Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 7

ആഹ്ലാദകാലങ്ങള്‍ അകലത്തല്ല

ശൈഖ് യൂസുഫ് ജുമുഅ സലാമ

ബൈത്തുല്‍ മഖ്ദിസ് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? പ്രതിരോധത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍?
അല്‍ മസ്ജിദുല്‍ അഖ്സാ കടുത്ത പ്രതിസന്ധികളാണ് ഇപ്പോള്‍ നേരിടുന്നത്. വിശുദ്ധ ഗേഹത്തിന്റെ പവിത്രത കളങ്കപ്പെടുത്താനും പുരാതന നഗരത്തിന്റെ ചരിത്രവും സംസ്കാരവും നശിപ്പിക്കാനും ഇസ്രയേല്‍ ആസൂത്രിതമായി ശ്രമിക്കുന്നു. കെട്ടിടത്തെ ദുര്‍ബലപ്പെടുത്താനും അതിന്റെ അടിത്തറ ഇളക്കാനും ഭൂമിക്കടിയില്‍ തുരങ്കങ്ങള്‍ പണിതു കൊണ്ടിരിക്കുന്നു. മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് സോളമന്‍ ക്ഷേത്രം(ഹൈക്കല്‍ സുലൈമാന്‍) എന്ന് അവര്‍ അവകാശപ്പെടുന്ന മന്ദിരം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ മുന്നോടിയായി ഭൂമിക്കടിയിലും പരിസരത്തുമായി 63 ജൂത ആരാധനാ മന്ദിരങ്ങള്‍ അവര്‍ പണിതു കഴിഞ്ഞു. ഇവയില്‍ ഏറ്റവുമൊടുവില്‍ നിര്‍മിച്ച ദേവാലയം ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏതാണ്ട് രണ്ട് വര്‍ഷം മുമ്പാണ്. ഖുദ്സിനെ ജൂതവല്‍ക്കരിക്കാനുള്ള ഇസ്രയേലിന്റെ കുല്‍സിത ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്. '67ല്‍ അവര്‍ അഖ്സക്ക് തീയിട്ടു. തദ്ദേശീയരായ ഫലസ്ത്വീനികളുടെ വീടുകളും കെട്ടിടങ്ങളും അന്യായമായി തട്ടിയെടുത്തും നശിപ്പിച്ചും മതനേതാക്കളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും നാടുകടത്തിയും അവരുടെ പൌരത്വ രേഖകള്‍ കണ്ടുകെട്ടിയും അന്യായമായ നികുതികള്‍ ചുമത്തിയും കടുത്ത വംശീയ വിവേചന നടപടികളാണ് അധിനിവേശ സേന നടത്തിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ നഗരത്തിലെ കല്ലും മരവും പോലും അവരുടെ കൈയേറ്റത്തില്‍നിന്ന് മുക്തമല്ല.
ഈ കടന്നാക്രമണങ്ങളെ ധീരമായി നേരിടുകയാണ് ഫലസ്ത്വീന്‍ ജനത. സയണിസ്റ് തീവ്രവാദികളുടെ മനുഷ്യത്വ ഹീനമായ ഭീകര പ്രവൃത്തികളെ പ്രതിരോധിച്ചും വിശുദ്ധ നഗരത്തെ മലിനപ്പെടുത്താന്‍ അവര്‍ കൊണ്ട് പിടിച്ച് പ്രചരിപ്പിക്കുന്ന മദ്യപാനത്തെയും ലൈംഗിക അരാജകത്വത്തെയും ചെറുത്തും ഫലസ്ത്വീനികള്‍ തളരാതെ രംഗത്തുണ്ട്. ഈ പോരാട്ടം സത്യത്തിന്റെ വിജയം വരെ തുടരുകയും ചെയ്യും.
അധിനിവിഷ്ട ഫലസ്ത്വീനിലെ മുസ്ലിംകളുടെ സ്ഥിതിയെന്താണ്?
അധിനിവിഷ്ട പ്രദേശത്ത് മഹാ ഭൂരിപക്ഷവും (99 ശതമാനം) മുസ്ലിംകളാണ് താമസിക്കുന്നത്. ചെറിയൊരു ന്യൂനപക്ഷം ക്രിസ്തീയ വിശ്വാസികളുമുണ്ട്. ഫലസ്ത്വീനികളുടെ പൊതുവായ അവകാശങ്ങള്‍ക്കുവേണ്ടി എല്ലാവരും ഒരുമിച്ച് പോരാടുന്നു. ഇസ്രയേലിന്റെ ക്രൂരതകളില്‍നിന്ന് ക്രിസ്ത്യാനികളും മുക്തരല്ല. അവരെയും പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. അവരില്‍നിന്നും രക്തസാക്ഷികള്‍ ഉണ്ടാകുന്നു. ക്രിസ്തീയ ദേവാലയങ്ങളും തകര്‍ക്കപ്പെടാറുണ്ട്. മുസ്ലിംകളെ ഖുദ്സില്‍നിന്ന് തടയുന്നത് പോലെ, ക്രിസ്ത്യാനികളെ ചര്‍ച്ചുകളില്‍നിന്നും തടയുന്നു. 27 മസ്ജിദുകള്‍ കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ തീയിട്ട് നശിപ്പിച്ചപ്പോള്‍ 6 ചര്‍ച്ചുകളും അഗ്നിക്കിരയായി.
ഫലസ്ത്വീനിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍?
ഫലസ്ത്വീനിലും വ്യവസ്ഥാപിതമായ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഖുര്‍ആന്‍ പാഠശാലകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. 2005ല്‍ ഞാന്‍ ഔഖാഫ് മന്ത്രിയായിരിക്കെ ഒരു അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം നടത്തിയത് ഓര്‍ക്കുന്നു. ഇത് ഫലസ്ത്വീന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. 35 രാഷ്ട്രങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ അതില്‍ പങ്കെടുത്തു. അല്‍ ജസീറയടക്കം വിവിധ ചാനലുകള്‍ മത്സരം തത്സമയ പ്രക്ഷേപണം നടത്തുകയുണ്ടായി.
വിശുദ്ധ ഖുര്‍ആന്റെ പ്രത്യേക പതിപ്പ്(മുസ്വ്ഹഫ് ബൈത്തില്‍ മഖ്ദിസ്) ഞങ്ങള്‍ ഇറക്കിയതും രാജ്യചരിത്രത്തിലെ പ്രഥമ സംഭവമായിരുന്നു. ഖുര്‍ആന്‍ പഠനശാലകളില്‍നിന്ന് പതിനായിരങ്ങളാണ് ഹാഫിളുകളായി പുറത്തുവന്നത്. ശരീഅ വിജ്ഞാനീയങ്ങള്‍ പഠിപ്പിക്കുന്ന കോളേജുകളും സ്ഥാപനങ്ങളും ഞങ്ങള്‍ നടത്തിവരുന്നു. അവിടങ്ങളില്‍ പഠനം സൌജന്യമാണ്. വനിതകളുടെ ഇടയിലും ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വഖ്ഫ് സ്വത്തുക്കള്‍ വിപുലപ്പെടുത്താനും സംരക്ഷിക്കാനും സംവിധാനങ്ങള്‍ ഉണ്ട്.
താങ്കള്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും പ്രത്യേക സംഘടനാ തലത്തില്‍ നടക്കുന്നതാണോ?
ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. അയാള്‍ വ്യക്തിപരമായോ ഔദ്യോഗിക പദവിയിലിരുന്നോ അല്ലെങ്കില്‍ സന്നദ്ധ സംഘങ്ങളെന്ന നിലക്കോ എങ്ങനെയും നിര്‍വഹിക്കേണ്ട കര്‍ത്തവ്യം. ഇസ്ലാമിക സേവനം മഹത്തായ ബാധ്യതയാണ്. ഏതെങ്കിലും തലത്തില്‍ പരിമിതപ്പെടുത്താവുന്നതല്ല. സമുദായം ഒന്നടങ്കം ഏറ്റെടുത്തു നടത്തേണ്ട മഹല്‍കൃത്യം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എല്ലാവരും ഇക്കാര്യത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് ഞങ്ങളുടെ അനുഭവം.
ഫത്ഹ്-ഹമാസ് ബന്ധത്തെക്കുറിച്ച്?
കഴിഞ്ഞ കാലങ്ങളില്‍ ഫലസ്ത്വീനികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അത്തരം അഭിപ്രായ ഭിന്നതകളെ മറികടന്നിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. ഏതാണ്ട് ഒരുമാസം മുമ്പ് ഞങ്ങള്‍ ദോഹയില്‍ സമ്മേളിക്കുകയുണ്ടായി. സൌഹാര്‍ദത്തിന്റെ അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ചകളും സംഭാഷണങ്ങളും. ഭിന്നതകള്‍ മറന്ന് സഹകരണത്തിന്റെ പുതിയ അധ്യായം തുറക്കാന്‍ ഫലസ്ത്വീനികള്‍ക്ക് കഴിയുമെന്നാണ് വിചാരിക്കുന്നത്. ബന്ധങ്ങള്‍ പൂര്‍വാധികം ശക്തിപ്പെടും; താല്‍ക്കാലിക കാര്‍മുകിലുകള്‍ നീങ്ങും.
അറബ് വസന്തത്തിന് ശേഷം അധിനിവേശ ഫലസ്ത്വീനിലെ സ്ഥിതിഗതികള്‍?
വസന്തത്തിന്റെ സൌഭാഗ്യം വളരെ മുമ്പേ അനുഭവിക്കുന്നവരാണ് മുസ്ലിംകള്‍. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആദ്യവസന്തം, ദൈവിക സന്മാര്‍ഗത്തിന്റെ ആദ്യകിരണങ്ങള്‍ ഭൂമിയില്‍ പതിച്ചപ്പോള്‍. പ്രവാചകന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, ഖുര്‍ആനെ ഞങ്ങളുടെ ഹൃദയവസന്തമാക്കേണമേ'' നമ്മുടെ വസന്തം വിശുദ്ധ ഖുര്‍ആനിലാണ്. ജീവിതത്തില്‍ സന്തോഷവും പരലോകത്ത് മോക്ഷവും തേടുന്നവര്‍ക്ക് അല്ലാഹുവിന്റെ ഗ്രന്ഥമാണ് വഴികാട്ടി.
അറബ് വസന്തം വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ ഫലസ്ത്വീന്‍ പ്രശ്നത്തില്‍ അനുകൂലമായ അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അറബ് സമൂഹം അവരുടെ മുഖ്യപ്രശ്നമായി ഫലസ്ത്വീന്‍ പ്രശ്നത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ ഏറ്റെടുക്കുമെന്നും ഫലസ്ത്വീന്‍ ജനതയോടൊപ്പം ശക്തമായി നിലയുറപ്പിക്കുമെന്നും ഞങ്ങള്‍ കണക്ക് കൂട്ടുന്നു. കാരണം ഖുദ്സും അഖ്സയുമൊന്നും ഫലസ്ത്വീനികളുടെ സ്വകാര്യ സ്വത്തല്ല. മുഴുവന്‍ മുസ്ലിംകളുടെ സ്വത്താണ്; അവയെ ബാധിക്കുന്ന ഏതൊരു പ്രശ്നവും മുഴുവന്‍ അറബ്-മുസ്ലിം ലോകത്തിന്റെയും പ്രശ്നമാണ്.
ഇന്ത്യ-ഫലസ്ത്വീന്‍ ബന്ധത്തിന്റെ ചരിത്രം, വര്‍ത്തമാനം?
ഇസ്ലാമിന്റെ തുടക്കം മുതലേ അതിന്റെ സന്ദേശം അറബ് വ്യാപാരികള്‍ വഴി ഇന്ത്യയിലുമെത്തി എന്നാണല്ലോ ചരിത്രം. അറുപതുകളില്‍ ചേരിചേരാ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ നേതൃത്വം നല്‍കിയ ത്രികക്ഷികളില്‍(നെഹ്റു, ടിറ്റോ, ജമാല്‍ അബ്ദുന്നാസിര്‍) ഇന്ത്യയുടെ സ്ഥാനം പ്രമുഖമായിരുന്നു. ഇന്ത്യക്കാര്‍ ഫലസ്ത്വീന്‍ പ്രശ്നത്തില്‍ അഭിമാനകരമായ നിലപാടാണ് കൈക്കൊണ്ടത്. ഈ ഊഷ്മള ബന്ധത്തിന്റെ അടയാളങ്ങളിലൊന്നാണ് ഗസ്സയിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല ലൈബ്രറിയിലെ 'ഇന്ത്യന്‍ ഗ്രന്ഥാലയം.' ഖുദ്സിലും ഗസ്സയിലും പടിഞ്ഞാറെ കരയിലും ഇന്ത്യ നല്‍കിയ സഹായംകൊണ്ട് ഉയര്‍ന്നുവന്ന പല സംരംഭങ്ങളുമുണ്ട്. ഈ നിലപാട് തന്നെ ഇനിയും പൂര്‍വാധികം ശക്തിപ്പെടുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഫലസ്ത്വീന്റെ മോചനത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍?
ഫലസ്ത്വീനികളുടെ ക്ഷേമ പദ്ധതികള്‍ക്കായി പലതരം സഹായങ്ങള്‍ ആവശ്യമുണ്ട്. റിലീഫ് പ്രവര്‍ത്തനങ്ങള്‍, വീടുകളുടെ റിപ്പയര്‍, ആതുരാലയങ്ങളുടെ നിര്‍മാണം തുടങ്ങിയവ. സ്വാതന്ത്യ്രത്തിന് അടരാടുന്ന ഞങ്ങള്‍ക്ക് അന്താരാഷ്ട്ര പിന്തുണയും വേണം. സയണിസ്റ് അധിനിവേശത്തിന് അന്ത്യം കുറിക്കാനും ഫലസ്ത്വീനികള്‍ക്ക് സ്വാതന്ത്യ്രം തിരിച്ചുകിട്ടാനും അന്താരാഷ്ട്ര സമൂഹം മുന്‍കൈയെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
സിറിയയിലെ പ്രശ്നങ്ങള്‍?
അന്യരാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഫലസ്ത്വീനികള്‍ എന്ന നിലക്ക് ഞങ്ങള്‍ ഇടപെടുന്നില്ല. എന്നാല്‍ മര്‍ദിത വിഭാഗം എന്ന നിലക്ക് അവരുടെ വേദനകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളെന്നും പീഡിത വര്‍ഗത്തോടൊപ്പമാണ്. അറബ് ജനതകള്‍ക്കെല്ലാം മാന്യവും സമാധാന പൂര്‍ണവും സുസ്ഥിരവുമായ ജീവിത സാഹചര്യം ലഭിക്കട്ടെയെന്നാണ് ഞങ്ങളുടെ ആഗ്രഹം. മര്‍ദകരായ ഭരണാധികാരികളില്‍നിന്ന് എല്ലാ ജനവിഭാഗങ്ങളെയും അല്ലാഹു രക്ഷിക്കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
തയാറാക്കിയത്
അബ്ദുല്ല മന്‍ഹാം

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം