കടലാസിന്റെ വിലയുണ്ടാവില്ല എന്ന് ഹമാസ് ഓര്‍മിപ്പിച്ചത് പി.എല്‍.ഒക്ക് ബോധ്യപ്പെട്ടു. ഇന്നിപ്പോള്‍ പി.എല്‍.ഒയും ഹമാസും ഇസ്രയേല്‍ വിരുദ്ധ പോരാട്ടത്തില്‍ ഒരേ രേഖയില്‍ വരുന്നതാണ് കാണുന്നത്. ഹമാസിനെ തകര്‍ക്കുന്നതിന്റെ ഭാഗമായി ഗസ്സ പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഒടുവില്‍ 2006-ല്‍ ഗസ്സക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തി. ഇന്നും അത് തുടരുന്നു. വെള്ളവും വെളിച്ചവും അന്നവും നിഷേധിച്ച് 18 ലക്ഷത്തോളം വരുന്ന ഗസ്സ നിവാസികളെ കൊല്ലാതെ കൊല്ലുകയായിരുന്നു ഇസ്രയേല്‍. പക്ഷേ, ആ പരീക്ഷണത്തെയും ഹമാസ് അതിജീവിച്ചു.
ഇതിഹാസത്തിനു പിന്നില്‍
ഇസ്രയേല്‍വിരുദ്ധ പോരാട്ടത്തിന്റെ ഇസ്ലാമിക ഉള്ളടക്കം തിരിച്ചുകൊണ്ടുവന്നു എന്നതാണ് ഹമാസ് എന്ന ഇതിഹാസത്തിന്റെ വിജയം. 1948-ല്‍ ഇസ്രയേല്‍ പിറക്കുന്ന വേളയില്‍ ഈജിപ്തില്‍നിന്ന് പതിനായിരം ഇഖ്വാനികളെ അയച്ച് ഇമാം ഹസനുല്‍ ബന്നായുടെ ഇഖ്വാന്‍ പ്രഖ്യാപിച്ച ജിഹാദിന്റെ തുടര്‍ച്ചയായാണ് ഹമാസ് രംഗത്തു വരുന്നത്. അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ വഞ്ചനയില്‍ അകപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇഖ്വാന്‍ അന്നു നടത്തിയ പോരാട്ടം ഇസ്രയേലിന്റെ കഥ കഴിക്കുമായിരുന്നുവെന്ന് നിരീക്ഷിക്കുന്നവരുണ്ട്.
ഏതായാലും, അധിനിവേശവിരുദ്ധ പോരാട്ടത്തെ ഇസ്ലാമിക ജിഹാദായി പരിചയപ്പെടുത്തി ഫലസ്ത്വീനികളെ രംഗത്തിറക്കാനാണ് ഹമാസ് ശ്രമിച്ചത്. അതോടെ മരണത്തെ ഭയപ്പെടാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ഹമാസിന് സാധിച്ചു. ഇസ്രയേല്‍ കഴിഞ്ഞ 16 വര്‍ഷമായി ഗസ്സക്കു മേല്‍ തുടരുന്ന ഉപരോധത്തെയും അതിനിടയില്‍ നാലു തവണ നടത്തിയ യുദ്ധങ്ങളെയും ഗസ്സ നിവാസികള്‍ നേരിട്ടത് ആ തര്‍ബിയത്തിന്റെ ബലത്തിലായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയുമുള്‍പ്പെടെ ആയിരക്കണക്കിന് ഗസ്സക്കാരെ ഇസ്രയേല്‍ വധിച്ചു. മിക്ക വീടുകളിലും രക്തസാക്ഷികളുണ്ട്. ശഹാദത്തിനെ ആഘോഷിക്കുന്ന ഒരു ജനതയായി അവര്‍ മാറി. മക്കളുടെ രക്തസാക്ഷ്യത്തില്‍ അഭിമാനിക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളുടെ രക്തസാക്ഷ്യത്തില്‍ അഭിമാനിക്കുന്ന മക്കള്‍. ഈ ഈമാനിന്റെയും ഇഛാശക്തിയുടെയും മുമ്പില്‍ ഇസ്രയേലിനു പരാജയപ്പെടുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല.
ഹമാസിനെ വിജയിപ്പിച്ചുക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രധാന ഘടകം അതിന്റെ സ്ട്രാറ്റജിയാണ്. ലോകത്തെ ഏറ്റവും വലിയ തന്ത്രജ്ഞരുടെയും കുതന്ത്രശാലികളുടെയും രാഷ്ട്രത്തോട്, അതും ആയുധ ശേഷിയില്‍ ലോകത്ത് നാലാം സ്ഥാനത്തു നില്‍ക്കുന്ന ഒരു അണ്വായുധ രാഷ്ട്രത്തോടാണ് തങ്ങള്‍ ഏറ്റുമുട്ടുന്നതെന്ന ഗൗരവം ഹമാസ് അതിന്റെ സ്ട്രാറ്റജി രൂപീകരണത്തില്‍ കൃത്യമായി ദീക്ഷിച്ചു എന്നുവേണം മനസ്സിലാക്കാന്‍. ഓരോ മേഖലകളിലും കൃത്യമായ പ്ലാനിംഗാണ് സംഘടന നടത്തിയത്. നേരത്തേ പറഞ്ഞ, ജനങ്ങളില്‍ ആദര്‍ശപരമായ അടിത്തറയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ രാഷ്ട്രീയം, വിദ്യാഭ്യാസം, സൈനികം, സയന്‍സ് & ടെക്നോളജി, മനുഷ്യ വിഭവശേഷി വികസനം തുടങ്ങിയ മേഖലകളില്‍ മികച്ച സ്ട്രാറ്റജി രൂപീകരിച്ച് അത് മുന്നോട്ടു പോയി. സൈനിക പ്രതിരോധം തീര്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ കാലു വെക്കുകയും ജനപിന്തുണയാര്‍ജിച്ച് ജനാധിപത്യമാര്‍ഗേണ ഇലക് ഷനില്‍ വിജയിച്ച് അധികാരത്തില്‍ വരികയും ചെയ്തു. ഉപരോധത്തിലായിട്ടു പോലും സൈനികോപകരണങ്ങള്‍ വികസിപ്പിക്കാനും സ്വയം നിര്‍മിക്കാനും തങ്ങള്‍ക്കിടയിലെ എഞ്ചിനീയര്‍മാരെ പരിശീലിപ്പിക്കുകയും ഇരുമ്പു തകിടുകളില്‍ നിന്ന് മിസൈലുകള്‍ ഉണ്ടാക്കാന്‍ വൈദഗ്ധ്യം നേടുകയും ചെയ്തു. സയന്‍സ് & ടെക്നോളജിയില്‍ ആവശ്യമായ ശ്രദ്ധ പതിപ്പിച്ചു. ഈ രംഗത്ത് ഹമാസ് ഇനിയും കൂടുതല്‍ മുന്നോട്ടു പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മനുഷ്യ വിഭവശേഷി വികസനത്തിന്റെ കാര്യമെടുക്കുമ്പോള്‍ ലോകത്ത് ഒരു ഇസ്ലാമിക പ്രസ്ഥാനത്തിനും സാധിക്കാത്ത അത്ഭുതകരമായ വിജയമാണ് ഹമാസ് നേടിയെടുത്തത്. ഒരു സൈനിക കേഡര്‍ ഘടനയുള്ള പ്രസ്ഥാനമായിട്ടു പോലും പരമാവധി അധികാര വികേന്ദ്രീകരണ രീതികള്‍ സ്വീകരിച്ചുവെന്നതാണ് ഹമാസിന്റെ പ്രത്യേകത. ഇസ്ലാമിക പ്രസ്ഥാനങ്ങളിലെ കേന്ദ്രീകൃത ഘടനകളില്‍ നിന്നും ഭിന്നമായിരുന്നു അത്. എല്ലാ തട്ടിലും തലത്തിലും സ്വന്തമായി ആസൂത്രണങ്ങള്‍ നടത്തി മുന്നോട്ടു പോകാന്‍ കെല്‍പ്പുള്ള നേതൃത്വമുണ്ടായി എന്നതാണ് ഹമാസ് പോളിസിയുടെ അനന്തരഫലം. നേതാക്കളെ കൊന്ന് സംഘടനയെ ഇല്ലാതാക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുമെന്ന് മുന്‍കൂട്ടി കണ്ട് ഓരോ നേതാവിന്റെയും വധത്തോടെ അടുത്ത നേതാവ് ഞൊടിയിടയില്‍ ചുമതലയേറ്റ് മുന്നോട്ടു പോകുന്ന ഒരു ഘടന സംഘടന ഉണ്ടാക്കി വെച്ചിട്ടുണ്ട്. കുറച്ചു മുമ്പ് അല്‍ ജസീറ ദോഹയില്‍ നടത്തിയ ഇസ്ലാമിക പ്രസ്ഥാനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ തന്നെ, നിരന്തരം സ്വയം നിരൂപണങ്ങളും തിരുത്തലുകളും നടത്തുന്ന പ്രസ്ഥാനമാണ് തങ്ങളുടേത് എന്ന് ഊന്നിപ്പറഞ്ഞിരുന്നു.
ഹമാസ് അനഭിമതമാകുന്നത് ആര്‍ക്ക്?
ഫലസ്ത്വീനില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയും ഇസ്രയേല്‍വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകവുമായി ഹമാസ് മാറി എന്ന കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല. എന്നാല്‍ അതേ ഹമാസ് ഇന്ന് ഇസ്രയേലിനു മാത്രമല്ല മറ്റു പലര്‍ക്കും അനഭിമതരാണ്. തുടക്കത്തില്‍ മുസ്ലിം ഭരണകൂടങ്ങളില്‍ നിന്ന് വ്യാപകമായ പിന്തുണ പ്രസ്ഥാനത്തിന് ലഭിച്ചിരുന്നു. തങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു ശക്തി എന്ന നിലക്ക് അവര്‍ ഹമാസിനെ കണ്ടിരിക്കണം. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. തുടക്കത്തില്‍ സിറിയയിലായിരുന്നു അതിന്റെ നേതാക്കളുടെ ആസ്ഥാനം. ബശ്ശാറുല്‍ അസദ് എല്ലാ പിന്തുണയും ഹമാസിന് നല്‍കിയിരുന്നു. പക്ഷേ, അറബ് വസന്തത്തോടെ ചിത്രം മാറി. ബശ്ശാറിനെ ന്യായീകരിക്കാന്‍ ഹമാസിന് കഴിയുമായിരുന്നില്ല. അതോടെ അവര്‍ക്ക് സിറിയ വിടേണ്ടി വന്നു. തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലുമൊക്കെ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ ഹമാസ് പിന്തുണച്ചതോടെ സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ ഹമാസിനെതിരെ തിരിഞ്ഞു. ഒരു കാലത്ത് അറബ് തലസ്ഥാനങ്ങളില്‍ ഹാര്‍ദമായി സ്വീകരിക്കപ്പെട്ടിരുന്ന ഹമാസ് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തപ്പെട്ടു. അവിടങ്ങളിലെ ഹമാസ് നേതാക്കളെ ജയിലിലടച്ചു. ഹമാസിനെയും പി.എല്‍.ഒയെപ്പോലും മാറ്റിനിര്‍ത്തി ട്രംപിന്റെയും കുഷ്‌നറുടെയും നെതന്യാഹുവിന്റെയും കൂടെ 'അബ്രഹാം അക്കോഡു'ണ്ടാക്കി.
അതുപോലെത്തന്നെ ഫലസ്ത്വീനും ഇസ്രയേലും തമ്മില്‍ പോരാട്ടം നടക്കുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ പോലും ഹമാസിന്റെ ഇഖ്വാന്‍ ബന്ധവും അഖീദയും പരതി നോക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സാധുക്കളുമുണ്ട്. അവര്‍ക്ക് ഇസ്രയേലിനേക്കാളും ഒന്നാമത്തെ ഖിബ്ലയേക്കാളുമൊക്കെ വലിയ പ്രശ്നം അതാണ്. അതേയവസരം ഹമാസിന് ലോകത്തെങ്ങുമുള്ള മുസ്ലിം സമൂഹത്തിന്റെ ശക്തമായ പിന്തുണയുണ്ട്. പുറമെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും സ്വാതന്ത്ര്യപ്രേമികളും പിന്തുണയുമായി രംഗത്തുണ്ട്. അമേരിക്കന്‍, യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ ഇസ്രയേലിനെതിരെയും ഹമാസിന് അനുകൂലമായും പൊതു സമൂഹത്തില്‍ കൂറ്റന്‍ റാലികള്‍ നടന്നുകൊണ്ടിരിക്കുന്നു. മുസ്ലിം രാഷ്ട്രങ്ങളില്‍ തന്നെ തുര്‍ക്കി, ഖത്തര്‍ പോലുള്ള ചില രാഷ്ട്രങ്ങള്‍ പരസ്യമായിത്തന്നെ ഹമാസിന്റെ കൂടെയുണ്ട്.
ഹമാസ് എന്ന പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തകരുടെ ഈമാന്‍ കൊണ്ടും കൃത്യമായ സ്ട്രാറ്റജി കൊണ്ടും ലോകത്തെങ്ങുമുള്ള മുസ്ലിം സമൂഹത്തിന്റെയും മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്ന സര്‍വരുടെയും പിന്തുണ കൊണ്ടും ഇസ്രയേല്‍ എന്ന വംശീയ രാഷ്ട്രത്തെ പാഠം പഠിപ്പിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ തിളക്കം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ഫലസ്ത്വീന്‍ - ഇസ്രയേല്‍ പോരാട്ടത്തില്‍ നിലവിലുള്ള സമവാക്യങ്ങള്‍ തിരുത്താന്‍ മാത്രമുള്ള ശേഷി ഹമാസ് നേടിക്കഴിഞ്ഞുവെന്ന നിരീക്ഷണം പ്രസക്തമാണ്. അധിനിവേശത്തിനെതിരെ നടക്കുന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ വിജയിക്കുന്നത് ആയുധശേഷി കൊണ്ട് മാത്രമല്ല, ഇഛാശക്തി കൊണ്ടും ശത്രുവിനെ നിരന്തരം അലോസരപ്പെടുത്തിയുമാണ്. അമേരിക്ക വിയറ്റ്നാമിലും സോവിയറ്റ് റഷ്യ അഫ്ഗാനിസ്താനിലും പരാജയപ്പെട്ടത് അങ്ങനെയാണ്. ഫലസ്ത്വീനിലും, ഹമാസിന്റെ പ്രവചനങ്ങളനുസരിച്ചും കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലും ഇസ്രയേലിന്റെ പരാജയവും ഫലസ്ത്വീനികളുടെ വിജയവും അസംഭവ്യമായ ഒന്നല്ല.
Comments