Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 7

ഖുര്‍ആനിലെ മാനവീയ ദര്‍ശനങ്ങള്‍

കൊളത്തോള്‍ രാഘവന്‍

സാര്‍വലൌകികതയുടെ ആധാരശിലയായ വിശുദ്ധ ഖുര്‍ആനിലടങ്ങിയ മാനവീയ ദര്‍ശനങ്ങളെപ്പറ്റി ഒരു ചെറിയ എത്തിനോട്ടമാണിത്. ഏതാനും സൂക്തങ്ങളുടെ പൊരുള്‍ തേടിയുള്ള പോക്ക്. മഹാ സാഗരത്തില്‍ നിന്നും ഒരു കൈക്കുമ്പിള്‍ ജലം മുക്കിയെടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഓരോ സൂക്തവും ദൈവനാമത്തില്‍ തുടങ്ങുന്ന ഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണെന്ന് ഉദ്ഘോഷിക്കുന്നു. അതുകൊണ്ടുതന്നെ ആദരിക്കപ്പെടേണ്ട ഒരു വിശിഷ്ട ഗ്രന്ഥമാണിത്. ഇതിലടങ്ങിയ മാനവീയ ദര്‍ശനം സത്യത്തിലും നീതിയിലുമധിഷ്ഠിതമാണ്. ആഗോള ജനങ്ങളെ ഒന്നായിക്കാണാന്‍ ഖുര്‍ആന്‍ പ്രേരിപ്പിക്കുന്നു.
'ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ വഴിയിലാണെന്ന' ദൃഢനിശ്ചയം ചെയ്യല്‍ ചഞ്ചലപ്പെട്ടുപോകുന്ന മനസ്സുകള്‍ക്കൊരു താങ്ങാവുന്നു. സൃഷ്ടിയില്‍ എല്ലാറ്റിനും പോരുന്നവരില്ലെന്നോര്‍ക്കുക. സ്രഷ്ടാവാണ് എല്ലാറ്റിനും പോരുന്നവന്‍. എല്ലാ സൂക്തങ്ങളിലും അതുറപ്പിച്ചു പറയുന്നു.
പ്രപഞ്ചത്തിന്റെ അസാമാന്യമായ ശക്തിയും അത് ദൈവത്തിലധിഷ്ഠിതമായിരിക്കുന്നു എന്ന ഓര്‍മപ്പെടുത്തലും പലയിടത്തുമായി ഖുര്‍ആന്‍ അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. 'നല്ല കാര്യം ഇവിടെ ഓതിത്തരുന്നു, അത് മാനവരാശി ഉള്‍ക്കൊള്ളേണ്ടതാണ്' എന്ന ഉപദേശവും കൂടെക്കൂടെ നല്‍കുന്നുണ്ട്.
'അന്ധകാരം വിലക്കെടുക്കുന്നു' എന്ന പരാമര്‍ശം നേര്‍ വഴിവിട്ട് തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവരെ ഉദ്ദേശിച്ചാണ്. ഖുര്‍ആന്‍ ഈ മാനവീയ തത്ത്വത്തിലേക്ക് നമ്മെ ആനയിക്കുന്നു.
അജ്ഞത മരണമാണെന്ന് സൂചിപ്പിക്കുന്ന സൂക്തത്തിന്റെ ആന്തരികാര്‍ഥത്തിലേക്ക് ഇറങ്ങിച്ചെന്ന് ചിന്തിക്കാം. ജ്ഞാനം ജീവിതത്തിന്റെ വെളിച്ചവും അജ്ഞത അന്ധകാരവുമാണെന്ന് ഓര്‍മപ്പെടുത്തലിലൂടെ മാനവന് വഴികാട്ടിയായിരിക്കുന്നു ഈ വിശിഷ്ട ഗ്രന്ഥം.
ലോക സമാധാനമാണ് മാനവീയതയുടെ അടിസ്ഥാന ലക്ഷ്യം. സമാധാനം ക്ഷമയിലാണധിഷ്ഠിതമായിരിക്കുന്നത്. 'ക്ഷമിക്കുന്നവന്റെ കൂടെയാണ് ദൈവമെന്ന്' ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നു. എക്കാലത്തെയും മനുഷ്യന്റെ ഐക്യമുദ്ദേശിച്ചാണ് ഈ വേദവാക്യം (2:153). നമ്മളത് കാറ്റില്‍ പറത്തി പരസ്പരം പോരടിക്കുന്നു.
സത്യം മുറുകെപ്പിടിച്ച വേദഗ്രന്ഥമാണ് ഖുര്‍ആന്‍. സത്യനിഷേധികള്‍ ലക്ഷ്യമില്ലാത്തവരാണ്. തെളിച്ചേടത്തേക്ക് പോകുന്ന കാലികളെപ്പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നു (2:171). അന്ധരെ അന്ധര്‍ നയിക്കുന്നേടത്ത് സത്യം പുലരില്ല. സത്യമില്ലാത്തേടത്ത് അധര്‍മമുണ്ടാവും. ധാര്‍മികതയുടെയും സത്യത്തിന്റെയും പക്ഷത്തു നില്‍ക്കുന്ന ഖുര്‍ആന്റെ ഈ മുന്നറിയിപ്പ് സര്‍വകാല ജനങ്ങളുടെയും മാര്‍ഗദീപമാണ്.
ജീവിതത്തിന്റെ സര്‍വരംഗങ്ങളെയും സ്പര്‍ശിച്ച ഈ വിശുദ്ധ ഗ്രന്ഥം അധികാരത്തെപ്പറ്റിയും പറയുന്നു. 'അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടതാണ്. നല്ല അധികാരി അങ്ങനെ ചെയ്യുന്നു. ദുഷിച്ച അധികാരി ഭൂമിയെ നശിപ്പിക്കുന്നു. അതുവഴി മനുഷ്യനെയും (ഇതിനോട് സാമ്യമായി ബൃഹ്ദാരണ്യകോപനിഷത്തും നമുക്കൊരു മുന്നറിയിപ്പ് തരുന്നു. 'മനുഷ്യന്‍ ആത്മാവില്‍ നിന്നകന്ന് ക്രൂരതയെ പെരുപ്പിച്ച് നന്മയുടെ പൂന്തോട്ടം നശിപ്പിച്ചിട്ടുപോകുന്നു'. ബൃഹ്ദാരണ്യകോപനിഷത്ത്: തര്‍ജമ: നിത്യ ചൈതന്യയതി).
മദ്യപാനത്തിന്റെ വിപത്ത് എത്ര ഭീകരമായിരിക്കുന്നുവെന്ന് നമ്മളിന്ന് തിരിച്ചറിയുന്നു. ഖുര്‍ആന്‍ ഈ സാമൂഹികതിന്മയെ തുടക്കം മുതലേ വിലക്കിയിട്ടുണ്ട്. അതുപോലെ ചൂതാട്ടവും. നന്മ വരുത്തുന്നവനെയും തിന്മ വിളയിക്കുന്നവനെയും ഇതുവഴി തരിച്ചറിയാനാവും (2: 219). ജീവിതത്തിന്റെ സര്‍വ മേഖലകളിലും ഖുര്‍ആന്‍ കൈവെച്ചിട്ടുണ്ട്. ആരോഗ്യം, കുടുംബ പരിപാലനം തുടങ്ങി ഭക്ഷണകാര്യങ്ങള്‍ വരെ.
ലൈംഗിക പരിശുദ്ധി, ശിശു പരിപാലനം, ശരീര ശുദ്ധി, ദാമ്പത്യ ജീവിതം തുടങ്ങി എല്ലാ രംഗത്തും വ്യക്തമായ നിര്‍ദേശം തരുന്നു.
മുലപ്പാലിന്റെ മാഹാത്മ്യത്തെപ്പറ്റി ആരോഗ്യരംഗത്ത് ഇന്ന് വാതോരാതെ പ്രസംഗം നടക്കുന്നു. എന്നാല്‍ ഖുര്‍ആന്‍, അമ്മ കുഞ്ഞിന് രണ്ട് വര്‍ഷം മുലയൂട്ടണമെന്ന് അനുശാസിക്കുന്നുണ്ട്. മാത്രമല്ല, മുലയൂട്ടുന്ന അമ്മക്ക് നല്ല ഭക്ഷണവും വസ്ത്രവും കൂടി നല്‍കണമെന്നും പറയുന്നു. ആരോഗ്യത്തെ ശാസ്ത്രീയമായി ഇത്രയധികം പരാമര്‍ശിച്ച മതഗ്രന്ഥം വേറെയില്ല.
'നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്. ക്ഷമാശീലരാവണം. അന്യരുടെ ക്രോധത്തിനു മുന്നില്‍ സമനില തെറ്റരുത്.' എത്ര മഹത്തരമായ ഉപദേശം. 'നീ എന്നെ കൊല്ലാന്‍ കൈനീട്ടിയാലും ഞാന്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയില്ല.' ഇത് മാനവീയ ദര്‍ശനത്തിന്റെ എക്കാലത്തെയും മുദ്രാവാക്യമായെടുക്കാം (ഖാബീലിനോട് ഹാബീല്‍ പറഞ്ഞത്).
വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നവനെ ദൈവവും ഇഷ്ടപ്പെടുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. ഇവര്‍ ചെയ്യുന്ന കര്‍മത്തിന്റെ തീക്ഷ്ണമായ അനന്തരഫലം അനുഭവിക്കേണ്ടുന്നതിനെപ്പറ്റി പറയുന്നു. അക്രമങ്ങളെ നിശിതമായി വിമര്‍ശിക്കുകയും അക്രമി കടുത്ത ശിക്ഷക്കര്‍ഹനാകുമെന്നടിവരയിട്ടു പറയുകയും ചെയ്യുന്നു.
അളവ് തൂക്കങ്ങളില്‍ കുറവ് വരുത്തുന്ന വ്യാപാരിയെയും അസാന്മാര്‍ഗികളെയും സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവരെയും, ജനങ്ങളെ ഭീഷണിപ്പെടുത്തുന്നവരെയും വിശുദ്ധ ഖുര്‍ആന്‍ കുറ്റവിചാരണ ചെയ്യുന്നു (83:1-3).
സമ്പാദിക്കല്‍ എങ്ങനെയാവണമെന്ന് ഖുര്‍ആന്‍ പറയുന്നു. സത്യസന്ധമായേ സമ്പാദിക്കാവൂ. അങ്ങനെ സമ്പാദിക്കുന്ന വഹകള്‍ അടക്കിവെക്കാന്‍ ഇസ്ലാം സമ്മതിക്കുന്നില്ല. ദൈവത്തിന് പങ്കു കൊടുക്കണം (നല്ല കാര്യങ്ങള്‍ ചെയ്യാനെന്നു ഉദ്ദേശ്യം). പിന്നെ അനാഥര്‍ക്കും ബന്ധുക്കള്‍ക്കും അവശര്‍ക്കും വഴിപോക്കര്‍ക്കും നല്‍കണം.
നന്മയിലേക്കുള്ള മാര്‍ഗദര്‍ശനത്തിന് ഒരു വെളിച്ചമേയുള്ളൂ; ഏകദൈവവിശ്വാസം. ദൈവത്തിന്റെ വെളിച്ചം ഊതിക്കെടുത്തുക എന്നാല്‍ സ്വന്തം ആത്മാവിനെ ഹനിക്കുക എന്നാണര്‍ഥം. ഇത് ഉദാത്തമായ ആത്മീയ ചിന്തയാണ്, 'അവിശുദ്ധര്‍' എന്ന് ഖുര്‍ആന്‍ പറയുന്നത് ഈ ദര്‍ശനത്തില്‍ വിശ്വസിക്കാത്തവരെക്കുറിച്ചാണ്.
ഖുര്‍ആന്‍ പൌരോഹിത്യത്തെ നഖശിഖാന്തം എതിര്‍ക്കുന്നു. പ്രാര്‍ഥനക്ക് ദൈവത്തിനും നമുക്കുമിടയില്‍ ഒരു ഇടനിലക്കാരന്‍ വേണ്ട. പുരോഹിതരിലും ഏറെപ്പേര്‍ ജനങ്ങളുടെ ധനം അവിഹിതമായി ഉപയോഗിക്കുന്നുണ്ട്. പുരോഹിതരുടെ ഈ പരാന്നഭോജനം ഖുര്‍ആന്‍ വിലക്കുന്നു. ഇത് ശിക്ഷാര്‍ഹമാണെന്ന് പറയുന്നു (9:34).
അധാര്‍മികരില്‍ നിന്നും സത്യസന്ധതയില്ലാത്തവരില്‍നിന്നും ദാനം സ്വീകരിക്കരുതെന്നു കൂടി ഈ വിശുദ്ധ ഗ്രന്ഥം നമ്മെ ഉപദേശിക്കുന്നുണ്ട്. പൌരോഹിത്യത്തിന്റെ അധാര്‍മികത മനസ്സില്‍ കണ്ടുകൊണ്ടാവണം, 'ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്, എനിക്ക് സ്വന്തമായി ഗുണദോഷം വരുത്താനാവില്ല. ദൈവം ഇഛിച്ചതു മാത്രം നടക്കുന്നു' എന്ന് നബി പറഞ്ഞത്. ദൈവവചനം കേട്ടറിയാതെ നിന്ദ്യമായ ജല്‍പനങ്ങള്‍ക്ക് പിറകെ പോകുന്നവന്‍ വഴിയിലുഴലുന്ന ശ്വാനനെപ്പോലെയാണെന്നു കൂടി ഖുര്‍ആന്‍ പറഞ്ഞുവെച്ചിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം