Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 7

ആരോപണങ്ങളുടെ മറുവശം

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്‌

പ്രസ്ഥാനം കുറ്റ്യാടിയില്‍ - 2
കു
റ്റ്യാടി മേഖലയിലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് അപഖ്യാതികള്‍ വ്യാപകമായി പരന്നിട്ടുണ്ട്. അതിലൊന്ന് കുറ്റ്യാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.പി സുന്നിവിഭാഗം നേതാവ് പേരോട് അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെ പ്രസംഗങ്ങളിലൂടെ നാട്ടിലും മറുനാട്ടിലും പരക്കെ പ്രചരിച്ചിട്ടുള്ളതാണ്. പരമ്പരാഗത സുന്നി രീതിയില്‍ അറബി ഖുത്വ്ബ ഓതി വന്നിരുന്ന കുറ്റ്യാടി മഹല്ല് ജുമുഅത്ത് പള്ളിയില്‍ ജമാഅത്ത് നേതാവ് ഹാജി വി.പി മുഹമ്മദലി സാഹിബ് മിമ്പര്‍ കൈയേറി മലയാള ഭാഷയില്‍ ഖുത്വ്ബ നടത്തി പള്ളി പിടിച്ചെടുത്തു എന്നതാണ് അതിലൊന്ന്. 'നേര്‍ച്ച കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ 'ത്വൈലസാന്‍' പുതച്ച് മിമ്പറില്‍ കയറാന്‍ കാത്തിരിക്കെ പെട്ടെന്ന് ഹാജി സാഹിബ് കയറി ഖുത്വ്ബ നടത്തി' എന്നാണ് ആരോപണം. കെ.മൊയ്തുമൌലവിയുടെ ഒരു ഓര്‍മക്കുറിപ്പ് ആധാരമാക്കിയാണ് ഈ പ്രചാരണം. നേര്‍ച്ച കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ ഖത്വീബിന്റെ വസ്ത്രമണിഞ്ഞ് ഖുത്വ്ബക്കൊരുങ്ങി വന്നത് ശരിയാണ്. മൊയ്തീന്‍ മുസ്ലിയാര്‍ 'വാളും പിടിച്ച്' കിഴക്കോട്ട് തിരിഞ്ഞുനിന്നതും ശരി. ഇരുവര്‍ക്കും മുന്‍കൂട്ടി ധാരണ ഇല്ല എന്നും മനസിലാക്കാം. എന്നാല്‍, പ്രമുഖ കുടുംബങ്ങളിലെ പ്രബലരായ പ്രമാണിമാരും കൈകരുത്തുള്ള ബഹുജനങ്ങളും നിറഞ്ഞുനിന്ന ഒരു ജുമുഅ സദസില്‍ പരദേശിയായ ഹാജിസാഹിബ് ഒരു പിടി ജമാഅത്ത്കാരുടെ ഗൂഢാലോചനയില്‍ പെട്ടെന്ന് മിമ്പര്‍ കൈയേറി എന്നാണ് പേരോട് മുസ്ലിയാര്‍ അര്‍ഥമാക്കുന്നതെങ്കില്‍ അത് ഈ നാട്ടിലെ പ്രബുദ്ധ മുസ്ലിം സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. അത്രമേല്‍ ഭീരുക്കളും ഷണ്ഡന്മാരുമാണ് കുറ്റ്യാടിയിലെ ജനങ്ങള്‍ എന്ന് മുസ്ലിയാര്‍ അവര്‍കള്‍ തെറ്റിദ്ധരിക്കാന്‍ പാടില്ലായിരുന്നു. സത്യത്തില്‍ സംഭവിച്ചത് ലളിതമായ ഒരു കാര്യമാണ്. കുറ്റ്യാടിയിലെ പ്രമുഖന്മാരും ബഹുജനങ്ങളും മൊത്തത്തില്‍ മലയാള ഖുത്വ്ബക്ക് അനുകൂലികളായിരുന്നു. ആരെങ്കിലും ചിലര്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണം. അത്രയേ വേണ്ടിയിരുന്നുള്ളൂ. പഴുത്ത് പാകമായി നില്‍ക്കുന്ന ഒരു പഴം അടര്‍ന്നു വീഴാന്‍ എന്തെങ്കിലുമൊരു ചലനം വേണ്ടിയിരുന്നു. അതാണ് സംഭവിച്ചത്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ പള്ളി കലാപ ഭൂമിയായി മാറുമായിരുന്നു. ജനങ്ങള്‍ മഹാഭൂരിപക്ഷം ദീനീ വിഷയങ്ങളില്‍ നേരത്തെ തന്നെ എം. അബ്ദുല്ലകുട്ടി മൌലവിയുടെ ശിഷ്യന്‍മാരും അനുചരന്മാരും ആയിരുന്നു. മുക്കത്ത് കുടുംബത്തില്‍പോലും മൌലവി സുസമ്മതനും ആദരണീയനുമായിരുന്നു. മൌലവിയും ശിഷ്യഗണങ്ങളും ജമാഅത്തിലേക്ക് വന്നപ്പോള്‍ സ്വതന്ത്ര മലയാള ഖുത്വ്ബയുടെ തുടക്കം ഹാജിസാഹിബിനെ കൊണ്ട് നിര്‍വഹിപ്പിച്ചു എന്നതാണ് വസ്തുത. കുറ്റ്യാടി പള്ളിയില്‍ മലയാള ഖുത്വ്ബ ഹറാമായിരുന്നു എന്ന ധാരണയും ശരിയല്ല. 'നബാതിയ' ഖുത്വ്ബയുടെ മലയാള തര്‍ജമ നേരത്തെ അവിടെ പറഞ്ഞു വരാറുള്ളതാണ്. ഇതാണ് പള്ളിയും മിമ്പറും 'പിടിച്ചെടുത്ത' കഥ. എന്തെങ്കിലും കുതന്ത്രങ്ങളുപയോഗിച്ച് പിടച്ചെടുക്കല്‍ ഒരുവട്ടം ഒപ്പിച്ചെടുത്തതാണെങ്കില്‍ അടുത്ത ഖുത്വ്ബ മലയാളത്തില്‍ നടക്കുമായിരുന്നില്ല; നടത്താന്‍ കുറ്റ്യാടിക്കാര്‍ അനുവദിക്കുമായിരുന്നില്ല. 'സദസ് നിശ്ശബ്ദം' 'യാതൊരപശബ്ദവും കേട്ടില്ല' 'ആര്‍ക്കും എതിരഭിപ്രായമില്ല' എന്നിങ്ങനെ മൊയ്തുമൌലവിയുടെ ലേഖനത്തിലെ വാചകങ്ങള്‍ പേരോട് മുസ്ലിയാര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച്, പിടിച്ചെടുക്കല്‍ പ്രചാരണം നടത്തിയത് ശരിയായില്ല.
രണ്ടാമത്തെ കാര്യവും ഖുത്വ്ബയുമായി ബന്ധപ്പെട്ടതുതന്നെ. 29 കൊല്ലം ജനാബ് കെ. മൊയ്തുമൌലവി കുറ്റ്യാടി മഹല്ല് പള്ളിയില്‍ തുടര്‍ച്ചയായി ഖുത്വ്ബ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ജമാഅത്തെ ഇസ്ലാമിക്ക് മിമ്പര്‍ നഷ്ടപ്പെട്ടു എന്നതാണ് വിഷയം. ഇത് വസ്തുതാപരമായി ഏകദേശം ശരിയാണെങ്കിലും വിശദീകരണം ആവശ്യമുള്ളതാണ്. മൊയ്തുമൌലവിയുടെ വേര്‍പാടിന് ശേഷം ഖുത്വ്ബ ഏറ്റെടുക്കാന്‍ മഹല്ല് ഭാരവാഹികള്‍ സമീപിച്ചത് ജമാഅത്ത് പണ്ഡിതനായ കെ.എന്‍ അബ്ദുല്ല മൌലവിയെ ആയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ കെ.എന്നിന് ചുമതല ഏല്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ജമാഅത്ത് യുവ പണ്ഡിതന്‍ ഖാലിദ് മൂസ നദ്വിയുടെ പേര് നിര്‍ദേശിക്കുകയാണുണ്ടായത്. ഖാലിദ് മൂസയും തുടര്‍ന്ന്, ശിഹാബുദ്ദീന്‍ ഇബ്നു ഹംസയും ഖുത്വ്ബ നടത്തി വന്നു. പ്രായവും പക്വതയുമുള്ള മൊയ്തുമൌലവിയുടെ ശൈലിയും യുവ പണ്ഡിതന്‍മാരുടെ ശൈലിയും ഒരുപോലെ ആകണമെന്നില്ല. എങ്ങനെയും ഖുത്വ്ബ നിലനിര്‍ത്തണം എന്ന നിര്‍ബന്ധം പ്രാദേശിക ജമാഅത്ത് നേതൃത്വത്തിനും ഉണ്ടായിരുന്നില്ല. സൂക്ഷ്മതക്കുറവോ കാഴ്ചപ്പാടിന്റെ വ്യത്യാസമോ സംഭവിച്ചിരിക്കാം. പുറത്ത് ഊതിവീര്‍പ്പിക്കപ്പെട്ട തരത്തിലുള്ള മഹാസംഭവമായി കുറ്റ്യാടിയിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ ഇതിനെ കണ്ടിട്ടില്ല. പ്രകോപിതരായി പെട്ടെന്നൊരു ബദല്‍ മസ്ജിദ് പണിയണമെന്ന പ്രതികാര ചിന്തയും അവര്‍ക്കുണ്ടായിട്ടില്ല. ഖത്വീബ്, കമ്മറ്റികളാല്‍ കടിഞ്ഞാണിടപ്പെടരുത് എന്ന കാഴ്ചപ്പാട് പുതുതലമുറയിലെ ഖത്വീബുമാരില്‍ ശക്തമാണ് എന്നതും ശ്രദ്ധേയമാണ്.
കുറ്റ്യാടിയുടെ പരിസരങ്ങളില്‍ പതിനൊന്നോളം പള്ളികള്‍ ഇപ്പോഴും ജമാഅത്ത് നിയന്ത്രണത്തിലോ, ജമാഅത്ത് ഖത്വീബുമാര്‍ ഖുത്വ്ബ ഓതുന്നതായോ നിലവിലുണ്ട്. കുറ്റ്യാടിയിലും പള്ളിപണിയുന്നതിന് ഒരു പ്രശ്നവുമില്ല. പ്രസ്ഥാനത്തിന് ശക്തമായ നെറ്റ്വര്‍ക്കും നൂറുകണക്കിന് പ്രവര്‍ത്തകരുമുള്ള സജീവ മേഖലയാണ് കുറ്റ്യാടി പ്രദേശങ്ങള്‍. എന്നാല്‍ ഒരുകാര്യം സമ്മതിക്കേണ്ടതുണ്ട്. കുറ്റ്യാടിയിലെ മുസ്ലിംകള്‍ രാഷ്ട്രീയമായി ജന്മനാ കോണ്‍ഗ്രസാണെന്നു പറഞ്ഞാല്‍ വലിയ അതിശയോക്തിയില്ല. നാട്ടുകാര്‍ മൊത്തത്തില്‍ ജമാഅത്തിനെ അനുകൂലിച്ച ഒരു കാലമുണ്ടായിരുന്നത് ശരി. അതുപക്ഷേ, ജമാഅത്ത് ആര്‍ക്കും വോട്ട് ചെയ്യാത്ത കാലമായിരുന്നു. അടിയന്തരാവസ്ഥ മുതല്‍ ഇലക്ഷനില്‍ പങ്കെടുത്ത് തുടങ്ങിയ ശേഷം നടന്ന ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ ജമാഅത്ത് കുറ്റ്യാടി മേഖലയില്‍ യു.ഡി.എഫിന് വോട്ട് ചെയ്ത സംഭവം ഓര്‍മയില്‍ ഇല്ല. മറിച്ച്, എല്‍.ഡി.എഫിന് ചെയ്തിട്ടുമുണ്ട്. ഇതാണ് പഴയകാലത്തെ പൊതു സമ്മിതിക്ക് കോട്ടം തട്ടാന്‍ കാരണമായത്. 'കോണ്‍ഗ്രസ് മുസ്ലിംകള്‍' മതപരമായി കുറെയൊക്കെ പാരമ്പര്യ മുജാഹിദ് മനസുള്ളവരാണെന്നത് അകല്‍ച്ച വര്‍ധിപ്പിക്കാനും കാരണമായി. രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പ് ഉള്ളതോടൊപ്പം ദീനീവിഷയങ്ങളില്‍ ജമാഅത്തിനോടുള്ള ആദരവും മതിപ്പും സമൂഹത്തില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നു. പൊതു നന്മകളില്‍ ജമാഅത്തും മറ്റുള്ളവരും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വേദികളും സജീവമാണ്.
പ്രദേശത്ത് പ്രസ്ഥാനം കാലുറപ്പിച്ചതു മുതല്‍ ദീനീ വിദ്യാഭ്യാസ സ്ഥാപനത്തിന് അടിത്തറ പാകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെയാണ് ടൌണിന് തൊട്ട് പുതുക്കുടി ബാവാച്ചി ഹാജി സംഭാവന ചെയ്ത കണ്ണായ സ്ഥലത്ത് 50കളുടെ മധ്യത്തില്‍ ഇസ്ലാമിയാ കോളേജും അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയും ആരംഭിക്കുന്നത്. പിന്നീട്, ബാവാച്ചി ഹാജിയുടെ ബിസിനസ് പങ്കാളിയായ പി.സി മാമുഹാജി സംഭാവന ചെയ്ത സ്ഥലവും അതിനോട് ചേര്‍ന്നു. പ്രാരംഭ കെട്ടിടം പണിതതും ബാവാച്ചി ഹാജി തന്നെ. കോളേജ് എന്ന് പ്രസിദ്ധി വന്നെങ്കിലും സത്യത്തില്‍ സെക്കന്ററി തലത്തിലുള്ള ദീനീ സ്ഥാപനമേ ആരംഭിച്ചിരുന്നുള്ളൂ. ഭാവിയിലേക്കുള്ള പ്രതീക്ഷ വെച്ചാണ് 'കോളേജ്' എന്ന് പറഞ്ഞുവന്നത്. നമ്മള്‍ മലയാളികള്‍ 'അവില്‍' ഇടിക്കുക എന്ന് പറയുന്നതുപോലെ. ഇടിക്കുന്നത് നെല്ലാണല്ലോ! ഇന്ന് കുറ്റ്യാടി ആര്‍.ഇ.ടിയുടെ കീഴിലുള്ള സ്ഥാപന സമുച്ചയം കുല്ലിയത്തുല്‍ ഖുര്‍ആന്‍, കുല്ലിയത്തുല്‍ ബനാത്ത്, മദ്റസത്തുല്‍ ഖുര്‍ആന്‍, പ്ളസ് ടു തലംവരെയുള്ള ഐഡിയല്‍ പബ്ളിക് സ്കൂള്‍ എന്നിവ ഉള്‍പ്പെട്ടതാണ്.
ആലിയ അറബിക് കോളേജിനെ പറ്റി പറഞ്ഞുവന്നപ്പോള്‍ സ്ഥാപനവും പ്രസ്ഥാനവും ഒന്നുപോലെ പ്രവര്‍ത്തിച്ചാലുള്ള അനുഭവം സൂചിപ്പിച്ചതോര്‍ക്കുമല്ലോ. ആലിയയില്‍ ഇത് സ്ഥാപന വൃത്തത്തില്‍ ഒതുങ്ങി നിന്നു; പുറത്ത് സജീവമായ ഒരു പ്രസ്ഥാനം പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നില്ല. കുറ്റ്യാടിയില്‍ ആകട്ടെ, ഈ സ്ഥാപന-പ്രസ്ഥാന കൂട്ടായ്മ സ്ഥാപനത്തിനകത്ത് ഒതുങ്ങി നിന്നില്ല. പുറത്തും വ്യവസ്ഥാപിതമായ പ്രസ്ഥാന പ്രവര്‍ത്തനം ശക്തമായിരുന്നു. ബഹുജനങ്ങളുടെ പൂര്‍ണ സന്മനസും സഹകരണവും ഒത്തുചേര്‍ന്നപ്പോള്‍ വിവരണാതീതമായ വല്ലാത്തൊരു ദീനീ അന്തരീക്ഷവും അനുഭൂതിയുമായിരുന്നു.
ആദ്യഘട്ടത്തില്‍ സ്ഥാപനത്തിനു ഹോസ്റലോ മെസ്സോ ഉണ്ടായിരുന്നില്ല. കുറ്റ്യാടിയിലും പരിസരത്തുമുള്ള വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ 'ഡേ സ്കോളേഴ്സ്' ആയിരുന്നതിനാല്‍ അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആലിയയിലും പുളിക്കലും അനുഭവപ്പെട്ട രൂക്ഷമായ ഭക്ഷ്യക്ഷാമം സ്ഥാപനത്തിനു ബാധകവുമായിരുന്നില്ല. അധ്യാപകര്‍ ഹോട്ടല്‍ ഭക്ഷണത്തില്‍ തൃപ്തരായി. അല്ലെങ്കിലും കുറ്റ്യാടി ഭാഗത്ത് ഭക്ഷ്യക്ഷാമം അത്ര രൂക്ഷമായി അനുഭവപ്പെട്ടിരുന്നില്ല. ചെക്പോസ്റുകളെ വെട്ടിച്ച് വയനാട്ടില്‍നിന്ന് മലമ്പാതകളിലൂടെ അരിയും നെല്ലും തലച്ചുമടായി കൊണ്ടുവരിക പതിവായിരുന്നു. അമ്പതുകളില്‍ ഞാന്‍ അധ്യാപകനായിരിക്കെ മാസശമ്പളം 60 രൂപ! അതൊരു മോശം ശമ്പളമായിരുന്നില്ല. അതില്‍ 30 രൂപ ഭക്ഷണ ചെലവിനായിരുന്നു. ആദ്യഘട്ടത്തില്‍ അധ്യാപകരുടെ താമസവും വാടക കെട്ടിടങ്ങളിലായിരുന്നു. അതും 'അറുപതി'ലൊതുങ്ങുന്നു. ഒരിക്കല്‍ ഞാനും കെ.എന്നും വാണിമേല്‍ പി.വി കുഞ്ഞമ്മദ് ഹാജിയെ സന്ദര്‍ശിച്ചപ്പോള്‍ സ്ഥാപന കാര്യങ്ങള്‍ അന്വേഷിച്ച കൂട്ടത്തില്‍ അധ്യാപകരുടെ ശമ്പളത്തെപ്പറ്റിയും ചോദിച്ചു. ഞങ്ങള്‍ അഭിമാനപൂര്‍വം '60' രൂപയുടെ കാര്യം പറഞ്ഞു. ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കുഞ്ഞമ്മദ് ഹാജി ഭക്ഷണകാര്യം തിരക്കി. പകുതി ഭക്ഷണത്തിനെന്ന മറുപടി കേട്ട് ഹാജിയുടെ പ്രതികരണം; എന്നാലും മുപ്പത് ബാക്കിയുണ്ടല്ലോ, ദിവസം ഒരു രൂപ! കൊള്ളാം, തരക്കേടില്ല! ഹാജിയുടെ വാക്കുകളില്‍ ചെറിയൊരു പരിഹാസം ഒളിച്ചുവെച്ചത് പിന്നീടാണ് ഞങ്ങള്‍ക്ക് ബോധ്യമായത്.
കാലത്ത് 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് അധ്യയന സമയം. ഇതില്‍ രാവിലെ രണ്ടു മണിക്കൂര്‍ പ്രാഥമിക മദ്റസ. പത്തര മുതല്‍ കോളേജ് ക്ളാസ്. രണ്ടിലും അധ്യാപകര്‍ ഒന്നുതന്നെ. 4 മണിയോടെ നല്ലപോലെ തളര്‍ന്നിരിക്കും. അതൊന്നും പക്ഷേ, ഒരിക്കലും പ്രയാസമായി തോന്നാറില്ല. അറബി-ദീനീ വിദ്യാഭ്യാസത്തിനൊപ്പം മലയാളം, ഉര്‍ദു, ഇംഗ്ളീഷ് ഭാഷാധ്യാപനവും മറ്റു അവശ്യ ഭൌതിക വിഷയങ്ങളും സിലബസിന്റെ ഭാഗമായിരുന്നു. ദീര്‍ഘ നേരത്തെ അധ്യാപനത്തിന് ശേഷം പ്രസ്ഥാനത്തിന്റെ ഫീല്‍ഡ് വര്‍ക്കുകളിലും ഏര്‍പ്പെടുമായിരുന്നു. പലപ്പോഴും ഇത് കാല്‍നടയാത്ര വേണ്ടിവരുന്ന അയല്‍പ്രദേശങ്ങളിലാകും. കുറ്റ്യാടിയില്‍നിന്ന് പതിമൂന്ന് കി.മീ ദൂരെ ആയഞ്ചേരിയില്‍ നടന്നുപോയി വഅ്ള് പരമ്പരകളില്‍ പങ്കെടുത്ത് രണ്ടര മണിക്കൂറോളം പ്രഭാഷണം നടത്തി രാത്രി തന്നെ കുറ്റ്യാടിയിലേക്ക് തിരിച്ച് നടക്കേണ്ടി വരുന്ന അധ്യാപക സുഹൃത്തുക്കള്‍ക്ക് വേണ്ടി ഓര്‍മവരുമ്പോഴൊക്കെ പ്രാര്‍ഥിച്ചു പോകാറുണ്ട്. പി.വി കുഞ്ഞിമൊയ്തീന്‍ മൌലവി, യു.കെ ഇബ്റാഹിം മൌലവി, എ.കെ അബ്ദുല്‍ ഖാദര്‍ മൌലവി, പൊന്മള മുഹമ്മദ് മൌലവി മുതല്‍ പേരെ ഇപ്പോഴും ഓര്‍ത്തുപോകുന്നു. രാത്രി തിരിച്ചെത്തിയില്ലെങ്കില്‍ കാലത്ത് കുളിച്ചൊരുങ്ങി മദ്റസ ക്ളാസില്‍ ഹാജരാകാന്‍ പ്രയാസപ്പെടും. ഇത്തരം പരിപാടികള്‍ ഒറ്റപ്പെട്ടതുമല്ല. ഇടവിട്ട് ആവര്‍ത്തന സ്വഭാവമുള്ളതായിരുന്നു. എന്നാല്‍ അന്നത്തെ പ്രസ്ഥാന മനസില്‍ ഇതിലൊന്നും പ്രയാസമോ പരിഭവമോ തോന്നിയില്ല. എ.കെ അബ്ദുല്‍ഖാദിര്‍ മൌലവി പ്രിന്‍സിപ്പലായിരിക്കെ, ഞങ്ങള്‍ രണ്ടുപേര്‍ക്കും കടവത്തൂരില്‍ ഒരു പരിപാടിക്ക് എത്തേണ്ടതുണ്ടായിരുന്നു. പി.ആര്‍ കുറുപ്പിന്റെ ഭാഗത്തുനിന്ന് എന്തോ ഉടക്കുണ്ടെന്ന് കേള്‍ക്കുകയുണ്ടായി. അതുകൊണ്ട് എങ്ങനെയും എത്തിച്ചേരേണ്ടത് നിര്‍ബന്ധമായിരുന്നു. യാദൃഛികമായി അന്നേദിവസം കുറ്റ്യാടി-നാദാപുരം റൂട്ടില്‍ ബസ് സര്‍വീസ് മുടക്കം. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. ഞങ്ങള്‍ നാദാപുരത്തേക്ക് നടന്നു. നാദാപുരത്ത് നിന്ന് ഭാഗ്യവശാല്‍ കടവത്തൂരിനടുത്ത് ഇരിങ്ങണ്ണൂര് വരെ ബസ് കിട്ടി. പിന്നെയും രണ്ട് കി.മീ നടന്ന് യോഗസ്ഥലത്ത് എത്തുമ്പോള്‍ സമയം വൈകി. ഭാരവാഹികള്‍ നിരാശരായി സ്റേജില്‍ തൂക്കിയ ഗ്യാസ് ലൈറ്റും എടുത്ത് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്. ഞങ്ങളെ കണ്ടപ്പോള്‍ ചിത്രമാകെ മാറി. മടങ്ങിപോയിക്കൊണ്ടിരുന്നവര്‍ തിരിച്ചു വന്നുതുടങ്ങി. ചെറിയ സദസാണെങ്കിലും നല്ല പരിപാടി നടന്നു. കുറുപ്പിന്റെ ഉറപ്പൊന്നും പ്രവര്‍ത്തകരെ തളര്‍ത്തിയില്ല. പറഞ്ഞ് വരുന്നത്, പ്രസ്ഥാനവും സ്ഥാപനവും ഫീല്‍ഡ് വര്‍ക്കും തോളുരുമ്മി പോകുന്നതിന്റെ മധുരമുള്ള ഓര്‍മകളാണ്.
യുദ്ധാനന്തരകാലത്തെ ക്ഷാമവും വറുതിയും കാരണം പുളിക്കല്‍ മദീനത്തുല്‍ ഉലൂം ഒരിക്കല്‍ പൂട്ടാന്‍ നിര്‍ബന്ധിതമായി. കോഴിക്കോട് മുഹ്യിദ്ദീന്‍ പള്ളിയില്‍വെച്ച് സ്ഥാപനത്തിന്റെ പ്രധാന ഭാരവാഹിയെ മാമുഹാജി കാണാനിടയായി. സ്ഥാപനത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ താക്കോല്‍ കാണിച്ചുകൊണ്ട് അദ്ദേഹം മാമുഹാജിയോട് പറഞ്ഞവത്രെ. 'മദീനത്തുല്‍ ഉലൂം പൂട്ടിയിട്ടാണ് വരുന്നത്.' ഇതുകേട്ട മാമുഹാജി കോഴിക്കോട് വലിയങ്ങാടിയില്‍ പോയി രണ്ട് മൂന്ന് ചാക്ക് അരിവാങ്ങിക്കൊടുത്ത് സ്ഥാപനം വീണ്ടും തുറക്കാന്‍ സംവിധാനം ചെയ്തു. പിന്നീട് പുളിക്കല്‍ മദീനത്തുല്‍ ഉലൂം ക്ഷാമം കാരണം പൂട്ടേണ്ടി വന്നിട്ടില്ല.
കുറ്റ്യാടി മേഖലയിലെ മണ്‍മറഞ്ഞുപോയ ആദ്യകാല സാരഥികളും അഭ്യുദയ കാംക്ഷികളും: എം. അബ്ദുല്ലക്കുട്ടി മൌലവി, പി.എം ബാവാച്ചി ഹാജി, പി.സി മാമുഹാജി, ഒ.കെ അമ്മദ് ഹാജി, കെ.പി അബ്ദുര്‍റഹ്മാന്‍ ഹാജി, വൈദ്യര്‍കണ്ടി ആലിക്കുട്ടി ഹാജി, കെ.എം സൂപ്പി ഹാജി, ടി.കെ മൊയ്തുഹാജി, കേളോത്ത് അമ്മദ്, ആര്‍. മൊയ്തു ഹാജി, കളത്തില്‍ കുഞ്ഞമ്മദ് ഹാജി, മേപ്പാട്ട് ആലിക്കുട്ടി ഹാജി, ആര്‍. പോക്കര്‍ ഹാജി, മുക്കത്ത് മൊയ്തു, ഇ.ജെ കുഞ്ഞബ്ദുല്ല ഹാജി, കെ.പി.ആര്‍ മൊയ്തീന്‍, ഒ.പി കുഞ്ഞബ്ദുല്ല ഹാജി, ടി.പി അബ്ദുല്ല മാസ്റര്‍, എം. മൂസ മാസ്റര്‍, കണ്ടിയില്‍ മമ്മു മാസ്റര്‍, മലേനാണ്ടി മൊയ്തുഹാജി, മാണിക്കോത്ത് അമ്മദ് മാസ്റര്‍, കാവില്‍ സൂപ്പി ഹാജി, ചുണ്ടക്ക ആലി ഹാജി, കുറുങ്ങോട്ട് ഹസന്‍, കെ. ഹസ്സന്‍കുട്ടി മാസ്റര്‍, കാരപ്പാറ അബ്ദുല്ല ഹാജി (വേളം ശാന്തിനഗര്‍ ഇതില്‍ പെടുന്നില്ല).
വാല്‍ക്കഷ്ണം: കുറ്റ്യാടി മഹല്ല് ജുമാ മസ്ജിദിന്റെ പടിഞ്ഞാറെ ചെരുവില്‍ 'ഔലിയയുടെ മഖാം' എന്ന് വിശ്വസിക്കപ്പെട്ട, നീണ്ട ഒരു ഖബ്ര്‍ ഉണ്ടായിരുന്നു. പള്ളി പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഈ 'ഖബ്ര്‍' ആരൊക്കെയോ ചേര്‍ന്ന് പൊളിച്ചുമാറ്റി. ആഴത്തില്‍ കുഴിച്ചുനോക്കിയെങ്കിലും ഖബ്റിന്റെ അടയാളമൊന്നും കണ്ടെത്തിയില്ലത്രെ. പൊളിച്ചതില്‍ പ്രതിഷേധമുള്ളവര്‍ 'റെഡ് ഗാര്‍ഡ്സ്' കുറ്റ്യാടിയില്‍' എന്നൊരു ലഘുലേഖയും പ്രസിദ്ധീകരിച്ചു. പൊളിക്കലിനു നേതൃത്വം നല്‍കിയതായി പറയുന്ന ആള്‍ ഇപ്പോള്‍ എണ്‍പതാം വയസ്സിലും ആരോഗ്യവാനായി ജീവിക്കുന്നു. അദ്ദേഹത്തോട് ചോദിച്ച് ഉറപ്പുവരുത്തിയാണ് ഇതെഴുതുന്നത്.
(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം