ഇത് മൊറോക്കന്‍ ജനത അംഗീകരിക്കുമോ?
മൊറോക്കോ ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുമെന്നും നേരിട്ട് വിമാന സര്‍വീസുകള്‍ നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് ഇസ്രയേലിലെ പൊതു സമൂഹത്തിലും അവിടത്തെ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരിക വൃത്തങ്ങളിലും വലിയ തോതില്‍ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. വിജയാഹ്ലാദമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. മറുവശത്ത് ഫലസ്ത്വീനില്‍ അതുണ്ടാക്കിയത് കടുത്ത മ്ലാനതയും നഷ്ട ബോധവുമാണ്. ഫലസ്ത്വീനോടുളള അറബ് ഐക്യദാര്‍ഢ്യം ചുരുങ്ങിവരുന്നതും അവര്‍ കാണുന്നു. അറബ് രാജ്യങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി അധിനിവേശകരുമായി ബന്ധം 'സാധാരണ നിലയില്‍' ആക്കിക്കൊണ്ടിരിക്കുകയാണല്ലോ. ഈ നീക്കം ഇസ്രയേലിന്റെ അധിനിവേശ - ഭൂകവര്‍ച്ചാ രാഷ്ട്രീയത്തിന് തളികയില്‍ വെച്ചുകൊടുത്ത സമ്മാനം പോലെയായി. ഫലസ്ത്വീനികളുടെ നിയമാനുസൃത അവകാശങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയും.
ഈ നീക്കം കൊണ്ട് നേട്ടം കൊയ്യുന്നത് ഇസ്രയേലും അമേരിക്കയും മാത്രമായിരിക്കില്ല. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര രാഷ്ട്രീയത്തിലും ഇത് ദൂരവ്യാപകമായ ഫലങ്ങളുളവാക്കും. പ്രസിഡന്റ് കാലാവധി അവസാനിക്കാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപ് ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ക്കകം അധികമായി ചില രാഷ്ട്രീയ മുദ്രകള്‍ ബാക്കിവെച്ചു പോകാനാണ് ആഗ്രഹിക്കുന്നത്. വിദേശ നയത്തിലെ ഈ 'നേട്ടങ്ങള്‍' മറ്റു അറബ് രാജ്യങ്ങളെയും ഈ വഴി കൊണ്ടുവരാന്‍ നിമിത്തമായേക്കും. ഇതെല്ലാം 2024-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം നേടിത്തരാന്‍ സഹായിക്കുമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. മാസങ്ങള്‍ക്ക് മുമ്പ് വരെ അസാധ്യം എന്നു കരുതിയത് നേടിയെടുത്ത രാഷ്ട്രീയ നേതാവ് എന്ന പരിവേഷത്തോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന്റെ നില്‍പ്പ്. ഫലസ്ത്വീന്‍ ഭൂമിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും വഴങ്ങാതെയാണ് ഈ നേട്ടം കൈവരിച്ചത് എന്നും നെതന്യാഹുവിന് പറയാം. മൊറോക്കോയുമായി ബന്ധം സാധാരണ നിലയിലാകുന്നതോടെ മൊറോക്കന്‍ വേരുകളുള ഇസ്രയേലികളുടെ പിന്തുണ തന്റെ ലിക്വിഡ് പാര്‍ട്ടിക്ക് ഒന്നുകൂടി ശക്തിപ്പെടുത്താമെന്നും കണക്കുകൂട്ടുന്നു. നെതന്യാഹുവിന്റെ ഭരണകൂടത്തെ വിടാതെ പിന്തുടരുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും.
മൊറോക്കോക്കും മൊറോക്കന്‍ രാജാവിനും മൊറോക്കന്‍ വംശജരായ ഇസ്രയേലികള്‍ക്കിടയിലുള്ള ജനപ്രീതി ചൂഷണം ചെയ്യാമെന്ന മോഹം ഫലസ്ത്വീന്‍ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് ഉണ്ടായിരുന്നു. അത് ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരത്തിന് പ്രയോജനപ്പെടുമോ എന്നാണ് അദ്ദേഹം ആലോചിച്ചത്. മൊറോക്കന്‍ രാജാവിന്റെ അധ്യക്ഷതയില്‍ മൊറോക്കന്‍ വംശജരായ ഇസ്രയേലി പൗരന്മാരുടെ ഒരു മഹാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഒരു ഫലസ്ത്വീനീ ടീമിനും രൂപം നല്‍കി. ഇങ്ങനെയൊക്കെ ചെയ്താല്‍ അത് ഇസ്രയേലിലെ ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നും അത് സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ഇതൊക്കെയും കേവല മൂഢഭാവനകളായതുകൊണ്ട് തുടങ്ങും മുമ്പ് തന്നെ ആ നീക്കം പൊളിഞ്ഞു. ഇസ്രയേലിലെ മൊറോക്കന്‍ ജൂതന്മാര്‍ ബഹുഭൂരിപക്ഷവും പിന്തുണക്കുന്നത് ലിക്വിഡ്, ഷാസ് പോലുള്ള വലതുപക്ഷ പാര്‍ട്ടികളെയാണ്. 1977-ല്‍ മെനാഹിം ബെഗിന്‍ അധികാരത്തില്‍ വരുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. യൂറോപ്പില്‍നിന്ന് ഇസ്രയേലിലെത്തിയ അശ്കിനാസി ജൂതന്മാരുമായുള്ള (ഇവരധികവും ലേബര്‍ പാര്‍ട്ടിക്കാരാണ്) ആഴത്തിലുള്ള വംശീയ പ്രശ്‌നങ്ങളാണ് ഇവരെ വലതുപക്ഷ ക്യാമ്പിലെത്തിച്ചത്. മൊറോക്കന്‍ വംശജരെന്ന നിലക്കുള്ള രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ യാതൊരു പശ്ചാത്തലവും ഈ നിലപാടുകള്‍ക്കൊന്നിനുമില്ല. ഇസ്രയേലിനകത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചുറ്റുപാടുകളാണ് അതിന് നിദാനം. അപ്പോള്‍ ഇസ്രയേലിനകത്തെ മാറ്റങ്ങള്‍ മാത്രമേ മൊറോക്കന്‍ ജൂതന്മാരുടെ നിലപാടുകളെ സ്വാധീനിക്കൂ.
ഇസ്രയേലിന് ഇങ്ങനെയൊക്കെ വഴങ്ങിക്കൊടുത്താല്‍ അറബികളോടുള്ള അവരുടെ നിലപാട് മയപ്പെടുമെന്നും അത് കുറേയൊക്കെ നേരും നെറിയുമുള്ളതാവുമെന്നും കരുതുന്ന ചില പാവങ്ങളുണ്ട്. പക്ഷേ സംഭവിക്കുന്നതൊക്കെ ഇതിന് നേര്‍ വിപരീതമാണ്. ഇസ്രയേലിന് അകത്ത് അവര്‍ ചെയ്യുന്ന ഒരു പണി നോക്കാം. അറബ് വംശജരെ രണ്ടായി തിരിക്കുന്നു. ഒന്ന്, നമ്മോടൊപ്പമുള്ള 'നല്ലവര്‍.' രണ്ട്, നമുക്കെതിരിലുള്ള 'ചീത്തവര്‍'. ലബനാനെതിരെയുള്ള രണ്ടാം കടന്നാക്രമണ കാലത്ത് ഷിമോണ്‍ പെരസ് പറഞ്ഞത്, ഇസ്രയേല്‍ അറബ് ലോകത്തിനെതിരെയല്ല എന്നായിരുന്നു. അറബികള്‍ രണ്ട് ചേരിയാണെന്നും അതില്‍ സന്തുലിത നിലപാടുള്ള ചേരി തങ്ങളെ പിന്തുണക്കുന്നവരാണെന്നും തങ്ങളെ എതിര്‍ക്കുന്നവരൊക്കെ തീവ്രവാദികളാണെന്നും പെരസ് വിശദീകരിച്ചു. അറബ് രാഷ്ട്രങ്ങള്‍ കൂടുതല്‍ വിധേയപ്പെടുന്നതോടെ ഇസ്രയേലിന്റെ ഈ അഹന്തയും ധിക്കാരവും കൂടുകയേ ഉള്ളൂ.
മൊറോക്കോ 'നോര്‍മലൈസേഷന്റെ' ഈ വണ്ടിയില്‍ കയറാന്‍ ഒരു രാഷ്ട്രീയ പശ്ചാത്തലവുമുണ്ട്. സുഊദി അറേബ്യ ഒഴിച്ച് മറ്റു അറബ് രാഷ്ട്രങ്ങളെക്കൊണ്ടൊന്നും പ്രയോജനമില്ല എന്ന ചിന്തയാണത്. അതിനാല്‍ മൊറോക്കോ എന്ന ഈ വടക്കനാഫ്രിക്കന്‍ രാഷ്ട്രം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആഫ്രിക്കന്‍ കൂട്ടായ്മകളാണ് നല്ലത് എന്ന് ചിന്തിക്കുന്നു. മൊറോക്കോയുടെ വികസന കാര്യത്തിലോ ആഭ്യന്തര വിഘടനവാദം രൂക്ഷമായ പശ്ചിമ സഹാറ പ്രശ്‌നത്തിലോ അറബ് രാഷ്ട്രങ്ങള്‍ ഒന്നും ചെയ്യുന്നില്ല എന്നവര്‍ക്ക് പരാതിയുണ്ട്. മേഖലയിലെ പ്രതിവിപ്ലവധാരകള്‍ ശക്തിപ്പെട്ടതിന്റെ ഇര കൂടിയാണ് യഥാര്‍ഥത്തില്‍ മൊറോക്കന്‍ ഗവണ്‍മെന്റ്. ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദം അത് സൃഷ്ടിക്കുന്നുണ്ട്. 'ഓരോ രാഷ്ട്രവും അതതിന്റെ താല്‍പ്പര്യങ്ങള്‍ നോക്കട്ടെ' എന്ന ചിന്തക്കും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു. 'ഇബ്‌റാഹീമീ സമാധാന'വും കൂട്ടത്തില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇബ്‌റാഹീമീ പാരമ്പര്യത്തിലുള്ള ജൂത - ഇസ്‌ലാം മതങ്ങള്‍ പരസ്പരം അടുക്കണമെന്ന വാദഗതിയാണ് അതിന്റെ ബാനറില്‍ ഉയര്‍ത്തപ്പെടുന്നത്. രണ്ട് മതങ്ങള്‍ക്കും മൊറോക്കോയില്‍ ആഴത്തിലുള്ള വേരുകളുണ്ടല്ലോ. പക്ഷേ ഈ വാദക്കാര്‍ പൂര്‍ണമായും അജ്ഞത നടിക്കുന്ന ഒരു കാര്യമുണ്ട്. പ്രശ്‌നം ഇസ്‌ലാമും ജൂതമതവും തമ്മിലല്ല എന്നതാണത്. സയണിസവുമായാണ് പ്രശ്‌നമുള്ളത്. പ്രമുഖ ലബനീസ് കവി വദീഅ് അല്‍ ബുസ്താനി തന്റെ 'അല്‍ ഫലസ്ത്വീനിയ്യാത്ത്' എന്ന കാവ്യ സമാഹാരത്തില്‍ രണ്ടും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ ഒതുക്കിപ്പറഞ്ഞിട്ടുണ്ട്:
അജല്‍, ആബിറുല്‍ ഉര്‍ദുന്‍ കാന ഇബ്‌നു അമ്മിനാ
വലാകിന്നനാ നര്‍താബു മിന്‍ ആബിരില്‍ ബഹ്‌രി
(ശരിയാണ്, ജോര്‍ദാന്‍ നദി കടന്നുവന്നവന്‍ നമ്മുടെ ഉടപ്പിറപ്പ് തന്നെ. പക്ഷേ കടല്‍ കടന്നുവന്നവനെ നാം സംശയിക്കും).*
നിലവിലുള്ള രാഷ്ട്രീയ പശ്ചാത്തലം വെച്ചു മാത്രം മൊറോക്കോയുടെ ഒത്തുതീര്‍പ്പ് നിലപാടിനെ വിശദീകരിക്കാന്‍ കഴിയില്ല. ഈ നിലപാടിന്റെ വേരുകള്‍ തൊള്ളായിരത്തി അമ്പതുകളിലേക്കു വരെ നീണ്ടുകിടക്കുന്നുണ്ട്. അതിന്റെ ഒന്നാമത്തെ ചുവടുവെപ്പ് ഇരു രാഷ്ട്രങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെയായിരുന്നു. മൊറോക്കന്‍ ജൂതന്മാരെ ഇസ്രയേലിലെത്തിക്കാനും ആ സഹകരണം പ്രയോജനപ്പെട്ടു. അറുപതുകളിലും എഴുപതുകളിലും ഈ സഹകരണം തുടര്‍ന്നു. ഇക്കാലയളവില്‍ പല പ്രശ്‌നങ്ങളിലും ഇസ്രയേലിനും ഫലസ്ത്വീനികള്‍ക്കുമിടയില്‍ മൊറോക്കോ മധ്യസ്ഥന്റെ റോളില്‍ കടന്നുവരുന്നുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദാത്ത് ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന സമയത്ത് ഇസ്രയേല്‍ - ഈജിപ്ത് ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഇടനിലക്കാരനായതും മൊറോക്കോ തന്നെ. ആ സന്ദര്‍ശനത്തിലേക്ക് വഴിവെച്ച, മോശെ ദയാനും അന്‍വര്‍ സാദാത്തിന്റെ പ്രത്യേക പ്രതിനിധി ഡോ. ഹസന്‍ തുഹാമിയും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്കും ആതിഥ്യമരുളിയത് മൊറോക്കോ ആയിരുന്നു. ഓസ്‌ലോ ഉടമ്പടിക്ക് ശേഷം തെല്‍ അവീവിലും റബാത്തിലും നയതന്ത്ര ഓഫീസുകള്‍ തുറന്നുകൊണ്ട് ഇരു രാഷ്ട്രങ്ങളും ഈ ബന്ധങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്തു. ഇസ്രയേലില്‍നിന്ന് ധാരാളം സന്ദര്‍ശകരും മൊറോക്കോയിലെത്തി. 2000-ലെ രണ്ടാം ഇന്‍തിഫാദക്കു ശേഷം ഔദ്യോഗിക ബന്ധങ്ങള്‍ മരവിപ്പിച്ചു നിര്‍ത്തിയിരുന്നു എന്നു മാത്രം. അനൗദ്യോഗികമായി, രഹസ്യമായി അതൊക്കെയും നടക്കുന്നുമുണ്ടായിരുന്നു. ചുരുക്കം പറഞ്ഞാല്‍, അറുപതു വര്‍ഷമെങ്കിലുമായി ഇസ്രയേല്‍ - മൊറോക്കോ ബന്ധങ്ങള്‍ നിര്‍ബാധം തുടര്‍ന്നുവരികയായിരുന്നു. ഒട്ടേറെ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ അതിനു പിന്നിലുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ബന്ധം സാധാരണ നിലയിലാക്കല്‍ ശൂന്യതയില്‍നിന്ന് പൊട്ടിമുളച്ചതല്ല എന്നര്‍ഥം. നേരത്തേ പറഞ്ഞ ബന്ധങ്ങളുടെ തുടര്‍ച്ച മാത്രമാണത്. പടിഞ്ഞാറന്‍ സഹാറയിലെ പ്രശ്‌നമൊന്നും അതില്‍ നിര്‍ണായകമേ അല്ല. ഈ പ്രശ്‌നം പറയാതെ തന്നെയാണല്ലോ ഇക്കാലമത്രയും ഈ ബന്ധങ്ങള്‍ തുടര്‍ന്നുവന്നിരുന്നത്.
ഇസ്രയേല്‍ - മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ബന്ധം ആദ്യമായി മറനീക്കി പുറത്തു വരുന്നത്, മൊറോക്കന്‍ വിമോചന പോരാട്ടത്തിലെ മുന്‍നിര നേതാക്കളിലൊരാളും പ്രതിപക്ഷ നിരയിലെ ഇടതുപക്ഷ വക്താവുമായ മഹ്ദി ബെന്‍ ബര്‍ക(1920-1965)യുടെ വധത്തോടെയാണ്. അദ്ദേഹം പൊടുന്നനെ 'അപ്രത്യക്ഷനാ'വുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതശരീരം ഒളിപ്പിക്കുന്നതിലും അദ്ദേഹത്തെ പാരീസിലേക്ക് ക്ഷണിച്ചു വരുത്തുന്നതിലും ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിനുള്ള പങ്ക് ഒരു ഇസ്രയേലി മഞ്ഞപ്പത്രം 'ബൂല്‍' അക്കാലത്ത് തന്നെ പുറത്തുകൊണ്ടുവന്നിരുന്നു. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ മൃതശരീരം ഇല്ലാതാക്കിക്കളഞ്ഞതിനെക്കുറിച്ചും മറ്റുമുള്ള ധാരാളം വിവരങ്ങള്‍ പില്‍ക്കാലത്തും പുറത്തുവരികയുണ്ടായി. ഇതിന് പ്രത്യുപകാരമായി മൊറോക്കോയില്‍നിന്ന് ഇസ്രയേലിലേക്കുള്ള ജൂതകുടിയേറ്റം മൊറോക്കന്‍ ഭരണകൂടം എളുപ്പമാക്കിക്കൊടുത്തിട്ടുണ്ടാവും. അറബ് നാടുകളില്‍ നാസിറിസത്തിനെതിരെ യാഥാസ്ഥിതിക ശക്തികള്‍ക്ക് ഇസ്രയേല്‍ പിന്തുണ നല്‍കിയതിനെക്കുറിച്ചുള്ള ഇസ്രയേലീ രേഖകളും പിന്നീട് പുറത്തായിട്ടുണ്ട്. അറബ് നാടുകള്‍ വിമോചിപ്പിക്കപ്പെടുന്നത് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി ഇസ്രയേല്‍ കണ്ടിരുന്നു.
ബന്ധം സാധാരണ നിലയിലാക്കുമ്പോള്‍ സുരക്ഷ, രഹസ്യാന്വേഷണം, രാഷ്ട്രീയ പ്രതിയോഗികള്‍ക്കും പ്രതിപക്ഷത്തിനുമെതിരെയുള്ള ചാരവൃത്തി തുടങ്ങിയ മേഖലകളിലായിരിക്കും അറബ് - ഇസ്രയേല്‍ 'സഹകരണം' കൊഴുക്കുക. അത് മുഴുവന്‍ പൗരന്മാര്‍ക്കെതിരായും വിപുലപ്പെടാം. സയണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ ധാരകളെ കടപുഴക്കാനും അതിനെ ഉപയോഗിച്ചേക്കാം. കഴിഞ്ഞ നൂറ്റാണ്ടിലെ അമ്പതുകളിലും അറുപതുകളിലും അറബ് ദേശീയതയെ ചെറുക്കാന്‍ സുഡാനിലും മൊറോക്കോയിലും ലബനാനിലും ഇറാഖിലുമെല്ലാം പല ശക്തികളുമായും ഇസ്രയേല്‍ കൂട്ടുകൂടിയിരുന്നു. 'പുതിയ' സഹകരണം ഇസ്രയേലിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നവര്‍ക്കെതിരെയായിരിക്കും. മേഖലയിലെ അമേരിക്കന്‍ - ഇസ്രയേല്‍ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന ആര്‍ക്കെതിരെയും അത് തിരിയാം. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് മാത്രമേ ഇസ്രയേല്‍ നീങ്ങുകയുള്ളു. അതാര്‍ക്കും സൗജന്യങ്ങള്‍ ചെയ്തു കൊടുക്കാറില്ല; അത് സഖ്യകക്ഷിയാണെങ്കില്‍ പോലും. 'അറേബ്യന്‍ വീട്' പൊളിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് നോര്‍മലൈസേഷന് ഇറങ്ങിത്തിരിക്കുന്നവര്‍ ഓര്‍ക്കണം. ഇസ്രയേലീ വീട്ടില്‍ തങ്ങള്‍ക്ക് അഭയം കിട്ടുമെന്ന് അവര്‍ മോഹിക്കേണ്ട. ഇസ്രയേലുമായി 'പൊതു താല്‍പ്പര്യങ്ങള്‍' എന്നൊക്കെ പറയുന്നത് സ്വന്തം ജനതയെ ഭയക്കുന്ന ദുഷിച്ചു നാറിയ ഭരണകൂടങ്ങളുടെ വ്യാമോഹങ്ങള്‍ മാത്രം.
ഇസ്രയേലുമായി ബന്ധങ്ങള്‍ എങ്ങനെയൊക്കെ സാധാരണ നിലയിലാക്കിയാലും മൊറോക്കന്‍ ജനതയുടെ മനസ്സില്‍നിന്ന് ഫലസ്ത്വീനെയോ ഖുദ്‌സിനെയോ മായ്ച്ചുകളയാനാവില്ല. ഇവിടെ ഒരു ചരിത്ര സന്ദര്‍ഭം ഓര്‍ക്കാം. സ്വലാഹുദ്ദീന്‍ അയ്യൂബി ഖുദ്‌സ് മോചിപ്പിച്ചു കഴിഞ്ഞപ്പോള്‍ ആ മുന്നേറ്റത്തില്‍ പങ്കു കൊണ്ട അറബ് സൈനികരിലധികവും അവരുടെ നാടുകളിലേക്ക് തിരിച്ചുപോയി. മൊറോക്കന്‍ സൈന്യത്തോട് അവിടെത്തന്നെ തങ്ങാന്‍ സ്വലാഹുദ്ദീന്‍ നിര്‍ദേശിച്ചു. അവര്‍ക്കായി ഒരു തെരുവ് നിര്‍മിച്ചു നല്‍കാനും ഉത്തരവിട്ടു. ഇതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'നന്മയില്‍ ഉറച്ചുനില്‍ക്കുന്നവരെയും കടലില്‍ പൊരുതുന്നവരെയുമാണ് ഞാനിവിടെ പാര്‍പ്പിച്ചിരിക്കുന്നത്. മസ്ജിദുല്‍ അഖ്‌സ്വയുടെയും ഈ നഗരത്തിന്റെയും സുരക്ഷക്ക് ഏറ്റവും മികവുറ്റവരാണവര്‍.' ഫലസ്ത്വീനുമായി മൊറോക്കോ ജനതക്കുള്ളത് ആഴത്തിലുള്ള ചരിത്ര ബന്ധമാണ്. നോര്‍മലൈസേഷനെ എതിര്‍ക്കുന്ന ഇടത്, ഇസ്‌ലാമിക, നാഷ്‌നലിസ്റ്റ് ധാരകള്‍ ഈ ചരിത്ര നിലപാടിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
* 'നമ്മുടെ അമ്മാവന്റെ മകന്‍' (ഇബ്‌നു അമ്മിനാ) എന്നതുകൊണ്ട് കവി ഉദ്ദേശിച്ചത് മൂസാ നബിയുടെ പിന്മുറക്കാരെയാണ്. അവരിലൊരു വിഭാഗം (ജൂത മതവിശ്വാസികള്‍) ജോര്‍ദാന്‍ നദി കടന്ന് ഉത്തരാഫ്രിക്കയിലെത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അവരെ തദ്ദേശീയര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കടല്‍ കടന്നെത്തുന്ന സയണിസം അങ്ങനെയല്ല (വിവ:).
(ഇസ്രയേലിനകത്തെ അറബ് രാഷ്ട്രീയ നേതാവാണ് ജമാല്‍ സഹാലിഖ. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ അംഗമായിരുന്നിട്ടുണ്ട്)
Comments