വളര്‍ച്ചയുടെ ഘട്ടങ്ങള്‍
ആശയരംഗത്തും കര്‍മ മണ്ഡലങ്ങളിലും വൃദ്ധിക്ഷയങ്ങളുടെ ഭിന്നഭാവങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് സലഫിസം വളര്‍ന്നു വന്നത്. ഏതെങ്കിലുമൊരു യുഗപ്പകര്‍ച്ചയുടെ അനിവാര്യതയില്‍ ഒരു നവോത്ഥാന നായകന്‍ ആസൂത്രിതമായി ആവിഷ്കരിച്ച ഇസ്ലാമിക നവജാഗരണത്തിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ രീതിശാസ്ത്രമല്ല 'സലഫിസം.' കാലക്രമത്തില്‍ രൂപപ്പെട്ടു വന്ന ഒരു ചിന്താധാരയാണത്. നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന് പലവിധ പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായാണ് 'സലഫിസം' ഇന്നത്തെ അവസ്ഥയിലെത്തിയത്. വ്യത്യസ്ത കാലഘട്ടങ്ങളും വിഭിന്ന സാമൂഹിക സാഹചര്യങ്ങളും രാഷ്ട്രീയ അവസ്ഥാന്തരങ്ങളും ഭരണകൂടങ്ങളുമൊക്കെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സലഫിസത്തെ സ്വാധീനിച്ചിട്ടുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള പണ്ഡിതന്മാര്‍ സലഫിസത്തെ സമീപിച്ചതും പ്രയോഗവല്‍ക്കരിച്ചതും പലരീതികളിലായിരുന്നു.
ചരിത്രപരമായി വിലയിരുത്തുമ്പോള്‍, സലഫിസത്തിന്റെ വളര്‍ച്ചക്ക് പ്രധാനമായും അഞ്ച് ഘട്ടങ്ങളുണ്ടെന്ന് പറയാം. ഒന്ന്, പ്രാരംഭഘട്ടം. അഹ്മദുബ്നു ഹമ്പലിന്റെ കാലവും(ഹി. 164-241/ക്രി. 780-855) തൊട്ടടുത്ത നൂറ്റാണ്ടുകളും. രണ്ട്, നവോത്ഥാന ഘട്ടം. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയയുടെ നായകത്വത്തില്‍ സലഫി ചിന്താധാര പുത്തന്‍ ഉണര്‍വുകള്‍ കൈവരിച്ച കാലം. മൂന്ന്, നജ്ദീ ഘട്ടം. മുഹമ്മദുബ്നു അബ്ദില്‍ വഹാബിന്റെ നേതൃത്വത്തില്‍ അറേബ്യന്‍ ഉപദ്വീപില്‍ സലഫി ആശയങ്ങളുടെ പ്രയോഗവല്‍ക്കരണം നടന്ന കാലം. സലഫി ചരിത്രത്തിലെ വഴിത്തിരിവിന്റെ സന്ദര്‍ഭമായിരുന്നു ഇത്. സുഊദി സലഫിസത്തിന്റെ വേരുകള്‍ കുടികൊള്ളുന്നത് ഇതിലാണ്. നാല്, വികാസഘട്ടം. സലഫിസത്തില്‍ പുതിയൊരു ധാരയുടെ ഉദയത്തിന് സാക്ഷിയായ ഈ ഘട്ടത്തില്‍ സയ്യിദ് റശീദ് രിദയുടെ നേതൃത്വത്തിലാണ് മുന്നേറ്റങ്ങള്‍ നടന്നത്. ഈജിപ്ഷ്യന്‍ സലഫിസം ഊര്‍ജം സ്വീകരിച്ചത് ഇതില്‍നിന്നാണ്. അഞ്ച്, പ്രതിസന്ധികളുടെ ഘട്ടം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ലോകത്ത് സജീവമാവുകയും മുസ്ലിം ലോകത്ത് പൊതുവെ മുന്നേറ്റം ദൃശ്യമാവുകയും ചെയ്തതു മുതല്‍ അറബ് വസന്തം വരെയുള്ള കാലം സലഫിസത്തിന് പ്രതിസന്ധികളുടേതാണ്. സലഫിസത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇസ്ലാമിസ്റുകള്‍ (ഇസ്ലാമിയ്യൂന്‍) രംഗത്ത് വരികയും പുതിയൊരു ഇസ്ലാമിക അന്തരീക്ഷം സംജാതമാവുകയും ചെയ്തപ്പോള്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നതില്‍ വ്യക്തമായ കാഴ്ചപ്പാട് സലഫി വിഭാഗങ്ങള്‍ക്ക് പൊതുവെ ഉണ്ടായില്ല. സലഫികളും ഇസ്ലാമിസ്റുകളും തമ്മില്‍ ആശയ-കര്‍മരംഗങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. ഈ സാഹചര്യത്തില്‍ സംജാതമായ പ്രതിസന്ധികള്‍ മറികടക്കാന്‍ സലഫി മണ്ഡലത്തില്‍ ചില ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.
പ്രാരംഭകാലം
ഇസ്ലാമിക രാഷ്ട്രത്തിന്റെ വികാസം രചനാത്മകം എന്ന പോലെ ചില വശങ്ങളില്‍ നിഷേധാത്മകമായ പ്രതിഫലനവും സൃഷ്ടിക്കുകയുണ്ടായി. മുസ്ലിം സമൂഹവും അവരുടെ ദേശാതിര്‍ത്തികളും പ്രവിശാലമായതിന്റെ അനിവാര്യതയെന്നോണം അനിസ്ലാമിക ചിന്താധാരകളും ആചാര സമ്പ്രദായങ്ങളും മുസ്ലിം ഉമ്മത്തിലേക്ക് കടന്നുവരാന്‍ തുടങ്ങി. പുതുതായി ഇസ്ലാം സ്വീകരിച്ചവരില്‍ ചിലരെങ്കിലും അവരുടെ പൂര്‍വ വിശ്വാസ ആചാരങ്ങളില്‍ ചിലത് ആദര്‍ശമാറ്റത്തിനു ശേഷവും ബാക്കിവെച്ചു. മറ്റു സമൂഹങ്ങളുമായുള്ള ഇടപഴകലുകളും ആശയങ്ങളുടെ ആദാന പ്രദാനങ്ങള്‍ക്ക് നിമിത്തമായി. അമവി, അബ്ബാസി കാലഘട്ടങ്ങളില്‍ ഇതര ഭാഷകളില്‍ നിന്ന് ഒട്ടനവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പടുകൂറ്റന്‍ ലൈബ്രറികളാണ് അക്കാലത്ത് മുസ്ലിം ലോകത്ത് ഉയര്‍ന്നുവന്നത്. ഇസ്ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക പുരോഗതിയുടെ സുവര്‍ണ കാലങ്ങളായിരുന്നു അത്. എന്നാല്‍, ഇതിനൊരു മറുവശമുണ്ടായിരുന്നു. ഗ്രീക്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളിലെ ആശയങ്ങളും അത്തരം പണ്ഡിതന്മാരുടെ തത്ത്വചിന്തകളും മുസ്ലിം സമൂഹത്തില്‍ വിശേഷിച്ചും മുസ്ലിം പണ്ഡിതന്മാര്‍ക്കിടയില്‍ സ്വാധീനം നേടാന്‍ തുടങ്ങി. ചില മുസ്ലിം പണ്ഡിതന്മാര്‍ ഗ്രീക്ക് തത്ത്വശാസ്ത്രത്തിനു മുമ്പില്‍ പകച്ചുനിന്നു. ഇസ്ലാമിക വിശ്വാസ കാര്യങ്ങളെ (അഖീദ) ഗ്രീക്ക് തത്ത്വചിന്തയുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയത്. പ്രമാണങ്ങളെ യുക്തിപൂര്‍വം വിശദീകരിക്കാനുള്ള ശ്രമങ്ങള്‍ വൈകാതെ തന്നെ തെറ്റായ പ്രവണതകള്‍ പ്രകടിപ്പിച്ചു തുടങ്ങി. മുഅ്തസിലികളെയായിരുന്നു ഗ്രീക്ക് തത്ത്വചിന്ത ഏറ്റവുമധികം സ്വാധീനിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ പ്രമാണങ്ങളെക്കാള്‍ യുക്തിചിന്തക്ക് പ്രാമുഖ്യം നല്‍കുന്ന നിലപാടാണ് മുഅ്തസിലികള്‍ കൈക്കൊണ്ടത്. ദിവ്യബോധനവും യുക്തിബോധവും വിയോജിക്കുമ്പോള്‍ ഏതിന് മുന്‍ഗണന നല്‍കണം എന്ന ചോദ്യത്തിന് 'യുക്തിബോധം' എന്നതായിരുന്നു മുഅ്തസിലികളുടെ മറുപടി. പ്രമാണങ്ങളെ യുക്തിയധിഷ്ഠതമായി അവര്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങി.
ദൈവശാസ്ത്രത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇത് വഴിതുറന്നു. ഏകദൈവവിശ്വാസം (തൌഹീദ്), അല്ലാഹുവിന്റെ സത്ത (ദാത്ത്), ഗുണവിശേഷങ്ങള്‍ (സ്വിഫാത്ത്), ദൈവത്തിന്റെ രൂപസങ്കല്‍പം, ദൈവത്തെ ദര്‍ശിക്കാമോ, നന്മ-തിന്മകളുടെ മാനദണ്ഡം, മനുഷ്യന്റെ ഇഛാസ്വാതന്ത്യ്രം, മനുഷ്യ പ്രവര്‍ത്തനങ്ങളുടെ സൃഷ്ടാവ് ആര്, ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണോ അല്ലേ, പരലോകം, വിചാരണ, മനുഷ്യരുടെ കര്‍മ പുസ്തകം, മഹാ പാപിയുടെ വിധി, ഈമാന്‍, നബിമാര്‍, ഇമാമത്ത് (മുസ്ലിം സമൂഹത്തിന്റെ നേതൃത്വം), ദൈവം സൃഷ്ടികളോട് കഴിവിന്നതീതമായ കാര്യങ്ങള്‍ കല്‍പിക്കുമോ, ദൈവിക കര്‍മങ്ങളുടെ യുക്തിയും യുക്തിരാഹിത്യവും, ദൈവം സൃഷ്ടികള്‍ക്കു വേണ്ടി ഉത്തമമായതു മാത്രം ചെയ്യാന്‍ ബാധ്യസ്ഥനാണോ..... ഇത്യാദി വിഷയങ്ങളെച്ചൊല്ലി 'വിശ്വാസ വിജ്ഞാനീയങ്ങളി'ല്‍ (ഇല്‍മുല്‍ അഖാഇദ്) ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. 'മുഅ്തസിലി' ദൈവശാസ്ത്ര സരണിയായിരുന്നു ഇതില്‍ ഒരു ഭാഗത്ത്. ഇസ്ലാമിന്റെ മൂലപ്രമാണങ്ങളെയും അടിസ്ഥാന സിദ്ധാന്തങ്ങളെയും ധൈഷണികമായും യുക്തിപൂര്‍വവും വിശദീകരിക്കാനുള്ള ശ്രമമായിരുന്നു ആദ്യത്തില്‍ 'മുഅ്തസിലി'കള്‍ നടത്തിയത്. എന്നാല്‍, അടുത്ത ഘട്ടത്തില്‍ യവന തത്ത്വചിന്തയുടെയും ന്യായശാസ്ത്രത്തിന്റെയും സ്വാധീനം 'മുഅ്തസിലി'കളില്‍ പ്രകടമായിത്തുടങ്ങി. ഇത് തെറ്റായ പല ചിന്തകളിലേക്കും അവരെ നയിച്ചു. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നതായിരുന്നു അവരുടെ വാദങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഇസ്ലാമിക പ്രമാണങ്ങളെ യുക്തിയധിഷ്ഠതമായി വ്യാഖ്യാനിക്കുന്ന രീതിയും അവര്‍ വളര്‍ത്തിക്കൊണ്ടുവന്നു. അബ്ബാസി ഖലീഫമാര്‍ മുഅ്തസിലികള്‍ക്ക് വലിയ പിന്തുണ നല്‍കി. ഖലീഫ മന്‍സൂറും ഖലീഫ മഅ്മൂനുമായിരുന്നു അതില്‍ മുമ്പന്മാര്‍. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് മുഅ്തസിലി വാദങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.
ഹദീസ് പണ്ഡിതന്മാരും ളാഹിരികളും കര്‍മശാസ്ത്ര വിശാരദന്മാരും മുഅ്തസിലി വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് രംഗത്തുവന്നു. ഇമാം ദാവൂദ്ബ്നു അലിയായിരുന്നു ളാഹിരികളുടെ നേതാവ്. അടുത്ത ഘട്ടത്തില്‍ ഇമാം അഹ്മദുബ്നു ഹമ്പല്‍ 'മുഅ്തസിലി'വിരുദ്ധ പോരാട്ടത്തിന്റെ നായകത്വം ഏറ്റെടുത്തു. മഹാനായ പരിഷ്കര്‍ത്താവും പ്രതിഭാശാലിയുമായിരുന്നു അദ്ദേഹം. ഇസ്ലാമിക വിശ്വാസത്തിന്റെ വിശുദ്ധി സംരക്ഷിക്കുക, പ്രമാണങ്ങളെ ഗൌരവത്തില്‍ സമീപിക്കുക, ജാഹിലിയ്യത്തുകളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക, മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ ഐക്യം ഛിദ്രീകരിക്കാനുള്ള ശ്രമങ്ങളെ തടുക്കുക, കര്‍മശാസ്ത്രത്തില്‍ വ്യക്തികളുടെ കാഴ്ചപ്പാടുകളേക്കാള്‍ ഹദീസുകള്‍ക്ക് പ്രാമുഖ്യം നല്‍കുക തുടങ്ങിയവയിലൊക്കെ ശ്രദ്ധേയമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. മുഅ്തസിലത്തിന്റെ തെറ്റായ ചിന്തകളില്‍ നിന്ന് മുസ്ലിം ഉമ്മത്തിനെ രക്ഷപ്പെടുത്തുന്നതില്‍ അഹ്മദുബ്നു ഹമ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 'ഖുര്‍ആന്‍ സൃഷ്ടിവാദ'ത്തിനെതിരെ ശക്തമായ നിലപാടാണ് അഹ്മദുബ്നു ഹമ്പല്‍ കൈക്കൊണ്ടത്. മുഅ്തസിലത്തിനെതിരെ നിന്നതിന്റെ പേരില്‍ അബ്ബാസി ഭരണാധികാരികളുടെ കടുത്ത പീഡനങ്ങള്‍ക്ക് അദ്ദേഹം വിധേയനാവുകയുണ്ടായി. പലതവണ അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിയും വന്നു.
അദ്ദേഹത്തിന്റെ കാലശേഷം ഹമ്പലികള്‍ ഇതിനെ കുറേക്കൂടി വികസിപ്പിച്ചെടുത്തു. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പ്രത്യക്ഷാര്‍ഥത്തില്‍ മാത്രം മനസ്സിലാക്കുക, എല്ലാവിധ വ്യാഖ്യാനങ്ങളെയും നിരാകരിക്കുക, വിശ്വാസ കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ മാത്രം ഉള്‍ക്കൊള്ളുക, അവയെക്കുറിച്ച ചര്‍ച്ചകളും വ്യാഖ്യാനങ്ങളും ഉപേക്ഷിക്കുക, എങ്ങനെ, എന്തുകൊണ്ട് എന്നീ വിചിന്തനങ്ങളില്ലാതെ വിശ്വാസ പ്രമാണങ്ങള്‍ സ്വീകരിക്കുക തുടങ്ങിയവയായിരുന്നു ഈ ചിന്താധാരയുടെ അടിസ്ഥാന നിലപാടുകള്‍. ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട ദാര്‍ശനിക കാഴ്ചപ്പാടുകളെ അവര്‍ അപ്പാടെ തള്ളി പറഞ്ഞു. 'ഇത്തരം വിഷയങ്ങളില്‍ നബിയും സ്വഹാബികളും (സലഫുകള്‍) സ്വീകരിച്ച സമീപനം തന്നെ സ്വീകരിക്കണം. നബിയും സഹപ്രവര്‍ത്തകരും ഇതൊന്നും ചര്‍ച്ച ചെയ്തില്ല. നബി മരിക്കുന്നതിന് മുമ്പ് മതപരമായ കാര്യങ്ങളെല്ലാം തന്റെ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തിരുന്നു, ആവശ്യമായ ഉപദേശനിര്‍ദശങ്ങള്‍ നല്‍കിയിരുന്നു, ഒരു കാര്യവും ശേഷക്കാര്‍ക്ക് ബാക്കിവെച്ചിട്ടില്ല. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ദൈവശാസ്ത്ര ചര്‍ച്ചകള്‍ നബി നടത്താതിരുന്നത് അത് മതത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളാണ് എന്നതുകൊണ്ടത്രെ. അതുകൊണ്ട് ഇത്തരം ചര്‍ച്ചകള്‍ തന്നെ 'ബിദ്അത്ത്' (പുത്തന്‍ നിര്‍മിതി) ആണ്' - ഇതൊക്കെയായിരുന്നു ഹമ്പലി ചിന്താധാര ഉന്നയിച്ച വാദങ്ങള്‍.
എന്നാല്‍, അബുല്‍ ഹസന്‍ അശ്അരിയുടെ നേതൃത്വത്തില്‍ രംഗത്തുവന്ന ചിന്താധാര ദൈവശാസ്ത്രത്തില്‍ വ്യത്യസ്തമായൊരു വഴി വെട്ടിത്തുറന്നു. 'അശ്അരിയ്യ' എന്നാണ് അവര്‍ അറിയപ്പെട്ടത്. മുഅ്തസിലികളുടെ യുക്തി ചിന്തക്കും ഹമ്പലികളുടെ ബാഹ്യാര്‍ഥ കല്‍പനക്കും മധ്യേയുള്ള നിലപാടായിരുന്നു അശ്അരിയ്യത്തിന്റേത്. വിശ്വാസ പ്രമാണങ്ങളെ കുറിച്ച് ദാര്‍ശനിക ചര്‍ച്ചകള്‍ നടത്തുന്നത് അശ്അരിയ്യത്ത് അംഗീകരിച്ചു. മുഅ്തസിലികളുടെ തെറ്റായ വാദങ്ങളെയെല്ലാം അശ്അരിയ്യ ഖണ്ഡിച്ചു. ഒപ്പം, ഹലമ്പലിധാര കൈകൊണ്ട എതിര്‍വാദങ്ങളില്‍ ചിലതിനോടും അബുല്‍ ഹസന്‍ അശ്അരി വിയോജിച്ചു. അതോടെ അശ്അരിയ്യത്തും ഹമ്പലികളും തമ്മില്‍ ആശയ സംഘര്‍ഷം ശക്തിപ്പെട്ടുവന്നു. അശ്അരികള്‍ നടത്തിയ ദാര്‍ശനിക വിശകലനങ്ങളെയും അത്തരം ചര്‍ച്ചകളെ തന്നെയും ഹമ്പലികള്‍ 'ബിദ്അത്തായി' മുദ്രകുത്തി. അശ്അരികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെല്ലാം ഹമ്പലികള്‍ അവരുമായി തര്‍ക്കിക്കാനും വാദപ്രതിവാദങ്ങള്‍ നടത്താനും വാശിയോടെ കടന്നുചെന്നു. ഇമാം അഹ്മദുബ്നു ഹമ്പലിന്റെ കാലശേഷമാണ് ഹമ്പലിധാരയുടെ വാദഗതികള്‍ കുറേകൂടി തീവ്ര നിലപാടുകളിലേക്ക് മാറിയത്. മക്കളായ അബ്ദുല്ല, സ്വാലിഹ് എന്നിവര്‍ക്കു പുറമെ, ഇസ്ഹാഖ്ബ്നു മന്‍സൂറില്‍ കൌസജ്, അബൂബക്കര്‍ അശ്റഫ്, ഹമ്പലുബ്നു ഇസ്ഹാഖ്, അബ്ദുല്‍ മലികില്‍ മൈമൂനി, അബൂബക്കറില്‍ മന്‍വസി, അബൂദാവൂദുന്നിജിസ്താനി, ഹര്‍ബുബ്നു ഇസ്മാഈലുല്‍ കിര്‍മാനി, ഇബ്റാഹീമുബ്നു ഇസ്ഹാഖുല്‍ ഹര്‍ബി തുടങ്ങിയവരായിരുന്നു പിന്നീട് ഹമ്പലി ചിന്താധാരയെ വളര്‍ത്തിയത്.
ഹിജ്റ നാലാം നൂറ്റാണ്ടില്‍ രംഗത്തുവന്ന ഒരു സംഘം തങ്ങളുടെ കാഴ്ചപ്പാടുകള്‍ അഹ്മദ്ബുബ്നു ഹമ്പലില്‍ നിന്നും സ്വീകരിച്ചിട്ടുള്ളതാണെന്നും ഇതാണ് യഥാര്‍ഥ സലഫുസ്സ്വാലിഹുകളുടെ വഴിയെന്നും അവകാശപ്പെട്ടു. എന്നാല്‍, ഹമ്പലിസരണിയിലെ ശ്രേഷ്ഠരായ പല പണ്ഡിതരും ആ സംഘത്തിന്റെ വാദങ്ങള്‍ അഹ്മദുബ്നു ഹമ്പലിലേക്ക് ചേര്‍ത്തു പറയുന്നതിനെ ശക്തമായി എതിര്‍ത്തു (താരീഖുല്‍ മദാഹിബില്‍ ഇസ്ലാമിയ/ അബൂസുഹ്റ). പക്ഷേ, ആ സംഘം പിന്നീട് 'സലഫിയ്യ' എന്ന പേര് സ്വീകരിച്ച് വളരാന്‍ തുടങ്ങി. ഇതാണ് 'സലഫിസ'ത്തിന്റെ തുടക്കം. അഹ്മദുബ്നു ഹമ്പല്‍ 'സലഫിയ്യ' എന്ന പേര് ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകളില്‍ കാണുന്നില്ല.
സലഫിസത്തില്‍ പില്‍ക്കാലത്ത് പ്രകടമായ ചില അതിവാദങ്ങളുടെ വേരുകള്‍ ഈ ചരിത്രത്തില്‍ നമുക്ക് കണ്ടെത്താം. ഒന്ന്, വിയോജിപ്പുകളെ 'ബിദ്അത്തു'കളായി മുദ്രകുത്തി അകറ്റിനിര്‍ത്തുക. ദൈവശാസ്ത്രത്തെ സംബന്ധിച്ച ദാര്‍ശനിക വ്യാഖ്യാനങ്ങളെ മാത്രമല്ല, അതു സംബന്ധിച്ച ചര്‍ച്ചകള്‍ തന്നെ പാടില്ലെന്നും അത് ബിദ്അത്താണെന്നും വാദിച്ചുകൊണ്ട് അശ്അരി പണ്ഡിതന്മാരെ ഹമ്പലികള്‍ ആക്ഷേപിച്ചു. അബുല്‍ ഹസന്‍ അശ്അരി തന്റെ രിസാലത്തുന്‍ ഫീ ഇസ്തിഹ്സാനില്‍ ഖൌദി ഫില്‍ കലാം എന്ന ഗ്രന്ഥം രചിച്ചത് ഹമ്പലിധാരയുടെ ഇത്തരം കാഴ്ചപാടുകളെ ഖണ്ഡിക്കാനായിരുന്നു. അദ്ദേഹം പറയുന്നു: "ഒരു വിഭാഗം ആളുകള്‍ (ളാഹിരികളും മുഹദ്ദിസുകളും മറ്റും) സ്വന്തം അജ്ഞതയില്‍ നിന്ന് മുതലെടുക്കുകയാണ്. ചര്‍ച്ചകളും യുക്തിചിന്തകളും അവര്‍ക്ക് ഭാരമാണ്. അതിനാല്‍ അവര്‍ വിശ്വാസ പ്രമാണങ്ങളെ യുക്തിപൂര്‍വം വിശദീകരിക്കുന്നതിനെ പുഛിക്കുകയും അതിന് മുന്‍കൈ എടുക്കുന്നവരുടെ മേല്‍ 'ബിദ്അത്ത്' ആരോപിക്കുകയും ചെയ്യുന്നു. പദാര്‍ഥം, സ്ഥിരത, ചലനം, വ്യാപ്തി, യാദൃഛികത, നിറം, അണു, അണു പ്രസരണം, ദിവ്യഗുണങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതു പോലും അവര്‍ 'ബിദ്അത്തായി' കാണുകയാണ്. അത്തരം ചര്‍ച്ചകള്‍ ശരിയാണെങ്കില്‍ നബിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അങ്ങനെ ചെയ്യുമായിരുന്നുവെന്നാണവരുടെ വാദം.'' സലഫിസത്തില്‍ പില്‍ക്കാലത്ത് രൂപപ്പെട്ടുവന്ന 'ബിദ്അത്ത്' മുദ്രകളുടെ ആധിക്യം ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. തങ്ങള്‍ക്ക് യോജിക്കാത്ത നയസമീപനങ്ങളെയും കര്‍മശാസ്ത്രത്തിലെയും മറ്റും വിശദാംശങ്ങളിലെ വീക്ഷണവ്യത്യാസങ്ങളെയും വരെ 'ബിദ്അത്ത്' മുദ്രകുത്തുന്ന പ്രവണത ഹമ്പലി അതിവാദ പൈതൃകത്തില്‍നിന്നാണ് സലഫിസം സ്വീകരിച്ചത്. മുസ്ലിംലോകം പൊതുവെ അംഗീകരിച്ചിട്ടുള്ള 'വിമര്‍ശനത്തില്‍ നീതിപുലര്‍ത്തുക'യെന്ന സമീപനത്തെ 'മുവാസനത്ത്' എന്ന് പേരിട്ടു വിളിക്കുകയും അത് 'ബിദ്അത്താ'ണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നതാണ് സലഫി ലോകത്ത് പ്രത്യക്ഷപ്പെട്ട ഈ പാരമ്പര്യത്തിന്റെ പുതു രൂപം.
രണ്ട്, സംഭവലോകത്തിന്റെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്നുമാറി ഭൂതകാലത്തിന്റെ തടവറകളില്‍ കഴിയുക. ദൈവശാസ്ത്രത്തിന്റെ വിശദാംശങ്ങള്‍ നബിയും സ്വഹാബിമാരും ചര്‍ച്ച ചെയ്തിരുന്നില്ല, അതുകൊണ്ട് ആ ചര്‍ച്ച തന്നെ 'ബിദ്അത്താ'ണെന്ന് ഹമ്പലികള്‍ വാദിച്ചു. നബിയുടെ കാലത്ത് ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നില്ല, അതുകൊണ്ട് നബി ആ വിഷയങ്ങളില്‍ ഇടപെടേണ്ടിയും വന്നില്ല. എന്നാല്‍, പിന്നീട് അത്തരം ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും അത് ഇസ്ലാമിക വിശ്വാസത്തെയും മുസ്ലിം സമൂഹത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുമ്പോള്‍ അതിനോട് പുറംതിരിഞ്ഞു നില്‍ക്കുന്നതെങ്ങനെ? വിശ്വാസം ദൃഢീകരിക്കാന്‍ ചിന്തയെയും യുക്തിബോധത്തെയും ഉപയോഗപ്പെടുത്തുന്നത് ഖുര്‍ആന്‍ വിലക്കിയതല്ലോ! ഈ വശം പക്ഷേ, ഹമ്പലികള്‍ പരിഗണിച്ചില്ല.
കര്‍മശാസ്ത്ര മണ്ഡലത്തിലും അഹ്മദുബ്നു ഹമ്പല്‍ സവിശേഷമായ ഒരു സമീപന രീതി സ്വീകരിച്ചിരുന്നു. ശാഫിഈ, ഹനഫീ, മാലികി മദ്ഹബുകള്‍ രംഗത്തുവന്ന ശേഷം നാലാമത്തെ മദ്ഹബായാണ് അഹ്മദുബനു ഹമ്പലിന്റെ കര്‍മശാസ്ത്ര സരണി രൂപം കൊണ്ടത്. മറ്റു മദ്ഹബുകളേക്കാള്‍ ഹദീസുകള്‍ക്ക് അദ്ദേഹം പ്രാധാന്യം നല്‍കി. അഹ്മദുബ്നു ഹമ്പല്‍ ഒരു മുഹദ്ദിസായത് അതിന് കൂടുതല്‍ സഹായകമായി. തന്റെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ രേഖപ്പെടുത്തുന്നത് അദ്ദേഹം തടഞ്ഞു, പകരം ഹദീസുകള്‍ മാത്രം എഴുതിവെക്കാന്‍ നിര്‍ദേശിച്ചു. അദ്ദേഹം കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടില്ലെന്നാണ് പണ്ഡിതാഭിപ്രായം. അദ്ദേഹം എഴുതിയതെന്നു പറയപ്പെടുന്ന ഫിഖ്ഹി കിതാബുകളാകട്ടെ, സൂക്ഷ്മാര്‍ഥത്തില്‍ ഹദീസ് ഗ്രന്ഥങ്ങള്‍ തന്നെയാണ്. ഇമാം ശാഫിഈ ആധികാരിക ഹദീസുകള്‍ക്ക് വേണ്ടി അഹ്മദുബ്നു ഹമ്പലിനെ സമീപിച്ചിരുന്നു. അദ്ദേഹം ഹദീസുകള്‍ക്ക് നല്‍കിയ ഈ പ്രാധാന്യം, പില്‍ക്കാലത്ത് മദ്ഹബുകളോടും തഖ്ലീദിനോടുമുള്ള സമീപനത്തിന്റെ കാര്യത്തില്‍ സലഫിസത്തെ സ്വാധീനിച്ചിട്ടുണ്ട്. വിശേഷിച്ചും, 'നസ്സ്വിന്' നല്‍കിയ പ്രാധാന്യം ഉള്‍പ്പെടെ അഹ്മദ്ബ്നു ഹമ്പലിന്റെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ സലഫി ഫിഖ്ഹിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി.
സലഫിസം ഹമ്പലി പൈതൃകത്തില്‍ നിന്ന് അനന്തരമെടുത്ത പ്രധാനപ്പെട്ട ഒന്ന്, കര്‍മശാസ്ത്രത്തിലെ കര്‍ക്കശ സമീപനമാണ്. മറ്റു മദ്ഹബുകളെപോലെ സരളമല്ല, കര്‍ക്കശമാണ് ഹമ്പലി മദ്ഹബിന്റെ നിലപാടുകള്‍. സമൂഹം തെറ്റിദ്ധരിക്കുന്നതിനും ഭരണകൂടം അവരെ അടിച്ചമര്‍ത്താനും ഇതു പലപ്പോഴും കാരണമായിട്ടുണ്ട്. അയവില്ലാത്ത സമീപനം വെച്ചുപുലര്‍ത്തിയതു മൂലം മറ്റു മദ്ഹബുകളുടെ അനുയായികള്‍ ഹമ്പലി മദ്ഹബിനെ ശക്തമായി എതിര്‍ത്തു; ബോധപൂര്‍വം അവഗണിക്കുകയും ചെയ്തു.
അഹ്മദുബ്നു ഹമ്പലിന്റെ കാലശേഷമാണ് ഹമ്പലി മദ്ഹബില്‍ ഈ അവസ്ഥകള്‍ ശക്തിപ്പെട്ടത്. വിഷയങ്ങളെ സമീപിക്കുന്നതില്‍ അഹ്മദുബ്നു ഹമ്പല്‍ കൈക്കൊണ്ട സൂക്ഷ്മതയെ പില്‍ക്കാല അനുയായികള്‍ തെറ്റിദ്ധരിക്കുകയും ശരിയല്ലാത്തവിധം പകര്‍ത്തുകയുമായിരുന്നു. ദൈവശാസ്ത്രത്തിലാകട്ടെ, കര്‍മശാസ്ത്രത്തിലാകട്ടെ മറ്റു മദ്ഹബുകള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ അങ്ങോട്ട് ചെന്ന് തര്‍ക്ക വിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന രീതി ഹമ്പലികള്‍ സ്വീകരിക്കുകയുണ്ടായി. വീക്ഷണ വ്യത്യാസം പുലര്‍ത്തുന്നവരെ ശല്യപ്പെടുത്താനും ചിലപ്പോള്‍ അവരെ ശാരീരികമായി ആക്രമിക്കാനും വരെ പില്‍ക്കാല ഹമ്പലികള്‍ ധൃഷ്ടരായി. ശാഫിഈകളും ശീഈകളുമാണ് ഈ ഹമ്പലി തീവ്രതയുടെ ഇരകളായത്. ഹിജ്റ 323-ല്‍ ബഗ്ദാദില്‍ വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെടാന്‍ വരെ ഹമ്പലികളുടെ തീവ്ര നിലപാടുകള്‍ കാരണമായി.
സലഫിസം മുറുകെ പിടിച്ച കാര്‍ക്കശ്യവും, മുസ്ലിം സാമൂഹികാന്തരീക്ഷത്തെ സംഘര്‍ഷഭരിതമാക്കുംവിധം വാദപ്രതിവാദങ്ങളില്‍ അഭിരമിക്കുന്ന ശൈലിയുമൊക്കെ ഹമ്പലികളുടെ ഈയൊരു പാരമ്പര്യത്തില്‍ നിന്ന് അനന്തരമെടുത്തതാണ്. ഹമ്പലികളുടെ പഴയ തീവ്ര നിലപാടുകള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന ലേഖനങ്ങള്‍ മലയാളത്തിലെ സലഫിധാരകള്‍ അഭിമാനപൂര്‍വം പ്രസിദ്ധീകരിക്കുന്നത് ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. അക്കാലത്ത്, മുസ്ലിം സമൂഹം മഹാഭൂരിപക്ഷമുണ്ടായിരുന്ന സന്ദര്‍ഭങ്ങളില്‍ ഇസ്ലാമിക രാഷ്ട്രത്തിനകത്ത് മുസ്ലിം പണ്ഡിതന്മാര്‍ നടത്തിയ തര്‍ക്കവിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ബഹുമത സമൂഹത്തില്‍, ഇസ്ലാമും മുസ്ലിം സമൂഹവും വലിയ പ്രതിസന്ധികള്‍ നേരിടുന്ന ഭീഷണമായ സാഹചര്യങ്ങളില്‍ യാതൊരു തത്വദീക്ഷയും സ്ഥലകാല ബോധവുമില്ലാതെ സലഫീ വിഭാഗങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് വര്‍ത്തമാനകാലത്തെ ദുഃഖസത്യമാണ്. മുസ്ലിം സമൂഹത്തിനകത്ത് മാത്രമല്ല, പൊതുസമൂഹത്തിനിടയിലും അസ്വാസ്ഥ്യവും കാലുഷ്യവും സൃഷ്ടിക്കാന്‍ ഇത് കാരണമാകുന്നുണ്ട്. മധ്യകാലത്തെ മതതര്‍ക്കങ്ങളെ 'സലഫുകളു'ടെ പാരമ്പര്യമെന്ന് വാഴ്ത്തി പുനരവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ദുരന്തമാണ് ഇത്.
(തുടരും)
[email protected]
Comments