Prabodhanm Weekly

Pages

Search

2021 മെയ് 28

3203

1442 ശവ്വാല്‍ 16

പൂത്തുലയുന്ന സൗഹൃദങ്ങള്‍

മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്വ്‌ലാഹി

സുഹൃത്തുക്കളെ സ്‌നേഹിക്കുകയും സ്വയം സ്‌നേഹത്തിന്റെ കേദാരമായി മാറുകയും ചെയ്യേണ്ടവരാണ് നാം. ആത്മാര്‍ഥമായി സ്‌നേഹിക്കുകയും സ്‌നേഹത്തെ വിലമതിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുള്ളവരാണ് ഭാഗ്യവാന്മാര്‍. ജനങ്ങള്‍ വെറുക്കുകയും  അയാളുടെ സാന്നിധ്യമുണ്ടായാല്‍ അവര്‍ ഓടിയകലുകയും ചെയ്യുന്ന വ്യക്തിയാണ് യഥാര്‍ഥ നിര്‍ഭാഗ്യവാന്‍.  സമ്പത്തില്ലാത്തവനല്ല ദരിദ്രന്‍, ഉറ്റമിത്രങ്ങളില്ലാത്തവനാണ് യഥാര്‍ഥ  പാപ്പരന്‍. 
സുഹൃദ്ബന്ധം സൗന്ദര്യമാണ്, ജീവിതയാത്രയിലെ ആശ്രയമാണ്, ദൈവിക സമ്മാനമാണ്. അതിനാല്‍ സുഹൃത്തുക്കളെ ഉണ്ടാക്കുകയും സ്വയം സുഹൃത്തായി മാറുകയും വേണം.
നബി (സ ) അരുള്‍ ചെയ്തു: 'വിശ്വാസി അടി മുതല്‍ മുടിവരെ സ്‌നേഹത്തിലും ആര്‍ദ്രതയിലും ഊട്ടപ്പെട്ടവനാണ്. മറ്റുള്ളവരെ സ്‌നേഹിക്കാത്തവനും അവര്‍ ഇങ്ങോട്ട് സ്‌നേഹിക്കാത്തവനുമായ മനുഷ്യനില്‍ യാതൊരു നന്മയും മേന്മയും  കുടികൊള്ളുന്നില്ല' (മിശ്കാത്ത്).
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''വിശ്വാസികളും വിശ്വാസിനികളൂം പരസ്പരം ആത്മമിത്രങ്ങളാകുന്നു'' (തൗബ 71).
പ്രവാചകന്‍ (സ) തന്റെ അനുയായികളെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്നതിനാല്‍ ഒരോരുത്തര്‍ക്കും നബി(സ)  ഏറ്റവുമേറെ സ്‌നേഹിക്കുന്നത് തന്നെയാണെന്ന്  അനുഭവപ്പെടുകയായിരുന്നു.
അംറുബ്‌നുല്‍ ആസ്വ് (റ) ഉദ്ധരിക്കുന്നു: പ്രവാചകന്‍ (സ) വളരെ ആത്മാര്‍ഥമായും വലിയ പരിഗണന നല്‍കിയും എന്നോട് സംവദിക്കുന്നതിനാല്‍ സമൂഹത്തില്‍ ഏറ്റവും മേന്മയുള്ളയാള്‍ ഞാനായിരിക്കുമെന്ന് വിചാരിച്ചു.  ഒരിക്കല്‍ നബി(സ)യോട് ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, ഞാനാണോ അതല്ല അബൂബക്ര്‍(റ) ആണോ ഏറ്റവും നല്ലയാള്‍?' നബി(സ): 'അബൂബക്ര്‍.'
ഞാന്‍ വീണ്ടും ചോദിച്ചു: 'ഞാനോ, ഉമറോ? കൂട്ടത്തില്‍ ആരാണ് ശ്രേഷ്ഠന്‍?' നബി: 'ഉമര്‍.' വീണ്ടും ഞാന്‍ ചോദിച്ചു: 'ഞാനോ, ഉസ്മാനോ രണ്ടില്‍ ആരാണ് ഉത്തമന്‍?' പ്രവാചകന്‍ (സ): 'ഉസ്മാന്‍.' പിന്നീട് നബി(സ)യോട് ഇങ്ങനെ അന്വേഷിക്കാനുണ്ടായ കാരണം ഞാന്‍ വ്യക്തമാക്കുകയും അദ്ദേഹം അതിന്  മറുപടി നല്‍കുകയുമുണ്ടായി. അങ്ങനെ  ചോദിച്ചതില്‍ നാണം തോന്നിയ ഞാന്‍ എന്തിനങ്ങനെ ചോദിച്ചു എന്ന് ലജ്ജയോടെ പിന്നീട് ആത്മഗതം ചെയ്തിട്ടുണ്ട്.
എപ്പോഴും സദ്‌വൃത്തരുമായാണ് കൂട്ടുകൂടേണ്ടത്.  ആത്മബന്ധം സ്ഥാപിക്കാന്‍ തെരഞ്ഞെടുക്കുന്ന വ്യക്തിയുടെ മതപരവും സ്വഭാവപരവുമായ അവസ്ഥകള്‍ എത്രത്തോളം തനിക്ക് പ്രയോജനപ്രദമാണെന്ന് വിലയിരുത്തണം. പ്രസിദ്ധമായൊരു പഴമൊഴി: 'ഒരാളുടെ ധാര്‍മികത മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ സുഹൃത്തുക്കളുടെ ധാര്‍മികനില വിലയിരുത്തിയാല്‍ മതി.'
നബി (സ) പറഞ്ഞു: 'മനുഷ്യന്‍ തന്റെ സുഹൃത്തിന്റെ മതത്തിലാകുന്നു. അതിനാല്‍  ആരുമായാണ് ചങ്ങാത്തം സ്ഥാപിക്കുന്നതെന്ന് ഒരോരുത്തരും ചിന്തിക്കട്ടെ' (മുസ്‌നദ് അഹ്മദ്, മിശ്കാത്ത്).
സുഹൃത്തിനോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുമ്പോള്‍  അവന്റെ വികാരവിചാരങ്ങള്‍ തന്നെയും സ്വാധീനിക്കുന്നുവെന്ന് ഉറപ്പാക്കലാണ് സുഹൃത്തിന്റെ മതത്തിലാവുക എന്നതിന്റെ പൊരുള്‍. അതിനാല്‍ സുഹൃദ് ബന്ധങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ വളരെയേറെ ചിന്തിക്കുകയും ആലോചിക്കുകയും വേണം. സുഹൃത്തിന്റെ അഭിരുചിയും താല്‍പര്യവും, ചിന്തയും വീക്ഷണവും, ത്യാഗപരിശ്രമങ്ങളും മതത്തിന്റെ തേട്ടത്തിന് അനുസൃതമാണോ എന്നാണ് പ്രധാനമായും വിലയിരുത്തേണ്ടത്. വിശ്വാസികളോട് സ്‌നേഹം പുലര്‍ത്തുകയും  ആഹാരപാനീയങ്ങള്‍ അവര്‍ക്കൊപ്പം കഴിക്കുകയും ചെയ്യുകയെന്ന് പ്രവാചകന്‍ (സ) ഊന്നി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അരുളി: 'വിശ്വാസിയോട്  ചങ്ങാത്തം പുലര്‍ത്തുക. തീന്മേശയില്‍നിന്ന് വിശുദ്ധമായവ ആഹരിക്കുകയും ചെയ്യുക.'
ഒരേ വിരുപ്പിലിരുന്ന് ആഹാരം കഴിക്കുന്നത് ഹൃദയബന്ധവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ പ്രചോദകമാണ്.  ദൈവത്തെ വിസ്മരിക്കുകയും നിരുത്തരവാദ ജീവിതം നയിക്കുകയും ചെയ്യുന്ന, നിഷ്‌ക്രിയനും ദുഃസ്വഭാവിയുമായ ആളോടൊപ്പം കൂട്ടുകൂടാതിരിക്കുക. പ്രവാചകന്‍ (സ) ഉത്തമ കൂട്ടുകാരനെയും ചീത്ത കൂട്ടുകാരനെയും സംബന്ധിച്ച് പറഞ്ഞ  ഉപമ ഏറെ ശ്രദ്ധേയമാണ്: 'ഉത്തമ കൂട്ടുകാരന്റെയും ദുഷിച്ച കൂട്ടുകാരന്റെയും ഉപമ കസ്തൂരി വില്‍പനക്കാരന്റെതും ഉലയില്‍ ഊതുന്നവന്റേതുമാണ്. കസ്തൂരി വില്‍പനക്കാരനുമായുള്ള സഹവാസത്തിലൂടെ പല അനിവാര്യ പ്രയോജനങ്ങളും  ലഭ്യമാകും.  അയാളില്‍നിന്ന്  സുഗന്ധം വാങ്ങാം. അല്ലെങ്കില്‍  വാസന ആസ്വദിക്കാം. ലോഹക്കാരന്റെ തീപ്പൊരി നിങ്ങളുടെ വീടും വസ്ത്രവും കരിച്ചുകളയും. അല്ലെങ്കില്‍ നിങ്ങളുടെ തലയോട്ടിയിലേക്ക് അതിന്റെ ധൂളികള്‍ കടന്നുകയറും' (ബുഖാരി, മുസ്‌ലിം).
ഇമാം അബൂദാവൂദ് ഉദ്ധരിച്ച ഹദീസ് ഇങ്ങനെയാണ്: 'ഉത്തമ സുഹൃത്തിന്റെ ഉപമ കസ്തൂരി വില്‍പനക്കാരന്റെ കടയുടേതാണ്.  പ്രയോജനമൊന്നും അവിടന്ന് ലഭിച്ചില്ലെങ്കിലും അതിന്റെ വാസന നിസ്സംശയം ലഭ്യമാകും. ദുഷിച്ച സുഹൃത്ത് ഉലയിലെ തീപ്പൊരിയാണ്.  തീ കത്തിപ്പിടിച്ചില്ലെങ്കിലും അതിന്റെ ധൂളികള്‍ നിസ്സംശയം വസ്ത്രത്തെ കറുപ്പിച്ചുകളയും.'
സുഹൃത്തുക്കളോടുള്ള സ്‌നേഹം അല്ലാഹുവിനെ മുന്‍നിര്‍ത്തിയാവണം. ദൈവിക ദീനിന്റെ അടിസ്ഥാനത്തില്‍ പരസ്പരം ഇഴചേര്‍ന്ന് ജീവിക്കുന്നവരാണ് അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍. അവര്‍ തോളോടു തോള്‍ ചേര്‍ന്നും, ഹൃദയം ഹൃദയത്തെ പുണര്‍ന്നും ദൈവിക ദീനിന്റെ സംസ്ഥാപനവും സംരക്ഷണവുമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരായിരിക്കും. ഭദ്രമായ കോട്ട കണക്കെ  നിലകൊള്ളും. ഖുര്‍ആന്‍ പറയുന്നു: ''ദൈവിക മാര്‍ഗത്തില്‍ ഒറ്റയണിയായി പടപൊരുതുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു. ഭദ്രമായ കോട്ട കണക്കെയാണവര്‍'' (അസ്സ്വഫ് 4). നബി(സ) അരുള്‍ ചെയ്തു: 'അന്ത്യനാളില്‍ അല്ലാഹു ചോദിക്കും: എനിക്കു വേണ്ടി പരസ്പരം സ്‌നേഹിച്ചവര്‍ എവിടെ? ഇന്ന് ഞാന്‍ അവര്‍ക്ക് എന്റെ തണല്‍ നല്‍കുന്നതാണ്' (മുസ്‌ലിം).
അബുദ്ദര്‍ദാഅ് (റ), നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു: അന്ത്യദിനത്തില്‍ കുറച്ചു പേര്‍ അവരുടെ ഖബ്‌റുകളില്‍നിന്ന് മുഖത്ത് പ്രകാശം വെട്ടിത്തിളങ്ങും വിധമാണ് എഴുന്നേറ്റുവരിക. രത്‌നാലംകൃത പീഠങ്ങളില്‍ അവര്‍ ഇരുത്തപ്പെട്ടിരിക്കും. നബിയോ ശഹീദോ അല്ലാത്ത അവരെ നോക്കി ജനങ്ങള്‍ അസൂയാലുക്കളാവും. അപ്പോള്‍ ഒരു ഗ്രാമീണന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആരാണവര്‍? നബി പറഞ്ഞു: അല്ലാഹുവെ മുന്‍നിര്‍ത്തി പരസ്പരം സ്‌നേഹിച്ചവര്‍ (ത്വബറാനി).
നല്ല മനുഷ്യരെ സ്‌നേഹിക്കുന്നത് പരലോകരക്ഷക്കും ദൈവിക തൃപ്തിക്കും കാരണമാകും. അല്ലാഹുവോട് പ്രാര്‍ഥിക്കുക: 'നാഥാ, സദ്‌വൃത്തരോട് സ്‌നേഹമുള്ളവരാക്കി ഞങ്ങളെ മാറ്റേണമേ, സദ്‌വൃത്തരില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ.' ഒരാള്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് അന്വേഷിച്ചതായി അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: 'അല്ലാഹുവിന്റെ റസൂലേ, നന്മ പ്രവര്‍ത്തിക്കാത്ത ഒരാള്‍ നന്മ പ്രവര്‍ത്തിക്കുന്ന മറ്റൊരാളെ ആ നന്മയുടെ പേരില്‍ മാത്രം ഇഷ്ടപ്പെടുന്നു.' പ്രവാചകന്‍: 'ഒരു പ്രയാസവുമില്ല. മനുഷ്യന്‍ ദുന്‍യാവില്‍ ആരെയാണോ സ്‌നേഹിച്ചത് അന്ത്യദിനത്തിലും അവരോടൊപ്പം തന്നെയായിരിക്കും' (ബുഖാരി).
ഒരിക്കല്‍ അല്ലാഹു നബിയോട് പറഞ്ഞു: 'നിനക്ക് ആവശ്യമുള്ളത് എന്നോട് ചോദിക്കുക.' നബി (സ) പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, നന്മകള്‍ പ്രവര്‍ത്തിക്കാനും തിന്മകള്‍ ഉപേക്ഷിക്കാനും, അഗതികളെ ഇഷ്ടപ്പെടുവാനുമുള്ള ഭാഗ്യം ഞാന്‍ നിന്നോട് തേടുകയാണ്. നീ എനിക്ക് മാപ്പേകുക, എന്നില്‍ കരുണ ചൊരിയുക. ഒരു സമൂഹത്തിന് നീ ശിക്ഷ വിധിക്കുകയാണെങ്കില്‍ അതില്‍ പെടുത്താതെ നീ എന്നെ സുരക്ഷിതനാക്കേണമേ. നിന്നോടുള്ള സ്‌നേഹം, നീ സ്‌നേഹിക്കുന്നവരോടുള്ള സ്‌നേഹം, നിന്റെ സ്‌നേഹത്തിലേക്ക് എന്നെ അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങളോടുള്ള സ്‌നേഹം എന്നിവയും ഞാന്‍ നിന്നോട്  ചോദിക്കുന്നു' (അഹ്മദ്). 
രണ്ടു പേര്‍ തമ്മിലുള്ള ആത്മാര്‍ഥമായ സൗഹൃദം വര്‍ണിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ''ദൂരെ ഗ്രാമത്തിലുള്ള തന്റെ സുഹൃത്തിനെ അന്വേഷിച്ചു കൊണ്ട് പുറപ്പെടുന്നയാളെ ആശീര്‍വദിക്കാന്‍ അല്ലാഹു അയാള്‍ സഞ്ചരിക്കുന്ന വഴിയില്‍ ഒരു മാലാഖയെ  നിശ്ചയിക്കുന്നതാണ്. പ്രസ്തുത മാലാഖ അയാളോട് അന്വേഷിക്കും: എങ്ങോട്ടാണ് യാത്ര? തന്റെ സുഹൃത്തിനെ കാണാനുള്ള യാത്രയിലാണെന്ന് അയാള്‍ മറുപടി നല്‍കും. മാലാഖ വീണ്ടും: അയാളില്‍നിന്നും താങ്കള്‍ക്ക് ലഭിക്കേണ്ട വല്ല അവകാശങ്ങളും നേടിയെടുക്കാനാണോ ഈ പുറപ്പാട്? അയാള്‍: ഒരിക്കലുമല്ല. അല്ലാഹുവെ മുന്‍നിര്‍ത്തി ഞാന്‍ അയാളെ സ്‌നേഹിക്കുന്നതു കൊണ്ടു മാത്രമാണ് ഈ യാത്ര. അപ്പോള്‍ മാലാഖയുടെ മറുപടി ഇങ്ങനെ: എങ്കില്‍ കേള്‍ക്കുവിന്‍, അല്ലാഹു താങ്കളുടെ അടുക്കലേക്ക് അയച്ച മാലാഖയാണ് ഞാന്‍. താങ്കള്‍ സ്വന്തം സുഹൃത്തിനെ ഏതൊരളവില്‍ സ്‌നേഹിക്കുന്നുവോ അതേ അളവില്‍ അല്ലാഹു താങ്കളെയും സ്‌നേഹിക്കുന്നുവെന്ന സന്തോഷ വാര്‍ത്ത നല്‍കാനാണ് അവന്‍ എന്നെ നിയോഗിച്ചിരിക്കുന്നത്'' (മുസ്‌ലിം).
നല്ല മനുഷ്യരെ തെരഞ്ഞെടുത്ത് അവരുമായി  ബന്ധം തുടര്‍ന്നു കൊണ്ടുപോകാന്‍ പരിശ്രമിക്കണം. നബി (സ) പറഞ്ഞു: 'അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അര്‍ശിന്റെ തണല്‍  ഏഴ് വിഭാഗങ്ങള്‍ക്ക് ലഭ്യമാകും. മറ്റൊരു തണലും ലഭ്യമാകാത്ത നേരമാണത്. അതിലൊരു വിഭാഗം അല്ലാഹുവെ മുന്‍നിര്‍ത്തി പരസ്പരം സ്‌നേഹവായ്‌പോടെ ജീവിച്ചവരാണ്. ആ സ്‌നേഹം മാത്രമാണവരെ പരസ്പരം യോജിപ്പിച്ചത്. അതിന്റെ അടിത്തറയില്‍ മാത്രമാണവര്‍ വേര്‍പിരിയാറുള്ളത്.' 
വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (12-17)
ടി.കെ ഉബൈദ്‌