വായനയിലൂടെ തീപ്പിടിച്ച വിചാരങ്ങള്‍
പകര്‍ച്ചാദീനത്തിന്റെ ആദ്യനാളുകളില്‍ ആധ്യാത്മിക ഗ്രന്ഥങ്ങളാണ് കൂടുതലും വായിച്ചത്. ജീവിതത്തിന്റെ ത്രിസന്ധ്യയില്‍ നല്ലപുസ്തകം വായിച്ച് കണ്ണടക്കാമെന്ന് പറയുന്ന വാര്‍ധക്യകാല വായനയുടെ ലക്ഷണം. നമ്മുടെ നാട്ടില്‍ മാസ്‌കിട്ട് കൈകഴുകി ദീനത്തോട് സുല്ലിടാനാരംഭിച്ച് മാസമൊന്ന് തികഞ്ഞപ്പോഴേക്കും നോമ്പ് കാലമായി. അതോടെ വായനയുടെ തെരഞ്ഞെടുപ്പ് ഖുര്‍ആന്‍ വായനകള്‍, സൂഫി ചിന്തകള്‍ എന്നിവയില്‍ പരിമിതപ്പെടുത്തി. ജാവേദ് മുജദ്ദിദിയുടെ മസ്‌നവി പരിഭാഷ മനസിരുത്തി വായിച്ചതപ്പോഴാണ്. സാധാരണ റൂമി പരിഭാഷകളുടെ ത്രസിപ്പിക്കുന്ന സൗന്ദര്യമില്ലെങ്കിലും അടിക്കുറിപ്പുകളുടെയും വിശദമായ മുഖവുരകളുടെയും സഹായത്തോടെ മാസ് അപ്പീലുകള്‍ക്കപ്പുറത്തൊരു റൂമിയുണ്ടെന്നൊരു ഫീലുണ്ടാക്കി, നാല് വാള്യങ്ങളുള്ള മുജദ്ദിദിയുടെ വിവര്‍ത്തനം. ആ അനുഭവം 'അപരിചിതത്വ പ്രഭാവം' ആണെന്ന് പറയാം. ആധിവ്യഥകള്‍ക്കുള്ള മരുന്ന് എന്ന നിലക്കുള്ള റൂമിയാണ് ആധുനികവായനക്കാര്‍ക്ക് പരിചയമെങ്കില്‍ ആ പ്രഭാവമില്ലാത്ത, ഒരു കാലവും ലോകവും അടക്കം ചെയ്ത വാക്കുകള്‍. ഇന്നത്തേതിനേക്കാള്‍ പനിപിടിച്ച അനിശ്ചിതത്വത്തിന്റെ നാളുകളില്‍ ദിവ്യാനുരാഗത്തിന്റെ നേര്‍ത്ത നിഴലാണ് എല്ലാ പ്രണയമെന്നും സാക്ഷ്യപ്പെടുത്തിയ വാക്കുകള്‍ അപ്പോഴും മസ്‌നവിയില്‍ നിറഞ്ഞുനിന്നു.
* * * *
എന്തുകൊണ്ടാണ് ദീനം എന്ന ആലോചനക്ക് കാര്യമായി മിനക്കെടാതെ വീട്ടകങ്ങളില്‍ ഇരുത്തപ്പെട്ട മനുഷ്യപിണ്ഡങ്ങളുടെ ആത്മരോഗശാന്തി മാത്രം ലക്ഷ്യമിട്ട വായനാശീലം മറ്റൊരു രോഗലക്ഷണമല്ലേ എന്ന് ആലോചിക്കാം. പുസ്തകങ്ങളിലൂടെ അല്ല കുഞ്ഞെഴുത്തിലെ വലിയ വിചാരങ്ങളിലൂടെ ആ ആലോചനക്ക് കോവിഡിന്റെ ആദ്യനാളുകളില്‍ തീപിടിച്ചിരുന്നു. ഇറ്റാലിയന്‍ ചിന്തകന്‍ അഗംബന്റെ എഴുത്തുകള്‍ അങ്ങനെയുള്ളതായിരുന്നു. ഭരണകൂടത്തിന്റെ ശക്തമായ നിയന്ത്രണങ്ങളുടെ പ്രേരകമായും, അസാമാന്യമായ കടന്നുകയറ്റത്തിന്റെ പുതിയ ഉപാധിയായും അഗംബന്‍ രോഗത്തെ കണ്ടു. എല്ലാ നിയന്ത്രണങ്ങളും നമ്മുടെ സുരക്ഷക്കാണെന്ന് വന്നാല്‍ സ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള എല്ലാ അസാധാരണ നടപടികളെയും സാധാരണവത്കരിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു.
കോവിഡിന്റെ ആദ്യനാളുകളില്‍ ഒരു ദോഷൈകദൃക്കിന്റെ രോഗാതുരമായ ചിന്തയായി അഗംബന്റെ ആലോചനകള്‍ വിലയിരുത്തപ്പെട്ടു. രോഗം അസാധാരണമാകുമ്പോള്‍ നിയന്ത്രണങ്ങളും അസാധാരണമാകുമെന്നായിരുന്നു തത്ത്വചിന്താലോകത്തു നിന്ന് യാങ് ലൂക് നാന്‍സിയുടെ പ്രതികരണം. എന്നാല്‍ മാസങ്ങള്‍ നീണ്ടുപോകുമ്പോള്‍ നിയന്ത്രണങ്ങളിലൂടെ സെക്യൂരിറ്റി സ്റ്റേറ്റുകളും, പുതിയ ഉപഭോഗാസക്തികളില്‍ കൊതിപൂണ്ട് മുതലാളിത്തവും പ്രതിസന്ധികളെ ലാഭമാക്കാനുള്ള പുറപ്പാടിലാണിപ്പോള്‍. ഏറ്റവുമൊടുവില്‍ അഗംബന്റെ പനിപിടിച്ച സത്യവിചാരങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ നേര്‍ക്കാണ് നീണ്ടത്. പരസ്പര സമ്പര്‍ക്കത്തിലൂടെയും, ക്ലാസ് മുറിക്കപ്പുറത്തെ സാമൂഹികതയിലൂടെയും ആര്‍ജിക്കുന്ന ജ്ഞാനത്തെ പുറത്തു നിര്‍ത്തി സ്‌ക്രീനുകളിലേക്കുള്ള തുറിച്ചുനോട്ടവും, സ്‌ക്രീനുകളോടുള്ള ഉരിയാട്ടവും മാത്രം ശീലമാക്കുന്ന നടപ്പ് ജ്ഞാനാര്‍ജനരീതിയെ പ്രശ്‌നവത്കരിച്ച കുഞ്ഞെഴുത്താണ് അഗംബന്റെ Requiem for the Students (പഠിതാക്കള്‍ക്ക് ഒരു ചരമഗീതം). പുതിയ പഠനത്തിലൂടെ ആരും ആരെയും കാണുന്നില്ല; ചങ്ങാത്തങ്ങള്‍ ഉണ്ടാവുന്നില്ല; ക്ലാസ് വിട്ടൊഴിഞ്ഞാലും വിടാതെ തുടരുന്ന സൗഹൃദക്കൂട്ടായ്മകളില്ലാതെ ശരിക്കുമാരും പഠിക്കുന്നില്ല. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ച ഓരോ മനുഷ്യചലനത്തിന്റെയും നിയന്ത്രണം ലാക്കാക്കിയുള്ളതാണെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നാണ് ടെക്‌നോ ഫാഷിസവും നവവംശീയവലതുപക്ഷവും മേളിച്ച സത്യാനന്തരലോകം വെളിപ്പെടുത്തുന്നത്.
അഗംബന്റെ ചോദ്യങ്ങളെ സ്ലാവോക് സിസെക്ക് വിമര്‍ശനാത്മകമായി പരിശോധിക്കുന്നുണ്ട് തന്റെ 'പാന്റമിക്' എന്ന പുസ്തകത്തില്‍. കോവിഡാനന്തരമുള്ള അശുഭലോകത്തെക്കുറിച്ച പ്രവചനാത്മകമായ സൂചനകള്‍ക്കിടയില്‍, ശാസ്ത്ര-സാങ്കേതിക 'പുരോഗതിയുടെ' വേലിയേറ്റത്തില്‍ ഒന്ന് തയാറെടുക്കാനുള്ള ഇടവേളയില്ലാതെ വന്നുപെട്ട (വരുത്തിക്കൂട്ടിയ) മഹാമാരി നാം ജീവിക്കുന്ന വ്യവസ്ഥയെക്കുറിച്ച് ചോദ്യം ഉന്നയിക്കുന്നുണ്ട്. പക്ഷേ വ്യവസ്ഥയെക്കുറിച്ചുള്ള വിമര്‍ശനം പുസ്തകത്തില്‍ വരുന്നത് അത്ര സൂക്ഷ്മമായിട്ടാണോ എന്ന് സംശയമുണ്ട്. സിസകിന്റെ വേഗതയാര്‍ന്ന, ആശയങ്ങള്‍ കൂട്ടിക്കലര്‍ത്തിയ ആഖ്യാനത്തിന്റെ പ്രശ്‌നം വായിക്കുന്ന വേളയില്‍ അനുഭവപ്പെടാം.
പെട്ടെന്ന് ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി വരുത്തിവെച്ച് തങ്ങളുടെ നിയന്ത്രണാധികാരം പുതുക്കുക എന്നത് മൂലധനത്തിന്റെയും ഭരണകൂട അധികാരത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് ചേര്‍ന്നതാണോ എന്ന് സിസക് ചോദിക്കുന്നു. സാധാരണ ജനങ്ങളെപ്പോലെ ഭരണകൂടവും പെട്ടെന്ന് ഭീതിയിലായതായും എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോയതായും സിസക് വാദിക്കുന്നു. ഭരണകൂടത്തെക്കുറിച്ചുള്ള സിസകിന്റെ വായന സൂക്ഷ്മമല്ല എന്നാണ് എനിക്ക് തോന്നിയത്. മൂലധനശക്തികളും ഭരണകൂടങ്ങളും പ്രതിസന്ധി പ്രതീക്ഷിച്ചുകൊണ്ട് നിലനില്‍ക്കുന്നവയാണ്. സാധാരണ ജനങ്ങളെ അപേക്ഷിച്ച് അവ രണ്ടും പരസ്പര സഹായത്താല്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് വ്യത്യാസം. തങ്ങള്‍ക്ക് ഉദാരമായി ഗവണ്‍മെന്റ് വായ്പ തന്ന് കഴിച്ചിലാക്കുമെന്ന (Bailout) പ്രതീക്ഷയിലും, കൂടിപ്പോയാല്‍ ബില്യന്‍ കണക്കിന് ഡോളര്‍ വായ്പയെടുത്ത് ആര്‍ക്കും പിടിക്കാനാകാതെ സുരക്ഷിതമായൊരിടത്ത് സ്വസ്ഥമായി കഴിയാമെന്ന സ്വപ്‌നത്തിലുമാണ്, സാമ്പത്തികമാന്ദ്യം വരുത്തിവെക്കുന്ന നടപടികളുമായി കോര്‍പറേറ്റ് ഭീമന്മാര്‍ ജീവിക്കുന്നത്. പ്രതിസന്ധികളില്ലെങ്കില്‍, നിയന്ത്രിക്കാനും നിയന്ത്രണാധികാരം നഗ്നമായി നിര്‍വഹിക്കാനുമല്ലെങ്കില്‍ ഭരണകൂടത്തിന്റെ ആവശ്യമെന്താണ്?
ക്ഷേമഭരണം എന്നത് കേവലം പുകമറ മാത്രമാണെന്നും, കോര്‍പറേറ്റ് ശക്തികളുടെ ഔദാര്യം മാത്രമായി ക്ഷേമപ്രവര്‍ത്തനങ്ങളെ താത്ത്വികവത്കരിക്കുന്ന മില്‍ട്ടന്‍ ഫ്രിഡ്മാന്‍മാരുടെ (ദു)സ്വപ്‌നലോകത്താണ് നാം ജീവിച്ചിരിക്കുന്നത് എന്നും ഇന്ന് ഒരു രഹസ്യമല്ല. സാങ്കേതികവിദ്യകളിലൂടെയുള്ള സ്വകാര്യ വിവരശേഖരണവും, അതിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും വിപണികളും അധികാരത്തിന്റെ വീതംവെപ്പുകളും കുറേക്കൂടി സാര്‍വത്രികമായി എന്ന് മാത്രമല്ല, ഇതെല്ലാം സ്വന്തം സുരക്ഷക്കു വേണ്ടിയുള്ളതാണെന്ന മിഥ്യാബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാനായി എന്നതും കൂടിയാണ് കോവിഡുണ്ടാക്കിയത്. ഇതെല്ലാം കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതാണ് എന്ന് അഗംബന്‍ പറയുന്നുണ്ട് എന്ന് തോന്നുന്നില്ല. ഒരു ഗൂഢാലോചനാ സിദ്ധാന്തം അദ്ദേഹം ഉന്നയിക്കുന്നതായി തോന്നുന്നില്ല. മറിച്ച് സ്വന്തം സുരക്ഷക്ക് വേണ്ടിയുള്ളതാണെന്ന പൊതുജനാംഗീകാരത്തിന്റെ പുറത്ത് സവിശേഷമായ അധികാരനിയന്ത്രണങ്ങള്‍ (State of Exception) നഗ്നമായി നടപ്പാക്കാന്‍, ഭീകരവാദം പോലെ കോവിഡും ഭരണകൂടങ്ങള്‍ക്ക് സഹായമായിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
* * * *
ഈജിപ്ഷ്യന്‍ ചിന്തകനായ അബ്ദുല്‍ വഹാബ് അല്‍മസീരിയുടെ ഗ്രന്ഥങ്ങള്‍ പരിചയപ്പെട്ടത് കോവിഡ് കാലത്താണ്. പരിചയപ്പെട്ടത് എന്നാല്‍ വായന തുടങ്ങി എന്ന് മാത്രമാണ് ഉദ്ദേശ്യം. നിഘണ്ടുവിന്റെ സഹായത്തോടെ പണിപ്പെട്ടാണ് അറബി വായിക്കുന്നത്. അബ്ദുല്‍ വഹാബ് അല്‍മസീരിയെപ്പറ്റി കേട്ടിട്ടുണ്ട് എന്നല്ലാതെ ഒന്നും വായിച്ചിട്ടില്ലായിരുന്നു. ക്ലാസിക്കല്‍ അറബി ഗ്രന്ഥകാരന്മാരെപ്പോലെ സര്‍വവിജ്ഞാനകോശ വ്യാപ്തിയില്‍ എഴുതുന്ന ആധുനിക എഴുത്തുകാരനുമാണ് ബഹുത്വാധുനികത (Multiple Modernities) എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് കൂടിയായ അല്‍മസീരി. അദ്ദേഹത്തിന്റെ ആത്മകഥാ ഗ്രന്ഥമാണ് രിഹ്‌ലത്തുന്‍ ഫിക്‌രിയ്യ (ധൈഷണിക യാത്ര). തന്റെ മാസ്റ്റര്‍പീസായ മൗസൂഅ (മൗസൂഅതുല്‍ യഹൂദി വല്‍ യഹൂദിയ്യത്തി വസ്സഹ്‌യൂനിയ്യ/ യഹൂദര്‍, യഹൂദമതം, സയണിസം: വിജ്ഞാനകോശം) രചനയിലേക്ക് വികസിക്കുന്ന വിധം ആശയലോകങ്ങള്‍ രൂപപ്പെട്ടതിനെക്കുറിച്ചാണ് അല്‍മസീരി ചര്‍ച്ച ചെയ്യുന്നത്. ദമന്‍ഹൂര്‍ എന്ന ചെറിയ പട്ടണത്തില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പഠനത്തിനായി പോയ അല്‍മസീരി ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം നാട്ടിലേക്ക് തിരികെ വരുകയായിരുന്നു. അമേരിക്കയില്‍ രൂപപ്പെട്ട സാഹിത്യവിമര്‍ശന ധാരയായ നവവിമര്‍ശനത്തിന്റെ (New Criticism) പ്രയോക്താക്കള്‍ക്കൊപ്പം അതിന്റെ ആരംഭദശയില്‍ കാമ്പസ് ജീവിതം പങ്കിട്ട അദ്ദേഹം കെയ്‌റോയിലേക്ക് തിരികെ വന്നത് അറബ് ജീവിതത്തിന്റെ ഭാഗമാകാനായിരുന്നു. പക്ഷേ ആ തിരിച്ചുവരവില്‍ ഒരു രാഷ്ട്രീയ നിയോഗമുണ്ടായിരുന്നു; മൗസൂഅയുടെ രചനാനിയോഗം. അതേക്കുറിച്ചാണ് രിഹ്‌ലത്തുല്‍ ഫിക്‌രിയ്യ പറയുന്നത്.
യഹൂദചരിത്രം, സംസ്‌കാരം, സയണിസത്തിന്റെയും ഇസ്രയേലിന്റെയും രൂപീകരണം, വികാസം തുടങ്ങിയവയെ കുറിച്ച എല്ലാ വിവരങ്ങളും അക്ഷരമാലാക്രമത്തില്‍ രണ്ട് വാള്യങ്ങളായി പരന്നു കിടക്കുന്ന മൗസൂഅ വിശദമായി പ്രതിപാദിക്കുന്നു. ഇസ്രയേലിനെതിരായ വിമര്‍ശനങ്ങളെ സെമിറ്റിക്‌വിരുദ്ധതയായി വിശേഷിപ്പിക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്, ഒരു കുടിയേറ്റ കൊളോണിയല്‍ ഭരണകൂടം എന്ന നിലക്ക് ഇസ്രയേലിനെയും അത് സാധ്യമാക്കിയ സയണിസത്തെയും ചരിത്രപരമായി രേഖപ്പെടുത്തുമ്പോഴും യഹൂദ മതവിശ്വാസത്തെയും സംസ്‌കാരത്തെയും ആചാരങ്ങളെയും ആദരവോടെ കാണുന്ന രചനാരീതി പിന്തുടരുന്ന ഈ അറബ് ചിന്തകനെ. സയണിസ്റ്റ് വിരുദ്ധരായ യഹൂദ പ്രസ്ഥാനങ്ങളെക്കുറിച്ചും മൗസൂഅയില്‍ വിശദമായ പരാമര്‍ശങ്ങളുണ്ട്. ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടേണ്ടതാണ് മസീരിയുടെ ഈ രണ്ട് പുസ്തകങ്ങളും.
* * * *
ഹിലാരി മാന്റല്‍, എലിഫ് ഷഫാഖ്, ഷിഗോസി ഒബിയാമ, ജോ നെസ്‌ബോ, ജൂസി അഡ്‌ലര്‍ എന്നിവരുടെ നോവലുകളും കോവിഡ് കാലത്ത് വായിച്ചു.
പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് യാത്രചെയ്യുകയും യാത്രാവേളകളില്‍ എഴുതുകയും ചെയ്യുന്ന ഹിലാരി മാന്റല്‍ ക്രാഫ്റ്റില്‍ പരീക്ഷണം നടത്തുന്ന അതുല്യപ്രതിഭയാണ്. ആശയാവതരണത്തിന്റെ താളത്തില്‍, വാക്കുകളുടെ വിന്യാസത്തില്‍, ആഖ്യാനത്തില്‍ ഫലിതം കലര്‍ത്തുന്നതില്‍, കഥാപാത്രങ്ങളുമായി ഇഴുകിച്ചേരുന്നതിനു പകരം മാറിനിന്ന് നിരീക്ഷിക്കുന്ന രീതി പിന്തുടരുന്നതില്‍ ഹിലാരി മാന്റല്‍ വൈഭവം പുലര്‍ത്തുന്നുണ്ട്. 'വോല്‍ഫ് ഹാല്‍' എന്ന നോവല്‍ സര്‍ തോമസ് മൂറിന്റെ നേതൃത്വത്തില്‍ മതദ്രോഹവിചാരണ നടന്ന കാലത്തെക്കുറിക്കുന്നതാണ്. ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷകനായ വില്യം ടിന്റല്‍ മതവിചാരകരാല്‍ കൊല്ലപ്പെട്ട ചരിത്രപശ്ചാത്തലത്തില്‍ നോവല്‍ ആഖ്യാനപ്പെടുന്നു. നോവലിന്റെ കേന്ദ്രകഥാപാത്രമായ തോമസ് ക്രോംവെല്‍ തന്റെ അഛന്റെ മര്‍ദനം താങ്ങാനാവാതെ വീട്ടില്‍നിന്ന് രക്ഷപ്പെട്ടയാളാണ്. പിന്നീട് കൊട്ടാരം ഉപദേശകനായി അദ്ദേഹം രംഗത്തു വരുന്നു. കുറേക്കാലം ബാര്‍മൈഡ് ആയിരുന്ന നോവലിസ്റ്റ് ക്രാംവെലുമായി ആ അര്‍ഥത്തില്‍ താദാത്മ്യപ്പെടുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കാം. യുടോപ്യയുടെ രചയിതാവായ സര്‍ തോമസ് മൂറാണ് മതദ്രോഹക്കാലത്തെ അതിഭീകരമായ അന്തരീക്ഷം യൂറോപ്പില്‍ സംജാതമാക്കിയത്. നോവലില്‍ അതു സംബന്ധമായി ഒരു പരാമര്‍ശമുണ്ട്- After all, Utopia is not a place one can live (ആര്‍ക്കും ജീവിക്കാന്‍ കഴിയുന്ന ഒരിടമല്ലല്ലോ യുടോപ്യ).
ഹിലാരി മാന്റലിന്റെ 'ദ അസാസിനേഷന്‍ ഓഫ് മാര്‍ഗരറ്റ് താച്ചര്‍' ഒരു ചെറുകഥാസമാഹാരമാണ്. അതിലെ ആദ്യത്തെ ചെറുകഥ 'സോറി ടു ഡിസ്ടര്‍ബ്' ഭര്‍ത്താവിനൊപ്പം സുഊദി അറേബ്യയില്‍ ജീവിച്ച അനുഭവത്തെക്കുറിച്ചുള്ളത്. മതാചാരങ്ങള്‍ പരസ്യമായി പോലീസ് ചെയ്യപ്പെടുന്ന അക്കാലത്തെ ജീവിതം അക്ഷേപഹാസ്യം ഉപയോഗിച്ചാണ് എഴുത്തുകാരി ചര്‍ച്ച ചെയ്യുന്നത്. അക്കാലഘട്ടത്തെ തോമസ് മൂറിന്റെ ഇംഗ്ലണ്ടുമായി താരതമ്യപ്പെടുത്തിക്കൊണ്ട് എഴുത്തുകാരി ഇന്റര്‍വ്യൂ നല്‍കിയിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളെയും ചരിത്രപശ്ചാത്തലങ്ങളെയും കൂട്ടിക്കലര്‍ത്തുന്ന പിഴവ് (Anachronism) സൂക്ഷ്മ വായനയില്‍ തന്നെ മനസ്സിലാക്കാം. പക്ഷേ വിശ്വാസാചാരങ്ങളോട് ആക്ഷേപഹാസ്യം ഉപയോഗിച്ച് വിയോജിക്കുമ്പോഴും സൂക്ഷ്മമായ ആര്‍ദ്രത തന്റെ അയല്‍പക്കക്കാരായ ആളുകളോട് പുലര്‍ത്തുന്നത് വംശീയമായ അപരവിദ്വേഷത്തിലേക്ക് വഴുതിപ്പോവാത്തവിധം എഴുത്തിനെ പ്രതിരോധിച്ചു നിര്‍ത്താന്‍ ഹിലാരി മാന്റലിനെ സഹായിക്കുന്നു.
Comments