Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 11

3180

1442 റബീഉല്‍ ആഖിര്‍ 26

ഹൃദയത്തിന് മീതെ ഹൃദയമുള്ള സ്റ്റെതസ്‌കോപ്പുകള്‍

ടി.ഇ.എം റാഫി വടുതല

'മാമാ, ഞാന്‍ കുറച്ച് ദിവസം മാമന്റെ അടുത്തേക്ക് വരികയാണ്. എന്റെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് റിസള്‍ട്ട് വരുന്നത് വരെ. എനിക്ക് കുറേ രോഗികളെ കാണണം. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. എന്തെങ്കിലും സഹായം ചെയ്തു കൊടുക്കണം.'
അവളുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍ അതൊരു ഭംഗിവാക്കായി മാത്രമേ ഞാന്‍ കരുതിയുള്ളൂ. അടുത്ത ദിവസം തോളിലൊരു ബാഗും തൂക്കി അവളെത്തിയപ്പോഴും അതിനപ്പുറം ഒരു ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നില്ല. അങ്ങനെ ആ കൊച്ചു മിടുക്കി ഡോക്ടര്‍ കുറച്ചു മാസത്തേക്ക് കൊച്ചിക്കാരിയായി. രണ്ടു ദിവസം അവളെന്റെ കൂടെ കാറില്‍ ഹോസ്പിറ്റലില്‍ വന്നു; ഒ.പിയില്‍ എന്റെ കൂടെ തന്നെ അവള്‍ സമയം ചെലവഴിച്ചു. മൂന്നാം ദിവസം കാറില്‍ കയറിയപ്പോള്‍ അവള്‍ പറഞ്ഞു: 'ഞാനിങ്ങനെ കാറില്‍ കയറി നടക്കാന്‍ വന്നതല്ല മാമാ... എനിക്ക് രോഗികളുടെ കൂടെയിരിക്കണം.'
ആ നിമിഷമാണ് ഞാന്‍ അവളെ തിരിച്ചറിഞ്ഞത്. രക്തബന്ധമില്ലെങ്കിലും അവളുടെ മാമനാകാന്‍ സാധിച്ചതില്‍ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് കാന്‍സര്‍ബാധിതരായ കൊച്ചു കുട്ടികള്‍ക്ക് ഉച്ചക്ക് ആഹാരം എത്തിക്കുന്ന സംവിധാനത്തെക്കുറിച്ചുമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു.
ഞാന്‍ അവിടെ കൂടുകയാണ് മാമാ... ആ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു. തേങ്ങ ചിരങ്ങി കൊടുക്കാനും പച്ചക്കറി അരിഞ്ഞു കൊടുക്കാനും അങ്ങനെ അവള്‍ ആ കൊച്ചു കുഞ്ഞുങ്ങള്‍ക്കുള്ള ഊണിന്റെ ഭാഗമായി. വൈകീട്ട് തിരികെ എന്റെ കൂടെ പോകാനിറങ്ങുമ്പോള്‍ അവളുടെ കൈയില്‍ തൂങ്ങി കൊച്ചു കുട്ടികളുമുണ്ടായിരുന്നു.
മക്കളുണ്ടെങ്കിലും മക്കളില്ലാത്ത അമ്മമാര്‍ ഇക്കാലത്ത് സര്‍വസാധാരണം. അങ്ങനെ ചികിത്സക്ക് വന്ന ഒരു അമ്മക്ക് രക്തം നല്‍കുമ്പോള്‍ കൂട്ടിരിക്കാന്‍ ആളു വേണം. കുട്ടി ഡോക്ടര്‍ക്ക് ഒരു സംശയവും സങ്കോചവുമില്ലായിരുന്നു. 'ഞാന്‍ കൂട്ടിരുന്നോളാം മാമാ'- അവളുടെ വാക്കുകള്‍ ഒരിക്കല്‍കൂടി എന്നെ അത്ഭുതപ്പെടുത്തി.
അടുത്ത ദിവസം രണ്ട് അഞ്ഞൂറു രൂപാ നോട്ടുകള്‍ എനിക്ക് നേരെ നീട്ടി അവള്‍ പറഞ്ഞു: 'മാമാ, ഇത് ആ അമ്മക്ക് തിരികെ കൊടുക്കണം. ഞാന്‍ പല പ്രാവശ്യം നിരസിച്ചിട്ടും ആ അമ്മ കരഞ്ഞുകൊണ്ട് എന്റെ കൈയില്‍ ഏല്‍പിച്ചതാണ് ഈ തുക. മോളിത് വാങ്ങിക്കണമെന്ന് കരഞ്ഞു പറഞ്ഞ് എന്റെ കൈയില്‍ തന്നതുകൊണ്ടാണ് ഞാനത്...' അവള്‍ കരയുകയായിരുന്നു. എന്റെയും കണ്ണുകള്‍ നിറയുന്നത് ഞാനറിഞ്ഞു. ഞാനവളെ ഒരിക്കല്‍കൂടി തിരിച്ചറിഞ്ഞു, അവള്‍ വ്യത്യസ്തയാണെന്ന്.
അവള്‍ തിരികെ പോകുന്നതിനു മുമ്പ് എന്തെങ്കിലും കൊടുക്കണം. എന്ത് കൊടുക്കും? ഞാന്‍ ഈ ചിന്തയിലായിരുന്നു. അവസാനം ഞാന്‍ അവള്‍ക്ക് ഒരു സ്റ്റെതസ്‌കോപ്പ് സമ്മാനിച്ചു. മറ്റുള്ളവരുടെ ഹൃദയസ്പന്ദനം കേള്‍ക്കാനും മനസ്സിലാക്കാനും ഒരു സ്റ്റെതസ്‌കോപ്പിന്റെയും സഹായം അവള്‍ക്ക് ആവശ്യമില്ല. എന്റെ മനസ്സ് മന്ത്രിച്ചു. എങ്കിലും...
ഈ കുട്ടി ഡോക്ടറെ നാം അറിയണമെന്നു തോന്നി. അവള്‍ പാലക്കാട്ടുകാരിയാണെന്നു മാത്രം അറിഞ്ഞാല്‍ പോരാ. അവള്‍ സുഹാനയാണ്. പരിയാരം മെഡിക്കല്‍ കോളേജിലെ ഒരു കുട്ടി ഡോക്ടറാണെന്നു കൂടി നാം തിരിച്ചറിയണം. കാരണം അവള്‍ വ്യത്യസ്തയായൊരു കുട്ടി ഡോക്ടറാണ് (ഡോ. വി.പി ഗംഗാധരന്‍, ഫേസ്ബുക് പോസ്റ്റ് 2017 ഒക്‌ടോബര്‍).
മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം വായിച്ചപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞുവന്നതാണ് പ്രസിദ്ധ കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഗംഗാധരന്‍ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. കാലവും സമൂഹവും തേടുന്ന നിസ്വാര്‍ഥനും സേവനതല്‍പരനുമായ ഒരു ഡോക്ടറെ വരച്ചു കാണിക്കുന്നുണ്ട് കുട്ടി ഡോക്ടര്‍ സുഹാന. വാചാലമാണ് ഡോക്ടറുടെ കുറിപ്പും സുഹാനയുടെ സമര്‍പ്പണ മനസ്സും.
മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം, ചരിത്രപരമായി പിന്നാക്കം നിന്ന മുസ്‌ലിം സമുദായത്തിന് ഏറെ ആഹ്ലാദകരമാണ്; ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ആ സമുദായത്തെ മുഖ്യധാരയില്‍നിന്ന് വലിച്ചെറിയാന്‍ ആസൂത്രിതമായ ശ്രമം നടക്കുമ്പോള്‍ വിശേഷിച്ചും. നീറ്റ് പരീക്ഷാ ഫലം വന്നപ്പോള്‍ ഒഡീഷയിലെ ശുഐബ് അഫ്താബ് 720-ല്‍ 720 മാര്‍ക്ക് നേടി ചരിത്രം കുറിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേശീയതലത്തില്‍ 12-ാം റാങ്ക് നേട്ടത്തോടെ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ആഇശ 710 മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം റാങ്കും നേടി. എ. ലുലു സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടി. 25-ാം റാങ്ക് നേടിയ സനീഷ് അഹ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.
കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് മാസപ്പിറവി പോലെ കാത്തിരിക്കുന്ന പല പരീക്ഷാ ഫലങ്ങളിലും ഒരു ശുഐബിനെയും ആഇശയെയും കാണാന്‍ കണ്ണുകള്‍ക്ക് വേഴാമ്പലിനെ പോലെ കാത്തിരിക്കണമായിരുന്നു.
പിന്നാക്ക സമുദായങ്ങളേക്കാള്‍ പിന്നാക്കം നിന്ന് പോയ  സമുദായം എന്ന് സച്ചാര്‍ കമീഷന്‍ വിശേഷിപ്പിച്ച ഒരു സമുദായം സ്വയം തിരിച്ചറിവിന്റെ പാതയില്‍ അല്‍പമെങ്കിലും പ്രവേശിക്കാന്‍ തുടങ്ങിയത് ആഹ്ലാദകരം തന്നെ. പ്രവാസ ജീവിതത്തിലൂടെ കൈവന്ന തരക്കേടില്ലാത്ത സാമ്പത്തിക സുസ്ഥിതിയും വിവിധ രാജ്യക്കാരുമായുള്ള സമ്പര്‍ക്കം വഴി ലഭിച്ച ആഗോള കാഴ്ചപ്പാടുകളും മുസ്‌ലിം സമൂഹത്തില്‍ ക്രിയാത്മക ചിന്തക്ക് കളമൊരുക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ പത്താം ക്ലാസ് വരെയെങ്കിലും പഠിപ്പിക്കണേ എന്ന് വസ്വിയ്യത്ത് ചെയ്ത് കടന്നുപോയ മുസ്‌ലിം നേതാക്കളുടെ ഇളം തലമുറ ഹിജാബ് ധരിച്ചും സ്റ്റെതസ്‌കോപ്പണിഞ്ഞും വിദേശ യൂനിവേഴ്‌സിറ്റികളില്‍നിന്ന് ഡോക്ടര്‍മാരായി വരുന്ന കാഴ്ച മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ നവോത്ഥാനം കൊതിക്കുന്ന ആരെയും ആനന്ദിപ്പിക്കും. മുസ്‌ലിംകളെ പോലെ തന്നെ പിന്നാക്കം നില്‍ക്കുന്ന ഇതര സമൂഹങ്ങള്‍ക്കും പ്രചോദനമാകണം ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാ ഫലം. വിവിധ സ്വഭാവത്തിലുള്ള അറിവ് ആര്‍ജിക്കുന്നതിലൂടെ മാത്രമേ സമൂഹത്തിന് ആര്‍ജവത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ കഴിയൂ എന്ന് എല്ലാ പിന്നാക്ക സമുദായങ്ങളും തിരിച്ചറിയണം.
ജീവനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന രോഗികളുടെ വേദനയും സങ്കടവും  കണ്ണീരും കണ്ട് സേവനനിരതരാവുന്ന മാലാഖമാരാണ് ഡോക്ടര്‍മാര്‍. സ്വന്തം വീടും കുടുംബവും മാത്രമല്ല സ്വന്തം ജീവന്‍ തന്നെയും ബലികഴിച്ച് ആതുരസേവനം ചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ട്. ഭൗതിക മോഹങ്ങള്‍ക്കും ചൂഷണ ചിന്തകള്‍ക്കുമപ്പുറം രോഗിയുടെ ഹൃദയമിടിപ്പുകളെ തിരിച്ചറിയുന്ന ഡോക്ടര്‍മാരാണ് സമൂഹത്തിനാവശ്യം. ആ മനുഷ്യ മാലാഖമാരുടെ നോട്ടം രോഗിയെ ആനന്ദിപ്പിക്കും. അധരങ്ങളില്‍നിന്ന് അടര്‍ന്നുവീഴുന്ന ഓരോ വാക്കും വേദനകളെ വിസ്മരിപ്പിക്കും. മരുന്നിനേക്കാള്‍, ഡോക്ടറുടെ  ആര്‍ദ്രമനസ്സാണ് മരണം മുന്നില്‍ കാണുന്ന രോഗിയില്‍ ഒരു പുരുഷായുസ്സിന്റെ പ്രതീക്ഷ സമ്മാനിക്കുക. രോഗി ജീവനുള്ള കാലമത്രയും അനുകമ്പ നിറഞ്ഞ ആ ഡോക്ടര്‍മാരെ ജീവനു തുല്യം സ്‌നേഹിക്കും. മരണത്തിന്റെ കൈകളില്‍നിന്ന് ജീവന്‍ തിരികെ വാങ്ങിച്ചുകൊടുക്കുന്നവരെന്ന് ഒരുവേള അവര്‍ പ്രശംസിക്കപ്പെടാം. വേദനസംഹാരിക്കും ശമനം നല്‍കാന്‍ കഴിയാത്ത നൊമ്പരത്തിന്റെ ലോകത്ത് കാരുണ്യത്തിന്റെ നോട്ടവും സഹാനുഭൂതിയുടെ കാവലുമായി നിന്ന്  ശുശ്രൂഷിച്ച മഹാ മനീഷിമാരാണവര്‍.
തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസില്‍ കാസര്‍കോട് ആലിയ കോളേജിലേക്കുള്ള ട്രെയിന്‍ യാത്ര. കോഴിക്കോട് വടകര സ്വദേശികളായ ഒരു മുസ്‌ലിം കുടുംബം സഹയാത്രികരായി അടുത്ത് വന്നിരുന്നു. കുടുംബനാഥന് ദീര്‍ഘനാള്‍ വിദേശത്തായിരുന്നു ജോലി. ജീവിതം മരുഭൂമിയില്‍ ഉരുകിത്തീര്‍ത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വന്നപ്പോള്‍ ഭാര്യക്ക് കാന്‍സര്‍. കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്റെ ചികിത്സാ വിശേഷം അവര്‍ പങ്കുവെച്ചു. കുഞ്ഞുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുള്ള രോഗികളുടെ നീണ്ട നിര. രാത്രി പത്തര മണിയായി ഡോക്ടറെ കണ്ടപ്പോള്‍.  രാപ്പകല്‍ വ്യത്യാസമില്ലാതെ രോഗികള്‍ക്കു വേണ്ടി ആയുസ്സ് മുഴുവന്‍ ഉഴിഞ്ഞുവെച്ച ജീവിതം. എല്ലാ മാസവും ഡോക്ടറെ വന്നു കാണണമെന്നില്ല. എന്നാലും ഡോക്ടറെ കണ്ട് ഒന്ന് സംസാരിച്ചാല്‍ ഭാര്യക്ക് വളരെ ആശ്വാസവും പ്രതീക്ഷയുമാണ്. പ്രവാസം ചുളിവ് തീര്‍ത്ത ഭര്‍ത്താവിന്റെ മുഖത്തും വേദനയെ പുഞ്ചിരി കൊണ്ട് മറച്ചുപിടിച്ച ഭാര്യയുടെ മുഖത്തും അപ്പോള്‍ സന്തോഷത്തിന്റെ പ്രകാശം.
ജീവിതം തന്നെയും മനുഷ്യര്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച ധാരാളം ഡോക്ടര്‍മാരുണ്ട് സമൂഹത്തില്‍. ഊഷരമായ മരുഭൂമിയിലെ മരുപ്പച്ചകള്‍. രോഗപീഡയുടെ നൊമ്പരക്കടലില്‍ അകപ്പെട്ട രോഗികള്‍ക്ക് രക്ഷയുടെ നൗകയായി വന്നണയുന്നവര്‍. ഔദ്യോഗിക സേവനത്തിനു ശേഷം ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ പറ്റുന്ന അവസരങ്ങള്‍ വേണ്ടെന്നുവെച്ച് പകലിന്റെ ചൂടോ രാവിന്റെ ഇരുളോ പരിഗണിക്കാതെ പെയിന്‍ ആന്റ് പാലിയേറ്റിവ് സംഘത്തെയും നയിച്ച് കൂരകളിലും ചേരികളിലും മരുന്നും മന്ദസ്മിതവുമായി ഓടിയെത്തുന്ന മാതൃകാ ഡോക്ടര്‍മാരുണ്ട്. ഒപ്പം ദുരന്തഭൂമിയിലെ സന്നദ്ധസേവകരും. പേരും പ്രശസ്തിക്കുമപ്പുറം നാഥന്റെ പ്രീതി മാത്രമാണ് അവരുടെ ലക്ഷ്യവും പ്രതീക്ഷയും.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ മുന്‍മേധാവി മര്‍ഹൂം മമ്മി ഡോക്ടറെ സംബന്ധിച്ച് മുഹമ്മദ് ശമീം പാപ്പിനിശ്ശേരി ഫേസ്ബുക്കിലെഴുതിയ അനുസ്മരണക്കുറിപ്പിലെ വരികള്‍ ശ്രദ്ധേയമാണ്. റോഡില്‍ കുഴഞ്ഞുവീണു മരിച്ച ഒരു ആദിവാസിയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യവെ വയറ്റില്‍ കണ്ടെത്തിയ കല്ലും മണ്ണും അദ്ദേഹത്തെ ചിന്താകുലനാക്കി. തുടര്‍ന്ന് അദ്ദേഹം ആദിവാസികളുടെ ഊരിലെത്തി. ദിവസങ്ങളോളം അവിടെ താമസിച്ച് ന്യൂട്രീഷന്‍ സര്‍വേ നടത്തി. അവര്‍ക്കിടയിലെ പോഷകാഹാരക്കുറവിനെയും വിളര്‍ച്ചാ രോഗത്തെയും അവരുടെ മണ്‍തീറ്റയെയും സംബന്ധിച്ച പല വിവരങ്ങളും പുറത്തുകൊണ്ടുവന്നു (എഫ്.ബി ഒക്‌ടോ. 23).
ഓരോ ഡോക്ടറും ഭിഷഗ്വരനായി സ്ഥാനമേല്‍ക്കുമ്പോള്‍ നടത്തുന്ന പ്രതിജ്ഞ (Hippocratic Oath) ദുരിതമനുഭവിക്കുന്ന മനുഷ്യസമൂഹത്തിന്റെ നാമധേയത്തിലാണ്. ഡോക്ടറുടെ നിസ്വാര്‍ഥ സേവനം വിളംബരം ചെയ്യുന്നതാണ് അതിലെ ഓരോ വരിയും.... 'എന്റെ അറിവിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ രോഗികളുടെ ക്ഷേമത്തിനായി അനുകമ്പയോടെയും സമര്‍പ്പണ മനോഭാവത്തോടെയും ഞാന്‍ പരിശ്രമിക്കും. ചികിത്സയില്‍ അങ്ങേയറ്റത്തെ സത്യസന്ധത പുലര്‍ത്തും. രോഗിക്ക് രോഗത്തെ സംബന്ധിച്ച് കൃത്യമായ അറിവ് പകര്‍ന്ന് അവരെ പരിചരിക്കും. യാതൊരു തരത്തിലുള്ള വിവേചനവുമില്ലാതെ രോഗികളെ ശുശ്രൂഷിക്കുകയും ആവശ്യമായ ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ നല്‍കുകയും ചെയ്യും.  സാംക്രമിക രോഗം ബാധിച്ച രോഗികളെ പോലും മാറ്റിനിര്‍ത്തുകയില്ല. ആവശ്യമായ ഘട്ടത്തില്‍ മാത്രമേ വിദഗ്ധ പരിശോധനക്ക് നിര്‍ദേശിക്കുകയുള്ളു. അത് ഒരിക്കലും പണം സമ്പാദിക്കാനുള്ള മോഹത്തോടെ ആയിരിക്കുകയുമില്ല. എന്റെ ചികിത്സയേക്കാള്‍ മെച്ചപ്പെട്ട ചികിത്സ രോഗിക്ക് ആവശ്യമാണെങ്കില്‍ വിദഗ്ധനായ ആ ഡോക്ടറുടെ അടുത്തേക്ക് ഞാന്‍ റഫര്‍ ചെയ്യും. എന്റെ ചികിത്സാ മേഖലയില്‍ ഞാന്‍ എന്നും ഒരു വിദ്യാര്‍ഥി ആയിരിക്കും. മറ്റു ഡോക്ടര്‍മാരുടെ അറിവും അനുഭവങ്ങളും അഭിപ്രായങ്ങളും ഞാന്‍ പരിഗണിക്കും. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് ബഹുമാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും വര്‍ത്തിക്കും. എപ്പോഴും ന്യായത്തിന്റെ പക്ഷത്ത് ഞാന്‍ നിലയുറപ്പിക്കും....'
ആ പ്രതിജ്ഞയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ഓരോ കാലത്തും ഇങ്ങനെ പറയാന്‍ കഴിയണം.  വചനപ്രഖ്യാപനത്തിലുപരി ജീവിതം കൊണ്ട് പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്ന അനവധി ഡോക്ടര്‍മാരുണ്ട്. രാജ്യം തേടുന്നതും സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും രോഗികള്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുന്നതും അവര്‍ക്കു വേണ്ടിയാണ്. മാനവസമൂഹത്തിനു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമസമുദായത്തെ പ്രതിനിധീകരിക്കുന്ന ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിന്റെ പ്രതിജ്ഞയോടൊപ്പം പ്രപഞ്ചനാഥന്റെ മുമ്പിലും പ്രതിജ്ഞയെടുക്കണം. അങ്ങനെ സാമൂഹിക പ്രതിബദ്ധത തെളിയിക്കണം. അപ്പോള്‍ മാത്രമാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചുപോയ നൂറുകണക്കിനു പിഞ്ചുപൈതങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഡോ. കഫീല്‍ ഖാനും അധികാരികളുടെ അശ്രദ്ധമൂലം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മരിച്ച രോഗിക്കു വേണ്ടി നിലകൊള്ളാന്‍ ഡോക്ടര്‍ നജ്മക്കും പ്രചോദനം ലഭിക്കുന്നത്. സ്നേഹവും സഹാനുഭൂതിയും കാരുണ്യവും നിറഞ്ഞ ഹൃദയമുള്ള ഡോക്ടര്‍മാര്‍ക്കു മാത്രമേ ഹൃദയമുള്ള സ്റ്റെതസ്‌കോപ്പുകള്‍ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ. അവര്‍ സ്റ്റെതസ്‌കോപ്പ് വെക്കുന്നത് വാരിയെല്ലുകള്‍ക്കു മീതെയുള്ള നെഞ്ചിലായിരിക്കില്ല. മിടിക്കുന്ന, തുടിക്കുന്ന ഹൃദയത്തിലായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (56-67)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആധിക്യം വിപരീത ഫലം ചെയ്യുന്നു
പി.എ സൈനുദ്ദീന്‍