മള്‍ട്ടി ടാസ്‌കിംഗ് എന്ന മഹാമാരി
നമുക്ക് പ്രധാനപ്പെട്ട ഒരു മെസേജ് മെയില്‍ ചെയ്യാനുണ്ട്. ധൃതിയില്‍ അത് ചെയ്യാനിരിക്കുമ്പോഴാണ് ഫോണില്‍ വാട്ട്സാപ്പ് നോട്ടിഫിക്കേഷന്‍ വരുന്നത്. അതെന്താകുമെന്നറിയാനുള്ള കൗതുകത്തില്‍ ഫോണെടുത്തു നോക്കുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കാണ്. നേരെ ഫേസ്ബുക്കിലെത്തുന്നു. ഫേസ്ബുക്കില്‍ വ്യത്യസ്തങ്ങളായ പോസ്റ്റുകളിലൂടെയെല്ലാം കണ്ണോടിക്കുന്നു. പിന്നീടെപ്പോഴോ യൂട്യൂബിലെത്തുന്നു, പുതിയ വെബ്സീരീസിലെത്തുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് മെയില്‍ ചെയ്യേണ്ട കാര്യം ഓര്‍മയിലെത്തുക.
ഇങ്ങനെ അനേകങ്ങളായ നമ്മുടെ കാര്യങ്ങള്‍ ചെയ്യാന്‍ വൈകുകയും ചിലത് വിട്ടുപോവുകയും നമ്മുടെ തന്നെ കാര്യക്ഷമതയെ തന്നെ ബാധിക്കുകയും ചെയ്യുന്നു എന്ന് പറയുന്നു 'ഇക്കിഗായ്' എന്ന പുസ്തകം.
ഒരു സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന മള്‍ട്ടി ടാസ്‌കിംഗ് നമ്മെ ഏറെ പിറകോട്ടടിപ്പിക്കുകയാണ് ചെയ്യുകയെന്ന് ശാസ്ത്രീയമായ തെളിവുകളുടെ വെളിച്ചത്തിലാണ് ഹെക്ടര്‍ ഗാര്‍ഷ്യയും ഫ്രാന്‍സെസ്‌ക് മിരല്ലെസും ചേര്‍ന്നെഴുതിയ പുസ്തകം നമ്മോട് വിവരിക്കുന്നത്..
ഭക്ഷണം കഴിക്കുമ്പോള്‍ സിനിമ കാണുന്നവരുണ്ട്. കഴിക്കുന്ന മീനിന്റെ രുചി പോലും അവര്‍ അറിഞ്ഞെന്നു വരില്ല. ഒരുപാട് കാര്യങ്ങള്‍ ഒരേസമയം ചെയ്യുമ്പോള്‍ ഒന്നും രുചിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് നമ്മളെത്തുക. അതുകൊണ്ടു തന്നെ ഒരു സമയത്ത് പല കാര്യങ്ങള്‍ ചെയ്യുന്നത് സമയലാഭമല്ല, നഷ്ടമാണ് ഉണ്ടാക്കുന്നത് എന്ന് പുസ്തകത്തില്‍ പറയുന്നു. വിപരീത ഫലമാണത്രെ അതുണ്ടാക്കുന്നത്.
'മള്‍ട്ടി ടാസ്‌കിംഗ് ഒട്ടും പ്രൊഡക്റ്റീവ് അല്ല. പാരലായ പണിയെടുക്കാന്‍ കമ്പ്യൂട്ടറല്ല, മനുഷ്യരാണ് നമ്മള്‍.
നമ്മുടെ സമയത്തിന്റെ കണ്‍ട്രോള്‍ നമ്മുടെ കൈയില്‍ തന്നെയാണെന്ന് ഉറപ്പു വരുത്തണം.
നമ്മുടെ നിയന്ത്രണത്തിലാണെങ്കില്‍ മാത്രമാണ് ടെക്നോളജി മഹത്തരമാകുന്നത്. ഈ കാലത്തെ ജനറേഷന്‍ മള്‍ട്ടി ടാസ്‌കിംഗ് എന്ന മഹാമാരിയുടെ പിടിയിലാണ്.'
ഉണര്‍ന്ന ശേഷം ഒരു മണിക്കൂറും ഉറങ്ങുന്നതിനു മുമ്പുള്ള ഒരു മണിക്കൂറും സോഷ്യല്‍ മീഡിയയില്‍നിന്ന് മുക്തമാകണമെന്നും ആഴ്ചയില്‍ ഒരു ദിവസം 'ടെക്നോളജിക്കല്‍ ഫാസ്റ്റിംഗ്' നടപ്പാക്കണമെന്നും പുസ്തകം നിര്‍ദേശിക്കുന്നു.
'ഇക്കിഗായ്' എന്നാല്‍ നമ്മളെയെല്ലാം ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കാരണത്തിന് പറയുന്ന പേരാണ്. ഓരോ പ്രഭാതവും ഊര്‍ജത്തോടെയും ഉന്മേഷത്തോടെയും എഴുന്നേല്‍ക്കണമെങ്കില്‍ അത്രമാത്രം കരുത്തുറ്റ ഒരു കാരണം നമുക്ക് വേണം. അത്തരം കാരണങ്ങളാണ് നമ്മെ വാര്‍ധക്യത്തില്‍നിന്ന് തടയുന്നത്, യൗവനത്തില്‍ തന്നെ നിലനിര്‍ത്തുന്നത്.
ഒകിനാവ ദ്വീപിലെ ആളുകള്‍ വാര്‍ധക്യത്തിലെത്തിയിട്ടും ഊര്‍ജസ്വലരായി ഇരിക്കുന്നതെന്തുകൊണ്ട് എന്ന അന്വേഷണത്തില്‍നിന്നാണ് ഇക്കിഗായ് എന്ന പുസ്തകം രൂപപ്പെടുന്നത്. നമ്മുടെ തന്റേടം വറ്റാതിരിക്കാനുള്ള നിര്‍ദേശങ്ങളുടെ പുസ്തകമാണിതെന്ന് ചുരുക്കിപ്പറയാം. റിട്ടയര്‍ ചെയ്യുക എന്ന അര്‍ഥം ധ്വനിപ്പിക്കുന്ന ഒരു പദം തന്നെ ജപ്പാനിലില്ലത്രെ. 100 വയസ്സിലും പണിയെടുക്കുന്ന മനുഷ്യരെ ഒകിനാവയില്‍ കാണാം. മരിക്കും വരെയും ഉന്മേഷം കെട്ടുപോകരുതെന്നാണ് അവരുടെ നിലപാട്.
വയറിന്റെ എണ്‍പതു ശതമാനം മാത്രമേ അവര്‍ ഭക്ഷിക്കൂ. രാവിലെ അഞ്ചരക്കു തന്നെ പാടത്ത് പണിയെടുക്കാനിറങ്ങും. എന്തിനുമേതിനും വാഹനങ്ങളെ ആശ്രയിക്കില്ല, നടക്കും.
ആയുര്‍ദൈര്‍ഘ്യമുള്ള മനുഷ്യരുടെ ഇടങ്ങളെ ബ്ലൂസോണ്‍ എന്നാണ് വിളിക്കുക. ലോകത്തെ അഞ്ചു ബ്ലൂസോണുകളിലൊന്ന് ഒകിനാവയാണ്.
Comments