ഒരു പാഠവും പഠിക്കാത്ത ഇസ്രയേല്‍
ഇതെഴുതുമ്പോഴും ഗസ്സക്കു മേല്‍ ഇസ്രയേലിന്റെ ഭീകര താണ്ഡവം അവസാനിച്ചിട്ടില്ല. മരിച്ചവരുടെ എണ്ണം ഇരുനൂറ് കടന്നു. മിസൈലാക്രമണത്തിന്റെ ഇരകളില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും. മിസൈല്‍ തൊടുക്കുമ്പോള്‍ പാര്‍പ്പിട സമുച്ചയങ്ങളെന്നോ അഭയാര്‍ഥി കേന്ദ്രങ്ങളെന്നോ മാധ്യമ സ്ഥാപനങ്ങളെന്നോ നോട്ടമില്ല. എതിര്‍ശബ്ദങ്ങളെ ഏതു വിധേനയും അടിച്ചൊതുക്കുകയാണ്. സൈനികമായി നോക്കിയാല്‍ ഗസ്സയിലെ ഹമാസോ വെസ്റ്റ് ബാങ്കിലെ ഫത്ഹോ ഇസ്രയേലിന് എതിരാളികളേ അല്ല. ആണവായുധങ്ങള്‍ വരെ കൈവശമുള്ള ഇസ്രയേല്‍ സര്‍വ സന്നാഹങ്ങളോടെയുമാണ് പോരിന് വരുന്നത്. ഈ ഭൗതിക സന്നാഹങ്ങള്‍ മാത്രം കണക്കിലെടുത്ത്, ഇസ്രയേലിന്റെ മേധാവിത്തം അംഗീകരിക്കാതെ മേഖലയിലെ ഒരു രാഷ്ട്രത്തിനും ഇനി മുന്നോട്ടു പോകാനാവില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. ചില അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കിയതും വേറെ ചില രാഷ്ട്രങ്ങള്‍ അതിന് തയാറെടുക്കുന്നതും ഇസ്രയേലിന്റെ അജയ്യതക്ക് തെളിവായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. തീര്‍ത്തും ഉപരിപ്ലവ വായന എന്നേ ഇതിനെക്കുറിച്ച് പറയാനാവൂ. ഒട്ടും ജനസ്വീകാര്യതയില്ലാത്ത മേഖലയിലെ സ്വേഛാധിപതികള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടാവാം എന്നത് ശരിയാണ്. പക്ഷേ മേഖലയിലെ ജനസഞ്ചയം ഒരു മെയ്യായി, ഒരു മനസ്സായി കിടപ്പാടം കവര്‍ന്നെടുക്കപ്പെട്ട ഫലസ്ത്വീന് ജനതക്കൊപ്പം നില്ക്കുമ്പോള് അതല്ലേ മേഖലയിലെ ഭാവി രാഷ്ട്രീയത്തെ രൂപപ്പെടുത്തുക? ഇസ്രയേലിലെ തന്നെ മുതിര്‍ന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഈ 'അപകടം' തിരിച്ചറിയുന്നുണ്ട്. ആരി ഷബിറ്റ് എന്ന മുതിര്‍ന്ന എഴുത്തുകാരന് ഇസ്രയേലിലെ 'ഹാരറ്റ്സ്' പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നത്, ഇസ്രയേല്‍ ഊര്ധ ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. തിരിച്ചുവരവ് അസാധ്യമായ ഒരു ബിന്ദുവില്‍ അത് എത്തിയിരിക്കുന്നു. ഇവിടത്തെ ജനാധിപത്യ സംവിധാനത്തെ രക്ഷിക്കാനോ സയണിസത്തെ പരിഷ്കരിക്കാനോ കഴിയില്ല. സാന്ഫ്രാന്സിസ്കോയിലേക്കോ ബര്ലിനിലേക്കോ നാടുവിടുകയേ ഇനി ഇസ്രയേലികള്‍ക്ക് രക്ഷയുള്ളൂ എന്നു വരെ അദ്ദേഹം പറഞ്ഞു കളയുന്നു. കാരണം ഫലസ്ത്വീനികള്‍ ഈ നാട്ടില്‍ ആഴത്തില്‍ വേരുകളുള്ളവരാണ്. തങ്ങളുടെ ജന്മനാടിനു വേണ്ടി, പുണ്യഭൂമിക്കു വേണ്ടി എന്തും ബലി കൊടുക്കാന്‍ തയാറുള്ളവരാണ്. ജീവനില്‍ കൊതിയുള്ളതു കൊണ്ട് ഇവിടം വേരുകളില്ലാത്ത ജൂത കുടിയേറ്റ ജനത ഫലസ്ത്വീനികളെ കാണുമ്പോള്‍ പേടിച്ചോടുകയാണ്. ഒന്നും ബലി കൊടുക്കാന്‍ ഈ കുടിയേറ്റ ജനത തയാറല്ല. പിന്നെ എങ്ങനെ അവര്‍ക്ക് ഫലസ്ത്വീനികളെ നേരിടാനാവും?
സായുധ നീക്കത്തില്‍ ഇസ്രയേല്‍ മേധാവിത്തം നേടുമ്പോഴും അവരുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്ന ഈ പ്രതിസന്ധി ഭാവിയില്‍ അവര്‍ അഭിമുഖീകരിക്കാതെ തരമില്ല. ബെഞ്ചമിന്‍ നെതന്യാഹുവിനെപ്പോലെ ഭരണമുറപ്പിക്കാന്‍ എന്ത് നെറികേടും ചെയ്യുന്ന ദീര്‍ഘദൃഷ്ടിയില്ലാത്ത ഭരണാധികാരികള്‍ നയിക്കുക കൂടി ചെയ്താല്‍ ശൈഥില്യവും പതനവും കുറേ കൂടി നേരത്തേയാകും. ഈ നിലക്കുള്ള വിശകലനങ്ങള്‍ ധാരാളമായി വരുന്നുണ്ട്. ഇപ്പോഴത്തെ സംഭവങ്ങള്‍ തന്നെ വിശകലനം ചെയ്തു നോക്കുക. മസ്ജിദുല്‍ അഖ്സ്വായില്‍ കയറി അകാരണമായി പ്രകോപനമുണ്ടാക്കുകയായിരുന്നു അധിനിവേശകര്‍. ആ വിശുദ്ധ ഗേഹത്തെ തൊട്ടു കളിച്ചപ്പോഴൊക്കെ അവര്‍ക്ക് നന്നായി കൈ പൊള്ളിയിട്ടുണ്ട്. ആ ചുവന്ന വര ചാടിക്കടന്നാലുള്ള ഭവിഷ്യത്ത് അവരിന്ന് തിരിച്ചറിയുന്നുണ്ട്. അമേരിക്ക പച്ചക്കൊടി കാട്ടിയതുകൊണ്ടു മാത്രം തലസ്ഥാനം അങ്ങോട്ട് മാറ്റാനാവില്ലെന്നും അവര്‍ക്ക് ബോധ്യമായിട്ടുണ്ടാവണം. അധിനിവേശം മുഖമുദ്രയാക്കിയ ഈ കൊളോണിയല്‍ അവശിഷ്ടത്തെ മേഖലയിലെ ജനത ഒരു കാലത്തും അംഗീകരിക്കില്ലെന്നതിനു തെളിവാണ്, ഇസ്രയേലിന് അകത്തുള്ള 21 ശതമാനം വരുന്ന അറബ് സമൂഹം ഒറ്റക്കെട്ടായി മുമ്പെങ്ങുമില്ലാത്ത വിധം അധിനിവേശ ഭീകരതക്കെതിരെ തെരുവിലിറങ്ങിയത്. ഈ സംഘര്‍ഷം ആഭ്യന്തര ശൈഥില്യമായി പരിണമിക്കാനുള്ള സാധ്യത വളരെയേറെയാണ്.
സായുധ ശക്തി കൊണ്ട് എല്ലാം ശരിയാക്കാം എന്ന മൂഢ ധാരണയിലാണ് ഇപ്പോഴും ഇസ്രയേല്‍. കഴിഞ്ഞ എഴുപത്തിമൂന്ന് വര്‍ഷമായി അവര്‍ ഒരു ജനതയെ കൊന്നൊടുക്കുകയും ആട്ടിയോടിക്കുകയുമാണ്, എല്ലാം ശരിയാക്കാന്‍. എന്തെങ്കിലും ശരിയായോ? പ്രശ്നങ്ങളൊക്കെ അതേ പടി നിലനില്ക്കുന്നു. ശാന്തിയും സമാധാനവുമൊക്കെ താല്ക്കാലികമോ കൃത്രിമമോ ആണ്. ഏതു നിമിഷവും അത് തകിടം മറിയാം. ഇസ്രയേലിലുള്ളത് പല നാടുകളില്‍ നിന്ന് വന്നവരാണ്. പലര്‍ക്കും ഇരട്ട പൗരത്വവുമുണ്ടാവും. തിരിച്ചു പോകാന്‍ ഒരു നാടുണ്ടെന്നിരിക്കെ ഷെല്‍ട്ടറില്‍ കയറിയിറങ്ങിയുള്ള ഈ ജീവിതം ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇസ്രയേല്‍ ഭാവിയില്‍ അഭിമുഖികരിക്കാന്‍ പോകുന്ന വലിമൊരു പ്രതിസന്ധി കുടിയേറ്റക്കാരുടെ ഈ തിരിച്ചുപോക്കാവും. അതീവ ഗുരുതരമായ രാഷ്ട്രീയ അസ്ഥിരത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. രണ്ട് വര്‍ഷത്തിനകം നാല് തെരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടും ഒരു കക്ഷിക്കോ മുന്നണിക്കോ കെട്ടുറപ്പുള്ള മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് വരാന്‍ പോകുന്ന പലതിന്റെയും സൂചനയാകാം. ഇപ്പോഴത്തെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയും രാജ്യരക്ഷാ മന്ത്രിയും രണ്ടു തട്ടിലാണെന്ന് അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. നിലവിലെ സംഘര്‍ഷത്തിന് വിരാമമായാല്‍ ആ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ തയാറില്ലാത്ത ഇസ്രയേല്‍ അതിന്റെ വില ഒടുക്കേണ്ടി വരുമെന്ന് തീര്‍ച്ച.
Comments