Prabodhanm Weekly

Pages

Search

2021 ജനുവരി 01

3183

1442 ജമാദുല്‍ അവ്വല്‍ 17

2020 കുതിപ്പുകളില്ല; കിതപ്പുകളുമായി മുസ്‌ലിം ലോകം

പി.കെ നിയാസ്

പരിഹരിക്കപ്പെടാത്ത രാഷ്ട്രീയ പ്രതിസന്ധികളും അഭയാര്‍ഥി പ്രവാഹവുമൊക്കെയാണ് 2020-ലെ മുസ്‌ലിം ലോകത്തിന്റെ ബാക്കിപത്രമെന്ന് ഒറ്റനോട്ടത്തില്‍ പറയാമെങ്കിലും ലോകത്തെ മൊത്തം ബാധിച്ച കോവിഡ് 19 എന്ന മഹാമാരി തന്നെയാണ് മുസ്‌ലിം രാജ്യങ്ങളെ പൊതുവെയും മിഡിലീസ്റ്റിനെ പ്രത്യേകിച്ചും പിടിച്ചുകുലുക്കിയത്. യുദ്ധങ്ങളും ഭീകരാക്രമണങ്ങളുമാണ് വാര്‍ഷിക കണക്കെടുപ്പില്‍ സാധാരണ മുഴച്ചുനില്‍ക്കാറുള്ളതെങ്കില്‍ സംഘട്ടനങ്ങളെ തുടര്‍ന്നുള്ള രക്തച്ചൊരിച്ചിലുകള്‍ ഇത്തവണ കോവിഡിനു വഴിമാറുന്നതിന് ലോകവും മിഡിലീസ്റ്റും ഒരുപോലെ സാക്ഷിയായി.
മനുഷ്യന്റെ നിലനില്‍പിനെ പോലും വെല്ലുവിളിച്ച് ലോകമെമ്പാടും വ്യാപിച്ച കോവിഡ് മുസ്‌ലിം ലോകത്തെയും മുള്‍മുനയില്‍ നിര്‍ത്തി. എവിടെനിന്നും ലോക്ക് ഡൗണുകളുടെ വാര്‍ത്തകളാണ് പുറത്തുവന്നത്. ചരിത്രത്തിലാദ്യമായി പരിശുദ്ധ ഹറം ശരീഫുകള്‍ (മക്കയും മദീനയും) മാസങ്ങളോളം അടച്ചിട്ടു. ആധുനിക കാലത്ത് ഇതാദ്യമായി ഹജ്ജ് കര്‍മം സുഊദി അറേബ്യയില്‍ മാത്രം പരിമിതപ്പെട്ടു. ഇസ്‌ലാമിലെ മൂന്നാമത്തെ പവിത്രഗേഹമായ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ്വയിലും മാസങ്ങളോളം ആരാധന മുടങ്ങി. മുസ്‌ലിം രാജ്യങ്ങളില്‍ ഏതാണ്ട് എല്ലായിടങ്ങളിലും പള്ളികള്‍ അടച്ചുപൂട്ടി. ജുമുഅകളും പുണ്യ റമദാനിലെ പ്രത്യേക പ്രാര്‍ഥനകളുമൊക്കെ ഇതാദ്യമായി വീടുകളില്‍ കേന്ദ്രീകരിക്കപ്പെട്ടു.
കോവിഡ് ഏറ്റവും കാര്യമായി ബാധിച്ച രണ്ട് മുസ്‌ലിം രാജ്യങ്ങള്‍ ഇറാനും തുര്‍ക്കിയുമായിരുന്നു. ഇറാനില്‍ ഇതുവരെ 53,000-ത്തിലേറെയും തുര്‍ക്കിയില്‍ പതിനെട്ടായിരത്തോളവും പേര്‍ മരണപ്പെട്ടു. ഇറാനിലെ കോവിഡ് കേസുകളുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേറെയാണെങ്കില്‍ തുര്‍ക്കിയില്‍ അത് 20 ലക്ഷം കവിഞ്ഞു. സിറിയയിലെയും യമനിലെയും യുദ്ധങ്ങള്‍ക്ക് ചെറിയ ശമനമുണ്ടായെങ്കിലും ഇവിടങ്ങളിലും കോവിഡ് വലിയ ഭീഷണിയായി നിലനിന്നു. ഇരു രാജ്യങ്ങളിലെയും അഭയാര്‍ഥികളെയാണ് അത് കൂടുതലായി ബാധിച്ചത്.

സയണിസവുമായി രാജി

സയണിസത്തോട് മുക്കാല്‍ നൂറ്റാണ്ടായി നിലനിര്‍ത്തിപ്പോന്ന അകല്‍ച്ച അവസാനിപ്പിച്ച് ഇസ്രയേലുമായി നാലു മുസ്‌ലിം രാജ്യങ്ങള്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതാണ് ഇസ്‌ലാമിക ലോകത്തെ ഞെട്ടിച്ചതും ഏറെ ദുഃഖിപ്പിച്ചതുമായ സംഭവം. രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ, ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനും മൊറോക്കോയുമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'മിഡിലീസ്റ്റ് സമാധാന പദ്ധതി'യുടെ ഭാഗമായി നിലപാടുമാറ്റം പ്രഖ്യാപിച്ചത്. ഇതോടെ, ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന മുസ്‌ലിം രാജ്യങ്ങളുടെ എണ്ണം ആറായി. പത്തു മുസ്‌ലിം രാജ്യങ്ങളെങ്കിലും സമീപഭാവിയില്‍ ഇസ്രയേലിനെ അംഗീകരിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്.
ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങള്‍ എന്ന പേരില്‍ അമേരിക്ക ഉണ്ടാക്കിയ പട്ടികയില്‍ 1993-ല്‍ ഇടംപിടിച്ച രാജ്യമാണ് സുഡാന്‍. ദീര്‍ഘകാലമായി പ്രസിഡന്റായിരുന്ന ഉമറുല്‍ ബശീര്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം അധികാരത്തിലേറിയ സൈനിക സാന്നിധ്യമുള്ള സുഡാന്‍ ഭരണകൂടം പ്രസ്തുത ലിസ്റ്റില്‍നിന്ന് രാജ്യത്തെ ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇസ്രയേലുമായി ആ രാജ്യത്തിന്റെ ബാന്ധവം നടക്കുന്നത്. ഉസാമ ബിന്‍ ലാദിന്‍ സുഡാനില്‍ താവളമുറപ്പിച്ച കാലത്ത് 1998-ല്‍ കെനിയയിലെയും താന്‍സാനിയയിലെയും യു.എസ് എംബസികള്‍ക്കു നേരെയുണ്ടായ അല്‍ ഖാഇദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 335 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരമായി വാഷിംഗ്ടണിന് നല്‍കുക, ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു ട്രംപിന്റെ ഡിമാന്റ്. ഇവ രണ്ടും സുഡാന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഫലസ്ത്വീനികളുടെ അധിനിവേശവിരുദ്ധ പോരാട്ടത്തില്‍ സവിശേഷ പങ്കു വഹിച്ച രാജ്യമായിരുന്നു സുഡാന്‍. 1967-ലെ യുദ്ധത്തിനുശേഷം സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടിയാണ് ഇസ്രയേലുമായി ബന്ധപ്പെട്ട മൂന്ന് 'നോ'കള്‍ പ്രഖ്യാപിച്ചത്. ഇസ്രയേലിനെ അംഗീകരിക്കില്ല, സയണിസ്റ്റ് രാജ്യവുമായി ചര്‍ച്ചയില്ല, അവരുമായി സമാധാന ഉടമ്പടിയില്ല എന്നിവയായിരുന്നു പ്രസ്തുത 'നോ'കള്‍. മേല്‍ പ്രഖ്യാപനത്തില്‍ തങ്ങളുടെ മുന്‍ഗാമികളെപ്പോലെ സുഡാനും വെള്ളം ചേര്‍ത്തു. രാജ്യത്തെ ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള തീരുമാനം സുഡാന്‍ ഭരണകൂടം കൈക്കൊണ്ടത്. 
1969-ല്‍ രാജ്യാന്തര ഇസ്‌ലാമിക സംഘടന (ഒ.ഐ.സി)യുടെ രൂപീകരണം നടന്ന മണ്ണാണ് മൊറോക്കോ. ജറൂസലമിലെ അല്‍ അഖ്‌സ്വാ പള്ളി തകര്‍ക്കാനുള്ള സയണിസ്റ്റ് നീക്കത്തിനെതിരെ ലോക മുസ്‌ലിം രാജ്യങ്ങള്‍ മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ യോഗം ചേരുകയും സയണിസ്റ്റ് സാമ്രാജ്യത്വത്തിന് എതിരെ ശക്തമായ കൂട്ടായ്മ പ്രഖ്യാപിക്കുകയും ചെയ്തു. 1975-ല്‍ അല്‍ ഖുദ്‌സ് കമ്മിറ്റി രൂപം കൊണ്ടപ്പോള്‍ അതിന്റെ ചെയര്‍മാന്‍ പദവി മൊറോക്കോയിലെ ഹസന്‍ രണ്ടാമന്‍ രാജാവിനാണ് നല്‍കിയത്. 1999-ല്‍ ഹസന്‍ രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രന്‍ മുഹമ്മദ് ആറാമന്‍ രാജാവ് ഈ പദവി കൈയാളി. പ്രസ്തുത സ്ഥാനത്തിരിക്കുമ്പോഴാണ് അഖ്‌സ്വായുടെ അധിനിവേശകരുമായി സന്ധി ചെയ്യാന്‍ അദ്ദേഹം തയാറായിരിക്കുന്നത്. എന്നാല്‍, കുറ്റം മുഴുവന്‍ മകനില്‍ പഴിചാരുന്നതില്‍ അര്‍ഥമില്ല. ഹസന്‍ രണ്ടാമന്റെ ഭരണകാലത്തുതന്നെ (1961-1999) ഇസ്രയേലുമായി മൊറോക്കോക്ക് സുരക്ഷാ സഹകരണം ഉള്‍പ്പെടെ രഹസ്യ ബന്ധമുണ്ടായിരുന്നു. 

ബൈറൂത്ത് സ്‌ഫോടനം

2020-ല്‍ മേഖലയിലുണ്ടായ ഏറ്റവും ഞെട്ടിക്കുന്നതും നൂറുകണക്കിനാളുകള്‍ക്ക് ജീവഹാനി നേരിട്ടതുമായ സംഭവം യുദ്ധവുമായി ബന്ധപ്പെട്ടതോ ഭീകരാക്രമണമോ ആയിരുന്നില്ല. ലബനാന്റെ തലസ്ഥാനമായ ബൈറൂത്തിലെ തുറമുഖ ഗോഡൗണില്‍ ആഗസ്റ്റ് നാലിനുണ്ടായ അതിഭീകരമായ സ്‌ഫോടനം ആ നാടിനെ മറ്റൊരു മഹാദുരന്തത്തിലേക്കാണ് കൊണ്ടെത്തിച്ചത്. 
ഗോഡൗണില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചുപോന്ന 2,750 ടണ്‍ വരുന്ന അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരിച്ചത് 205 പേരായിരുന്നു. ആറായിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി, സിറിയ, ഇസ്രയേല്‍, ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ തുടങ്ങി ലബനാന്റെ അയല്‍രാജ്യങ്ങളില്‍ മാത്രമല്ല, 200 കി.മീറ്റര്‍ അകലെയുള്ള സൈപ്രസില്‍ വരെ സഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടു. അണുസ്‌ഫോടനങ്ങള്‍ക്കു പുറത്തുള്ള ഏറ്റവും വലിയ പൊട്ടിത്തെറിയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സുലൈമാനി, ഫഖ്‌രിസാദ വധങ്ങള്‍

ഒരു വലിയ യുദ്ധത്തിലേക്ക് മിഡിലീസ്റ്റിനെ വലിച്ചിഴച്ചേക്കാമായിരുന്ന സംഭവങ്ങളോടെയാണ് 2020 ആരംഭിച്ചത്. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് മേധാവിയും അതിന്റെ വിദേശ ഓപറേഷന്‍ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനുമായ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം അമേരിക്കന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടത് ലോകം ഞെട്ടലോടെയാണ് കണ്ടത്. സിറിയയില്‍ ബശ്ശാറുല്‍ അസദ് എന്ന ഏകാധിപതിയെ അധികാരത്തില്‍ നിലനിര്‍ത്തുന്നത് ഉള്‍പ്പെടെ മേഖലയില്‍ ഇറാന്റെ സൈനിക താല്‍പര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം നിര്‍വഹിച്ച കമാന്റര്‍ ആയിരുന്നു സുലൈമാനി.
ഒരു രാജ്യത്തിന്റെ പരമോന്നത സൈനിക പദവി അലങ്കരിക്കുന്നയാളെ, കര്‍മപരമായി അദ്ദേഹം നല്ലതോ ചീത്തയോ ആവട്ടെ, യുദ്ധത്തില്‍ വധിക്കുന്നതു പോലും അപകടകരമായ ചെയ്തിയാണെന്നിരിക്കെ മൂന്നാമതൊരു രാജ്യത്തു വെച്ച് കൊല്ലുകയെന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മഹാപാതകവുമാണെന്നതില്‍ ഒരു സംശയവുമില്ല. സ്റ്റേറ്റ് സ്‌പോണ്‍സേഡ് ടെററിസം അതിന്റെ എല്ലാ സീമകളും ലംഘിക്കുകയായിരുന്നു സുലൈമാനിയുടെ വധത്തിലൂടെ. എതിരാളികളെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യല്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപിത നിലപാടുകളിലൊന്നാണ്. അതവര്‍ പലയിടങ്ങളിലും നടപ്പാക്കിയിട്ടുമുണ്ട്. എന്നാല്‍, സുലൈമാനിയുടെ വധം അതിനുമപ്പുറത്തേക്കുള്ള ദിശാമാറ്റമായിരുന്നു.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുമായുള്ള സുലൈമാനിയുടെ ബന്ധം വാക്കുകള്‍ക്ക് അതീതമായിരുന്നു. തെഹ്‌റാനില്‍ അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാനിരിക്കെ വിതുമ്പിക്കരയുന്ന ഖാംനഈയുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആയത്തുല്ല ഖുമൈനിക്കു പോലും ലഭിക്കാത്ത വീരോചിതമായ വിടവാങ്ങലാണ് ഖാസിം സുലൈമാനിക്ക് ലഭിച്ചതെന്നത് ഈ അറുപത്തിരണ്ടുകാരനെ ഇറാനിയന്‍ ജനത എവ്വിധം കാണുന്നുവെന്നതിന്റെ തെളിവായിരുന്നു.
ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ മിസൈലുകള്‍ പായിച്ചാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. എന്നാല്‍, ജനുവരി 8-ന് തൊടുത്തുവിട്ട മിസൈലുകളില്‍ രണ്ടെണ്ണം ലക്ഷ്യംതെറ്റി പതിച്ചത് തെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുകയായിരുന്ന ഉക്രൈന്റെ ബോയിംഗ് 737-800 യാത്രാ വിമാനത്തിലായിരുന്നു. 176 നിരപരാധികളുടെ ജീവന്‍ അപഹരിച്ച മറ്റൊരു വലിയ ദുരന്തത്തിലേക്കാണ് ഈ പ്രത്യാക്രമണം മാറിയത്. മിസൈല്‍ വഴിതെറ്റി യാത്രാ വിമാനത്തില്‍ പതിച്ച് നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുന്ന ഇറാനിലെ രണ്ടാമത്തെ സംഭവമാണിത്. 1988 ജൂലൈ 3-ന് അമേരിക്കയുടെ വിന്‍സെന്നസ് യുദ്ധക്കപ്പലില്‍നിന്ന് തൊടുത്തുവിട്ട മിസൈലേറ്റ് ദുബൈയിലേക്ക് പറന്നുയര്‍ന്ന ഇറാന്‍ എയര്‍ വിമാനം ബന്ദര്‍ അബ്ബാസ് തുറമുഖ നഗരത്തില്‍ തകര്‍ന്നുവീണ് 290 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. കൈപ്പിഴയെന്നു പറഞ്ഞ് ഈ വന്‍ദുരന്തത്തെ ലഘൂകരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്.
ഖാസിം സുലൈമാനിയുടെ വധം നടന്ന വര്‍ഷം തന്നെ മറ്റൊരു പ്രഗത്ഭനെയും ഭീകരാക്രമണത്തില്‍ നഷ്ടപ്പെട്ടത് ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ ഇറാന്റെ അഭിമാനത്തെ ചോദ്യം ചെയ്ത സംഭവമാണ്. രാജ്യത്തെ ഏറ്റവും പ്രഗത്ഭ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായ മുഹ്സിന്‍ ഫഖ്‌രിസാദയാണ് ഇക്കഴിഞ്ഞ നവംബര്‍ 27-ന് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദാണെന്ന ഇറാന്റെ സംശയം പൂര്‍ണാര്‍ഥത്തില്‍ ശരിവെക്കുന്നതാണ് സാഹചര്യത്തെളിവുകള്‍. തെഹ്‌റാന്റെ അണുവായുധ പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നാലു ശാസ്ത്രജ്ഞര്‍ 2010-നും 2012-നുമിടയില്‍ കൊല്ലപ്പെടുകയുണ്ടായി. ഇവരുടെ വധത്തിനു പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.
ഖാസിം സുലൈമാനിയുടെയും മുഹ്‌സിന്‍ ഫഖ്‌രിസാദയുടെയും കൊലപാതകങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കന്‍-ഇസ്രയേല്‍ അച്ചുതണ്ടാണെന്നും ഇവര്‍ക്ക് തിരിച്ചടി നല്‍കാതിരിക്കുന്നത് തങ്ങളുടെ ബലഹീനതയായി കാണുമെന്നും ഇറാന് നല്ല ബോധ്യമുണ്ട്. എന്നാല്‍, നേരിട്ടുള്ള ആക്രമണങ്ങള്‍ക്കു പകരം തങ്ങളുടെ പ്രോക്‌സികളെ ഉപയോഗിച്ച് ലോകത്തെങ്ങുമുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുകയാണെങ്കില്‍ മേഖല സംഘര്‍ഷഭരിതമാകാന്‍ അത് കാരണമാകുമെന്നതില്‍ സംശയമില്ല. ഫഖ്‌രിസാദാ വധത്തിനു പ്രതികരണമായി, അമേരിക്കയുടെ പിന്മാറ്റം മൂലം ഇതിനകം മരവിച്ച ആണവക്കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന നടപടികള്‍ ഇറാന്‍ ആരംഭിക്കുകയും ചെയ്തു.

ഖത്തര്‍ ഉപരോധവും അഫ്ഗാന്‍ കരാറും

ഫലസ്ത്വീന്‍, സിറിയ, യമന്‍, ലിബിയ എന്നിവിടങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി 2020-ലും കാണാനായില്ല. ലിബിയയില്‍ താല്‍ക്കാലികമായ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വിമത മിലീഷ്യകളെ പിന്തുണക്കുന്ന ചില രാജ്യങ്ങളുടെ നിലപാടുകള്‍ പ്രശ്‌നപരിഹാരത്തിന് തടസ്സമായി നില്‍ക്കുന്നു. 
അഫ്ഗാനിസ്താനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തിയ നീക്കങ്ങള്‍ 2020-ലെ പ്രധാന സംഭവമാണ്. താലിബാനെയും അമേരിക്കന്‍ അനുകൂല അഫ്ഗാന്‍ സര്‍ക്കാറിനെയും ഒരു മേശക്ക് ചുറ്റുമിരുത്തി ദോഹയില്‍ നടന്ന സമാധാന സമ്മേളനങ്ങളില്‍ യു.എസ് നേതൃത്വവും സജീവമായി പങ്കെടുത്തു. ഏറ്റവുമൊടുവില്‍ എല്ലാം പാര്‍ട്ടികളും ചേര്‍ന്ന് സമാധാനക്കരാര്‍ ഒപ്പുവെച്ചതും നല്ല തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, രക്തച്ചൊരിച്ചില്‍ പൂര്‍ണമായും ഇല്ലാതാകാന്‍ കരാര്‍ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പില്‍ വരേണ്ടതുണ്ട്.
മൂന്നു വര്‍ഷം പിന്നിട്ട ഖത്തറിനെതിരായ ഉപരോധം അവസാനിക്കുന്നതിന്റെ ചില സൂചനകള്‍ നല്‍കിയാണ് 2020 വിടവാങ്ങുന്നത്. കുവൈത്തിന്റെയും അമേരിക്കയുടെയും ഇടപെടല്‍ പ്രശ്‌നപരിഹാരത്തിന് വഴിവെച്ചേക്കുമെന്ന ശുഭകരമായ വാര്‍ത്തകളാണ് ഡിസംബറില്‍ പുറത്തുവന്നത്. ജനുവരി 5-ന് നടക്കാന്‍ ഇടയുള്ള ഗള്‍ഫ് രാജ്യ കൂട്ടായ്മയുടെ (ജി.സി.സി) ഉച്ചകോടിയെ താല്‍പര്യപൂര്‍വമാണ് മേഖലയും മുസ്‌ലിം ലോകവും കാത്തിരിക്കുന്നത്.
മുമ്പൊന്നുമില്ലാത്തവിധം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ ശക്തിപ്പെടുന്നതിനും 2020 സാക്ഷിയായി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള ഫ്രാന്‍സ് മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. മുഹമ്മദ് നബി(സ)യെ അപഹസിക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ തലയറുത്തുകൊന്ന ഭീകരസംഭവവും വലിയ കോളിളക്കമുണ്ടാക്കി. സംഭവത്തെ അപലപിക്കവെ, പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ മുസ്‌ലിം ലോകത്തിന്റെ ശക്തമായ പ്രതിഷേധമുയരുകയുണ്ടായി. 
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴത്തിന് ശ്രമിച്ച ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനോട് പരാജയപ്പെട്ടത് മുസ്‌ലിം ലോകം പ്രതീക്ഷയോടെയാണ് വരവേറ്റത്. സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതിലും മിഡിലീസ്റ്റിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലും ഇറാന്‍ ആണവക്കരാര്‍ പുനഃസ്ഥാപിക്കുന്നതിലും ക്രിയാത്മക സമീപനം നിയുക്ത പ്രസിഡന്റ് ബൈഡനില്‍നിന്ന് ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Comments

Other Post

ഹദീസ്‌

അതിശയിപ്പിക്കുന്ന യുവത്വം
ശറഫുദ്ദീന്‍ അബ്ദുല്ല

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (77-83)
ടി.കെ ഉബൈദ്‌