വേദക്കാരുടെ ചരിത്രം പറയുന്നത് പതനകാരണങ്ങള്‍ വിശദീകരിക്കാന്‍
(മൗദൂദീകൃതികളിലെ ചരിത്ര ദര്‍ശനം -3)
ചരിത്രത്തിന്റെ ഒരു സുപ്രധാന വിഷയം വിശ്വാസികളുടെ, അഥവാ ദൈവിക വേദങ്ങള്‍ നല്‍കപ്പെട്ട ജനവിഭാഗങ്ങളുടെ (അഹ്‌ലുല്‍ കിതാബ്) ചരിത്രമാണ്. വിശുദ്ധ ഖുര്‍ആന്‍ ഇസ്രായേല്‍ സമൂഹത്തിന്റെ ചരിത്രം വിശദമായി പറയുന്നത്, ആ സമൂഹം അനുവര്‍ത്തിച്ച തെറ്റായ നയങ്ങള്‍ എങ്ങനെ അവരുടെ പതനത്തിനും ദൈവിക ശിക്ഷക്കും കാരണമാക്കി എന്ന് വ്യക്തമാക്കാനാണ്. ഇതു സംബന്ധമായി വന്ന ഖുര്‍ആനിക പരാമര്‍ശങ്ങള്‍ക്ക് മൗലാനാ മൗദൂദി തന്റെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ ശ്രദ്ധിച്ചാല്‍, ഇത് തന്നെയാണ് മുസ് ലിംകളുടെ പതനത്തിനും കാരണമായിരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതു കാണാം. വിശ്വാസി സമൂഹങ്ങളുടെ ചരിത്രത്തെ ഒരു പ്രത്യേക വീക്ഷണകോണിലൂടെ നോക്കിക്കാണുകയാണ് ഇവിടെ. ദീനീബോധത്തിന്റെയും ധാര്‍മികതയുടെയും തകര്‍ച്ചയോടൊപ്പം, ഇസ്രായേല്‍ സമൂഹത്തിലെ പണ്ഡിതന്മാരെ ബാധിച്ച ജീര്‍ണത, ദൈവിക വചനങ്ങളെ പൂഴ്ത്തിവെക്കല്‍, വെട്ടിച്ചുരുക്കല്‍, അവയെ മാറ്റിത്തിരുത്തല്‍, തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്ത് അവയെ വ്യാഖ്യാനിക്കല്‍, ദൈവിക നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലുള്ള കുതന്ത്ര പ്രയോഗങ്ങള്‍, തങ്ങള്‍ ദൈവത്തിന്റെ ഇഷ്ടക്കാരാണെന്ന വിശ്വാസം, തങ്ങള്‍ എന്തൊക്കെ അതിക്രമം ചെയ്താലും ഇക്കാരണത്താല്‍ തന്നെ പരലോകത്ത് രക്ഷപ്പെടുമെന്ന മൂഢ ധാരണ, പ്രവാചകന്മാരെയും മറ്റു പുണ്യാത്മാക്കളെയും വധിച്ചുകളഞ്ഞത്... ഇതൊക്കെയും ഏതൊരു സമൂഹത്തിന്റെയും തകര്‍ച്ചക്ക് കാരണമാക്കുന്ന ചരിത്രത്തിന്റെ പൊതു തത്ത്വങ്ങള്‍ എന്ന നിലക്കു തന്നെയാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്. ഏതു കാലത്തെയും വേദവാഹകര്‍ക്ക് ബാധകമായ ചരിത്രതത്ത്വങ്ങള്‍. നമ്മുടെ വക വിശദീകരണങ്ങള്‍ ഇല്ലെങ്കിലും, അതു സംബന്ധമായി തഫ്ഹീമുല്‍ ഖുര്‍ആനില്‍ വന്ന ഉദ്ധരണികള്‍ ചേര്‍ത്തുവെച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാവും.
1. പണ്ഡിതന്മാരുടെയും ആചാര്യന്മാരുടെയുടെയും മതവില്‍പ്പന
ഫത്വ നല്‍കുക, കൈക്കൂലി തിന്നുക, വഴിപാടുകള്‍ കവരുക, മോക്ഷം വില്‍ക്കുന്ന മതാചാരങ്ങള്‍ കെട്ടിച്ചമക്കുക, ജനങ്ങളുടെ ജനന-മരണങ്ങളും വിവാഹാഘോഷങ്ങളും മറ്റ് സുഖ-ദുഃഖ സന്ദര്‍ഭങ്ങളും ഉദരപൂരണത്തിനുള്ള മാര്‍ഗമാക്കുക, ആളുകളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തീരുമാനിക്കാനുള്ള കുത്തക കൈക്കലാക്കുക എന്നിത്യാദി മാത്രമല്ല, ഈ പുരോഹിതപ്പരിശകളുടെ തൊഴില്‍. സ്വന്തം കാര്യസിദ്ധിക്കായി ബഹുജനങ്ങളെ ദുര്‍മാര്‍ഗത്തില്‍ തളച്ചിടുന്ന ഈ ദ്രോഹികള്‍ വല്ലവരും സത്യപ്രസ്ഥാനവുമായി രംഗത്തുവരുന്നതു കണ്ടാല്‍ പാണ്ഡിത്യത്തിന്റെ പരിവേഷമണിഞ്ഞ് സ്വന്തം കുതന്ത്രങ്ങളുമായി സത്യമാര്‍ഗത്തില്‍ ഇടംകോലിടാന്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്യുന്നു (തഫ്ഹീം, വാള്യം 2, തൗബ 34-ാം സൂക്തത്തിന്റെ വ്യാഖ്യാനം, പേ: 178).
2. ചോദ്യങ്ങള്‍ അമിതമാക്കുകയെന്ന രോഗം
അപ്രധാനങ്ങളും നിരര്‍ഥകങ്ങളുമായ നിരവധി ചോദ്യങ്ങള്‍ യഹൂദന്മാര്‍ മുസ്ലിംകളില്‍ പ്രചരിപ്പിക്കുകയും തങ്ങളുടെ നബിയോട് ഇന്നതിനെക്കുറിച്ചെല്ലാം ചോദിച്ചുനോക്കുകയെന്ന് അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍, യഹൂദന്മാരുടെ അത്തരം വഴിപിഴച്ച നയം സ്വീകരിക്കുന്നത് സൂക്ഷിക്കണമെന്ന് അല്ലാഹു മുസ്ലിംകളെ താക്കീതു ചെയ്യുകയാണ്. ഇത്തരം അര്‍ഥശൂന്യങ്ങളായ ചോദ്യങ്ങള്‍ കാരണം മുന്‍കഴിഞ്ഞ സമുദായങ്ങള്‍ നാശമടഞ്ഞുപോയിട്ടുണ്ടെന്ന് നബി(സ) തിരുമേനിയും മുസ്ലിംകളെ അടിക്കടി ഉണര്‍ത്തിയിരുന്നു. അനാവശ്യങ്ങളും നിരര്‍ഥകങ്ങളുമായ ചോദ്യങ്ങള്‍ വര്‍ജിക്കണമെന്നും അല്ലാഹുവും റസൂലും വിട്ടുകളഞ്ഞ പ്രശ്നങ്ങളെ ചികഞ്ഞു പരിശോധിക്കുന്നതില്‍ സമയം പാഴാക്കരുതെന്നും, ആജ്ഞാപിക്കപ്പെട്ടത് അനുഷ്ഠിക്കുകയും നിരോധിക്കപ്പെട്ടത് വര്‍ജിക്കുകയും ചെയ്തുകൊണ്ട് നിഷ്പ്രയോജനങ്ങളായ വിഷയങ്ങള്‍ വിട്ട്, പ്രയോജനകരമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തിരുമേനി ശക്തിയുക്തം ഉപദേശിക്കുകയുണ്ടായി (തഫ്ഹീം, വാള്യം 1, അല്‍ ബഖറ 108-ാം സൂക്തത്തിന്റെ വ്യാഖ്യാനം, പേ: 93).
3. ദൈവികഗ്രന്ഥത്തിലെ അറിവുകള്‍ മറച്ചുവെക്കുക, അവ പണ്ഡിതവര്‍ഗത്തില്‍ പരിമിതപ്പെടുത്തുക
ജൂതപണ്ഡിതന്മാരുടെ ഏറ്റവും വലിയ അപരാധം, ദൈവഗ്രന്ഥത്തിലെ വിജ്ഞാനങ്ങള്‍ പൊതുവെ പ്രചരിപ്പിക്കുന്നതിനു പകരം അവരതിനെ പണ്ഡിത -പുരോഹിതന്മാരും മതത്തൊഴിലാളികളുമാകുന്ന ഒരു പരിമിത വിഭാഗത്തില്‍ ബന്ധിച്ചു നിര്‍ത്തിയെന്നതായിരുന്നു. മറ്റു മനുഷ്യര്‍ക്കെന്നല്ല, ജൂതസമുദായത്തിലെ സാധാരണക്കാര്‍ക്കു പോലും അതിന്റെ കാറ്റേല്‍ക്കാന്‍ അവരനുവദിച്ചിരുന്നില്ല. കാലാന്തരേണ അജ്ഞത കാരണം പൊതുജനങ്ങളില്‍ ദുരാചാരങ്ങള്‍ പടര്‍ന്നുപിടിച്ചപ്പോള്‍, പണ്ഡിതന്മാര്‍ സംസ്‌കരണത്തിന് ഒരു പരിശ്രമവും ചെയ്തില്ലെന്നു മാത്രമല്ല, പാമരജനങ്ങളില്‍ തങ്ങളുടെ സ്ഥാനമാനങ്ങളും സ്വീകാര്യതയും നിലനിര്‍ത്താനായി, പ്രചാരത്തില്‍ വന്നുകഴിഞ്ഞ സകലവിധ ദുരാചാര-ദുര്‍മാര്‍ഗങ്ങള്‍ക്കും തങ്ങളുടെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ മൗനം കൊണ്ടോ അനുവാദപത്രം നല്‍കുകയാണ് ചെയ്തത്. ഈ അപരാധത്തില്‍നിന്ന് രക്ഷ നേടാനാണ് മുസ്ലിംകള്‍ക്ക് ഇവിടെ മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്തിനു സന്മാര്‍ഗം കാണിച്ചുകൊടുക്കുകയെന്ന ജോലി ഭരമേല്‍പിക്കപ്പെട്ട സമുദായത്തിന്റെ കര്‍ത്തവ്യം, ലുബ്ധന്‍ ധനത്തെയെന്നോണം സന്മാര്‍ഗത്തെ മറച്ചുവെക്കലല്ല, കൂടുതല്‍ കൂടുതലായി അത് പ്രചരിപ്പിക്കുകയെന്നതാണ് (തഫ്ഹീം, വാള്യം 1, അല്‍ ബഖറ 159-ാം സൂക്തത്തിന്റെ വ്യാഖ്യാനം, പേ: 116).
4. ദൈവിക വചനങ്ങളില്‍ പലതരത്തിലുള്ള തിരിമറികള്‍
'ഒരു വിഭാഗം' എന്നതുകൊണ്ടുള്ള വിവക്ഷ അവരുടെ പണ്ഡിതന്മാരും മതനേതാക്കളുമാണ്, 'ദൈവിക വചനങ്ങള്‍' എന്നു പറഞ്ഞത് തങ്ങളുടെ പ്രവാചകന്മാര്‍ മുഖേന ലഭിച്ച തൗറാത്ത്, സബൂര്‍ തുടങ്ങിയ ഗ്രന്ഥങ്ങളാണ്. 'ഭേദഗതി ചെയ്യുക' എന്നാല്‍ വാക്കുകളെ അവയുടെ ശരിയായ അര്‍ഥങ്ങളില്‍നിന്ന് മാറ്റി, വക്താവിന്റെ ഉദ്ദേശ്യത്തിനു വിരുദ്ധമായി സ്വേഛാനുസരണം അര്‍ഥം നല്‍കുക എന്നാണ്. വാക്കുകളില്‍തന്നെ മാറ്റത്തിരുത്തങ്ങള്‍ ചെയ്യുന്നതിനും തഹ്രീഫ് (മാറ്റിമറിക്കല്‍) എന്നു പറയാറുണ്ട്. ഇസ്രാഈലീ പണ്ഡിതന്മാര്‍ ഈ രണ്ടുതരം കൃത്രിമങ്ങളും അല്ലാഹുവിന്റെ വാക്യങ്ങളില്‍ നടത്തിയിട്ടുണ്ട് (തഫ്ഹീം, വാള്യം 1, അല്‍ ബഖറ 75-ാം സൂക്തത്തിന്റെ വ്യാഖ്യാനം, പേ: 81).
മറ്റൊരിടത്ത് എഴുതുന്നു: ഇതവരുടെ പണ്ഡിതന്മാരെക്കുറിച്ചാണ് പറയുന്നത്. അവര്‍ ദൈവവാക്യങ്ങളുടെ അര്‍ഥങ്ങളും ഉദ്ദേശ്യങ്ങളും തങ്ങളുടെ ദേഹേഛകള്‍ക്കൊത്തു മാറ്റുക മാത്രമല്ല ചെയ്തത്. പ്രത്യുത, സ്വന്തം വ്യാഖ്യാനങ്ങള്‍, തങ്ങളുടെ സാമുദായിക ചരിത്രം, ഊഹാനുമാനങ്ങള്‍, സങ്കല്‍പ തത്ത്വശാസ്ത്രങ്ങള്‍, സ്വയം വിചക്ഷണം ചെയ്തു നിര്‍മിച്ച ആചാരാനുഷ്ഠാന നിയമങ്ങള്‍ എന്നിവയെ ബൈബിളിലെ ദൈവവാക്യങ്ങളോട് കൂട്ടിക്കലര്‍ത്തുകയും അതെല്ലാം അല്ലാഹുവിങ്കല്‍നിന്ന് വന്നിട്ടുള്ളതെന്നോണം ജനങ്ങളുടെ മുമ്പില്‍ ഉന്നയിക്കുകയും ചെയ്തു. അങ്ങനെ, ചരിത്രപരമായ എല്ലാ ഇതിഹാസങ്ങളും കെട്ടുകഥകളും വ്യാഖ്യാനങ്ങളും മത ദാര്‍ശനികന്മാരുടെ അഭിപ്രായാദര്‍ശങ്ങളും കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ നിയമങ്ങളും വിശുദ്ധ വേദസമാഹാര(ബൈബിള്‍)ത്തില്‍ സ്ഥലം പിടിക്കുകയും ദൈവവചന(ണീൃറ ീള ഏീറ)മായി സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. അവയിലെല്ലാം വിശ്വസിക്കല്‍ നിര്‍ബന്ധമായിത്തീരുകയും അവയുടെ നിഷേധം ദീനിന്റെ നിഷേധമാവുകയും ചെയ്തു (തഫ്ഹീം, വാള്യം 1, അല്‍ബഖറ 79-ാം സൂക്തത്തിന്റെ വ്യാഖ്യാനം, പേ: 84).
5. വികലമായ പരലോക വിശ്വാസം, മോക്ഷത്തെക്കുറിച്ച് അതിവാദങ്ങള്‍
ഇസ്രാഈല്യരുടെ മാര്‍ഗഭ്രംശത്തിനുള്ള ഒരു പ്രധാന കാരണം, പരലോകത്തെ സംബന്ധിച്ച അവരുടെ വിശ്വാസങ്ങളില്‍ വൈകല്യം സംഭവിച്ചതായിരുന്നു. 'ഞങ്ങള്‍ ഉന്നതരായ പുണ്യപ്രവാചകന്മാരുടെ സന്താനങ്ങളാണ്; വലിയ വലിയ വലിയ്യുകളും സ്വാലിഹുകളും മഹാത്മാക്കളുമായി ഞങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ട്; അവരുടെ അനുഗ്രഹ കടാക്ഷങ്ങള്‍ വഴി പരലോകത്തില്‍ ഞങ്ങള്‍ രക്ഷ പ്രാപിക്കും; അവരില്‍ അഭയം പ്രാപിച്ച ഞങ്ങളെ ശിക്ഷ തീണ്ടുകയില്ല' എന്നിങ്ങനെയുള്ള നിരര്‍ഥകമായ വ്യാമോഹങ്ങളിലും ആപല്‍ക്കരമായ തെറ്റിദ്ധാരണകളിലും അവര്‍ അകപ്പെട്ടുപോയിരുന്നു. ഇത്തരം തെറ്റായ പ്രതീക്ഷകള്‍ അവരെ ദീന്‍കാര്യങ്ങളില്‍ അശ്രദ്ധരാക്കുകയും പാപങ്ങളില്‍ അകപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാല്‍, അനുഗ്രഹം അനുസ്മരിപ്പിക്കുന്നതോടൊപ്പം അവരുടെ ഈ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയാണിവിടെ (തഫ്ഹീം, വാള്യം 1, അല്‍ബഖറ 48-ാം സൂക്തത്തിന്റെ വ്യാഖ്യാനം, പേ: 69).
മറ്റൊരിടത്ത് എഴുതുന്നു: യഹൂദരുടെ പൊതുവായ ഒരു തെറ്റിദ്ധാരണയാണ് ഇവിടെ എടുത്തുകാണിച്ചിട്ടുള്ളത്. പണ്ഡിതനും പാമരനും ഒരുപോലെ അതിലകപ്പെട്ടുകഴിഞ്ഞിരുന്നു. 'ഞങ്ങള്‍ എന്തുതന്നെ പ്രവര്‍ത്തിച്ചാലും യഹൂദരായതു കാരണം നരകാഗ്നി ഞങ്ങളെ സ്പര്‍ശിക്കുകയില്ല; അഥവാ ശിക്ഷ നല്‍കപ്പെട്ടാല്‍തന്നെ ചുരുക്കം ദിവസങ്ങള്‍ മാത്രം ഞങ്ങളെ നരകത്തിലിട്ട് പിന്നെ നേരെ സ്വര്‍ഗത്തിലേക്ക് അയക്കുന്നതായിരിക്കും' എന്നിങ്ങനെയാണ് അവര്‍ ധരിച്ചിരിക്കുന്നത് (തഫ്ഹീം, വാള്യം 1, അല്‍ ബഖറ 80-ാം സൂക്തത്തിന്റെ വ്യാഖ്യാനം, പേ: 84).
6. ദൈവിക നിയമങ്ങളെ ധിക്കരിക്കല്‍, കൗശലങ്ങള്‍ പ്രയോഗിക്കല്‍
ശനിയാഴ്ചക്കാണ് 'സബ്ത്' (സാബ്ബത്ത്) എന്നു പറയുന്നത്. ഇസ്രാഈല്‍ സമുദായത്തിന് അത് പുണ്യദിവസമായി നിശ്ചയിച്ചിരുന്നു. താനും ഇസ്രാഈല്യരുമായുള്ളതും അവര്‍ തലമുറതലമുറകളായി പാലിക്കേണ്ടതുമായ ഒരു ശാശ്വത ഉടമ്പടിയുടെ ചിഹ്നമെന്ന നിലക്ക്, അല്ലാഹു സാബ്ബത്ത് നാളിന്റെ പവിത്രത ഊന്നിപ്പറഞ്ഞിരുന്നു: 'ഈ നാളില്‍ ഒരു ലൗകിക വൃത്തിയും ചെയ്യരുത്. ഗൃഹങ്ങളില്‍ തീപൂട്ടുകപോലും അരുത്. മൃഗങ്ങളെക്കൊണ്ടും ഭൃത്യജനങ്ങളെക്കൊണ്ടും വേലയെടുപ്പിക്കരുത്. ഈ നിയമത്തിന് എതിരു പ്രവര്‍ത്തിച്ചവനെ വധിച്ചുകളയണം.' എന്നാല്‍, ഇസ്രാഈല്യര്‍ പില്‍ക്കാലത്ത് ഈ നിയമത്തെ പരസ്യമായി ധിക്കരിക്കാന്‍ തുടങ്ങി. യിരമ്യാ പ്രവാചകന്റെ കാലത്ത് (ക്രി.മു. 628-നും 586-നുമിടയില്‍) അവര്‍ യരൂശലം നഗരത്തിന്റെ കവാടങ്ങളില്‍കൂടി പോലും സാബ്ബത്ത് നാളില്‍ ചുമടുകളുമായി കടന്നുപോകുന്നത് അദ്ദേഹം കാണുകയും, ഈ പരസ്യമായ നിയമലംഘനത്തില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ യരൂശലം അഗ്നിക്കിരയാക്കപ്പെടുമെന്ന് അവരെ താക്കീത് ചെയ്യുകയുമുണ്ടായി: 'എന്നാല്‍ സാബ്ബത്ത് നാള്‍ വിശുദ്ധീകരിപ്പാനും അന്ന് യരൂശലേമിന്റെ വാതിലുകളില്‍കൂടി ചുമടു ചുമന്നുകൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങള്‍ എന്റെ വാക്കുകേട്ടനുസരിക്കുകയില്ലെങ്കില്‍ ഞാന്‍ അതിന്റെ വാതിലുകളില്‍ തീ കൊളുത്തും. അത് കെട്ടുപോവാതെ യരൂശലേമിലെ അരമനകളെ ദഹിപ്പിക്കും' (യിരമ്യാവു N841 17: 2127). യെഹെസ്‌കേല്‍ പ്രവാചകനും (ക്രി.മു. 585-നും 536-നും മധ്യേ) ഇസ്രാഈല്യരെപ്പറ്റി ഇതേ ആരോപണം ഉന്നയിച്ചിരുന്നു. സാബ്ബത്ത് നാളിനെ അവഹേളിച്ചത് ആ സമുദായത്തിന്റെ പൊതുപാതകങ്ങളില്‍ ഒരു മഹാ പാതകമായി യെഹെസ്‌കേല്‍ പുസ്തകത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട് (യെഹെസ്‌കേല്‍ 20: 12-24ആ117 ). ഖുര്‍ആന്‍ ഇവിടെ പ്രതിപാദിച്ച സംഭവം മിക്കവാറും ഇതേ കാലത്താണുണ്ടായതെന്ന് പ്രസ്തുത ഉദ്ധരണികളില്‍നിന്ന് അനുമാനിക്കാവുന്നതാണ് (തഫ്ഹീം, വാള്യം 2, അല്‍ അഅ്‌റാഫ് 163-ാം സൂക്തത്തിന്റെ വ്യാഖ്യാനം, പേ: 81).
(തുടരും)
Comments