എ. ഫാറൂഖ് മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള ഒരു ജീവിതം
ചിലര്‍ മരിച്ചാലും മരിച്ചു എന്ന് നമുക്ക് വിശ്വസിക്കാനാവില്ല. പ്രിയങ്കരനായ ഫാറൂഖ് സാഹിബിന്റെ മരണം അങ്ങനെയുള്ള ഒന്നായിരുന്നു. കളത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം പൊടുന്നനെ അപ്രത്യക്ഷനായി. ജീവിതത്തില്‍ എപ്പോഴും വേഗത്തില്‍ നടന്നതു പോലെ മരണത്തിലേക്കും അതേ വേഗതയില്‍ തന്നെ നടന്നുപോയി. കോവിഡ് ബാധിക്കുന്നതിന്റെ ഒരാഴ്ച മുമ്പാണ് ശാന്തപുരം അല്‍ ജാമിഅക്കു വേണ്ടി ഗുജറാത്തില്‍ പോയിവന്നത്. ഓഫീസില്‍ വന്ന് അതിന്റെ വിവരങ്ങളൊക്കെ കൈമാറി വീട്ടിലേക്കു പോയതായിരുന്നു. ഗുജറാത്തില്‍ പോയതിന്റെ ഫോളോഅപ്പ് വര്‍ക്കുകള്‍ അന്വേഷിക്കാന്‍ വിളിച്ചപ്പോഴാണ് കോവിഡ് ബാധയെക്കുറിച്ച് പറഞ്ഞത്. സാധാരണ എപ്പോഴും സ്വന്തം കാര്യങ്ങള്‍ നിസ്സാരവല്‍ക്കരിക്കാറുള്ളതുപോലെ, ആശുപത്രിയും ചികിത്സയും ആവശ്യമില്ല, സ്വയം മാറിക്കൊള്ളും എന്ന് ആശ്വാസംകൊണ്ടു. പക്ഷേ പിന്നീടെല്ലാം കൈവിടുകയായിരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ പലരുടെയും മഹത്വം ഓര്‍ക്കാറില്ല. മരിച്ചുകഴിഞ്ഞാലാണ് അവര്‍ മഹാന്മാരായിരുന്നു എന്നോര്‍ക്കുക. വല്ലാത്തൊരു അനാഥത്വമാണ് അദ്ദേഹം അവശേഷിപ്പിച്ചുപോയത്. ചിറകൊടിഞ്ഞതുപോലെ. പകരം ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത മരണം.
ഇങ്ങനെയുള്ള മനുഷ്യര്‍ അപൂര്‍വമായിരിക്കും. മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചു ശീലിച്ചവര്‍. ജിദ്ദയില്‍ ജീവിതം ആരംഭിച്ചത് അങ്ങനെയായിരുന്നു. മടങ്ങിവന്ന് നാട്ടില്‍ സ്ഥിരതാമസമാക്കിയ ശേഷം മരണം വരെയും അങ്ങനെത്തന്നെയായിരുന്നു. അല്‍ ജാമിഅയില്‍ പഠിച്ചത് കുറഞ്ഞ കാലമാണ്. പക്ഷേ നാട്ടില്‍ തിരിച്ചെത്തി നേരെവന്നത് അല്‍ ജാമിഅയിലേക്കാണ്. 'ശമ്പളം ആവശ്യമില്ല, സ്ഥാപനത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയാറാണ്' എന്നും പറഞ്ഞാണ് വന്നത്. പബ്ലിക് റിലേഷനില്‍ സമര്‍ഥനായ അദ്ദേഹത്തിന് ആ ചുമതല നല്‍കി. ശമ്പളം നിശ്ചയിച്ചെങ്കിലും ശമ്പളം പറ്റാതെയാണ് ഫാറൂഖ് സാഹിബ് ജോലി ആരംഭിച്ചത്. അത്ര സാമ്പത്തിക ശേഷി അദ്ദേഹത്തിനില്ല എന്നും, മുമ്പേ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പാച്ചിലില്‍ ഒന്നും ബാക്കിവെക്കാനായിട്ടില്ല എന്നും അറിയാവുന്നതുകൊണ്ട് അല്‍ ജാമിഅ ഭരണസമിതി കുറേ നിര്‍ബന്ധിച്ചപ്പോഴാണ് വൈകി അദ്ദേഹം ചെറിയൊരു ശമ്പളം വാങ്ങിയത്. തനിക്ക് വലിയ സാമ്പത്തിക സുസ്ഥിതിയാണ് എന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. അടുത്തറിയുന്നവര്‍ക്കേ കഥയറിയൂ.
ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇത്രയധികം സ്വപ്‌നങ്ങള്‍ കണ്ട മനുഷ്യര്‍ കുറവായിരിക്കും. പ്രസ്ഥാനത്തെയും പാര്‍ട്ടിയെയും സ്ഥാപനങ്ങളെയും പുതുതലമുറയെയുമൊക്കെ എവിടെയൊക്കെയോ എത്തിക്കണം എന്ന് പൂതിവെച്ച മനുഷ്യന്‍. അല്‍ ജാമിഅയുടെ ഭാവി പദ്ധതിയായ നോളജ് വേള്‍ഡിന്റെ പ്രവര്‍ത്തനമായിരുന്നു അദ്ദേഹം ഏറ്റെടുത്ത മുഖ്യചുമതല. അതിന്റെ ഭൂമിക്ക് കാശുണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു. രാവിലെ അല്‍ ജാമിഅയിലെത്തും. നോളജ് വേള്‍ഡിന് ഓഫര്‍ ചെയ്ത ആളുകളെ ഒന്നൊന്നായി ഇരുന്നു വിളിക്കും. പുതിയ 'ഇര'കളെ കണ്ടെത്താന്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യും. അതിനിടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കും സിജിക്കും അല്‍ ജാമിഅ ആര്‍ട്‌സ് & സയന്‍സ് കോളേജിനും വണ്ടൂര്‍ വനിതാ കോളേജിനും മഹല്ലിനും വേണ്ടിയൊക്കെ ഓടിക്കൊണ്ടേയിരിക്കുന്നുണ്ടാകും. കൂടെത്തന്നെ വ്യക്തികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും സഹായിക്കാനുമുള്ള സമയവും കണ്ടെത്തും. നാം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും ഫോണുകള്‍ അറ്റന്റ് ചെയ്തുകൊണ്ടേയിരിക്കുകയായിരിക്കും. പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും കാണിക്കുന്ന ജാഗ്രത കാണുമ്പോള്‍, എല്ലാവരും പ്രശ്‌നങ്ങളില്‍നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഇദ്ദേഹം ആരെങ്കിലും വല്ല പ്രശ്‌നങ്ങളും പറഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചുകഴിയുന്ന ഒരാളാണോ എന്ന് തോന്നിപ്പോകും.
വഴിമുട്ടുമ്പോള്‍ വിളിക്കാനുണ്ടായിരുന്ന പേരായിരുന്നു ഫാറൂഖ് സാഹിബ്. ഏതു പ്രശ്‌നം പറഞ്ഞാലും പരിഹാരമുണ്ട് എന്നേ പറയൂ. പ്രയാസമാണ് എന്ന് ഏതെങ്കിലും കാര്യത്തെപ്പറ്റി എപ്പോഴെങ്കിലും പറഞ്ഞത് സത്യത്തില്‍ ഓര്‍മയില്ല. എന്തും ഏറ്റെടുക്കും, ആരെയും വിളിക്കും, ആരെയും പോയി കാണും. അതുകൊണ്ടാണ് എല്ലാവരും ഫാറൂഖ് സാഹിബിനെത്തന്നെ വിളിക്കുന്നത്. ഇത്തരം പ്രകൃതക്കാരനായതുകൊണ്ട് കേരളത്തിലും പുറത്തും, രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും മതനേതാക്കളും ഉദ്യോഗസ്ഥരുമായി എല്ലാ മേഖലകളിലും അദ്ദേഹത്തിന് അടുത്ത ബന്ധങ്ങളുണ്ടായിരുന്നു. ബന്ധങ്ങള്‍ ഉണ്ടാക്കിവെക്കുകയും കാത്തുസൂക്ഷിക്കുകയും മാത്രമല്ല, തനിക്കൊഴിച്ച് മറ്റാര്‍ക്കും വേണ്ടി, അത് വ്യക്തികളാവട്ടെ, സ്ഥാപനങ്ങളാവട്ടെ, സംഘടനകളാവട്ടെ അദ്ദേഹം സമര്‍ഥമായി പ്രയോജനപ്പെടുത്തുകയും ചെയ്യും. അതില്‍ ലജ്ജയോ അപകര്‍ഷയോ കാണിച്ചിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അങ്ങനെ കാണിക്കുന്നവരോട് അദ്ദേഹം പറയാറുണ്ടായിരുന്നു, 'നമ്മുടെ സ്വന്തം കാര്യമല്ല പറയുന്നത്, പിന്നെയെന്തിനു ലജ്ജിക്കണം?' പലരെയും പല കാര്യങ്ങള്‍ക്കു വേണ്ടിയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹം പലര്‍ക്കും ഒരു 'ശല്യ'ക്കാരനായിരുന്നു. എന്നാല്‍ അവര്‍ ആസ്വദിച്ച ശല്യമായിരുന്നു അത്. ആ 'ശല്യ'ത്തിനു പിന്നിലുള്ള ആത്മാര്‍ഥത അറിയുന്നവര്‍ക്ക് അത് ആസ്വദിക്കാനേ കഴിയൂ.
പോസിറ്റീവ് എനര്‍ജിയും മോട്ടിവേഷനുമായിരുന്നു ഫാറൂഖ് സാഹിബിന്റെ പ്രത്യേകത. കണ്ടുമുട്ടുന്നവരിലൊക്കെ അദ്ദേഹം അതുണ്ടാക്കിക്കൊണ്ടിരിക്കും. സിജിയുടെ മോട്ടിവേഷന്‍ ക്ലാസുകളിലും ട്രെയ്‌നിംഗുകളിലും മാത്രമല്ല, കൂടെ സഞ്ചരിക്കുന്ന ഡ്രൈവര്‍മാരിലും ചായകുടിക്കാന്‍ കയറുന്ന കടക്കാരിലുമൊക്കെ ആ പോസിറ്റീവ് എനര്‍ജി കുത്തിവെച്ചിട്ടേ അദ്ദേഹം മടങ്ങുകയുള്ളൂ.
ജിദ്ദയില്‍നിന്നു തിരിച്ചുവരുമ്പോള്‍ അദ്ദേഹം ഒരു ജനസേവന പ്രവര്‍ത്തകന്‍ മാത്രമായിരുന്നെങ്കില്‍, നാട്ടിലെത്തിയപ്പോള്‍ അല്‍ ജാമിഅ പി.ആര്‍ ഹെഡും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാവും സിജിയുടെ ട്രെയ്‌നറും മോട്ടിവേഷന്‍ സ്പീക്കറും ഖത്വീബുമൊക്കെയായി അദ്ദേഹം വളര്‍ന്നു. തനിക്കു വഴങ്ങുന്ന കലകളൊക്കെ വേഗം പഠിച്ചെടുത്തു. ഖുത്വ്ബ പരമ്പരാഗത രീതികളില്‍നിന്നും ശൈലികളില്‍നിന്നും വ്യത്യസ്തമായതുകൊണ്ട് പത്തു വര്‍ഷം ഒരേ പള്ളിയില്‍ ആരെയും മടുപ്പിക്കാതെ ഖുത്വ്ബ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
ഏതായാലും ഇനിയില്ല, എന്നും മുകളിലേക്കു നോക്കി ചിറകടിച്ചുകൊണ്ടേയിരുന്ന മഹാനായ ആ സുഹൃത്ത്. കണ്ട പല സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാകുന്നതിനു മുമ്പേ അദ്ദേഹം യാത്രയായി. പക്ഷേ, ആ സ്വപ്‌നങ്ങള്‍ക്ക് ഭൂമിയില്‍ വിത്തിട്ടാണ് പോയത്. സ്വപ്‌നങ്ങളെ യാഥാര്‍ഥ്യങ്ങളാക്കാന്‍ അവ സഹപ്രവര്‍ത്തകര്‍ക്കു വിട്ടേച്ചുകൊണ്ട് നെറ്റിയില്‍ അധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികളുമായി സ്വര്‍ഗത്തിലേക്ക് നേരത്തേ പറന്നുപോകാന്‍ ഭാഗ്യം ലഭിച്ചവനാകാം ഫാറൂഖ് സാഹിബ്. ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കേണ്ട കര്‍മങ്ങളൊക്കെ കുറഞ്ഞ കാലം കൊണ്ട് ധൃതിയില്‍ ചെയ്തുതീര്‍ത്ത അദ്ദേഹത്തിന് അല്ലാഹു ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ- ആമീന്‍.
--------------------------------------------------------------------------------------------------------
എ. ഫാറൂഖ്
ജനനം 1962 മെയ് 25 മലപ്പുറം ജില്ലയിലെ ശാന്തപുരത്ത്. പിതാവ് എ. കുഞ്ഞാണി (മുഹമ്മദ്) ഹാജി, മാതാവ് കെ.കെ സാറ. 1980-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍നിന്ന് സീനിയര്‍ സെക്കന്ററി കോഴ്സ് പൂര്‍ത്തിയാക്കി. തുടര്‍പഠനം തിരൂര്‍ക്കാട് ഇലാഹിയാ കോളേജിലും അല്‍ഐനിലെ സയന്റിഫിക് ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടിലും. അറബിയില്‍ എം.എ ബിരുദവും നേടിയിട്ടുണ്ട്. യു.എ.ഇ ഡിഫന്‍സില്‍ ടെക്നിക്കല്‍ ട്രാന്‍സ്‌ലേറ്ററും (1984-1990, ഷാര്‍ജ), ജിദ്ദയിലെ ഹിദാദ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്ററും (1990 -2000), ജിദ്ദ ഹൈക്കോടതിയില്‍ ട്രാന്‍സ്‌ലേറ്ററും (2000-2011) ആയി ജോലിചെയ്തു. സിജി മലപ്പുറം ജില്ലാ പ്രസിഡന്റ്, ഇസ്ലാമിക് മിഷന്‍ ട്രസ്റ്റ് ജോ. സെക്രട്ടറി, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍, അല്‍ജാമിഅ ആര്‍ട്സ് & സയന്‍സ് കോളേജ് ചെയര്‍മാന്‍, അല്‍ ജാമിഅ നോളേജ് വേള്‍ഡ് പ്രൊജക്ട് ഡയറക്ടര്‍, അല്‍ജാമിഅ പബ്ലിക് റിലേഷന്‍സ് ഹെഡ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍, പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിച്ചു. ദാറുല്‍ ഫലാഹ് സ്‌കൂള്‍, ശാന്തപുരം കോളേജ് ഹൈസ്‌കൂള്‍, വണ്ടൂര്‍ വനിതാ കോളേജ്, കുന്നക്കാവ് ഹില്‍ടോപ് സ്‌കൂള്‍ എന്നിവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, ജമാഅത്തെ ഇസ്ലാമി ഏരിയാ സമിതി, എച്ച്.ആര്‍.ഡി, മാനവ് ട്രസ്റ്റ് എന്നിവയില്‍ അംഗമായിരുന്നു.
ഷാര്‍ജ ഡിഫന്‍സ് മലയാളി കൂട്ടായ്മ വൈസ് പ്രസിഡന്റ്, കെ.ഐ.ജി ജിദ്ദ ദഅ്വാ വകുപ്പ് കണ്‍വീനര്‍, ഏരിയാ പ്രസിഡന്റ്, മാധ്യമം ബ്യൂറോ ചീഫ്, ഹിദാദ പള്ളി ഖത്വീബ്, ഹജ്ജ് വെല്‍ഫെയര്‍ ഫോറം കണ്‍വീനര്‍, അല്‍ഐന്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ലിറ്റററി അസോസിയേഷന്‍, ഒരുമ, മുസ്ലിം ഐക്യവേദി, ഏജസ്, ശാന്തപുരം അലുംനി, സിജി എന്നിവയുടെ സെക്രട്ടറി, സുഊദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം ഭാരവാഹി, ടീം ക്യാപ്റ്റന്‍ എന്നീ പദവികള്‍ വഹിച്ചു. 2000-2011-ല്‍ രണ്ടു ലക്ഷത്തോളം പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കി. കെ.എം.സി.സി, നവോദയ, ഗള്‍ഫ് കെയര്‍ എന്നിവയുടെ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി. സാര്‍ക്ക് രാജ്യങ്ങള്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍, മധ്യപൗരസ്ത്യ നാടുകള്‍, മലേഷ്യ, സിങ്കപ്പൂര്‍, സൈപ്രസ് എന്നിവ സന്ദര്‍ശിച്ചു. ഭാര്യ സി.കെ. ആഇശ ഷിനു, മക്കള്‍: നദീം, നജീം, നഈം, നസീഹ്, നബീഹ്.
Comments