ഹൃദയത്തിലെ ഖിബ്ലമാറ്റം
ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയായിരിക്കെ സയന്‍സ് അധ്യാപകന്റെ സ്വാധീനത്താല്‍ 'വിജ്ഞാന'മാണ് 'വിശ്വാസ'ത്തേക്കാള്‍ സത്യം എന്ന തോന്നലുണ്ടായി തുടങ്ങി. ബഹുദൈവ വിശ്വാസത്തില്‍നിന്ന് നിരീശ്വര വാദത്തിലേക്ക് നയിക്കപ്പെടാനുണ്ടായ നിമിത്തമായിരുന്നു അത്.
ശാസ്ത്രം നല്‍കുന്ന വിജ്ഞാനമനുസരിച്ച് സൂര്യന്‍ ഒരു നക്ഷത്രം മാത്രമാണ്. മതം പഠിപ്പിക്കുന്ന വിശ്വാസമനുസരിച്ച് അതൊരു ദൈവവും. ഇവിടെ വിശ്വാസത്തേക്കാള്‍ സത്യം വിജ്ഞാനമാണല്ലോ. യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത 'അന്ധവിശ്വാസ'ങ്ങളെ കൈയൊഴിക്കാന്‍ ഇത്തരം യുക്തിചിന്തകള്‍ പ്രേരണയായി.
യുക്തി ഒരു 'വാദ'മായി പരിണമിക്കുന്നത് പ്രീഡിഗ്രി പഠനകാലത്താണ്. 'യുക്തിരേഖ' പോലെയുള്ള പ്രസിദ്ധീകരണങ്ങളും ഇടമറുകുമൊക്കെ വായനയിലേക്ക് കടന്നുവന്നു.
അന്ധവിശ്വാസങ്ങള്‍ കാരണം മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല. മനുഷ്യന്റെ പുരോഗതിക്ക് അതെന്നും തടസ്സവുമാണ്. ശാസ്ത്രത്തിനു മാത്രമേ മനുഷ്യനെ അന്ധവിശ്വാസങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനും പുരോഗതിയിലേക്ക് നയിക്കാനും കഴിയൂ എന്ന ചിന്ത ശക്തിപ്പെട്ടു.
മതങ്ങളിലെ അന്ധവിശ്വാസങ്ങള്‍ മാത്രമല്ല, മനുഷ്യപ്പറ്റില്ലായ്മയും ചിന്താവിഷയമായി.
'തന്നാല്‍ കരേറേണ്ടവരെത്ര പേരോ,
താഴത്ത് പാഴ്ച്ചേറിലമര്‍ന്നിരിക്കെ,
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ഥ്യം'
എന്ന വരികളൊക്കെ ആത്മീയതയിലെ മനുഷ്യപ്പറ്റില്ലായ്മയിലേക്കാണല്ലോ വിരല്‍ ചൂണ്ടുന്നത്.
'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും'- ഇത്തരം ഈരടികളെ വിശ്വാസികളുമായുള്ള വാദപ്രതിവാദങ്ങള്‍ക്ക് വിഭവങ്ങളായി കരുതിവച്ചു.
മതങ്ങള്‍ പൊതുവില്‍ ദൈവത്തെപ്പറ്റി മാത്രം പറയുമ്പോള്‍ പ്രത്യയശാസ്ത്രങ്ങളാണ് മനുഷ്യനെപ്പറ്റി പറയുന്നത്.
വിശക്കുന്ന മഷ്യനു വേണ്ടി ഒന്നും മിണ്ടാത്ത മതങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലത് വിശക്കുന്നവനുവേണ്ടി സംസാരിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് എന്ന ചിന്തയാണ് കമ്യൂണിസത്തോട് താല്‍പര്യമുണ്ടാവാന്‍ കാരണമായത്.
മനുഷ്യന്റെ അജ്ഞതയെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തോടും പുരോഹിതന്മാര്‍ നായകന്മാരായ മതങ്ങളോടും അടങ്ങാത്ത വെറുപ്പ് മനസ്സില്‍ രൂപപ്പെട്ടു തുടങ്ങി. മനുഷ്യന്‍ കെട്ടിച്ചമച്ച മതങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കുന്നതിലെ മനുഷ്യത്വവിരുദ്ധതയെ സംബന്ധിച്ച് പ്രതിഷേധ ചിന്തകള്‍ മുളപൊട്ടി.
'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മനസ്സ് പങ്കു വച്ചു
മണ്ണ് പങ്കുവച്ചു'
ഇത്തരം ഗാനശകലങ്ങളെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ചു. മതങ്ങളുടെയും ദൈവങ്ങളുടെയും പ്രസക്തിയെ തന്നെ ചോദ്യം ചെയ്യാന്‍ മാത്രം മനസ്സ് പാകപ്പെട്ടു.
ബകുനിന്‍ എന്ന റഷ്യന്‍ ചിന്തകന്റെ, കള വേലൃല ശ െമ ഴീറ വല വെീൗഹറ യല റലേെൃീ്യലറ (ദൈവമെന്നൊന്നുണ്ടെങ്കില്‍ അവനെ നശിപ്പിക്കണം) എന്ന പ്രസ്താവനയെ ഒരു വേദവാക്യം പോലെ കൊണ്ടുനടന്നു.
മതവിശ്വാസികളായ സുഹൃത്തുക്കളോട് തര്‍ക്കിക്കല്‍ ഒരു ഹോബിയായി മാറി. 'ബുദ്ധിരാക്ഷസന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ബര്‍ട്രന്റ് റസ്സല്‍ നിരീശ്വരവാദിയാവാന്‍ നിമിത്തമായ, 'എല്ലാം സൃഷ്ടിച്ചത് ദൈവമെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചതാര്?' എന്നതു പോലെയുള്ള 'യുക്തിവാദ ചോദ്യങ്ങള്‍' വിശ്വാസികളെ നിരായുധരാക്കാനുള്ള ആയുധമാക്കി.
ഇങ്ങനെ കൊടിയ നിരീശ്വരനായിരിക്കെ, നാട്ടുകാരനായ ഒരാളുടെ മരണം ജീവിതത്തിലെ വഴിത്തിരിവായി. നാട്ടില്‍ നടക്കുന്ന കല്യാണങ്ങളിലൊക്കെ ചോറ് വിളമ്പാനും മറ്റു കാര്യങ്ങള്‍ക്കും സജീവമായി ഉണ്ടാവാറുള്ള വ്യക്തി. ആജാനുബാഹുവായൊരു മദ്യപാനി. ആ മരണം ആത്മഹത്യയായിരുന്നു. അന്ന് പ്രഭാതത്തില്‍ മരണവാര്‍ത്ത അറിയിച്ച അയല്‍വാസിയായ സുഹൃത്തുമായാണ് മരണ സ്ഥലത്തേക്ക് പോയത്. ജീവിതത്തില്‍ തൂങ്ങിമരിച്ചത് കാണുന്നത് ആദ്യമായാണ്.
ഒരു റബര്‍ മരത്തിന്റെ ചാഞ്ഞു നില്‍ക്കുന്ന കൊമ്പില്‍ കെട്ടിയ കയറില്‍, അര്‍ധനഗ്നനായി നീണ്ടു നിവര്‍ന്ന് തൂങ്ങിക്കിടക്കുന്ന മനുഷ്യന്‍. പൊടുന്നനെയുള്ള ആ കാഴ്ചയില്‍, 'ഓ, മൈ ഗോഡ്!' എന്നൊരു ആത്മഗതം ഉള്ളില്‍ ഇരമ്പിയ പോലെ തോന്നി. യുക്തിക്ക് ഇടമില്ലാത്ത അത്തരം 'ആത്മ'ഗതങ്ങള്‍, ബുദ്ധിക്കും യുക്തിക്കും അപ്പുറത്തുള്ള എന്തോ ഒന്ന് മനുഷ്യനിലുണ്ടെന്ന വിചാരത്തിന് ആക്കം കൂട്ടി. മനുഷ്യജീവിതത്തെ സംബന്ധിച്ച് പലതരം ചിന്തകളിലേക്ക് അവ കൂട്ടിക്കൊണ്ടുപോയി.
തല ഒരല്‍പം താഴോട്ട് ചരിഞ്ഞാണ് ശവശരീരം കയറില്‍ തൂങ്ങിക്കിടക്കുന്നത്. കണ്ണുകള്‍ കൂമ്പിയടഞ്ഞിരിക്കുന്നു. മടക്കിക്കുത്തിയ വെള്ളത്തുണിയില്‍ റബര്‍ മരത്തിന്റെ കറ പറ്റിയിട്ടുണ്ട്. തൂങ്ങിനില്‍ക്കുന്ന ശരീരം ചെറിയ കാറ്റില്‍ മെല്ലെ ആടുന്ന പോലെ തോന്നും. താഴെ ഊരിയിട്ട ചെരിപ്പിനടുത്ത് ടോര്‍ച്ച് വെച്ചിരിക്കുന്നു. മിക്കപ്പോഴും അയാളുടെ കൂടെ ഉണ്ടാവാറുള്ള പട്ടി ആകാശത്തേക്ക് നോക്കി ഓരിയിട്ടുകൊണ്ടിരിക്കുന്നു.
വീട്ടുകാര്‍ക്ക് ശല്യക്കാരനായ മദ്യപാനിയായതിനാല്‍, അയാള്‍ക്കു വേണ്ടി സ്വന്തക്കാരെന്ന നിലയില്‍ കരയാന്‍, സ്വന്തം പട്ടിയല്ലാതെ മറ്റാരുമില്ലായിരുന്നു. ഒരു മനുഷ്യജന്മത്തിന്റെ ഈ പരിണതി ജീവിതത്തിന്റെ അര്‍ഥമെന്തെന്ന അന്വേഷണത്തിന് നിമിത്തമായി.
ജീവിതത്തിന്റെ അര്‍ഥമെന്താണെന്ന അന്വേഷണത്തിന് ഭൗതിക വിജ്ഞാനം കൊണ്ട് മാത്രം തൃപ്തികരമായ മറുപടി കണ്ടെത്താനാവില്ലെന്ന് മനസ്സിലായിത്തുടങ്ങി.
ദയ, കാരുണ്യം, സ്‌നേഹം, കൃപ, സന്തോഷം, നീതി, ആത്മാര്‍ഥത, സമര്‍പ്പണം തുടങ്ങിയ മാനവിക മൂല്യങ്ങള്‍, ആരെന്തൊക്കെ പറഞ്ഞാലും, ഒരു യാഥാര്‍ഥ്യമാണ്. അത് പക്ഷേ ഭൗതിക ശാസ്ത്രത്തിന്റെ വരുതിയില്‍ വരുന്നവയല്ല. അവയുള്‍ക്കൊള്ളാത്ത കേവല ഭൗതിക വിജ്ഞാനം, അതുകൊണ്ടുതന്നെ ജീവിതത്തെ നിര്‍വചിക്കാനും ജീവിതത്തിന്റെ അര്‍ഥം കണ്ടെത്താനും പര്യപ്തമാവുകയില്ല.
യുഗങ്ങളോളം പരിണാമത്തിനു വിധേയമായി വാലു നഷ്ടപ്പെട്ട ജന്തുവാണ് മനുഷ്യന്‍ എന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ മനസ്സിലാക്കിയിരുന്നത്. അത് ശരിയാണെങ്കില്‍ ജീവിതത്തിന്റെ അര്‍ഥമെന്തെന്ന ചോദ്യത്തിന് പിന്നെ പ്രസക്തിയില്ല. പക്ഷേ, അതാണോ മനുഷ്യന്‍? അത്ര നിസ്സാരക്കാരനാണോ മനുഷ്യന്‍? ആന മുതല്‍ തിമിംഗലം വരെയുള്ള വന്‍ ജീവികളെ അടക്കി ഭരിക്കുന്ന, ലോകത്തെ മുഴുവന്‍ ചുട്ടെരിക്കാന്‍ പോന്ന ആയുധങ്ങളുടെ വരെ നിര്‍മാതാവായ മനുഷ്യന്‍ എങ്ങനെയാണ് നിസ്സാരക്കാരനാവുക?
മനുഷ്യനില്‍ ധര്‍മാധര്‍മ ബോധം എന്നൊന്നുണ്ടല്ലോ. അതിനെ കേവല ഭൗതിക വിജ്ഞാനം കൊണ്ട് എങ്ങനെയാണ് വ്യാഖ്യാനിക്കുക? സ്വന്തം കാര്യം നേടാന്‍ ദുര്‍ബലനെ വകവരുത്തുന്ന ശക്തനായ മനുഷ്യനെ 'അര്‍ഹതയുള്ളത് അതിജീവിക്കും, അല്ലാത്തത് നശിക്കും' എന്ന തത്ത്വപ്രകാരം വേണമെങ്കില്‍ ന്യായീകരിക്കാം. കനമുള്ളൊരു കരിങ്കല്‍ കഷ്ണം ഒരു മണ്‍കട്ടയില്‍ വന്നു വീണാല്‍ മണ്‍കട്ട പൊടിഞ്ഞു നശിക്കുന്നതു പോലെ, വിശക്കുന്ന സിംഹം മാനിനെ കീഴടക്കി തിന്നുന്നതു പോലെ ഒക്കെയാണത് എന്ന് വാദിച്ചു നില്‍ക്കാം.
എന്നാല്‍, ആഹാരം ലഭ്യമായിട്ടും വിശക്കുന്ന ഒരു മനുഷ്യന്‍ അത് മറ്റൊരാള്‍ക്കു വേണ്ടി മാറ്റിവെക്കുന്നതിനെ, അന്യനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ വരെ ബലി നല്‍കുന്നതിനെ ഏതു ഭൗതിക വീക്ഷണപ്രകാരമാണ് വ്യാഖ്യാനിക്കാനാവുക?
ഇത്തരം ചോദ്യങ്ങള്‍ കേവല ഭൗതിക വിജ്ഞാനങ്ങള്‍ക്കപ്പുറത്തു നിന്ന് മനുഷ്യനെ സംബന്ധിച്ചും ജീവിതത്തെ സംബന്ധിച്ചും മറുപടി തേടാന്‍ പ്രേരണയായി.
ഈ സന്ദര്‍ഭത്തിലാണ് അനില്‍ എന്ന പുതിയയൊരു സുഹൃത്ത് വഴി 'പ്രബുദ്ധ കേരളം' മാസികയുടെ വായന ആരംഭിക്കുന്നത്. അതുവഴി ആത്മീയ ചിന്തയുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് പ്രവേശിച്ചു. സ്വാമി വിവേകാനന്ദന്റെ അധ്യാപനങ്ങളെ അടുത്തറിയാന്‍ അവസരമുണ്ടായി. ഭൗതിക ചിന്തയില്‍നിന്ന് ആത്മീയ ചിന്തയിലേക്കുള്ള കൂടുമാറ്റത്തിന് വിവേകാനന്ദ പ്രോക്തങ്ങള്‍ ശക്തി പകര്‍ന്നു.
ആത്മീയ മേഖലയിലുള്ള ഇത്തരം വായനയും പഠനവുമായി പോകുന്ന സമയത്താണ്, നാട്ടുകാരനായ അബ്ദുല്‍ അസീസ് സാഹിബുമായുള്ള സൗഹൃദമുണ്ടാവുന്നത്.
അതിനു നിമിത്തമായത് സുരേഷ് എന്ന സുഹൃത്തായിരുന്നു. ധാരാളം വായിക്കുന്ന, അടുക്കും ചിട്ടയുമില്ലാതെ ചിന്തിക്കുന്ന ഒരാള്‍. അതുകൊണ്ടുതന്നെ വേറെ അധികം സുഹൃത്തുക്കളില്ലാത്തൊരു സുഹൃത്ത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതേ സത്യമാവൂ എന്ന ചിന്തയെ പ്രോത്സാഹിപ്പിച്ച സുഹൃത്ത്.
ലൈബ്രറികളില്‍നിന്നെടുത്ത പുസ്തകങ്ങളുമായി ഇടക്കിടെ വീട്ടില്‍ വരാറുള്ള സുരേഷ്, ഒരു ദിവസം അസീസ് സാഹിബ് നല്‍കിയ രണ്ട് ഇസ്ലാമിക സാഹിത്യങ്ങളുമായാണ് വന്നത്.
ഡിഗ്രി പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയമാണ്. അസീസ് സാഹിബിന്റെ കൈയില്‍ ധാരാളം പുസ്തകങ്ങളുണ്ടെന്നറിഞ്ഞപ്പോള്‍, വായനക്കുള്ള പുസ്തകം തേടിയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. ആരും ഇഷ്ടപ്പെട്ടുപോകുന്ന വ്യക്തിത്വമുള്ള, സുമുഖനായ കുറിയൊരു മനുഷ്യന്‍. സത്യം, ധര്‍മം, നീതി പോലെയുള്ള മാനവിക മൂല്യങ്ങളെ കോര്‍ത്തിണക്കിയ സംസാരം. വേദവാക്യങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ചര്‍ച്ചകള്‍. ഇത് തികച്ചും പുതിയൊരനുഭവമായിരുന്നു.
മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ആത്മീയതയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്ന് സംസാരത്തില്‍നിന്ന് മനസ്സിലായി. അതുകൊണ്ടാണ് ഒരു മുസ്ലിം പണ്ഡിതന്റെ താടിയുള്ള അദ്ദേഹത്തോട്, നാട്ടിലെ കള്ളുഷാപ്പിനെതിരിലുള്ള സമരത്തെപ്പറ്റി പറഞ്ഞത്.
നാട്ടിലെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിനടുത്തുള്ള കള്ളുഷാപ്പിനെതിരെ സുഹൃത്തുക്കളെ കൂട്ടി ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണത്. അതിന് അദ്ദേഹം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മാത്രമല്ല, അദ്ദേഹത്തിന്റെ പരിചയക്കാരനായ മദ്യവര്‍ജക സമിതിയിലുള്ള ഒരു വ്യക്തിയുടെ സഹായം കൂടി വേണമെങ്കില്‍ ഉപയോഗപ്പെടുത്താം എന്ന വാഗ്ദാനവും തന്നു. ഈ പിന്തുണയായിരിക്കാം അദ്ദേഹവുമായുള്ള കൂടുതല്‍ അടുപ്പത്തിന് കാരണമായത്.
നിരന്തര ശ്രമത്തിലൂടെ കള്ളുഷാപ്പ് അവിടെനിന്ന് നീക്കം ചെയ്യുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. അതിനിടയില്‍ അദ്ദേഹവുമായുണ്ടായ നിരന്തര ബന്ധത്തിലൂടെയും ചര്‍ച്ചകളിലൂടെയും പുതിയൊരു ദര്‍ശനത്തെത്തന്നെ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു.
ദൈവാസ്തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍, യാഥാര്‍ഥ്യാന്വേഷണം, ബുദ്ധിയുടെ വിധി, രക്ഷാസരണി, ഒരു ജാതി ഒരു ദൈവം, ധര്‍മസമരം, ഞാന്‍ സ്നേഹിക്കുന്ന ഇസ്ലാം, ഇസ്‌ലാമിന്റെ മാഹാത്മ്യം, മുഹമ്മദ് നബി പൂര്‍വ വേദങ്ങളില്‍, അമ്മേ പ്രിയപ്പെട്ട അമ്മേ തുടങ്ങിയ ധാരാളം ചെറുപുസ്തകങ്ങളിലൂടെ കടന്നുപോയ ഇസ്‌ലാം പഠനം അര്‍ഥപൂര്‍ണമായൊരു ജീവിതവീക്ഷണം മനസ്സില്‍ കരുപ്പിടിപ്പിച്ചു.
ഇസ്ലാം എന്ന ദര്‍ശനത്തെ വളരെയേറെ ഇഷ്ടമായി. പക്ഷേ, അപ്പോഴും 'മുസ്‌ലിം' എന്നത് അരോചകമായിത്തന്നെ അനുഭവപ്പെട്ടു. ഇസ്‌ലാം മദ്യത്തിനെതിരാണെങ്കിലും നേരത്തേ സൂചിപ്പിച്ച കള്ളുഷാപ്പിനെതിരിലുള്ള പോരാട്ടത്തെ എതിര്‍ത്തവരില്‍ 'മുസ്‌ലിം'കളും ഉണ്ടായിരുന്നു! 'സമുദായം ഒരു കുളമാണ്. ഇസ്‌ലാം അതിലെ താമരയും' എന്നാരോ പറഞ്ഞത് എത്ര അര്‍ഥവത്താണ്.
അങ്ങനെ ഇസ്‌ലാമിനെ വേറെത്തന്നെ കാണുകയും സ്‌നേഹിക്കുകയും ചെയ്തു. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മാനവികത അത്രക്കിഷ്ടമായി. സമുദായം, സാമുദായികത പോലെയുള്ള വിഭാഗീയതകളെ എന്നും മാറ്റിനിര്‍ത്താനായിരുന്നു ഇഷ്ടം. സാമുദായികതയും വംശീയതയും ദേശീയതയും പോലുള്ളതെല്ലാം മനുഷ്യനെ സ്‌നേഹിക്കാന്‍ തടസ്സമാണ്. കാരണം, മൂല്യങ്ങളുമായിട്ടല്ല അവയുടെ ബന്ധം. എന്നാല്‍, ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന 'ഒരു ജാതി, ഒരു ദൈവം' എന്ന ആശയം സാര്‍വലൗകിക മാനവികതയുടെ അടിത്തറയാണ്.
പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ടി. മുഹമ്മദിന്റെ 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍', 'ഒരു ജാതി ഒരു ദൈവം' പോലെയുള്ള പുസ്തകങ്ങള്‍ ഇസ്‌ലാമിന്റെ സാര്‍വലൗകികതയെ മനസ്സിലാക്കാന്‍ വളരെയേറെ ഉപകരിച്ചു. മുഹമ്മദ് സ്ഥാപിച്ച ഒരു 'അറേബ്യന്‍ മത'മല്ല ഇസ്‌ലാം; മറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്ന ലക്ഷത്തില്‍പരം പ്രവാചകന്മാരിലൂടെ പഠിപ്പിക്കപ്പെട്ട നിത്യസത്യമാണത് എന്ന് തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് എല്ലാ സങ്കുചിത വീക്ഷണങ്ങളില്‍നിന്നും മുക്തി നല്‍കി.
വിജ്ഞാനത്തോട് ഏറ്റുമുട്ടുന്ന 'അന്ധവിശ്വാസ'ങ്ങളും വിജ്ഞാനത്തോട് ചേര്‍ന്നുനല്‍ക്കുന്ന 'സത്യവിശ്വാസവും' ഒന്നല്ലെന്ന തിരിച്ചറിവും ഇസ്ലാം പകര്‍ന്നുതന്നു. 'അന്ധവിശ്വാസം' എന്നൊന്നുണ്ടെങ്കില്‍ സ്വാഭാവികമായും അതിനൊരു മറുവശമുണ്ടാകണമല്ലോ. അതെന്താണെന്നു പക്ഷേ, അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന ഭൗതികവാദം പറയുന്നില്ല. ഈ ശൂന്യതയാണ് 'സത്യവിശ്വാസം' സമര്‍പ്പിച്ചുകൊണ്ട് ഇസ്ലാം പരിഹരിച്ചുതരുന്നത്.
മനുഷ്യപ്പറ്റില്ലാത്ത അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുമുള്ള അടങ്ങാത്ത പകയുമായി ആത്മീയതയോട് പുറം തിരിഞ്ഞു നിന്ന മനസ്സിലേക്ക് സൂര്യോദയം കണക്കെയാണ് വിശുദ്ധ ഖുര്‍ആനിലെ അല്‍മാഊന്‍ എന്ന ചെറിയ അധ്യായം പുതിയ വെളിച്ചവുമായി കടന്നുവന്നത്. മനുഷ്യത്വത്തിന്റെയും മാനവികതയുടെയും പര്യായമായിത്തന്നെ ഖുര്‍ആന്‍ ഇവിടെ ആത്മീയതയെ അവതരിപ്പിക്കുകയാണ്.
'ആരാണ് ദീനിനെ അഥവാ ആത്മീയതയെ നിഷേധിക്കുന്നത്' എന്ന ചോദ്യമെറിഞ്ഞ്, പരമ്പരാഗത ധാരണകളെ തകിടം മറിക്കുന്ന ഉത്തരമാണ് ഖുര്‍ആന്‍ നല്‍കുന്നത്. 'അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് അവന്റെ അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനുമാണ് ദീനിനെ അഥവാ ആത്മീയതയെ നിഷേധിക്കുന്നവന്‍' എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം.
തികച്ചും ആത്മീയ കാര്യമായ നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് നാശം എന്ന് അതേ അധ്യായത്തില്‍ ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. നമസ്‌കാരത്തില്‍ വരുത്തുന്ന അശ്രദ്ധയും അലംഭാവവുമാണ് കാരണം. സഹജീവികള്‍ക്ക് ചെറിയ ചെറിയ ഉപകാരങ്ങള്‍ വരെ തടയുന്നതും ദീനിനെ നിഷേധിക്കലാവുമെന്ന് തുടര്‍ന്നു പറയുന്നു. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യത നിറവേറ്റുമ്പോഴേ ഒരാള്‍ ആത്മീയതയുടെ, അഥവാ ദൈവവിശ്വാസത്തിന്റെ യഥാര്‍ഥ പ്രതിനിധിയാവൂ എന്നര്‍ഥം.
'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല' എന്ന പ്രവാചക വചനം കൂടി ഇതിനോട് ചേര്‍ത്തു വെച്ചപ്പോഴാണ്, 'കാര്യസാധ്യ'ത്തിനു വേണ്ടി ഭക്തന്മാര്‍ നേര്‍ച്ച വഴിപാടുകളായി നല്‍കുന്ന പണം തട്ടിയെടുക്കുന്ന പൗരോഹിത്യ ആത്മീയതയും, കഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ തന്നെയാണ് ആത്മീയത എന്ന പ്രവാചക ആത്മീയതയും തമ്മിലുള്ള അന്തരം തിരിച്ചറിഞ്ഞത്.
ശൈഖ് മുഹമ്മദ് കാരകുന്ന് രചിച്ച 'ഫാറൂഖ് ഉമര്‍' എന്ന പുസ്തകത്തിന്റെ അവസാന താളുകളിലൂടെ കടന്നുപോയപ്പോള്‍, മനുഷ്യമനഃസ്ഥിതിയെ മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്ന വ്യവസ്ഥിതിയെയും സകല നന്മകളിലേക്കും പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇസ്ലാമിന്റെ റോള്‍ വ്യക്തമായി. 'ഞാന്‍ വിഭാവന ചെയ്യുന്ന രാമരാജ്യം ഖലീഫാ ഉമറിന്റെ കാലഘട്ടത്തിലേതുപോലെ ഒന്നാണെ' ന്ന് രാഷ്ട്രപിതാവ് ഗാന്ധിജിയെക്കൊണ്ട് പറയിപ്പിക്കാന്‍ മാത്രം ഗംഭീരമായിരുന്നല്ലോ അത്.
ഞാന്‍ ഒരു കമ്യൂണിസ്റ്റാണെന്ന ബോധത്തെ, ഞാന്‍ ആവേണ്ടത് ഒരു ഇസ്ലാമിസ്റ്റാണെന്ന ബോധത്തിലേക്ക് അടുപ്പിക്കാന്‍ ഉമര്‍ എന്ന ഭക്തന്റെ രാഷ്ട്രീയ പ്രതിനിധാനം കാരണമായിട്ടുണ്ട്.
ഒരു നല്ല ദര്‍ശനമാണ് ഇസ്ലാം എന്ന ബുദ്ധിയുടെ സമ്മതത്തില്‍നിന്ന് ഇസ്ലാം ആത്മാവിന്റെ ഒരാവശ്യം കൂടിയാണെന്ന ബോധത്തിലേക്ക് നയിച്ചത് അബുല്‍ അഅ്ലാ മൗദൂദിയുടെ 'ഇസ്ലാം' എന്ന പുസ്തകമാണെന്നോര്‍ക്കുന്നു.
ചരാചരങ്ങളൊക്കെയും ഏതുപോലെ ദൈവത്തിന് സമര്‍പ്പിതരായി, മുസ്‌ലിംകളായി അഥവാ ദൈവത്തെ അനുസരിക്കുന്നവരായി നിലകൊള്ളുന്നുവോ അതുപോലെ മനുഷ്യനും ദൈവത്തിനു വിധേയപ്പെട്ടു ജീവിക്കണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഇസ്‌ലാം എന്നത് ഏതെങ്കിലും പാരമ്പര്യ സമുദായത്തിന്റെ കേവല മതമല്ലെന്നതും, മുസ്ലിം എന്നാല്‍ ജന്മം കൊണ്ട് കൈവരുന്ന ജാതിപ്പേരല്ലെന്നതും പുതിയ അറിവ് തന്നെയായിരുന്നു. വായുവും വെള്ളവും വെളിച്ചവുമൊക്കെ ഏതു പോലെ സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ അനുഗ്രഹങ്ങളാണോ, അതുപോലെയാണ് പ്രവാചകന്മാരിലൂടെ പഠിപ്പിക്കപ്പെട്ട ദൈവിക ദര്‍ശനവും. അതിനെ തെരഞ്ഞെടുക്കുന്നവരാണതിന്റെ അവകാശികള്‍.
ആ പുസ്തക വായനയുടെ ഏതാണ്ട് അവസാന ഭാഗത്തെത്തിയപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ, ഹൃദയാന്തരാളത്തില്‍ ഒരു 'ഖിബ്ലമാറ്റം' പോലെ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് സംഭവിച്ചത് ഇന്നും ഓര്‍ക്കുന്നു. ചിമ്മിനി വിളക്കിന്റെ മങ്ങിയ വെട്ടത്തിലായിരുന്നു വായന. അത് ഹൃദയത്തില്‍ തീര്‍ത്തത് ഒരു പ്രകാശഗോപുരം തന്നെയായിരുന്നു.
അതോടെ ജീവിതത്തിന് വ്യക്തമായ അര്‍ഥവും കൃത്യമായ ദിശാബോധവും കൈവന്നു. ഒരദൃശ്യ മേല്‍നോട്ടം അനുഭവപ്പെട്ടുതുടങ്ങി. ഒരു നാഥനുണ്ടെന്ന തിരിച്ചറിവ്, പലപ്പോഴുമുണ്ടാകുന്ന അനാഥത്വ ബോധത്തിന് അറുതിവരുത്തി. ജീവിതത്തിന്റെ പരമമായ ലക്ഷ്യം ദൈവപ്രീതിയും അവന്റെ സ്വര്‍ഗവുമായി മാറി. അങ്ങനെ, മരണത്തെ ലാഘവത്തോടെയും മരണാനന്തര ജീവിതത്തെ ഗൗരവത്തോടെയും കാണാന്‍ തുടങ്ങി.
(തുടരും)
Comments