Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

പണ്ഡിത പ്രതിഭകളുടെ വേര്‍പാടും ഫിഖ്ഹിന്റെ കാലിക പ്രസക്തിയും

എം.എസ് സിയാദ് മനക്കല്‍

'മൗത്തുല്‍ ആലിമി മൗത്തുല്‍ ആലം' (പണ്ഡിതന്റെ വിയോഗം ലോകത്തിന്റെ മരണമാണ്). രക്തസാക്ഷിയുടെ ചോരത്തുള്ളികളേക്കാള്‍ വിലപ്പെട്ടതാണ് പണ്ഡിതന്റെ തൂലികത്തുമ്പില്‍നിന്നുതിരുന്ന മഷിത്തുള്ളികള്‍. മൗലാനാ അമീന്‍ ഉസ്മാനി, ഡോ. യാസീന്‍ മസ്ഹര്‍ സിദ്ദീഖി എന്നീ പണ്ഡിത പ്രതിഭകളെക്കുറിച്ചുള്ള ലേഖനം (ലക്കം 18) വായിച്ചപ്പോഴാണ് ഈ വചനങ്ങള്‍ ഓര്‍മ വന്നത്. പുതുതലമുറയില്‍ പ്രതിഭാധനരായ പണ്ഡിതന്മാര്‍ കുറഞ്ഞുപോകുന്നതിലെ ആശങ്ക പങ്കുവെക്കുകയായിരുന്നു, ഇസ്‌ലാമിക കലാലയത്തില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ച ഒരു സുഹൃത്ത്. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ തന്റെ മകനെ അത്തരം സ്ഥാപനങ്ങളില്‍ അയച്ച് പഠിപ്പിക്കാന്‍ സാധ്യമല്ലെന്നും പറഞ്ഞു. അപ്പോള്‍ വല്ലാത്ത ആശ്ചര്യമാണ് തോന്നിയത്.
പ്രത്യുല്‍പന്നമതികളായ പണ്ഡിതര്‍ കുറഞ്ഞുവരുന്ന കാലത്ത് വന്മരങ്ങള്‍ പ്രായാധിക്യത്താല്‍ കടപുഴകി മറിയുമ്പോള്‍ അതേസ്ഥലത്ത് ഒരു ചെറുതൈയെങ്കിലും നട്ടു വളര്‍ത്തി ആ വിടവും കുറവും നികത്തണമെന്ന് പറയുന്നതു പോലെ ഓരോ പണ്ഡിതന്റെ വിയോഗവും ഇസ്‌ലാമിക സമൂഹത്തിന് കൃത്യവും വ്യക്തവുമായ ഒരു നിശ്ശബ്ദ സന്ദേശം നല്‍കുന്നുണ്ട്. കാലികമായ ഉള്ളടക്കങ്ങളോടെ ഇസ്‌ലാമിക കലാലയങ്ങള്‍ നവീകരിക്കാന്‍ സാധിക്കേണ്ടതുണ്ട്. 
ലേഖകന്‍ പരാമര്‍ശിച്ച ഫിഖ്ഹ് അക്കാദമിയെക്കുറിച്ച് കൂടി സൂചിപ്പിക്കട്ടെ. 2000-2001 കാലഘട്ടത്തില്‍ തമിഴ്‌നാട്ടിലെ ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍ ഉപരി പഠന വിദ്യാര്‍ഥിയായിരിക്കെ, മലയാളി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ചെറിയ ലൈബ്രറിയില്‍ വെച്ചാണ് ഫിഖ്ഹ് അക്കാദമിയുടെ ഫത്‌വാ സമാഹാര ഗ്രന്ഥം ശ്രദ്ധയില്‍ പെട്ടത്. ഫിഖ്ഹ് അക്കാദമി ഇടക്കിടെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കാറുള്ള പണ്ഡിത സെമിനാറുകള്‍ക്ക് ശേഷം അതിലെ പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. കൂട്ടു കച്ചവടം, പണയം, പലിശ, പോസ്റ്റ്‌മോര്‍ട്ടം, അവയവദാനം തുടങ്ങിയ ആധുനിക പ്രശ്‌നങ്ങളുടെ ഇസ്‌ലാമിക വിധി എന്താണെന്ന് കൃത്യവും ആധികാരികവുമായ തെളിവുകളുടെ പിന്‍ബലത്തില്‍ അതില്‍ പ്രതിപാദിച്ചിരുന്നു. പുതുതായി ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇത്തരം പുസ്തകങ്ങളുടെ വായന ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രമെന്നാല്‍ നമസ്‌കാരത്തിലെ ശര്‍ത്വും ഫര്‍ദും മാത്രം പഠിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് എന്ന് വിചാരിച്ചിരുന്ന എനിക്ക് അതിനുമപ്പുറം ആഴവും പരപ്പുമുള്ള വിജ്ഞാന ശാഖയാണ് ഫിഖ്‌ഹെന്ന വിശാല കാഴ്ചപ്പാട് സമ്മാനിക്കാനും ഇത്തരം പുസ്തകങ്ങള്‍ക്കായി.
തപാല്‍ വഴി എത്തിയിരുന്ന ചന്ദ്രിക, മാധ്യമം പത്രങ്ങള്‍ വഴി നാടിന്റെ മണവും രുചിയുമുള്ള വാര്‍ത്തകള്‍ക്കായി കാത്തിരുന്ന ആ ഉര്‍ദു കാമ്പസില്‍ ഈ പുസ്തകവും വൈകുന്നേരങ്ങളിലെ വായനകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹഫീദ് നദ്‌വിയുടെ ലേഖനത്തില്‍ മലയാള വിവര്‍ത്തനം ചേര്‍ക്കാതെ ചില അറബി പദങ്ങള്‍ കടന്നുവന്നത് ശ്രദ്ധിച്ചിരുന്നു. പ്രബോധനത്തിന് അറബി ഭാഷ വശമില്ലാത്തവരും വായനക്കാരായുണ്ടെന്നിരിക്കെ അത്തരക്കാര്‍ക്ക് അത് ദുര്‍ഗ്രഹമായിരിക്കുമെന്ന് പറയേണ്ടിതല്ലല്ലോ. 

 

ഐ.പി.എച്ച്: ചില സ്ഖലിതങ്ങള്‍

ഐ.പി.എച്ച് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാരിക (2020 ഡിസംബര്‍ 25) പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറികള്‍ മികച്ചതായി. എന്നാല്‍, ഡോ. ജമീല്‍ അഹ്മദിന്റെ വിശകലനത്തില്‍ ('മലയാള ലിപിയില്‍ ഇസ്‌ലാമിനെ എഴുതിയ എഴുപത്തഞ്ച് വര്‍ഷങ്ങള്‍') ചില സ്ഖലിതങ്ങള്‍ വന്നുപോയിട്ടുണ്ട്. ഐ.പി.എച്ചിന്റെ സംഭാവനകളെ മൂന്ന് ഘട്ടങ്ങളായി തരം തിരിച്ചതില്‍ ഇസ്‌ലാമും സംഘടിത ജീവിതവും, ഇസ്‌ലാമിക സേവനം, ഇസ്‌ലാമിലെ സാമൂഹ്യ നീതി എന്നിവ അടിയന്തരാവസ്ഥാനന്തര ഘട്ടത്തില്‍ പുറത്തുവന്നവയില്‍ പെടുത്തിയത് വസ്തുതാപരമായി ശരിയല്ല. സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെ ഇസ്‌ലാമും സംഘടിത ജീവിതവും പുറത്തിറങ്ങിയത് 1964-ലാണ്. അബൂ സലീം അബ്ദുല്‍ ഹയ്യിന്റെ ഇസ്‌ലാമിക സേനവും സയ്യിദ് ഖുത്വ്ബിന്റെ ഇസ്‌ലാമിലെ സാമൂഹ്യ നീതിയുമാകട്ടെ യഥാക്രമം 1966-ലും 1969-ലുമാണ് പുറത്തിറങ്ങിയത്. അബ്ദുല്‍ കരീം ഉസ്മാന്റെ രാഷ്ട്രീയ വ്യവസ്ഥ ഇസ്‌ലാമില്‍  അടിയന്തരാവസ്ഥക്കു ശേഷം പുറത്തിറങ്ങിയതാണെന്നത് ശരിയാണെങ്കിലും അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്നേ മൗദൂദിയുടെ ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു.
ടി. മുഹമ്മദിന്റെ പുസ്തകത്തിന്റെ യഥാര്‍ഥ ശീര്‍ഷകം ലേഖനത്തില്‍ ഡിസ്‌പ്ലേ ചെയ്ത പോലെ 'മാപ്പിള സമുദായം ചരിത്രം സംസ്‌കാരം' എന്നാണ്. അത് 'മാപ്പിള സംസ്‌കാരം' എന്ന് ചുരുക്കുമ്പോള്‍ ഉള്ളടക്കവും ചുരുങ്ങിപ്പോകും. പ്ലാറ്റിനം ജൂബിലിക്കാലത്ത് ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തുമ്പോള്‍ അതും ഒരു സഹോദര പ്രസിദ്ധീകരണത്തില്‍, കൃത്യതയില്ലാതെ പോകരുതല്ലോ. 

വി.എ കബീര്‍

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌