Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 7

റൗദത്തുല്‍ ഉലൂം വാര്‍ഷികം സംഘടനാഭേദങ്ങള്‍ക്കതീതമായ അപൂര്‍വ സംഗമമായി

ശൈഖ് മുഹമ്മദ് കാരകുന്ന്

"മുസ്ലിം സമുദായത്തിലെ മതപരമായ കക്ഷിത്വത്തിനതീതമായ ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അബുസ്സ്വബാഹ് അഹ്മദ് അലി മൌലവി. അതുകൊണ്ട് തന്നെ എല്ലാ വിഭാഗക്കാരും അദ്ദേഹത്തെ ആദരിക്കുകയും അംഗീകരിക്കുകയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്തു. അബുസ്സ്വബാഹ് വിദ്യാര്‍ഥികളില്‍ മതപരമോ രാഷ്ട്രീയമോ ആയ ഒരു കക്ഷിത്വവും വളര്‍ത്തിയിരുന്നില്ല. ജമാഅത്തെ ഇസ്ലാമി അടക്കം എല്ലാ മുസ്ലിം സംഘടനകളുമായും അദ്ദേഹം സൌഹൃദബന്ധം പുലര്‍ത്തി. സുന്നി-മുജാഹിദ്-ജമാഅത്ത് നേതാക്കളെല്ലാം അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ഉപദേശം തേടുകയും ചെയ്യുമായിരുന്നു. കെ.സി അബ്ദുല്ല മൌലവിയുമായും കെ. ഉമര്‍ മൌലവിയുമായും പ്രത്യേക ബന്ധമുണ്ടായിരുന്നു. ജമാഅത്ത് അനുകൂലികളായ ചില വിദ്യാര്‍ഥികളെ ഒരു അറബി കോളേജില്‍നിന്ന് പുറത്താക്കിയപ്പോള്‍ റൌദത്തുല്‍ ഉലൂമില്‍ അവര്‍ക്ക് അഭയം നല്‍കിയത് വലിയ വിമര്‍ശനത്തിനും ഒച്ചപ്പാടിനും കാരണമായി.''
ഫറോക്ക് റൌദത്തുല്‍ ഉലൂം അറബി കോളേജിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മൌലവി പി. മുഹമ്മദ് കുട്ടശ്ശേരി രചിച്ച "മൌലാനാ അബുസ്സ്വബാഹ് അഹ്മദ് അലി' എന്ന ജീവചരിത്ര കൃതിയിലെ വാചകങ്ങളാണ് മുകളിലുദ്ധരിച്ചത്. വാര്‍ഷിക സമ്മേളനത്തിലെ പ്രമുഖ പ്രസംഗകരെല്ലാം അബുസ്സ്വബാഹ് മൌലവിയുടെ വ്യക്തിത്വത്തിന്റെ അനിതരസാധാരണമായ ഈ സവിശേഷത പ്രത്യേകം എടുത്തുപറയുകയുണ്ടായി. റൌദത്തിന്റെ ഈ പൊതുസ്വഭാവത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു മാര്‍ച്ച് 25-ന് ഞായറാഴ്ച ഉച്ചക്കു ശേഷം നടന്ന പൂര്‍വ വിദ്യാര്‍ഥി സമ്മേളനത്തിന്റെ വേദിയും സദസ്സും. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദര്‍ മൌലവി, ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ സെക്രട്ടറി മൌലവി ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.പി അബ്ദുസ്സമദ് സമദാനി, മൌലവി പി. മുഹമ്മദ് കുട്ടശ്ശേരി, ജമാഅത്ത് പ്രവര്‍ത്തകന്‍ പ്രഫ. എം. മൊയ്തീന്‍കുട്ടി, അബ്ദുല്‍ ഹമീദ് മദനി തുടങ്ങിയവര്‍ വേദിയില്‍ അണിനിരന്നപ്പോള്‍ സദസ്സും ഈ വൈവിധ്യത്തെ പ്രതിനിധീകരിച്ചു.
കേരളത്തിലെ ആദ്യത്തെ അംഗീകൃത അറബിക് കോളേജാണ് ഫറോക്ക് റൌദത്തുല്‍ ഉലൂം. 1942ല്‍ മഞ്ചേരിക്കടുത്ത് ആനക്കയത്ത് സ്ഥാപിതമായ പ്രസ്തുത സ്ഥാപനം 1944ല്‍ മഞ്ചേരിയിലേക്കും പിന്നീട് ഫറോക്കിലേക്കും മാറ്റി. ഫാറൂഖാബാദിലെ വിദ്യാഭ്യാസ സമുച്ചയം രൂപപ്പെട്ടത് റൌദത്തുല്‍ ഉലൂമില്‍ നിന്നാണ്. സേവന സന്നദ്ധതയുടെയും സമര്‍പ്പണ ബോധത്തിന്റെയും ത്യാഗശീലത്തിന്റെയും ആള്‍രൂപമായ അബുസ്സ്വബാഹ് അഹ്മദ് അലിമൌലവിയാണ് അവയുടെയൊക്കെ മുഖ്യശില്‍പി. റൌദത്തുല്‍ ഉലൂമിന്റെ എഴുപതാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം സമ്മേളനം ആ മഹദ് വ്യക്തിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്കും അദ്ദേഹം സ്ഥാപിച്ച വിദ്യാകേന്ദ്രത്തിന്റെ പ്രൌഢമായ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നതായിരുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് സാമൂഹ്യ ക്ഷേമ മന്ത്രി എം.കെ മുനീര്‍ നിര്‍വഹിച്ചു. റൌദത്തുല്‍ ഉലൂം അസോസിയേഷന്‍ പ്രസിഡന്റ് കെ. കുഞ്ഞമ്മദ് കോയ അധ്യക്ഷത വഹിച്ചു. മസ്ജിദുല്‍ അഖ്സാ ഇമാമും ഖത്വീബുമായ ഡോ. ശൈഖ് യൂസുഫ് ജുമാ സലാമ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഹുസൈന്‍ മടവൂര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ വിശദീകരിച്ചു. സുഊദി അറേബ്യയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അബ്ദുല്ല സ്വാലിഹ് ഉബൈദ്, അറബ് ലീഗ് അംബാസഡര്‍ ആദില്‍ ശബാന്‍ സടെ, സുഊദി സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ സാഹിര്‍ അല്‍അബി ഇബ്റാഹിം, എളമരം കരീം എം.എല്‍.എ, കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ. എം. അബ്ദുസ്സലാം, കലക്ടര്‍ പി.ബി സലീം, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ സെയ്താലിക്കുട്ടി, ഹൈദരാബാദിലെ ഡോ. സയ്യിദ് ജഹാംഗീര്‍, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി ഇമ്പിച്ചിക്കോയ, മുന്‍ പ്രിന്‍സിപ്പല്‍ യു. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം