Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

തേലക്കാടന്‍ അബ്ദുല്ലക്കുട്ടി ബാഖവി

ഇര്‍ഫാന്‍ കൊട്ടപ്പറമ്പന്‍, കാവനൂര്‍

കാവനൂര്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 12-നു മരണപ്പെട്ട തേലക്കാടന്‍ അബ്ദുല്ലക്കുട്ടി ബാഖവി എന്ന ടി.കെ. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം അറബിക് കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജ്, ശാന്തപുരം ഇസ്‌ലാമിയ കോളേജ്, ഫറോക്ക് ഇര്‍ശാദിയ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. പള്ളിദര്‍സ്സില്‍ പഠിച്ചിറങ്ങി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ തുടര്‍പഠനത്തിനായി പോവുകയും ബാഖവി ബിരുദം നേടുകയും ചെയ്തു. ഔപചാരിക വിദ്യാഭ്യാസം നേടാനായി സ്‌കൂളില്‍  പോയിട്ടില്ലാത്ത അദ്ദേഹത്തിന് ഭൗതിക വിഷയങ്ങളില്‍ ജ്ഞാനക്കുറവുണ്ടായിരുന്നില്ല. കാരണം ടി.കെ ഒരു തികഞ്ഞ വായനാപ്രേമിയായിരുന്നു. ചരിത്രത്തിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഇതര മതദര്‍ശനങ്ങളിലും പ്രമാണങ്ങളിലും അദ്ദേഹം ആഴത്തില്‍ അറിവ് നേടി. ആധുനികവും പൗരാണികവുമായ അറബി, മലയാളം കൃതികള്‍ ധാരാളം വായിച്ചു. സൂഫിസം, ഫിലോസഫി, തര്‍ക്കശാസ്ത്രം, കര്‍മശാസ്ത്രം, നിദാനശാസ്ത്രം എന്നിവയിലും നല്ല അവഗാഹം നേടിയിരുന്നു. സുന്നി, ശീഈ, ളാഹിരി, സലഫി വിഭാഗങ്ങളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് അദ്ദേഹത്തിന് സ്വന്തമായ നിലപാടുണ്ടായിരുന്നു. ഒരു വിഭാഗത്തിനോടും അലര്‍ജി ഉണ്ടായിരുന്നില്ല. ടി.കെ ഉസ്താദിന്റെ ചുമലില്‍ കൈ വെച്ച് നടക്കാന്‍ പോന്ന സ്വാതന്ത്ര്യം ലഭിച്ച അനുഭവങ്ങള്‍ ശിഷ്യഗണങ്ങള്‍ ഓര്‍ക്കുന്നു.
ജീവിതാവസാനം വരെ ഇസ്‌ലാമിക പ്രസ്ഥാനത്തോടൊപ്പം നടന്ന ടി.കെ അബ്ദുല്ലക്കുട്ടി തന്നെ 'ബാഖവി' ആയി പരിചയപ്പെടുത്തുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാ ദിവസവും സൂറ: യാസീന്‍ പാരായണം ചെയ്യുക, മാസത്തില്‍ ഒരു പ്രാവശ്യം ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്യുക, റമദാനില്‍ രണ്ട് പ്രാവശ്യം ഖത്തം തീര്‍ക്കുക ഇതൊക്കെ ഒരനുഷ്ഠാനം പോലെ അദ്ദേഹം നിഷ്‌കര്‍ഷിച്ചുപോന്നിരുന്നു. 
പ്രസംഗകനോ എഴുത്തുകാരനോ അല്ലാത്തതിനാല്‍ അധ്യാപനവൃത്തിക്കു ശേഷം സമൂഹത്തിന് വേണ്ടത്ര രീതിയില്‍ അദ്ദേഹത്തെ പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ തന്നെ സമീപിക്കുന്ന വിജ്ഞാനകുതുകികള്‍ക്ക് എത്രസമയം ചെലവഴിക്കാനും അദ്ദേഹം തയാറായിരുന്നു. മരിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത പള്ളിയിലെ ലൈബ്രറിയില്‍ വ്യാകരണ ഗ്രന്ഥമായ അല്‍ഫിയയുടെ വ്യാഖ്യാനമായ ശവാഹിദുല്‍ അല്‍ഫിയ എന്ന ഗ്രന്ഥം തേടി ചെല്ലുകയും കിട്ടാതെ വന്നപ്പോള്‍ മറ്റൊരു ദിവസം തെരയാമെന്ന് പറഞ്ഞ് പിരിയുകയും ചെയ്തതായി ആ പള്ളിയിലെ ഇമാം അനുസ്മരിക്കുകയുണ്ടായി. പ്രസ്ഥാനവഴിയില്‍ എത്ര കാതം സഞ്ചരിക്കാനും മടിയില്ലാത്ത പ്രബോധകനായിരുന്നു ടി.കെ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ഥി ഇങ്ങനെ കുറിച്ചു:
''ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ബഹളങ്ങള്‍ക്കിടയിലും ടി.കെയെ തിരഞ്ഞിട്ട് കാര്യമില്ല. ഒച്ചയില്ലാതെ ഒറ്റക്ക് നടന്നായിരുന്നു ടി.കെക്ക് ശീലം. മരണവീട്ടില്‍ ആളുകള്‍ തിരക്കു കൂട്ടാത്ത ഈ കോവിഡ്  കാലത്താണ് അദ്ദേഹം വിട പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതശൈലിക്കൊത്ത ഒരു വിടവാങ്ങല്‍. മൂന്ന്  വെള്ളത്തുണികളില്‍ കഫന്‍ ചെയ്യുന്നതു പോലും ടി.കെയെ സംബന്ധിച്ചേടത്തോളം ആഡംബരമാണ്.''

 


ഹംസ മങ്കുത്തില്‍

തിരൂര്‍ പേപ്പര്‍മാര്‍ട്ട് ഉടമയും ജമാഅത്തെ ഇസ്‌ലാമി അംഗവും ബി.പി അങ്ങാടി മുന്‍ പ്രാദേശിക അമീറുമായ ഞങ്ങളുടെ ഉപ്പ ഹംസ മങ്കുത്തില്‍ 2020 ജൂണ്‍ 23-ന് അല്ലാഹുവിലേക്ക് യാത്രയായി.
പ്രസ്ഥാനത്തെ അടുത്തറിഞ്ഞതുമുതല്‍ സര്‍വ ഊര്‍ജവും പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു ഉപ്പയുടേത്. പ്രബോധനത്തിന് കിട്ടിയിരുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സവിശേഷ ചാതുരി ഉണ്ടായിരുന്നു. ബന്ധങ്ങള്‍ ചേര്‍ക്കുന്നതില്‍ കാണിച്ചിരുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. ഖുര്‍ആന്‍ പാരായണത്തിനും വായനക്കുമായി പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. 
ഒരു കുടുംബത്തെ അതിന്റെ ഗൃഹനാഥന്‍ എങ്ങനെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകണം എന്നതിന് ഉപ്പയില്‍ വലിയ മാതൃകയുണ്ട്. കുട്ടികളോട് അതിരറ്റ സ്‌നേഹമായിരുന്നു. തന്റെ ജീവിതശേഷവും കുടുംബം പ്രസ്ഥാനവഴിയില്‍ തന്നെ സഞ്ചരിക്കണം എന്ന് ഉപ്പ അതിയായി ആഗ്രഹിക്കുകയും അക്കാര്യം ആവര്‍ത്തിച്ച് ഉണര്‍ത്തുകയും ചെയ്തിരുന്നു. 
ഒരു വര്‍ഷത്തിലധികമായി കാന്‍സര്‍ ചികിത്സയിലായിരുന്നു. പക്ഷിമൃഗാദികളോടും പ്രകൃതിയോടുമുള്ള സ്‌നേഹം അസുഖ സമയത്തും നിലനിര്‍ത്തി. അസുഖബാധിതനായിരിക്കെ വീട്ടില്‍ ഒരുപാട് തൈകള്‍ വെച്ചുപിടിപ്പിച്ചു. മരണത്തിന് തൊട്ടുമുമ്പത്തെ ദിവസം നിര്‍ധന കുടുംബത്തിന് വീട് വെച്ചുകൊടുക്കാനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം. 
 ഭാര്യ: സുഹറ. മക്കള്‍: ശമീം, ശക്കീബ്, ഫര്‍സാന,  റുക്‌സാന. മരുമക്കള്‍: ജസീല,  ജുഹൈന,  സാഫിര്‍, ശംസുദ്ദീന്‍. 

ജസീല,  ജുഹൈന

 

മൂസ അലക്കലകത്ത്

ജിദ്ദയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 8-ന് ഞങ്ങളുടെ പ്രിയ മൂസാ സാഹിബ് ഞങ്ങളെ വിട്ടുപിരിഞ്ഞു. സ്‌നേഹനിധിയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കണ്ണില്‍നിന്ന് മറഞ്ഞിട്ടും ബോധമണ്ഡലത്തില്‍നിന്ന് അകന്നിട്ടും ജിദ്ദയിലെ  പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും  പൊതുസമൂഹത്തിനും അദ്ദേഹം തങ്ങളുടെ  കൂടെതന്നെ ഉണ്ടെന്നു തോന്നുന്നത്. ഒരു മനുഷ്യന്റെ ജീവിത വിജയവും അതാണല്ലോ. സ്‌നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന മൂസാ സാഹിബ്.
ഒരാളുടെ അസാന്നിധ്യത്തിലാണ് അയാളുടെ വിടവ് നമ്മെ വേദനിപ്പിക്കുന്നത്. ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഫുള്‍ സ്റ്റോപ്പിടാന്‍ കഴിയാതെയാണ്  യാത്രയായത്.  ജിദ്ദ പൊതുസമൂഹത്തില്‍ നിറഞ്ഞുനിന്ന് ആരോടും ഒരു പരിഭവമില്ലാതെ, എന്നാല്‍ എന്തൊക്കെയോ പറയാന്‍ ബാക്കി വെച്ചാണ് അദ്ദേഹം വിടപറഞ്ഞത്.  
കുടുംബത്തില്‍ തെളിമയാര്‍ന്ന ജീവിത പങ്കാളിയും നല്ല പിതാവും മാതൃകകള്‍ തീര്‍ത്ത ഗൃഹനാഥനുമായിരുന്നു അദ്ദേഹം.
താനറിഞ്ഞ സത്യം അത് തന്റെ സഹോദരനും കൂടി അറിയണമെന്ന് അതിയായി കൊതിച്ച അദ്ദേഹം തനിമ ജിദ്ദ സൗത്ത് സോണിന്റെ വ്യത്യസ്ത ഉത്തരവാദിതത്തങ്ങള്‍ ഏറ്റെടുത്തിരുന്നു.
എഴുപതുകളുടെ അവസാനത്തില്‍ ദമ്മാമിലും തുടര്‍ന്ന് യാമ്പുവിലും പിന്നീട് കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ജിദ്ദയിലും മൂസാ സാഹിബ് നമ്മോടൊപ്പമുണ്ടായിരുന്നു.
കുടുംബം പൂര്‍ണമായി പ്രസ്ഥാന വഴിയില്‍ തന്നെയാണ്. സഹധര്‍മിണി റുക്‌സാന ജിദ്ദ സൗത്ത് തനിമയുടെ നേതൃത്വത്തിലു്. മകന്‍ റയ്യാന്‍ മൂസ ജുബൈല്‍ യൂത്ത് ഇന്ത്യ ചാപ്റ്റര്‍ പ്രസിഡന്റായും റുഹൈം മൂസ സ്റ്റുഡന്‍സ് ഇന്ത്യ യൂനിറ്റ് പ്രസിഡന്റായും  പ്രവര്‍ത്തിച്ചുവരുന്നു. മറ്റു മക്കളായ അബ്ദുല്‍ മൊയിസും(മെഡിക്കല്‍ വിദ്യാര്‍ഥി) നൂഷിയും സജീവ പ്രസ്ഥാന പ്രവര്‍ത്തകര്‍. 
എ. നജ്മുദ്ദീന്‍,

ജിദ്ദ സൗത്ത് സോണ്‍ 

 

അബു മൂലേപ്പാടം

ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പ്രധാനികളിലൊരാളായിരുന്നു ഈയിടെ വിടപറഞ്ഞ അബു കാക്ക. ബാപ്പ എന്ന് എല്ലാവരും വിളിച്ചിരുന്ന പടുവന്‍പാടം അബുകാക്കയെ പൂക്കോടന്‍ മുഹമ്മദ് കാക്ക, മാമ്പായി മുഹമ്മദ് കുട്ടി, ആലിക്കാക്ക, മോയിന്‍ കാക്ക, കല്ലിടുമ്പന്‍ മുഹമ്മദാക്ക, പൂവത്തിക്കല്‍ അബു കാക്ക എന്നിവരോടൊപ്പം ആ തലമുറയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഹല്‍ഖാ നാസിം കൂടിയായ മുഹമ്മദാക്കയും ചേര്‍ന്നാണ് മൂലേപ്പാടത്തെ ഇസ്‌ലാമിക നവജാഗരണത്തിന് പട നയിച്ചത്. കാലങ്ങളായി പള്ളി പ്രസിഡന്റായിരുന്ന അബു കാക്ക ഖുത്വ്ബക്ക് വരുന്ന പുതുമുഖങ്ങളെയും ഇമാമുമാരെയും ചേര്‍ത്തു പിടിച്ചും തെറ്റ് തിരുത്തിക്കൊടുത്തും അനുഭവങ്ങള്‍ പങ്കു വക്കും. ഒരിക്കല്‍ പോലും മൈനസ് പറഞ്ഞ് പുതുമുഖങ്ങളെ തളര്‍ത്തിയില്ല. ഏത് ഖത്വീബിനെയും തോളില്‍ തട്ടി അഭിനന്ദിക്കാനുള്ള മനസ്സ് അബു കാക്ക എന്ന പ്രസിഡന്റിന് വേണ്ടുവോളം ഉണ്ടായിരുന്നു. 2007-നു ശേഷം സ്ഥാപനത്തിന് ഒരു സ്ഥിരവരുമാനത്തിനു വേണ്ടി ഞാന്‍ കേരളത്തിലുടനീളം ഓടിനടന്ന് ഒടുവില്‍ 2018-ല്‍ അത് പൂര്‍ത്തിയാക്കുംവരെ കൂടെനിന്നും പിന്തുണച്ചും അബു കാക്ക ധൈര്യം പകര്‍ന്നു. 
ജീവിതം മുഴുവന്‍ ദീനിനും പ്രസ്ഥാനത്തിനും മഹല്ലിനും സമര്‍പ്പിച്ച അബു കാക്ക അടുത്തിടെ പെട്ടെന്നാണ് രോഗബാധിതനായത്. ഒടുവില്‍ കോവിഡ് കൂടി ബാധിച്ച് ഈ ലോകത്തോട് വിട പറയുകയായിരുന്നു.
ഭാര്യ ആഇശ മൂലേപ്പാടം വനിത ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകയാണ്. മക്കള്‍: സലീം, ഹാരിസ്, നവാസ്, സവാദ്.

അബ്ദുര്‍റഫീഖ് പോത്തുകല്ല് (മുന്‍ ഖത്വീബ്, മൂലേപ്പാടം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍