Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

മുസ്‌ലിം സ്ത്രീകളുടെ സിനിമാ സാന്നിധ്യം

ഡോ. യൂസുഫുല്‍ ഖറദാവി

ചോദ്യം: ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ഞങ്ങളുടെ അര്‍രിസാല ചാനലില്‍ പ്രോഗ്രാം അവതാരികയായോ ഗസ്റ്റ് ആയോ സിനിമാ നടിയായോ സീരിയല്‍ നടിയായോ നിര്‍ത്താമോ?
അതേസമയം മാന്യതയുടെയും സഭ്യതയുടെയും അതിരുകള്‍ പാലിച്ചുകൊണ്ടും സെക്സ് അപ്പീല്‍ ഒട്ടും ഇല്ലാത്ത നിലയിലുമാകും അവരുടെ വസ്ത്രധാരണം.
സാമൂഹികവും ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പരിപാടികളില്‍ ഹിജാബ് ധരിക്കാതെ -അതേസമയം മാന്യമായ വസ്ത്രധാരണം സ്വീകരിച്ചുകൊണ്ട്- സ്ത്രീകള്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്? സ്ത്രീകളുടെയും കുട്ടികളുടെയും പരിപാടികളിലോ പ്രത്യേക വിഷയങ്ങളിലെ ഇന്റര്‍വ്യൂവിനോ ആയിരിക്കും അവര്‍ പങ്കെടുക്കുന്നത്. അനുയോജ്യമായ ബദല്‍ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്.
ഡോ. ത്വാരിഖ് സുവൈദാന്‍, ഡയറക്ടര്‍, അര്‍രിസാല ചാനല്‍

സുപ്രധാനമായ രണ്ടു വസ്തുതകള്‍ ഇവിടെ ആദ്യമായി അംഗീകരിക്കേണ്ടതുണ്ട്. ഒന്ന്, സ്ത്രീകളെ പറ്റെ ഒഴിവാക്കി ഒരു ടെലിവിഷന്‍ ചാനലിനും മന്നോട്ടു പോവുക സാധ്യമല്ല. കാരണം, സ്ത്രീയാണ് സമൂഹത്തിന്റെ അര്‍ധാംശം. മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണത്. ''പുരുഷനായാലും സ്ത്രീയായാലും.... നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍നിന്നുള്ളവരാണ്'' (ആലുഇംറാന്‍ 195).
''മനുഷ്യപിതാവായ ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അതേ വര്‍ഗത്തില്‍നിന്ന് അവന്റെ ഇണയെയും അല്ലാഹു സൃഷ്ടിച്ചു; അവളോടൊത്ത് ശാന്തി നുകരാന്‍. എന്നിട്ടവന്‍ പറഞ്ഞു: നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ വസിക്കുക.'' ഒന്നാമത്തെ ദൈവിക കല്‍പന അവര്‍ രണ്ടു പേരോടുമായിരുന്നു; ഈ മരത്തെ നിങ്ങള്‍ രണ്ടു പേരും സമീപിക്കരുത്. എങ്കില്‍ നിങ്ങള്‍ അക്രമികളില്‍ പെട്ടവരാകും (അല്‍ബഖറ 35). ആദമിനു ശേഷമുള്ള പ്രവാചക ചരിത്രങ്ങളിലെ -നൂഹ്, ഇബ്റാഹീം, യൂസുഫ്, മൂസാ, ഈസാ, മുഹമ്മദ്- സ്ത്രീകളുടെ പങ്ക് നമുക്ക് കാണാം. അതിനാല്‍ സ്ത്രീകളെ മാറ്റിനിര്‍ത്തി ഒരു ജീവിത സങ്കല്‍പം നീതികേടും നിഷേധാത്മകവുമാണ്.
രണ്ട്, വിവരസാങ്കേതിക വിദ്യയുടെ മത്സരരംഗത്തേക്ക് പ്രവേശിക്കാന്‍ നാമുദ്ദേശിക്കുന്നുവെങ്കിലും, മറ്റുള്ളവരുടെ വാര്‍ത്താവിനിമയ സംവിധാനത്തോട് കിടപിടിക്കുന്നതോ അവയെ കവച്ചുവെക്കുന്നതോ ആയ ഒരു ബദല്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നുവെങ്കിലും  ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ രണ്ട് അടിസ്ഥാനങ്ങള്‍ നിര്‍ബന്ധമായും നാം അംഗീകരിക്കണമെന്ന് എനിക്ക് തോന്നുന്നു:
1) ലളിതവല്‍ക്കരണം (തൈസീര്‍) അഥവാ, കാര്യങ്ങളെ എളുപ്പമാക്കുക എന്നതാവണം, ദുഷ്‌കരമാക്കുക എന്നതാകരുത് നമ്മുടെ നിലപാട്. വെറുപ്പിക്കുകയല്ല, സന്തോഷിപ്പിക്കുകയാണ് വേണ്ടത്. ചില സുഹൃത്തുക്കള്‍ക്ക് ഇതംഗീകരിക്കാന്‍ കഴിയുന്നില്ല. അവര്‍ പറയും: 'ഞങ്ങള്‍ തെളിവിനോടൊപ്പമാണ്. അത് എളുപ്പമായാലും കുടുസ്സായാലും.' എനിക്കവരോട് പറയാനുള്ളത് എളുപ്പമാക്കുക എന്നത് പ്രവാചക മാതൃകയാണ്. അബൂമൂസായെയും മുആദിനെയും യമനിലേക്ക് നിയോഗിച്ചപ്പോള്‍ അവരോട് നബി(സ) കല്‍പിച്ചതങ്ങനെയാണ്. പിന്നീട് സമുദായത്തെ മുഴുവന്‍ ഉപദേശിച്ചതും ഇതേ കാര്യമായിരുന്നു. അനസ് (റ) പറഞ്ഞു: ''നിങ്ങള്‍ എളുപ്പമാക്കുവിന്‍, ഞെരുക്കമാക്കരുത്.'' പള്ളിയില്‍ മൂത്രമൊഴിച്ച അഅ്റാബി(ഗ്രാമീണന്‍)യോട് കയര്‍ത്ത തന്റെ അനുചരന്മാരോട് തിരുമേനി പറഞ്ഞു: ''അയാളുടെ മൂത്രം മുറിപ്പിക്കേണ്ട. മൂത്രിച്ചേടത്ത് ഒരു തൊട്ടി വെള്ളമൊഴിച്ചാല്‍ മതി. നിങ്ങളെ എളുപ്പമുണ്ടാക്കാനാണ് നിയോഗിച്ചത്, ഞെരുക്കമുണ്ടാക്കാനല്ല.''
ഒരു വിഷയത്തില്‍ തുല്യപ്രാധാന്യമുള്ള രണ്ട് അഭിപ്രായങ്ങളുണ്ടെങ്കില്‍ -അതിലൊന്ന് കൂടുതല്‍ സൂക്ഷ്മവും മറ്റേത് കൂടുതല്‍ എളുപ്പമുള്ളതുമാണെങ്കില്‍- സാധാരണ ജനങ്ങളോട് എപ്രകാരമാണ് നാം ഫത്‌വ കൊടുക്കേണ്ടതെന്ന് ഇത് വ്യക്തമാക്കുന്നു.
ലളിതവല്‍ക്കരണത്തിന്റെയും ആയാസവല്‍ക്കരണത്തിന്റെയും കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുണ്ടാകും. പ്രമാണത്തിന്റെ അക്ഷരങ്ങളില്‍ അള്ളിപ്പിടിക്കുന്നവരും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നോക്കുന്നവരും അവരിലുണ്ടാകും. വിട്ടുവീഴ്ചകളില്‍ വിശാലത പുലര്‍ത്തുന്നവരും ഇടുക്കം സൃഷ്ടിക്കുന്നവരുമുണ്ടാകും. നമ്മുടെ പൈതൃകത്തില്‍ ഇബ്നു ഉമറിന്റെ സങ്കുചിതത്വങ്ങളും ഇബ്നു അബ്ബാസിന്റെ വിട്ടുവീഴ്ചകളും നമുക്ക് കാണാം.
പ്രക്ഷേപണ മേഖലയില്‍ ലളിതവല്‍ക്കരണത്തിന്റെ കര്‍മശാസ്ത്രം ഏറ്റവുമേറെ അനിവാര്യമാക്കുന്ന ഒരു കാലഘട്ടമാണിത്. മുഖം ഔറത്താണ് എന്ന് കടുംപിടിത്തമുള്ളവര്‍ ഉണ്ടെങ്കിലും മുഖം ഔറത്തല്ല എന്ന് പറയുന്ന അഭിപ്രായമാണ് പ്രക്ഷേപണ കര്‍മശാസ്ത്രം സ്വീകരിക്കേണ്ടത്. ഫോട്ടോഗ്രാഫി നിഷിദ്ധമാക്കുന്നവര്‍ ഒരു ഭാഗത്തുണ്ടെങ്കിലും ഫോട്ടോഗ്രാഫിയും ടെലിവിഷന്‍ ഷൂട്ടിംഗുമെല്ലാം അനുവദനീയമാക്കുന്ന അഭിപ്രായത്തിനാണ് നാം മുന്‍ഗണന നല്‍കേണ്ടത്. സംഗീതോപകരണങ്ങളോട് കൂടിയും അല്ലാതെയും ഗാനാലാപനം നിഷിദ്ധമാക്കുന്നവര്‍ ഒരു വശത്തുണ്ടെങ്കിലും ചില ഉപാധികളോടെ അതൊക്കെ അനുവദിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്.
2) പടിപടിയായി ലക്ഷ്യത്തിലേക്ക് പോവുക (തദര്‍റുജ്). ക്രമപ്രവൃദ്ധമായി വളരുകയെന്നത് പ്രാപഞ്ചിക വ്യവസ്ഥയാണ്. ഇസ്‌ലാമിക ശരീഅത്തിലും അപ്രകാരം തന്നെ. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും വിശ്വാസികളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു ഇസ്‌ലാമിക പ്രക്ഷേപണ സംസ്‌കാരം സൃഷ്ടിച്ചെടുക്കാന്‍ നാം ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടതുണ്ട്. കലാവൈഭവവും വൈദഗ്ധ്യവുമുള്ള പരിചയസമ്പന്നരായ കാഡറുകള്‍ നമുക്കനിവാര്യമാണ്. ഇതിന് ദീര്‍ഘമായ സമയമെടുക്കും. ധാരാളം മനുഷ്യവിഭവങ്ങള്‍ സജ്ജമാക്കണം. വമ്പിച്ച തോതിലുള്ള ഫണ്ടിംഗും നിര്‍ബന്ധമാണ്. എങ്കിലേ വൈവിധ്യമാര്‍ന്ന ദൗത്യങ്ങള്‍ നിറവേറ്റാന്‍ പ്രഗത്ഭരായ കലാകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ.
നിര്‍ബന്ധമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിലും നിഷിദ്ധമായവ തടയുന്നതിലും ഇസ്‌ലാമിക അധ്യാപനങ്ങള്‍ എപ്രകാരമാണ് ക്രമാനുഗതികത്വം സ്വീകരിച്ചതെന്ന് നമുക്കറിയാം. മദ്യം ഘട്ടംഘട്ടമായി നിരോധിച്ചത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. പുരോഗതി പ്രാപിച്ച സമൂഹങ്ങളുമായി മത്സരിക്കാന്‍ പ്രാപ്തമായ ഒരു സമകാലീന മുസ്‌ലിം സമൂഹത്തെ സൃഷ്ടിക്കുന്ന കാര്യത്തില്‍ നാമെന്തുകൊണ്ട് ഇത് വിസ്മരിക്കുന്നു? നമ്മുടെ അടിസ്ഥാന മൂല്യങ്ങളും ആദര്‍ശങ്ങളും മുറുകെ പിടിച്ചുകൊണ്ടാവണം അതെന്നു മാത്രം.
യസ്സറ, തദര്‍റുജ് എന്ന രണ്ടടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ഹിജാബ് ധരിക്കാത്ത ഒരു വനിതയെ കൊണ്ടുവരുന്നതില്‍ ഒരു വിരോധവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പ്രോഗ്രാം അവതാരിക ചാനലിലെ തന്നെ ഒരുദ്യോഗസ്ഥയായതിനാല്‍ അത് ഇത്തരക്കാരിയാകാവതല്ല. ആഭാസകരവും അമാന്യവുമായ വസ്ത്രധാരണം ഒഴിവാക്കി അത് ശാലീനവും കുലീനവുമാവണമെന്നേയുള്ളൂ. ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരനിവാര്യത എന്ന നിലക്കാണിത്. നിര്‍ബന്ധിതാവസ്ഥകള്‍ക്ക് അവയുടെ പ്രത്യേക ഇളവുകളുണ്ട്. നിര്‍ബന്ധിതാവസ്ഥയുടെ തോതനുസരിച്ചാണ് ഇളവുകളുടെ ആനുകൂല്യം ഉണ്ടാവുക. അത് ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷതകളില്‍ പെട്ടതാണ്.
എന്നാല്‍ ഹിജാബ് ധരിക്കുന്നവരും വസ്ത്രധാരണത്തില്‍ ഇസ്‌ലാമിക രീതി സ്വീകരിക്കുന്നവരുമായ യുവതികളെ കണ്ടെത്താന്‍ ചാനല്‍ പരമാവധി ശ്രമിക്കണം. സ്ഥിതിഗതികള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം നിലവിലുള്ള യാഥാര്‍ഥ്യങ്ങളുമായി അതിന് ഒത്തുപോകാം. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ലക്ഷ്യപ്രാപ്തിയിലെത്താം. ഓരോരുത്തരുടെയും നിയ്യത്താണ് പരിഗണിക്കുക. പരിശ്രമത്തിന് പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. 

വിവ: വി.കെ അലി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍