ജോലിയിടങ്ങളിലെപെണ്‍വേവുകള്‍
കാമ്പസിലെ പെണ്‍പ്രതിഭകളെക്കുറിച്ചുള്ള റസിയാ ചാലക്കലിന്റെ ലേഖനത്തിന്റെ പിന്‍കുറിയായി ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു. നാടാകെ പ്രഫഷണല്‍ കോളേജുകള്‍ പൊട്ടിമുളക്കുകയും സമ്പത്തുള്ളവന് ഏത് ഡിഗ്രിയും ലഭിക്കും എന്ന അവസ്ഥ സംജാതമാവുകയും വിവാഹമാര്‍ക്കറ്റില്‍ പ്രഫഷണലുകള്‍ക്ക് ഡിമാന്റ് വര്‍ധിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ വനിതാ പ്രഫഷണലുകള്‍ പഠിച്ചിറങ്ങാന്‍ കാരണം. 'ഗോവിന്ദച്ചാമി'മാരുടെ വിഹാരം കൂടിവരുന്ന ഇക്കാലത്ത് പഠനവേളയില്‍ തന്നെ വിവാഹം കഴിച്ചുവിടാനുള്ള രക്ഷിതാക്കളുടെ തീരുമാനത്തിന്റെ സാംഗത്യം വിസ്മരിക്കുക വയ്യ. വിവാഹം കഴിഞ്ഞ് അമ്മയായി കഴിഞ്ഞാലുള്ള ബദ്ധപ്പാടുകളും ഉത്തരവാദിത്വങ്ങളും ഉദ്യോഗം കൂടി കൈയാളേണ്ടിവരുന്ന സ്ത്രീയുടെ അവസ്ഥ ഒരധ്യാപിക കൂടിയായിരുന്ന ഞാന്‍ നന്നായി അനുഭവിച്ചിട്ടുണ്ട്. ഒരു പുരുഷന് ഉദ്യോഗം ലഭിച്ചാല്‍ ആ മേഖലയില്‍ ശ്രദ്ധയൂന്നാന്‍ കഴിയും. എന്നാല്‍ ഭാര്യ, അമ്മ, ഗൃഹസ്ഥ, മരുമകള്‍ എന്നീ റോളുകളെല്ലാം ഒരുമിച്ച് കൈയാളേണ്ടിവരുമ്പോള്‍ സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ ഉദ്യോഗം വേണ്ടിയിരുന്നില്ല എന്ന് ഏത് പെണ്ണും കൊതിച്ചുപോകും. ബിടെക്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് തുടങ്ങിയ പ്രഫഷണലുകള്‍ക്ക് സൗകര്യപ്രദമായ ഇടങ്ങളില്‍ തൊഴില്‍ ലഭിക്കുന്നത് പ്രയാസമാകുമ്പോള്‍ പ്രത്യേകിച്ചും. ഒരു ജേര്‍ണലിസ്റ്റോ ഡോക്ടറോ അവരുടെ തൊഴിലില്‍ തിളങ്ങിയിട്ടുണ്ടെങ്കില്‍ അവരുടെ വീട്ടില്‍ മാതാക്കളുടെയോ നല്ല വേലക്കാരുടെയോ ആത്മാര്‍ഥമായ സഹായ സഹകരണം കിട്ടിക്കാണുമെന്നത് നിസ്തര്‍ക്കമാണ്.എന്റെ പരിചയത്തില്‍ കാമ്പസ് സെലക്ഷന്‍ കിട്ടി ടെക്‌നോ പാര്‍ക്കില്‍ എഞ്ചിനീയറായ ഒരു സഹോദരി വിവാഹിതയായ ശേഷം ഭര്‍ത്താവിനോടൊന്നിച്ച് ജീവിച്ച ദിവസങ്ങള്‍ അപൂര്‍വമാണ്. പ്രഫഷനോടുള്ള അറ്റാച്ച്‌മെന്റ് കാരണം ആ പെണ്‍കുട്ടി പ്രസവിച്ച് മൂന്ന് മാസത്തിനകം തന്നെ കുഞ്ഞിനെ തന്റെ മാതാവിനെ ഏല്‍പിച്ച് തിരുവനന്തപുരത്തേക്ക് വണ്ടികയറി. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാനോ തന്റെ കുഞ്ഞിനെ ലാളിക്കാനോ ഈ വനിതക്ക് കഴിയുന്നില്ല. ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരെ പറ്റി ജസ്റ്റിസ് ശ്രീദേവി ഒരിക്കല്‍ എഴുതിയതോര്‍ക്കുന്നു. 'തന്റെ വീടിനടുത്ത് ഒരുപാട് പെണ്‍കുട്ടികള്‍ പ്രഫഷണല്‍ ജോലിക്കാരാണ്. പക്ഷേ, ഞാന്‍ വീടണയുമ്പോഴേക്ക് അവര്‍ ജോലിക്ക് പോയിരിക്കും. നേരം വെളുത്താല്‍ അവര്‍ തിരികെ വന്ന് ഉറക്കിലുമായിരിക്കും'. അതായത് ജീവിതം പ്രഫഷനുവേണ്ടി. അയല്‍പക്ക ബന്ധമോ കുടുംബബന്ധമോ ഒന്നും ഇല്ലാത്ത ജീവിതം!
വിദ്യാഭ്യാസം ഉദ്യോഗത്തിന് മാത്രം എന്ന വീക്ഷണം ഒഴിവാക്കി, പുതിയ തലമുറയുടെ ഗുണപരമായ ശിക്ഷണത്തിന് കൂടി ഉതകുന്ന തരത്തിലാവുന്നതും അഭിലഷണീയമല്ലേ?
കെ.എസ് സാബിറ
പെണ്‍പ്രതിഭകളെ
ആരും നാടുകടത്തിയിട്ടില്ല
കാമ്പസിലെ പെണ്‍പ്രതിഭകള്‍ എങ്ങോട്ടാണ് അപ്രത്യക്ഷരാകുന്നത്? റസിയ ചാലക്കലിന്റെ വിശകലനം (ലക്കം 41) വളരെ അസ്വസ്ഥതയോടെ പല തവണ വായിച്ചു. ആരാണ് പ്രതിഭയെന്ന് നിര്‍വചിക്കാത്തേടത്തോളം അവരെവിടെ പോയി എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. ലക്ഷങ്ങള്‍ മുടക്കിയോ, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിച്ച് തട്ടിക്കൂട്ടുന്നതോ,അധ്വാനിച്ച് നേടുന്നതോ ആയ ഉയര്‍ന്ന വിദ്യാഭ്യാസം ഒരാളുടെ പ്രതിഭയാണെന്ന തെറ്റായ ധാരണ ആദ്യം നിര്‍മിക്കുകയും അവരെല്ലാം അടുക്കളയില്‍ ഒതുങ്ങിപോകുന്നതില്‍ അരിശം കൊള്ളുകയുമാണ് ലേഖിക. സമൂഹത്തിന്റെ പൊതുമണ്ഡലത്തില്‍, സര്‍ക്കാര്‍-സര്‍ക്കാരേതര മേഖലകളില്‍ സേവന രംഗത്തുള്ളവര്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണെന്ന വസ്തുതയെ അവഗണിച്ചുകൊണ്ടാണ് ഈ വിശകലനം.
സ്ത്രീകള്‍ കുടുംബിനികളാകുന്നത് മോശം പ്രവണതയാണെന്ന ഫെമിനിസ്റ്റ് ചിന്തയെ പൊതുമണ്ഡലത്തിലെ വ്യവസ്ഥാപിത ബോധമാക്കി സ്ഥാപിക്കുക മാത്രമാണ് റസിയയുടെ വിശകലനം ചെയ്യുന്നത്. ജീവിത നൈരാശ്യത്തിന്റെയും കുടുംബ തകര്‍ച്ചയുടെയും അടിസ്ഥാന കാരണങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള, സ്ത്രീയുടെയും പുരുഷന്റെയും വൈകാരിക ചിന്താ മണ്ഡലത്തെ ന്യായീകരിക്കാനുള്ള വിഫലവും വില കുറഞ്ഞതുമായ നിരീക്ഷണമായേ ഇതിനെ വിലയിരുത്താനാകൂ.
സ്ത്രീ പ്രാഥമികമായി കുടുംബിനിയാണ്. പുരുഷന്‍ കുടുംബ നാഥനും. ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍, സന്താനപരിപാലനം തുടങ്ങിയ കുടുംബത്തിലെ പ്രധാന ചുമതലകള്‍ പുരുഷന് നിര്‍വഹിക്കാനാവില്ല. ഇത് ഏറ്റവും നന്നായി ചെയ്യാന്‍ എല്ലാ സ്ത്രീകള്‍ക്കും കഴിയുകയുമില്ല. മാതൃത്വം ഒരു കലയും പ്രതിഭയുമാണ്. 'ആ പ്രതിഭകള്‍ എവിടെപോയി' എന്ന് ചോദിക്കാന്‍ റസിയക്ക് കഴിയാതെ പോവുകയും സമൂഹവും രക്ഷിതാക്കളും തന്റെ മേല്‍ കെട്ടിവെച്ച ഭാരങ്ങള്‍ ഇറക്കിവെച്ച് ജീവിതത്തിന്റെ സ്വസ്ഥതയുടെ തീരങ്ങളില്‍ അഭയം കണ്ടെത്തിയവരെ ആക്ഷേപിക്കുകയുമാണ് ഉദ്ദേശ്യപൂര്‍വമല്ലെങ്കിലും റസിയ ചെയ്തിരിക്കുന്നത്. കുടുംബം നോക്കാത്ത പുരുഷന്മാരെ വിചാരണ ചെയ്യുകയും സ്ത്രീത്വത്തിന്റെ ചുമതലകള്‍ സമൂഹത്തെ അനുസ്മരിപ്പിക്കുകയുമായിരുന്നുരുന്നു വേണ്ടിയിരുന്നത്.
വിവാഹ ബന്ധം തകരുകയും നിലനില്‍ക്കുകയുമൊക്കെ ചെയ്യുന്നതിന് അതിന്റേതായ നിരവധി കാരണങ്ങളുണ്ട്. സാമൂഹികമോ കുടുംബപരമോ ആയ തുല്യതയുടെ പ്രശ്‌നത്തേക്കാള്‍ മാനസികവും ധാര്‍മികവുമായ പൊരുത്തക്കേടുകളാണ് മിക്കവാറും കുടുംബങ്ങളുടെ തകര്‍ച്ചക്ക് കാരണം. മറ്റു കാരണങ്ങളൊന്നും ഇല്ലെന്ന് വാദിക്കുകയല്ല.പെണ്‍ പ്രതിഭകള്‍ ആരാണ്? എഴുത്തുകാര്‍, സാഹിത്യ പ്രവര്‍ത്തകര്‍, കലാകാരികള്‍, പത്രപ്രവര്‍ത്തകര്‍, പ്രഫഷനലുകള്‍, പ്രഭാഷകര്‍............ നീണ്ടുപോകുന്ന ഈ പട്ടികയില്‍ ഇടം പിടിച്ച എത്ര പെണ്‍കുട്ടികള്‍ നമുക്കുണ്ട്? അത്തരക്കാരെ വളര്‍ത്തിയെടുക്കാന്‍ എന്ത് മെക്കാനിസമാണ് നമുക്കുള്ളത്? ഒന്നുമില്ല. ചിലരെല്ലാം അവസരം കിട്ടിയതുകൊണ്ട് മാത്രം വളര്‍ന്ന് വരുന്നു. വിവാഹ പന്തലില്‍ വെച്ച് ഈ ഗണത്തില്‍ പെട്ട എത്ര പ്രതിഭകളാണ് കുഴിച്ചു മൂടപ്പെട്ടത്? ഒരാളുമില്ല. പിന്നെ എന്തിനാണ് പെണ്‍പ്രതിഭകളുടെ (?) തിരോധാനത്തെ കുറിച്ച് ഇത്ര വൈകാരികമായി നിലവിളിക്കുന്നത്? അതുകൊണ്ട് പറയട്ടെ, പെണ്‍പ്രതിഭകളെ ആരും നാടുകടത്തിയിട്ടില്ല.
സൈത്തൂന്‍ അങ്ങാടിപ്പുറം
ബിരിയാണി
ചട്ടുകത്തിന്റെ പിന്മുറക്കാര്‍
റസിയ ചാലക്കലിന്റെ ലേഖനം വായിച്ചു (ലക്കം 41). ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ കാണുന്ന ഉണര്‍വ് കുറച്ചുകൂടി നേരത്തെ ഉണ്ടാകാതിരുന്നതിന്റെ കാരണം മത പൗരോഹിത്യത്തിന്റെ മേല്‍ ചാരി ലേഖന ചാരുതി കൂട്ടാനുള്ള ഒരു പാഴ്ശ്രമം മാത്രമാണ് ലേഖികയുടേത്. ഭൗതിക വിദ്യാഭ്യാസത്തോട് പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് ഒരു കാലഘട്ടത്തില്‍ സമുദായം പുറംതിരിഞ്ഞു നിന്നിരുന്നു എന്നത് ഒരു പരിധിയോളം ശരിയും ചരിത്ര വസ്തുതയും തന്നെയാണ്. ഭരണകൂടങ്ങളുടെ സമീപനം, ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യത, പഠനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങളുടെ ഗുണവശം തുടങ്ങി നിരവധി കാരണങ്ങള്‍ മുസ്‌ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ അടിവേര് അന്വേഷിച്ചു ചെല്ലുന്ന ആര്‍ക്കും കാണാന്‍കഴിയും. ഈ കാരണങ്ങളെ സമഗ്രമായി വിശകലനം ചെയ്യാതെ പഴയകാല മത പണ്ഡിതന്മാരില്‍ മാത്രം കുറ്റം കണ്ടെത്തുന്നത് ശരിയല്ല.വായനക്കാരില്‍ പരിഷ്‌കരണ വാഞ്ഛയും നവോത്ഥാന ചിന്തയും ഉദ്ദീപിപ്പിക്കുന്ന ലേഖനങ്ങള്‍ സ്വാഗതാര്‍ഹമാണ്. പക്ഷേ, വരികള്‍ക്കിടയിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് നല്ലതല്ല. അതോടൊപ്പം തന്നെ പ്രതിഭാ സമ്പന്നരായ മുസ്‌ലിം പെണ്‍കുട്ടികളുടെ മുന്നേറ്റം സ്വപ്നം കാണുന്ന റസിയയുടെ വീക്ഷണങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ഡോ. കെ.എ ജാസ്മിന്‍ ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍
അടുക്കള
സ്ത്രീസംവരണമോ?
അപ്രത്യക്ഷരാകുന്ന കാമ്പസിലെ പെണ്‍ പ്രതിഭകളെക്കുറിച്ചുള്ള റസിയ ചാലക്കലിന്റെ വിശകലനം ഏറെ ശ്രദ്ധേയമായി. വിവാഹച്ചന്തയില്‍ പെണ്ണിന്റെ മൂല്യം നിര്‍ണയിക്കുന്നത് സമ്പത്തും സൗന്ദര്യവും പ്രഫഷണല്‍ ഡിഗ്രിയും പിന്നെ ജോലിക്ക് പോകേണ്ടതില്ലെന്ന ഒപ്പിട്ട സമ്മത പത്രവുമാണ്.
സ്ത്രീ ജോലിക്ക് പുറത്തുപോവുന്നതോടെ വീട്ടുകാര്യങ്ങള്‍ ഭാര്യയും ഭര്‍ത്താവും തുല്യമായി പങ്കിടേണ്ട അവസ്ഥയുണ്ട്, പ്രത്യേകിച്ച് വീട്ടുവേലക്കാരെ മരുന്നിന് പോലും കിട്ടാത്ത ഇക്കാലത്ത്. ഇതംഗീകരിക്കാന്‍ കഴിയാത്ത ഭര്‍ത്താക്കന്മാരാണ് അവള്‍ ജോലിക്ക് പോയാല്‍ പിന്നെ ആര് ചായയുണ്ടാക്കും, കുട്ടികളെ സ്‌കൂളില്‍ വിടും എന്നൊക്കെ പരാതി പറയുന്നത്. പരിചയത്തിലുള്ള ഒരു സഹോദരി മെഡിക്കല്‍ കോളേജില്‍ സാമാന്യം ശമ്പളമുള്ള ജോലി വേണ്ടെന്ന് വെക്കാന്‍ കാരണം പറഞ്ഞത്, താന്‍ നൈറ്റ് ഡ്യൂട്ടിയെടുക്കുമ്പോള്‍ അതിരാവിലെ കിട്ടേണ്ട കട്ടന്‍ ചായ കിട്ടാത്തതിനാല്‍ ഭര്‍ത്താവ് ജോലിക്ക് പോകേണ്ടന്ന് പറഞ്ഞുവെന്നാണ്. വെള്ളം തിളക്കുമ്പോള്‍ അല്‍പം തേയില പൊടിയും പഞ്ചസാരയുമിട്ട് ഇളക്കേണ്ട ഈ ജോലി പോലും സ്വയം ചെയ്യാന്‍ അറിയാത്ത, ശ്രമിക്കാത്ത, പഠിക്കാത്ത പുരുഷ കേസരികളാണ് സ്ത്രീയേ, നീ വെറും അബലയെന്ന് വിളിച്ചുകൂവുന്നത്.
ജോലിക്ക് പോയി സ്വന്തമായി പണം സമ്പാദിച്ച് തന്റേടത്തോടെ പെരുമാറാന്‍ പഠിക്കുന്ന സ്ത്രീയെ പുരുഷന്‍ പേടിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈയടുത്ത് എന്റെ ബന്ധത്തില്‍പെട്ട ഒരു പെണ്‍കുട്ടിക്ക് വിവാഹാലോചന വന്നു. വരന്‍ മത-സാമൂഹിക-വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന കുടുംബത്തിലെ അംഗം. പെണ്ണുകാണല്‍ ചടങ്ങിലെ ഒരു നിബന്ധന പെണ്‍കുട്ടിയെ ഞങ്ങള്‍ ജോലിക്ക് വിടില്ല എന്നതായിരുന്നു. പക്ഷേ, താങ്കളുടെ വീട്ടിലെ സ്ത്രീകളെല്ലാം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായി ജോലി ചെയ്യുന്നുണ്ടല്ലോയെന്ന് സൂചിപ്പിച്ചപ്പോള്‍ മക്കള്‍ക്കതാവാം, മരുമക്കള്‍ക്ക് പാടില്ലെന്ന് മറുപടി! പെണ്‍മക്കളും പെങ്ങന്മാരും സാമ്പത്തിക സ്വാതന്ത്ര്യം നേടണം, പക്ഷേ ഭാര്യയും മരുമക്കളും ജോലിക്ക് പോയാല്‍ തന്റെ അധികാരത്തിന് ഇളക്കം തട്ടും. ത്വലാഖിന്റെയും ബഹുഭാര്യാത്വത്തിന്റെയും ദൂഷ്യവശങ്ങള്‍ കൂടുതലായും അനുഭവിക്കുന്നത് വെറും വീട്ടമ്മമാരായി കഴിയുന്ന സ്ത്രീകളാണെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഉദ്യോഗസ്ഥയായ ഭാര്യയെ ഘട്ടം ഘട്ടമായി കിട്ടുന്ന സ്ത്രീധനമായി ചിലര്‍ ഇകഴ്ത്തിക്കാണിക്കാറുണ്ട്. പക്ഷേ, അപ്പോഴും ഈ സമ്പാദ്യത്തില്‍ സ്വയം നിര്‍ണയാവകാശം സ്ത്രീക്കുണ്ടെന്നുള്ളത് അംഗീകരിച്ചുകൊടുക്കേണ്ടതുതന്നെയാണ്.
Comments