Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

പ്രവാചക ചരിത്രത്തിന്റെ രാഷ്ട്രീയ, സ്ട്രാറ്റജിക് വായന

സാമില്‍ മുഹ്‌യുദ്ദീന്‍

മുഹമ്മദ് നബി (സ) അന്ത്യനാള്‍ വരേക്കുമുള്ള മുഴുവന്‍ മനുഷ്യരിലേക്കും നിയോഗിതനായ ദൈവദൂതനായതുകൊണ്ട്  എല്ലാ കാലത്തും ആ ജീവിതം പുനര്‍പഠനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. നമ്മുടെ കാലത്തും പ്രവാചക ജീവിതത്തെ പല കോണുകളില്‍നിന്ന് വിശകലനം ചെയ്ത് ധാരാളം കൃതികള്‍ രചിക്കപ്പെടാനുള്ള കാരണമതാണ്. 2020-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഇനത്തില്‍ പെടുന്ന ശ്രദ്ധേയ കൃതിയാണ്  ഫലസ്ത്വീനിയന്‍ ചിന്തകനും പശ്ചിമേഷ്യന്‍ സാമൂഹിക കൂട്ടായ്മയായ അശ്ശര്‍ഖ് ഫോറത്തിന്റെ പ്രസിഡന്റുമായ  വദ്ദാഹ് ഖന്‍ഫറിന്റെ 'റബീഉല്‍ അവ്വല്‍: പ്രവാചക ചരിത്രത്തിന്റെ രാഷ്ട്രീയ, സ്ട്രാറ്റജിക് വായന' (അര്‍ റബീഉല്‍ അവ്വല്‍: ഖിറാഅതുന്‍ സിയാസിയ്യ വ ഇസ്തിറാതീജിയ്യ ഫിസ്സീറത്തിന്നബവിയ്യ). ഈ വിഷയത്തില്‍ അദ്ദേഹം യൂട്യൂബില്‍ നടത്തിയ ലെക്ചര്‍ സീരീസിന്റെ സമാഹാരമാണ് ഈ കൃതി.
രാഷ്ട്രത്തിന്റെ സാരഥിയെന്ന നിലക്ക് പ്രവാചകനില്‍നിന്നുണ്ടായ നടപടികളെയും ഇടപെടലുകളെയും പുതിയ രാഷ്ട്രമീമാംസാ വിശകലനോപാധികള്‍ വെച്ച്  വിലയിരുത്തുകയാണ് ഗ്രന്ഥകാരന്‍.  പ്രവാചകന്‍ നേതൃത്വം നല്‍കിയ ഉടമ്പടികള്‍, സഖ്യങ്ങള്‍, യുദ്ധങ്ങള്‍, കത്തിടപാടുകള്‍ തുടങ്ങിയവ  ഈ ഇനത്തില്‍ വരുന്നു. പ്രവാചകന്റെ അപാരമായ ആസൂത്രണ വൈഭവം ഇവയിലൊക്കെ ഗ്രന്ഥകാരന്‍ വായിച്ചെടുക്കുന്നു. പ്രവാചകന്‍ തന്റെ അനുയായികള്‍ക്ക് പകര്‍ന്നു നല്‍കിയ ഈ രാഷ്ട്രീയ നയതന്ത്രജ്ഞതയാണ് കുറഞ്ഞകാലം കൊണ്ട് തങ്ങള്‍ക്ക് പരിചിതമല്ലാത്ത ഒരു രാഷ്ട്രസംവിധാനം കെട്ടിപ്പടുക്കാന്‍ അവരെ പ്രാപ്തരാക്കിയത്. 
ചരിത്ര സ്രോതസ്സുകളായി ഗ്രന്ഥകാരന്‍ പ്രാഥമികമായി അവലംബിച്ചിട്ടുള്ളത് പ്രവാചക ചരിത്ര ഗ്രന്ഥങ്ങളെയും ഖുര്‍ആനെയുമാണ്. പല സംഭവങ്ങളുടെയും സന്ദര്‍ഭങ്ങളും പശ്ചാത്തലങ്ങളും കൂടുതലായി മനസ്സിലാക്കാന്‍ ബൈസാന്റൈന്‍, പേര്‍ഷ്യന്‍ ചരിത്ര ഗ്രന്ഥങ്ങളെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പല ഉപാദാനങ്ങള്‍ സ്വീകരിക്കുന്നത് ചരിത്ര സംഭവങ്ങളെ ക്രമപ്പെടുത്താനും അതുവഴി അവയിലൂടെ  എന്തായിരിക്കും പ്രവാചകന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന് മനസ്സിലാക്കാനും ഗ്രന്ഥകാരനെ സഹായിച്ചിട്ടുണ്ട്. ഇങ്ങനെ പ്രവാചക നടപടികളിലെ ക്രമവും അവക്ക് ആസ്പദമായ മറ്റു സംഭവങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്തിട്ടാണ് പ്രവാചകന്റെ വീക്ഷണവും തന്ത്രവും ഗ്രന്ഥകാരന്‍ വായനക്കാരനെ ബോധ്യപ്പെടുത്തുന്നത്. മദീനയില്‍ എത്തിയതു മുതല്‍ മക്കാവിജയം വരെ പ്രവാചകന്‍ കൈക്കൊണ്ട തന്ത്രപ്രധാനമായ നടപടികളൊക്കെയും നേരത്തേ അദ്ദേഹം പ്ലാന്‍ ചെയ്തവയായിരുന്നു.  കഅ്ബയും ഹറമും നിലകൊള്ളുന്ന പരിശുദ്ധ മക്ക ജയിച്ചടക്കേണ്ടത് യുദ്ധത്തിലൂടെയല്ല,  ഖുറൈശികളുടെ മനംമാറ്റത്തിലുടെയും ഇസ്‌ലാം സ്വീകരണത്തിലൂടെയും ആയിരിക്കണമെന്ന് പ്രവാചകന്‍ ഉറപ്പിച്ചിട്ടുണ്ടായിരുന്നു.  അതിനാല്‍ തന്നെ, മദീനയില്‍ എത്തിയ ശേഷം പ്രവാചകന്‍ സ്വീകരിച്ച രാഷ്ട്രീയ നടപടികളൊക്കെ ഈ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നവ ആയിരുന്നുവെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നു.
കേവലം പ്രതിരോധമുറ ആയിട്ടല്ല ബദ്ര്‍ യുദ്ധത്തെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നത്. ബദ്ര്‍ യുദ്ധത്തിന് ഒരു വര്‍ഷം മുന്നേ തന്നെ പ്രവാചകന്‍ കൃത്യമായ ആസൂത്രണത്തോടെ സാമ്പത്തികമായും സൈനികമായും ഖുറൈശികളുടെ മേല്‍  ഉപരോധങ്ങള്‍ തീര്‍ത്തിരുന്നു. മക്കക്കും അന്നത്തെ സിറിയക്കുമിടയിലുള്ള ഗഫാര്‍ പോലുള്ള ഗോത്രങ്ങളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുക വഴി സിറിയയിലേക്കുള്ള സഞ്ചാരമാര്‍ഗത്തിനു മേല്‍ കൂടുതല്‍ നിയന്ത്രണം നേടുകയും ഖുറൈശികള്‍ക്ക്  വെല്ലുവിളി ഉയര്‍ത്തുകയുമായിരുന്നു പ്രവാചകന്‍. എതിരാളിയുടെ നീക്കത്തിന് കാത്തുനില്‍ക്കാതെ അവരില്‍നിന്നുള്ള പ്രതിപ്രവര്‍ത്തനം മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കുക എന്നതായിരുന്നു പ്രവാചകന്റെ  ശൈലി.
യുദ്ധസന്നാഹം പരിശോധിക്കുകയാണെങ്കില്‍ എണ്ണത്തില്‍ കുറഞ്ഞ മുസ്‌ലിം സൈന്യം ഒത്തൊരുമ കൊണ്ടും ശക്തമായ നേതൃത്വം കൊണ്ടും മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ രണ്ട് ഇരട്ടിയോളം വരുന്ന ശത്രുസൈന്യമാവട്ടെ, ഉറച്ച നേതൃത്വത്തിന്റെ അഭാവം മൂലവും കെട്ടുറപ്പില്ലായ്മ കൊണ്ടും ദുര്‍ബലരായിരുന്നു. എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങളെപ്പറ്റി പ്രവാചകന് നല്ല ബോധ്യം ഉണ്ടായിരുന്നു. അവരിലെ പോരാളികളുടെ എണ്ണം, തയാറെടുപ്പുകള്‍, മറ്റു ഗോത്രങ്ങളുമായി അവര്‍ക്കുണ്ടായിരുന്ന ഉടമ്പടികള്‍ ഇതൊക്കെയും പ്രവാചകന്‍ കൃത്യമായി അറിഞ്ഞുവെച്ചു. ആ വിവരങ്ങള്‍ മുമ്പില്‍ വെച്ച് വേണ്ടത്ര കരുതലുകളോടു കൂടിയായിരുന്നു ഓരോ നീക്കവും. അതല്ലാതെ വിശ്വാസികള്‍ എന്നതു കൊണ്ടു മാത്രം അല്ലാഹുവിന്റെ സഹായം കിട്ടിയവരായിരുന്നില്ല മുസ്‌ലിംകള്‍ എന്ന് ഉഹുദില്‍ സംഭവിച്ചത് ചൂണ്ടിക്കാണിച്ച് ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു. മദീനക്കകത്ത് വെച്ച് യുദ്ധം ചെയ്യാമെന്ന തന്റെ അഭിപ്രായം മാറ്റിവെച്ച്,  മദീനക്ക് പുറത്തു വെച്ച്  യുദ്ധം ചെയ്യാം എന്ന പൊതു അഭിപ്രായം സ്വീകരിക്കുകയായിരുന്നു പ്രവാചകന്‍. പൊതുകാര്യങ്ങള്‍ എല്ലാവരുമായും കൂടിയാലോചിച്ച്  തീരുമാനിക്കുക എന്നതായിരുന്നല്ലോ പ്രവാചകന്റെ രീതി. ശൂറയെ മുറുകെ പിടിച്ചതുകൊണ്ടാണ് ഖന്ദഖ് യുദ്ധത്തില്‍ കിടങ്ങ് കുഴിക്കാനുള്ള ആശയം സല്‍മാനുല്‍ ഫാരിസിയില്‍നിന്ന് ലഭിച്ചത്. ഹുദൈബിയ സന്ധിക്കു മുന്നേ മക്കാവിജയത്തെ സംബന്ധിച്ച് അനുചരന്മാരുമായി പ്രവാചകന്‍ സംസാരിച്ചിരുന്നു.  യുദ്ധമില്ലാതെ വിജയക്കൊടി നാട്ടണമെന്ന് കൂടിയാലോചിച്ചു തീരുമാനിക്കുകയായിരുന്നു. ഹുദൈബിയ പ്രവാചകന്റെ ഒറ്റക്കുള്ള തീരുമാനമായിരുന്നില്ല എന്ന് ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നു. ഹുദൈബിയ സന്ധിയായിരുന്നു പിന്നീടുള്ള പല വിജയങ്ങളുടെയും തുടക്കം. അതിനാലാണത് 'വ്യക്തമായ വിജയം' (ഫത്ഹുന്‍ മുബീന്‍) എന്ന് വിശേഷിപ്പിക്കപ്പെട്ടത്. ഇങ്ങനെ പ്രവാചകന്റെ നടപടികളിലും നിലപാടുകളിലും ഉള്ളടങ്ങിയ ആസൂത്രണവും സ്ട്രാറ്റജിയും സൂക്ഷ്മ വിശകലനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍.
(സാമില്‍ മുഹ്‌യുദ്ദീന്‍ ശാന്തപുരം അല്‍ ജാമിഅ വിദ്യാര്‍ഥിയാണ്)

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌