Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 7

'തിന്മയെ നന്മ കൊണ്ട് നേരിടുക'

ഴിഞ്ഞ ഫെബ്രുവരി 25-ന് അമേരിക്കന്‍ സൈനികര്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച വാര്‍ത്ത പുറത്തുവന്നതോടെ അഫ്ഗാനികളുടെ അധിനിവേശ വിരോധം കൂടുതല്‍ മൂര്‍ഛിച്ചിരിക്കുകയാണ്. പാവസര്‍ക്കാറിന്റെ സമ്മര്‍ദത്തിനും പ്രലോഭനത്തിനും വിധേയരായി അക്രമകാരികള്‍ക്ക് വിടുവേല ചെയ്യുകയും സ്വന്തം രാജ്യം ചവിട്ടിയരക്കപ്പെടുന്നതും സ്വസഹോദരങ്ങള്‍ കൊന്നൊടുക്കപ്പെടുന്നതും നിസ്സംഗരായി നോക്കിനില്‍ക്കുകയും ചെയ്തിരുന്നവര്‍ പോലും മതവികാരത്താല്‍ വിജ്രംഭിതരായി യാങ്കിപ്പടക്കെതിരെ ആയുധമെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. മുജാഹിദുകളെന്നോ താലിബാനികളെന്നോ സാധാരണക്കാരെന്നോ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം അഫ്ഗാനികളെയും വലിയൊരളവോളം ഐക്യപ്പെടുത്തിയിട്ടുണ്ട് അമേരിക്കന്‍ സൈനികരുടെ ഖുര്‍ആന്‍ നിന്ദ. അതിന്റെ ഫലമായി ദിനേന രണ്ടും മൂന്നും നാറ്റോ സൈനികര്‍ അവരുടെ അഫ്ഗാന്‍ ശിപായിമാരാല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ നിന്ദിക്കപ്പെട്ടത് അഫ്ഗാനികളെ മാത്രമല്ല, ലോകത്തെങ്ങുമുള്ള എല്ലാ മുസ്‌ലിംകളെയും ദുഃഖിതരാക്കിയിരിക്കുന്നു എന്നതാണ് സത്യം.
സംഭവം ഏതോ വകതിരിവില്ലാത്ത സൈനികനില്‍നിന്നുണ്ടായ ഒറ്റപ്പെട്ട അവിവേകമായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും അഫ്ഗാനികള്‍ അതു വിശ്വസിക്കാന്‍ തയാറല്ല. അധിനിവേശപ്പടയുടെ ആസൂത്രിതമായ പ്രവര്‍ത്തന തന്ത്രത്തിന്റെ ഭാഗമായിട്ടാണവരത് കാണുന്നത്. അക്രൈസ്തവരെ മാമോദിസ മുക്കുക എന്നതും പശ്ചാത്യ അധിനിവേശത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. നാറ്റോ സൈനികരെ മിഷനറി സംഘങ്ങള്‍ അനുഗമിക്കുന്നത് അതിനു വേണ്ടിയാണ്. പട്ടാളക്കാരുടെ നിഷ്ഠുരമായ അക്രമങ്ങള്‍ക്കും ബലാല്‍ക്കാരങ്ങള്‍ക്കും വഴങ്ങാത്ത മുസ്‌ലിംകള്‍ മിഷനറിമാരുടെ പ്രലോഭനീയമായ പ്രേഷണ പ്രവര്‍ത്തനങ്ങള്‍ക്കും വഴങ്ങുന്നില്ല. അവശേഷിക്കുന്ന ആയുധങ്ങള്‍ ആക്ഷേപ ശകാരങ്ങളും പരിഹാസവും നിന്ദയുമാണ്. ഇസ്‌ലാമിനെയും മുസ്‌ലിം ഉമ്മത്തിനെയും കുറിച്ച് നിരന്തരം ദുരാരോപണങ്ങള്‍ പ്രചരിപ്പിച്ച് സ്വഭാവഹത്യ ചെയ്യുക. ഇസ്‌ലാമിക വ്യക്തിത്വങ്ങളെയും പാവന ചിഹ്നങ്ങളെയും നിന്ദിച്ച് സമുദായത്തിന്റെ വിശ്വാസദാര്‍ഢ്യവും ആത്മവീര്യവും ശിഥിലമാക്കുക. അതിന്റെ ഭാഗമാണ് പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണുകളും ഖുര്‍ആന്‍ നിന്ദയും. ഖുര്‍ആന്‍ പിച്ചിക്കീറുക, ഇസ്‌ലാം നിഷിദ്ധമാക്കിയ പന്നിമാംസം പോലുള്ള ഭോജ്യങ്ങള്‍ ബലാല്‍ക്കാരം മുസ്‌ലിംകളെ തീറ്റിക്കുക, സാമ്രാജ്യത്വ വിരുദ്ധ രക്തസാക്ഷികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിക്കുക തുടങ്ങിയ പരിപാടികള്‍ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്നുവരുന്നുണ്ട്. ''അല്ലാഹുവിന്റെ വെളിച്ചം വായ് കൊണ്ട് ഊതിക്കെടുത്താന്‍ നോക്കുകയാണവര്‍. പക്ഷേ, അല്ലാഹു അവന്റെ വെളിച്ചം പൂര്‍ത്തീകരിക്കാതെ സമ്മതിക്കുകയില്ല; സത്യവിരോധികള്‍ക്ക് അതെത്ര അരോചകമായാലും.'' റബര്‍ പന്തുപോലെ താഴോട്ടെറിയുന്നതിലേറെ ശക്തിയോടെ അത് മേലോട്ടു പൊങ്ങുന്നു.
അമേരിക്കന്‍ സൈനികര്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ പ്രസിഡന്റ് ഒബാമ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. അഫ്ഗാന്‍ പ്രസിഡന്റ് കര്‍സായിക്കെഴുതിയ ക്ഷമാപണ കത്തില്‍ സംഭവത്തിനുത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അതു പക്ഷേ, അഫ്ഗാനികളെ തണുപ്പിക്കാന്‍ പര്യാപ്തമായിട്ടില്ല. അതും ഒരു തന്ത്രമായേ അവര്‍ കാണുന്നുള്ളൂ. അഫ്ഗാനികളുടെ മാത്രം തോന്നലല്ല അത്. സമാനമായ നിരവധി സംഭവങ്ങളോടുണ്ടായ പാശ്ചാത്യ പ്രതികരണങ്ങള്‍ കൂട്ടിവായിക്കുന്ന ആര്‍ക്കും അങ്ങനെയേ തോന്നൂ. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍ മാസിക പോലും അഫ്ഗാന്‍ സംഭവം പരാമര്‍ശിക്കവെ അക്കാര്യം സൂചിപ്പിച്ചുകൊണ്ട് എഴുതി: ''ക്ഷമാപണം നിഷ്‌കളങ്കവും മനസ്സില്‍ തട്ടിയതുമായിരിക്കണം; തെറ്റു ചെയ്ത മക്കള്‍ മാതാപിതാക്കളോട് മാപ്പു ചോദിക്കുന്നതുപോലെ. ചടങ്ങിനുവേണ്ടിയുള്ള ക്ഷമാപണം നിഷ്‌കളങ്കമായിരിക്കുകയില്ല. മനസ്സില്‍ തട്ടാതെ. 'ഞാന്‍ വളരെ ഖേദിക്കുന്നു' എന്നു പറയുന്നത് നിരര്‍ഥകമാണ്... പ്രസിഡന്റ് ഒബാമയുടെ ക്ഷമാപണം നിഷ്‌കളങ്കമാണോ വെറും തന്ത്രമാണോ എന്നു തീരുമാനിക്കേണ്ടത് അഫ്ഗാന്‍ മുസ്‌ലിംകള്‍ തന്നെയാണ്... ഏതായാലും ഭൂരിപക്ഷം ക്രൈസ്തവരെ പോലെ മുസ്‌ലിംകളും, മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും പ്രബലമായ പാരമ്പര്യമുള്ളവരാണ്.'' അഫ്ഗാനിലെ ദുഃഖകരമായ സംഭവത്തില്‍ ഇരു മതങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ സൃഷ്ടിക്കുന്നതിനുള്ള ഇഴകളന്വേഷിക്കാനും മാസിക മുതിരുന്നുണ്ട്. ''പുതിയ സംഭവം രണ്ടു മതങ്ങളിലോരോന്നും മറ്റേതിനെ സന്മനസ്സോടെ മനസ്സിലാക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നു. മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും പശ്ചാത്താപത്തിന്റെയും വികാരങ്ങള്‍ രണ്ടു മതങ്ങളിലുമുള്ളതാണല്ലോ.'' സാധാരണ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലോ പോപ്പ് ഉള്‍പ്പെടെയുള്ള ക്രൈസ്തവാചാര്യന്മാരിലോ കാണാത്ത ഒരു ശൈലിയാണ് ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
ക്രിസ്ത്യന്‍ സയന്‍സ് മോണിറ്ററിന്റെ നിരീക്ഷണത്തില്‍ മുസ്‌ലിം സമുദായം ഗൗരവപൂര്‍വം മനസ്സിലാക്കേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്. പാശ്ചാത്യ ജനതയുടെ വലിയ ഭാഗം ഇസ്‌ലാമിനെയും മുസ്‌ലിം സമുദായത്തെയും സ്വഭാവഹത്യ ചെയ്യുന്നതിലും പരസ്പര വൈരം മൂര്‍ഛിപ്പിക്കുന്നതിലും വ്യാപൃതരായിരിക്കെ തന്നെ ഇസ്‌ലാമിനെ സന്മനസ്സോടെ മനസ്സിലാക്കാനും സമാധാനപരമായ സംവാദങ്ങളിലൂടെ മെച്ചപ്പെട്ട പരസ്പര ധാരണകള്‍ സൃഷ്ടിക്കാനും താല്‍പര്യമുള്ള ചെറിയൊരു ന്യൂനപക്ഷവും ആ സമൂഹത്തിലുണ്ട്. പടിഞ്ഞാറിന്റെ ഹൃദയത്തിലേക്ക് കടന്നുചെല്ലാനുള്ള കവാടമായി അവരെ മുസ്‌ലിംകള്‍ കാണണം. മുഹമ്മദ് നബിയെ അവഹേളിച്ചതിനു പകരം യേശുവിനെ അവഹേളിക്കുക, ഖുര്‍ആന്‍ കത്തിച്ചതിനു പകരം ബൈബിള്‍ കത്തിക്കുക, ഇങ്ങനെയൊരു പ്രതികരണ രീതി മുസ്‌ലിംകള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല. ഇനിയൊട്ടും സ്വീകരിക്കുകയുമില്ല. ഇരുട്ടിനെ നേരിടേണ്ടത് ഇരുട്ടു കൊണ്ടല്ല; അവിവേകത്തിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ടിനെ നേരിടേണ്ടത് വിവേകത്തിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം കൊണ്ടാണ്. ''തിന്മയെ ഏറ്റം നന്മയായതുകൊണ്ട് നേരിടുക'', ''പ്രതിയോഗികളോട് ഏറ്റം നല്ല നിലയില്‍ സംവദിക്കുക'', ''ഉല്‍ബോധനം ഫലപ്രദമാകുമെങ്കില്‍ ഉല്‍ബോധിപ്പിക്കുക''. ഖുര്‍ആന്റെ ഈ ഉപദേശത്രയം ഏറ്റം പരിഗണനീയമാകുന്ന സന്ദര്‍ഭമാണിത്. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന മുസ്‌ലിം കൂട്ടായ്മകള്‍ക്കാണ് ഈ രംഗത്ത് ഏറെ ഫലപ്രദമായി പ്രവര്‍ത്തിക്കാനാവുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം