Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

കന്മയില്‍ ആഇശബി

ആഇശ തമന്ന, മൂഴിക്കല്‍

ജമാഅത്തെ ഇസ്‌ലാമിയുടെ കോഴിക്കോട് സിറ്റി ഘടനയില്‍ ഉള്‍പ്പെട്ട മൂഴിക്കല്‍ ചെലവൂര്‍ വനിതാ ഹല്‍ഖയിലെ മുതിര്‍ന്ന പ്രവര്‍ത്തകയായിരുന്നു  ഡിസംബര്‍ ഒന്നിന് മരണപ്പെട്ട കന്മയില്‍ ആഇശബി. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലമായിരുന്നിട്ടുകൂടി സ്വന്തം  താല്‍പര്യപ്രകാരം പഠിച്ച്  പ്രസ്ഥാനത്തിലേക്ക് കടന്നുവന്നവരാണ് ആഇശബിയും ഭര്‍ത്താവ് മൊയ്തീന്‍ ഹാജിയും. കാര്‍കുനായിരുന്ന ഇവര്‍, രോഗബാധിതയായിട്ടും ഈ അടുത്ത കാലം വരെ ഹല്‍ഖാ യോഗങ്ങളിലും മറ്റു പ്രാസ്ഥാനിക പരിപാടികളിലും സജീവമായിരുന്നു. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കി നാല്  ആണ്‍മക്കളെയും രു പെണ്‍മക്കളെയും ഇസ്‌ലാമിക കലാലയങ്ങളില്‍ പഠിപ്പിച്ച്  പ്രാസ്ഥാനികരംഗങ്ങളില്‍ കര്‍മനിരതരാക്കി. പേരക്കുട്ടികള്‍  ഉന്നതവിദ്യാഭ്യാസാവശ്യാര്‍ഥം പുറത്തുള്ള യൂനിവേഴ്‌സിറ്റികളില്‍ പോവുന്നതും പഠിക്കുന്നതും  വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.
വിധവകളെയും അനാഥരെയും വളരെയധികം പരിഗണിച്ചു. സ്വന്തം നിലക്കുതന്നെ അവര്‍ പല സഹായങ്ങളും നല്‍കി. വറുതിയുടെ ആദ്യകാലങ്ങളില്‍ അയല്‍പക്കങ്ങളില്‍ വിശപ്പ് മാറ്റാന്‍ ഉദാരമായി ഇടപെട്ടുകൊണ്ടിരുന്നു. തന്നെ പോലെ മക്കളെയും ജനസേവകരാകാന്‍ പ്രേരിപ്പിച്ചു. കുടുംബ-സുഹൃദ് ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. മക്കള്‍: റിയാദ്, അബ്ദുല്‍ ഗഫൂര്‍, സക്കീര്‍ ഹുസൈന്‍, പരേതനായ ഉമര്‍ ഫൈസല്‍, ഫാത്വിമത്ത് സുഹ്‌റ, സുല്‍ഫത്ത്.

 

 

ആസിയ പൊന്നാനി

2020 നവംബര്‍ 29-ന് മരണപ്പെട്ട ആസിയ (52), പൊന്നാനി ടൗണ്‍ ഹല്‍ഖയിലെ പ്രവര്‍ത്തകനും ഐ.എസ്.എസ് സ്ഥാപനങ്ങള്‍, പൊന്നാനി ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയുടെ സാരഥിയുമായ പി.വി അബ്ദുല്ലത്വീഫ് സാഹിബിന്റെ സഹധര്‍മിണിയാണ്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആതിഥ്യമരുളി തന്റെ വീട് ദീനീസേവനത്തിന്റെ കേന്ദ്രമാക്കി മാറ്റിയ മഹതിയായിരുന്നു ആസിയ. പൊന്നാനിയില്‍ എത്തുന്ന അതിഥികള്‍, പ്രസ്ഥാന പ്രവര്‍ത്തകര്‍, നേതാക്കള്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണമൊരുക്കുന്നതില്‍ അവര്‍ മുന്നിലായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഉള്‍പ്പെടെ പരിപാടികളില്‍ തന്റെ സാന്നിധ്യം ഉറപ്പുവരുത്തി. പൊന്നാനിയിലെ പുരാതനമായ തന്റെയും ഭര്‍ത്താവിന്റെയും മുഴുവന്‍ കുടുംബങ്ങളുടെയും അത്താണിയാക്കി തന്റെ വീട് മാറ്റിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. കൂട്ടത്തില്‍ ചെറുപ്പമെങ്കിലും രണ്ട് കുടുംബങ്ങളും അവസാന വാക്കിനായി കാതോര്‍ത്തത് ഈ ദമ്പതികളെയായിരുന്നു. ഓരോ വര്‍ഷവും റമദാന്‍ മുഴുവന്‍ ടൗണ്‍ പള്ളിയിലെ ഇമാമുമാര്‍ക്കും സേവകര്‍ക്കും സംസ്ഥാനത്തിനകത്ത്‌നിന്നും പുറത്ത് നിന്നുമായി പൊന്നാനിയിലെത്തുന്ന അതിഥികള്‍ക്ക് മുടക്കം കൂടാതെ ഭക്ഷണം നല്‍കി. അനാഥകള്‍, വിധവകള്‍, അഗതികള്‍ തുടങ്ങി മുഴുവന്‍ നിരാലംബരുടെയും ആശാകേന്ദ്രമാക്കി തന്റെ വീട് അവര്‍ മാറ്റി. പ്രയാസപ്പെടുന്നവരെ അനേഷിച്ചു കണ്ടെത്തി സാമ്പത്തിക സഹായവും ഭക്ഷണവും എത്തിച്ചുകൊടുത്തു. വീടുകള്‍ നിര്‍മിച്ചു നല്‍കിയും പെണ്‍കുട്ടികളുടെ വിവാഹ ചെലവ് ഏറ്റെടുത്തും രോഗികളുടെ ചികിത്സാ ചെലവ് വഹിച്ചും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. പ്രളയകാലത്തും മഹാമാരിയുടെ സന്ദര്‍ഭത്തിലും ഭക്ഷണ കിറ്റൊരുക്കി പ്രസ്ഥാന പ്രവര്‍ത്തകരെ ഏല്‍പിച്ചും ദുരിതബാധിതരെ കണ്ടെത്തി കിറ്റുകള്‍ സ്വയം എത്തിച്ചു നല്‍കിയും മാതൃക കാണിച്ചു. രോഗം നിരന്തരമായി പിന്തുടരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്റെ പ്രിയപ്പെട്ടവനും മക്കളും കൂടെയുണ്ടായിരിക്കണമെന്ന് ആശിച്ചിരുന്നു. പ്രാര്‍ഥനപോലെ മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് ഇശാ നമസ്‌കാരം നിര്‍വഹിച്ച് പ്രിയതമനെയും മക്കളെയും ചേര്‍ത്തു പിടിച്ച് ശാന്തമായാണവര്‍ അല്ലാഹുവിലേക്ക് യാത്രയായത്.  മക്കള്‍: ദാനിഷ്, തന്‍വീര്‍ (രണ്ട് പേരും ഒമാനിലെ ഈസ്റ്റ് ഖദ്‌റ ഹല്‍ഖ), ആഇശ ശീഹ, ഷെറാഹ് ലത്വീഫ്. മരുമക്കള്‍: ശബീര്‍ പൊന്നാനി, ഫബിത (പടിഞ്ഞാറങ്ങാടി), ഫാക്കിറ.

അബൂ സലീല, പൊന്നാനി

 

 

കെ.എം ഫാത്വിമ

എടവിലങ്ങ് വനിതാ ഹല്‍ഖ രൂപീകരിച്ച നാള്‍ മുതല്‍ 22 വര്‍ഷം നാസിമത്തായിരുന്നു കെ.എം ഫാത്വിമ. 86-ാമത്തെ വയസ്സിലാണ് അവര്‍ അല്ലാഹുവിലേക്ക് യാത്രയായത്. കൊടുങ്ങല്ലൂരിന്റെ തീരദേശമായ എടവിലങ്ങില്‍ 60-കളില്‍ പ്രസ്ഥാന വേരോട്ടം ആരംഭിച്ചുവെങ്കിലും വനിതാ സാന്നിധ്യം ഉണ്ടായിരുന്നില്ല. 69-ല്‍ അധ്യാപക പരിശീലനത്തിനുള്ള ക്ലാസ് ആരംഭിച്ചു. ആ പഠനക്ലാസില്‍നിന്നും സാഹിത്യസമാജം തുടങ്ങി. ഫാത്വിമ സാഹിബ സാഹിത്യ സമാജത്തില്‍ സജീവ സാന്നിധ്യമായി. സ്ത്രീകള്‍ രംഗത്തു വരാന്‍ മടിച്ചിരുന്ന ആ കാലത്ത് ഫാത്വിമ സാഹിബയുടെ നേതൃത്വത്തില്‍ വനിതാ ഹല്‍ഖ രൂപീകരിച്ചു. പള്ളിനട, ശാന്തിപുരം, പൊരി ബസാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രബോധനം-പുസ്തക സ്‌ക്വാഡ് വഴി പ്രസ്ഥാനത്തെ പരിചയപ്പെടുത്തി. മറ്റുള്ളവരെ രംഗത്തിറക്കുന്നതില്‍ വളരെ ഉത്സാഹം കാണിച്ചു. വാര്‍ധക്യാവസ്ഥയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രസ്ഥാനത്തെക്കുറിച്ചും അംഗങ്ങളെക്കുറിച്ചും അന്വേഷിക്കുമായിരുന്നു. പ്രബോധനം വായിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും കാണാന്‍ വേണ്ടി മാത്രം പ്രബോധനം വാങ്ങുമായിരുന്നു. പഴയതും പുതിയതുമായ മുഴുവന്‍ തലമുറക്കും മാതൃകയായിരുന്നു ഫാത്വിമാ സാഹിബ. ഭര്‍ത്താവ്: മര്‍ഹും കുഞ്ഞുമുഹമ്മദ്. മക്കള്‍: അശ്‌റഫ്, സിദ്ദീഖ്, നജ്മ.

കെ.എം ശംസുദ്ദീന്‍, എടവിലങ്ങ്

 


മുസ്തഫ മാസ്റ്റര്‍

പറമ്പില്‍പീടികയിലെ ഇസ്‌ലാമിക  പ്രവര്‍ത്തന രംഗത്ത് കര്‍മനിരതനായിരുന്നു ഡിസംബര്‍ 8-ന് വിടപറഞ്ഞ തൊപ്പാശ്ശേരി  മുസ്തഫ മാസ്റ്റര്‍ (47).
മുന്‍ ഹല്‍ഖാ നാസിം, തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി, കാടപ്പടി അല്‍ ഇഹ്സാന്‍ ട്രസ്റ്റ് സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, പെരുവള്ളൂര്‍ പഞ്ചായത്ത് കണ്‍സ്യൂമര്‍ പ്രൊഡക്ഷന്‍ സൊസൈറ്റി സെക്രട്ടറി, മസ്ജിദുല്‍ അഹ്ബാബ് കമ്മിറ്റി സെക്രട്ടറി തുടങ്ങി ഒട്ടനവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പറമ്പില്‍പീടികയിലും അതിനുമുമ്പ് കാടപ്പടിയിലും പള്ളിനിര്‍മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. അധ്യാപന സമയം കഴിഞ്ഞാല്‍, പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഓടി നടന്നതും പ്രസ്ഥാന കാര്യങ്ങളില്‍ അദ്ദേഹം  കാണിച്ചിരുന്ന കണിശതയും അനുസ്മരണ യോഗത്തില്‍ നാനാതുറകളിലുള്ളവര്‍ പങ്കുവെച്ചപ്പോള്‍ സമൂഹമനസ്സില്‍ അദ്ദേഹത്തിനു ലഭിച്ച സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു.
ആരോടും  ചിരിച്ചു മാത്രം  സംസാരിക്കുന്ന പ്രകൃതമായിരുന്നു. അദ്ദേഹം വാരാന്തയോഗങ്ങളില്‍ നടത്തിയ പല ഖുര്‍ആന്‍ ക്ലാസുകളും ഓര്‍മയില്‍ നിന്നും മാഞ്ഞുപോകില്ല.
പറച്ചിനപ്പുറായ ഇസ്മാഈല്‍ സാഹിബ് മെമ്മോറിയല്‍ യു.പി സ്‌കൂളിലെ അധ്യാപകനായിരിക്കെ കഴിഞ്ഞ വര്‍ഷമാണ് പ്രധാനാധ്യാപകനായി നിയമനം ലഭിച്ചത്. അതിനിടയിലാണ് അര്‍ബുദ രോഗം അദ്ദേഹത്തെ തേടിയെത്തിയത്. 
ഭാര്യ: ആഇശ പറമ്പില്‍പീടിക വനിതാ ഹല്‍ഖയിലെ പ്രവര്‍ത്തകയാണ്. മക്കള്‍: ഫുആദ്, ഹുദ, ഹനിയ്യ.

സി. സൈതലവി, പറമ്പില്‍പീടിക

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌