Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

വിശ്വാസവും മതങ്ങളും

വി.എസ് സലീം

ഒരാള്‍ വിശ്വാസിയാണോ, ഭക്തനാണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ? മനസ്സിലെ വിശ്വാസത്തിനും ഭക്തിക്കും ബാഹ്യമായ ലക്ഷണങ്ങളുണ്ടോ?
രണ്ടു വിധത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാം: ഒന്ന്, വിശ്വാസം മനസ്സിനകത്താണ് കുടികൊള്ളുന്നത്. അത് പുറമേ നിന്ന് ആര്‍ക്കും കാണാനാവില്ല. രണ്ട്, വിശ്വാസം ഒരാളുടെ സംസ്‌കാരത്തെയും പ്രവൃത്തിയെയും സ്വാധീനിക്കുകയും അയാളുടെ ജീവിതവ്യവഹാരങ്ങളില്‍ പ്രകടമാവുകയും ചെയ്യും. ഇപ്പറഞ്ഞ രണ്ടും സത്യമാണ്. പക്ഷേ, അത് യഥാര്‍ഥ വിശ്വാസത്തിന്റെ കാര്യമാണ്.
അപ്പോള്‍, യഥാര്‍ഥമല്ലാത്ത വിശ്വാസവുമുണ്ടോ?
ഉണ്ടല്ലോ. കപടവിശ്വാസം, അന്ധവിശ്വാസം, അസത്യവിശ്വാസം.... അങ്ങനെ പലതും! ഇതിന്റെയൊക്കെ ചില ചേഷ്ടകളും പ്രകടനങ്ങളുമാണ് അനുഷ്ഠാനങ്ങളെന്നും ആരാധനകളെന്നുമുള്ള പേരില്‍ പലപ്പോഴും നാം കണ്ടുവരുന്നത്. അത്തരം ചേഷ്ടകളും ബാഹ്യപ്രകടനങ്ങളും നോക്കിയാണ് ആളുകളെ നാം വിശ്വാസികളെന്നും ഭക്തരെന്നുമൊക്കെ വിലയിരുത്തുന്നതും!
വെളുപ്പ്, കറുപ്പ്, കാവി തുടങ്ങിയ നിറങ്ങളെല്ലാം ഓരോരുത്തരും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്ന വസ്ത്രവര്‍ണങ്ങളായി തരംപോലെ ഉപയോഗിച്ചുവരുന്നു. ചിലര്‍ തൊപ്പിയോ തലപ്പാവോ ചിത്രാങ്കിതമായ സ്ഥാനവസ്ത്രങ്ങളോ ധരിക്കുന്നു. ചിലര്‍ ചില ചിഹ്നങ്ങളും രൂപങ്ങളും മാലകളിലും മോതിരങ്ങളിലുമണിയുന്നു. കൈത്തണ്ടകളില്‍ വര്‍ണച്ചരടുകള്‍ കെട്ടുന്നവരും, തുടകളിലും ഭുജങ്ങളിലും ടാറ്റൂ കുത്തുന്നവരും, ശൂലവും കൃപാണവും ദണ്ഡും കൈയിലേന്തുന്നവരും, കുറി തൊടുന്നവരും, ശരീരത്തില്‍ ഭസ്മം പൂശുന്നവരും, ഏലസ്സ് കെട്ടുന്നവരും, ഭജന പാടുന്നവരും,  സന്ധ്യാ ദീപം കൊളുത്തുന്നവരും, ചന്ദനത്തിരിയോ മെഴുകുതിരിയോ കത്തിക്കുന്നവരും, പലതരം മാലകളിടുന്നവരും, ജപമാലകളില്‍ മന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നവരും, പള്ളിയിലോ അമ്പലങ്ങളിലോ പോകുന്നവരും, കുരിശു വരയ്ക്കുന്നവരും കുര്‍ബാനകളില്‍ പങ്കുകൊള്ളുന്നവരും കാണിക്കവഞ്ചികളില്‍ കാശിടുന്നവരുമെല്ലാമെല്ലാം പ്രത്യക്ഷത്തില്‍ വിശ്വാസികളും ഭക്തരുമായി കണക്കാക്കപ്പെടുന്നു.
ഇത്തരമാളുകള്‍ രഹസ്യമായോ പരസ്യമായോ കള്ളു കുടിക്കുന്നതും കുടിപ്പിക്കുന്നതും, സദാചാരം കാറ്റില്‍ പറത്തി അഴിഞ്ഞാടുന്നതും, നഗ്നത മറയ്ക്കാതിരിക്കുന്നതും, കൊലപാതകം നടത്തുന്നതും, മോഷ്ടിക്കുന്നതും, പലിശക്കച്ചവടത്തിലേര്‍പ്പെടുന്നതും, കരിഞ്ചന്തയും കള്ളക്കച്ചവടവും നടത്തുന്നതും, കള്ളനോട്ടടിക്കുന്നതും, തെരഞ്ഞെടുപ്പില്‍ കള്ളത്തരം കാണിക്കുന്നതും, കള്ളവോട്ട് ചെയ്യുന്നതും, കള്ളം പറയുന്നതും, കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും, കടം വാങ്ങി മുങ്ങുന്നതും.... ഇതൊന്നും അവര്‍ പുറമേ ഭാവിക്കുന്ന വിശ്വാസത്തിനും ഭക്തിക്കും നിരക്കാത്തതായി ആരും കണക്കാക്കുന്നുമില്ല!
അതേസമയം, ഇത്തരം ബാഹ്യ പ്രകടനങ്ങളൊന്നുമില്ലാതെ ജീവിതവിശുദ്ധി പുലര്‍ത്തുന്നവരെ ആരും ഭക്തരോ വിശ്വാസികളോ ആയി ഗണിക്കുന്നുമില്ല.
'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു'എന്ന വയലാറിന്റെ പ്രസിദ്ധമായ  വരികളുണ്ടല്ലോ. ഏതാണ്ട് അതിനു സമാനമായ ഒരു പൊതുബോധം ഇവിടെ നിലനില്‍ക്കുന്നുണ്ട്.  അണ്ടിയാണോ മാവാണോ ആദ്യമുണ്ടായത് എന്ന ചോദ്യം പോലെ, ഇത്തരം രചനകള്‍ പൊതുബോധത്തില്‍നിന്നാണോ, അതോ പൊതുബോധം ഇവയില്‍ നിന്നാണോ ഉണ്ടാകുന്നതെന്ന കാര്യത്തിലേയുള്ളു ചെറിയൊരു സംശയം.
ഉദാഹരണമായി, കുട്ടികളുടെ പരീക്ഷക്ക് ഇങ്ങനെയൊരു ചോദ്യം വരുന്നു: താഴെ പറയുന്ന ഉത്തരങ്ങളില്‍നിന്ന് ശരിയായത് തെരഞ്ഞെടുത്തെഴുതുക:
ഇസ്ലാം മതസ്ഥാപകനാര്?
ഉത്തരം:
1. യേശു ക്രിസ്തു
2. മുഹമ്മദ് നബി
3. ഗുരുനാനാക്ക്
രണ്ടാമത്തെ ഉത്തരം തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥിക്ക് തീര്‍ച്ചയായും മാര്‍ക്ക് കിട്ടും. ഇതോടൊപ്പം ആ പൊതുബോധവും സൃഷ്ടിക്കപ്പെടുന്നു! അറിയപ്പെട്ട എല്ലാ മതങ്ങളും ഓരോരോ മഹാപുരുഷന്മാര്‍ സ്ഥാപിച്ചതാണെന്നതാണ് ആ പൊതുബോധം. വാസ്തവത്തില്‍ സത്യമെന്താണ്?
മുഹമ്മദ് നബിയാണോ ഇസ്ലാം മതം സ്ഥാപിച്ചത്? യേശുവാണോ ക്രിസ്തുമതമുണ്ടാക്കിയത്? ഗുരുനാനാക്കാണോ സിക്ക് മതത്തിന്റെ ശില്‍പി?
ഒരു പ്രവാചകനും മഹാപുരുഷനും സ്വന്തമായി ഒരു മതവും സ്ഥാപിച്ചിട്ടില്ല എന്നതാണ് സത്യം. അവരൊക്കെയും ആത്മാന്വേഷണത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച്, മനുഷ്യരെ പ്രബോധനം ചെയ്തത് ദൈവത്തിനു വഴിപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതസംസ്‌കാരത്തിലേക്കാണ്. അതിനുള്ള ഒരു കര്‍മപദ്ധതിയും അവര്‍ സ്വജനതക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ചെറുതെങ്കിലും, അവരെ അനുസരിക്കുന്ന ഒരു വ്യവസ്ഥാപിത സമൂഹവും അതോടൊപ്പം നിലവില്‍ വന്നു. അത്തരം സമൂഹങ്ങള്‍ ചിലപ്പോള്‍ ഒരു രാഷ്ട്രത്തോളം വളരുകയും ചെയ്തു. പക്ഷേ, കാലമേറെ ചെന്നപ്പോള്‍ അവയത്രയും ശോഷിച്ചു ശോഷിച്ച് ഇല്ലാതായി.
ജനങ്ങളില്‍ ബഹുഭൂരിപക്ഷവും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വശംവദരായിരിക്കുമെന്നത് ഒരു യാഥാര്‍ഥ്യമാണ്. അവരുടെ ഇഛകള്‍ പ്രവാചകശാസനകളുമായി ഏറ്റുമുട്ടും. സ്വാഭാവികമായും അതിനും ക്രമത്തില്‍ ഒരു സംഘടിത സ്വഭാവവും ആക്രമണോത്സുകതയും കൈവരും. ഇവരുടെ നേതൃത്വം പലപ്പോഴും ജനങ്ങളുടെ അജ്ഞതയില്‍നിന്ന് മുതലെടുത്തു ജീവിക്കുന്ന പുരോഹിതര്‍ക്കും, അധികാരസുഖം ആസ്വദിച്ചുകഴിയുന്ന ഭരണവര്‍ഗത്തിനുമായിരിക്കും. ഇത്തരക്കാരുടെ ഇഛകളും സ്വാര്‍ഥങ്ങളുമാണ് അവരെ ആ വഴിക്ക് നയിക്കുക. അതു തന്നെയാണ് ഇബ്‌ലീസെന്നും ചെകുത്താനെന്നുമൊക്കെ നാം വിളിക്കുന്ന ആ പ്രതിലോമ ശക്തിയും.
ഇങ്ങനെ, പ്രവാചകന്മാരുടെ സല്‍സമൂഹത്തിന്റെ സ്ഥാനത്ത് പൗരോഹിത്യവും ഭരണവര്‍ഗവും പൈശാചിക ശക്തികളും ചേര്‍ന്ന് സൃഷ്ടിച്ച ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സമ്മിശ്ര രൂപത്തിനെയാണ് ഇന്ന് നാം പലപ്പോഴും മതങ്ങള്‍ എന്ന് വിളിച്ചുവരുന്നത്. ആ അര്‍ഥത്തില്‍ അത്തരം മതങ്ങള്‍ മനുഷ്യസൃഷ്ടിയാണെന്ന വാദം ശരിയുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍