Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

തദ്ദേശ തെരഞ്ഞെടുപ്പു ഫലം അവസാന ചിരി സംഘ് പരിവാറിന്റേതാകുമോ?

കെ.ടി ഹുസൈന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണി വ്യക്തമായ മേല്‍ക്കൈ നേടിയതില്‍ ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ പരിഗണിക്കുമ്പോള്‍ മതേതര വിശ്വാസികളെ സംബന്ധിച്ചേടത്തോളം പ്രത്യക്ഷത്തില്‍ അസ്വസ്ഥപ്പെടേണ്ട യാതൊന്നുമില്ല. കാരണം കേരളത്തില്‍ രണ്ട് മതേതര മുന്നണികള്‍  തമ്മിലുള്ള നേര്‍പോരാട്ടത്തില്‍ ഒരു മതേതര മുന്നണി വിജയിച്ചതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലല്ലോ. കേരളത്തിനു പുറത്ത്  ഒട്ടുമുക്കാല്‍ സംസ്ഥാനങ്ങളിലും ഈയിടെയുണ്ടായ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കൂടുതല്‍ ശക്തിപ്പെടുന്നതും മതേതര പാര്‍ട്ടികള്‍ ക്ഷയിക്കുന്നതും കാണുമ്പോള്‍ വിശേഷിച്ചും. കേരളത്തിലാകട്ടെ, ബി.ജെ.പി നേത്യത്വം നല്‍കുന്ന എന്‍.ഡി.എക്ക് അവര്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടുമില്ല. അവര്‍ ഏതാണ്ട് വിജയമുറപ്പിച്ചിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ കടന്നുകയറിയിട്ടും കഴിഞ്ഞ തവണ കിട്ടിയ സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. 
പക്ഷേ ഇതെല്ലാം  താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണെങ്കിലും, അഴിമതിയും ആഭ്യന്തര വകുപ്പിന്റെ പരാജയവും കാരണം പ്രതിഛായ നഷ്ടപ്പെട്ടുവെന്ന് തോന്നിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി  പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പ് ഏതു വിധേനയും ജയിക്കാനായി പയറ്റിയ തന്ത്രം കേരളത്തിന്റെ മതേതര  ഭാവിയെ സംബന്ധിച്ചേടത്തോളം അത്രത്തോളം ആശ്വാസകരമല്ല എന്ന മറുവശവുമുണ്ട്. മുസ്ലിംകള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും വളര്‍ത്തി സൃഷ്ടിക്കപ്പെടുന്ന ഹിന്ദു  ധ്രുവീകരണമാണല്ലോ തെരഞ്ഞെടുപ്പ് ജയിക്കാനായി സംഘ് പരിവാര്‍ പതിവായി പയറ്റുന്ന തന്ത്രം. നിര്‍ഭാഗ്യവശാല്‍ അതേ സംഘ് പരിവാര്‍ തന്ത്രമാണ് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം  ഇപ്രാവശ്യം പുറത്തെടുത്തത്. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഹിന്ദുക്കളായിട്ടും  മുസ്ലിമായ യു.ഡി.എഫ് കണ്‍വീനറുടെയും സഖ്യ കക്ഷിയായ  മുസ്‌ലിം ലീഗ് നേതാവിന്റെയും പേരിനോടൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരു മതസംഘടനയുടെ അധ്യക്ഷന്റെ  പേരുകൂടി കൂട്ടിക്കെട്ടി അവരാണ് യു.ഡി.എഫിനെ നയിക്കുന്നത് എന്ന പ്രതീതി വരെ ഉണ്ടാക്കി, അതിലൂടെ സൃഷ്ടിക്കപ്പെടുന്ന മുസ്ലിംഭീതിയെ വോട്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്.
മുമ്പൊരിക്കല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടപ്പോള്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞ്  അന്ത്യന്തം വിഭാഗീയവല്‍ക്കരിക്കപെട്ട ഗുജറാത്ത് വോട്ടര്‍മാരെ ഭീതിപ്പെടുത്തി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ജയിച്ചത് ഓര്‍മയില്ലേ? സംഘ് പരിവാര്‍ മുസ്‌ലിം വിരോധം വളര്‍ത്തി ഹിന്ദുക്കളുടെ വോട്ട് നേടാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഹിന്ദുക്കളോടൊപ്പം  കേരളത്തിലെ ഒരു പ്രബല വോട്ട് ബാങ്കായ ക്രിസ്ത്യാനികളില്‍ കൂടി മുസ്‌ലിംവിരുദ്ധ വികാരം വളര്‍ത്തി വോട്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടി കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യ നേതൃസ്ഥാനത്തു നിന്ന് മാറിയതും മാണിപുത്രന്‍  യു.ഡി.എഫ് പാളയത്തില്‍നിന്ന് പുറത്തു ചാടിയതും ഇത്തരമൊരു തന്ത്രം പയറ്റാന്‍ സി.പി.എമ്മിന്  സൗകര്യം ചെയ്ത പ്രധാന ഘടകമാണ്.
സി.പി.എം  ബോധപൂര്‍വം ഉണ്ടാക്കാന്‍ ശ്രമിച്ച സാമുദായിക ധ്രുവീകരണവും മുസ്‌ലിംഭീതിയും അവരുടെ തെരഞ്ഞെടുപ്പു വിജയത്തെ എത്രമാത്രം സ്വാധീനിച്ചുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. കാരണം വെല്‍ഫെയര്‍ പാര്‍ട്ടി ചില സ്ഥലങ്ങളില്‍ യു.ഡി.എഫുമായുണ്ടാക്കിയ ധാരണയോ നീക്കുപോക്കോ ആണല്ലോ ധ്രുവീകരണത്തിന് സി.പി.എം ഏറ്റവും കൂടുതല്‍ ആയുധമാക്കിയത്. ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസിനെ കുഞ്ഞാലിക്കുട്ടിക്കും എം.എം ഹസനുമൊപ്പം യു.ഡി.എഫ് നേതാവായി സി.പി.എം ചിത്രീകരിച്ചതിനു കാരണവും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് പങ്കാളിത്തമല്ലാതെ മറ്റൊന്നുമല്ല. പക്ഷേ സി.പി.എമ്മിന്റെ വെല്‍ഫെയര്‍ വേട്ട വിജയിച്ചുവെന്നു പറയണമെങ്കില്‍ അതിന്റെ സ്വാധീനം മലബാറില്‍ കാണണമായിരുന്നു. എന്നാല്‍ മിക്കവാറും മലബാര്‍ ജില്ലകളിലെല്ലാം  കഴിഞ്ഞ തെരഞ്ഞടുപ്പിനെ  അപേക്ഷിച്ച് യു.ഡി.എഫ് നില മെച്ചപ്പെടുത്തുകയും ഇടതുപക്ഷം പിന്നാക്കം  പോവുകയുമാണ് ചെയ്തത്. യു.ഡി.എഫിന്റെ ഈ നേട്ടത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിര്‍ണായക പങ്കു വഹിച്ചുവെന്ന്  തുറന്നു പറയുന്നതില്‍ മലയാള മാധ്യമങ്ങള്‍  പൊതുവെ ഒളിച്ചുകളി നടത്തിയെങ്കിലും ഹിന്ദു ദിനപത്രം അതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. യു.ഡി.എഫുമായി വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കിയ നീക്കുപോക്ക് വെല്‍ഫെയര്‍ പാര്‍ട്ടിക്ക്  നേട്ടമുണ്ടാക്കിയെങ്കിലും യു.ഡി.എഫിന് ഗുണം ചെയ്തില്ല എന്ന പ്രതീതി സൃഷ്ടിക്കാനാണ് പൊതുവെ മലയാള മാധ്യമങ്ങള്‍ ശ്രമിച്ചത്. സാധാരണ ഗതിയില്‍ എല്‍.ഡി.എഫ് വിജയം ആഘോഷമാക്കാത്ത മലയാള മനോരമ പോലും പതിവില്‍നിന്ന് ഭിന്നമായി  എല്‍.ഡി.എഫ് നേടിയ മേല്‍ക്കൈ തരംഗമെന്ന രീതിയില്‍ ആഘോഷിച്ചത്, എല്‍.ഡി.എഫ് ലക്ഷ്യമിട്ട  ക്രിസ്ത്യന്‍ ധ്രുവീകരണത്തെ അവരും പരോക്ഷമായി പിന്തുണക്കുന്നുവെന്നതിന്റെ സൂചനയായി കാണേണ്ടി വരും. യു.ഡി.എഫിന് ഭാവിയിലേക്ക്  ഒരു സൂചന നല്‍കുക എന്നതായിരിക്കും മലയാള മനോരമ അതിലൂടെ ലക്ഷ്യം വെച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ മേല്‍ക്കൈ കുറേ കാലമായി കേരളം കാണുന്ന സ്ഥിരം പ്രതിഭാസമാണ്. 2010-ല്‍ മാത്രമാണ് യു.ഡി.എഫിന് അല്‍പം മുന്‍തൂക്കം  ലഭിച്ചത്. 2015-ലെ തെരഞ്ഞെടുപ്പിലെ  ഇടതുപക്ഷ വിജയവുമായി തട്ടിച്ചു നോക്കുമ്പോള്‍ മീഡിയ പ്രചരിപ്പിക്കുന്നതു പോലെ ഒരു ഇടതു തരംഗം ഒന്നും ഈ തെരഞ്ഞടുപ്പിലുണ്ടായിട്ടില്ല. എന്നാല്‍ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനൂകൂലവും അവര്‍ വലിയ വിജയം പ്രതീക്ഷിക്കുകയും ചെയ്ത അവസ്ഥയില്‍ അതിന് വിരുദ്ധമായി ഉണ്ടായ ഇടതു വിജയത്തെ നിസ്സാരമായി കാണേണ്ടതുമില്ല. 2010-ല്‍ യു.ഡി.എഫ് വിജയം നേടുമ്പോള്‍ ഭരണത്തില്‍ എല്‍.ഡി.എഫും 2015-ല്‍ എല്‍.ഡി.എഫ് വിജയം നേടുമ്പോള്‍ ഭരണത്തില്‍ യു.ഡി.എഫുമായിരുന്നു. ആ നിലക്ക് അഴിമതിയും കള്ളക്കടത്തും ആരോപിക്കപ്പെട്ട പിണറായി വിജയന്റെ ഭരണം അവസാന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഈ സമയത്ത് ഇടതുപക്ഷം നേടിയ വിജയം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും യു.ഡി.എഫിന് വലിയ നിരാശ ഉണ്ടാക്കുന്നതുമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
യു.ഡി.എഫിന്റെ സംഘടനാപരവും തന്ത്രപരവും രാഷ്ട്രീയവുമായ പരാജയമാണ് യഥാര്‍ഥത്തില്‍ ഈ തെരഞ്ഞെടുപ്പ്  എല്‍.ഡി.എഫിന് അനുകൂലമാക്കിയത്. സംഘടനാപരമായ പരാജയം യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റേതു തന്നെ. കോണ്‍ഗ്രസിന്റെ സംഘടനാപരവും തന്ത്രപരവുമായ പരാജയത്തിന്റെ പ്രധാന ഉത്തരവാദി എല്ലാ നിലക്കും പാര്‍ട്ടി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്. സംഘടനാ മെഷിനറിയെ ചലിപ്പിക്കുന്നതിന് അദ്ദേഹം ഒന്നും ചെയ്തില്ല എന്നു മാത്രമല്ല, പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച സ്ഥാനാര്‍ഥി ലിസ്റ്റ് തന്റെ ഇംഗിതത്തിന് അനുസൃതമായി മാറ്റി പലരുടെയും പരാജയം ഉറപ്പാക്കുകയും ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി- യു.ഡി.എഫ് ധാരണയെ അടിസ്ഥാനപ്പെടുത്തി ഇടതുപക്ഷം മെനഞ്ഞ ധ്രുവീകരണ അജണ്ടക്ക് വല്ല സ്വാധീനവും ഉണ്ടാക്കാനായിട്ടുണ്ടെങ്കില്‍  അതിന്റെ കാരണവും മുല്ലപ്പള്ളിയുടെ  അനവസരത്തിലുള്ള  പ്രസ്താവനകളാണ്. എതിരാളികള്‍ ഉണ്ടാക്കുന്ന നരേഷനെ സാധൂകരിക്കുന്ന ഒന്നും തങ്ങളുടെ ഭാഗത്തു  നിന്ന് വന്നു പോകരുത് എന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പ്രാഥമിക പാഠമാണ്. ഇതാണ് മുല്ലപ്പള്ളിക്കില്ലാതെ പോയത്.
മാണിപുത്രന്‍ നയിക്കുന്ന കേരള കോണ്‍ഗ്രസിനെ  കൈവിട്ടതാണ് യു.ഡി.എഫിന്റെ ഏറ്റവും വലിയ തന്ത്രപരമായ പരാജയം; പി.ജെ ജോസഫ് ഗ്രൂപ്പ് കൂടെയുണ്ടെങ്കിലും. കേരളത്തിലെ ക്രിസ്ത്യാനികളില്‍ ഒരു വിഭാഗത്തെ എങ്കിലും  എന്‍.ഡി.എയുമായി അടുപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ അനാവശ്യമായ മുസ്‌ലിംഭീതി ഉല്‍പ്പാദിപ്പിക്കാന്‍ സംഘ് പരിവാര്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മാണിപുത്രനെ യു.ഡി.എഫ് കൈവിടുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത്  അതിനെതിരെ ഹിന്ദുവികാരം ഉണര്‍ത്താനായി സംഘ് പരിവാര്‍ തെളിഞ്ഞും ഇടതുപക്ഷം ഒളിഞ്ഞും ഉയര്‍ത്തിയ ഒരു സമവാക്യം ഓര്‍മയില്ലേ; കേരളം ഭരിക്കുന്നത് മൂന്ന് 'കുഞ്ഞുകള്‍' ആണെന്ന്! അതായത് കുഞ്ഞൂഞ്ഞ്,  കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി. അതില്‍ ഉമ്മന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് കേരള രാഷ്ട്രീയത്തിന്റെ ലൈം ലെറ്റില്‍നിന്ന് മാറി, കെ.എം മാണി മരിക്കുകയും മാണിപുത്രനെ യു.ഡി.എഫ് കൈവിടുകയും ചെയ്തതോടെ പിന്നീട് കുഞ്ഞാലിക്കുട്ടി മാത്രമാണ് അവശേഷിക്കുന്നത്.
ക്രിസ്ത്യന്‍ സമൂഹത്തില്‍  മുസ്‌ലിംഭീതി ഉല്‍പാദിപ്പിക്കാന്‍ സംഘ് പരിവാറിന്റെ പ്രധാന തുരുപ്പുശീട്ടും അതായിരുന്നു. ഇത് മനസ്സിലാക്കി ബി.ജെ.പിയിലേക്ക്  പോകുമായിരുന്ന മാണിപുത്രനെ കൂടെകൂട്ടി സംഘ് പരിവാറിനെ നിരായുധമാക്കുകയും യു.ഡി.എഫിനെതിരെ അതേ ആയുധം ഉപയോഗിക്കുകയുമാണ്  സി.പി.എം  ചെയ്തത്. മധ്യ കേരളത്തില്‍ അതിന്റെ നേട്ടം ഇടതുപക്ഷത്തിന് ലഭിക്കുകയും ചെയ്തു.
യു.ഡി.എഫിന്റെ  ഏറ്റവും വലിയ രാഷ്ട്രീയ പരാജയം ഹിന്ദു-ക്രിസ്ത്യന്‍ മുന്നാക്ക വോട്ടുകള്‍ ലാക്കാക്കി സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്ക സംവരണത്തില്‍  പിന്നാക്ക വിഭാഗത്തിന്റെ ന്യായമായ ആശങ്ക പങ്കുവെക്കാന്‍ പോലും യു.ഡി.എഫ് സന്നദ്ധമായില്ല എന്നതാണ്. എല്‍.ഡി.എഫ് വോട്ട് ബാങ്കിന്റെ ഏറ്റവും വലിയ അടിത്തറ പിന്നാക്ക വിഭാഗങ്ങളാണ്. മുന്നാക്ക സംവരണത്തെ കണ്ണുംപൂട്ടി പിന്താങ്ങുന്നതിന് പകരം അക്കാര്യത്തില്‍ പിന്നാക്ക വിഭാഗത്തിന്റെ  ആശങ്കയുടെ കൂടെ ചെറിയ രീതിയിലെങ്കിലും യു.ഡി.എഫ് പ്രത്യേകിച്ച്  കോണ്‍ഗ്രസ് നിന്നിരുന്നുവെങ്കില്‍ എല്‍ഡി എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കില്‍ വലിയ വിള്ളലുകള്‍ അതുണ്ടാക്കുമായിരുന്നു. പക്ഷേ സവര്‍ണ വോട്ട് ബാങ്ക് തങ്ങളുടെ കൂടെയാണെന്ന  മിഥ്യാധാരണയില്‍  കോണ്‍ഗ്രസ് ഈ രാഷ്ട്രീയാവസരം നഷ്ടപ്പെടുത്തി. തങ്ങളുടെ സവര്‍ണ വോട്ട് ബാങ്ക് ബി.ജെ.പി കൊണ്ടുപോയതൊന്നും കോണ്‍ഗ്രസ് ഇതുവരെ അറിഞ്ഞിട്ടില്ല.
തങ്ങളുടെ പിന്നാക്ക വോട്ട് ബാങ്ക് പിണറായി വിജയന്‍ എന്ന ഈഴവ മുഖ്യമന്ത്രിയിലൂടെ ഉറപ്പിക്കാനായതും മുന്നാക്ക സംവരണത്തിലൂടെയും ജോസ് കെ. മാണിയിലൂടെയും ക്രൈസ്തവ-നായര്‍ സവര്‍ണ ഏകീകരണം ഉണ്ടാക്കാന്‍ കഴിഞ്ഞതുമാണ് ഇടതു പക്ഷ വിജയത്തിന്റെ പ്രധാന അടിത്തറ. ഇടതുപക്ഷം ബോധപൂര്‍വം ഉല്‍പ്പാദിപ്പിച്ച മുസ്ലിംഭീതി ഈ ഏകീകരണത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നു.
ഒപ്പം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയത്തേക്കാള്‍  പ്രാദേശിക വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് വോട്ടുകള്‍  കൂടുതല്‍ നേടിക്കൊടുക്കുക എന്നതും വ്യക്തമാണ്. രണ്ട് പ്രളയത്തിലും കോവിഡ് കാലത്തും വലിയ അഴിമതിക്ക്  ഇടയാക്കിക്കൊണ്ടാണെങ്കിലും ദുരിതാശ്വാസ-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാര്‍ വലിയ ഫണ്ട് വിനിയോഗം നടത്തി എന്നത് ശരിയാണ്. അത് വോട്ടിനെ സ്വാധീനിക്കാതിരിക്കില്ല. ഈ രണ്ട് അവസരവും ഉപയോഗിച്ച്  മുഖ്യമന്ത്രിയെ  ഒരു ജനപ്രിയ  നേതാവാക്കി ഉയര്‍ത്തിക്കാട്ടുന്നതില്‍ അദ്ദേഹത്തിന്റെ  പി.ആര്‍ മാനേജര്‍മാര്‍ കൈവരിച്ച വിജയവും തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പില്‍ ബി.ജെ.പി പ്രതീക്ഷിച്ച  വിജയം നേടിയില്ല എന്നതും വിജയിച്ചത് മതേതര കക്ഷികളാണ് എന്നുള്ളതും താല്‍ക്കാലിക ആശ്വാസമേ നല്‍കുന്നുള്ളൂ എന്ന് പറയാന്‍ കാരണം ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ പോലും സി.പി.എമ്മിനെ പോലുള്ള ഒരു സെക്യുലര്‍ പാര്‍ട്ടി കടുത്ത വര്‍ഗീയ പ്രചാരണം നടത്തിയതുകണ്ടതുകൊണ്ടാണ്. ഇന്നത്തെ  ഇന്ത്യന്‍ അവസ്ഥയില്‍ അത് അവസാന വിശകലനത്തില്‍ സംഘ് പരിവാറിന് വളമാകുമെന്ന്  മാത്രമല്ല, സി.പി.എം എന്ന മതേതര പാര്‍ട്ടിയെ തന്നെ അത് കേരളത്തില്‍ ഇല്ലാതാക്കിക്കളയുമോ എന്ന് ആശങ്കിക്കുകയും വേണം. കോണ്‍ഗ്രസ് നശിച്ചതിനു ശേഷമേ സി.പി.എം നശിക്കൂ എന്ന് മാത്രമേയുള്ളൂ. ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിക്ക് തിരിച്ചുകയറാനാകുന്നുണ്ടോ?
പക്ഷേ തെരഞ്ഞെടുപ്പിനു ശേഷം പോലും സി.പി.എമ്മിന് അതിനെ കുറിച്ച് വീണ്ടുവിചാരം ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല, തങ്ങളുടെ  വര്‍ഗീയ പ്രചാരണം അടുത്ത നിയമസഭാ തെരെഞ്ഞടുപ്പ്  ലക്ഷ്യമാക്കി പൂര്‍വാധികം ശക്തിപ്പെടുത്തുന്നതും  അതിന്റെ നേതൃത്വം മുഖ്യമന്ത്രി  പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കുന്നതുമാണ് യു.ഡി.എഫിന്റെ ആഭ്യന്തര കാര്യത്തില്‍ പോലും ഇടപെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ വെളിപ്പെടുന്നത്.യു.ഡി.എഫിനെ ഇനി മുതല്‍ നയിക്കുന്നത് മുസ്‌ലിം ലീഗും ആ ലീഗിനെ നയിക്കുന്നത്  ജമാഅത്തെ  ഇസ്‌ലാമിയും ആയിരിക്കും എന്ന ധാരണ പരത്താനാണ് വര്‍ഗീയമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തന്റെ  പ്രസ്താവനയിലൂടെ  പിണറായി  ശ്രമിക്കുന്നത്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചേടത്തോളം അത്യന്തം അപകടകരവും സംഘ് പരിവാര്‍ ഫാഷിസ്റ്റുകളുടെ ചിരിയില്‍ അവസാനിക്കുന്നതുമായ  ഒരു തീക്കളിക്കാണ് മുഖ്യമന്ത്രി തന്നെ   ഇവിടെ തുടര്‍ച്ച നല്‍കിയിരിക്കുന്നത്.
ഈ പുകിലുകള്‍ക്കൊരു കാരണം, 2015-ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി ചില സീറ്റുകളില്‍ ധാരണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചതു പോലെ ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി അവര്‍ ചില ധാരണകള്‍ ഉണ്ടാക്കിയതാണ്. തങ്ങളുടെ കൂടെ കൂടുമ്പോള്‍ വര്‍ഗീയമാകാത്ത സംഘടനയെങ്ങനെ തങ്ങള്‍ക്കെതിരെ മറ്റാരെയെങ്കിലും പിന്തുണക്കുമ്പോള്‍ മാത്രം  വര്‍ഗീയമാവുക? വര്‍ഗീയതയെ കുറിച്ച  പാര്‍ട്ടിയുടെ കാഴ്ചപ്പാടിനെ തന്നെയല്ലേ ഇത് പരിഹാസ്യമാക്കുന്നത്? സംഘ് പരിവാറിനെ സംബന്ധിച്ചേടത്തോളം തങ്ങളെ പിന്തുണക്കാത്ത  എല്ലാ മുസ്‌ലികളും വര്‍ഗീയ വാദികളും അത്തരക്കാരെ പിന്തുണക്കുന്ന മതേതര പാര്‍ട്ടികള്‍ വര്‍ഗീയ പ്രീണനക്കാരുമാണ്. യഥാര്‍ഥത്തില്‍ വര്‍ഗീയതയെ കുറിച്ചും വര്‍ഗീയ പ്രീണനത്തെ കുറിച്ചുമുള്ള സംഘ് പരിവാര്‍ വ്യവഹാരം സി.പി.എമ്മും ഏറ്റുപിടിക്കുന്നത് കേരളത്തിന്റെ സാമൂഹിക ജീവിതത്തിന് അത്യന്തം അപകടകരമാണ് എന്നു മാത്രം  പറഞ്ഞുകൊള്ളട്ടെ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ധ്രവീകരണ അജണ്ട പൊതുസമൂഹത്തില്‍ മാത്രമല്ല മുസ്‌ലിം സമുദായത്തിലെ ആഭ്യന്തര ഉള്‍പ്പിരിവുകളിലേക്കു വരെ നീളുകയുണ്ടായി. വെല്‍ഫെയര്‍ പാര്‍ട്ടിയെ കൂടെ കൂട്ടിയതിലൂടെ മുസ്‌ലിം ലീഗിന്റെ അടിത്തറ തകര്‍ന്നുവെന്ന  പിണറായി വിജയന്റെ തെരഞ്ഞെടുപ്പു നാളിലെ പ്രസ്താവന ലക്ഷ്യം വെച്ചത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയ മുസ്‌ലിം ലീഗിനെതിരെ സമുദായത്തിലെ ജമാഅത്തേതര മത സംഘടനകളുടെ വോട്ട് തിരിച്ചുവിടുന്നതിനായിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ ലീഗ് അതിന്റെ ശക്തി നിലനിര്‍ത്തുകയും പലയിടത്തും നില മെച്ചപ്പെടുത്തുകയും ചില സീറ്റുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തത് വ്യക്തമാക്കുന്നത് മുസ്‌ലിം സമുദായ സംഘടനകള്‍ സി.പി.എമ്മിന്റെ വിഭാഗീയ അജണ്ടയില്‍ വീഴാതിരിക്കാനുള്ള പക്വത കാണിച്ചുവെന്നാണ്. സംഘ്  പരിവാര്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല ഇന്ത്യയില്‍ സമുദായ സംഘടനകളുടെ ഈ തിരിച്ചറിവും ജാഗ്രതയും വളരെ പ്രധാനമാണ്.

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌