Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

പ്രവാചകന്മാരെ ആദരിക്കാന്‍ ശാസിക്കപ്പെട്ടവര്‍

പ്രഫ. അബ്ദുര്‍റഹ്മാന്‍ കൂരങ്കോട്ട് 

2020 ഒക്‌ടോബര്‍ 16-ന്  ഫ്രാന്‍സില്‍ നടന്നത് അപലപിക്കപ്പെടേണ്ട  കൃത്യമായിരുന്നു.  മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ ക്ലാസ്സ് റൂമില്‍  പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ചെച്നിയന്‍ വംശജനായ ഒരു വിദ്യാര്‍ഥി അദ്ദേഹത്തെ കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ പേരിലായിരുന്നു അത്. വികാരം വിചാരത്തെ അതിജയിച്ചതിന്റെ ദുഷ്ഫലമായിരുന്നു ഈ സംഭവം. ഈ കൊലപാതകത്തോട് മുസ്‌ലിം പൊതു മനസ്സിന് യോജിപ്പുണ്ടാകില്ല. ഖുര്‍ആന്‍ പറയുന്നു: ''ലോകത്തിന് കാരുണ്യമായിട്ട് മാത്രമാണ് നിന്നെ നാം അയച്ചിട്ടുള്ളത്.''
കാരുണ്യത്തിന്റെ പ്രവാചകന്റെ അനുയായിയില്‍ നിന്ന് ഇങ്ങനെ വരാന്‍ പാടില്ലാത്തതായിരുന്നു. തിന്മക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതെങ്ങനെയായിരിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക: ''നല്ലതും ചീത്തയും സമമല്ല. ഏറ്റവും നല്ലതെന്തോ അതുകൊണ്ട് നീ തിന്മയെ നേരിടുക. അപ്പോള്‍ ഏതൊരാള്‍ നീയുമായി ശത്രുതയിലായിരിക്കുന്നുവോ; അവന്‍ നിന്റെ ഉറ്റ മിത്രമായി തീരുന്നതാണ്'' (41:34,35).
കാര്‍ട്ടൂണ്‍ വരച്ചും അല്ലാതെയും പ്രവാചകനെ അവഹേളിച്ച സംഭവങ്ങള്‍ പലപ്പോഴും ലോകത്തിന്റെ പല കോണുകളിലും ഉണ്ടായിട്ടുണ്ട്. ജനാധിപത്യ രീതി അവലംബിച്ചായിരിക്കണം പ്രതിഷേധങ്ങളെന്ന് എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. എഴുത്തിന്റെയും വരയുടെയും പേരില്‍ ദേഹോപദ്രവമേല്‍പ്പിക്കാനോ കൊലപ്പെടുത്താനോ ആരെയും അനുവദിച്ചുകൂടാ. ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു: ''വല്ലവരെയും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ആരെങ്കിലും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ അവന്‍  മുഴുവന്‍ മനുഷ്യരെയും രക്ഷിച്ചതിനു തുല്യമാണ്'' (5:32).
ഈ നിയമം വ്യക്തികള്‍ക്ക് കൈയിലെടുക്കാന്‍ അനുവാദമില്ല. മറിച്ച് രാജ്യത്തെ ഭരണകൂടമാണ് അത് നടപ്പിലാക്കേണ്ടത്.
പ്രവാചകനിന്ദ നടത്തുന്നവരോട് അതേ നാണയത്തില്‍ നിന്ദയും അവഹേളനവും നടത്തി പ്രതികരിക്കുന്നതും ഭൂഷണമല്ല. സഭ്യമായ പ്രതികരണമല്ലാതെ സംസ്‌കാരശൂന്യമായ ചെയ്തികളും സംസാരങ്ങളും ഖുര്‍ആന്‍ നിരോധിച്ചതാണ്: ''അല്ലാഹുവിന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ അറിവുകേട് കൊണ്ട് അല്ലാഹുവിനെയും അന്യായമായി ശകാരിക്കും'' (6:108).
മുസ്ലിംകള്‍ മുഹമ്മദ് നബിയിലും മുന്‍കഴിഞ്ഞ ദൂതന്മാരിലും വിശ്വസിക്കാന്‍ കടപ്പെട്ടവരും ദൂതന്മാരെ തള്ളിപ്പറയാനും കളിയാക്കാനും പാടില്ലാത്തവരുമാണ്. എന്നു മാത്രമല്ല അവരെ ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യേണ്ടവരുമാണവര്‍. 
മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ മുസ്ലിംകള്‍ അവര്‍ക്കുവേണ്ടി ശാന്തിക്കായി പ്രാര്‍ഥിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.  യേശു, മോശെ എന്നൊക്കെ  വിളിക്കപ്പെടുന്നവര്‍ ഉള്‍പ്പെടെ മുന്‍കാല പ്രവാചകന്മാരുടെ പേര് കേട്ടാല്‍ 'അലൈഹിസ്സലാം' എന്ന് മുസ്ലിംകള്‍ ചൊല്ലുന്നത് അവരോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ വേണ്ടിയാണ്. ഇത് മുഹമ്മദ് നബിയാണ് അവരെ പഠിപ്പിച്ചത്. 
''ദൈവദൂതന്‍ അദ്ദേഹത്തിന്റെ നാഥനില്‍നിന്ന് തനിക്കവതരിക്കപ്പെട്ട മാര്‍ഗദര്‍ശനത്തില്‍ വിശ്വസിച്ചിരിക്കുന്നു. ഈ ദൂതനില്‍ വിശ്വസിക്കുന്നവരോ അവരും ആ മാര്‍ഗദര്‍ശനത്തെ മനസ്സാ അംഗീകരിച്ചിരിക്കുന്നു. അവരെല്ലാം അല്ലാഹുവിലും അവന്റെ മാലാഖമാരിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുന്നു അവരുടെ വചനങ്ങള്‍ ഇപ്രകാരമാണ്: ''ഞങ്ങള്‍ ദൈവദൂതന്മാരില്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ഞങ്ങള്‍ വിധി ശ്രവിച്ചു. വിധേയത്വം സ്വീകരിച്ചു. ഞങ്ങള്‍ നിന്നോട് പാപമോചനം തേടുന്നവരാണ്. ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിവരേണ്ടവരുമാകുന്നു'' (ഖുര്‍ആന്‍ 2:285). 
ഇസ്ലാമോഫോബിയക്കുള്ള യഥാര്‍ഥ ചികിത്സ ഇതാണ്. സഹനസമരം  കൊണ്ടാണത് മാറ്റിയെടുക്കാനാവുക. സത്യത്തെ എക്കാലത്തും മൂടിവെക്കാനോ വികൃതമാക്കനോ കഴിയില്ല. ഒരുനാള്‍ അത് വെളിപ്പെടുക തന്നെ ചെയ്യും.   

 

ഫോട്ടോകള്‍ കൂടുന്നുവോ?

പ്രബോധനത്തില്‍ വരുന്ന എല്ലാ ലേഖനങ്ങളിലും ഫീച്ചറുകളിലും മറ്റും, ചെറിയൊരു പരാമര്‍ശം മാത്രമുള്ള വ്യകതികളുടെ ഫോട്ടോകള്‍ പോലും  അച്ചടിച്ചു വരുന്നതായി കാണുന്നു.  ഇത് ഇത്രമാത്രം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ? 
നവംബര്‍ 20-ലെ 'അകക്കണ്ണ്' എന്ന എ.ആറിന്റെ പംക്തിയില്‍ ചെറിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഒരു സ്ത്രീയുടെ ഫോട്ടോ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ? പ്രിന്റിംഗ് ചെലവ് കൂടി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്രയധികം ആളുകളുടെ കളര്‍ ഫോട്ടോകളും മറ്റും ഓരോ പേജിലും കൊടുക്കേണ്ടതുണ്ടോ? 

പി.എം.എ ജലീല്‍, വെളിയങ്കോട്

 

അല്ലാഹുവിനെ അറിഞ്ഞ് സ്മരിക്കുക 

2020 ജൂലൈ  31-ലെ പ്രബോധനത്തില്‍ 'അകക്കണ്ണ്'  എന്ന  പംക്തിയിലെ  എ.ആറിന്റെ  ലേഖനം  സമുദായ  നേതാക്കളുടെ  അകക്കണ്ണ്  തുറപ്പിക്കാന്‍  പര്യാപ്തമായെങ്കില്‍  എന്ന്  പ്രാര്‍ഥിക്കുകയാണ്. തൗഹീദിനോടൊപ്പം  ജീവിതത്തിലെ  സത്യവും  നീതിയും  പ്രവാചകാധ്യാപനങ്ങളുടെ  മര്‍മമാണെന്ന്  ലേഖനത്തില്‍ എടുത്തു  പറയുന്നുണ്ട്.  അധികാരം  കൈയിലില്ലാതിരുന്നിട്ടും  ഇത്രയേറെ  പള്ളികളും  മദ്‌റസകളും ഇസ്‌ലാമിക  കലാലയങ്ങളും നടത്തുന്ന, സാമൂഹിക സേവന രംഗത്തും മികച്ചു  നില്‍ക്കുന്ന, മതവിശ്വാസത്തിലും ഭക്തിയിലും ആരാധനാനുഷ്ഠാനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന  കേരള മുസ്‌ലിംകള്‍ക്ക്  അഭിമാനാര്‍ഹമായ ഈ മാതൃക  എന്തു കൊണ്ട് മറ്റ് രംഗങ്ങളില്‍,  വിശിഷ്യാ സാമ്പത്തിക രംഗത്ത്  നിലനിര്‍ത്താനാവുന്നില്ല? എന്തുകൊണ്ട് ആ രംഗത്ത്  മുസ്‌ലിം ക്രിമിനലുകളെ  ധാരാളമായി  കണ്ടുവരുന്നു? (പത്രം കൈയിലെടുത്താല്‍  അതൊരു യാഥാര്‍ഥ്യമാണെന്ന്  ബോധ്യപ്പെടുകയും ചെയ്യും). അത് തന്നെ ചിലപ്പോള്‍  സാമുദായിക കൂട്ടായ്മയുടെ  തലപ്പത്തുള്ളവരോ,  മഹല്ല് കമ്മിറ്റി ഭാരവാഹികളോ, മതപണ്ഡിതന്മാരെ വിളിച്ചു വരുത്തി കൊട്ടാര സമാനമായ വീടുകളില്‍ മുറ പോലെ പ്രാര്‍ഥനാ കീര്‍ത്തനങ്ങള്‍ നടത്തുന്നവരോ ആവാം. 
പള്ളി-മദ്‌റസ-കലാലയ നടത്തിപ്പിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നില്‍ക്കുന്നവരാണെങ്കിലും, വിശ്വാസത്തിലും ഭക്തിയിലും ആരാധനാനുഷ്ഠാനങ്ങളിലും മുന്നിട്ട് നില്‍ക്കുന്നവരല്ലെങ്കില്‍  ഈ കുറ്റ കൃത്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.  ആരാധനാനുഷ്ഠാനങ്ങള്‍ വിശ്വാസവും ഭക്തിയും വളര്‍ത്താനുള്ള അടിസ്ഥാനോപാധികളുമാണ്. നമ്മുടെ നമസ്‌കാരം മ്ലേഛ കാര്യങ്ങളെ തടയുന്നില്ല  എങ്കില്‍ അതിനര്‍ഥം നാം ബാഹ്യമായി വലിയ ആരാധനക്കാരെന്ന് തോന്നുമെങ്കിലും വിശ്വാസത്തിലും ഭക്തിയിലും മുന്നിലല്ല പിന്നിലാണ് എന്നല്ലേ!  പള്ളി, മദ്‌റസ, കലാലയ നടത്തിപ്പും സാമൂഹിക സേവനവും ഭക്തിക്ക് തെളിവല്ലേ എന്ന് ചോദിച്ചേക്കാം. അതില്‍ അല്‍പം ശരിയുണ്ടെങ്കിലും, എല്ലാം  ഭക്തിയുടെയും വിശ്വാസത്തിന്റെയും തെളിവാണെന്ന് പറയാനാകുമോ?  പണ്ഡിതനെയും  പോരാളിയെയും ധനികനെയും ദുന്‍യാവില്‍ പെരുമക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അല്ലാഹു  നാളെ വിചാരണ ചെയ്ത് നരകത്തിലേക്ക് അയക്കുന്നതായി ഹദീസില്‍ കാണാം. 
സൂറ 'അത്തകാസുറി'ല്‍ പറഞ്ഞ പോലെ പലതിന്റെയും പേരില്‍  ക്രഡിറ്റിനു വേണ്ടി പണ്ഡിത സംഘടനകളെ പോലും  പെരുമ നടിക്കല്‍ പ്രജ്ഞാ ശൂന്യരാക്കിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. സൂറ അന്നസ്വ്‌റില്‍,  ഏറ്റവും വലിയ വിപ്ലവ വിജയം നേടിയ പ്രവാചകനോട്  ഇതിന്റെ പേരില്‍ താങ്കളുടെ  റബ്ബിനെ സ്തുതിക്കണം എന്ന് കല്‍പിക്കുന്നുണ്ട്. കാരണം ഇത് താങ്കളുടെ സാമര്‍ഥ്യം കൊണ്ട് ഉണ്ടായതല്ല  നാഥന്റെ ഔദാര്യമാണ് എന്ന് ഉണര്‍ത്തുകയാണ്. ഇനിയും വല്ല പോരായ്മയും താങ്കളില്‍ വന്നിട്ടുണ്ടെങ്കില്‍ റബ്ബിനോട് പാപമോചനം തേടൂ എന്നാണ് അല്ലാഹു കല്‍പിക്കുന്നത്. ഇതെല്ലാം പഠിച്ചറിഞ്ഞവര്‍ തന്നെയാണ് റബ്ബിന്റെ പെരുമയെ വാഴ്ത്താതെ സ്വയം പെരുമ നടിക്കുന്നത്. അപ്പോള്‍ കുറ്റ കൃത്യങ്ങളിലെ മുസ്‌ലിം നാമങ്ങള്‍ എന്തായാലും ഭക്തിയുടെയും വിശ്വാസത്തിന്റെയും ആരാധനാനുഷ്ഠാനങ്ങളുടെയും മികവല്ല, പോരായ്മയാണ് സൂചിപ്പിക്കുന്നത്. 
പള്ളിയില്‍ ചെന്ന് അല്ലാഹുവാണ് വലിയവന്‍ എന്ന് വാഴ്ത്തി പറയുന്നവന്‍ പുറത്തിറങ്ങിയാല്‍ ആ വലിയവന്റെ ഇംഗിതത്തിന് വിപരീതമായി പണമാണ് വലുത് എന്ന് പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കുന്നു. അല്ലാഹു വലിയവനാണെന്ന് ഉരുവിടുമ്പോള്‍ ആ വലിയവന്റെ മഹത്വം എത്ര മാത്രമുണ്ടെന്ന് ബോധമണ്ഡലത്തില്‍ തിരിച്ചറിയാതെ, പലതരം ഭൗതിക ചിന്തകളോടെ മനസ്സാന്നിധ്യമില്ലാത്ത, നാമമാത്രമായ, നിര്‍ജീവമായ, പറച്ചിലുകള്‍ ഹൃദയത്തില്‍ ഈമാനും ഭയഭക്തിയും നിറയ്ക്കാന്‍ പര്യാപ്തമല്ല എന്നതല്ലേ ശരി! 

കെ. സെയ്തലവി, ടി.എന്‍ പുരം

 

സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴി

ഹാഥറസ്,  ഒരു പാവം ദലിത് പെണ്‍കുട്ടിയുടെ മരണത്തിന്റെ പേരില്‍ അറിയപ്പെട്ട ഉത്തര്‍ പ്രദേശിലെ ആ ഗ്രാമത്തെക്കുറിച്ച് എ.എസ്  അജിത്കുമാറിന്റെ ലേഖനം (പ്രബോധനം 3174) ഓര്‍മിപ്പിക്കുന്നുണ്ട്. എങ്കിലും ചിലരെ സംബന്ധിച്ച് ആ  സംഭവം വലതുപക്ഷ രാഷ്ട്രീയത്തിന് മോടി കൂട്ടാന്‍ വേണ്ടി മനഃപൂര്‍വം സൃഷ്ടിച്ചതാണല്ലോ എന്നോര്‍ക്കുമ്പോള്‍, അസഹനീയമായി മാറുന്നു. ഏതെങ്കിലും ദലിതനെയോ മുസ്‌ലിമിനെയോ നിഷ്‌കരുണം വകവരുത്തുന്നതോടെ സംഘ് രാഷ്ട്രീയത്തിന് ഒരു പുതിയ സംസ്ഥാന ഭരണം കൂടി കൈപ്പിടിയിലാകുന്ന അവസ്ഥയാണ് നാം കാണുന്നത്. ഇതെത്ര കാലം തുടരും? ആരിതിനു തടയിടും? ഈ മര്‍ദിതരില്‍ നിന്നും ആരാണ് ഇതിനെതിരെ ഉയര്‍ന്നുവരാനുള്ളത്? അതോര്‍ത്ത് നമ്മളില്‍ ആര്‍ക്കാണ് ഉറക്കം നഷ്ടപ്പെടുന്നത്?
പാവപ്പെട്ട, സംഘടനാ സാമര്‍ഥ്യമില്ലാത്ത മുസ്‌ലിമും ദലിതനും എന്തുകൊണ്ട് ജീവിതം കരഞ്ഞു തീര്‍ക്കുന്നു? അതിനവര്‍ സ്വയം നിന്നു കൊടുക്കുകയല്ലേ? ഒരു മാറ്റത്തിനു  നമുക്കെന്താണ് തോന്നി തുടങ്ങാത്തത്?
ഉവൈസിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വളര്‍ച്ചയെ ജനങ്ങളില്‍ ചിലരെങ്കിലും  പ്രതീക്ഷയോടെ കാത്തിരിക്കുന്നത്, ശുദ്ധ രാഷ്ട്രീയം മോഹിച്ചു മാത്രമാണ്. മുസ്‌ലിം സംഘടിച്ചു പോയാല്‍ അത് തീവ്രവാദം എന്നു പറഞ്ഞ് ന്യൂനപക്ഷ രാഷ്ട്രീയക്കാര്‍ പോലും മണ്ണിലൊളിക്കുന്ന ഒട്ടകപ്പക്ഷി നയം സ്വീകരിക്കുകയാണോ? ശുദ്ധ രാഷ്ട്രീയം എന്താണെന്നു കാട്ടിക്കൊടുക്കാന്‍, അതിനുള്ള ഇടം കണ്ടത്തി  അതുവഴി ഇന്ത്യന്‍ രാഷ്ട്രീയത്തിലൊരു  പുതുവഴി തെളിയിക്കാന്‍ പുതപ്പിനടിയില്‍നിന്നും എഴുന്നേല്‍ക്കുക തന്നെ വേണം.  

നാസര്‍ വെള്ളൂസ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍