പ്രാര്‍ഥനാ നിര്‍ഭരമാകേണ്ട ജീവിതം
ആരാധനാ കര്‍മങ്ങളില്‍ മുഖ്യമാണ് പ്രാര്‍ഥന. പ്രാര്‍ഥന തന്നെയാണ് ആരാധന എന്നും പ്രാര്‍ഥന ആരാധനയുടെ മജ്ജയാണെന്നും പ്രവാചകന്‍(സ) വ്യക്തമാക്കിയിട്ടുമുണ്ട്. സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹുവോട് സൃഷ്ടിയായ മനുഷ്യന്‍ നടത്തുന്ന സഹായാര്‍ഥനയാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ദുആ. എല്ലാവിധ ആപത്തുകളില്‍ നിന്നും ഭൌതികവും ആത്മീയവുമായ പീഡനങ്ങളില്‍ നിന്നും ഉപദ്രവകരമായ സര്‍വ സംഗതികളില്‍നിന്നും പ്രകൃത്യാതീതമായ ഒരസ്തിത്വത്തില്‍ അഭയം തേടലാണത്.
നന്മ-തിന്മ സമ്മിശ്രമാണ് മനുഷ്യ ജീവിതം. എപ്രകാരം മനുഷ്യ ജീവിതത്തില്‍ നന്മകള്‍ സംഭവിക്കാമോ അപ്രകാരം തന്നെ തിന്മകളും സംഭവിക്കാം. തിന്മകളില്‍ നിന്ന് മുക്തരായി നന്മയുടെ മാര്‍ഗത്തിലൂടെ മുന്നോട്ട് പോകാന്‍ സ്വന്തമായ ആഗ്രഹ-പരിശ്രമങ്ങള്‍കൊണ്ട് മാത്രം സാധ്യമല്ല. പടച്ചവന്റെ സവിശേഷമായ തൌഫീഖ് കൂടിയേ തീരൂ. ഈ ഉത്തമ ബോധ്യത്തില്‍ നിന്നാണ് ഇത്തരമൊരു പ്രാര്‍ഥന ജന്മമെടുക്കുന്നത്.
കഴിഞ്ഞ കാല ജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ചിട്ടുള്ള തിന്മകള്‍, പോരായ്മകള്‍, തെറ്റുകുറ്റങ്ങള്‍ അല്ലാഹുവിനോട് ഏറ്റ് പറഞ്ഞ് അവനില്‍ അഭയം തേടുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. നാം എത്ര തന്നെ ശ്രമിച്ചാലും തെറ്റു കുറ്റങ്ങളില്‍നിന്ന് പൂര്‍ണമായി മുക്തരാവുക സാധ്യമല്ല എന്ന് വരുമ്പോള്‍ വിശേഷിച്ചും. കഴിഞ്ഞ് പോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടുള്ള പ്രവാചകന്‍ തിരുമേനി(സ) തന്നെ ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നുവെങ്കില്‍ നമ്മുടേത് പറയാനുമില്ല.
ഭൂതകാലത്തോടൊപ്പം ഭാവി കാലത്തെകൂടി ചേര്‍ത്ത് വെച്ച് പ്രാര്‍ഥിക്കാന്‍ ശ്രദ്ധിക്കണം. ഭാവി കാലത്തെ സംബന്ധിച്ച് തീര്‍ത്തും അജ്ഞരാണ് നാം. ഭാവി ജീവിതത്തില്‍ നന്മയോ തിന്മയോ ഗുണമോ ദോഷമോ എന്താണ് സംഭവിക്കുകയെന്ന് പറയുക സാധ്യമല്ല. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന കര്‍മങ്ങളിലെ നന്മതിന്മകളെക്കുറിച്ച യാതൊരു ധാരണയും നമുക്കില്ല. 'നിങ്ങള്‍ വെറുക്കുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് ഗുണകരമായേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ദോഷമുണ്ടായേക്കാം' എന്നാണ് ഇത് സംബന്ധമായി ഖുര്‍ആന്‍ പറയുന്നത്. അതിനാല്‍ ഗുണദോഷങ്ങളെക്കുറിച്ചും നന്മതിന്മകളെക്കുറിച്ചും സൂക്ഷ്മമായി അറിയുന്ന സര്‍വജ്ഞനായ അല്ലാഹുവിന്റെ മുമ്പില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത, ഭാവിയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന കര്‍മങ്ങളിലെ തിന്മകളില്‍ നിന്നഭയം തേടുകയും നന്മ വരുത്തണേ എന്ന് പ്രാര്‍ഥിക്കുകയുമാണ് വേണ്ടത്.
Comments