സ്വാദിഖുല്‍ മഹ്ദി വിടവാങ്ങുമ്പോള്‍
സുഡാനിലെ അല്‍ ഉമ്മ പാര്‍ട്ടിയുടെ നേതാവും അല്‍ അന്‍സ്വാര്‍ ആധ്യാത്മിക കൂട്ടായ്മയുടെ ഇമാമും രണ്ട് തവണ സുഡാന്റെ പ്രധാനമന്ത്രിയുമായിരുന്ന (1966-1967; 1986-1989) സ്വാദിഖുല്‍ മഹ്ദി വിടവാങ്ങി. 1935 ഡിസംബര്‍ 26-ന് ജനിച്ച് കഴിഞ്ഞ നവംബര്‍ 26-ന് വിടവാങ്ങുന്നതു വരെയുള്ള ആയുസ്സിനിടക്ക് വലിയ രാഷ്ട്രീയ തകിടം മറിച്ചിലികളിലൂടെ കടന്നുപോവുകയായിരുന്നു ആ ജീവിതം. അദ്ദേഹത്തിന്റെ പിതാമഹന്‍ നേതൃത്വം നല്‍കിയ മഹ്ദി വിപ്ലവമായിരുന്നു ഖാര്‍ത്തൂമിനെ 1885-ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍നിന്ന് മോചിപ്പിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം വളരെ ചെറുപ്പത്തില്‍ തന്നെ സ്വാദിഖുല്‍ മഹ്ദി രാഷ്ട്രീയ ഗോദയിലിറങ്ങി. 1964-ല്‍ അല്‍ ഉമ്മ പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. താന്‍ ലക്ഷ്യമിടുന്ന രാഷ്ട്രീയ പരിഷ്‌കരണത്തിന്റെ ഒരു കരടുരേഖയും അദ്ദേഹം സമര്‍പ്പിച്ചു. പാര്‍ട്ടിക്ക് അന്‍സ്വാര്‍ ആധ്യാത്മിക കൂട്ടായ്മയില്‍നിന്ന് മാത്രം അനുയായികളെ ലഭിച്ചാല്‍ പോരെന്നും മൊത്തം സമൂഹത്തെയും ആകര്‍ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. 1964-ല്‍ 'തെക്കന്‍ സുഡാന്റെ പ്രശ്‌നം' (മസ്അലത്തുല്‍ ജനൂബ്) എന്ന പേരില്‍ ഒരു പുസ്തകമെഴുതി. പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം വേണമെന്നാണ് അന്നേ അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
പിന്നീടുണ്ടായ രാഷ്ട്രീയ മാറ്റങ്ങളൊക്കെ സ്വാദിഖുല്‍ മഹ്ദിയുമായും ബന്ധപ്പെട്ടു നില്‍ക്കുന്നു. 1964-ലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ മധ്യേ തന്നെയാണ് അദ്ദേഹം നിലയുറപ്പിച്ചത്. 1969-ല്‍ ജഅ്ഫര്‍ നുമൈരി ഭരണം അട്ടിമറിച്ച് അധികാരം പിടിച്ചപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ സ്വാദിഖുല്‍ മഹ്ദിയും ഉണ്ടായിരുന്നു. 1985-ലെ വിപ്ലവത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടാനായപ്പോള്‍ പ്രധാനമന്ത്രി പദം ഏറ്റു (1986-1989). ഉമറുല്‍ ബശീറിന്റെ സൈനിക അട്ടിമറിയുണ്ടായപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖരിലൊരാള്‍ അദ്ദേഹമായിരുന്നു. 2018-ലെ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലും നമുക്ക് അദ്ദേഹത്തെ കാണാം. കൊറോണ ബാധിച്ച് യു.എ.ഇയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ നവംബര്‍ അഞ്ചിന് ഏറ്റവുമൊടുവിലായി അദ്ദേഹം എഴുതി: 'യഥാര്‍ഥത്തില്‍ എന്റെ ജീവിതം നല്ല ചൂടുള്ള സ്റ്റീല്‍ സ്പൂണ്‍ വായില്‍ വെക്കുന്നതു പോലെയായിരുന്നു. അത് ഹൃദയത്തെയും തൊലിയെയും ഒരുപോലെ പൊള്ളിച്ചു. എട്ടര വര്‍ഷം ഞാന്‍ ജയിലിലായിരുന്നു. പന്ത്രണ്ട് വര്‍ഷം പ്രവാസം. രണ്ട് തവണ സ്വത്ത് കണ്ടുകെട്ടല്‍. തൂക്കിക്കൊല്ലാന്‍ വിധിച്ചത് ഒരു തവണ. തൂക്കിക്കൊല്ലല്‍ ശിക്ഷ വിധിക്കാവുന്ന ആരോപണങ്ങള്‍ ഉന്നയിച്ചത് മൂന്നു തവണ.'
അദ്ദേഹത്തിന്റെ രാഷ്ട്രീയവും ചിന്താപരവുമായ മുന്‍കൈയുകളെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:
ആദ്യത്തേത് പുതുക്കിപ്പണിയലും പരിഷ്‌കരണവും തന്നെ. സംഘടനാ ചട്ടക്കൂട് മൊത്തം പൊളിച്ച് പണിയണമെന്നുണ്ടായിരുന്നു അദ്ദേഹത്തിന്. അത് തന്റെ അമ്മാവനായ ഹാദി മഹ്ദിയുമായി അഭിപ്രായ ഭിന്നതക്ക് കാരണമാവുകയും 1966-ല്‍ പാര്‍ട്ടിയെ പിളര്‍പ്പില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. അങ്ങനെയാണ് മഹ്ദി കുടുംബത്തില്‍ ചേരിതിരിയലുകളുണ്ടാവുന്നത്. രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ മറ്റോ ആയ എന്ത് പ്രശ്‌നങ്ങള്‍ വന്നാലും സ്വാദിഖുല്‍ മഹ്ദി തന്റെ അഭിപ്രായം പറഞ്ഞിരിക്കും.
പൊതു കൂട്ടായ്മകളിലെ പങ്കാളിത്തമാണ് മറ്റൊന്ന്. 1964-ലെ വിപ്ലവത്തെ അദ്ദേഹം പിന്തുണച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളില്‍ അരങ്ങേറിയ പ്രക്ഷോഭങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. 2012-ല്‍ സായുധ വിഭാഗങ്ങളുമായി കരാറില്‍ ഒപ്പുവെച്ചു. 2018-ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലും അദ്ദേഹം മുന്‍നിരയില്‍ ഉണ്ട്.
വിജ്ഞാന സദസ്സുകളില്‍ ഇസ്‌ലാമിക ചിന്തക്ക് മുതല്‍ക്കൂട്ടാവുന്ന വിധത്തില്‍ ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ ദൈനംദിന രാഷ്ട്രീയം അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. അത്തരത്തിലുള്ള മൂന്ന് രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ തീര്‍ച്ചയായും അദ്ദേഹമാണ് (ഡോ. ഹസന്‍ തുറാബിയും അബ്ദുല്‍ ഖാലിഖ് മഹ്ജൂബുമാണ് മറ്റു രണ്ട് പേര്‍). സംവാദങ്ങളിലൂടെ മതങ്ങള്‍ തമ്മില്‍ അടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രധാനമന്ത്രിയായിരിക്കെ ഇറാനോട് ശത്രുതയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ കുറേ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇസ്രയേലുമായുള്ള ഒത്തുതീര്‍പ്പിനെ അവസാന ശ്വാസം വരെ എതിര്‍ത്തു.
തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പതറിപ്പോകുന്നു എന്ന് അദ്ദേഹത്തെ കുറിച്ച് വിമര്‍ശനം ഉന്നയിക്കപ്പെടാറുണ്ട്. ഇത് ചില രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെച്ചുള്ളതാണെന്ന് മനസ്സിലാക്കണം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സംശയിച്ചു നിന്നിട്ടുണ്ടെങ്കില്‍ അത് എന്തെങ്കിലും രാഷ്ട്രീയ കാര്യലാഭം മുന്നില്‍ കണ്ടുകൊണ്ടായിരുന്നില്ല; രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യം മുമ്പില്‍ വെച്ചായിരുന്നു. ഫലം എന്താകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത കാര്യങ്ങളിലേക്ക് എടുത്തുചാടി സാഹസം കാണിക്കേണ്ടവരല്ലല്ലോ പക്വമായ രാഷ്ട്രീയ നേതൃത്വം.
(അറബി 21-ലെ സുഡാനി കോളമിസ്റ്റാണ് ലേഖകന്‍)
Comments