പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ 300 ചികിത്സാ ബെഡുകള്‍
കോവിഡിന്റെ രണ്ടാം വരവ് സമൂഹത്തിലെ എല്ലാ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. രാജ്യം വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ജനജീവിതം സ്തംഭിക്കുകയും ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് നമ്മുടെ സംസ്ഥാനവും നീങ്ങുമോ എന്ന ആശങ്കയും ശക്തമാണ്. പ്രതിദിന രോഗികളുടെ എണ്ണവും മരണനിരക്കും കൂടുന്നത് ജനങ്ങളില്‍ വലിയ ഭീതി സൃഷ്ടിക്കുന്നു. കോവിഡ് ചികിത്സാ ചെലവാകട്ടെ ,സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. സംസ്ഥാനത്ത് പ്രാദേശിക തലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിവിധ കൂട്ടായ്മകളും ക്ലബ്ബുകളും രാഷ്ട്രീയ പാര്‍ട്ടികളും ഒരേ മനസ്സോടെ കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാന്‍ രംഗത്തുണ്ട് എന്നത് ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാണ്.
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി 300 ബെഡുകള്‍ ഒരുക്കാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ശാന്തി, തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍, ആലപ്പുഴ ഹരിപ്പാട് ഹുദ എന്നീ ഹോസ്പിറ്റലുകളുമായി സഹകരിച്ചു കൊണ്ട് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ബെഡ്, റൂം/വാര്‍ഡ് സൗകര്യങ്ങളും ഓക്‌സിജന്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ ഈ ഹോസ്പിറ്റലുകളെ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സഹായിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. എത്തിക്കല്‍ മെഡിക്കല്‍ ഫോറം (ഋങഎ), ഐഡിയല്‍ റിലീഫ് വിംഗ് (കഞണ) എന്നീ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, വളന്റിയര്‍മാര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ലഭ്യമാക്കും. പദ്ധതിക്കാവശ്യമായ ഫണ്ട് പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കും.
പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ എല്ലാ പദ്ധതികളെയും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് കേരള ജനതയും പ്രവാസികളും. സംസ്ഥാനം ഏറെ ഗുരുതരമായ സാഹചര്യം നേരിടുന്ന ഈ സാഹചര്യത്തില്‍ കൈമെയ് മറന്ന് കേരള ജനതയും പ്രവാസികളും പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുകയാണ്.
പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഒരു വര്‍ഷമായി കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തന രംഗത്ത് സജീവമായി തന്നെ സാന്നിധ്യമറിയിക്കുന്നുണ്ട്. ഫൗണ്ടേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനങ്ങള്‍ എപ്പോഴും പ്രവര്‍ത്തനനിരതമാണ്. കോവിഡ് മൂലമുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനും, വേണ്ട സേവനങ്ങള്‍ ലഭ്യമാക്കാനും ഹെല്‍പ്പ് ഡെസ്‌ക്കില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് മൂലമുള്ള മാനസിക പ്രയാസങ്ങള്‍, കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണം, സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, ക്ലിനിക്കല്‍ കൗണ്‍സലര്‍മാരുടെ സേവനം, മറ്റ് രോഗങ്ങളാല്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം, വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം തുടങ്ങിയവ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ ലഭ്യമാണ്.
'തണലൊരുക്കാം ആശ്വാസമേകാം' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷാവസാനം നടപ്പാക്കിയ കോവിഡ് 19 ബാധിച്ചു മരണപ്പെട്ട നിര്‍ധനരായ പ്രവാസി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി അവസാന ഘട്ടത്തിലാണ്. 63 കുടുംബങ്ങള്‍ക്ക് 2.36 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. നിര്‍ധനരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വീട്, മരണമടഞ്ഞ പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അര്‍ഹരായ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങള്‍ക്ക് ഭൂമി എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു പുനരധിവാസ പദ്ധതികള്‍. കോവിഡ് ഒന്നാം തരംഗത്തിലെ ലോക്ക് ഡൗണ്‍ സമയത്ത് ഒന്നര ലക്ഷം ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഫൗണ്ടേഷന് സാധിച്ചിരുന്നു. കോവിഡ് 19 ബോധവല്‍ക്കരണ പരിപാടികള്‍, മാസ്‌ക് നിര്‍മാണ യൂണിറ്റുകള്‍ - വിതരണം, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പി.പി.ഇ കിറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ - പഞ്ചായത്ത് ബില്‍ഡിംഗുകള്‍ സാനിറ്റൈസ് ചെയ്യല്‍, ഇമ്മ്യൂണിറ്റി മെഡിസിന്‍ വിതരണം, ഓണ്‍ലൈന്‍ കൗണ്‍സലിംഗ്, ക്യാമ്പ് അംഗങ്ങള്‍ക്ക് വസ്ത്ര വിതരണം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളികള്‍ക്ക് യാത്രാ സൗകര്യമൊരുക്കല്‍, കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണമെത്തിക്കല്‍, അതിഥി തൊഴിലാളികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് എന്നീ സേവനങ്ങളും നിര്‍വഹിച്ചിരുന്നു.
Comments