പ്രബോധനം സമസ്യയും സമീപനവും
മനുഷ്യരെ ദൈവിക സരണിയിലേക്ക് ക്ഷണിക്കുക എന്നതാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ധര്‍മം. ജനങ്ങളെ അഭിമുഖീകരിച്ചും ജനങ്ങളെ സംബോധന ചെയ്തുമാണ് പ്രബോധന ദൗത്യനിര്‍വഹണം സാധിതമാകുന്നത്. പ്രബോധന പ്രവര്‍ത്തനം ജീവിതഗന്ധിയാവണം. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ വരട്ടു തത്ത്വവാദങ്ങളില്‍ അഭിരമിക്കുന്നവരെ കാലം പുറം തള്ളും. ജീവിതത്തിന്റെ സര്‍വതോമുഖമായ മണ്ഡലങ്ങളില്‍ വെളിച്ചവും ദിശാബോധവും നല്‍കാന്‍ പ്രബോധനം പ്രാപ്തമാകുമ്പോള്‍ മാത്രമേ ജനങ്ങള്‍ അതിനെ യഥാര്‍ഹം ശ്രദ്ധിക്കുകയും വിലയിരുത്തുകയുമുള്ളൂ. നിത്യജീവിതസ്പര്‍ശിയല്ലാത്ത വിഷയങ്ങളില്‍ കെട്ടിമറിയുകയും സിദ്ധാന്തലോകത്ത് വിഹരിക്കുകയും ചെയ്യുന്ന പണ്ഡിതമാന്യന്മാര്‍ക്ക് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാവില്ല. പ്രബോധനദൗത്യം നിര്‍വഹിച്ചുകൊണ്ടിരുന്ന പ്രവാചകന്മാരെ കുറിച്ച ആരോപണങ്ങളിലൊന്ന് ജനമധ്യത്തില്‍ സമൂഹത്തിന്റെ പൊടിയും പുകയുമേറ്റ് കഴിയുന്ന സാധാരണ മനുഷ്യര്‍ എന്നതായിരുന്നുവല്ലോ. ''അവര്‍ പറഞ്ഞു: അന്നം ആഹരിക്കുകയും അങ്ങാടികളില്‍ നടക്കുകയും ചെയ്യുന്ന ഇയാള്‍ എന്ത് ദൈവദൂതന്‍?'' (അല്‍ഫുര്‍ഖാന്‍: 7).
ജനജീവിതത്തിന്റെ സ്പന്ദനങ്ങളോട് സചേതനമായി പ്രതികരിക്കാന്‍ പ്രബോധകന് കഴിയണം. വീടും വീട്ടുകാരും, ഗാര്‍ഹിക പ്രശ്‌നങ്ങള്‍, സന്തോഷങ്ങള്‍, സന്താപങ്ങള്‍, അവരുടെ കണ്ണീരും പുഞ്ചിരിയും, ജനങ്ങളെ അലട്ടുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, പിരിമുറുക്കങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ദാമ്പത്യ കലഹങ്ങള്‍, മാതാപിതാക്കളും മക്കളും തമ്മിലെ പ്രശ്‌നങ്ങള്‍, പിണക്കങ്ങള്‍, കേസുകള്‍, വ്യവഹാരങ്ങള്‍, കടബാധ്യതകള്‍, ഉപജീവന മാര്‍ഗങ്ങള്‍, തൊഴില്‍, ജോലി, ജനനം, മരണം, വിവാഹം, വിവാഹമോചനം തുടങ്ങി നൂറായിരം പ്രശ്‌നങ്ങളുടെ നടുക്കടലില്‍ കഴിയുന്നവരോടൊപ്പം നീന്തിയും കരപറ്റാനുള്ള ശ്രമത്തില്‍ അവരോടൊപ്പം കുതിച്ചും കിതച്ചും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ ആദര്‍ശപ്രതിബദ്ധതയുടെ സത്യസന്ധത ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയുള്ളൂ. കിളി കളഞ്ഞുപോയ കൊച്ചുകുഞ്ഞിന്റെയും ആയുസ്സിന്റെ അറുതിയില്‍ എത്തിയ വയോവൃദ്ധന്മാരുടെയും കണ്ണീരിനോടും നെടുവീര്‍പ്പിനോടുമൊപ്പം, നോക്കും വാക്കും താങ്ങുമായി നിലയുറപ്പിച്ചു എന്നതാണ് മുഹമ്മദ് നബി(സ)യുടെ വിജയം. സര്‍വര്‍ക്കും പ്രാപ്യമായിരുന്ന ആ സാധാരണ വ്യക്തിത്വം സമൂഹത്തിന്റെ സംത്രാസങ്ങളോടും സ്പന്ദനങ്ങളോടുമൊപ്പം ജീവിച്ചു.
ഭൂഖണ്ഡങ്ങള്‍ ഗ്രാമമായിത്തീര്‍ന്ന ഈ കാലത്ത് ലോക സംഭവങ്ങളെ നിര്‍മമമായും നിസ്സംഗമമായും നോക്കി നില്‍ക്കാന്‍ പ്രബോധകന്നാവില്ല. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ലോക സാഹചര്യത്തില്‍ ഒരിടത്തുണ്ടാകുന്ന സംഭവങ്ങള്‍ മറ്റിടങ്ങളിലും പ്രതിഫലനമുളവാക്കും. ജനങ്ങളുടെ മനോഘടനയിലും സാംസ്‌കാരിക ജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും അവയുടെ അനുരണനങ്ങള്‍ ഉണ്ടാവും. ഈ വസ്തുത മനസ്സിലാക്കി സമകാലിക പ്രശ്‌നങ്ങളോട് പ്രതികരിക്കാനും പ്രബോധകന് സാധിക്കണം.
പൊതുജനാഭിപ്രായം രൂപപ്പെടുന്നത്
പൊതുജനാഭിപ്രായ രൂപവല്‍ക്കരണത്തില്‍ പ്രബോധകന്‍ പങ്കാളിയാവണം. തങ്ങളുടെ ഉത്തമ ബോധ്യമാണ് ജനത്തിന്റെ നിലപാടുകള്‍ക്ക് ആധാരം. ബോധ്യങ്ങള്‍ സ്വയമേവ ഉണ്ടാകുന്നതല്ല. ബോധപൂര്‍വവും ലക്ഷ്യവേധിയുമായ പ്രവര്‍ത്തനങ്ങള്‍ അതിനാവശ്യമാണ്: ''അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്നു, നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍. അവന്‍ നിങ്ങള്‍ക്ക് കാതുകള്‍ തന്നു, കണ്ണുകള്‍ തന്നു, ചിന്താശക്തിയുള്ള മനസ്സുകളും തന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍'' (അന്നഹ്ല്‍: 78). ചുറ്റുമുള്ള ലോകത്തെ കണ്ണ് തുറന്നു കാണാനും കാതു കൊടുത്ത് കേള്‍ക്കാനും മനസ്സു കൊണ്ട് അപഗ്രഥിക്കാനും ഇന്ദ്രിയ മാധ്യമങ്ങള്‍ കനിഞ്ഞേകിയ ദൈവം, അവ ഉപയോഗിച്ച് അഭിപ്രായ രൂപവല്‍ക്കരണത്തിലേക്ക് നയിക്കുന്ന ബോധ്യം സൃഷ്ടിച്ചെടുക്കാനുള്ള ഉത്തരവാദിത്ത്വം മനുഷ്യനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ അനുഗ്രഹങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞ് ബോധമണ്ഡലത്തിലേക്ക് വെളിച്ചം മിന്നിക്കുന്നു ഖുര്‍ആന്‍: ''നാം അവന് രണ്ട് കണ്ണുകളും ഒരു നാവും ഒരു ചുണ്ടും നല്‍കിയില്ലയോ? (നന്മയുടെയും തിന്മയുടെയും) വ്യക്തമായ രണ്ട് വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്തില്ലയോ?'' (അല്‍ബലദ്: 8-10). ഓരോ വ്യക്തിയും തന്റെ നയവും നിലപാടും രൂപപ്പെടുത്തുന്നത് പ്രപഞ്ചത്തെയും ചുറ്റുമുള്ള ജീവിതങ്ങളെയും കണ്ണ് തുറന്നു കാണുകയും നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുമ്പോള്‍ ഉരുത്തിരിഞ്ഞുവരുന്ന ബോധ്യത്തില്‍നിന്നും വിശ്വാസത്തില്‍നിന്നുമാണ്. മനുഷ്യന്റെ ബോധ്യങ്ങളെയും അതുവഴി പൊതുജനാഭിപ്രായങ്ങളെയും രൂപപ്പെടുത്തുന്ന അഞ്ച് ഘടകങ്ങളുണ്ട്: 1) ജനിച്ച് വളര്‍ന്നു വലുതാവുന്ന വീടും പരിസരവും 2) പഠിക്കുന്ന വിദ്യാലയം 3) ജീവിത പരിസരം 4) ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ 5) ജനങ്ങളുമായുള്ള സഹവാസവും ഇടപെടലുകളും.
മനുഷ്യന്റെ സ്വഭാവ നിര്‍മിതിയിലും ഭാഗധേയ രൂപവല്‍ക്കരണത്തിലും നിര്‍ണായക സ്വാധീനമുള്ള ഈ അഞ്ചു ഘടകങ്ങളെയും അവയുടെ ധര്‍മങ്ങളെയും നിര്‍ണയിച്ചും നിര്‍വചിച്ചും മാത്രമേ ഫലപ്രദമായ ചുവടുവെപ്പുകള്‍ സാധ്യമാവൂ. ഉപരിസൂചിതമായ അഞ്ച് അവസ്ഥാന്തരങ്ങള്‍ അഭിമുഖീകരിക്കാതെ ഇക്കാലത്ത് ഒരു മനുഷ്യനും ജീവിതം സാധ്യമാവില്ല. ഈ ഘടകങ്ങളാല്‍ നെയ്‌തെടുക്കുന്ന ജീവിതപാശത്തെ ഉടയാതെ കൊണ്ടുനടക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു ജീവിതവിജയം. പ്രബോധകനെ സംബന്ധിച്ചേടത്തോളം അയാള്‍ അഭിസംബോധന ചെയ്യേണ്ടത് ഈ ഘട്ടങ്ങളെ അഭിമുഖീകരിക്കുന്ന വ്യക്തികളെയും അവരുടെ പ്രശ്‌നങ്ങളെയുമാണ്.
പ്രബോധനത്തിന്റെ രീതിശാസ്ത്രം വിശദീകരിക്കുന്ന ദൈവിക സൂക്തങ്ങളുടെ പ്രസക്തി ഇവിടെയാണ്: ''പ്രവാചകാ, യുക്തിപൂര്‍വമായും നന്മനിറഞ്ഞ സദുപദേശത്തോടു കൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. ഏറ്റവും നല്ല രീതിയില്‍ ജനങ്ങളോട് സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചവര്‍ ആരെന്നും സന്മാര്‍ഗഗ്രസ്തര്‍ ആരെന്നും അറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു'' (അന്നഹ്ല്‍: 125).
സുഭദ്രമായ വൈജ്ഞാനികാടിത്തറയില്‍ രൂപം നല്‍കിയ രീതിശാസ്ത്രമാവണം പ്രബോധനത്തിന് അവലംബമാക്കേണ്ടത്. മനുഷ്യജീവിതത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുതകുന്ന പദ്ധതികളും പരിപാടികളും സ്വപ്‌നങ്ങളില്‍ താലോലിക്കുന്ന 'വിഷ്യനറി' കൂടിയായാല്‍ മാത്രമേ പ്രബോധകന് ജനഹൃദയങ്ങളെ ആകര്‍ഷിക്കാന്‍ കഴിയൂ. ഉള്‍ക്കാഴ്ചയും ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങളുമുള്ള ഒരു പ്രബോധകന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകള്‍ എങ്ങനെ വേണമെന്ന് പഠിപ്പിക്കുന്നതിങ്ങനെ: ''നീ അവരോട് തീര്‍ത്തു പറഞ്ഞേക്കുക: എന്റെ മാര്‍ഗം ഇതാകുന്നു. തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് ഞാനും എന്നെ അനുഗമിച്ചവരും നിങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്. അല്ലാഹു പരിശുദ്ധനാകുന്നു. ബഹുദൈവാരാധകരുമായി എനിക്ക് യാതൊരു ബന്ധവുമില്ല'' (യൂസുഫ്: 108).
ആര്‍ജവവും ധൈഷണിക ശേഷിയും ചിന്താശക്തിയും പ്രബോധകന് അനിവാര്യമാണ്. പ്രവാചകന്മാര്‍ക്ക് നല്‍കിയ കല്‍പനകളില്‍ 'കരുത്തി'നെ കുറിച്ച പരാമര്‍ശം തെളിഞ്ഞു കാണാം. വേദഗ്രന്ഥത്തിന്റെ വാഹകര്‍ ആദര്‍ശജന്യമായ മനോധര്‍മങ്ങളുടെയും കരുത്തിന്റെയും പടച്ചട്ടയണിയണം. ''അല്ലയോ യഹ്‌യാ, വേദം കരുത്തോടെ മുറുകെ പിടിച്ചുകൊള്ളുക'' (മര്‍യം: 12).
''നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന ഈ വേദം ശക്തമായി മുറുകെപ്പിടിച്ചുകൊള്ളുക'' (അല്‍ബഖറ: 63,93).
''അനന്തരം മൂസാക്ക് നാം സകല ജീവിത തുറകളെ സംബന്ധിച്ച ഉപദേശങ്ങളും എല്ലാ സംഗതികളെയും കുറിച്ച വ്യക്തമായ നിര്‍ദേശങ്ങളും ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ട് അനുശാസിച്ചു. ഈ മാര്‍ഗദര്‍ശനങ്ങളെ കരുത്തോടെ (നിശ്ചയദാര്‍ഢ്യത്തോടെ) മുറുകെ പിടിക്കുക. അവയെ ഏറ്റവും നല്ല അര്‍ഥത്തില്‍ പിന്തുടരാന്‍ സ്വജനത്തോട് ആജ്ഞാപിക്കുകയും ചെയ്യുക'' (അല്‍ അഅ്‌റാഫ്: 145).
ചങ്കുറപ്പും ആത്മവിശ്വാസവും ആര്‍ജവവും അനിവാര്യമാണെന്ന് വേദവാഹകരായ പ്രവാചകന്മാരെ ഉണര്‍ത്തിയതോര്‍ക്കുക.
സരളം, ലളിതം, മൃദുലം
മൃദുലവും സൗമ്യവും സരളവുമായിരിക്കണം സമീപന രീതി. വീക്ഷണവ്യത്യാസം പുലര്‍ത്തുന്നവരോട് അനുനയ സമീപനം കൈക്കൊള്ളണം. പ്രതിപക്ഷ ബഹുമാനവും അവരെ അംഗീകരിക്കാനുള്ള സൗമനസ്യവും ഹൃദയ വിശാലതയും കൂടിയേ തീരൂ. ഇതിന് മികച്ച ഉദാഹരണമാണ് സൂറത്തുസ്സബഇല്‍ ചൂണ്ടിക്കാട്ടിയ സംവാദ ശൈലി: ''പ്രവാചകന്‍ അവരോട് ചോദിക്കുക: വിണ്ണില്‍നിന്നും മണ്ണില്‍നിന്നും നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാകുന്നു? പറയുക: അല്ലാഹു. ഇപ്പോള്‍ അനിവാര്യമായും ഞങ്ങളോ, നിങ്ങളോ രണ്ടിലൊരു കൂട്ടര്‍ മാത്രം സന്മാര്‍ഗത്തിലോ വ്യക്തമായ ദുര്‍മാര്‍ഗത്തിലോ ആകുന്നു. ഇവരോട് പറയുക: ഞങ്ങള്‍ ചെയ്ത തെറ്റുകളെ കുറിച്ച് നിങ്ങളോട് യാതൊന്നും ചോദിക്കുന്നതല്ല. നിങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ച് ഞങ്ങളോടും സമാധാനം ചോദിക്കുന്നതല്ല'' (സബഅ് 24,25). 'തെറ്റുകള്‍' തങ്ങളിലേക്കും 'കര്‍മങ്ങള്‍' മറ്റുള്ളവരിലേക്കും ചേര്‍ത്തു പറയുന്ന പ്രതിപക്ഷ ബഹുമാനം ഇതില്‍പരം എന്തുണ്ട്! ഈ ഹൃദയവിശാലത ശാഠ്യമുക്തമായ മനസ്സില്‍നിന്നേ ഉണ്ടാവൂ. എതിര്‍പക്ഷത്തുള്ളവരെ വിവരദോഷികളും അധര്‍മികളും വഴിപിഴച്ചവരുമായി ചാപ്പകുത്തി സംവാദത്തിലേര്‍പ്പെട്ടാല്‍ ആശയവിനിമയത്തിന്റെ സാധ്യത ഇല്ലാതാവുകയും പരസ്പരാദരവിന്റെയും പ്രതിപക്ഷ ബഹുമാനത്തിന്റെയും പാലം തകരുകയും ചെയ്യും. നിര്‍ഭാഗ്യവശാല്‍, ഇന്നത്തെ പല സംവാദ രീതികളും ഇത്തരത്തിലുള്ളതാണെന്ന് പറയാതെ വയ്യ. സ്വമതത്തില്‍പെട്ടവരെ പുളകം കൊള്ളിച്ചു കൈയടി നേടാമെന്നല്ലാതെ മറുപക്ഷത്തുള്ള ജനഹൃദയങ്ങളിലേക്ക് സ്‌നേഹപൂര്‍വം കടന്നുചെല്ലാന്‍ ഈ രീതി ഉപകരിക്കില്ല. എതിര്‍വാദങ്ങളുന്നയിച്ച് സ്വസിദ്ധാന്തസ്ഥാപനവുമായി മുന്നേറുമ്പോള്‍ മറുപക്ഷത്തുള്ളവരെ അടിച്ചിരുത്തി എന്ന സമാധാനവും ഉള്‍പുളകവും ഉണ്ടാകുമെന്നല്ലാതെ ദീനിന് ഈ ശൈലികൊണ്ട് നേട്ടമൊന്നും ഉണ്ടാവില്ലെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. വാദ-പ്രതിവാദങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും ഖണ്ഡന-മണ്ഡനങ്ങളിലൂടെയും നേടിയെടുക്കാവുന്നതല്ല ജനഹൃദയങ്ങള്‍. സംവാദ ശൈലിയെക്കുറിച്ച് പറഞ്ഞിടത്തെല്ലാം ഖുര്‍ആന്‍ 'ഹസന്‍' എന്ന പദമല്ല, 'അഹ്‌സന്‍' -ഏറ്റവും മികച്ച- എന്ന പദമാണ് ഉപയോഗിച്ചതെന്നോര്‍ക്കുക. അതിനേക്കാള്‍ മികച്ച ശൈലി ഉണ്ടാവില്ലെന്നര്‍ഥം.
ഫിര്‍ഔനെ ക്ഷണിക്കാന്‍ മൂസാ(അ)യെയും ഹാറൂനെ(അ)യും നിയോഗിച്ചയക്കുമ്പോള്‍ അല്ലാഹു നല്‍കിയ നിര്‍ദേശം ചിന്താര്‍ഹമാണ്: ''ഇരുവരും ഫറവോന്റെ അടുക്കലേക്ക് പോകുവിന്‍. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് മയത്തില്‍ സംസാരിക്കണം. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്‌തെങ്കിലോ!'' (ത്വാഹാ: 43,44).
ഖലീഫ ഹാറൂന്‍ റശീദിന്റെ കൊട്ടാരത്തില്‍ ചെന്ന് ഉപദേശി: ''എനിക്ക് ചില ഉപദേശങ്ങള്‍ നല്‍കാനുണ്ട്. സ്വരം ഉയര്‍ന്നെന്നു വരും. സംസാരം പരുക്കനായെന്നു വരും, താങ്കള്‍ക്ക് എന്റെ വാക്കുകള്‍ രുചിച്ചില്ലെന്നും വരാം.'' സംസാരം മുറിച്ച് ഹാറൂന്‍ റശീദ് അയാളോട് പറഞ്ഞു: ''അല്ലാഹു എന്നേക്കാള്‍ ദുഷിച്ച വ്യക്തിയായ ഫിര്‍ഔന്റെ അടുത്തേക്ക് നിങ്ങളേക്കാള്‍ വിശിഷ്ടനായ വ്യക്തി മൂസായെ പറഞ്ഞയക്കുമ്പോള്‍, 'നിങ്ങള്‍ രണ്ടു പേരും അയാളോട് മയത്തില്‍ സംസാരിക്കണം' എന്ന് പ്രത്യേകം നിര്‍ദേശിക്കുകയുണ്ടായി. നിങ്ങള്‍ മൂസയേക്കാള്‍ മികച്ചവനല്ല, ഞാന്‍ ഫിര്‍ഔനേക്കാള്‍ ദുഷിച്ചവനുമല്ല, നിങ്ങള്‍ക്ക് പോകാം.'' അബൂമൂസല്‍ അശ്അരിയെയും മുആദുബ്‌നു ജബലിനെയും യമനിലേക്കയക്കുമ്പോള്‍ നബി(സ): ''നിങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പമാണുണ്ടാക്കേണ്ടത്, ഞെരുക്കമല്ല. നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷം പകരണം, വെറുപ്പിക്കരുത്.'' 'അത്തയ്‌സീറു ഫില്‍ ഇബാദഃ വത്തബ്ശീറു ഫിദ്ദഅ്‌വ:' (ഇബാദത്തില്‍ എളുപ്പത്തിന്റെയും ലാളിത്യത്തിന്റെയും രീതി, പ്രബോധനത്തില്‍ സന്തോഷവും ആഹ്ലാദവും നല്‍കുന്ന ശൈലി) എന്നതാണ് രീതിശാസ്ത്രം.
ഓരോ സന്ദര്‍ഭത്തിന്റെയും താല്‍പര്യമനുസരിച്ച് അവതരണ രീതിയിലും സങ്കേതങ്ങളിലും വൈവിധ്യം ആവശ്യമാണ്. ശൈലീഭേദങ്ങളും ഭാവമാറ്റങ്ങളും ശരീരഭാഷയും ഏതെല്ലാം സന്ദര്‍ഭവേളയില്‍, എങ്ങനെയൊക്കെയായിരുന്നു എന്ന് നബി(സ)യുടെ ചരിത്രം വിവരിക്കുമ്പോള്‍ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്. വ്യക്തികളുടെ സ്വഭാവ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് സമയവും സന്ദര്‍ഭവും നോക്കിവേണം വര്‍ത്തമാനം. സംസാരത്തിന് തെരഞ്ഞെടുക്കുന്ന ഇടവും പ്രധാനം തന്നെ. വിഷയാവതരണം വസ്തുനിഷ്ഠമാവണം. സമര്‍ഥനങ്ങളില്‍ സത്യസന്ധത പുലര്‍ത്തണം. അനുമാനങ്ങളും നിഗമനങ്ങളും ഒഴിവാക്കണം. വാദഗതികളുടെ സമര്‍ഥനം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രമാണങ്ങളില്‍ നിലയുറപ്പിച്ചാവണം. പദവിന്യാസങ്ങള്‍ പോലും ശ്രദ്ധിച്ചു വേണം. ശാസ്ത്രീയവും യുക്തിസഹവും പ്രായോഗികവുമായ പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാത്ത പ്രഭാഷണങ്ങള്‍ ജനമനസ്സുകള്‍ തള്ളിക്കളയും. കാല്‍പനിക ലോകത്ത് വിരാജിക്കുന്നവരും ലളിത വിഷയങ്ങള്‍ ദുര്‍ഗ്രഹമായി അവതരിപ്പിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നവരും പ്രശംസാര്‍ഹരല്ല എന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്.
നൂതന സങ്കേതങ്ങള്‍ തേടുക
ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ വിസ്മയാവഹമായ വികാസം കൈവരിച്ച ഇക്കാലത്ത് നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രബോധകന്ന് സാധിക്കണം. പതിവു ശീലങ്ങളില്‍നിന്ന് മാറി, ആശയാവിഷ്‌കാരത്തിന്റെയും പ്രകാശനത്തിന്റെയും നൂതന മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തണം. തന്റെ നിര്‍വഹണങ്ങള്‍ 'പേഴ്‌സണല്‍ ഓഡിറ്റിംഗി'നും 'സോഷ്യല്‍ ഓഡിറ്റിംഗി'നും വിധേയമാകുന്നതില്‍ പ്രബോധകന്‍ ഒരു മടിയും കാണിക്കേണ്ടതില്ല. ശരിതെറ്റുകള്‍ വിലയിരുത്തി വേണം ഭാവിയിലുള്ള ഓരോ ചുവടുവെപ്പും.
ബഹുമത വിശ്വാസികളും ബഹുദൈവാരാധകരുമെല്ലാം ഉള്ള ബഹുസ്വര സമൂഹത്തില്‍ സ്വീകരിക്കേണ്ട നയ-നിലപാടുകളെ കുറിച്ച അടിസ്ഥാന നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ നല്‍കിയിട്ടുണ്ട്: ''(മുസ്‌ലിംകളേ) ഈ ജനം അല്ലാഹുവിനെ വെടിഞ്ഞ് വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങള്‍ ആക്ഷേപിച്ചുകൂടാത്തതാകുന്നു. അങ്ങനെ അവരുടെ ബഹുദൈവവിശ്വാസം വിജ്രംഭിച്ച്, അവര്‍ അറിവില്ലാതെ അല്ലാഹുവിനെ ഭത്സിക്കാന്‍ ഇടയാക്കും. നാമാണെങ്കില്‍ ഈ വിധം സകല ജനവിഭാഗങ്ങള്‍ക്കും അവരവരുടെ കര്‍മം അലങ്കാരമാക്കിക്കൊടുത്തിട്ടുണ്ട്. പിന്നീടവര്‍ തങ്ങളുടെ റബ്ബിങ്കലേക്ക് തിരിച്ചുവരേണ്ടവരാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തായിരുന്നു എന്ന് അപ്പോള്‍ അവന്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കും'' (അല്‍ അന്‍ആം 108).
ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഉളവായ പുതിയ പ്രശ്‌നങ്ങള്‍ കാണാതിരുന്നുകൂടാ. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഇസ്‌ലാമിനെതിരില്‍ നടന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രചാരവേലകളും ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള കുടില ശ്രമങ്ങളും തുറന്നുകാട്ടപ്പെടണം. യഥാര്‍ഥ വസ്തുതകള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ അതേ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്താനുള്ള നൈപുണിയാര്‍ജിക്കണം പ്രബോധകന്‍. സുറിയാനി ഭാഷയില്‍ വൈദഗ്ധ്യം നേടാന്‍ സൈദുബ്‌നു സാബിത്തിനെ നബി(സ) നിയോഗിച്ചത് വലിയ ഒരു പാഠം നല്‍കുന്നുണ്ട്. സുറിയാനി ഭാഷ പതിനേഴ് ദിവസം കൊണ്ടും ജൂതരുടെ ഭാഷ പതിനാല് ദിവസംകൊണ്ടും അദ്ദേഹം പഠിച്ചു പ്രാവീണ്യം നേടി. നബി(സ) പറഞ്ഞ കാരണം: 'യഹൂദരുടെ എഴുത്തുകുത്തുകളെക്കുറിച്ച് എനിക്കങ്ങോട്ട് വിശ്വാസം വരുന്നില്ല.' തനിക്ക് അവരുടെ ഭാഷ അറിഞ്ഞുകൂടാത്തതിനാല്‍ വായിക്കാനും എഴുതാനും യഹൂദികളുടെ സഹായം തേടേണ്ടിവരുന്നു. അയാള്‍ കത്തിലെ ഉള്ളടക്കം എങ്ങനെയാണ് എന്നെ ഗ്രഹിപ്പിക്കുന്നതെന്ന് അറിഞ്ഞുകൂടാ. അയാള്‍ എനിക്കു വേണ്ടി എഴുതുന്ന കത്തുകള്‍ ഏതു വിധമാണെന്നും മനസ്സിലാകില്ല എന്നു സാരം. സൈദുബ്‌നു സാബിത്തിന് നബി(സ) നല്‍കിയ നിര്‍ദേശം ഈ കാലഘട്ടത്തിലേക്ക് വികസിപ്പിച്ചാല്‍, നൂതന സാങ്കേതികവിദ്യകള്‍ പഠിച്ചു പ്രയോഗിക്കുന്നതില്‍ അലസ മനോഭാവം പാടില്ല എന്നാണ്. സൈദുബ്‌നു സാബിത്തിനെ കേവല ഭാഷാ പണ്ഡിതനാക്കുകയായിരുന്നില്ലല്ലോ നബിയുടെ ഉദ്ദേശ്യം. നബിയുടെ ലക്ഷ്യം, ഇസ്‌ലാമിന്നെതിരില്‍ നടക്കുന്ന ഉപജാപങ്ങളെ ചെറുക്കാന്‍ പ്രബോധകനെ നാനാവിധേന പ്രാപ്തമാക്കുകയെന്നതാണ്. സോഷ്യല്‍ മീഡിയയുടെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ശ്രദ്ധയൂന്നേണ്ട നിരവധി വശങ്ങളുണ്ട്:
* ഇസ്‌ലാമിന്റെ സമഗ്രത, സന്തുലിതത്വം, മധ്യമ നിലപാട്, പ്രായോഗികത, സാര്‍വലൗകികത, വികാസക്ഷമത തുടങ്ങിയ സവിശേഷതകള്‍ ബോധ്യപ്പെടുത്തുക.
* തീവ്രതയോ ജീര്‍ണതയോ ഇല്ലാത്ത സമീപനം, സുബദ്ധ വിശ്വാസം, ആത്മാവറിഞ്ഞ ഇബാദത്തുകള്‍, വിശിഷ്ട സ്വഭാവഗുണങ്ങള്‍ തുടങ്ങിയവ ജനഹൃദയങ്ങളില്‍ എത്തിക്കുക.
* പ്രമാണബദ്ധവും യുക്തിഭദ്രവുമായ ആശയാവിഷ്‌കാരം.
* സത്യം, സമത്വം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ ഉദാത്ത മൂല്യങ്ങളുടെ അനിവാര്യതയും അവയുടെ അഭാവം വരുത്തിവെക്കുന്ന ദുര്യോഗങ്ങളും.
* ജനഹൃദയങ്ങളില്‍ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകളും പ്രത്യാശകളും വളര്‍ത്തുന്ന രചനാത്മക സമീപനമായിരിക്കണം. നിരാശയും മോഹഭംഗവും വളര്‍ത്തുകയും പടര്‍ത്തുകയും ചെയ്യുന്ന ആവിഷ്‌കാരങ്ങള്‍ ജനതയുടെ അതിജീവന ശ്രമങ്ങളെ തളര്‍ത്തുക മാത്രമേ ചെയ്യുകയുള്ളൂ.
പുതിയ കാലത്തെയും ലോകത്തെയും അഭിസംബോധന ചെയ്യാന്‍ പ്രബോധകരെ പ്രാപ്തമാക്കുന്ന സമര്‍ഥാസൂത്രിതമായ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത് പ്രസ്ഥാന നേതൃത്വത്തിന്റെ ചുമതലയാണ്.
റഫറന്‍സ്
1. ആയിദുല്‍ ഖുറനി, വഖ്ഫത്തുന്‍ ഫീ ഫന്നിദ്ദഅ്‌വ
2. അബുല്‍ ഹസന്‍ അന്നദ്‌വി, അദ്ദഅ്‌വത്തു വദ്ദുആത്ത്
3. റുഅ്‌യാ ലില്‍ ബുഹൂസി വദ്ദിറാസാത്ത്
4. ഹസനുല്‍ ഹുദൈബി, ദുആത്തുന്‍ ലാ ഖുദാത്തുന്‍
Comments