Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

ആത്മഹത്യാ പ്രതിരോധവും മതവിശ്വാസവും

ശൈഖ് മുഹമ്മദ് കാരകുന്ന്

കോവിഡ് കാരണമായി ലോകമെങ്ങും ആത്മഹത്യ വര്‍ധിച്ചിരിക്കുന്നു. കുടുംബ കലഹം, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം, ഏകാന്തത എന്നിവയോടൊപ്പം രോഗ ഭയവും ആത്മഹത്യാ വര്‍ധനവിനിടയാക്കിയിട്ടുണ്ട്. നേരത്തേ തന്നെ ഏതു പ്രായത്തിലുള്ളവരുടെയും മരണകാരണങ്ങളില്‍ ആദ്യത്തെ ഇരുപതിലൊന്ന് ആത്മഹത്യയായിരുന്നു. ഓരോ വര്‍ഷവും ലോകത്ത് എട്ടുലക്ഷം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതിനര്‍ഥം നാല്‍പത് സെക്കന്റില്‍ ഒരു ആത്മഹത്യ നടക്കുന്നുവെന്നാണ്. അതോടൊപ്പം ഓരോ സെക്കന്റിലും ഇരുപത്തിയഞ്ചോളം പേര്‍ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നു.
കേരളത്തില്‍  കൊല്ലത്തില്‍ എണ്ണായിരത്തോളം ആത്മഹത്യകള്‍ നടക്കുന്നു. പ്രതിദിനം 25 പേര്‍. ഓരോ മണിക്കൂറിലും ഒരാള്‍. ആത്മഹത്യ ചെയ്യുന്ന അറുപത് ശതമാനത്തിന്റെയും പ്രായം മുപ്പത് വയസ്സിനും അമ്പത്തൊമ്പത് വയസ്സിനും ഇടയിലാണ്.
പതിനഞ്ച് വയസ്സിനും നാല്‍പത് വയസ്സിനുമിടയിലുള്ളവരുടെ പ്രധാന മരണകാരണം ആത്മഹത്യയാണ്.
2019-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. ദേശീയ ആത്മഹത്യാ നിരക്ക് 10.4 ആണെങ്കില്‍ കേരളത്തില്‍ കഴിഞ്ഞവര്‍ഷമത്  24.3 ആണ്. 2018-ല്‍ 23.5 ആയിരുന്നു. 8257 പേര്‍. അതോടൊപ്പം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന നഗരം കൊല്ലമാണ്. കുട്ടികളിലെ ആത്മഹത്യാപ്രവണത  ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് ഏറെ ആശങ്കാജനകം.

അഭയം നേടാന്‍ ഇടമില്ലാത്തവര്‍

കടുത്ത പ്രതിസന്ധികളെയും പ്രയാസങ്ങളെയും അഭിമുഖീകരിക്കുമ്പോഴും കൊടിയ കഷ്ടനഷ്ടങ്ങളനുഭവിക്കുമ്പോഴും ദൈവത്തിലും പരലോകത്തിലും വിശ്വാസമില്ലാത്തവര്‍ അങ്ങേയറ്റം അസ്വസ്ഥരും അശാന്തരുമായി മാറും. ചിലര്‍ വിഷാദരോഗത്തിനടിപ്പെടും. മറ്റു ചിലര്‍ പൂര്‍ണ ഉന്മാദികളാകും. പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവര്‍  ആത്മഹത്യയില്‍ അഭയം തേടും. ദൈവ വിശ്വാസത്തിന്റെയും  മരണാനന്തരജീവിത ബോധത്തിന്റെയും അഭാവത്തില്‍ മനസ്സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താന്‍ കഴിയുന്നവര്‍ അപൂര്‍വമായിരിക്കും. വളരെ വലിയ ബുദ്ധിജീവികള്‍ക്കും  തത്ത്വചിന്തകന്മാര്‍ക്കും വിപ്ലവകാരികള്‍ക്കും പോലും സാധ്യമല്ലെന്നാണ് കാള്‍ മാര്‍ക്‌സിന്റെയും വി.ഐ.ലെനിന്റെയും ഉള്‍പ്പെടെയുള്ള  അനുഭവങ്ങള്‍ തെളിയിക്കുന്നത്.
     പാവപ്പെട്ട പതിത കോടികളുടെ പ്രയാസങ്ങളും പരവശതകളും സ്വന്തം സത്തയില്‍ അലിയിച്ചു ചേര്‍ത്ത് അവയുടെ പരിഹാരത്തിന് പര്യാപ്തമെന്ന് താന്‍ കരുതിയ പ്രത്യയശാസ്ത്രം സമൂഹ സമക്ഷം സമര്‍പ്പിക്കാന്‍ കഠിനാധ്വാനം ചെയ്ത വിപ്ലവകാരിയായ കര്‍മയോഗിയാണല്ലോ കാള്‍ മാര്‍ക്‌സ്.
1855-ല്‍ അദ്ദേഹത്തിന്റെ ഇഷ്ടപുത്രന്‍ എഡ്ഗാറിന് മാരകമായ രോഗം ബാധിച്ചു. മ്യൂഷ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ആ കുട്ടിക്ക് എട്ടു വയസ്സുള്ളപ്പോഴായിരുന്നു അത്. മകന്റെ രോഗശയ്യയില്‍ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയ മാര്‍ക്‌സ് തന്റെ ആത്മമിത്രമായ ഫ്രഡറിക് എംഗല്‍സിന് എഴുതി: 'ഹൃദയം നീറുകയാണ്. തല പുകയുകയാണ്.'
എഡ്ഗാര്‍ മരണമടഞ്ഞപ്പോള്‍ അത്യധികം അസ്വസ്ഥനായ അദ്ദേഹം വീണ്ടും എഴുതി: 'പാവം മ്യൂഷ് മരിച്ചു.... എന്റെ ദുഃഖം എത്ര വലുതാണെന്ന്  അറിയാമല്ലോ. ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവനാണ് ഞാന്‍. പക്ഷേ, യഥാര്‍ഥ ദുഃഖമെന്നാല്‍ എന്താണെന്ന് ഇപ്പോഴാണെനിക്ക് മനസ്സിലായത്.'
മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ലീ ബെന്നെറ്റ് അന്നത്തെ മാര്‍ക്‌സിന്റെ അവസ്ഥ ഇങ്ങനെ വിശദീകരിക്കുന്നു: 'ഇതൊരു നഷ്ടമല്ല; ലക്ഷണമാണെന്നായിരുന്നു ആശ്വാസവുമായെത്തിയവരോട് മാര്‍ക്‌സ് പറഞ്ഞത്. മകനെ അടക്കംചെയ്ത ശവ പേടകം കുഴിയിലിറക്കുമ്പോള്‍  മാര്‍ക്‌സ് അതിലേക്ക് എടുത്തു ചാടുമെന്ന് ഞാന്‍ ഭയപ്പെട്ടു. അത് തടുക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ തന്നെ ഉണ്ടായിരുന്നു.'
  ഭാര്യ ജെന്നി മരണപ്പെട്ടപ്പോള്‍ ഏറെ അസ്വസ്ഥനായ മാര്‍ക്‌സ് ആശ്വാസം കണ്ടെത്തിയത് മദ്യത്തിലായിരുന്നു. മേരി ഗബ്രിയേല്‍ എഴുതിയ ഘീ്‌ല മിറ ഇമുശമേഹ എന്ന അറുനൂറിലേറെ പേജുള്ള ബൃഹദ് ഗ്രന്ഥത്തെ അവലംബിച്ച് എസ്. ജയചന്ദ്രന്‍ നായര്‍ എഴുതുന്നു : 'അവസാനത്തില്‍ സ്‌നേഹിതന്മാരായ ലിബന്‍ നെറ്റും അയാളുടെ സഹോദരന്‍ ബ്രൂണിയുമൊത്ത് ഓക്‌സ്‌ഫെഡ് സ്ട്രീറ്റ് മുതല്‍ ഹാംസ്റ്റെറോഡ്  വരെയുള്ള പബുകളിലെല്ലാം കയറിയിറങ്ങി മദ്യപാനം നടത്തി ബഹളമുണ്ടാക്കുന്നതില്‍ മാര്‍ക്‌സ് പങ്കാളിയായി. മടങ്ങുമ്പോള്‍  നിരത്തിലെ കല്ലുകളിളക്കി തെരുവു വിളക്കുകളിലെറിയാനും അവര്‍ തയാറായി' (മാതൃഭൂമി ആഴ്ചപ്പതിപ്പ്  2013 മാര്‍ച്ച് 3-9).
എന്റെ ഒരു ജീവിതാനുഭവം ഇതിനോട് ചേര്‍ത്തു വെക്കുന്നത്  ഉചിതമായിരിക്കുമെന്ന് വിശ്വസിക്കുന്നു. തൃശൂരിലെ വ്യാപാര കുടുംബത്തിലെ അഞ്ചംഗങ്ങള്‍ സേലത്തു വെച്ചുണ്ടായ വാഹനാപകടത്തില്‍  ഒരൊറ്റ ദിവസം മരണമടഞ്ഞു.
ആ കുടുംബനാഥനെ ആശ്വസിപ്പിക്കാനെത്തിയപ്പോള്‍ ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: 'അല്ലാഹു തന്ന കുട്ടികളെ അവന്‍ തിരിച്ചെടുത്തു. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ സ്വര്‍ഗത്തില്‍ വെച്ച് കണ്ടുമുട്ടാം. താങ്കള്‍ പ്രാര്‍ഥിക്കുമല്ലോ.'
മഹാനായ കാള്‍ മാര്‍ക്‌സ് പരാജയപ്പെട്ടിടത്ത് സാധാരണക്കാരനായ ഒരു കച്ചവടക്കാരന്‍ വിജയിച്ചതെന്തുകൊണ്ടെന്നത് വളരെ വ്യക്തം. സുദൃഢമായ ദൈവ വിശ്വാസവും അചഞ്ചലമായ പരലോക ബോധവും കൊണ്ടു തന്നെ.

ലെനിനും സിബാഈയും

ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ കമ്യൂണിസ്റ്റ് ഭരണാധികാരിയാണ് വി.ഐ ലെനിന്‍. സോവിയറ്റ് യൂനിയന്റെ സൃഷ്ടിക്കു വഴിയൊരുക്കിയ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നായകനും അവിടത്തെ ആദ്യത്തെ ഭരണാധികാരിയുമാണ് അദ്ദേഹം. 1972-ല്‍ മരണമടഞ്ഞ പ്രസിദ്ധ സോവിയറ്റ് സാഹിത്യകാരന്‍ അലക്‌സാണ്ടര്‍ ബെക്കിന്റെ സ്വകാര്യ സൂക്ഷിപ്പുകളില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ വി.ഐ ലെനിന്‍ രോഗശയ്യയിലായിരിക്കെ സഖാവ് സ്റ്റാലിനയച്ച കത്തും ഉള്‍പ്പെടുന്നു. അതില്‍ ലെനിന്‍ ഇങ്ങനെ കുറിച്ചിട്ടു: 'ശരീരം തളര്‍ന്നു കഴിഞ്ഞു. ഇനി സംസാരശേഷി കൂടി നശിച്ചാല്‍ ഞാന്‍ വിഷം കഴിച്ച് ജീവിതമവസാനിപ്പിക്കും. എനിക്ക് എത്രയും വേഗം സയനൈഡ് എത്തിച്ചു തരിക. അതെന്റെ അടുത്തു തന്നെ ഇരിക്കട്ടെ. എനിക്ക് അതൊരാശ്വാസമാണ്.'
ലെനിന്റെ കത്തിനെ സംബന്ധിച്ച് സ്റ്റാലിന്‍ തന്റെ സുഹൃത്തായ അലക്‌സാണ്ടര്‍ ബെക്കിനോട് സംസാരിച്ചു. ലെനിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു കൊടുക്കാന്‍ അദ്ദേഹം സ്റ്റാലിനോട് ആവശ്യപ്പെട്ടു. സ്റ്റാലിന്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. കാള്‍ മാര്‍ക്‌സിന്റെ മകളും ജാമാതാവ് ലഫാര്‍ഗും ദുസ്സഹമായ ജീവിതത്തിന് അന്ത്യം കുറിച്ചത് വിഷം കഴിച്ചാണ്. അതായിരിക്കാം ലെനിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് അലക്‌സാണ്ടര്‍ ബെക്ക് അഭിപ്രായപ്പെടുന്നു.
ഇതിന്റെ മറുഭാഗത്ത് നാം  വിശ്വാസിയായ ഡോക്ടര്‍ മുസ്തഫസ്സിബാഈയെ കാണുന്നു. സിറിയയിലെ ഇസ്‌ലാമിക പ്രസ്ഥാന നായകനും പ്രമുഖ പണ്ഡിതനുമായിരുന്നു അദ്ദേഹം. തളര്‍ വാതം ബാധിച്ച് മുസ്തഫസ്സിബാഈയുടെ ഇടതു ഭാഗത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. എന്നിട്ടും അദ്ദേഹം തന്റെ ജോലികള്‍ തുടര്‍ന്നു. കോളേജില്‍ പോയി അധ്യാപനം നടത്തി. പൊതു യോഗങ്ങളില്‍ പ്രസംഗിച്ചു. പുസ്തക രചനയില്‍ മുഴുകി. രോഗബാധിതനായി കഴിഞ്ഞ് ഏഴു വര്‍ഷത്തിനിടയിലാണ് അദ്ദേഹം ശ്രദ്ധേയമായ മൂന്ന് ഗ്രന്ഥങ്ങളെഴുതിയത്.
1962-ല്‍ ആശുപത്രിയിലായിരിക്കെ ആശ്വസിപ്പിക്കാനെത്തിയ കൂട്ടുകാരോട് അദ്ദേഹം പറഞ്ഞു: 'ഞാന്‍ രോഗിയാണ്. സംശയമില്ല. എന്റെ കൈക്കും കാലിനും വേദനയുണ്ട്. എങ്കിലും എന്റെ കാര്യത്തില്‍ അല്ലാഹു ചെയ്തു തന്ന അനുഗ്രഹം നോക്കൂ. അവന്‍ എന്നെ തീര്‍ത്തും തളര്‍ത്താന്‍ ശക്തനായിട്ടും എന്റെ ഒരു ഭാഗം മാത്രമേ തളര്‍ന്നുള്ളു. അതും ഇടതുവശം. തളര്‍ന്നത് വലതുവശമായിരുന്നുവെങ്കില്‍ എനിക്ക് എഴുതാന്‍ കഴിയുമായിരുന്നോ? എന്റെ കാഴ്ചശക്തി നശിപ്പിക്കാന്‍ കഴിവുള്ള അല്ലാഹു എനിക്ക് അത്യാവശ്യമായ ആ കഴിവ് എടുത്തു കളഞ്ഞിട്ടില്ല. എന്റെ മസ്തിഷ്‌കത്തെ മരവിപ്പിക്കാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. എന്നിട്ടും എനിക്ക് മനസ്സിലാക്കാനും ചിന്തിക്കാനും അവനത് വിട്ടുതന്നിരിക്കുന്നു. എന്റെ നാവിന്റെ ആരോഗ്യം അവന്‍ നിലനിര്‍ത്തിയിരിക്കുന്നു. ഇതെല്ലാം അവന്റെ ഔദാര്യവും വിശാലതയുമല്ലേ? അപാരമായ അനുഗ്രഹവും അതിരറ്റ കാരുണ്യവുമല്ലേ? പിന്നെ ഞാനെന്തിന് പരാതിപ്പെടണം! സങ്കടം പറയണം! എന്നോട് കാണിച്ച കാരുണ്യത്തിന് നന്ദി കാണിക്കുകയല്ലേ വേണ്ടത്?'
ഇതെങ്ങനെ സാധിക്കുന്നു? തന്റെ ജീവനും ജീവിതവും ആയുസ്സും ആരോഗ്യവും ശരീരവും ശാരീരികാവയങ്ങളും സമയവും സമ്പത്തും ദൈവദത്തമാണെന്ന് വിശ്വാസിക്ക് ദൃഢ ബോധ്യമുണ്ട്. അത് തിരിച്ചെടുക്കുന്നതും അവനാണെന്ന് അവന്‍ തിരിച്ചറിയുന്നു. അപ്പോള്‍ സഹിക്കുകയും ക്ഷമിക്കുകയും ദൈവത്തില്‍ ഭരമേല്‍പിക്കുകയും ചെയ്താല്‍ മരണ ശേഷം അല്ലലും അലട്ടും രോഗവും വേദനയുമില്ലാത്ത ശാശ്വത സ്വര്‍ഗം തന്നെ കാത്തിരിക്കുന്നുണ്ടെന്നും അയാളറിയുന്നു. അതിനാല്‍ തികഞ്ഞ മനസ്സമാധാനത്തോടെയും സ്വസ്ഥതയോടെയും അവസാന നിമിഷം വരെ കര്‍മനിരതമായ ജീവിതം നയിക്കാന്‍ സാധിക്കുന്നു.

ഭഗത് സിംഗും അബ്ദുല്‍ ഖാദറും

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ധീര വീര വിപ്ലവകാരിയാണ് ഭഗത് സിംഗ്. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരിയായി വിശേഷിപ്പിക്കപ്പെടുന്നു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്. ലാഹോര്‍ ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും വിചാരണക്ക് വിധേയനാവുകയും ചെയ്തു. തുടര്‍ന്ന് കോടതി വധശിക്ഷക്ക് വിധിച്ചു. 1931 മാര്‍ച്ച് 23-ന് ഇരുപത്തിനാലാമത്തെ വയസ്സില്‍ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ തൂക്കിലേറ്റി. മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാതിരുന്ന ഭഗത് സിംഗ് അത്യധികം നിരാശനായിരുന്നു. അതുകൊണ്ടു തന്നെ താന്‍ വിശ്വാസിയായിരുന്നുവെങ്കില്‍ തനിക്ക് എത്രമേല്‍ ആശ്വാസം ലഭിക്കുമായിരുന്നുവെന്ന് വിലപിക്കുകയണ്ടായി.
  കൊല മരത്തിന്റെ ചാരത്ത് നിന്ന് ഭഗത് സിംഗ്  പറഞ്ഞ വാക്കുകള്‍ മത വിശ്വാസിയല്ലാത്ത കെ.ഇ.എന്‍ ഉദ്ധരിക്കുന്നു: 'വിശ്വാസം വൈഷമ്യത്തിന്റെ കാഠിന്യം കുറയ്ക്കുന്നു. ചിലപ്പോള്‍ അതിനെ സുഖകരമാക്കിയെന്നും വരാം. ദൈവത്തില്‍ മനുഷ്യന് വളരെ ശക്തമായ ആശ്വാസവും ആലംബവും കണ്ടെത്താനാകും. കൊടുങ്കാറ്റുകളുടെയും ചുഴലിക്കാറ്റുകളുടെയും നടുവില്‍ സ്വന്തം കാലില്‍ നില്‍ക്കുകയെന്നത് കുട്ടിക്കളിയല്ല... പക്ഷേ എനിക്കെന്താണ് പ്രതീക്ഷിക്കാനുള്ളത്? കൊലക്കയര്‍ കഴുത്തിലിടുകയും കാല്‍ച്ചുവട്ടില്‍ നിന്ന് പലക തട്ടി നീക്കുകയും ചെയ്യുന്ന നിമിഷം എന്റെ അന്ത്യനിമിഷമായിരിക്കുമെന്ന്, അതാകും അവസാനനിമിഷമെന്ന് എനിക്കറിയാം. ഞാന്‍-കൂടുതല്‍ കൃത്യമായി ആധ്യാത്മിക ഭാഷയില്‍ പറഞ്ഞാല്‍ എന്റെ ആത്മാവ്-അതോടെ തീരും. അപ്പുറമൊന്നുമില്ല. അത്ര മഹത്തരമൊന്നുമല്ലാത്ത അന്ത്യത്തോട് കൂടിയ ഹ്രസ്വമായ ഒരു സമരജീവിതമായിരിക്കും എനിക്കുള്ള പാരിതോഷികം. അത്രമാത്രം! അതും അതിനെ ആ വെളിച്ചത്തില്‍ കാണാനുള്ള ധൈര്യം എനിക്കുണ്ടെങ്കില്‍ മാത്രം!' (ഉദ്ധരണം: കെ.ഇ.എന്നിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍. പേജ്: 590, 591).

തൂക്കു മരത്തിന്റെ താഴെ നിന്ന്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ രക്തനക്ഷത്രമായി വാഴ്ത്തപ്പെടുന്ന വിപ്ലവകാരിയാണ് വക്കം അബ്ദുല്‍ ഖാദര്‍.
ചെറുപ്രായത്തില്‍ തന്നെ സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്ക് വഹിച്ചു. ആവേശകരമായ വിപ്ലവഗാനങ്ങള്‍ രചിച്ചു. 1938-ല്‍ പിതാവിന്റെ നിര്‍ദേശമനുസരിച്ച് മലേഷ്യയിലേക്ക് പോയി. അവിടെ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. താമസിയാതെ ജോലി രാജിവെച്ച് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. ഇന്ത്യന്‍ ഇന്റിപെന്റന്റ് ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അബ്ദുല്‍ ഖാദര്‍   വിപ്ലവനായകനായി വളര്‍ന്നു. ഇന്റിപെന്റന്റ് ലീഗുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മലേഷ്യയിലെ  കേരള മുസ്‌ലിം യൂനിയന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യ പോരാട്ടത്തിന് രൂപവത്കരിച്ച ഇന്ത്യന്‍ നാഷ്‌നല്‍ ആര്‍മിയില്‍  ചേര്‍ന്നു. തുടര്‍ന്ന് അബ്ദുല്‍ ഖാദര്‍ ബ്രിട്ടീഷ് ഭരണം തകര്‍ക്കാന്‍ രഹസ്യനീക്കത്തിനായി ഐ.എന്‍.എ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിലെത്തി. 1942 സെപ്റ്റംബര്‍ 18-ന് രാത്രി 10 ന് മലേഷ്യയിലെ പെനാങ്ക് തുറമുഖത്തുനിന്ന് ഒരു അന്തര്‍വാഹിനിയില്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഒമ്പത് ദിവസത്തെ കടല്‍ യാത്രയിലെ ഭീതിജനകമായ അനുഭവങ്ങള്‍ക്കും കഠിനമായ ത്യാഗത്തിനും ശേഷം മലബാറിലെ താനൂര്‍ കടപ്പുറത്തെത്തി. അവിടെവെച്ച് പൊലീസ് അവരെ പിടികൂടി മദ്രാസിലെ സെന്റ് ജോര്‍ജ് ഫോര്‍ട്ട് ജയിലിലടച്ചു. പട്ടാളക്കോടതി വിചാരണ നടത്തി തൂക്കിക്കൊല്ലാന്‍ വിധിച്ചു. 1943 സെപ്റ്റംബര്‍ 10-ന് അബ്ദുല്‍ ഖാദറിനെയും  സംഘത്തെയും തൂക്കിലേറ്റി.
വധിക്കപ്പെടുന്നതിന്റെ തലേ രാത്രി പിതാവിന് എഴുതിയ വികാരോജ്ജ്വലമായ കത്തില്‍ നിന്ന്: ''പ്രിയ പിതാവേ,
ഏതാണ്ട് രണ്ടു മാസം മുമ്പ് ഞാന്‍ കത്തയക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മറ്റു ചില വിചാരങ്ങള്‍  എന്നെ അതില്‍ നിന്ന് തടഞ്ഞു നിര്‍ത്തി. ഇപ്പോള്‍ വീണ്ടും അതിന് പ്രേരിതനായി. നാം ജീവിതയാത്രയില്‍ പലപ്പോഴും ആപത്തുകളെ നേരിടേണ്ടതായും ദുഃഖങ്ങളെ സഹിക്കേണ്ടതായും വരാറുണ്ട്. ചിലപ്പോള്‍ ഇങ്ങനെയുള്ള ആപത്തുകളും ദുഃഖങ്ങളും സര്‍വശക്തനായ അല്ലാഹുവിന്റെ പരീക്ഷണം മാത്രമാണ്. അതികഠിനമായ അനുഭവങ്ങള്‍ നമുക്കുണ്ടാവും. ഈ അവസ്ഥയില്‍ നമുക്ക് അല്ലാഹുവിനോട് ആവലാതിപ്പെടാന്‍ അവകാശമില്ല. എല്ലാം കാരുണ്യ നിധിയായ നാഥനില്‍ നിന്ന് നമുക്ക് ലഭിച്ചതാണെന്ന് വിശ്വസിച്ച് സഹിക്കുകയാണ് വേണ്ടത്.
പ്രിയ പിതാവേ,
സമാധാനപൂര്‍ണവും അചഞ്ചലവുമായ ഒരു ഹൃദയം തന്ന് പരമകാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. എന്റെയും അങ്ങയുടെയും ഈ നിസ്സഹായതയില്‍ മുറുമുറുക്കാനോ മനഃശ്ചാഞ്ചല്യം കാണിക്കാനോ പാടില്ല. ഇവിടെയാണ് അല്ലാഹുവിന്റെ അഭീഷ്ടത്തില്‍ സംതൃപ്തനായി ആത്മത്യാഗത്തിനുള്ള സന്ദര്‍ഭം. എന്നെ ജീവഹാനി കൊണ്ടാണെങ്കില്‍ അങ്ങയെ സന്താനനഷ്ടം കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നു. ഞാന്‍ അധൈര്യപ്പെടുന്നില്ല.
ഏപ്രില്‍ മാസം ഒന്നാം തീയതി എന്റെ കേസിന്റെ ജഡ്ജ്‌മെന്റ് വന്നു. ഇന്ത്യന്‍ പീനല്‍ കോഡനുസരിച്ച് എന്നെ അഞ്ച് വര്‍ഷം കഠിന തടവിനും അതിനുശേഷം തൂക്കിക്കൊല്ലാനും വിധിച്ചു. ഒരു യൂറോപ്യന്‍ സ്‌പെഷ്യല്‍ ജഡ്ജി ഔപചാരികമായി ഞങ്ങളുടെ കേസ് ഹൈക്കോടതിയില്‍ പുനഃപരിശോധന നടത്തി. കീഴ്‌ക്കോടതി വിധി ശരിവെച്ചു. അതോടൊപ്പം വധശിക്ഷതന്നെ നല്‍കണമെന്നും തീര്‍പ്പ് കല്‍പ്പിച്ചു.
എന്റെ ഹൃദയ ദാര്‍ഢ്യതക്ക് ഉറപ്പുകൂടുകയാണ്. ഈ അതികഠിനമായ വാര്‍ത്ത അങ്ങയെ ദാരുണമാംവിധം ദുഃഖിപ്പിക്കുമെന്ന് എനിക്കറിയാം. അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ അപേക്ഷിക്കുന്നു: മനസ്സിനെ നിയന്ത്രിച്ചു സമാധാനപ്പെടുക. നാം നിസ്സഹായരാണെന്നും അല്ലാഹുവിന്റെ സഹായം മാത്രമേ ഉള്ളൂവെന്നും ഓര്‍ക്കുക.
പ്രിയ പിതാവേ,
ഞാന്‍ എന്നന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ അഞ്ചുമണിക്കും ആറുമണിക്കുമിടയിലായിരിക്കും എന്റെ എളിയ മരണം. ധൈര്യപ്പെടുക.
സമയം അതിക്രമിച്ചിരിക്കുന്നതിനാല്‍ ഞാന്‍ നിര്‍ത്തുന്നു. ഇതാ മണി പന്ത്രണ്ട് അടിക്കുവാന്‍ പോകുന്നു. എന്റെ മരണദിനത്തിന്റെ ആരംഭനിമിഷം.അതേ! റമദാന്‍ മാസത്തിലെ ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കും ആറു മണിക്കും മധ്യേ ഞാന്‍ മരിക്കുന്നു.
വന്ദ്യനായ പിതാവേ, വാത്സല്യനിധിയായ ഉമ്മാ, ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, എനിക്ക് ഒരാശ്വാസവചനവും നിങ്ങളോട് പറയാനില്ല. ഞാന്‍ നിങ്ങളെ വിട്ട് പിരിയുന്നു. നമുക്ക് മഹ്ശറയില്‍ വെച്ച് വീണ്ടും കാണാം. എന്നെപ്പറ്റി ദുഃഖിക്കരുതേ.എന്റെ ജീവിതത്തിലെ നാടകം അഭിനയിച്ചു തീരുവാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ.
ഞാന്‍ എത്രത്തോളം ധൈര്യത്തോടും സമാധാനത്തോടും കൂടിയാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികളില്‍നിന്ന് ഒരുനാള്‍ അറിയുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷിക്കാതിരിക്കില്ല. അന്ന് ഉറപ്പായും നിങ്ങള്‍ അഭിമാനിക്കുകതന്നെ ചെയ്യും.
ഞാന്‍ നിര്‍ത്തട്ടെ.
അസ്സലാമു അലൈകും.'
  ഭഗത് സിംഗും വക്കം അബ്ദുല്‍ ഖാദറും  വധശിക്ഷയെ എങ്ങനെ അഭിമുഖീകരിച്ചു എന്ന്  ഇരുവരുടെയും വാക്കുകള്‍ തന്നെ  വ്യക്തമാക്കുന്നുണ്ടല്ലോ.

യുക്തിവാദികളും  ആത്മഹത്യയും

ദൈവ വിശ്വാസവും മതബോധവും  ഇല്ലാത്തവരെല്ലാം തങ്ങളുടെ എല്ലാ  കാര്യങ്ങള്‍ക്കും അടിസ്ഥാനമായി സ്വീകരിക്കുന്നത് സ്വന്തം ബുദ്ധിയും ചിന്തയും യുക്തിയുമാണ്. അതുകൊണ്ടുതന്നെ  വിശ്വാസികളല്ലാത്തവരെല്ലാം യുക്തിവാദികളാണ്. അവരോ മറ്റുള്ളവരോ അതംഗീകരിച്ചാലും ഇല്ലെങ്കിലും ശരി.
വിശ്വാസികള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ദൈവത്തില്‍ അഭയം തേടുന്നു. എന്നാല്‍ യുക്തിവാദികളില്‍ പലരും കടുത്ത പ്രയാസങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുമ്പോള്‍ മനോരോഗികളാവുകയോ അത്യന്തം അസ്വസ്ഥരായി ആത്മഹത്യയില്‍ അഭയം തേടുകയോ ചെയ്യുന്നു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മാനസികാരോഗ്യവകുപ്പ് മേധാവി ജോസ്മനോന്‍ ബെര്‍ട്ടലോട്ട് ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ വിശ്വാസികളെ അപേക്ഷിച്ച് നാസ്തികരായ യുക്തിവാദികളുടെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ്. മുസ്‌ലിംകളിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിന് 0.1 ആണെങ്കില്‍ നാസ്തികരില്‍ 25.6 ആണ്.
  വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ട  ഡാറ്റ നല്‍കിയ ഗ്യാലപ്പ് നടത്തിയ പഠനത്തില്‍ മതാഭിമുഖ്യമുള്ള രാജ്യത്തെ ആത്മഹത്യയുടെ 12 ഇരട്ടിയാണ് 29 ശതമാനം ജനങ്ങള്‍ മാത്രം മതാഭിമുഖ്യമുള്ളവര്‍ താമസിക്കുന്ന ജപ്പാന്റെ ആത്മഹത്യാ നിരക്ക്. ലോകത്തിലെ നാലിലൊന്ന് ആത്മഹത്യയും നടക്കുന്നത് നാസ്തികരുടെ നാടായ ചൈനയിലാണ്. ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് മുന്‍തൂക്കമുള്ള ഫിന്‍ലാന്റില്‍ നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ആത്മഹത്യയിലൂടെയാണ്. നോര്‍വെയില്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ വര്‍ധനവ് 40 ശതമാനമാണ്.
മനുഷ്യപ്രകൃതം മതാഭിമുഖ്യമുള്ളതും യുക്തിവാദവുമായി പൊരുത്തപ്പെടാത്തതുമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
  പരിണാമത്തിലൂടെ മനുഷ്യമസ്തിഷ്‌കം രൂപപ്പെട്ടത് മത ചിന്തക്ക് പെട്ടെന്ന് അടിപ്പെടും വിധമാണെന്ന് കേരളത്തിലെ യുക്തിവാദി നേതാവ് രവിചന്ദ്രന്‍ തന്നെ തുറന്ന് സമ്മതിച്ചതാണല്ലോ (മാധ്യമം വാര്‍ഷികപ്പതിപ്പ് 2020. പേജ് 152).
ഏതു പ്രതിസന്ധിയിലും വിശ്വാസം ആശ്വാസം നല്‍കുന്നതെങ്ങനെയെന്ന് പാശ്ചാത്യ ഗ്രന്ഥകാരനായ എഫ്.സി ബോദലി ''ഞാന്‍ ദൈവത്തിന്റെ പറുദീസയില്‍ ജീവിച്ചു' എന്ന തലക്കെട്ടിലെഴുതി '1918 മുതല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഒരിടത്ത് മരുഭൂമിയില്‍ അപരിഷ്‌കൃതരായ ഒരു ജനവിഭാഗത്തിനിടയില്‍ ഏഴ് വര്‍ഷത്തോളം ഞാന്‍ കഴിച്ചുകൂട്ടി. അക്കാലത്തിനിടക്ക് ഞാന്‍ അവരുടെ ഭാഷ വശമാക്കി. അവരുടെ രീതിയില്‍ വസ്ത്രം ധരിക്കുകയും ആഹാരം കഴിക്കുകയും അവരുടെ ജീവിതരീതികള്‍ അനുകരിക്കുകയും ചെയ്തു. ആട്ടിന്‍പറ്റങ്ങളോടൊപ്പം അതിരാവിലെ ഞാന്‍ പോകും. അവരെപ്പോലെ തമ്പുകളിലുറങ്ങും.
  മുഹമ്മദ് നബിയെ കുറിച്ച് 'അര്‍റസൂല്‍' എന്ന ഒരു ഗ്രന്ഥമെഴുതാന്‍ മാത്രം ഇസ്ലാമിനെക്കുറിച്ച് ഞാന്‍ അഗാധമായി പഠിച്ചു. മരുഭൂവാസികളായ ഈ സഞ്ചാരി വര്‍ഗത്തോടൊപ്പം കഴിച്ചുകൂട്ടിയ വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ  ഏറ്റവും സമാധാനപൂര്‍ണവും ശാന്തി ദായകവും ആസ്വാദ്യകരവുമായ കാലഘട്ടമായിരുന്നു.
അസ്വസ്ഥതകളെ എങ്ങനെ കീഴടക്കണമെന്ന് മരുഭൂമിയിലെ ഈ അറബികളില്‍ നിന്ന് ഞാന്‍ പഠിച്ചു. അവര്‍ മുസ്‌ലിംകളായിരുന്നതിനാല്‍ ദൈവ നിശ്ചയത്തിലും വിധിയിലും വിശ്വസിക്കുന്നവരായിരുന്നു. വിശ്വാസം സമാധാനപൂര്‍ണമായ ജീവിതം നയിക്കാന്‍ അവരെ സഹായിച്ചു. ഒരു കാര്യത്തിലും അവര്‍ ദുഃഖത്തിലും വിഷാദത്തിലും ജീവിതത്തെ കുരുക്കിയിട്ടില്ല. വിധിക്കപ്പെട്ടതെന്തോ അത് സംഭവിക്കുമെന്നും ദൈവം നിശ്ചയിച്ച വിപത്തുകളല്ലാതെ തങ്ങളെയൊന്നും ബാധിക്കുകയില്ലെന്നും അവര്‍ വിശ്വസിച്ചു.അവര്‍ കര്‍മരഹിതരായി ദൈവാര്‍പ്പണം നടത്തുകയോ ദുരന്തങ്ങളെ കൈ കെട്ടി  നോക്കി നില്‍ക്കുകയോ ആയിരുന്നുവെന്ന് ഇതിനര്‍ഥമില്ല. തെളിവായി ഒരു സംഭവം ഉദ്ധരിക്കട്ടെ.
ഒരു ദിവസം ശക്തിയായ കൊടുങ്കാറ്റടിച്ചു. അത് മരുഭൂമിയിലെ മണലിനെ മധ്യധരണ്യാഴിക്കപ്പുറത്തേക്ക് കൊണ്ടുപോയി. ചൂട് അതികഠിനമായിരുന്നു. എന്റെ മുടിയിഴകള്‍ പിഴുതെടുക്കപ്പെട്ട പോലെ തോന്നി. ദുസ്സഹമായ അത്യുഷ്ണം മൂലം എനിക്ക് ഭ്രാന്ത് പിടിക്കുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. പക്ഷേ അറബികള്‍ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. ചുമല്‍ കുലുക്കിക്കൊണ്ട് അവര്‍ പരമ്പരാഗത പ്രയോഗം ഉരുവിടുക മാത്രം ചെയ്തു. നിശ്ചയിക്കപ്പെട്ട വിധി! കൊടുങ്കാറ്റ് ശമിച്ച ഉടനെ അവര്‍ സാധാരണമട്ടില്‍ അത്യുത്സാഹത്തോടെ ജോലി തുടങ്ങി. ഉഷ്ണാഘാതത്താല്‍ ചത്തു പോകാന്‍ സാധ്യതയുള്ള ആട്ടിന്‍കുട്ടികളെ പിടിച്ച് അറുത്തു. പിന്നെ കുട്ടികള്‍ ആട്ടിന്‍പറ്റങ്ങളെ തെക്കുഭാഗത്തുള്ള ജലാശയത്തിനടുത്തേക്ക് നയിച്ചു. ഇതൊക്കെ ചെയ്യുമ്പോള്‍ തികച്ചും ശാന്തരായിരുന്നു അവര്‍. ആര്‍ക്കും ഒരാവലാതിയും ഉണ്ടായിരുന്നില്ല. ഗോത്രത്തലവന്‍ പറഞ്ഞു: നമുക്ക് വലിയ നഷ്ടമൊന്നും പറ്റിയിട്ടില്ല. എല്ലാം നഷ്ടപ്പെടേണ്ടതായിരുന്നു. ദൈവത്തിനു സ്തുതി! നമ്മുടെ കന്നുകാലികളില്‍ 40 ശതമാനത്തോളം ശേഷിച്ചിട്ടുണ്ട്. നമുക്ക് ജോലി തുടരാന്‍ ഇത്രയും കൊണ്ട് സാധിക്കും'' (ഉദ്ധരണം: വിശ്വാസവും ജീവിതവും, ഡോ. യൂസുഫുല്‍ ഖറദാവി, പേജ്: 138,139).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍