ലിബറല്‍ ജനാധിപത്യം പ്രതിസന്ധിയിലായ വര്‍ഷം
കാക്കിസ്റ്റോക്രസി (Kakistocracy) എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍; ഗ്രീക്കില്‍നിന്ന് കടമെടുത്തത്. കാക്കിസ്റ്റോ (ഏറ്റവും മോശപ്പെട്ടത്), ക്രാറ്റോസ് (ഭരണം) എന്നീ രണ്ട് വാക്കുകള്‍ ചേര്‍ന്നുണ്ടായ പ്രയോഗമാണ്. ഏറ്റവും മോശപ്പെട്ട ഭരണത്തിന് മറ്റൊരു വാക്കും മതിയാകാതെ വരുമ്പോഴേ ഇങ്ങനെ പ്രയോഗിക്കാറുള്ളൂ. ട്രംപ് ഭരണകൂടത്തെ ഫ്രാന്‍സിസ് ഫുകുയാമ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. ആരാണ് ഫുകുയാമ? സോവിയറ്റ് യൂനിയന്‍ തകരുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്തപ്പോള്‍ ഫുകുയാമ പറഞ്ഞു; ചരിത്രം ഇതാ ഇവിടെ അവസാനിച്ചിരിക്കുന്നു. ഇനി അമേരിക്കന്‍ സമൂഹവും ഭരണകൂടവും കൈയേറ്റ ലിബറല്‍ ഡെമോക്രസി എന്ന ആശയത്തിന്റെ തേരോട്ടമായിരിക്കും. മറ്റൊരു ആശയവും അതിനു മുന്നില്‍ പിടിച്ചുനില്‍ക്കുകയില്ല. ചരിത്രത്തിന് ഇനി ഒരു ദര്‍ശനത്തിലേക്കും സഞ്ചരിക്കാനില്ല. അതിനാല്‍ ചരിത്രം ഇവിടെ അവസാനിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെയും വ്യക്തിവാദത്തിന്റെയും സ്വതന്ത്ര കമ്പോളങ്ങളുടെയും ഒരു ഏകധ്രുവ ആഗോളക്രമം അമേരിക്കയുടെ നേതൃത്വത്തില്‍ പിറവി കൊണ്ടിരിക്കുന്നു. ഇങ്ങനെയെല്ലാം വീമ്പടിച്ച ഫുകുയാമക്ക് 2020-ല്‍ പറയേണ്ടിവന്നു, താന്‍ പാടിപ്പുകഴ്ത്തിയ ലിബറല്‍ ഡെമോക്രസി ഏറ്റവും മോശപ്പെട്ട, ഏറ്റവും അപകടം പിടിച്ച ഒരു ഭരണകൂടത്തെയാണ് അമേരിക്കയില്‍ കൊണ്ടു വന്നതെന്ന്. അമേരിക്കയില്‍ ലിബറല്‍ ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന് പോലും അദ്ദേഹം ഇപ്പോള്‍ സംശയിക്കുന്നു.
തീര്‍ച്ചയായും വിടപറയുന്ന വര്‍ഷം ബാക്കിവെക്കുന്നത് കാര്യമായും ലിബറലിസത്തിന്റെ പ്രതിസന്ധികള്‍ തന്നെയാണ്. മഹാമാരിയെ ചെറുക്കുന്നതില്‍ അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യ വികസിത രാഷ്ട്രങ്ങള്‍ പലതും പരാജയപ്പെട്ടത് ലിബറലിസത്തിന്റെ പ്രതിസന്ധിയായി തന്നെയാണ് പല നിരീക്ഷകരും വിലയിരുത്തിയിട്ടുള്ളത്. സമൂഹത്തില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഭീകരമായി വര്‍ധിച്ചത് മഹാമാരി പോലുള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍ അധഃസ്ഥിതരെയും ദുര്‍ബലരെയും എങ്ങനെയൊക്കെ കടപുഴക്കിയെറിയും എന്ന് ഈ വര്‍ഷം നാം കണ്ടു. പക്ഷേ ഇതൊന്നും കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കുന്നതില്‍നിന്ന് ഭരണകൂടങ്ങളെ തടയുന്നില്ല. കോവിഡ് ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ അമേരിക്കയിലെ പൊതുജനം നട്ടം തിരിയുമ്പോഴും കോര്‍പറേറ്റുകള്‍ക്ക് ട്രംപ് ഭരണകൂടം വന്‍ നികുതിയിളവുകള്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിലെ സംഘ്പരിവാര്‍ ഭരണകൂടവും ഒട്ടും മോശമാക്കിയില്ല. ഇന്ത്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന കരിനിയമങ്ങളാണ് കാര്യമായ ചര്‍ച്ചയോ ആലോചനയോ ഇല്ലാതെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി ചുട്ടെടുത്തിരിക്കുന്നത്. ലിബറലിസത്തിന്റെ പ്രതിസന്ധിയാണ് ഫ്രാന്‍സിലും നാം കണ്ടത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അതിനെ ഇസ്‌ലാമിന്റെ പ്രതിസന്ധിയായി തലതിരിച്ചിട്ടതുകൊണ്ട് അത് അങ്ങനെ അല്ലാതാവുന്നില്ല.
ലിബറലും അല്ലാത്തതുമായ ഭരണകൂടങ്ങളുടെ പല തലങ്ങളിലുള്ള പരാജയം ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ജന്മം നല്‍കി. റഷ്യന്‍ ആക്ടിവിസ്റ്റ് നാദിയ ടൊലക്കോനിക്കോവ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് തന്നെ 'റാഡിക്കല്‍ രാഷ്ട്രീയ വിഭാവനയുടെ വര്‍ഷം' (A Year of Radical Political Imagination) എന്നായിരുന്നു. സാമൂഹിക നീതിയെക്കുറിച്ച് നിലനില്‍ക്കുന്ന ധാരണകളുടെ പൊളിച്ചെഴുത്താണ് 'കറുത്തവര്‍ക്കും ജീവിക്കണം' എന്ന ബാനര്‍ ഉയര്‍ത്തി അമേരിക്കയിലും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളെന്ന് ലേഖിക എഴുതുന്നു. അപൂര്‍വമല്ലാത്ത ഒരു സംഭവം അനുയോജ്യമായ സമയത്ത് സംഭവിക്കുമ്പോള്‍ അത് എങ്ങനെയാണ് പടിപടിയായി ആഴത്തില്‍ സാമൂഹിക ചലനങ്ങളുണ്ടാക്കുന്ന വന്‍ പ്രക്ഷോഭമായി രൂപാന്തരപ്പെടുന്നതെന്ന് ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കയിലെ വെള്ളപ്പോലിസ് കൊലപ്പെടുത്തിയതിനു ശേഷമുള്ള സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രക്ഷോഭത്തില്‍ അമേരിക്കയില്‍ മാത്രം വിവിധ സന്ദര്‍ഭങ്ങളിലായി ഇരുപത്തിയാറ് ദശലക്ഷമാളുകള്‍ പങ്കുകൊള്ളുകയുണ്ടായി. നാം വരവേല്‍ക്കുന്ന വര്‍ഷത്തെ നീതിസങ്കല്‍പ്പത്തില്‍ ഈ പ്രക്ഷോഭം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
മുസ്‌ലിം ലോകത്തും മാറ്റങ്ങളുണ്ടായി. പക്ഷേ അവയിലധികവും ശത്രുവിന്റെ മുമ്പില്‍ അടിയറവു പറയുന്നതിന്റേതായിരുന്നു. കുതിപ്പുകളില്ല, കിതപ്പുകളാണ്. അതേക്കുറിച്ച വിശകലനങ്ങള്‍ ഈ ലക്കത്തില്‍ വായിക്കാം.
Comments