മക്കളെയോര്‍ത്ത് വീട്ടില്‍ നേരത്തെയെത്തുന്ന എത്ര പിതാക്കളുണ്ട്?
വീടും നാടും ഒരുപോലെ നന്നാക്കാനും കേടാക്കാനും കഴിയുന്നവരാണ് ഗൃഹനാഥന്മാര്‍.
പിതാവിന്റെ റോളില്‍ കാര്യമായ മാറ്റങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഭവിച്ചിട്ടുണ്ട്; മുസ്‌ലിം ലോകത്ത് വിശേഷിച്ചും. സംസ്‌കരണ പ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്നയാള്‍, ഉപദേശി, ഗുണകാംക്ഷി, ഉത്തമ മാതൃക തുടങ്ങി ഒട്ടനവധി തലങ്ങള്‍ പിതൃസ്ഥാനത്തിനുണ്ടായിരുന്നു. എന്നാല്‍ കുറച്ചുനാളായി മക്കളെ പ്രസവിക്കുന്നത് മുതല്‍ അവരെ പൂര്‍ണമായും പരിപാലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ട ചുമതല മാതാക്കളെ ഏല്‍പ്പിച്ച് ഈ പിതാക്കന്മാരെല്ലാം മുങ്ങി നടക്കുകയാണ്. സമ്പാദിക്കേണ്ടവന്‍ ഞാന്‍; വളര്‍ത്തേണ്ടത് അവള്‍- ഇതാണ് നിലപാട്. പ്രയാസപൂര്‍ണമായ ജീവിതയാത്രക്കിടയില്‍ (ഞാനും ഒരുപാട് യാത്ര ചെയ്യുന്ന പിതാവാണ്) സമയലഭ്യത ഒരു പ്രശ്‌നം തന്നെയാണ്. പക്ഷേ, ഇടക്കിടെ ഓരോ പിതാവും ചോദിക്കേണ്ട ഒരു ചോദ്യമിതാണ്: ''എന്തിനാണ് ഞാന്‍ അവര്‍ക്ക് ജന്മം നല്‍കിയത്; തീറ്റ കൊടുത്താല്‍ മാത്രം മതിയോ? അവരെ ഉമ്മയെ മാത്രം ഏല്‍പ്പിക്കുന്നത് എത്രമാത്രം ശരിയാണ്?''
ഈ 'ഏല്‍പ്പിക്കല്‍' പരിപാടി അവസാനിപ്പിക്കണം. കാരണം തനിച്ചാകുമ്പോള്‍ നിങ്ങളുടെ സഹധര്‍മിണിക്ക് താങ്ങാവുന്നതിലപ്പുറമാണ് സന്താന പരിപാലനമെന്നത്. പല ഭര്‍ത്താക്കന്മാരും സ്വന്തം ഭാര്യയോട് പറയുന്നതായി കേള്‍ക്കുന്നു, ''എവിടെയായിരുന്നു നീ, അവന്‍ ഈ ശീലങ്ങള്‍ പഠിച്ചപ്പോള്‍? അവളെ വേണ്ടവിധം വളര്‍ത്താത്തതുകൊണ്ടല്ലേ ഈ ഗതി വന്നത്''-ചോദ്യലിസ്റ്റ് നീണ്ടുപോകുന്നു. ഈ ചോദ്യം തന്നോട് തന്നെ ചോദിക്കേണ്ടതായിരുന്നുവെന്ന തോന്നലൊന്നും അയാള്‍ക്കില്ലാതെ പോയി.
തോണിക്ക് ഇരു ഭാഗത്തും തുഴയെറിയുന്നതിന് സമാനമാണ് സന്താന- ഗൃഹ പരിപാലനത്തിന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒത്തൊരുമിച്ച് ചേരുക എന്നത്. ഒരു ഭാഗത്തു മാത്രം തുഴ വീശിയാല്‍ തോണി നിന്നിടത്ത് തന്നെ ചുറ്റിക്കറങ്ങും. അപ്പോള്‍ ഈ തോണിയില്‍ നിന്ന് എങ്ങനെ ചാടാം എന്നായിരിക്കും മക്കളുടെ ആലോചന. ഇടം സുരക്ഷിതമാണെന്ന ഉറപ്പുണ്ടെങ്കില്‍ ഒരു മകനും മകളും നിങ്ങളില്‍ നിന്ന് അകലില്ല. നിങ്ങളുടെ തോണിയില്‍ നിന്ന് വെള്ളത്തിലേക്കെടുത്ത് ചാടില്ല.
പിതാവിന്റെ അസാന്നിധ്യം മക്കളുടെ ദുര്‍ഗുണത്തിന് വെള്ളവും വളവുമാണ്. ഇരട്ടിക്കിരട്ടിയായി ഉമ്മയെ പറ്റിച്ചും വെട്ടിച്ചും അവര്‍ മുന്നേറും. കഴിയുമെങ്കില്‍, എന്നല്ല നിങ്ങളുടെ മക്കളെ നിങ്ങള്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ വിദൂര പിതൃത്വം ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്.
മക്കള്‍ക്ക് ലക്ഷങ്ങള്‍ വരെ മുടക്കി സാധന സാമഗ്രികള്‍ വാങ്ങിക്കൊടുക്കുന്നതിലാണ് കാര്യമെന്ന് കരുതുന്ന ചില വിഡ്ഢികളുണ്ട്. യഥാര്‍ഥത്തില്‍ നിങ്ങളുടെ മക്കള്‍ക്കാവശ്യം നിങ്ങളുടെ വിലപ്പെട്ട സമയമാണ്. ഉത്തമ മാതൃകകളും ഉന്നത സംസാരവും മഹിതോപദേശങ്ങളും പകര്‍ന്നു നല്‍കാന്‍ സമീപ സാന്നിധ്യം തന്നെ വേണം. സുഹൃത്തുക്കളേക്കാള്‍ പ്രിയപ്പെട്ട സുഹൃത്തായി നിങ്ങള്‍ മാറണമെങ്കില്‍ കാലദൈര്‍ഘ്യം കുറച്ചൊന്നുമല്ല വേണ്ടത്.
എത്ര പിതാക്കന്മാരുണ്ട് തന്റെ മക്കളെ ഉദ്ദേശിച്ചു മാത്രം വീട്ടിലേക്ക് നേരത്തെ എത്തുന്നവര്‍? കോളിംഗ് ബെല്ലില്‍ കൈ അമര്‍ത്തുമ്പോള്‍ തന്നെ തന്റെ ഓമനപൈതലിന്റെ മുഖം മനസ്സില്‍ കാണുന്നവര്‍. അവര്‍ ഉണര്‍ന്നിരിക്കുമോ ഉറങ്ങിയിട്ടുണ്ടാകുമോ എന്ന ചിന്തയുള്ളവര്‍. നമുക്കവര്‍ ഉണര്‍ന്നാലെന്ത്, ഉറങ്ങിയാലെന്ത്, വാതില്‍ തുറക്കുമ്പോള്‍ കണ്ടാലെന്ത്, കണ്ടില്ലെങ്കിലെന്ത്, അല്ലേ?
നോക്കൂ കൂട്ടരേ, പ്രവാചകന്മാരെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശം. പ്രവാചകന്മാരോളം പണിയും തിരക്കുമുള്ളവര്‍ എങ്ങനെയായാലും നമ്മിലില്ലല്ലോ. എങ്കില്‍ ആ പ്രവാചകന്മാരെല്ലാം അസ്സല്‍ പിതാക്കളായിരുന്നുവെന്ന് ഖുര്‍ആന്‍. ഇബ്‌റാഹീം നബിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ വിജയിയായ പിതാവായിരുന്നു അദ്ദേഹമെന്നത് അറിയാത്തവരായിരിക്കില്ല. സുലൈമാനെ വളര്‍ത്തിയെടുത്ത ദാവൂദെന്ന പിതാവും യൂസുഫിന്റെ പിതാവായ യഅ്ഖൂബും കുടുംബത്തിലേക്ക് കൂടിയുള്ള ഖുര്‍ആനിക പാഠങ്ങളാണെന്നത് വിസ്മരിക്കപ്പെടുന്നു.
ആണാകട്ടെ പെണ്ണാകട്ടെ നിങ്ങളുടെ മക്കള്‍ പല കാരണങ്ങള്‍ കൊണ്ടും നിങ്ങളുടെ സാമീപ്യം ലഭിക്കേണ്ടവരാണ്. ഉമ്മയോടൊട്ടി നില്‍ക്കുന്ന മകന്‍ നാലു വയസ് കഴിഞ്ഞാല്‍ നിങ്ങളിലേക്കാകൃഷ്ടനാകും എന്നത് നഗ്ന സത്യമാണ്. പൗരുഷത്തിന്റെ ലോകം പിതാവില്‍ കണ്ട് അതിലേക്കാകൃഷ്ടരാകുന്നവരോട് പുറംതിരിഞ്ഞ് നിന്നാല്‍ ഒരുകാലത്തും ആ സ്‌നേഹം തിരിച്ചുപിടിക്കാനാവില്ല. കൗമാര ദശയില്‍ മകളും നിന്റെ സാമീപ്യവും സൗഹൃദവും കൊതിക്കുന്നുണ്ട്, പിതാവേ...
പിതാവായ പ്രവാചകനെ നമുക്കറിയാത്ത പ്രശ്‌നമില്ല. മരണനേരം തന്റെ മകളെ ചുംബിക്കാനൊരുങ്ങി നില്‍ക്കുന്ന പ്രവാചകന്‍ മനോഹരമായ മുഹൂര്‍ത്തമാണ് നമുക്ക് സമ്മാനിച്ചത്. മദീനയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും തിരിച്ചുവരുമ്പോഴും ആദ്യമായി പ്രവാചകന്‍ പ്രവേശിച്ചിരുന്നത് ഫാത്വിമയുടെ വീട്ടിലായിരുന്നു. ഫാത്വിമയെ വേള്‍ക്കാന്‍ വിവാഹാലോചനയുമായി വന്ന അലിയോട് പ്രവാചകന്‍ പറഞ്ഞത് നോക്കുക: ''അവളെ വേണ്ട രീതിയില്‍ കാത്തുകൊള്ളണം അലിയേ'' എന്ന്. കോടിക്കണക്കില്‍ ആസ്തി നോക്കിയോ, ആര്‍ഭാട പരിവേഷങ്ങള്‍ പരിഗണിച്ചോ അല്ല ആ വിവാഹം. മകളുടെ സംരക്ഷണം ഇരുലോകത്തും ഉറപ്പുവരുത്താന്‍ കഴിയുന്ന വിശ്വസ്തനെ ഏല്‍പ്പിച്ചുകൊടുക്കലായിരുന്നു അത്.
വിവാഹ ശേഷം അലിയുടെ വീട്ടില്‍ പ്രവേശിച്ച ഫാത്വിമയുടെ ജാള്യതയും നാണവും അകറ്റുന്നതിനായി ഇരുവരുടെയും കൈകള്‍ നീട്ടാനാവശ്യപ്പെട്ടു പ്രവാചകന്‍. കരങ്ങള്‍ കൂട്ടിച്ചേര്‍ത്തശേഷം അല്ലാഹുവോടായി ഇങ്ങനെ ഒരു പ്രാര്‍ഥനയും: ''നാഥാ, ഇതാ എന്റെ പ്രിയ പുത്രി ഫാത്വിമ. എന്റെ കരളിന്റെ കഷ്ണം, ഇതാ എന്റെ സഹോദരന്‍ അലി; ഇവര്‍ക്ക് നന്മ ചൊരിയേണമേ, അനുഗ്രഹങ്ങളില്‍ വര്‍ധനവ് നല്‍കേണമേ...'' അല്ലാഹുവില്‍ നിങ്ങളെ ഭരമേല്‍പിച്ചു ഞാന്‍ മടങ്ങുന്നു എന്ന് പറഞ്ഞാണ് പ്രവാചകന്‍ തിരിഞ്ഞു നടന്നത്. നോക്കൂ, മുഹമ്മദെന്ന പിതാവിനെ.
വിവാഹശേഷം അലിയും ഫാത്വിമയും താമസിച്ചിരുന്നത് കുറച്ചകലെയായിരുന്നു. മകളെ പിരിഞ്ഞിരിക്കുന്നതില്‍ പ്രവാചകന് വിഷമമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ സ്വഹാബിവര്യന്‍ ഹാരിഥ്ബ്‌നു നുഅ്മന്‍(റ) പ്രവാചകനോട്, ഫാത്വിമയുടെ സാമീപ്യം അദ്ദേഹം കൊതിക്കുന്നുവെങ്കില്‍ മസ്ജിദുന്നബവിക്ക് സമീപമുള്ള തന്റെ തോട്ടത്തിലേക്ക് അവര്‍ താമസം മാറിക്കൊള്ളട്ടെ എന്നറിയിക്കുകയുണ്ടായി. അലി(റ)യോട് സമ്മതം ആരാഞ്ഞതിനു ശേഷം അപ്രകാരം ചെയ്തുകൊള്ളാന്‍ പ്രവാചകന്‍ സന്തോഷപൂര്‍വം സമ്മതംമൂളി. തന്റെ മകളെ പിരിഞ്ഞിരിക്കാന്‍ സമ്മതിക്കാത്ത പ്രവാചക ഹൃദയം നാം കാണാതെ പോകരുത്.
കുടുംബം... മക്കള്‍... മാതാപിതാക്കള്‍... ഇവയുടെ വലിപ്പം അസാധാരണമാംവിധം ഉയര്‍ത്തിക്കാട്ടിയ ഇസ്‌ലാം ഇവയെ അവഗണിക്കുന്നവരെ കഠിനമായി ഗുണദോഷിക്കുകയും ചെയ്തിരിക്കുന്നു. പിതാവേ... നിന്റെ മക്കളും കുടുംബവും എല്ലാം നിന്റെ ഇസ്‌ലാമിന്റെ ഭാഗം തന്നെയാണ്.
വിവ: നഹാസ് മാള
Comments