ഈജിപ്തില്‍ ബ്രദര്‍ഹുഡും പട്ടാളവും ഏറ്റുമുട്ടലിന്റെ വക്കില്‍
ഈജിപ്തില്‍ ബാരക്കിലേക്ക് മടങ്ങാന്‍ മടിക്കുന്ന പട്ടാള ജുണ്ടയും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച് ജനാധിപത്യ ഭരണ സംവിധാനം കൊണ്ടുവരാന്‍ കാത്തിരിക്കുന്ന മുസ്ലിം ബ്രദര്‍ ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ 'ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി'യും ഏറ്റുമുട്ടലിന്റെ വക്കിലെത്തി. രാജ്യത്തെ ഭരണ സംവിധാനം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, പട്ടാളത്തിന്റെ പിന്തുണയോടെ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സുപ്രീം കൌണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസി (ടഇഅഎ)നെ പട്ടാളം താങ്ങിനിര്‍ത്തുന്നത് ചോദ്യം ചെയ്തതാണ് ബന്ധം വഷളാകാന്‍ കാരണം. സര്‍ക്കാറിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതിനെതിരെ 'സ്കാഫ്' മേധാവി ജനറല്‍ ഹുസൈന്‍ ത്വന്‍ത്വാവി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ചരിത്രം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പോയകാല സംഭവവികാസങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്ന് അദ്ദേഹം ബ്രദര്‍ഹുഡ് നേതാക്കളെ ഓര്‍മിപ്പിച്ചു. എന്നാല്‍, ജനകീയ വിപ്ളവത്തിലൂടെ പുറത്താക്കപ്പെട്ട ഏകാധിപതി ഹുസ്നി മുബാറക്കിന്റെ അഴിമതിയും ആരാജകത്വവും പുനരവതരിപ്പിക്കാനാണ് പട്ടാള ഭരണം ശ്രമിക്കുന്നതെങ്കില്‍ ജനം വീണ്ടും 'തഹ്രീര്‍ സ്ക്വയറി'ലേക്ക് നീങ്ങുമെന്ന് ബ്രദര്‍ഹുഡ് നേതാക്കള്‍ തിരിച്ചടിച്ചു.
പുതിയ ഭരണഘടന രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് പട്ടാള ഭരണകൂടം ബ്രദര്‍ഹുഡിനെതിരെ ഒളിയമ്പ് എയ്തതെന്നാണ് നീരീക്ഷകര്‍ കരുതുന്നത്. വാക്ക് പാലിക്കാതെ പരമാവധി പട്ടാള ഭരണം നീട്ടിക്കൊണ്ടുപോകുന്നതിലൂടെ ബ്രദര്‍ഹുഡിനെ പ്രകോപിപ്പിക്കാനും ജനഹിതം അവര്‍ക്കെതിരെ തിരിച്ചുവിടാനും കഴിയുമെന്നാണ് പട്ടാള ഭരണകൂടം കണക്കുകൂട്ടുന്നത്. അതിലൂടെ ഭരണഘടനാ രൂപവത്കരണത്തിന്റെ മുഖ്യ ചുമതലകളില്‍നിന്ന് ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ 'ഫീഡം ആന്റ് ജസ്റിസ് പാര്‍ട്ടി'യുടെ പാര്‍ലമെന്റ് അംഗങ്ങളെ അകറ്റിനിര്‍ത്താന്‍ കഴിയും.
പട്ടാളത്തെ ഇറക്കിവിട്ട് ജനകീയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്തതില്‍ സാധാരണക്കാര്‍ 'ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി'യെ പഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈയിടെയായി പട്ടാള ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രകടനങ്ങളില്‍ 'ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി'ക്കും ബ്രദര്‍ഹുഡിനുമെതിരെ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പ്രസ്തുത സാഹചര്യം പരമാവധി മുതലെടുത്ത് 'ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി'യെ ഒതുക്കാനുള്ള ആസൂത്രിത ശ്രമമാണ് വിദേശ പബ്ളിക് റിലേഷന്‍സ് ഏജന്‍സികളുടെ സഹായത്തോടെ നടക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞ 'ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി'യും കരുതലോടെയാണ് കരുക്കള്‍ നീക്കുന്നതെങ്കിലും നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം അവര്‍ക്ക് ദോഷം ചെയ്യുമെന്നു തന്നെ വേണം കരുതാന്‍.
തീവ്രവാദത്തെ ഇസ്ലാമുമായി ബന്ധിപ്പിക്കരുതെന്ന് സാര്‍ക്കോസി
ഫ്രാന്‍സിലെ തെക്കു പടിഞ്ഞാറന്‍ പട്ടണമായ തുലുസി (ഠീൌഹീൌലെ )ല്‍ നടന്ന വെടിവെപ്പില്‍ ഏഴുപേര്‍ മരിക്കാനിടയായ സംഭവം ഫ്രാന്‍സില്‍ വീണ്ടും ഇസ്ലാം വിവാദം ആളിക്കത്തിക്കാനിടയാക്കി. സംഭവത്തിനുത്തരവാദിയെന്നു കരുത പ്പെടുന്ന അള്‍ജീരിയന്‍ വംശജനായ ഫ്രഞ്ച് പൌരന്‍ മുഹമ്മദ് മെറാഹ് തന്റെ ഫ്ളാറ്റിലെ ജനല്‍ വഴി രക്ഷപ്പെടുന്നതിനിടെ ഫ്രഞ്ച് എലൈറ്റ് ഗാര്‍ഡ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു. ഓപറേഷനില്‍ രണ്ട് പോലീസ് കമാണ്ടോകള്‍ക്കും പരിക്കേറ്റു. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ സംഭവത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്. അല്‍ഖാഇദയുടെ പ്രേരണയാലാണ് കൃത്യം നിര്‍വഹിച്ചതെന്ന് കുറ്റവാളിയെന്ന് കരുതപ്പെടുന്ന മെറാഹ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിലെ ദുരൂഹത ഇനിയും മറനീക്കി പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
എന്നാല്‍ വെടിവെപ്പു സംഭവവുമായി ബന്ധപ്പെട്ട് ഇസ്ലാമിനെയും ഭീകരവാദത്തെയും കൂട്ടിക്കുഴക്കരുതെന്ന് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സാര്‍ക്കോസി ഫ്രഞ്ച് ടി.വിക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവിധത്തിലുമുള്ള ഭീകര പ്രവര്‍ത്തനങ്ങളെയും ശക്തിയായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കുന്നതും അതിനു വേണ്ടി ഇലക്ട്രാണിക് മീഡിയയെ ഉപയോഗിക്കുന്നതും കര്‍ശനമായി നിരീക്ഷിക്കുമെന്നും സാര്‍ക്കോസി പറഞ്ഞു.
യമനില്‍ പ്രക്ഷോഭങ്ങളുടെ തിരയൊടുങ്ങുന്നില്ല
സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡണ്ട് അലി അബ്ദുല്ല സ്വാലിഹിന്റെ പാര്‍ട്ടിയും അനുയായികളും അദ്ദേഹത്തിന്റെ 70-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തവെ അലി സ്വാലിഹിന് നല്‍കുന്ന നിയമ പരിരക്ഷ ഒഴിവാക്കണമെന്നും അദ്ദേഹത്തെ കുറ്റവിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആയിരങ്ങള്‍ തലസ്ഥാന നഗരമായ സന്‍ആയിലും വിവിധ പട്ടണങ്ങളിലും പ്രകടനം നടത്തി. രാജ്യത്തിന്റെ മിക്ക പട്ടണങ്ങളിലും പ്രത്യേകം തയാറാക്കിയ ചത്വരങ്ങളില്‍ 'അലി സ്വാലിഹിനെ കുറ്റ വിചാരണ ചെയ്ത് ശിക്ഷിക്കുക' എന്ന ബാനറുകളേന്തി ആയിരങ്ങളാണ് പ്രകടനം നടത്തിയത്. പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ട കൊടുംകാറ്റില്‍ പിടിച്ചു നില്‍ക്കാനാകാതെ അലി അബ്ദുള്ള സ്വാലിഹ് രംഗം വിട്ടെങ്കിലും രാജ്യം ഭരിക്കുന്നവരില്‍ പ്രധാനികളെല്ലാം അദ്ദേഹത്തിന്റെ അനുകൂലികളാണെന്ന തിരിച്ചറിവ് പ്രതീക്ഷയറ്റ ജനങ്ങളില്‍ നാള്‍ക്കുനാള്‍ പ്രക്ഷോഭ വീര്യം വര്‍ധിപ്പിക്കുകയാണ്.
ഒത്തുതീര്‍പ്പ് ഫോര്‍മുലയിലൂടെ അബദ് റബ്ബുഹു മന്‍സൂര്‍ ഹാദി, അലി സ്വാലിഹിന്റെ പിന്‍ഗാമിയായെങ്കിലും രാജ്യത്ത് പ്രക്ഷോഭങ്ങളുടെ തിരയൊടുങ്ങുന്ന ലക്ഷണമില്ല. വടക്കെ യമനില്‍ 'ഹൂഥിയ്യൂന്‍' എന്ന പേരിലറിയപ്പെടുന്ന വിമത ശീഈ വിഭാഗം നടത്തി വരുന്ന സായുധ സംഘട്ടനങ്ങളില്‍ അനേകം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. മറ്റു പലയിടങ്ങളിലും ഇതുപോലെ സംഘട്ടനങ്ങള്‍ നടക്കുന്നുണ്ട്. തിരിച്ചറിയാത്തതെല്ലാം 'അല്‍ഖാഇദ' യുടെ കണക്കിലെഴുതി ഭരണാധികാരികള്‍ അടങ്ങിയിരിക്കുകയാണ് പതിവ്. പ്രകൃതി നിക്ഷേപങ്ങളാല്‍ സമ്പന്നമായ ഒരു നാടും അധ്വാന ശീലരായ ഒരു ജനതയും ഭാവനാശൂന്യരായ ഭരണാധികാരികളാല്‍ എങ്ങനെ വികൃതമാക്കപ്പെടാമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് യമന്‍. എന്നാല്‍ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്ന തരത്തില്‍ യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം ജനം വീണ്ടും തെരുവിലിറങ്ങുമെന്നുതന്നെയാണ് വര്‍ത്തമാന കാല സംഭവങ്ങള്‍ നല്‍കുന്ന സൂചന.
തണുത്തുറയുന്ന മോസ്ക്കോയിലെ ചുട്ടുപൊള്ളുന്ന വിശ്വാസം
റഷ്യന്‍ തലസ്ഥാനമായ മോസ്ക്കോ പൂജ്യത്തിനും താഴെ സെല്‍ഷ്യസില്‍ തണുത്തു വിറക്കുമ്പോള്‍ മതിയായ പള്ളികളില്ലാത്ത മുസ്ലിംകള്‍ എവിടെ നമസ്കരിക്കുമെന്നത് അവര്‍ക്കൊരു ചര്‍ച്ചയേ അല്ല. കാരണം അവര്‍ ഇസ്ലാമിനെ പ്രായോഗിക ദര്‍ശനമായി കാണുന്നു എന്നതുതന്നെ. അങ്ങനെയാണ് ഇതോടൊപ്പം കൊടുത്ത ചിത്രത്തില്‍ കാണുന്നതുപോലെ മഞ്ഞുവീണ് തണുത്തുറഞ്ഞ തറയില്‍ മോസ്ക്കോ മുസ്ലിംകള്‍ നമസ്കരിക്കുന്നത്. വിശ്വാസം പ്രതിസന്ധികളെ വെല്ലുന്ന ഈ കാഴ്ച കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
പള്ളികള്‍ നിര്‍മിക്കാന്‍ അധികൃതരോട് തങ്ങള്‍ നിരന്തരം അനുവാദം ചോദിക്കാറുണ്ടെങ്കിലും ലഭിക്കാറില്ലെന്നും ഇപ്പോര്‍ മുസ്്ലിം സമൂഹം അനുമതിക്ക് കാത്തുനില്‍ക്കാതെ തണുപ്പിലും മഴയത്തുമെല്ലാം പള്ളിക്ക് പുറത്ത് തറയില്‍ നമസ്കരിക്കുകയാണെന്നും മോസ്ക്കോയിലെ മുഖ്യ പള്ളിയുടെ ഇമാം ഹസന്‍ ഫക്രുദ്ദീനോവ് പറഞ്ഞു. യൂറോപ്പിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള നഗരമാണ് മോസ്ക്കോ. ഏകദേശം 20 ലക്ഷത്തോളം മുസ്ലിംകളാണ് ഇവിടെയുള്ളത്. കേവലം നാലു പള്ളികളുള്ള മോസ്ക്കോ നഗരത്തിന് മുസ്ലിം മത വിശ്വാസികളെ ഉള്‍ക്കൊള്ളാനാകില്ല. അതുകൊണ്ട്തന്നെ മഞ്ഞും മഴയുമൊന്നും സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള വിശ്വാസികള്‍ക്ക് വിഘ്നമാകുന്നില്ല.
ദരിദ്രരുടെ അവകാശം വകവെച്ചുകൊടുക്കണമെന്ന് ഹറം ഇമാം
ദാരിദ്യ്ര നിര്‍മാര്‍ജനമെന്ന മുസ്ലിംകളുടെ ഉത്തരവാദിത്തം മറന്നു പോകുന്നതിനെതിരെ മക്കയിലെ ഹറം ഇമാം ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുള്ള ബിന്‍ ഹുമൈദ് മുന്നറിയിപ്പ് നല്‍കി. ദാരിദ്യ്രം വിവിധ മാനങ്ങളുള്ള സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നമാണെന്നും ഇസ്ലാം ദരിര്രുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അതിനുവേണ്ടി പോരാട്ടങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂലകാരണങ്ങള്‍ കണ്ടെത്തി ചികില്‍സിക്കാന്‍ തയാറാവണമെന്നും മക്കയിലെ അല്‍മസ്ജിദുല്‍ ഹറാമില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കവെ ബിന്‍ ഹുമൈദ് പറഞ്ഞു.
അള്‍ജീരിയന്‍ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു
അറബ് നാടുകളിലെ 'വസന്ത'ത്തിന്റെ കാറ്റ് അള്‍ജീരിയന്‍ രാഷ്ട്രീയത്തെയും ചൂടുപിടിപ്പിച്ചു തുടങ്ങി. 1992 മുതല്‍ രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ വിലക്കുകള്‍ നീങ്ങിയതോടെ, കഴിഞ്ഞ ജനുവരി മുതല്‍ അറബ് നാടുകളില്‍ ആഞ്ഞടിച്ച മാറ്റത്തിന്റെ കാറ്റ് 2012 മെയ് മാസത്തില്‍ അള്‍ജീരിയയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ജനങ്ങള്‍.
രാജ്യത്ത് നിരന്തരം അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കും സമരപോരാട്ടങ്ങള്‍ക്കും ശേഷമുണ്ടായ രാഷ്ട്രീയ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി 20 ലേറെ പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഇതിനകം 4000 ത്തിലേറെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അള്‍ജീരിയ സാക്ഷ്യം വഹിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
'അള്‍ജീരിയന്‍ ഗ്രീന്‍ പാര്‍ട്ടി' എന്ന പേരില്‍ മൂന്നു ഇസ്ലാമിക പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു സഖ്യം രൂപവത്കരിച്ചിട്ടുണ്ട്. പരാജയപ്പെട്ട അനേകം പരീക്ഷണങ്ങള്‍ക്ക്ശേഷം രാജ്യത്ത് ഇസ്ലാമിക നവജാഗരണം സാധ്യമാവുമെന്ന പ്രതീക്ഷയോടെയാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്ന് അതിന്റെ വക്താക്കള്‍ പറയുന്നു. ഇഖ്വാന്‍, സലഫി തുടങ്ങി രാജ്യത്തെ എല്ലാ ഇസ്ലാമിക ധാരകളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ വിവിധ ഇസ്ലാമിക പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വ്യത്യസ്ത രാഷ്ട്രീയ സാമൂഹ്യ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടികള്‍ എന്തു നിലപാടെടുക്കുമെന്നറിയാന്‍ മെയ് വരെ കാത്തിരിക്കേണ്ടിവരും.
ഭാര്യയെ 'അടിക്കുന്ന' പുസ്തകംകു കനേഡിയന്‍ മുസ്ലിംകള്‍ക്ക് തലക്കടിയേറ്റപോലെ
കനഡയിലെ ഒരു ബുക്ക്ഷോപ്പില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട, സ്ത്രീകളെ നിയന്ത്രിക്കുന്നതിന് അവരെ അടിക്കണമെന്ന് ആവശ്യപ്പെടുന്ന പുസ്തകം വിവാദത്തില്‍. വിഷയം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ പ്രതികരണങ്ങളും വന്നുതുടങ്ങി. കാനഡയിലെ മുസ്ലിംകളില്‍ ഇത്തരം പ്രവണതകളില്ലെന്നും പുസ്തകം കനേഡിയന്‍ മുസ്ലിം സമൂഹത്തിന് തന്നെ നാണക്കേടാണെന്നും കനഡയിലെ ഒരു പള്ളി ഇമാമിന്റെ ഭാര്യ ഫര്‍സാന ബീഗം പറഞ്ഞതായി 'ദി സണ്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
'മുസ്ലിം ദമ്പതികള്‍ക്കൊരു സമ്മാനം' എന്ന പേരില്‍ വിതരണം ചെയ്യുന്ന പുസ്തകം ഭാര്യമാരെ നിയന്ത്രിക്കാന്‍ അവരെ അടിക്കണമെന്ന് പുരുഷന്മാരെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ഗ്രന്ഥ കര്‍ത്താവ് ആരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. പുസ്തകത്തിനെതിരെ കനേഡിയന്‍ മുസ്ലിം നേതാക്കള്‍ രംഗത്തുവന്നു കഴിഞ്ഞു. ഇത് ഖുര്‍ആനില്‍ വന്ന നിര്‍ദ്ദേശത്തിന്റെ തെറ്റായ വായനയാണെന്നും ദേഹോപദ്രവമേല്‍പിക്കലല്ല അതിന്റെ അര്‍ഥമെന്നും നേതാക്കള്‍ വിശദീകരിച്ചു. പ്രവാചകന്‍ മുഹമ്മദ് (സ) അദ്ദേഹത്തിന്റെ ഭാര്യമാരെ ഒരിക്കല്‍പോലും അടിച്ചിട്ടില്ല, മറിച്ച് ഭാര്യമാരില്‍നിന്നും വല്ല പ്രകോപനവും ഉണ്ടായാല്‍ പ്രവാചകന്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്യ്രം ആദ്യമായി അനുവദിച്ചത് ഇസ്ലാമാണെന്ന് സംഭവത്തെക്കുറിച്ച് പ്രതികരിക്കവെ 'ഇസ്ലാമിക് സൊസൈറ്റി ഓഫ് ടൊറോണ്ടൊ' വൈസ് പ്രസിഡണ്ട് വസീം വാനിയ പറഞ്ഞു.
Comments