കോവിഡ് പ്രതിരോധം സുജൂദും ശ്വസന വ്യായാമവും
കൊറോണാ വൈറസ് ഏറ്റവും അപകടകരമായി ആക്രമിക്കുന്നത് മനുഷ്യന്റെ ശ്വാസകോശത്തെയാണല്ലോ. അണുബാധ നിമിത്തമുണ്ടാകുന്ന ന്യൂമോണിയയാണ് രോഗിയുടെ സ്ഥിതി വഷളാക്കുകയും പലരെയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നത്. ശ്വാസകോശത്തെ ശക്തിപ്പെടുത്താനും അതിന് അണുബാധയുണ്ടോയെന്ന് തിരിച്ചറിയാനും ശ്വസനവ്യായാമമാണ് ഇന്ന് വ്യാപകമായി നിര്‍ദേശിക്കപ്പെടുന്നത്. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതിനെ പ്രതിരോധസജ്ജമാക്കാനും നമസ്‌കാരത്തിലെ സുജൂദ് വളരെ പര്യാപ്തമാണെന്ന് അതിന്റെ ഘടനയും ശരീര ശാസ്ത്രവും വിശകലനം ചെയ്താല്‍ വ്യക്തമാകും.
ഏഴ് അവയവങ്ങള്‍ തറയില്‍ തൊടുന്ന രീതിയിലാണ് നമസ്‌കാരത്തിലെ സുജൂദിന്റെ ശരിയായ രൂപം. ശിരസ്സും ശ്വാസകോശത്തിന്റെ സിംഹഭാഗവും അപ്പോള്‍ ഹൃദയത്തിന് താഴെ വരും. സുജൂദിന്റെ ആരോഗ്യ നേട്ടങ്ങള്‍ വിവരിക്കുന്നതിനു മുമ്പ് ശ്വാസകോശത്തിന്റെ ഘടനയും ദൗത്യവും മനസ്സിലാക്കേണ്ടതുണ്ട്. ശ്വാസോഛ്വാസത്തിലൂടെ ശരീരത്തിലേക്ക് ഓക്സിജന്‍ എത്തിക്കുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുകയുമാണ് ശ്വാസകോശം ചെയ്യുന്നത്.
ശ്വാസകോശം പ്രധാനമായും ഇടത്തേത്, വലത്തേത് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുന്നു. ഇവ രണ്ടിലുമായി ലൂബുകള്‍ എന്നറിയപ്പെടുന്ന അഞ്ച് അറകളുണ്ട്. രണ്ട് ശ്വാസ കോശങ്ങളെയും പൊതുവായി നമുക്ക് മൂന്ന് ഭാഗമായി തിരിക്കാം; മുകള്‍ ഭാഗം, മധ്യഭാഗം, താഴ്ഭാഗം. മുകള്‍ ഭാഗം വരണ്ട തലമായിട്ടാണ് ഗണിക്കപ്പെടുന്നത്. രക്തപ്രവാഹം താരതമ്യേന അവിടെ കുറവായിരിക്കും. ഹൃദയവിതാനത്തിന് മുകളിലായി സ്ഥിതി ചെയ്യുന്നതു കൊണ്ടും, സാധാരണ ശ്വാസോഛ്വാസത്തില്‍ ആ ഭാഗം വികസിക്കാതിരിക്കുന്നതു കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. മധ്യഭാഗം കുറച്ചു കൂടി മെച്ചപ്പെട്ട നിലയിലായിരിക്കും. താഴ്ഭാഗത്ത് മാത്രമായിരിക്കും രക്തപ്രവാഹവും ഓക്സിജന്‍ കൈമാറ്റവും കാര്യക്ഷമമായി നടക്കുക. സാധാരണ ശ്വസന പ്രക്രിയയില്‍ ശ്വാസകോശം പൂര്‍ണമായി വികസിക്കുന്ന രൂപത്തില്‍ നമ്മള്‍ ശ്വാസം എടുക്കാറില്ല. അതുകൊണ്ടുതന്നെ ശ്വാസകോശത്തിന്റെ മുകള്‍ഭാഗം പലപ്പോഴും വികസിക്കാതെ നിഷ്‌ക്രിയമായി തന്നെയിരിക്കും. ഇവിടെയാണ് സുജൂദും ശ്വസന വ്യായാമവും പ്രസക്തമാകുന്നത്.
സുജൂദ് ചെയ്യുമ്പോള്‍ ഒരാളുടെ ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്തേക്കും മധ്യഭാഗത്തേക്കുമുള്ള രക്തപ്രവാഹം ശക്തമാകും. ഹൃദയവിതാനത്തിന് താഴെ വരുന്നതു കൊണ്ടും സ്പോഞ്ച് പോലുള്ള അതിന്റെ ഘടനയുമാണ് ഇതിന് സഹായകമാകുന്നത്. സുജൂദില്‍ കൈമുട്ടുകള്‍ ഉയര്‍ത്തി കൈകള്‍ വിടര്‍ത്തിവെക്കാനാണ് ഹദീസുകളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത് ശ്വാസകോശ വികാസത്തിന് ഒന്നു കൂടി സഹായകമായിത്തീരും. ഒരു അടിമ അല്ലാഹുവോട് ഏറ്റവും കൂടുതല്‍ അടുക്കുന്നത് സുജൂദിലായതിനാല്‍ ആ സമയത്ത് തന്റെ ആവശ്യങ്ങള്‍ പറയാന്‍ നബി (സ) നിര്‍ദേശിച്ചിട്ടുണ്ട്. സുന്നത്ത് നമസ്‌കാരങ്ങളില്‍ സുജൂദുകള്‍ ദീര്‍ഘിപ്പിച്ച് പ്രാര്‍ഥിക്കുക സച്ചരിതരുടെ മാതൃകയാണ്. നമസ്‌കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം സുജൂദ് ആയതുകൊണ്ടാണ് സ്വര്‍ഗത്തില്‍ നബിയുടെ സഹവാസം ആഗ്രഹിച്ച സ്വഹാബിയോട് തിരുമേനി സുജൂദ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സുജൂദിന്റെ പ്രാധാന്യം വെളിപ്പെടുത്താന്‍ വേണ്ടി ഖുര്‍ആന്‍ നമസ്‌കാരം എന്ന് പറയുന്നതിനു പകരം സുജൂദ് എന്ന് പറയുന്നതായി കാണാം. 'സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും സാഷ്ടാംഗം ചെയ്യുകയും നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം' (ഹജ്ജ് 77).
മനുഷ്യന്റെ ആത്മീയ വളര്‍ച്ചക്ക് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും സുജൂദ് അത്യന്താപേക്ഷിതമാണ്. ശ്വസന വ്യായാമത്തിലൂടെ ഈ ഗുണങ്ങളെല്ലാം ഭാഗികമായി ലഭിക്കുമെങ്കിലും സുജൂദില്‍നിന്ന് ലഭിക്കുന്ന ഗുണം ലഭിക്കുകയില്ല. സുജൂദില്‍ ഡയഫ്രം ശ്വാസകോശത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതു കൊണ്ട് രക്തശുദ്ധീകരണവും ഓക്സിജന്‍ കൈമാറ്റവും പൂര്‍ണമായി നടക്കും. ശ്വാസകോശത്തിന്റെ മുഴുവന്‍ ഭാഗങ്ങളെയും പ്രവര്‍ത്തനക്ഷമമാക്കി കരുത്തുറ്റതാക്കാന്‍ സുജൂദിനേക്കാള്‍ ഫലപ്രദമായ മറ്റൊരു പ്രവൃത്തിയുമില്ല. ശ്വാസകോശത്തെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളും അണുബാധയില്‍ നിന്നുള്ളതാണ്. ദീര്‍ഘ സുജൂദിലൂടെ ശ്വാസകോശത്തിന് ലഭിക്കുന്ന കരുത്തു കൊണ്ട് ഒരളവോളം നമുക്ക് ഇവയെ പ്രതിരോധിക്കാനാകും. ഉദാഹരണമായി, ക്ഷയരോഗത്തിന്റെ അണുക്കള്‍ കാര്യമായി ആക്രമിക്കാറുള്ളത് ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്തെയാണ്. മധ്യഭാഗത്തെ ലക്ഷ്യം വെക്കുന്നവയുമുണ്ട്. ആ ഭാഗങ്ങളിലേക്ക് രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിലൂടെ ഇവയെ ഒരുപരിധിവരെ പ്രതിരോധിക്കാനാകും. ആവര്‍ത്തിക്കപ്പെടുന്ന സുദീര്‍ഘമായ സുജൂദ് ഇതിന് സഹായകരമാകും.
ശ്വാസകോശത്തിന്റെ മൂന്ന് ഭാഗങ്ങളിലേക്കും ഒരുപോലെ രക്തം പ്രവഹിക്കുന്നത് ശയനവേളയിലാണ്. എന്നാല്‍ പകല്‍സമയത്ത് ജോലിത്തിരക്കു കാരണം കിടക്കാന്‍ പലര്‍ക്കും അവസരം കിട്ടാറില്ല. അത്തരക്കാര്‍ക്ക് സുജൂദ് അനുഗ്രഹമാണ്. ഇസ്ലാം നിര്‍ബന്ധമാക്കിയ അഞ്ചു നേരത്തെ നമസ്‌കാരങ്ങളും ശയന വേളയിലല്ല എന്നതും ശ്രദ്ധേയം. അഞ്ചു നേരത്തെ നമസ്‌കാരത്തിന്റെ സമയക്രമം ശ്രദ്ധിച്ചാല്‍ മറ്റൊന്നു കൂടി വ്യക്തമാകും. മനുഷ്യര്‍ ശാരീരികവും മാനസികവുമായി ക്ഷീണിക്കുന്ന സമയത്താണ് നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണം കൂടുകയും നമസ്‌കാരങ്ങള്‍ തമ്മിലുള്ള ഇടവേള കുറയുകയും ചെയ്യുന്നത്. സ്വുബ്ഹ് നമസ്‌കാര സമയത്ത് ആളുകള്‍ക്ക് പൊതുവെ ക്ഷീണമുണ്ടാകാറില്ല. അപ്പോള്‍ രണ്ട് റക്അത്ത് മാത്രമാണ് നിര്‍ബന്ധം. പിന്നീട് ഏഴു മണിക്കൂറുകള്‍ക്കു ശേഷമാണ് നിര്‍ബന്ധ നമസ്‌കാരം വരുന്നത്. അപ്പോള്‍ റക്അത്തുകളുടെ എണ്ണം വര്‍ധിക്കുന്നു. സുന്നത്ത് അടക്കം പത്ത് റക്അത്ത് വരെ അപ്പോള്‍ നമസ്‌കരിക്കാം. പിന്നീട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാല്‍ നിര്‍ബന്ധ നമസ്‌കാരമുണ്ട്. റക്അത്തുകളുടെ എണ്ണത്തിലും കുറവില്ല. പിന്നീട് രണ്ട് മണിക്കൂര്‍ കഴിഞ്ഞയുടനെ മറ്റൊരു നിര്‍ബന്ധ നമസ്‌കാരം. അടുത്ത നമസ്‌കാരം വരെയുള്ള ഇടവേള കേവലം ഒരു മണിക്കൂര്‍ മാത്രമാണ്, റക്അത്തുകളുടെ എണ്ണവും കൂടുതലാണ്. അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ എന്തിനാണ് ഈയൊരു സമയക്രമത്തില്‍ നിര്‍ബന്ധമാക്കിയത് എന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആത്മീയ വ്യാഖ്യാനങ്ങളൊന്നുമില്ല. അതേസമയം മനുഷ്യന്റെ ആരോഗ്യ സംരക്ഷണം എന്ന വശം ഈ ക്രമീകരണത്തില്‍ കണ്ടെത്താനുമാകും.
ശ്വാസകോശത്തിന് മാത്രമല്ല ഹൃദയത്തിന്റെ സംരക്ഷണത്തിനും സുജൂദ് അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തില്‍ ജീവന്‍ തുടിച്ചതു മുതല്‍ തുടങ്ങിയ ഹൃദയത്തിന്റെ ജോലി മരണം വരെ വിശ്രമമില്ലാതെ തുടരുകയാണ്. നമസ്‌കാരത്തിലെ റുകൂഉം സുജൂദും ഹൃദയത്തിന്റെ ജോലിഭാരം കുറക്കുകയും അതിന് ആശ്വാസം നല്‍കുകയും ചെയ്യും. ഹൃദയത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന തലയിലേക്ക് രക്തം പമ്പ് ചെയ്യുന്ന ജോലിയാണ് അതിന് ഏറ്റവും ശ്രമകരം. നമസ്‌കാരത്തിലെ സുജൂദിലും റുകൂഇലും തല ഹൃദയത്തിന് സമാനമായോ താഴെയോ ആയിരിക്കും. സ്വാഭാവികമായും അതിന്റെ ജോലിഭാരം വളരെ കൂടുതല്‍ ലഘൂകരിക്കപ്പെടും. ഹൃദയം, തലച്ചോര്‍, ശ്വാസകോശം, വൃക്ക എന്നീ അവയവങ്ങള്‍ക്കും ശ്വസന - രക്തചംക്രമണ - ഹോര്‍മോണ്‍ വ്യവസ്ഥകള്‍ക്കും വളരെ അനുകൂലവും ഫലപ്രദവുമായ ആരാധനാ കര്‍മമാണ് നമസ്‌കാരത്തിലെ സുജൂദ്. കോറോണാ അണുബാധ തടയുന്നതിനും അത് സഹായകമാകും.
Comments