ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഖബ്‌റുകള്‍
''നീതി ആണോ പെണ്ണോ എന്ന സംശയമേ വേണ്ട. പെണ്ണാണ്. കണ്ണുകെട്ടിയ പെണ്ണ്.'' അവള്‍ ദേവതയാണ്. മുന്നിലുള്ളവരുടെ രൂപവും ഭാവവും കാണാതെ ന്യായത്തിന്റെ പക്ഷം ചേരുന്നവള്‍. നമ്മെ സംബന്ധിച്ചേടത്തോളം മൂടിയിട്ട കണ്ണ് സൃഷ്ടിക്കുന്നത് അന്ധകാരമെങ്കില്‍ അവള്‍ക്കത് വെളിച്ചമാണ്. നീതിദേവതയുടെ രൂപം കോടതി മുറികളില്‍ കണ്ടതിനേക്കാള്‍ ആകര്‍ഷകമായി തോന്നിയത് 'അഞ്ചാം പാതിരാ' എന്ന ചലച്ചിത്രത്തിലെ പ്രതിനായകന്‍ ബെഞ്ചമിന്‍ ലൂയിസ് കൊണ്ടുവെച്ച ഇടങ്ങളിലാണ്. നിയമം തെറ്റിക്കുന്ന നിയമപാലകരുടെ ജീവനെടുത്ത് വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന ജഡങ്ങളോടൊപ്പം. ഇനി മുതല്‍ കോടതി മുറികളിലല്ല, തെരുവിലാണ് നീതിയുടെ ഇടം എന്ന് കാണിച്ച് തരികയായിരുന്നു ആ ദൃശ്യം.
നാളുകളായി നീതിയുടെ കാവല്‍ക്കാര്‍ അവളുടെ ഇഷ്ടങ്ങളുടെ വിപരീത പക്ഷം ചേരാന്‍ തുടങ്ങിയിരിക്കുന്നു. തനിക്ക് യാതൊരു വിലയും ഈ സമൂഹം നല്‍കുന്നില്ലെന്ന് അവള്‍ക്ക് സ്വയം തോന്നിത്തുടങ്ങിയിരിക്കുന്നു. ഇങ്ങനെയൊരവസ്ഥയിലാണ് കെ.ആര്‍ മീരയുടെ 'ഖബര്‍' എന്ന നോവല്‍ പ്രസക്തമാവുന്നത്. ഇവിടെ ഒരുക്കപ്പെടുന്നത് നീതിയുടെയും സത്യത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും ശവകുടീരമാണ്. അത് നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
രേഖകളും ചരിത്രവും തമ്മിലുള്ള സംഘട്ടനമാണ് നോവലില്‍ ചിത്രീകരിക്കുന്നത്. കെട്ടിയുണ്ടാക്കിയ കടലാസുരേഖകള്‍ക്ക് മുന്നില്‍ ചരിത്രം നിസ്സംഗമാവുന്ന ദൃശ്യം. വര്‍ഷങ്ങളുടെ ജീവിത പരിചയമുള്ള നീതി ചരിത്രത്തോട് കൂറ് കാണിക്കാനുള്ള മനസ്സുമായി നില്‍ക്കുമ്പോള്‍, കടലാസു രേഖകള്‍ കണ്ട് തന്നെ മറന്ന് വിധി പ്രസ്താവിക്കുന്ന കാവല്‍ക്കാരിയോട് അരുതെന്ന് പറയാന്‍ പോലും സാധിക്കാതെ ത്രാസ് പിടിച്ച് നില്‍ക്കുന്ന മുഹൂര്‍ത്തം.. കണ്ണ് പോലെ അവളുടെ വായയും മൂടപ്പെട്ടിരിക്കുന്നു. ചരിത്രത്തിന് പുല്ലുവില പോലും കല്‍പിക്കാത്ത വിധിനിര്‍ണയം.
നോവലിന്റെ ആഖ്യാതാവ് പെണ്ണാവുന്നത് എഴുത്തുകാരിയുടെ സ്വാഭാവികമായ പെണ്ണെഴുത്തായി തോന്നുന്നില്ല. വിഷയം നീതി ആയത് കൊണ്ടും പേര് ഖബ്ര്‍ എന്നായത് കൊണ്ടും ആഖ്യാനത്തിന് പെണ്മയാണ് ഉചിതം. ഒരുപാട് ഖബറുകള്‍ ഉള്ളില്‍ പേറുന്നവളാണല്ലോ സ്ത്രീ. നഷ്ടങ്ങള്‍ കുഴിച്ചു മൂടപ്പെട്ട ഖബ്‌റുകള്‍ ഓരോ സ്ത്രീയുടെയും മനസ്സകങ്ങളില്‍ എന്നും നിലനില്‍ക്കുന്നുണ്ട്. നോവലിന്റെ ആഖ്യാനകാരിയായ ജഡ്ജി ഭാവന സച്ചിദാനന്ദന്റെ ഉള്ളിലുമുണ്ട് പല വിധത്തിലുള്ള ഖബ്‌റുകള്‍.
ഭാവന സച്ചിദാനന്ദന്‍ ഒരേ സമയം നായികയും പ്രതിനായികയുമാവുന്നുണ്ട്. ഉദ്യോഗ ജീവിതത്തിലും കുടുംബ ജീവിതത്തിലും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആഖ്യാനം ചെയ്യപ്പെടുമ്പോള്‍ അവളൊരു നല്ല നായികയാണ്. അതേസമയം, ഇരയായ ഖയാലുദ്ദീന്‍ തങ്ങള്‍ക്കെതിരായി വിധി പ്രസ്താവിക്കുമ്പോള്‍ അവള്‍ പ്രതിനായികയാണ്. കാരണം, അവളുടെ അമ്മ ചൊല്ലിക്കൊടുത്ത ഇ.എം.എസ്സിന്റെ വാക്യം ചെലുത്തുന്ന മുന്‍വിധിയിലധിഷ്ഠിതമാണ് അവളുടെ വിധിനിര്‍ണയം. ''നന്നായി വേഷം ധരിച്ച കുടവയറനായ ധനികനും മോശം വേഷം ധരിച്ച നിരക്ഷരനായ സാധുവിനുമിടയില്‍ നീതി നിര്‍ണയിക്കുമ്പോള്‍ കോടതി സ്വഭാവേന ആദ്യം പറഞ്ഞയാളെ അനുകൂലിക്കുന്നു.'' ഇന്നും പ്രസക്തമായ വാക്യമാണിത്. ഈ സ്വാഭാവികതക്ക് എതിരായി പ്രവര്‍ത്തിക്കുക എന്നതാണ് ഖയാലുദ്ദീന്‍ തങ്ങള്‍ക്കെതിരെ വിധിക്കാന്‍ ഭാവനയെ പ്രേരിപ്പിക്കുന്നത്. 'തങ്ങള്‍ക്ക് നല്ല ഡ്രസ്സ് സെന്‍സാണ്' എന്നതാണ് നീതി നിഷേധിക്കപ്പെടാന്‍ കാരണമാവുന്ന മുന്‍വിധി.
ഇത്തരം മുന്‍വിധികള്‍ ഭാവനയുടെ ചില സഹപ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഉദാഹരണമായ കഥാപാത്രം തന്റെ സഹപ്രവര്‍ത്തകരില്‍ തന്നെയുണ്ട്. ഭാവനക്ക് ഒരു ചെറിയ പ്രശ്‌നമുണ്ടാകുമ്പോള്‍ ആ സഹപ്രവര്‍ത്തക പറയുന്നു: 'ഇതിന് പിന്നില്‍ ആ തങ്ങളാണ്.' ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ 'കെ.പി ഉമ്മര്‍' എന്ന കഥയില്‍ 'ഇതിനെല്ലാം കാരണക്കാരന്‍ ആ കെ.പി ഉമ്മറാണ്' എന്ന പ്രയോഗത്തിന് തുല്യമാണ് നോവലിലെ ഈ വാക്യം. എത്രമാത്രം ഗുരുതരമാണ് ഇവരുടെയെല്ലാം ഇസ്‌ലാം വിദ്വേഷവും മുന്‍വിധികളും. വിധികള്‍ മുന്‍വിധികളാവുന്ന, നീതിദേവതയുടെ കണ്ണിന്റെ കെട്ടഴിച്ച് പിച്ചിച്ചീന്തുന്ന ഈ കാലത്ത് കൂടുതല്‍ ഖബ്‌റുകള്‍ ഉയര്‍ന്ന് വരിക തന്നെ ചെയ്യും.
Comments